'എന്റെ ബാപ്പയെയും ഉമ്മയെയും അന്ത്യനാളുകളിൽ കാണാൻ കഴിഞ്ഞില്ല എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്'

#ഹമീദ് ചേന്നമംഗലൂർ | hamcmr@gmail.com
തസ്‌ലിമ നസ്‌റീന്‍ | Photo: PTI
തസ്‌ലിമ നസ്‌റീന്‍ | Photo: PTI

പുസ്തകം എഴുതിയതിന്റെ പേരിൽ നിരന്തരമായ വേട്ടയാടലുകൾക്ക് വിധേയായി ജീവിതം തുടരുന്ന എഴുത്തുകാരിയാണ് തസ്‌ലിമ നസ്‌റീൻ. മതപൗരോഹിത്വത്തിനെതിരേയും സ്ത്രീകളുടെ സ്വതന്ത്രമായ അവകാശങ്ങൾക്കുവേണ്ടിയും എഴുത്തിലൂടേയും പ്രഭാഷണത്തിലൂടേയും പോരാടി തസ്‌ലിമ ഇപ്പോഴും തന്റെ ഏകാന്ത ജീവിതം തുടരുന്നു. അതിജീവനത്തിന് വലിയ വില കൊടുത്തുകൊണ്ട്. തസ്‌ലിമയുമായി ഹമീദ് ചേന്നമംഗലൂർ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശിൽ) 1971-ൽ വിമോചനയുദ്ധം (സ്വാതന്ത്ര്യസമരം) നടന്നപ്പോൾ താങ്കൾക്ക് ഒൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആ നാളുകളെക്കുറിച്ച് ഓർക്കുന്നുേണ്ടാ?

നന്നായി ഓർക്കുന്നുണ്ട്. മൈമൻസിങ് എന്ന പട്ടണത്തിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറിവന്ന പട്ടാളക്കാരുടെ ബൂട്ടുകളുടെ 'പട പട' ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. പ്രധാനമായും എന്റെ ബാപ്പയെത്തേടിയാണ് അവർ വന്നത്. അദ്ദേഹം ഡോക്ടറായിരുന്നു; സ്വതന്ത്ര ചിന്തകനായിരുന്നു; മതേതരവാദിയായിരുന്നു. ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ആശയങ്ങളോടു ചേർന്നുനിൽക്കുന്ന ആളുമായിരുന്നു. പട്ടാളക്കാർ വന്നപ്പോൾ ബാപ്പയ്ക്കുപുറമേ ഞാനും എന്റെ ഇളയ സഹോദരിയുംമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അടിച്ചൊതുക്കാൻ വന്ന സൈനികർ ബാപ്പയെ പിടിച്ചുകൊണ്ടുപോയി വീട്ടുവളപ്പിലെ ഒരു തെങ്ങിൽ ബന്ധിച്ചു. പിന്നീട് കൊടിയ മർദനമായിരുന്നു. കണ്ണിൽ ചോരയില്ലാത്ത മർദനം! ഉച്ചത്തിൽ നിലവിളിച്ച ബാപ്പയുടെ ശബ്ദം പിന്നെപ്പിന്നെ കേൾക്കാതായി. അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ബാപ്പ ആ നിഷ്ഠുരമർദനം അതിജീവിച്ചത്.

വിമോചനയുദ്ധം അടിച്ചമർത്താൻ പാകിസ്താൻ പട്ടാളം രംഗത്തിറങ്ങിയത് 1971 മാർച്ചിലായിരുന്നു. പട്ടണങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അവരുടെ നരനായാട്ട്. വിമോചനപ്പോരാളികളെ ചൂണ്ടിക്കാണിച്ചുകൊടുക്കാൻ കിഴക്കൻ പാകിസ്താനിലെ ജമാഅത്തെ ഇസ്ലാമിക്കാർ ഉൾപ്പെടെയുള്ള മതമൗലികവാദികൾ അവർക്ക് കൂട്ടിനുണ്ടായിരുന്നു. പട്ടാളമിറങ്ങിയതോടെ എല്ലാവരുടെയും ജീവിതം താറുമാറായി. പല കുടുംബങ്ങളും വിദൂര ഗ്രാമങ്ങളിലേക്ക് മാറിത്താമസിച്ചു. പട്ടണങ്ങളിലും നഗരങ്ങളിലും കുടുങ്ങിയവരെയാണ് സൈന്യം കൊന്നുതള്ളിയത്. രണ്ട് ലക്ഷത്തോളം സ്ത്രീകൾ മാനഭംഗത്തിനിരയായി.

ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാനെക്കുറിച്ച് എന്താണഭിപ്രായം?

അദ്ദേഹമായിരുന്നല്ലോ സ്വാതന്ത്ര്യസമരത്തിന്റെ നേതാവ്. ഒരു യഥാർഥ മതേതരവാദി. പാകിസ്താനെപ്പോലെ ബംഗ്ലാദേശ് മുസ്ലിം റിപ്പബ്ലിക്കാവുകയല്ല, മതേതര റിപ്പബ്ലിക്കാവണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. വിമോചന യുദ്ധാനന്തരം അദ്ദേഹത്തിന്റെ മുൻകൈയിലാണ് നവരാഷ്ട്രമായ ബംഗ്ലാദേശിന് മതേതര ഭരണഘടന തയ്യാറാക്കപ്പെട്ടത്. 1975-ൽ അദ്ദേഹം വധിക്കപ്പെട്ടതോടെ അതെല്ലാം മാറ്റിമറിക്കപ്പെട്ടു. ജനറൽ സിയാവുർ റഹ്‌മാന്റെ ഭരണകാലത്ത് ഇസ്ലാമികവത്കരണം തുടങ്ങി. ഭരണഘടനയുടെ ആമുഖത്തിൽ 'അല്ലാഹുവിന്റെ നാമത്തിൽ' എന്നെഴുതിച്ചേർത്തത് അക്കാലത്താണ്. പിന്നീടുവന്ന ജനറൽ എർഷാദ് ഇസ്ലാമിനെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമാക്കി.

ഇസ്ലാമിസ്റ്റുകൾ മുജീബുർ റഹ്‌മാനെ എങ്ങനെയാണ് കണ്ടത്?

മതേതരത്വം എന്ന ആശയത്തോട് കുടിപ്പകയുള്ള ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തെ ഇസ്ലാമിന്റെ ശത്രുവായും അതിനാൽത്തന്നെ ബദ്ധവൈരിയുമായാണ് കണ്ടത്. തരംകിട്ടിയ സന്ദർഭങ്ങളിലെല്ലാം മുജീബിന്റെ വിമോചനയുദ്ധത്തിൽ അദ്ദേഹത്തോടൊപ്പം അടിയുറച്ചു നിന്നവരുടെപൈതൃകം മാത്രമല്ല, വിമോചനയുദ്ധത്തിന്റെ ചരിത്രംതന്നെ നിശ്ശേഷം തുടച്ചുമാറ്റാൻ പണ്ടെന്നപോലെ ഇപ്പോഴും രംഗത്തുള്ളത് അവരാണ്.

കോളേജ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ താങ്കൾ കവിതകളും ലേഖനങ്ങളുമൊക്കെ എഴുതാൻ തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി എഴുതിത്തുടങ്ങിയത് എന്നുതൊട്ടാണ്?

ബംഗ്ലാദേശിലെ ദേശീയ പത്രങ്ങളിൽ ചിലത് എന്നോട് പംക്തി കൈകാര്യം ചെയ്യാനാവശ്യപ്പെട്ടു. പംക്തികളിൽ ഏത് വിഷയത്തിൽ കേന്ദ്രീകരിക്കണം എന്ന ചോദ്യം മനസ്സിലുയർന്നപ്പോൾ സമൂഹത്തിൽ പടർന്നു നിൽക്കുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ചും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചും അതിൽ മതം (മതപൗരോഹിത്യം) ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും എഴുതാമെന്ന് തോന്നി. അങ്ങനെയാണ് മതത്തിൽ (മതങ്ങളിൽ) കാണുന്ന ആൺകോയ്മയെക്കുറിച്ചും സ്ത്രീകളുടെ ന്യായമായ സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്നതിനെക്കുറിച്ചും ഞാനെഴുതാൻ തുടങ്ങിയത്.

താങ്കളുടെ വിവാദം സൃഷ്ടിച്ച നോവലായിരുന്നല്ലോ 1993-ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ലജ്ജ'. ബംഗ്ലാദേശിനുപുറത്ത് താങ്കൾ അറിയപ്പെടാൻ തുടങ്ങിയതും അതിനുശേഷമാണ്. അതിനെത്തുടർന്നല്ലേ മതാധികാരികളിൽനിന്ന് താങ്കൾക്കെതിരേ വധ ഫത്വകൾ പുറപ്പെടാൻ തുടങ്ങിയത്?

ബാബറി മസ്ജിദ് ധ്വംസനത്തോടുള്ള ഭ്രാന്തമായ പ്രതികരണം എന്ന നിലയിൽ ബംഗ്ലാദേശിലെ മുസ്ലിം തീവ്രവാദികൾ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഹിന്ദുക്കളുടെ വീടുകൾക്കും കടകൾക്കും മറ്റുംനേരേ നടത്തിയ ആക്രമണങ്ങൾ പ്രമേയമാക്കി എഴുതപ്പെട്ടതാണ് ലജ്ജ. അത് ചിലരെയൊക്കെ വല്ലാതെ വിളറിപിടിപ്പിച്ചു എന്നത് ശരിയാണ്. പക്ഷേ, മതമൗലിക കേന്ദ്രങ്ങളിൽനിന്ന് എനിക്കുനേരേ വധഭീഷണി ഉയരാനും ഫത്വകൾ ഇറങ്ങാനും ഇടയാക്കിയത് ഇസ്ലാം മതത്തിലെ സ്ത്രീവിരുദ്ധതയിലേക്ക് ഞാൻ കൈചൂണ്ടുകയും അതിനെതിരേ സ്ത്രീകൾ രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയിൽ ഞാൻ അടിവരയിടുകയും ചെയ്തപ്പോഴാണ്. ഒരു മതം എന്ന നിലയിൽ മറ്റുമതങ്ങളെപ്പോലെ ഇസ്ലാമും വിമർശനാത്മക പരിശോധന (Critical scruitiny) യ്ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ടെന്നും ഞാൻ പറയുകയുണ്ടായി. അതോടെ മതപൗരോഹിത്യം എന്നെ കടുത്ത ഇസ്ലാം വിരുദ്ധയായി ചിത്രീകരിച്ച് വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെട്ടു. സ്വാഭാവികമായി ജിഹാദിസ്റ്റ് മനസ്സുള്ളവരെല്ലാം എന്നെ ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും വൻ ശത്രുവായി അടയാളപ്പെടുത്തുകയും ചെയ്തു.

മതകേന്ദ്രങ്ങളെ ഇങ്ങനെ വെല്ലുവിളിക്കാൻ താങ്കൾക്ക് ധൈര്യംപകർന്ന വല്ല ഘടകവുമുണ്ടോ?

പ്രധാനപ്പെട്ട ഘടകം, ഞാൻ ജനിച്ചത് ഒരു മതേതര കുടുംബത്തിലാണ് എന്നതാണ്. എന്റെ പിതാവ് ഒരു മെഡിക്കൽ ഡോക്ടറായിരുന്നു. മറ്റെന്തിനെക്കാളും മീതെ ശാസ്ത്രീയവീക്ഷണത്തിന് പ്രാധാന്യംകല്പിച്ച വ്യക്തി. രോഗം വരുന്നത് ശാപം നിമിത്തമല്ല, മൂർത്തമായ ചില കാരണങ്ങൾ കൊണ്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ഭിഷഗ്വരൻ. അദ്ദേഹം മതം ആചരിച്ചിരുന്നില്ല. ദൈവത്തെ ഭയക്കാൻ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നുമില്ല. ചോദ്യങ്ങൾ ചോദിക്കാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്.

മതാധികാരികളെയും അവരുടെ അനുയായികളെയും രോഷാകുലരാക്കുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ എങ്ങനെയെല്ലാമാണ് അവർ പ്രതികരിച്ചത്?

1990കളിൽ ബംഗ്ലാദേശിലെ തെരുവുകളിൽ ആയിരക്കണക്കിന് ഇസ്ലാമിസ്റ്റുകൾ മാർച്ച് നടത്തി. വിദ്യാഭ്യാസസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നോ ആരോഗ്യസംവിധാനം നവീകരിക്കപ്പെടണമെന്നോ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നോ ആവശ്യപ്പെട്ടുകൊണ്ടായിരുന്നില്ല മാർച്ച്. എന്റെ വധം ആവശ്യപ്പെട്ടുകൊണ്ടാണ് അവർ മാർച്ച് നടത്തിയത്. എന്റെ പുസ്തകങ്ങൾ അവർ തെരുവുകളിൽ കത്തിച്ചു. എന്റെ തലയ്ക്ക് അവർ വില നിശ്ചയിച്ചു. എന്നിട്ട് ഭരണകൂടം എന്താണ് ചെയ്തത്? എന്നെ സംരക്ഷിക്കാൻ മുന്നോട്ടുവന്നോ? ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് അവർ നിന്നോ? ഇല്ല. 'മതവികാരം വ്രണപ്പെടുത്തി' എന്നാരോപിച്ച് അവർ എന്നെ പ്രോസിക്യൂട്ട് ചെയ്തു. എനിക്ക് ഒളിവിൽ പോകേണ്ടിവന്നു. ഏത് നിമിഷവും കൊല്ലപ്പെടാം എന്ന തിരിച്ചറിവോടെയാണ് പിന്നീട് ഞാൻ ജീവിച്ചത്. ബംഗ്ലാദേശിന് പുറത്തുള്ള മനുഷ്യാവകാശ സംഘടനകളും സ്ത്രീപക്ഷവാദികളും ജനാധിപത്യ സർക്കാരുകളും ഇടപെട്ടതു കൊണ്ടാണ് ഇന്ന് ഞാൻ ജീവനോടെയിരിക്കുന്നത്. പക്ഷേ, എന്റെ അതിജീവിനത്തിന് എനിക്ക് വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. മാതൃരാജ്യത്തുനിന്ന് നാടുകടത്തപ്പെടുക എന്ന വില.

സൽമാൻ റുഷ്ദിയുടെയും താങ്കളുടെയും അനുഭവങ്ങളിൽ ചില സമാനതകൾ കാണാം. റുഷ്ദിക്കെതിരേ 1989-ൽ ഇറാനിലെ അയത്തൊള്ള ഖൊമെയ്നിയുടെ വധ ഫത്വയിറങ്ങി. 'സാത്താനിക വചനങ്ങൾ' എന്ന നോവലിലൂടെ റുഷ്ദി ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചായിരുന്നു വധാഹ്വാനം. താങ്കളെപ്പോലെ റുഷ്ദിക്കും ഒളിവിൽ പോകേണ്ടിവന്നു.

പക്ഷേ, ഒരു പ്രധാന വ്യത്യാസമുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനാണ് റുഷ്ദി. അദ്ദേഹത്തിനെതിരേ വധാഹ്വാനം നടത്തിയത് ബ്രിട്ടീഷുകാരോ ബ്രിട്ടീഷ് ഭരണകൂടമോ അല്ല. ഇറാനിയൻ മതമേധാവിയാണ് അദ്ദേഹത്തിനെതിരേ ഫത്വ പുറപ്പെടുവിച്ചത്. ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് സർവവിധ സംരക്ഷണവും ഏർപ്പെടുത്തി. എനിക്കെതിരേ ഫത്വ വന്നത് എന്റെ സ്വന്തം നാട്ടിലെ മതമേധാവികളിൽ നിന്നാണ്. എന്റെ രാജ്യവും ഭരണകൂടവും എനിക്ക് സംരക്ഷണം നൽകിയില്ലെന്ന് മാത്രമല്ല, എന്നെ പരമാവധി ദ്രോഹിക്കുകയും ചെയ്തു.

മതതീവ്രവാദികളിൽനിന്ന് താങ്കൾക്ക് ശാരീരികപീഡനം ഏൽക്കേണ്ടിവന്നിട്ടുണ്ടോ?

ഉണ്ട്. ബംഗ്ലാദേശിൽനിന്നും ഇന്ത്യയിൽനിന്നും കാനഡയിൽനിന്നും എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടന്നു. എന്നെ നാട് കടത്തുന്നതിനുമുൻപ് ഞാൻ ധാക്കയിലെ ഒരു ബുക്സ്റ്റാളിൽ നിൽക്കേയാണ് ഏതാനും മതാന്ധർ എനിക്കുനേരേ കല്ലെറിഞ്ഞതും എന്നെ ആക്രമിക്കാൻ തുനിഞ്ഞതും. രണ്ടാമത്തെ സംഭവം ഹൈദരാബാദിൽ വെച്ചായിരുന്നു. ഞാനെഴുതിയ ഒരു പുസ്തകത്തിന്റെ തെലുഗു പതിപ്പിന്റെ പ്രകാശനം നടക്കുന്ന വേളയിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ മജ്ലിസിന്റെ പ്രവർത്തകർ ആക്രമണോത്സുകരായി എനിക്കുനേരേ തിരിഞ്ഞു. ആ പരിപാടി അങ്ങനെ അലങ്കോലപ്പെട്ടു. കാനഡയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വെച്ചായിരുന്നു മറ്റൊരാക്രമണം. യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരം ഒരു പ്രഭാഷണത്തിനുവേണ്ടിയാണ് ഞാനവിടെ പോയത്. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കേ മുസ്ലിം തീവ്രവാദികളായ ചില വിദ്യാർഥികൾ പ്രകോപിതരായി വേദിയിലേക്കുവരുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്റെ പ്രഭാഷണം പാതിവെച്ച് നിർത്തേണ്ടിവന്നു. അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായത് അവർ എന്റെ ഒരു പുസ്തകംപോലും വായിച്ചിട്ടില്ല എന്നാണ്.

താങ്കൾക്ക് പിറന്നനാട് വിട്ടുപോകേണ്ടിവന്നിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. ഇക്കാലത്ത് ഉറ്റവരെ ഒന്നുകാണാൻപോലും സാധിക്കാതെ താങ്കൾ ജീവിച്ചത് യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലുമൊക്കെയാണ്. അതിൽ വലിയ മനോവേദന അനുഭവിച്ചിരിക്കും അല്ലേ?

എന്നെ മെഡിസിന് ചേർക്കുകയും ഡോക്ടറാക്കുകയും ചെയ്ത എന്റെ ബാപ്പയ്ക്ക് എന്നെക്കുറിച്ച് ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു. ഞാൻ മൈമൻസിങ്ങിലോ ധാക്കയിലോ അല്ലെങ്കിൽ ബംഗ്ലാദേശിൽ മറ്റെവിടെയെങ്കിലുമോ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതു കാണാൻ അദ്ദേഹം തീവ്രമായി അഭിലഷിച്ചിരുന്നു. മെഡിക്കൽ കോഴ്സ് കഴിഞ്ഞപ്പോൾ എന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. ഉദ്ദേശിച്ചപോലെ അതൊന്നും നടന്നില്ല.

അതിനെക്കാളെല്ലാം എന്നെ വേദനിപ്പിച്ചത് എന്റെ ഉമ്മയെയും ബാപ്പയെയും സഹോദരങ്ങളെയും അവരുടെ അന്ത്യനാളുകളിൽ കാണാൻ കഴിഞ്ഞില്ല എന്നതാണ്. രോഗശയ്യയിലായിരുന്ന ഉമ്മയും ബാപ്പയും എന്റെ സാന്നിധ്യം തീക്ഷ്ണമായി ആഗ്രഹിച്ചിരുന്നു. ആദ്യം മരിച്ചത് ഉമ്മയാണ്. അവർ കിടപ്പിലായപ്പോൾ ബംഗ്ലാദേശിൽ ഒന്നു വന്നു പോകാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ അധികൃതരോട് വിനയപൂർവം അഭ്യർഥിച്ചു. അവർ അനുവാദം തന്നില്ല. ബാപ്പ കിടപ്പിലായപ്പോൾ ഇതേ അഭ്യർഥന വീണ്ടും ഞാൻ അധികൃതരുടെ മുന്നിൽവെച്ചു. അവരത് നിഷ്‌കരുണം നിരസിച്ചു. എന്നെ അവസാനമായി ഒന്നു കാണാനാഗ്രഹിച്ച എന്റെ മാതാപിതാക്കളും അവരുടെ സമീപം ഒരു ദിവസമെങ്കിൽ ഒരുദിവസം ചെലവഴിക്കണമെന്നാഗ്രഹിച്ച ഞാനും ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ സങ്കടം അതായിരിക്കും.

എന്റെ മനസ്സിനെ നോവിക്കുന്ന മറ്റൊരു സങ്കടം കൂടിയുണ്ട്. ഞാൻ ഒരു ബംഗാളിയാണ്. എന്റെ നാട്ടുകാർ ഒരു മതേതര രാഷ്ട്രം യാഥാർഥ്യമാക്കുക എന്ന ഉദാത്തലക്ഷ്യത്തോടെയാണ് അഞ്ചരപ്പതിറ്റാണ്ടുമുൻപ് മഹത്തായ ഒരു പോരാട്ടം നടത്തിയത്. അവരുടെ പ്രിയങ്കര സ്വപ്നമായിരുന്നു സെക്യുലർ ബംഗ്ലാദേശ്. ആ സ്വപ്നം മതതീവ്രവാദികൾ തകർത്തുകളഞ്ഞിരിക്കുന്നു.

അവസാനമായി ചോദിക്കട്ടെ, നിങ്ങളുടെ വായനക്കാരോട് പ്രത്യേകിച്ച് എന്തെങ്കിലും പറയാനുണ്ടോ?

എന്റെ കഥ എന്റെമാത്രം കഥയല്ല എന്ന് മാന്യവായനക്കാർ മനസ്സിലാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ശബ്ദിക്കാനുള്ള അവസരവും അവകാശവും നിഷേധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകളുടെ കഥകൂടിയാണത്. ചില സത്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞുകൊണ്ട് അവരെ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ സജ്ജരാക്കുക എന്ന യത്നമാണ് ഞാൻ നടത്തിപ്പോന്നത്. ആ യത്നത്തിനിടയിൽ എനിക്കെന്റെ രാജ്യം നഷ്ടപ്പെട്ടു. എന്റെ വീട് നഷ്ടപ്പെട്ടു. പക്ഷേ, അനുഭവങ്ങളുടെ തീച്ചൂളയിൽനിന്ന് കൂടുതൽ ഗഹനമായ ഒരു സത്യം ഞാൻ കണ്ടെത്തി.

എന്റെ വീട് ഒരു തുണ്ട് ഭൂമിയല്ല.

എന്റെ വീട് ഒരു പാസ്‌പോർട്ടല്ല

എന്റെ വീട് ഓരോ സ്വതന്ത്രചിന്തകയുടെയും ഓരോ മതേതരവാദിയുടെയും ഓരോ മാനവികതാവാദിയുടെയും ഹൃദയമാണ്.

അവരുടെ ഐക്യദാർഢ്യമാണ് എന്റെ അഭയസ്ഥാനം.

അവരുടെ ധീരതയാണ് എന്റെ രാജ്യം.

Content Highlights: taslima nasrin interview