ഇരുട്ടുതന്നെ മതിയോ രാജ്യത്ത്? ഞാനത്ര വലിയ ശുഭാപ്തിവിശ്വാസക്കാരനല്ല- ടി. പത്മനാഭൻ

#തയ്യാറാക്കിയത് / എ.കെ. ശ്രീജിത്ത്
ടി. പത്മനാഭന്‍ / ഫോട്ടോ:രാമനാഥ് പൈ
ടി. പത്മനാഭന്‍ / ഫോട്ടോ:രാമനാഥ് പൈ

കേരളം പിറക്കുമ്പോൾ കഥയുടെ കുലപതി ടി. പത്മനാഭന് നിറയൗവനം. 27 വയസ്സ്. കാലത്തിന്റെ ഗതിവേഗങ്ങളെ കടന്നുള്ള കേരളത്തിന്റെ പ്രയാണത്തിന് സാക്ഷിയായ കഥാകൃത്ത്. കേരളത്തിന്റെ വളർച്ചകളും തളർച്ചകളും കണ്ടും കൊണ്ടും പ്രതികരിച്ച പ്രതിബദ്ധത. ഏഴു പതിറ്റാണ്ടിന്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ കേരളത്തിന്റെ പ്രവാഹവേഗത്തെക്കുറിച്ച് മറയില്ലാതെ സംസാരിക്കുകയാണ് അദ്ദേഹം

പോയ്‌പ്പോയ കന്യാകുമാരിയും കൈവന്ന തുളുനാടും

ഇപ്പോൾ വയസ്സ് 98 ആവാറായി. കേരളപ്പിറവിസമയത്ത് കണ്ണൂരിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപപ്പെട്ടപ്പോൾ ഭൂഭാഗങ്ങൾ പലതും കേരളത്തിന് നഷ്ടപ്പെട്ടു. ഉദാഹരണത്തിന് തെക്കൻ തിരുവിതാംകൂർ. അവിടന്ന് തമിഴ്നാടിനോട് കൂട്ടിച്ചേർത്തവർ ഏറെ ദുഃഖിതരായിരുന്നു. ഞാൻ കന്യാകുമാരിയിലൊക്കെ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. അവരൊക്കെ തനിമലയാളികളായിരുന്നു. വടക്ക് കർണാടകത്തിലെ ചില ഭാഗങ്ങൾ നമ്മളുമായി കൂട്ടിച്ചേർത്തു. കൂടിച്ചേർന്നവരും സന്തുഷ്ടരായിരുന്നില്ല. എനിക്കതും നല്ലപോലെ അറിയാം. സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്തകൊല്ലം ഞാൻ കോളേജിൽ പഠിക്കാൻപോയത് മംഗലാപുരത്താണ്. മംഗലാപുരം പണ്ടേ സൗത്ത് കാനറയാണ്. തൊട്ടടുത്ത പ്രദേശങ്ങളാണ് കേരളത്തിലേക്ക് വന്നതെന്നാണ് ഓർമ്മ.

രാഷ്ട്രീയാവബോധം

'55 മുതൽ കണ്ണൂരിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. അന്നത്തെ യുവാക്കളെക്കുറിച്ച് ഇന്നത്തെപ്പോലെ പറയാൻ കഴിയില്ല. വേണമെങ്കിൽ തൊഴിലാളികളെക്കുറിച്ചും കർഷകരെക്കുറിച്ചും പറയാം. എനിക്കിപ്പോൾ തോന്നുന്നത് അവരെപ്പോലെ രാഷ്ട്രീയബോധം യുവാക്കൾ എന്ന പദംകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നവർക്കുണ്ടായിരുന്നില്ലെന്നാണ്. അവർ പഠിക്കുക, ബിരുദംനേടുക, എന്തെങ്കിലും ജോലിസമ്പാദിക്കുക എന്നിങ്ങനെ താനായി തന്റെ കാര്യമായി എന്ന രീതിയായിരുന്നു. കർഷകരും തൊഴിലാളികളുമായിരുന്നു രാഷ്ട്രീയാവബോധത്തിൽ മുൻനിരയിലുണ്ടായിരുന്നത്.

ജയിലിൽപ്പോയ കാലം

വളരെ ചെറുപ്പത്തിലേ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടൊരാളാണ് ഞാൻ. താനായി, തന്റെ കാര്യമായെന്നു വിചാരിച്ച് നടന്നയാളല്ല. അതുകൊണ്ടുതന്നെ പലപ്പോഴും കോടതിയിൽ പ്രതിയായി കയറേണ്ടിവരുകയും ചെയ്തിട്ടുണ്ട്. '57-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യമന്ത്രിസഭ വരുമെന്ന് വാസ്തവത്തിൽ അന്നൊരാളും ഒരു പാർട്ടിയും വിചാരിച്ചിട്ടില്ല. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടി, മന്ത്രിസഭ വന്നപ്പോൾ വിമോചനസമരം വന്നു. വിമോചനസമരകാലത്ത് ഞാൻ ജയിലിൽപ്പോയതാണ്. ഞാൻ ഒറ്റയ്ക്കാണ് കണ്ണൂർ കളക്ടറേറ്റ് പിക്കറ്റ് ചെയ്തത്. ഒരു പാർട്ടിയുടെയും ആളായിട്ടല്ല പോയത്. അതൊക്കെ പഴയ സർക്കാർരേഖകൾ നോക്കിയാൽ കാണാം. വടക്കേമലബാറിലെ ഒരുമാതിരിപ്പെട്ട ജയിലുകളെല്ലാം നിറഞ്ഞിരുന്നു. ആദ്യം കണ്ണൂർ ജയിലിലാണ് കൊണ്ടുപോയത്. അവിടെ കേറാൻ കഴിയില്ല. ഇതൊക്കെക്കൊണ്ട് പേടിച്ച് അടങ്ങുമെന്നാണ് ഇ.എം.എസ്. ഭരണകൂടം കരുതിയത്.

ടി. പത്മനാഭൻ / ഫോട്ടോ: മധുരാജ്

അമ്മ കരഞ്ഞ നാൾ

അവസാനം കീടനാശിനികൾ സൂക്ഷിക്കുന്ന കണ്ണൂരിലെ കോട്ടയിൽ കൊണ്ടുപോയി. അവിടെ വായുകടക്കില്ല. അത് തുറന്ന് അതിനകത്താണ് അടച്ചത്. പാറാവിന് പോലീസോ പട്ടാളമോ ഇല്ല. അതിനകത്ത് അടച്ചിട്ടാൽ രാവിലെയാവുമ്പോഴേക്ക് എല്ലാവരും മരിക്കുമെന്ന് അവിടെയുണ്ടായിരുന്ന മാന്യനായ തഹസിൽദാർ ആലിക്കുട്ടി പറഞ്ഞു. വാതിലൊന്നും വേണ്ട, ഇഷ്ടമുള്ളിടത്ത് കിടക്കട്ടെ, സ്വമേധയാ വന്നവരല്ലേ, ആരും ഓടിപ്പോവില്ലെന്നു പറഞ്ഞു. അതുകൊണ്ട് ജീവൻ ബാക്കിയായി. അടച്ചിട്ട് കിടത്തിയിരുന്നെങ്കിൽ ചത്തുപോവുമായിരുന്നു. രാവിലെ കോടതിയിൽപ്പോയ ഞാൻ അവിടന്ന് ഒരാളോടും പറയാതെ കളക്ടറേറ്റിലേക്ക് നടക്കുകയായിരുന്നു. 15 ദിവസം അവിടെക്കിടന്നു. തിരിച്ചുചെന്നപ്പോൾ എന്നെക്കണ്ട് അമ്മ കരഞ്ഞു. അമ്മ എന്നെച്ചൊല്ലി കരഞ്ഞത് ഒരിക്കൽമാത്രമേ കണ്ടിട്ടുള്ളൂ.

അച്യുതമേനോന്റെ മന്ത്രിസഭ

ഇതുവരെവന്ന മന്ത്രിസഭകളിൽ ഏറ്റവും മികച്ചത് സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതാണ്, ഒരു സംശയവുമില്ല. എ.കെ. ആന്റണി അടുത്തസുഹൃത്താണ്, പലരും അതുപോലെ. എന്നാലും ഞാനിത് പറയും. ഞാനൊരിക്കലും വലതു കമ്യൂണിസ്റ്റ് പാർട്ടിയുടെ ആരാധകനല്ല. ഇങ്ങനെ സ്വാർഥരഹിതനായ, കളങ്കരഹിതനായ വ്യക്തി നമ്മുടെ നാട്ടിൽ ഉണ്ടായിട്ടേയില്ല. ഞാനിപ്പോഴും കോൺഗ്രസുകാരനാണ്. അംഗത്വമൊക്കെ 47-ൽ വിട്ടു. അതിന്റെ കാരണം മൂന്നാലുകൊല്ലംമുൻപ് കണ്ണൂരിൽ കോൺഗ്രസുകാർ എനിക്കുതന്ന പ്രിയദർശിനി അവാർഡ് രാഹുൽ ഗാന്ധിയിൽനിന്നേറ്റുവാങ്ങി ചെയ്ത പ്രസംഗത്തിൽ പറഞ്ഞു. കെ. കേളപ്പൻ ഗുരുവായൂരിൽ സത്യാഗ്രഹം നടത്തി. സത്യാഗ്രഹമിരുന്ന കോൺഗ്രസുകാരുടെ കണ്ണിൽ സമരത്തെ എതിർക്കുന്നവർ ചുണ്ണാമ്പുവെള്ളം ഒഴിച്ചു. പലരുടെയും കാഴ്ചനഷ്ടപ്പെട്ടു ഇങ്ങനെയൊക്കെ ദ്രോഹിച്ചവർ ഓഗസ്റ്റ് 15-ന് ഖാദി ജുബ്ബയും വേഷ്ടിയുമായിവന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനത്ത് കയറിയിരുന്നു. കേളപ്പനും മൊയ്തുമൗലവിയുമൊക്കെ പുറത്തായി. എന്തിനിങ്ങനെ എന്നുകരുതി പോയവരുടെ കൂട്ടത്തിലാണ് ഞാനും. 43 മുതൽ ഖദർ ധരിക്കുന്നു. ലോകത്തിൽ ഒരുമാതിരി രാജ്യങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ട്. എവിടെപ്പോയാലും ഖദർമുണ്ടും ഷർട്ടുമാണ് വേഷം.

അധികാരം ദുഷിപ്പിക്കും

പുറത്തുനിന്ന് ന്യായം പറയാനും വിമർശിക്കാനും എളുപ്പമാണ്. ഭരിക്കുന്നവർക്ക് അവരുടേതായ പ്രയാസമുണ്ടാവും അതൊക്കെ കണക്കിലെടുത്തുതന്നെ കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയാം -പോര, പോര. സായിപ്പ് പറഞ്ഞിട്ടുണ്ട് അധികാരം ദുഷിപ്പിക്കും, പരമമായ അധികാരം പരമമായ ദുഷിപ്പിന് ഇടവരുത്തും. പരമമായ അധികാരം കൈയാളിയവർ എല്ലാ പാർട്ടിയിലും ഉണ്ടായല്ലോ. പിണറായി വിജയനുമായി വളരെ സ്‌നേഹമാണ്. പക്ഷേ, പറയാനുള്ളത് ഞാനദ്ദേഹത്തോട് പറയാറുണ്ട്. ഒന്നാം മന്ത്രിസഭ കഴിഞ്ഞപ്പോൾ ഈ പോലീസിന്റെ അത്യാചാരം ശരിയല്ലെന്ന് പറഞ്ഞിരുന്നു. പറയാതിരിക്കാൻ മനഃസാക്ഷി അനുവദിക്കില്ല. പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാപ്പാക്കണമെന്നും പറഞ്ഞു. അദ്ദേഹം മുഴുവനും കേട്ടു, ശരിയെന്നു പറഞ്ഞു. അച്യുതമേനോൻ ഒഴികെയുള്ള അപൂർവംപേരെ മാറ്റിനിർത്തിയാൽ നമ്മുടെ രാഷ്ട്രീയക്കാരെ അധികാരം ദുഷിപ്പിച്ചുവെന്നതിൽ സംശയമില്ല.

തൻകാര്യം മാത്രം

കേരളത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ ജീവിതത്തിൽ ഞാൻ തൃപ്തനല്ല. വടക്കേ ഇന്ത്യയിലെ അക്ഷരരഹിതനായ കർഷകന്റെ നൈർമല്യം ഇവിടത്തെ ബിരുദാനന്തരബിരുദധാരിക്കും പിഎച്ച്.ഡി.ക്കാരനുമില്ല. തൻകാര്യംമാത്രമാണ് ഇവിടെയെല്ലാവർക്കും പ്രധാനം. കേരളം രൂപവത്കരിക്കപ്പെട്ട് 70 വർഷമാവുമ്പോൾ ഞാനത്ര വലിയ ശുഭാപ്തിവിശ്വാസക്കാരനല്ല. ഇരുട്ടുതന്നെമതിയോ രാജ്യത്ത്? പുലർകാലം ഇവിടെയില്ലയോ എന്നൊരു വലിയ കവി കരഞ്ഞുകൊണ്ടെഴുതിയിട്ടുണ്ട്. എനിക്കുമതുതന്നെയാണ് പറയാനുള്ളത്.