ശശി തരൂരിന്റെ ഭാഗ്യത്തെക്കുറിച്ചു പറയുന്നവര്‍ അതിനു പിന്നിലെ അധ്വാനം കാണുന്നില്ല- ശോഭ തരൂര്‍

*ഞങ്ങളുടെ നാഗരികജീവിതം അവസരങ്ങളുടെ കലവറ തന്നെയായിരുന്നു. *ശശി തരൂരിന്റെ ഭാഗ്യം ബുദ്ധിയാണ്. *രാഷ്ട്രീയം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് അത്ര നല്ല കാര്യമായിരുന്നില്ല. *അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ ഞങ്ങളുടേതുകൂടിയാണ് എന്ന ധാരണയോടെ തന്നെ ഇന്നും ഏട്ടനൊപ്പം മുന്നോട്ടുപോവുന്നു.- ശശി തരൂരിന്റെ സഹോദരിയും എഴുത്തുകാരിയുമായ ശോഭ തരൂര്‍ ശ്രീനിവാസന്‍ തന്റെ 'ധന്യമീ ജന്മം' എന്ന പുസ്തകത്തെക്കുറിച്ചും തരൂര്‍ കുടുംബത്തെക്കുറിച്ചും സംസാരിക്കുന്നു.
? 'ധന്യമീ ജന്മം' എന്ന പുസ്തകത്തിലൂടെ ശോഭ തരൂര്‍ അടയാളപ്പെടുത്തുന്നത് അമ്മ ലില്ലി തരൂരിന്റെ ജീവിതവും സ്വാധീനവുമാണ്. അമ്മയെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള പ്രചോദനം എന്തായിരുന്നു
അമ്മയുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു. അമ്മയുടെ ശരിയായ പേര് സുലേഖ എന്നാണ്. അമ്മയുടെ അച്ഛന്‍ കെ.ടി. മേനോന്‍ സ്വന്തമായി വീടുണ്ടാക്കിയപ്പോള്‍ പേര് നല്‍കിയത് ലില്ലി കോട്ടേജ് എന്നായിരുന്നു. ആ വീട്ടിലാണ് അമ്മ ജനിച്ചത്. മകളുണ്ടായപ്പോള്‍ വീടിന്റെ പേര് അച്ഛന്‍ മകള്‍ക്കും ഓമനപ്പേരായി നല്‍കി. നല്ല കണ്ണുകളും പുഞ്ചിരിയും സുന്ദരമായ രൂപവും അമ്മയുടെ മാത്രം പ്രത്യേകതയാണ്. എന്റെ അച്ഛന്‍ ചന്ദ്രന്‍ തരൂര്‍ വിവാഹം ചെയ്തപ്പോള്‍ അമ്മ ലില്ലി തരൂര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. എന്റെ ഓര്‍മവെച്ചനാള്‍ തൊട്ട് അമ്മ വളരെ സജീവമായി കുടുംബത്തിലെ പല ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റുന്നത് കാണാമായിരുന്നു.
അച്ഛന്‍ വലിയ മനുഷ്യനായിരുന്നു. പക്ഷേ, വളരെ നേരത്തേ മരിച്ചുപോയി. മുപ്പത്തിയേഴാമത്തെ വയസ്സിലാണ് ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക് അച്ഛനുണ്ടാവുന്നത്. അന്നുമുതല്‍ അമ്മയുടെ മനസ്സില്‍ ഒരു അരക്ഷിതാവസ്ഥ ഉടലെടുത്തിരുന്നു. അമ്മ അതിനെ മറികടന്നത് വിശ്രമമില്ലാതെ അധ്വാനിച്ചുകൊണ്ടായിരുന്നു. അമ്മ വളരെ ഉത്കർഷേച്ഛയോടെ കാര്യങ്ങള്‍ ചെയ്തു. അമ്മയ്ക്ക് സാധ്യമാവുന്ന എല്ലാ മേഖലകളിലും കയറിച്ചെന്നു ശോഭിച്ചു. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് ലഭിക്കാവുന്ന എല്ലാ അവസരങ്ങളും അമ്മ നന്നായി ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. മക്കള്‍ സ്വയംപര്യാപ്തരാവണമെന്നും നല്ല നിലയില്‍ എത്തണമെന്നും നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നും അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. അമ്മയ്ക്ക് സാധ്യമാവാത്തതെല്ലാം മക്കളിലൂടെ സാധിക്കാനുള്ള ഇഷ്ടം അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ ജീവിതം അടയാളപ്പെടുത്തേണ്ടത് എന്റെ കടമയാണ് എന്ന ചിന്തയില്‍നിന്നാണ് ഈ പുസ്തകം പിറക്കുന്നത്.
?പുസ്തകത്തില്‍ ശോഭ തരൂര്‍ അമ്മയുടെ രൂപമാറ്റത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ. മലയാളത്തനിമയോടെ യൂറോപ്പിലെത്തിയ ലില്ലി പരിഷ്‌കാരത്തിന്റെ ആദ്യപടിയായി മുടി ക്രോപ്പ് ചെയ്യുന്നു, പാവാടയും കാലുറകളും ധരിക്കാന്‍ തുടങ്ങുന്നു, റേഡിയോ കേട്ട് ഇംഗ്ലീഷ് ആക്‌സന്റ് പഠിക്കുന്നു.
അച്ഛന് ഒമ്പത് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരണപ്പെട്ടു. അച്ഛന്റെ ഏട്ടന്‍ അച്ഛനേക്കാള്‍ പതിമൂന്ന് വയസ്സിന് മൂത്തതാണ്. അദ്ദേഹം ലണ്ടനിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്റെ അച്ഛന്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയപ്പോള്‍ വല്യച്ഛന്‍ അച്ഛനെയും താഴെയുള്ള രണ്ട് സഹോദരന്മാരേയും കൂടി ലണ്ടനിലേക്ക് കൊണ്ടുപോയി. കുറച്ചു വര്‍ഷങ്ങള്‍ അവിടെ ജോലി ചെയ്തു. പിന്നെ ഇന്ത്യയില്‍ കഴിയാന്‍ ആഗ്രഹിച്ചു. അമ്മയെ വിവാഹം ചെയ്ത് രണ്ടുപേരും കൂടി കല്‍ക്കത്തയില്‍ താമസമാക്കി. പക്ഷേ അച്ഛന്‍ മുമ്പ് ജോലിചെയ്തിരുന്ന ലണ്ടനിലെ സ്ഥാപനത്തിലെ മേധാവി അദ്ദേഹത്തെ തിരികെ ലണ്ടനിലേക്ക് വിളിച്ചു. അച്ഛന്‍ അമ്മയെയും കൊണ്ട് ലണ്ടനിലേക്ക് പോയി. ലണ്ടനില്‍നിന്ന് അമ്മ പുതിയ ജീവിതത്തിന്റെ പാഠങ്ങള്‍ പതിയെ ഉള്‍ക്കൊള്ളുകയായിരുന്നു.
അമ്മയ്ക്ക് നാട്ടിലെ സ്‌കൂളില്‍നിന്നു ലഭിച്ച സാധാരണ ഇംഗ്ലീഷ് അറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ. ലണ്ടന്‍ ജീവിതവുമായിച്ചേര്‍ന്ന് അമ്മ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ പഠിച്ചു. അമ്മയുടെ കുറേ എക്‌സ്പ്രഷന്‍സ് എല്ലാം ഇംഗ്ലീഷ് ആണ്. എങ്ങനെയിരിക്കുന്നു അമ്മാ എന്നു ചോദിച്ചാല്‍ 'ഐ ഹാവ് ഗുഡ് ഇന്നിങ്‌സ്' എന്നാണ് പറയുക. ജീവിതം നന്നായി പോകുന്നു എന്നാണ് അമ്മ പറഞ്ഞതിന്റെ അര്‍ഥം. അതൊരു സ്‌പോര്‍ട്‌സ് രൂപകം കൂടിയാണ്. ഈ പുസ്തകത്തിന് 'ഗുഡ് ഇന്നിങ്‌സ് : ദ എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫ് ഓഫ് ലില്ലി തരൂര്‍' എന്നാണ് ഇംഗ്ലീഷില്‍ ഞാന്‍ തലക്കെട്ട് കൊടുത്തത്. മലയാളത്തിലേക്ക് മൊഴിമാറ്റിയത് ശ്രീകുമാരി രാമചന്ദ്രനാണ്. ഒരിക്കല്‍ ഏട്ടന്‍ ചോദിച്ചു, അമ്മയ്ക്ക് ക്രിക്കറ്റൊന്നും അത്ര താല്‍പര്യമില്ലല്ലോ, പിന്നെ എന്തിനാണ് ഗുഡ് ഇന്നിങ്‌സ് എന്ന് പേരിട്ടത് എന്ന്. ഐ ഹാവ് ഗുഡ് ഇന്നിങ്‌സ് എന്ന് അമ്മ എപ്പോഴും പറയുമല്ലോ എന്ന് ഞാന്‍ ഏട്ടനോട് പറഞ്ഞു. അമ്മയുടെ ഗുഡ് ഇന്നിങ്‌സിനെക്കുറിച്ചാണ് ഈ പുസ്തകം.
അക്കാലത്ത് ലണ്ടനില്‍ വളരെ കുറച്ച് ഇന്ത്യക്കാര്‍ മാത്രമേ താമസിച്ചിരുന്നുള്ളൂ. അവരെ കാണുന്നത് തന്നെ വല്ലപ്പോഴുമാണ്. ഇംഗ്ലീഷ് പഠിക്കാന്‍ എന്താണ് മാര്‍ഗം എന്ന് അമ്മ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വീട്ടിലെ റേഡിയോ ശ്രദ്ധയില്‍ പെട്ടത്. റേഡിയോയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന പരിപാടികള്‍ അമ്മ സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി. കേള്‍ക്കുക മാത്രമല്ല, ഓരോ വാചകവും അനുകരിച്ചു, വാക്കുകള്‍ പുസ്തകത്തില്‍ എഴുതിവെച്ചു. ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ കൈകാര്യം ചെയ്യുന്നതില്‍ അക്കാലത്ത് ബിബിസി പ്രക്ഷേപണം ചെയ്തിരുന്ന 'Desert Island Discs' എന്ന പരിപാടിയും അവതാരകനായ റോയ് പ്ലംലീയോടുമാണ് അമ്മയ്ക്ക് എക്കാലവും കടപ്പാടുണ്ടായിരുന്നത്.
? ശശി തരൂര്‍, ശോഭ തരൂര്‍, സ്മിത തരൂര്‍. തരൂര്‍ കുടുംബത്തിലെ മൂന്നു മക്കളും വളരെ നേരത്തെ തന്നെ പ്രശസ്തരാവുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തവരാണ്.
മിടുക്കും സൗന്ദര്യവും ഭാഗ്യവുമെല്ലാം എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ, അവസരം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അച്ഛനും അമ്മയും അത് ധാരാളമായി ഞങ്ങള്‍ക്കു തന്നു. ഞങ്ങളുടെ നാഗരികജീവിതം അവസരങ്ങളുടെ കലവറ തന്നെയായിരുന്നു. വിവിധ ഭാഷകള്‍ നന്നായി പഠിച്ചു. അച്ഛന്‍ എപ്പോഴും പറയുമായിരുന്നു നമ്മള്‍ മിഡില്‍ ക്ലാസ് ആണെന്ന്. അദ്ദേഹത്തിന് ലഭിച്ച നല്ല ഔദ്യോഗികപദവികള്‍ കാരണം ഞങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ആസ്വദിക്കാന്‍ പറ്റി. വിമാനടിക്കറ്റില്‍ നാട്ടില്‍ പോകാന്‍ പറ്റുന്നത് വലിയ ഭാഗ്യമായിട്ടായിരുന്നു അവര്‍ കരുതിയിരുന്നത്. കല്‍ക്കത്തയിലെ എല്ലാ പരിപാടികള്‍ക്കും മുന്‍നിരയിലെ ക്ഷണം തന്നെ അച്ഛനു ലഭിച്ചിരുന്നു. ആ പരിപാടികളിലെല്ലാം പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ക്കുവേണ്ടി അമ്മ സമയം കണ്ടെത്തി.
? നിങ്ങളില്‍ കൂടുതല്‍ ഭാഗ്യവാന്‍ ശശി തരൂര്‍ ആണ്
അങ്ങനെ പറയാന്‍ പാടില്ല. ഏട്ടന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരും പറയും ഇവര്‍ക്ക് എത്ര എളുപ്പത്തിലാണ് എല്ലാം കിട്ടുന്നതെന്ന്. തരൂരിന്റെ ഭാഗ്യത്തെക്കുറിച്ചു പറയുന്നവര്‍ പക്ഷേ, അതിനുപിന്നിലെ അധ്വാനം കാണുന്നില്ല. ശശി തരൂരിനെപ്പോലെ സമയം ഒട്ടും കളയാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനെ ഞാന്‍ എന്റെ ഇത്രയും കാലത്തെ ജീവിതപരിചയത്തില്‍ കണ്ടിട്ടില്ല. ഉത്തരവാദിത്തം തലയില്‍ കയറിയാല്‍ പിന്നെ അദ്ദേഹത്തിന് ആഹാരം വേണമെന്നോ വിശ്രമിക്കണമെന്നോ ഉള്ള ചിന്തയില്ല. സമയവും ഒരു പ്രശ്‌നമേയില്ല. അദ്ദേഹത്തിന്റെ ഭാഗ്യം ബുദ്ധിയാണ്. ആ ബുദ്ധി അദ്ദേഹം ഉചിതമായിത്തന്നെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു.
? യു. എന്നില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തിരുന്ന ശശി തരൂര്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയമാണ് തട്ടകമാക്കുന്നത്. എന്തായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
ശശി തരൂരിന്റെ ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമൊന്നും ഇല്ലായിരുന്നു. രാഷ്ട്രീയം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് അത്ര നല്ല കാര്യമായിരുന്നില്ല. യു.എന്നില്‍ ഇരിക്കുമ്പോള്‍ ലഭിച്ച ആദരവ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് കിട്ടില്ല എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. ആ ധാരണ അദ്ദേഹം തന്നെ തിരുത്തിത്തന്നു. രാഷ്ട്രീയം ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹമാണ്. യു.എന്‍. വിടുന്ന സമയത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ ഏതെങ്കിലും സ്വകാര്യമേഖലയില്‍ ജോലി ചെയ്യാം എന്ന പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ഇത്രയും കാലം ഒരു ലാഭേതര സംഘടനയ്ക്കു വേണ്ടിയാണല്ലോ ജോലി ചെയ്തത്. ഒന്നുരണ്ടു കൊല്ലം അദ്ദേഹം ജോലിയെടുത്തു നോക്കി. ഒട്ടും സംതൃപ്തനായിരുന്നില്ല. യു.എന്നില്‍ ലോകജനതയുടെ ക്ഷേമവും പ്രശ്‌നവുമാണ് ഏട്ടന്‍ കണ്ടുകൊണ്ടിരുന്നത്. അങ്ങനെയുള്ള ഒരാള്‍ക്ക് പണമുണ്ടാക്കുന്ന പണി ചേരില്ലെന്ന് ഏട്ടന്‍ തന്നെ തിരിച്ചറിഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നു എന്ന് ഏട്ടന്‍ തീരുമാനിച്ചപ്പോള്‍ ഒട്ടുമിക്ക പാര്‍ട്ടികളും അദ്ദേഹത്തെ ക്ഷണിച്ചു. ഇന്ത്യയുടെ ബഹുസ്വര മുഖം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുള്ള പാര്‍ട്ടിയെ തിരഞ്ഞെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഏട്ടന്‍ പാര്‍ട്ടി പ്രവര്‍ത്തകനാവുന്നു എന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. തനിക്ക് രാജ്യത്തിനെന്തെങ്കിലും തിരിച്ചുനല്‍കാനുണ്ടെങ്കില്‍ അത് പൊതുസേവനത്തിലൂടെയാണെന്ന് ഏട്ടന്‍ അമ്മയോട് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.
? അതേ അമ്മ തന്നെയാണ് പ്രായവും അവശതയും നോക്കാതെ കേരളത്തില്‍ ദിവസങ്ങളോളം താമസിച്ച് മകന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യപങ്കു വഹിച്ചത്.
ശരിയാണ്. ഏട്ടന്‍ വലിയൊരു ആദര്‍ശവാദിയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ഇങ്ങനെയാരു ധാരണ ഞങ്ങളെപ്പോലുള്ളവര്‍ക്കിടയില്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ ചിന്തിക്കുന്നത് തെറ്റാണെന്നും പുതിയ ആളുകള്‍ രാഷ്ട്രീയത്തില്‍ വരാതെ എങ്ങനെയാണ് ജനാധിപത്യ ഇന്ത്യ നിലനില്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഗുണ്ടകളും, അഴിമതിക്കാരുമല്ല; മറിച്ച് പുതിയ നയങ്ങള്‍ സൃഷ്ടിക്കുന്നവരായിരിക്കണം രാഷ്ട്രീയക്കാര്‍ എന്ന് ഏട്ടന്‍ എപ്പോഴും ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. അമ്മ അത് ഉള്‍ക്കൊണ്ടു. വോട്ടു ചെയ്യാനായി അമ്മ വന്നു. പ്രചരണരഥത്തില്‍ ഏട്ടനൊപ്പം സഞ്ചരിച്ച് ആളുകളെ കണ്ട് വോട്ടുചോദിച്ചു. വീട്ടില്‍ വരുന്നവരെയെല്ലാം രാവിലെ അഞ്ചുമണിമുതല്‍ ചായ കൊടുത്തു സല്‍ക്കരിച്ചു. ഞങ്ങള്‍ സഹോദരിമാരും അദ്ദേഹത്തിനുവേണ്ടി ഇലക്ഷന്‍ വര്‍ക്ക് നടത്തി. അതിന്റെ ഫലം കണ്ടു. പതിനഞ്ചുകൊല്ലം തിരുവനന്തപുരത്തിന്റെ എം.പിയായി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ലഭിച്ചു.
? വ്യക്തിജീവിതത്തില്‍ പലതരത്തിലുള്ള സംഘര്‍ഷാവസ്ഥകള്‍ അഭിമുഖീകരിച്ചയാളാണ് തരൂര്‍. എങ്ങനെയാണ് നിങ്ങള്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തത്.
ഏട്ടന്റെ വ്യക്തിജീവിതത്തില്‍ സംഘര്‍ഷവും അനിശ്ചിതത്വവും വരുമ്പോള്‍ തീര്‍ച്ചയായും കൂടുതല്‍ വേദനിച്ചത് അമ്മയായിരുന്നു. ഞങ്ങള്‍ സഹോദരിമാര്‍ കാര്യങ്ങളെ പ്രായോഗികമായി സമീപിക്കാനാണ് ശ്രമിച്ചത്. അമ്മയെ സംബന്ധിച്ചിടത്തോളം മകന് ആരും തുണയില്ലെന്ന വേദനയായിരുന്നു വലുത്. അമ്മയും അച്ഛനും പരസ്പരം സ്‌നേഹവും ദുഃഖവും പങ്കിട്ട് ജീവിക്കുന്നത് കണ്ടുവളര്‍ന്നവരാണ് ഞങ്ങള്‍. അച്ഛന്‍ എപ്പോഴും പറയുമായിരുന്നു എനിക്ക് സമ്പാദ്യമോ സമ്പത്തോ ഒന്നുമില്ല, എന്റെ സമ്പത്ത് എന്റെ മക്കളാണ് എന്ന്. ഞങ്ങളെ പഠിപ്പിക്കാനാവുന്നിടത്തോളം അച്ഛന്‍ പഠിപ്പിച്ചു. സ്‌കോളര്‍ഷിപ്പ് കിട്ടി അമേരിക്കയില്‍ പഠിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ടീനേജറാണ്. ബി.എയ്ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ കയ്യില്‍ പണമില്ലെന്നു പറഞ്ഞ് അച്ഛന്‍ നിസ്സഹായതയോടെ എന്നെ നോക്കിയത് ഓര്‍മ വരുന്നു. പിന്നെയാണ് സ്‌കോളര്‍ഷിപ്പ് കിട്ടുന്നത്. എത്ര ദൂരം വേണമെങ്കിലും പഠിക്കാന്‍ അയക്കാമെന്നത് അച്ഛന്റെ വാഗ്ദാനമായിരുന്നു. ഏട്ടന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്നു അച്ഛനോട് വന്ന് പറയുമ്പോള്‍ ഇരുപത്തിയൊന്ന് വയസ്സ് ആണ്. അച്ഛന്‍ പ്രായത്തിന്റെ പക്വതയില്ലായ്മയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. രണ്ടുമൂന്നു കൊല്ലം കഴിഞ്ഞിട്ട് മതി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ അനുഗ്രഹം മാത്രം മതി എന്ന് സ്‌നേഹത്തോടെ അച്ഛനോടും അമ്മയോടും പറഞ്ഞ് അദ്ദേഹം വളരെ നേരത്തേ തന്നെ കുടുംബസ്ഥനായി. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ ഞങ്ങളുടേതുകൂടിയാണ് എന്ന ധാരണയോടെ തന്നെ ഇന്നും ഏട്ടനൊപ്പം മുന്നോട്ടുപോവുന്നു.
? സഹോദരി എന്ന നിലയില്‍ തരൂരിന്റെ വ്യക്തിത്വത്തെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്.
ഏട്ടന്‍ കഠിനാധ്വാനിയാണ്. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയൊരു ഗുണമാണ്. എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നതാണ് എന്ന മനോഭാവം അദ്ദേഹത്തിനുണ്ട്. ഇത്രയ്ക്ക് പാടില്ലെന്ന് ഞാന്‍ ഇടയ്ക്ക് പറയാറുണ്ട്. ഞങ്ങള്‍ ഒന്നിച്ചു വളര്‍ന്നവരാണ്. അമ്മയ്ക്കും ഞങ്ങള്‍ മക്കള്‍ക്കും വ്യത്യസ്തവും ശക്തവുമായ അഭിപ്രായങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവാറുണ്ട്. ഞങ്ങള്‍ മൂന്നു സ്ത്രീകളുടെ വാദങ്ങള്‍ അതിജീവിക്കുക എന്നതു തന്നെ അദ്ദേഹത്തിന് പലപ്പോഴും ടാസ്‌ക് തന്നെയാവാറുണ്ട്. പക്ഷേ ഞങ്ങള്‍ ഒന്നാണ്. എത്ര ഉറക്കെ സംസാരിക്കുന്നുവോ അത്രയും ദൃഢമായി ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ 'ഷോ ബിസിനസ്' എന്ന പുസ്തകം ഞങ്ങള്‍ സഹോദരിമാര്‍ക്കാണ് അദ്ദേഹം സമര്‍പ്പിച്ചത്. പതിനഞ്ചു വയസ്സുവരെയേ ഞങ്ങള്‍ ഒന്നിച്ചു താമസിച്ചിട്ടുള്ളൂ. പിന്നെ അദ്ദേഹം പഠിക്കാന്‍ പോയി. ഞാനും സ്മിതയും കുറേക്കാലം കൂടി ഒന്നിച്ചുകഴിഞ്ഞു. പുസ്തകം സമര്‍പ്പിച്ചുകൊണ്ട് ഏട്ടന്‍ എഴുതിയത് ''സിനിമയ്ക്കുകൊണ്ടുപോകാം എന്ന വാക്ക് ഞാന്‍ പാലിക്കാത്ത എന്റെ സഹോദരിമാര്‍ക്ക്'' എന്നായിരുന്നു. അനിയത്തിമാരെ സിനിമയ്ക്ക് കൊണ്ടുപോകേണ്ടത് ഏട്ടനാണ്. അതൊന്നും ഞങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ അക്കാലത്ത് പരാതി പറഞ്ഞിരുന്നു. ആ പരാതി ഏട്ടന്‍ ഓര്‍മയില്‍ത്തന്നെ സൂക്ഷിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. അമ്മയുടെ ഓരോ പിറന്നാളിനും എവിടെയെങ്കിലുമൊക്കെ കൊണ്ടുപോകുമ്പോള്‍ ഞങ്ങളും ഒപ്പമുണ്ടാകും.
? 'ധന്യമീ ജന്മം' വായിച്ചപ്പോള്‍ അമ്മയുടെ പ്രതികരണമെന്തായിരുന്നു?
അത് നല്ല രസമായിരുന്നു. അമ്മയെക്കുറിച്ച് എഴുതേണ്ടതെല്ലാം എഴുതി പുസ്തകമാക്കിയ എന്നോട് അമ്മ ഒരു ചോദ്യം ചോദിച്ചു- തിരുവനന്തപുരത്തുള്ള അന്ധരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഞാന്‍ വായിച്ചുകൊടുക്കുന്നതിനെക്കുറിച്ച് നീ എഴുതിയില്ലല്ലോ. അമ്മ തിരുവനന്തപുരത്ത് ഇങ്ങനെയൊരു സേവനം ചെയ്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാനപ്പോള്‍ അമേരിക്കയിലായിരുന്നു. അതേപ്പറ്റി എനിക്കറിവില്ലായിരുന്നു. അറിയാത്ത കാര്യങ്ങള്‍ എങ്ങനെയാ എഴുതുക എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നമ്മുടെ കുടുംബത്തെ ഏതെല്ലാം വിധത്തിലാണ് അമ്മ സമ്പന്നമാക്കിയത് എന്നാണ് ഞാന്‍ എഴുതിയത്. എന്താമ്മേ ഇങ്ങനെ പറയുന്നത്. എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മയ്‌ക്കൊരു സന്തോഷവുമില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ അമ്മ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു: 'ഐം വെരി പ്രൗഡ് ഓഫ് യു.'
? ശോഭ തരൂര്‍, സ്മിത തരൂര്‍ എന്നിവരെപ്പറ്റി പൊതുവേ പറയാറ് അമുൽ കവര്‍ ഗേള്‍സ് എന്നാണ്.
പൊതുഇടത്തില്‍ മക്കളെ നല്ല രീതിയില്‍ പ്ലേസ് ചെയ്യിക്കുക എന്നത് അമ്മയുടെ മാത്രം വിരുത് ആയിരുന്നു. അമ്മയ്ക്ക് കിട്ടാതെ പോയ അവസരങ്ങളെല്ലാം ഞങ്ങളിലൂടെ അമ്മ നേടി. അമുൽ പരസ്യത്തില്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ ആദ്യം ഞാന്‍ മോഡലായി. പിന്നീട് സ്മിതയും. എല്ലാറ്റിനും അമ്മയുടെ ഉത്സാഹമായിരുന്നു.
ജോലിക്കു പോകാന്‍ അമ്മ ശ്രമം നടത്തിയിരുന്നു. പക്ഷേ, അമ്മ എപ്പോഴും തിരക്കുള്ള ഒരാളായിരുന്നു. ഞങ്ങള്‍ മുംബെയില്‍ താമസിക്കുമ്പോള്‍ സിനിമകള്‍ക്ക് മലയാളത്തില്‍ വോയ്‌സ് ഓവര്‍ ചെയ്തു. മലയാളത്തിലെ പ്രശസ്തരായവര്‍ വരുമ്പോള്‍ അവരെ അമ്മ മലയാളത്തില്‍ അഭിമുഖം നടത്തി. ഈ അവസരങ്ങളെല്ലാം അമ്മ സ്വയം കണ്ടെത്തുകയായിരുന്നു. എല്ലാം മുന്‍കയ്യെടുത്തു തനിയേ ചെയ്തു. ഉപ്പിലിട്ട വിഭവങ്ങളൊക്കെ അസ്സലായി ഉണ്ടാക്കാനറിയാം. കല്‍ക്കത്തയിലെ കാനിങ് സെന്ററില്‍ പോയി പാചകത്തിലെ കൂടുതല്‍ പൊടിക്കൈകള്‍ പഠിച്ച് ഉപ്പിലിട്ട വിഭവങ്ങളുമായി സിറ്റി ഫെയറിലൊക്കെ അമ്മ വില്‍ക്കാന്‍ കൊണ്ടുപോയിരുന്നു. പണം ലഭിക്കുകയല്ല, പ്രചോദനമായിരുന്നു അമ്മയ്ക്കു വേണ്ടിയിരുന്നത്.
? അതുകൊണ്ട് ഏകാന്തതയില്ലല്ലോ.
തീര്‍ച്ചയായും. നമ്മള്‍ ഭാഗ്യമുള്ളവരാണ് എന്നാണ് അമ്മ പറയുക. അച്ഛന്‍ പോയപ്പോള്‍ അമ്മ ഒറ്റപ്പെടാതിരുന്നതിന് കാരണം ഏട്ടന്റെ തിരിച്ചുവരവാണ്. അമ്മ ഏറെ സ്‌നേഹിക്കുന്നയാളാണ് ഏട്ടന്‍. അമ്മയുടെ കരുത്ത് ഏട്ടനാണ്. അദ്ദേഹത്തോടൊപ്പമുള്ള ജീവിതം അമ്മ നന്നായി ആസ്വദിക്കുന്നുണ്ട്. സ്വന്തമായ പാചകവും കാര്‍ ഡ്രൈവിങ്ങുമൊക്കെ അമ്മ നിര്‍ത്തിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ വിശ്രമജീവിതത്തിന്റെ മടുപ്പിനെക്കുറിച്ച് അമ്മ പരാതി പറഞ്ഞു. മുന്നില്‍ ധാരാളം സമയമുള്ളത് അമ്മയെ അസ്വസ്ഥയാക്കുകയാണ് ചെയ്യുന്നത്. മുഴുവന്‍ സമയവും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കണം. നിരന്തരം എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകിക്കൊണ്ടേയിരിക്കാന്‍ അമ്മ ഞങ്ങളെയും ശീലിപ്പിച്ചു. ഞങ്ങളും അതുപോലെ ബിസിയായിരിക്കണം എന്നായിരുന്നു അമ്മയുടെ നിലപാട്. ഇപ്പോള്‍ അമ്മ തിരിച്ചാണ് പറയുന്നത് - ദിവസം കുറച്ചുനേരെ റെസ്റ്റ് എടുക്കാന്‍ ഈ കുട്ടികളെ ഞാന്‍ ശീലിപ്പിച്ചില്ലല്ലോ എന്നാണ് ഞങ്ങളുടെ തിരക്കുകള്‍ കാണുമ്പോള്‍ അമ്മ പറയുന്നത്. നിങ്ങള്‍ക്ക് ആര്‍ക്കും സമയം ഇല്ലാത്തത്, റിലാക്‌സ് ചെയ്യാന്‍ അറിയാത്തത് തന്റെ കുറ്റമാണ് എന്നാണ് അമ്മ പറയുന്നത്.
ഞങ്ങള്‍ക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ള അവസരങ്ങള്‍ വളരെ കുറവായിരുന്നു. വെക്കേഷനില്‍ അമ്മമ്മയുടെ വീട്ടില്‍ വരുമ്പോള്‍ ഞങ്ങളുടെ മലയാളത്തെ എല്ലാവരും കളിയാക്കുമായിരുന്നു. അവിടെയുള്ളവര്‍ക്ക് മലയാളമേ അറിയുള്ളൂ. മഴ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അവരെല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങും. ചെറുപ്പത്തില്‍ കളിയാക്കുമ്പോള്‍ സങ്കടം വന്ന് അറിയുന്ന വാക്കുകള്‍ പോലും മിണ്ടാതെ ഇരിക്കാനായിരുന്നു ശ്രദ്ധിച്ചത്. വീട്ടിലും മലയാളം സംസാരിക്കാറില്ലായിരുന്നു. അമേരിക്കയില്‍ പഠിക്കാന്‍ പോയപ്പോഴാണ് എന്റെ മലയാളം നന്നായത്. അമേരിക്കയില്‍ വെച്ചാണ് നാട്ടില്‍ വളര്‍ന്ന ആളുകളെ ഞാന്‍ കണ്ടുമുട്ടുന്നത്. അവിടത്തെ നാടന്‍ മലയാളികളാണ് എന്നെ സംസാരിക്കാന്‍ പഠിപ്പിച്ചത്.
? പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ആര് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് മറ്റൊരു പേരില്ലാത്തവണ്ണം തരൂര്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. എന്താണ് തരൂരിന്റെ സ്ട്രങ്ത്.
തരൂര്‍ നല്ല ഹൃദയമുള്ള മനുഷ്യനാണ്. സ്‌നേഹവും അലിവും എല്ലാവരോടുമുണ്ട്. ലോകത്തെ നല്ല മനസ്സോടെയേ കാണാറുള്ളൂ. അദ്ദേഹത്തിന്റെ കരുത്തും ടാലന്റും എല്ലാവര്‍ക്കുമറിയാം. വിവിധ വിഷയങ്ങളിലായി 25 പുസ്തകങ്ങള്‍ എഴുതി. ലോകത്തെ ഒട്ടുമിക്കയിടങ്ങളിലും പോയി കരുത്തുറ്റ പ്രസംഗങ്ങള്‍ നടത്തി. തരൂരിന്റെ ഭാഷാപ്രാവീണ്യത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ. ബംഗാളിയിലായാലും ഫ്രഞ്ചിലായാലും അനായാസമായി കൈകാര്യം ചെയ്യും. പ്രസംഗങ്ങളില്‍ എനിക്കേറ്റവും ഇഷ്ടം അദ്ദേഹത്തിന്റെ ഫ്രഞ്ച് പ്രഭാഷണങ്ങളാണ്. ഇപ്പോള്‍ മലയാളവും നന്നായി വഴങ്ങി. പാര്‍ട്ടിയില്‍ മാത്രമല്ല, രാജ്യതാല്‍പര്യത്തിനു വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഏട്ടന്റെ ബൗദ്ധികതയെ എല്ലാവരും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തന്റെ മണ്ഡലത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അദ്ദേഹം കര്‍മനിരതനാണ്. വരുംവര്‍ഷങ്ങളിലും തന്റെ മണ്ഡലത്തെ കൂടുതല്‍ കരുതലോടെയും പ്രതിബദ്ധതയോടെയും ഏറ്റെടുക്കുമെന്നതില്‍ എനിക്കൊരു സംശയവുമില്ല.
Content Highlights: shobha tharoor srinivasan shashi tharoor lily tharoor life politics hurdles book dhanyamee janmam