'അതിന് ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം ഒരു ജവഹര്‍ലാല്‍ നെഹ്റുവിനെയാണ്'- ഹമീദ് ചേന്നമംഗലൂര്‍

#ഹമീദ് ചേന്നമംഗലൂര്‍/കെ.വിശ്വനാഥ്
ഹമീദ് ചേന്ദമംഗലൂര്‍
ഹമീദ് ചേന്ദമംഗലൂര്‍

മലയാളത്തിന്റെ സാംസ്‌ക്കാരിക ലോകത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി വ്യത്യസ്തവും പ്രസക്തവുമായ ഇടപെടലുകളിലൂടെ സാന്നിധ്യം അറിയിക്കുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ് ഹമീദ് ചേന്നമംഗലൂര്‍. ഹമീദ് കമ്യൂണിസ്റ്റുകാരനാണോ, അതോ കോണ്‍ഗ്രസ്സോ എന്ന് ചോദിച്ചാല്‍ പെട്ടെന്നൊരു ഉത്തരം പറയാനാവില്ല. കുറേകൂടി അദ്ദേഹത്തിനിണങ്ങുന്ന വിശേഷണം ലിബറല്‍ ഡെമോക്രാറ്റെന്നാവും. സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുക വഴി സര്‍വ കക്ഷിരാഷ്ട്രീയ ചേരികളില്‍ നില്‍ക്കുന്നവരുടേയും എതിര്‍പ്പ് പിടിച്ചുപറ്റിയിട്ടുമുണ്ട് അദ്ദേഹം. മതവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയായിരുന്ന ഹമീദിന് ഈ മാസം 14-ന് എഴുപത്തിയഞ്ച് വയസ്സ് തികയുകയാണ്. കാലമെത്ര കഴിഞ്ഞാലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും സര്‍വവിശ്വാസപ്രമാണങ്ങളോടുമുള്ള ആദരവ് സൂക്ഷിച്ചു കൊണ്ടു തന്നെ തലയുയര്‍ത്തി നിന്ന് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിക്കുകയാണ് ഈ അഭിമുഖത്തില്‍ ഹമീദ് ചേന്നമംഗലൂര്‍.

രാജ്യം സ്വാതന്ത്ര്യം നേടി അധികം കഴിയും മുമ്പേ ജനിച്ച തലമുറയില്‍ ഉള്‍പ്പെട്ട ആളാണ് താങ്കള്‍. അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിച്ചു കാണുമല്ലേ?

മുസ്ലീം സാംസ്‌ക്കാരിക പരിസരം ശക്തമായി നിറഞ്ഞുനില്‍ക്കുന്ന ചേന്നമംഗലൂര്‍ എന്ന ഗ്രാമത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരുവര്‍ഷത്തിനിപ്പുറം 1948-ലാണ് ഞാന്‍ ജനിച്ചത്. അത്തരമൊരു പരിസരത്തിലാണ് ഞാന്‍ വളര്‍ന്നതും ഇപ്പോള്‍ ജീവിക്കുന്നതുമെല്ലാം. കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയില്‍ ഉള്‍പ്പെട്ട ഈ ഗ്രാമത്തില്‍ 90 ശതമാനവും മുസ്ലീങ്ങളും പത്ത് ശതമാനം ഹിന്ദുക്കളുമാണ് ജീവിക്കുന്നത്. എന്റെ അറിവില്‍ പെട്ടിടത്തോളം മറ്റ് മതക്കാര്‍ ആരും ഇല്ല. ഉപ്പൂപ്പയുടെ പേര് കുട്ടിഹസ്സന്‍, അദ്ദേഹത്തിന്റെ ബാപ്പയുടെ പേര് അബ്ദുള്‍ സലാം, എന്റെ പിതാവിന്റെ പേര് വീണ്ടും അബ്ദുള്‍ സലാം. ഇവരെല്ലാം ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്തെ അധികാരികളായിരുന്നു. ആ അധികാരത്തിന്റെ ഒരു പ്രഭാവം കുടുംബത്തിന് ആ പ്രദേശത്തുണ്ടായിരുന്നു. ഖദീഷുമ്മ എന്നാണ് ഉമ്മയുടെ പേര്. ഞാന്‍ പഠിച്ച ചേന്നമംഗലൂരിലെ ഗവണ്‍മെന്റ് മാപ്പിള യു.പി സ്‌കൂളിലെ അധ്യാപകരില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍ പെട്ടവരായിരുന്നു.

അറേബ്യന്‍ കഥകളും മിത്തോളജിയുമൊക്കെ കേട്ടാണ് ഞാന്‍ വളരുന്നത്. സ്‌കൂളില്‍ രണ്ടാം ക്ലാസിലെത്തിയപ്പോഴാണ് മദ്രസയില്‍ ചേരുന്നത്. ഏഴുവര്‍ഷം മദ്രസ പഠനത്തിന്റെ ഭാഗമായത് കൊണ്ടും ഗ്രാമത്തില്‍ സമ്പൂര്‍ണ മുസ്ലീം പശ്ചാത്തലം ഉള്ളതു കൊണ്ടും ശരിയായിട്ടുള്ള മതം അഥവാ സത്യമായ മതം ഇസ്ലാം മതം മാത്രമാണെന്ന് കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ ആറാം ക്ലാസിലെത്തിയപ്പോള്‍ പുതിയ ഹെഡ്മാസ്റ്ററായി ദാമോദരന്‍ മാഷ് വന്നു. അദ്ദേഹത്തില്‍ നിന്നാണ് ആദ്യമായി ഞാന്‍ ഹിന്ദു മിത്തോളജിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയത്. രാമായണം, മഹാഭാരതം പോലുള്ള ഹിന്ദുപുരാണ ഗ്രന്ഥങ്ങളിലെ കഥകള്‍ ദാമോദരന്‍ മാഷ് പറഞ്ഞുതന്നു. അതിന് മുമ്പ് ഹിന്ദു പുരാണങ്ങളിലെ കഥകളൊന്നും ഞാന്‍ കേട്ടിരുന്നില്ല.

ആ കാലത്ത് ചേന്നമംഗലൂരില്‍ ഹൈസ്‌കൂളിലില്ല. അതുകൊണ്ട് വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററകലെയുള്ള മുക്കം ഹൈസ്‌കൂളിലായിരുന്നു തുടര്‍പഠനം. അത് കഴിഞ്ഞ സമയത്ത് 1964-ലാണ് കേരളത്തില്‍ ആദ്യമായി പ്രീഡിഗ്രി തുടങ്ങുന്നത്. അങ്ങനെ ആ ആദ്യ പ്രീഡിഗ്രി ബാച്ചില്‍പ്പെട്ട ഒരാളായി ഞാന്‍. പ്രീഡിഗ്രിക്കും ഡിഗ്രിക്കും ഫാറൂഖ് കോളേജിലാണ് പഠിച്ചത്. എക്കണോമിക്സില്‍ ബിരുദം നേടിയ ശേഷം ഇംഗ്ലീഷില്‍ പി.ജി പഠനത്തിനായി കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നു. ആംഗ്ലോ ഇന്ത്യനും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന സി.എ. ഷെപ്പേര്‍ഡാണ് അന്ന് ദേവഗിരിയിലെ ഇംഗ്ലീഷ് വിഭാഗം തലവന്‍.

എം.എ കഴിഞ്ഞ ഉടനെ എനിക്ക് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി ജോലി കിട്ടി. എന്നാല്‍ അതിന് മുമ്പ്  ഞാന്‍ സ്റ്റേറ്റ് ബാങ്കിന്റെ പ്രോബേഷണറി ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയിരുന്നു. ക്രിസ്ത്യന്‍ കോളേജില്‍ ജോലി ആരംഭിച്ച് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും സ്റ്റേറ്റ് ബാങ്കില്‍ നിന്ന് എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലായിരുന്നു നിയമനം. കുറച്ച് നാള്‍ ജോലി ചെയ്തപ്പോള്‍ മടുപ്പ് തോന്നി ഞാന്‍ ആ ജോലി രാജിവച്ചു. പിന്നീട് പി.എസ്.സി. എഴുതി 1976-ലാണ് കാസര്‍ഗോഡ് ഗവ. കോളേജില്‍ ജൂനിയര്‍ ലക്ചറായി സര്‍ക്കാര്‍ സര്‍വീസില്‍ ജോയിന്‍ ചെയ്തത്.

കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പാലക്കാട് വിക്ടോറിയ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. പിന്നീട് വീണ്ടും കാസര്‍ഗോഡ് കോളേജിലേക്ക് തന്നെ തിരിച്ചു സ്ഥലംമാറ്റം. 1977-ല്‍ മീഞ്ചന്ത ആര്‍ട്സ് കോളേജിലേക്കും 79-ല്‍ മടപ്പള്ളി കോളേജിലേക്കും മാറ്റം ലഭിച്ചു. പിന്നീട് വീണ്ടും മീഞ്ചന്തയിലേക്ക് തന്നെ സ്ഥലംമാറ്റം. തുടര്‍ച്ചയായി 18 വര്‍ഷം മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ ജോലി ചെയ്തു. പിന്നീട് കോടഞ്ചേരി കോളേജിലും ജോലി ചെയ്തു.

മതവിരുദ്ധനാണ് താങ്കളെന്ന്  പലരും ആരോപിച്ചുകേട്ടിട്ടുണ്ട്?

മദ്രസയില്‍ ലഭിച്ച വിദ്യാഭ്യാസത്തില്‍ നിന്ന് നമുക്ക് ചെറുപ്പത്തില്‍ തോന്നുക തന്റെ മതം, അതായത് ഇസ്ലാം മതം മാത്രമാണ് ശരി എന്നാണ്. എന്റെ തറവാട് നില്‍ക്കുന്ന സ്ഥലം ആറ് ഏക്കറോളം വരുന്ന പറമ്പായിരുന്നു. കുടുംബത്തിന്റെ അടിയാളരായി രണ്ട് പറയ കുടുംബങ്ങള്‍ ആ പറമ്പില്‍ താമസിച്ചിരുന്നു. താമസിക്കുന്ന സ്ഥലത്ത് അവര്‍ തങ്ങളുടെ ദൈവത്തിന്റെ പ്രതിമകള്‍ മണ്ണുകൊണ്ട് ഉണ്ടാക്കിവച്ച് ആരാധിക്കുമായിരുന്നു. എന്റെ ഒമ്പതാം വയസ്സിലൊക്കെ ഞാനാ വിഗ്രഹങ്ങളെ വെറുപ്പോടെയാണ് കണ്ടിരുന്നത്. കാരണം വിഗ്രഹാരാധന വലിയ പാപമാണെന്നാണ് മദ്രസയില്‍ നിന്ന് നമുക്ക് പറഞ്ഞുതന്നിരുന്നത്. പക്ഷെ പിന്നീട് കോളേജിലൊക്കെ എത്തിയപ്പോള്‍ മതം മുന്നോട്ടുവെക്കുന്ന ദൈവസങ്കല്‍പം, സ്വര്‍ഗ്ഗരാജ്യ സങ്കല്‍പ്പം എന്നിവയിലൊക്കെ അവിശ്വാസം തോന്നിതുടങ്ങി.

ഞങ്ങളുടെ ഗ്രാമത്തിലും വേറെ ചിലയിടങ്ങളിലുമെല്ലാം ജമാ അത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ച കാലമായിരുന്നു അത്. ഞാന്‍ പഠിച്ചതും ജമാ അത്തെ ഇസ്ലാമിക്കാരുടെ മദ്രസയിലാണ്. മലബാറില്‍ നിന്ന് പ്രധാനമായും മൂന്ന് സ്ഥലങ്ങളിലാണ് ജമാ അത്തെ ഇസ്ലാമി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ചേന്നമംഗലൂര്‍, കുറ്റ്യാടി, ശാന്തപുരം എന്നീ പ്രദേശങ്ങളായിരുന്നു അത്. മൂന്നിടങ്ങളിലും അവര്‍ക്ക് മദ്രസകളുണ്ട്. പിന്നീട് ഗള്‍ഫ് പണത്തിന്റെ വരവോടെ അവരുടെ പ്രവര്‍ത്തനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വര്‍ധിച്ചു. അറബിക് കോളജുകള്‍ തുടങ്ങി. 'പ്രബോധനം' എന്ന പേരില്‍ ചെറിയൊരു മാസിക തുടങ്ങിയാണ് അവര്‍ മാധ്യമരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട്  പത്രവും ദൃശ്യമാധ്യമവും ആരംഭിച്ച ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആശയം ഇസ്ലാമിക ഭരണത്തിലുള്ള ഒരു ഇസ്ലാമിക രാജ്യം എന്നതാണ്. മുസ്ലീങ്ങളുടെ കടമ എന്ന് പറയുന്നത് ആയൊരു ആശയം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ജോലി ചെയ്യുക എന്നുള്ളതാണ്. അങ്ങനെയാണ് ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നത്. ഹൈസ്‌ക്കൂള്‍ പഠനത്തിനായി മുക്കത്ത് പോകണമെന്ന കാര്യം മദ്രസയില്‍ പറഞ്ഞപ്പോള്‍ അന്നത്തെ ജമാ അത്തെ നേതാക്കള്‍ പറഞ്ഞത് മതവിദ്യാഭ്യാസം വിട്ട് ഒരിക്കലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോകരുത് എന്നാണ്.

അതേപോലെ രാജ്യത്ത് നിലനില്‍ക്കുന്ന മതേതര ഗവണ്‍മെന്റിന്റെ കീഴില്‍ ഒരിക്കലും മുസ്ലീങ്ങള്‍ പോവാന്‍ പാടില്ല. ഒരു മുസ്ലീം ഗവണ്‍മെന്റ് വരുമ്പോള്‍ മാത്രമേ നമ്മള്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കാവൂ എന്നൊക്കെയായിരുന്നു ജമാ അത്തെ ഇസ്ലാമി അന്ന് പറഞ്ഞുനടന്നിരുന്നത്. അതൊന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്റെ ഉപ്പയും ഉപ്പൂപ്പയുമൊക്കെ ആ കാലത്ത് മതത്തിനകത്ത് അല്‍പം പുരോഗമനപരമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു എന്നു അവകാശപ്പെട്ടിരുന്ന മുജാഹിദ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. മുജാഹിദ് പ്രസ്ഥാനം കേരളത്തിലേക്ക് വന്നപ്പോള്‍ ഭൂരിഭാഗം വരുന്ന അതിയഥാസ്ഥിതികരായ സുന്നികള്‍ അതിലേക്ക് ആളുകള്‍ പോകുന്നത് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉപ്പയും ഉപ്പൂപ്പയുമൊക്കെ അധികാരികളായതിനാല്‍ ആയൊരു സ്വാധീനം വച്ച് ചേന്നമംഗലൂരില്‍ മുജാഹിദ് വിഭാഗത്തിലേക്ക് ഒരുപാട് പേരെ ആകര്‍ഷിക്കാന്‍ സാധിച്ചു. എന്റെ ബാപ്പ കോണ്‍ഗ്രസുകാരനാണ്. ആ സെക്കുലര്‍ ആശയം മനസ്സിലുള്ളതിനാല്‍ ജമാ അത്തെ ഇസ്ലാമിയുടെ മുസ്ലീം രാഷ്ട്രവാദത്തെ ശക്തമായി അദ്ദേഹം എതിര്‍ത്തിരുന്നു. ബാപ്പയില്‍ നിന്ന് ലഭിച്ച ആ സെക്കുലര്‍ കാഴ്ചപ്പാട് ഹൈസ്‌കൂള്‍ കാലമാവുമ്പോഴേക്ക് എന്നിലേക്കും വ്യാപിച്ചു. ഞാന്‍ എതിര്‍ക്കുന്നത് ജമാ അത്തെ ഇസ്ലാമിയെപ്പോലുള്ള തീവ്ര മുസ്ലീംവാദ സംഘടനകളെയാണ്. എന്നെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ പ്രത്യേകിച്ച് സെമിറ്റിക്ക് മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ദൈവസങ്കല്‍പ്പം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യമാണ്. ദൈവത്തെ രാജാവിനെ പോലെ കാണുക, ആ രാജാവിനെ അനുസരിച്ചില്ലെങ്കില്‍ നിങ്ങളെ നരകത്തില്‍ കടുത്ത ശിക്ഷകള്‍ വിധേയമാക്കും എന്ന് പറയുക. ഇത്തരം പ്രചാരണങ്ങളെ വിശ്വാസികളില്‍ ദൈവഭയം ഉണ്ടാക്കി അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി വിശ്വാസികളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ ആശയങ്ങളോടൊന്നും എനിക്ക് തീരെ യോജിപ്പില്ലാത്തതിനാല്‍ കോളജ് കാലം തൊട്ട് തന്നെ ഞാനതിനെയെല്ലാം എതിര്‍ത്ത് തുടങ്ങി.

ആര്‍.എസ്.എസ്. മുന്നോട്ട് വെക്കുന്ന ഹിന്ദു രാഷ്ട്രസങ്കല്‍പ്പത്തിന് സമാനമായ മുസ്സീം രാഷ്ട്ര സങ്കല്‍പ്പമാണ് ജമാ അത്തെ ഇസ്ലാമിയും പറയുന്നത്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് ഹിന്ദുമതത്തെ വിമര്‍ശിക്കലല്ല, അതുപോലെ ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് ഇസ്ലാം മതത്തെ വിമര്‍ശിക്കലല്ല. ഞാന്‍ ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് കൊണ്ട് അതിന്റെ നേതാക്കളും വിശ്വാസികളും അവരുടെ പത്രമാധ്യമങ്ങളിലൂടേയും മറ്റ് വേദികളിലൂടെയുമല്ലാം ഞാനൊരു ഇസ്ലാം വിരുദ്ധനാണെന്ന് പ്രചരിപ്പിക്കുകയാണ്. അങ്ങനെ പ്രചരിപ്പിച്ചപ്പോള്‍ മറ്റ് മുസ്ലീം പത്രങ്ങളും ചാനലുകളും അത് ഏറ്റുപിടിച്ചു. ഇപ്പോള്‍ അവരുടെയൊക്കെ കണ്ണില്‍ ഞാന്‍ മതവിരുദ്ധനാണ്. ഈയൊരു സമൂഹത്തില്‍ മതവിശ്വാസങ്ങളെ എതിര്‍ത്ത് ജീവിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഇത്തരം കാര്യങ്ങളോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല. ഞാന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ആശയങ്ങള്‍ ആര്‍ക്കുമുന്നില്‍ അടിയറവെക്കാനും ഒരുക്കമല്ല. മതത്തിന്റെ കാര്യത്തിലായാലും രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും എന്റേതായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട്. മറ്റുളളവരെ 'മതനിഷേധി' എന്നപഹസിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മതനിഷേധികളായിരുന്നു പ്രധാനപ്പെട്ട പ്രവാചകരെല്ലാം. അതത് കാലത്തെ മതധാരണകളെ അതിനിശിതമായി ചോദ്യം ചെയ്തവരാണവര്‍. തങ്ങള്‍ ജീവിച്ച കാലയളവിലെ മതങ്ങളെ അവര്‍ തളളിപ്പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ മതനിഷേധി എന്നത് ഒരു ബഹുമതിയാണ്. പിന്നെ, മതനിഷേധി എന്ന് ഭര്‍ത്സിക്കുന്നവരോട് എനിക്കൊരു ചോദ്യമുണ്ട്. ഈ ലോകത്ത് മതനിഷേധികളല്ലാത്ത ആരാണുള്ളത്. സ്വന്തം മതത്തില്‍ വിശ്വസിക്കാത്തവരെയെല്ലാം ഓരോ മതവും മത നിഷേധികളായാണ് കാണുന്നത്.അതിനര്‍ഥം സമത്വത്തെ ഒഴികെ മറ്റെല്ലാ മതങ്ങളെയും ഓരോ മതത്തിന്റെയും അനുയായികള്‍ നിഷേധിക്കുന്നു എന്നല്ലേ? ഒരു മതവും പരമമായ സത്യം ഉള്‍ക്കൊള്ളുന്നില്ല എന്നും എല്ലാ മതങ്ങളും മനുഷ്യരാല്‍ രൂപപ്പെട്ടവയാണ് എന്നും ഞാന്‍ കരുതുന്നു. ആ നിലയ്ക്ക് ഞാനൊരു മതനിഷേധിയാണ്. 

പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നോ?

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്നത്തെ പോലെയുള്ള വിദ്യാര്‍ഥിരാഷ്ട്രീയം ഇല്ല. 1964 മുതല്‍ 69 വരെ ഫാറൂഖ് കോളേജിലും 1969 മുതല്‍ 71 വരെ ദേവഗിരി കോളേജിലുമായിരുന്നു എന്റെ വിദ്യാഭ്യാസം. അന്ന് ഫാറൂഖ് കോളേജിലെ ഏറ്റവും പ്രബലമായ വിദ്യാര്‍ഥി പ്രസ്ഥാനം കെ.എസ്.യു ആണ്. മുസ്ലീം മാനേജ്മെന്റിന് കീഴിലുള്ള, 70 ശതമാനം മുസ്ലീം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലബാറിലെ ഏറ്റവും മികച്ച കോളോജുകളിലൊന്നാണ് അന്ന് ഫാറൂഖ് കോളജ്. അതിന്റെ മാനേജ്മെന്റും പ്രിന്‍സിപ്പലുമടക്കമുള്ളവര്‍ തികഞ്ഞ സെക്കുലര്‍ കാഴ്ചപ്പാടുള്ളവരായിരുന്നു. അവിടെ എം.എസ്.എഫിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഞാന്‍ ഫാറൂഖ് കോളേജില്‍ കെ.എസ്.യു സെക്രട്ടറിയായിരുന്നു. ആ കാലത്ത് എന്നില്‍ കോണ്‍ഗ്രസ് ആശയമായിരുന്നു ഉണ്ടായിരുന്നത്. 

കോളജ് പഠനം കഴിഞ്ഞ് ഏഴുപതുകളുടെ മധ്യത്തിലാണ് ഞാന്‍ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് മാറുന്നത്. കാരണം ആ കാലത്താണ് കാള്‍ മാര്‍ക്സിന്റെ കൃതികളും മാര്‍ക്സിയന്‍ ആശയങ്ങളെ സംബന്ധിച്ചുള്ള പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങിയത്. മാര്‍ക്സിന്റെ കാഴ്ചപ്പാടുകള്‍ എനിക്ക് മതത്തോടുണ്ടായിരുന്ന സമീപനത്തിനോട് ചേര്‍ന്നു പോവുന്നതായിരുന്നു. അതായത് വൈരുധ്യാധിഷ്ഠിത ഭൗതികവാദം. ആത്മീയതയ്ക്ക് കമ്യൂണിസത്തില്‍ സ്ഥാനമില്ല, മതത്തിനും ദൈവത്തിനും ഒന്നും സ്ഥാനമില്ല. ആ ആശയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. എണ്‍പതുകളോടു കൂടി ശക്തമായ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താവായി ഞാന്‍ മാറി. കമ്യൂണിസമാണ് ശരി എന്ന് എനിക്ക് ആ കാലഘട്ടത്തില്‍ തോന്നി. കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് സെക്കുലറിസം തുടങ്ങിയ ആശയങ്ങളോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നൊരു കാഴ്ചപ്പാട്. 

അക്കാലത്താണ് ദേശാഭിമാനി വാരികയുടെ പത്രാധിപരായി തായാട്ട് ശങ്കരന്‍ വരുന്നത്. ആ കാലത്ത് എന്നെ വളരെയധികം സ്വാധീനിച്ച എഴുത്തുകാരനാണ് അദ്ദേഹം. പ്രബന്ധങ്ങളിലൂടെ തായാട്ട് അവതരിപ്പിച്ച പല ആശയങ്ങള്‍ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ചിന്തകളുടെ അടുത്തുനില്‍ക്കുന്നവയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ അധ്യാപകരായി പ്രവര്‍ത്തിച്ചിരുന്നു. ആ സൗഹൃദമെല്ലാം ഉണ്ടായിരുന്നത് കൊണ്ട് തന്നെ മാസത്തില്‍ രണ്ടുതവണ വെച്ച് ഞാന്‍ ദേശാഭിമാനി വാരികയില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. 1985-ല്‍ ഷബഹാനു ബീഗം കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നു. വളരെ പുരോഗമനപരമായ ആ വിധിക്കെതിരെ രാജ്യത്തെ മുഴുവന്‍ മുസ്ലീം മത, രാഷ്ട്രീയ സംഘടനകളും പ്രക്ഷോഭവുമായി രംഗത്തിറങ്ങി. അന്നൊക്കെ ആ വിധിയ്ക്കൊപ്പം ശക്തമായി നിന്നൊരാളാണ് ഞാന്‍. ഇ.എം.എസിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായി പ്രചാരണ യോഗങ്ങളില്‍ കേരളത്തിന്റെ എല്ലാഭാഗത്തും പ്രസംഗിച്ചു നടന്നിട്ടുണ്ട് ഞാന്‍. അന്നാണ് ഞാന്‍ സി.പി.ഐ. എമ്മുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത്. 

ഇ.എം.എസിന്റെ ഡയറി എന്ന പേരില്‍ ദേശാഭിമാനിയില്‍ ഒരു പംക്തിയുണ്ടായിരുന്നു. അദ്ദേഹമതില്‍ ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ പല ലേഖനങ്ങളെയും അഭിനന്ദിച്ചു കൊണ്ടെഴുതി. ഇത്രയുമായപ്പോള്‍ പുരോഗമന കലാസാഹിത്യസംഘം, എ.കെ.ജി.സി.ടി എന്നീ സംഘടനകളില്‍ പെട്ട ചിലയാളുകള്‍ക്ക് എന്നോട് കടുത്ത അസൂയ തോന്നിതുടങ്ങി. അവരുടെ ഇടപെടല്‍ മൂലം പല പരിപാടികളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്താന്‍ തുടങ്ങി. ആദ്യമൊന്നും ഞാനത് തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കി തുടങ്ങി. എങ്കിലും 2006 വരെ ഇ.എം.എസിന്റെ ലോകം തുടങ്ങിയ പ്രധാന സെമിനാറുകളിലെല്ലാം ഞാന്‍ സ്ഥിരം ക്ഷണിതാവായിരുന്നു. പിന്നെ പിന്നെ സ്വത്വ രാഷ്ട്രീയം എന്ന വിഷയവുമായി പു.ക.സയില്‍ പെട്ട ചിലയാള്‍ക്കാര്‍ വന്നു. സ്വത്വ രാഷ്ട്രീയം എന്ന് പറയുന്നത് മാര്‍ക്സിസ്റ്റ് വിരുദ്ധമാണ് എന്ന കാഴ്ചപ്പാട് ഞാന്‍ അവതരിപ്പിച്ചതോടെ ചിലര്‍ക്ക് എന്നോട് ദേഷ്യവും അകല്‍ച്ചയും കൂടി. ആ വിഷയത്തില്‍ അന്ന് ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൊക്കെ ലേഖനം എഴുതിയിരുന്നു.

സി.പി.ഐ (എം) പോലുള്ള പാര്‍ട്ടികള്‍ വര്‍ഗീയതയെ ശക്തമായി എപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ മാത്രം ശക്തമായി എതിര്‍ത്താല്‍ മതിയെന്നും ന്യൂനപക്ഷ വര്‍ഗീയതയെ അത്ര കാര്യമാക്കേണ്ടതില്ലെന്നുമുള്ള നിലപാടുകള്‍ ചിലര്‍ എടുത്തപ്പോള്‍ അതിനോട് എനിക്ക് ഒട്ടുംയോജിക്കാന്‍ കഴിഞ്ഞില്ല. എന്റെ അഭിപ്രായത്തില്‍ വര്‍ഗീയത അത് ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും ആപത്താണ്. രണ്ടിനെയും എതിര്‍ക്കാതെ ഒന്നിനെ മാത്രം എതിര്‍ത്ത് തോല്‍പിക്കാനാവില്ല. ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും. ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സി.പി.ഐ(എം) അടക്കമുള്ള പുരോഗമന സംഘടനകള്‍ ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുമായി രഹസ്യമായി സന്ധി ചെയ്യുന്നു ഇതിനോടൊന്നും എനിക്ക് യോജിക്കാന്‍ പറ്റില്ല. ഇതായിരുന്നു സി.പി.ഐ(എം) നോടുള്ള എന്റെ ഏറ്റവും കടുത്ത വിയോജിപ്പ്.

സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്നില്ല എന്നൊരു ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ട്...

അത്, അടിസ്ഥാനരഹിതമായൊരു ആരോപണമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.വി.കൃഷ്ണവാര്യരും എം.ടി.വാസുദേവന്‍ നായരും ഒന്നിച്ചിട്ടുണ്ടായ ഒരുകാലത്ത്, 1981 ലാണ് ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് ആദ്യമായി ലേഖനമെഴുതുന്നത്. ഇസ്ലാമിക ഫണ്ടമെന്റലിസം എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. ജമാ അത്തെ ഇസ്ലാമിക്കാരെ ക്ഷോഭിപ്പിച്ച ലേഖനമായിരുന്നു അത്. കാരണം അവരെ തുറന്നുകാട്ടിക്കൊണ്ട് ഒരുമുഖ്യധാര പ്രസിദ്ധീകരണത്തില്‍ വന്ന ആദ്യ ലേഖനമായിരുന്നു അത്. അതിന് ഒരുവര്‍ഷത്തിന് ശേഷം ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ മറ്റൊരു ലേഖനമെഴുതി. സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും രണ്ടും രാജ്യത്ത് സമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന സംഘടനകളാണെന്ന് തുറന്നുകാട്ടുന്ന ലേഖനമായിരുന്നു അത്. സാമുദായിക ധ്രുവീകരണം എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. അതില്‍ ആര്‍.എസ്.എസ്, ജമാ അത്തെ ഇസ്ലാമീ എന്നീ രണ്ട് സംഘടനകളുടെയും ആശയങ്ങള്‍, ലക്ഷ്യം എന്നിവ തുറന്നുകാട്ടുകയും എങ്ങനെയാണ് ഈ രണ്ടുസംഘടനകളും നമ്മുടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നന്നും ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നെ കെ.സി.നാരായണന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് നടത്തിയ ചര്‍ച്ചയില്‍ ഞാന്‍ ആര്‍.എസ്.എസ് എങ്ങനെ രാജ്യത്തിന് വിപത്താകും എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ദേശാഭിമാനി അടക്കം ഒരുപാട് മാസികകളിലും വേദികളിലും സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവല്‍ പക്ഷികളാണ്. രണ്ടുപേര്‍ക്കുമുള്ളത് മത രാഷ്ട്ര സങ്കല്‍പ്പമാണ്, സംഘപരിവാറിന് രാമരാജ്യവും ജമാ അത്തിന് ഇസ്ലാം രാഷ്ട്രവും. രണ്ടുകൂട്ടരും സെക്കുലറിസത്തിന് എതിരാണ്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാക്കര്‍ പറഞ്ഞത് സെക്കുലറിസം എന്നുപറയുന്നത് അഭാരതീയ സങ്കല്‍പ്പമാണെന്നാണ്. അതുപോലെ ജമാ അത്തെ പറയുന്നത് സെക്കുലറിസം പാശ്ചാത്യസങ്കല്‍പ്പമാണ്, അത് അനിസ്ലാമികമാണെന്നാണ്. പിന്നെ ദേശീയതയുടെ കാര്യത്തില്‍ സംഘപരിവാറിന്റെ ദേശീതയില്‍ ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ ദളിതരോ വരുന്നില്ല. അവരുടെ കാഴ്ചപ്പാടില്‍ ദേശീയത എന്നുപറഞ്ഞാല്‍ ഹിന്ദു ദേശീയതയാണ്.  ദേശീയതയും മതേതരത്വവും ഇസ്ലാമിന് ഘടകവിരുദ്ധമാണെന്നാണ് ജമാ അത്തെ പറയുന്നത്. പകരം അവര്‍ മുന്നോട്ട് വെക്കുന്ന ഒരു ദേശീയതയുണ്ട്, ഇസ്ലാമിക അന്തര്‍ദേശീയത അതായത് പാന്‍ ഇസ്ലാമിസം. അതായത് ലോകത്തുള്ള മുസ്ലീങ്ങളെല്ലാം ഒരു രാഷ്ട്രമാണ് എന്നാണ് ജമാ അത്തെ പറയുന്നത്. അതായത് ലോകത്തുള്ള മുസ്ലീങ്ങളെല്ലാം ഒന്നിച്ച് നില്‍ക്കണം, എന്നിട്ട് ബാക്കിയുള്ള മതങ്ങള്‍ക്കും മനുഷ്യര്‍ക്കുമെതിരെ പോരാടിയിട്ട് ഇസ്ലാമിന്റെയും മുസ്ലീമിന്റെ മേധാവിത്വം ലോകത്താകമാനം ഉണ്ടാക്കണം എന്നതാണ് ജമാ അത്തിന്റെ ആശയം.

ഇതുപോലെ തന്നെ ഭീകരമാണ് സംഘപരിവാറിന്റെ ആശയവും. അതുകൊണ്ടാണ് രണ്ടും ഒരേ തൂവല്‍പക്ഷികളാണെന്ന് ഞാന്‍ പറയുന്നത്. അതിനാല്‍ സംഘപരിവാറുകാര്‍ക്കും ജമാ അത്തെ ഇസ്ലാമികാര്‍ക്കും ഞാന്‍ പൊതുശത്രുവാണ്. രണ്ടുകൂട്ടരും എന്നോട് സംവദിച്ചിട്ടുണ്ട്, രണ്ടാളുടെയും വാദം ഒന്നിനെ മറ്റൊന്നിനോട് തുലനം ചെയ്യുന്നത് നല്ലതല്ല എന്നാണ്. സംഘപരിവാറുകാര്‍ പറയുന്നത് ഞങ്ങള്‍ ജമാ അത്തിനെ പോലെയല്ലേയല്ല എന്നാണ്. സമാനവാദമാണ് ജമാ അത്തുകാരും ഉന്നയിക്കുന്നത്. സത്യത്തില്‍ രണ്ടാളുടെയും ആശയം നോക്കുമ്പോള്‍ ഒരുവ്യത്യാസവുമില്ല താനും.

പുതിയ കാലത്ത് സമൂഹത്തില്‍ കുറേക്കൂടി വര്‍ഗീതമായി വേര്‍തിരിവ് വന്നുവെന്ന് തോന്നുന്നില്ലേ?

തീര്‍ച്ചയായും, ഞാന്‍ വിദ്യാര്‍ഥിയും അധ്യാപകനുമായിരുന്ന കാലത്തേക്കാള്‍ ഭീകരമായ രീതിയില്‍ വര്‍ഗീയ വത്കരണം ഇപ്പോള്‍ സമൂഹത്തില്‍ നടന്നിട്ടുണ്ട്. ദേശീയ തലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും നടന്നിട്ടുണ്ട്. അല്‍ഖ്വയ്ദ, ഐ.എസ്. പോലുള്ള പ്രസ്ഥാനങ്ങളൊക്കെ ഉണ്ടായി. ക്രിസ്ത്യന്‍ സമൂഹത്തിലും സമാന പ്രശ്നമുണ്ട്, കേരളത്തില്‍ തന്നെ നോക്കുകയാണെങ്കില്‍ ലൗ ജിഹാദ് പോലുള്ള വാദങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവ സഭകള്‍ മുന്നോട്ട് വന്നു. എല്ലായിടത്തും വര്‍ഗീയ വത്കരണം നടക്കുകയാണ്. മുമ്പൊക്കെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നൊക്കെ പറഞ്ഞാലും ഒരുമതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേറിട്ടുകണ്ടിരുന്നില്ല. എന്നാല്‍ കാലക്രമേണ അവര്‍ അന്യമതസ്ഥരാണ്, അതിനാല്‍ അവരുടെ സംസ്‌കാരം വേറെയാണ് അത് ശരിയല്ല എന്നൊരു കാഴ്ചപ്പാടിലേക്ക് ആളുകള്‍ മാറാന്‍ അല്ലെങ്കില്‍ ചിലര്‍ മാറ്റാന്‍ തുടങ്ങി.

ഞാന്‍ അഞ്ചുവര്‍ഷം ഫാറൂഖ് കോളേജില്‍ പഠിച്ചയാളാണ്, ആ കാലത്ത് വിരലിലെണ്ണാവുന്നവര്‍ ഒഴിച്ചാല്‍ കോളജ് ക്യാമ്പസില്‍ പര്‍ദ്ദയിട്ട് വരുന്ന വിദ്യാര്‍ഥികളുണ്ടായിരുന്നില്ല. ഇന്ന് ഫാറൂഖ് കോളേജില്‍ അതല്ല അവസ്ഥ. ഇന്ന് ഭൂരിഭാഗം കോളജുകളിലും മുസ്ലീം വിദ്യാര്‍ഥിനികളില്‍ കൂടുതല്‍ പേര്‍ പര്‍ദ്ദ ധരിച്ചാണ് വരുന്നത്. അതുപോലെ പഴയകാലത്ത് ഹിന്ദു വിദ്യാര്‍ഥികള്‍ കുറിതൊട്ട് കലാലയത്തില്‍ വരുമായിരുന്നില്ല. ഇന്ന് അതുംമാറി. ഒരുപാടാളുകള്‍ കുറിയും തൊട്ട് കൈയില്‍ ചരടും കെട്ടിയാണ് ക്യാമ്പസിലേക്ക് വരുന്നത്. അതൊന്നും കേരളത്തിന്റെ ഇന്നലെകളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വര്‍ഗീയത വച്ചുപുലര്‍ത്തുന്ന ഒരുകൂട്ടം മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും അങ്ങനെയാണെന്നല്ല, പുരോഗമനപരമായി ചിന്തിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ ഇപ്പോഴുമുണ്ട്.

യുവാക്കള്‍ക്കിടയില്‍ വര്‍ഗീതയ വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പങ്കുണ്ടോ?

സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തും എഴുതി വിടാം എന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ആശയം എത്ര സാമൂഹ്യദ്രോഹപരമായാലും അതൊക്കെ പ്രചരിപ്പിക്കാവുന്ന ഇടമായി സോഷ്യല്‍മീഡിയ തുടരുന്നു. മതപ്രഭാഷണങ്ങള്‍ എന്നുപറഞ്ഞ് നമ്മള്‍ക്ക് കേള്‍ക്കുന്നത് അതിഭീകരമായ വര്‍ഗീയ പ്രഭാഷണങ്ങളാണ്. അതുപോലെ ജനാധിപത്യ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ, ലിംഗനീതി വിരുദ്ധമായ ആശയങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ഒഴുകുകയാണ്. ഒരു എഡിറ്റിങും ഇല്ലാത്ത ഒരുമേഖലയാണത്, അതിന്റെ എല്ലാ അപകടങ്ങളും അതിനുണ്ട്. മറിച്ച് അച്ചടി മാധ്യമങ്ങളുടെ സ്ഥിതി അതല്ല, ഞാനൊരു ലേഖനമെഴുതിയാല്‍ അതില്‍ ഇത്തരം മോശം ആശയങ്ങളുണ്ടെങ്കില്‍ പത്രാധിപര്‍ അത് എഡിറ്റ് ചെയ്യും, അല്ലെങ്കില്‍ പ്രസിദ്ധീകരിക്കില്ല.

ബി.ജെ.പിയുടെ വളര്‍ച്ചയും ഈ അപകടാവസ്ഥക്ക് ആക്കം കൂട്ടിയില്ലേ?

2014-ലാണല്ലോ ബി.ജെ.പി തനിച്ച് ഭൂരിപക്ഷം നേടി ഇന്ത്യയില്‍ അധികാരത്തില്‍ വന്നത്? അതിനുശേഷമാണ് ഇന്ന് കാണുന്ന ഈ ഭീതിതമായ അവസ്ഥ ഉണ്ടായി തുടങ്ങിയത്. ന്യൂനപക്ഷ വിരുദ്ധ മനോഭാവം സര്‍ക്കാര്‍ തലത്തിലും അവരുടെ സംഘടനതലത്തിലും പ്രകടമാണ്. മോദി രണ്ടാംവട്ടവും അധികാരത്തിലെത്തിയതോടെ ഇത് കൂടുതല്‍ ഭീകരമായി. ഇന്ത്യയില്‍ ഇപ്പോള്‍ അവര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എത്തിനിക്ക് ഡെമോക്രസിയെന്ന് ഫ്രഞ്ച് എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ജാഫര്‍ലോട്ട് വിശേഷിപ്പിച്ച ഒന്നാണ്. ഇന്ത്യയിലും ഇസ്രായേലിലും തുര്‍ക്കിയിലുമൊക്കെ വളര്‍ത്തികൊണ്ടുവരുന്നത് ഈ എത്തിനിക് ഡെമോക്രസിയാണ്. 'മോഡീസ് ഇന്ത്യ' എന്ന ക്രിസ്റ്റഫര്‍ ജാഫര്‍ലോട്ടിന്റെ പുസ്തകത്തില്‍ ഇത് വിശദമായി പറയുന്നുണ്ട്. എത്നിക്ക് ഡെമോക്രസിയെ മലയാളത്തില്‍ വംശീയ ജനാധിപത്യം എന്നു വിളിക്കാം. സത്യത്തില്‍ ഇതില്‍ ജനാധിപത്യമില്ല. മറിച്ച് ഒരുവംശത്തിന്റെ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണസംവിധാനമാണ്. ഇന്ത്യയിയില്‍ ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണസംവിധാനം കൊണ്ടുവരാനാണ് ബി.ജെ.പിയും മോഡിയും കൂടി ശ്രമിക്കുന്നത്.

വംശീയ ജനാധിപത്യത്തില്‍ നേഷന്‍ അഥവാ രാജ്യമായി സങ്കല്‍പ്പിക്കുന്നത് ഭൂരിപക്ഷ സമുദായത്തെ ആണ്. ഇന്ത്യയില്‍ സംഘപരിവാര്‍ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, ഹിന്ദുമതത്തില്‍ പെടാത്തവരൊന്നും അതിന്റെ ഭാഗമല്ല. അവര്‍ രണ്ടാംകിട പൗരമാരായി പരിഗണിക്കപ്പെടും. ഇന്നല്ലെങ്കില്‍ നാളെ ഈ രാജ്യത്ത് നിന്ന് ആട്ടിയോടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കും. ഇസ്രായേലിലും ഇതുപോലെയാണ്. അവിടെ ഭൂരിപക്ഷ മതക്കാരായ ജൂതന്‍മാരാണ് നേഷനായി പരിഗണിക്കപ്പെടുന്നത്. ബാക്കി മതക്കാര്‍ രണ്ടാംകിട പൗരന്മാരാണ്. അതുപോലെ തുര്‍ക്കിയില്‍ എര്‍ദോഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്മെന്റ് പാര്‍ട്ടിയാണ് കഴിഞ്ഞ 20 വര്‍ഷമായി ഭരിക്കുന്നത്. ഇന്ത്യയിലെ ജമാ അത്ത് ഇസ്ലാമി പോലുള്ള തുര്‍ക്കിയിലെ പാര്‍ട്ടിയാണ് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്മെന്റ് പാര്‍ട്ടി. അവിടെയും വംശീയ ജനാധിപത്യമാണ് എര്‍ദോഗാന്‍ നടപ്പാക്കുന്നത്. ഭൂരിപക്ഷമായ മുസ്ലീമാണ് അവിടത്തെ നേഷന്‍. അങ്ങനെ് ഈ രാജ്യങ്ങളെല്ലാം ഫാസിസത്തിലേക്ക് നീങ്ങുകയാണ്.

എന്നാല്‍ ഫാസിസ്റ്റ് പ്രവണത എന്ന് പറയുന്നത് ഏതെങ്കിലും ഒരുപാര്‍ട്ടിയിലോ മതവിഭാഗത്തിലോ ഒതുങ്ങുന്നില്ല. ഉദാഹരണത്തിന് ഡല്‍ഹിയിലെ ജാമിയ മില്ല ഇസ്ലാമിക് യൂണിവേഴ്സ്റ്റിയുടെ പ്രോ വൈസ് ചാന്‍സിലാറായിരുന്നു ഡോ. മുഷീറുള്‍ ഹസ്സന്‍. അദ്ദേഹം ഈയടുത്ത കാലത്ത് അന്തരിച്ചു.  മുഷീറുള്‍ ഹസ്സന്‍ ഒരു സെക്കുലറിസ്റ്റായ മുസ്ലീമാണ്. ഇദ്ദേഹം പ്രോ വൈസ് ചാന്‍സിലാറായിരുന്ന കാലത്താണ് സല്‍മാന്‍ റുഷ്ദിയുടെ ദി സെയ്റ്റാനിക് വേര്‍സേസ് പുറത്തുവരുന്നതും ഇന്ത്യയില്‍ അത് നിരോധിക്കപ്പെടുന്നതും. ഒരു പുസ്തകം നിരോധിച്ചത് ശരിയായ നടിപടിയായില്ല എന്ന് സണ്‍ഡേ എന്ന ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഷീറുള്‍ ഹസ്സന്‍ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ജാമിയ മില്ല സര്‍വകലാശാലയിലെ മുസ്ലീം തീവ്ര വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. വലിയ രീതിയില്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ആറുമാസം അവധിയില്‍ പോകേണ്ടി വന്നു. തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. അതൊരു ഫാസിസ്റ്റ് രീതിയാണ്. ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ തന്നെ, വളരെ പുരോഗമനപരമായ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്ന മതപണ്ഡിതനായിരുന്നു ചേകന്നൂര്‍ മൗലവി. ചേകന്നൂര്‍ മൗലവിയെ കൊന്നത് മുസ്സീം തീവ്രവാദികളാണ്. അതുപോലെ 2017-ല്‍ കോയമ്പത്തൂരില്‍ എച്ച്. ഫാറൂഖ് എന്ന മുസ്ലീം യുക്തിവാദി കൊല്ലപ്പെട്ടു, കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്. അതും ഫാസിസമാണ്. അതുപോലെ തൊടുപുഴയില്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി.

മഹാരാഷ്ട്രയില്‍ യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കറെ കൊന്നത് ഹിന്ദു തീവ്രവാദികളാണ്. കര്‍ണാടകയില്‍ കല്‍ബുര്‍ഗിയെ, മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരയെ, കര്‍ണാടകയില്‍ ഗൗരി ലങ്കേഷിനെ- ഈ കൊലപാതകങ്ങളെല്ലാം നടത്തിയത് ഹിന്ദു തീവ്രവാദികളാണ്. ഇതെല്ലാം ഫാസിസമാണ്. അതുകൊണ്ട് ഫാസിസ്റ്റ് പ്രവണത എന്നുപറയുന്നത് ഹിന്ദുവിലും മുസ്ലീമിലുമുണ്ട്. രണ്ടിനെയും ഒരുപോലെ എതിര്‍ക്കണം. അല്ലാതെ ഭൂരിപക്ഷ വര്‍ഗീതയെ മാത്രം എതിര്‍ത്താല്‍ അത് ന്യൂനപക്ഷ വര്‍ഗീതയ്ക്ക് വളംവച്ച് കൊടുക്കലാകും.

നമ്മുടെ രാജ്യത്തെ ഈ അവസ്ഥയില്‍ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ?

എന്തുകൊണ്ടാണ് ഇന്ത്യയില്‍ സംഘപരിവാറും ബി.ജെ.പിയും ഇത്രയും വളര്‍ന്നത്? അതിന്റെ പ്രധാനകാരണം കോണ്‍ഗ്രസിന്റെ തളര്‍ച്ച തന്നെയാണ്. കോണ്‍ഗ്രസ് തളരാന്‍ അതിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമായി. സംഘടനപ്രശ്നങ്ങള്‍, കെട്ടുറപ്പില്ലായ്മ, ഗ്രൂപ്പുകളുടെ അതിപ്രസരം, അധികാര ദുര്‍മോഹികളായ നേതാക്കന്മാര്‍ അങ്ങനെ പലകാരണങ്ങളുണ്ട്. കേരളത്തില്‍ ഇപ്പോള്‍ എന്താ സ്ഥിതി? ഞാന്‍ മനസ്സിലാക്കിയിടത്തോളം 2021-ല്‍ യു.ഡി.എഫിന് അധികാരത്തിലേക്ക് തിരിച്ചുവരാന്‍ അനുകൂലമായി കാലാവസ്ഥയുണ്ടായിരുന്നു. കാരണം എല്‍.ഡി.എഫിന് മേല്‍ അത്രമാത്രം ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അനുകൂലമായ കാലാവസ്ഥയിട്ടുണ്ടായിട്ടും തോറ്റുപോയത് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരകലാപം മൂലമാണ്. ഒന്നിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനങ്ങളില്‍ അവര്‍ ഈ ആഭ്യന്തരകലാപങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് നില്‍ക്കുകയും, കോണ്‍ഗ്രസിനൊടൊപ്പം ഇവിടത്തെ ന്യൂനപക്ഷങ്ങളും മറ്റ് സെക്കുലര്‍ പാര്‍ട്ടികളും കൂടി ചേരുകയും ചെയ്താല്‍ തീര്‍ച്ചയായും ബി.ജെ.പിയുടെ വളര്‍ച്ചയെ തടയാനാകും. കര്‍ണാടകയില്‍ ബി.ജെ.പിക്ക് ബെംഗളൂരുവല്ലാത്ത ഒരുമേഖലയിലും ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നുംനേടാനായിട്ടില്ല. മാത്രമല്ല ഒട്ടേറെ സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. കോണ്‍ഗ്രസ് അധികാരത്തിലെത്തി. അധികാരം കിട്ടിയ ശേഷം ഒരാഴ്ചയോളം മുഖ്യന്ത്രി പദത്തിന് വേണ്ടി കടിപിടി നടന്നു. അതുതന്നെയാണ് പ്രശ്നം.

ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട സെക്കുലര്‍പാര്‍ട്ടിയായ, ഇന്ത്യയുടെ വ്യത്യസ്ത മേഖലകളില്‍ ഇപ്പോഴും ശക്തമായ വേരുകളുള്ള കോണ്‍ഗ്രസിന് അതിന്റെ എല്ലാ ശക്തിയോടും കൂടി ഒറ്റക്കെട്ടായി നില്‍ക്കാനായാല്‍ ബി.ജെ.പിയെ താഴെയിറക്കാം. അതിന് ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം ഒരു ജവഹര്‍ലാല്‍ നെഹ്റുവിനെയാണ്. ശരിയായ സെക്കുലറിസ്റ്റ് എന്ന് പറയാവുന്ന ഒരു പ്രധാനമന്ത്രി മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ, അത് നെഹ്റുവാണ്. നെഹ്റുവിന് ശേഷം വന്ന ആരും അത്തരത്തില്‍ സെക്കുലറിസ്റ്റ് ആയിരുന്നില്ല. അങ്ങനെയൊരു നെഹ്റു ഉയര്‍ന്നുവന്നാല്‍ സെക്യുലര്‍ പക്ഷത്തേയ്ക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരും. അതോടെ ഈ ഫാസിസ്റ്റ് പ്രവണത ഉയര്‍ത്തുന്ന സംഘപരിവാറിന്റെ നേതൃതത്തിലുള്ള സര്‍ക്കാറിനെയും അതുപോലെ ഫാസിസ്റ്റ് പ്രവണതയുള്ള മറ്റ് മതസംഘടനകളെയുമെല്ലാം തടയാന്‍ സാധിക്കും. ഇന്ത്യയ്ക്ക് തീര്‍ച്ചയായും ഒരു നെഹ്റുവിനെ ആവശ്യമുണ്ട്.

Content Highlights: Hameed Chennamangaloor, k.Viswanath, Mathrubhumi Weekend