'ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നതുപോലെ തന്നെയാണ് ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് പറയുന്നതും'

കോഴിക്കോട് ചേന്ദമംഗലൂരിലെ അരീപ്പറ്റ മണ്ണില്‍ വീടിന്റെ ഊണ്മുറിയുടെ ചുവരില്‍ ചില്ലിട്ട് സൂക്ഷിച്ച ഒരു വാര്‍ത്തയുണ്ട്.
''സിംഹത്തിന് വിരുന്നൊരുക്കിയ കദീശുമ്മയ്ക്ക് അന്ത്യാഞ്ജലി''
മുക്കം: ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് അവസാനത്തെ അത്താഴം ഒരുക്കിയ ചേന്ദമംഗലൂരിലെ കളത്തിങ്ങല്‍ കദീശുമ്മ യാത്രയായി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന അബ്ദുറഹിമാന്‍ സാഹിബ് കൊടിയത്തൂരില്‍ ആറായിരത്തോളം പേര്‍ പങ്കെടുത്ത അവസാനപ്രസംഗം കഴിഞ്ഞ് തെയ്യത്തുംകടവ് വഴി മടങ്ങുമ്പോഴായിരുന്നു ചേന്ദമംഗലൂരിലെ കളത്തിങ്ങല്‍ തറവാട്ടില്‍ അദ്ദേഹത്തിന് വിരുന്നൊരുക്കിയത്. സ്വാതന്ത്ര്യസമരം തിളച്ചുമറിയുന്ന 1945ലെ നവംബര്‍ 23-ന്. കുട്ടിഹസ്സന്‍ അധികാരിയുടെ വീടാണ് കളത്തിങ്ങല്‍. അധികാരിയുടെ മകന്‍ പരേതനായ അരീപ്പറ്റമണ്ണില്‍ അബ്ദുല്‍സലാമിന്റെ ഭാര്യയാണ് കദീശുമ്മ. രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ മണാശ്ശേരി എത്തുന്നതിന് മുന്‍പ് പൊററശ്ശേരി ഗ്രാമത്തില്‍ വെച്ചായിരുന്നു അബ്ദുറഹിമാന്‍ സാഹിബിന്റെ അന്ത്യം. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിക്ക് അവസാനഭക്ഷണം നല്‍കാന്‍ കഴിഞ്ഞതിന്റെ അഭിമാനം എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു കദീശുമ്മ.''
കുഞ്ഞുന്നാള്‍ മുതല്‍ ഹമീദ് ചേന്ദമംഗലൂര്‍ കേള്‍ക്കുന്നതാണ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ അന്ത്യയാത്ര. താന്‍ ജനിക്കുന്നതിന് മൂന്നുവര്‍ഷം മുന്‍പത്തെ ആ സംഭവം ഉമ്മ കദീശുമ്മയില്‍ നിന്ന് തന്നെ പലവട്ടം കേട്ടു. നമ്മുടെ രാജ്യമായ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി മാറിത്തീര്‍ന്നതിന് പിന്നിലെ മഹാശക്തികളോടുള്ള ആദരവ് ഹമീദില്‍ അങ്ങനെകൂടിയാണ് ഉറച്ചത്. അപകടകരം കൂടിയായിരുന്ന ഒരു മതേതര ജീവിതത്തിലേക്ക് ഹമീദ് ചേന്ദമംഗലൂരിനെ നയിച്ചതും ദേശീയപ്രസ്ഥാനം പ്രസരിപ്പിച്ച ആ ദേശബോധമാണ്.
പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ജമാ അത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള വകഭേദങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള, കനത്ത മതാന്തരീക്ഷം പുതഞ്ഞു നില്‍ക്കുന്ന, ഇസ്‌ലാമിന്റെ എല്ലാത്തരം ധാരകളും സജീവമായ, തൊണ്ണൂറ് ശതമാനത്തിലധികം വിശ്വാസികള്‍, മുസ്‌ലിം വിശ്വാസികള്‍ പാര്‍ക്കുന്ന ചേന്ദമംഗലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന്, ഇസ്‌ലാമിന്റെ ക്രിട്ടിക്കല്‍ ഇന്‍ൈസഡറായും പിന്നീട് കടുത്ത വിമര്‍ശകനായും മാറിയ ഹമീദ് ചേന്ദമംഗലൂരിന് കഴിഞ്ഞ 13-ന് എഴുപത്തിയഞ്ച് തികഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ തുടങ്ങി ഇടത് സഹയാത്രയിലേക്ക് നീണ്ട പൊതുജീവിതം. മതേതരത്വത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പക്ഷപാതിത്വം ഇടതുവേദികള്‍ക്കും ഭാരമാകുന്നു എന്ന തിരിച്ചറിവില്‍ പ്രഭാഷണത്തിരക്കുകളില്‍ നിന്ന് അവധി. ഇസ്‌ലാമിന്റെ പേരിലും മറവിലും ഉടലെടുക്കുന്ന വിധ്വംസകള്‍ക്കെതിരായ തുറന്നയുദ്ധമായി ഹമീദ് ചേന്ദമംഗലൂര്‍ ൈധഷണിക ജീവിതത്തെ പരിവര്‍ത്തിപ്പിച്ചു. പലതരം ഒറ്റപ്പെടലുകള്‍. കലഹം ശീലമില്ലാത്ത ഹമീദ് എന്ന പ്രഗല്‍ഭനായ പ്രൊഫസര്‍ തെറ്റായി വായിക്കപ്പെട്ടാല്‍ മതം പോലെ അപകടകരമാവുന്ന മറ്റൊരു സ്ഥാപനമില്ല എന്ന പഠിപ്പിക്കല്‍ തുടര്‍ന്നു. സാമൂഹിക വിമര്‍ശകന് മന:സാക്ഷിയോട് മാത്രമാണ് കൂറെന്ന് ഉറപ്പിച്ച് പറഞ്ഞു. പൊതുവിടത്തില്‍ എഴുത്തായും പ്രഭാഷണമായും തുടരുന്ന ആ ഇടപെടലുകളുടെ തുടര്‍ച്ചയാണ് ആഴ്ചപ്പതിപ്പുമായുള്ള ഈ സംഭാഷണവും.
കെ.സി.സുബിന്‍: മതാത്മകം എന്ന് പറയാവുന്ന ഒരു ചുറ്റുപാടിലാണ് മാഷിന്റെ കുട്ടിക്കാലം. ചേന്ദമംഗലൂര്‍ ഇസ്‌ലാമിക വിശ്വാസ ജീവിതത്തിന് വലിയ പ്രാമുഖ്യമുള്ള നാടാണ്. ഇവിടെ നിന്ന് ഒരു ഉഗ്രമതവിമര്‍ശകനായി മാഷ് രൂപപ്പെട്ട പശ്ചാത്തലമെന്താണ്?
ഹമീദ് ചേന്ദമംഗലൂര്‍: ഇസ്‌ലാം മതത്തിലെ പുരോഗമന ആശയങ്ങള്‍ക്ക് വേരോട്ടം കിട്ടിയ നാടാണ് ചേന്ദമംഗല്ലൂര്‍. ഞങ്ങളുടേത് അംശം അധികാരികളുടെ കുടുംബമാണ്. ഇന്നത്തെ വില്ലേജ് ഓഫീസര്‍ പോലെ എന്നൊക്കെ പറയാം. അതിനപ്പുറം ജുഡീഷ്യല്‍ അധികാരം വരെ ഉണ്ട്. നാട്ടിലെ കാര്യങ്ങളില്‍ അധികാരിയുടെ വാക്കിന് മൂല്യമുണ്ട്. അങ്ങനെ ആയിരുന്നു. മുപ്പതുകളിലും നാല്‍പതുകളിലും പുരോഗന ആശയങ്ങള്‍ ഇവിടെയുണ്ട്. മുജാഹിദുകള്‍ വരുന്ന കാലഘട്ടമാണ്. അന്ന് എന്റെ വല്യാപ്പ പുതിയ വിഭാഗത്തിന്റെ കൂടെയായിരുന്നു. ആണ്ടും നേര്‍ച്ചയും പാടില്ല, ഖുതുബ മലയാളത്തിലാക്കണം എന്നൊക്കെ വാദിക്കുന്നവരായിരുന്നു ഇവര്‍. അന്നത്തെ കാലത്ത് പക്ഷേ, മറുവിഭാഗമാണ് പ്രബലര്‍. വല്യാപ്പയ്ക്ക് അധികാരി എന്ന ഒരു നില ഉണ്ടായിരുന്നതുകൊണ്ട് ജനങ്ങളെ പുതിയ ആശയത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചു. ജനങ്ങള്‍ അവര്‍ക്ക് വഴങ്ങുന്ന ഒരവസ്ഥയുണ്ടായിരുന്നു. അങ്ങിനെയാണ് ചേന്ദമംഗല്ലൂരില്‍ നാല്‍പതുകളാകുമ്പോഴേക്കും മുജാഹിദുകള്‍ക്ക് മേല്‍ക്കൈ ഉണ്ടാകുന്നത്. അമ്പതുകളുടെ ആദ്യത്തിലാണ് ചേന്ദമംഗല്ലൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം കടന്നു വരുന്നത്. ഇവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ മദ്രസ സ്ഥാപിക്കപ്പെടുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ചെയ്യാനുണ്ടായിരുന്നത് മുജാഹിദ് ആശയത്തിനൊപ്പം അവരുടെ രാഷ്ട്ര സങ്കല്‍പം കൂടി കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു. സമ്പൂര്‍ണ മുസ്‌ലിമായി തീരണമെങ്കില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം പോര നമുക്ക് ഒരു രാഷ്ട്രീയ വ്യവസ്ഥയുണ്ടെന്നുമായിരുന്നു ജമാഅത്തിന്റെ കാഴ്ചപ്പാട്. അപ്പോള്‍ മുജാഹിദുകളും ജമാ അത്തുകാരുമായി നിരന്തരം ഇവിടെ വലിയ സംവാദങ്ങള്‍ നടക്കും. പ്രസംഗങ്ങള്‍ മറുപടികള്‍ അങ്ങനെ. പ്രമുഖരായ നേതാക്കളും പണ്ഡിതരുമെല്ലാം പതിവായിത്തന്നെ ഈ ഭാഗങ്ങളില്‍ വരും. അന്നിവിടെ രണ്ട് മദ്രസയുണ്ട്. ഒന്ന് സുന്നി വിഭാഗത്തിന്റെ. രണ്ടാമത്തേത് ജമാ അത്തിന്റെ. സുന്നി മദ്രസയില്‍ ഖുറാന്‍ ഓതാന്‍ പഠിപ്പിക്കുക മാത്രമാണുള്ളത്. ജമാ അത്തിന്‍േറതില്‍ അതിന്റെ അര്‍ഥവും പഠിപ്പിക്കും. പുരോഗമനം ഒക്കെ അത്രയേ ഉള്ളൂ. കലാലയങ്ങള്‍ െകാലാലയങ്ങളാണ് അങ്ങോട്ട് പോകണ്ട എന്ന ലൈനായിരുന്നു അന്ന് ജമാ അത്തിനുണ്ടായിരുന്നത്. ജമാ അത്തെ ഇസ്‌ലാമി അറുപതുകളുടെ മധ്യം വരെ കലാലയ വിദ്യഭ്യാസത്തിന് എതിരായിരുന്നു. ഇസ്‌ലാമിക രാഷ്ട്രീയമൊഴികെ ഒന്നും അവര് അംഗീകരിച്ചിരുന്നില്ല. മുസ്‌ലിം ലീഗിനെ വരെ അംഗീകരിച്ചിരുന്നില്ല. ഇന്നും നിലപാടൊന്നും മാറ്റിയിട്ടില്ല. സൗകര്യത്തിന് വേണ്ടി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുന്നു എന്ന് മാത്രം.
ഇത്തരം ഒരു ആശയക്കുഴപ്പമാണോ മതത്തെ സംശയിക്കുന്ന നിലയിലേക്ക്, മതനിഷേധത്തിലേക്ക് ആശയതലത്തില്‍ എത്തിച്ചത്?
ഞാന്‍ മതനിഷേധിയോ പൂര്‍ണമായ അര്‍ഥത്തില്‍ നിരീശ്വരവാദിയോ അല്ല. നേരത്തേ പറഞ്ഞ അതിയാഥാസ്തികത്വത്തോട് വല്യാപ്പയും ബാപ്പയുമെല്ലാം ഉയര്‍ത്തിയ പ്രതിരോധം എന്റെ ബോധ്യത്തെ രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ബാപ്പയുടെ അനുജന്‍ ഒരു കുഞ്ഞഹമ്മദുണ്ടായിരുന്നു. ഇന്റര്‍മീഡിയറ്റുകാരനാണ്. മദ്രാസില്‍ കസ്റ്റംസില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹം എഗ്നോസ്റ്റിക്, അജ്ഞേയവാദിയാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയമായിരുന്നു അദ്ദേഹത്തിന്. ഞാന്‍ അതൊക്കെ കേട്ടു വളരുന്നുണ്ട്. എനിയ്ക്കും അങ്ങിനെ ഒരു ചിന്ത വരുന്നു. പത്താം ക്ലാസ് കഴിഞ്ഞതിനുശേഷമാണ് അത്. പക്ഷേ, അപ്പോഴും പള്ളിയിലൊക്കെ പോകുന്നുണ്ട്. പൂര്‍ണമായ ഒരു നിരീശ്വരവാദത്തിലേക്ക് ഞാന്‍ പോയിട്ടുമില്ല. അവസാനത്തെ സത്യം എന്ന ഒന്നില്‍ നമുക്ക് എത്താന്‍ കഴിയില്ല. സത്യം നമ്മള്‍ കണ്ടെത്തണം. അങ്ങിനെ കണ്ടെത്തുന്നത് അവസാനത്തെ സത്യമായിരിക്കില്ല. അങ്ങിനെയൊക്കെയുള്ള ഒരു കാഴ്ചപ്പാടാണ് എന്‍േറത്. വിശ്വാസികള്‍ വിശ്വാസികളുടെ കാഴ്ചപ്പാട് അനുസരിച്ച് ജീവിയ്ക്കുക, മറ്റവര്‍ അവരുടെ കാഴ്ചപ്പാട് അനുസരിച്ച് ജീവിയ്ക്കുക. തമ്മില്‍ സംഘര്‍ഷമുണ്ടാക്കാതെ നോക്കുക. മാത്രവുമല്ല, ബാപ്പ മതനിഷ്ഠയുള്ള ആളായിരുന്നു. കുട്ടികളൊക്കെ അത് പാലിക്കണമെന്നു നിര്‍ബന്ധമായിരുന്നു. പള്ളിയില്‍ പോയാല്‍ പോര. വെള്ളിയാഴ്ചയാണെങ്കില്‍ ഖുതുബയില്‍ പറയുന്ന കാര്യങ്ങള്‍ ബാപ്പക്ക് പറഞ്ഞു കൊടുക്കുകയും വേണം. നോമ്പ് നോല്‍ക്കണം. നോമ്പ് നോറ്റാലും കുട്ടികളായത് കൊണ്ട് ഉമ്മ ചിലപ്പോള്‍ ചോറ് തരും. കുട്ടിക്കാലത്തെ മതാനുഷ്ഠാനങ്ങളുടെ ഒരു ഓര്‍മ അതാണ്.
ഞാന്‍ ഒരിക്കലും മതവിരുദ്ധ സമീപനം സ്വീകരിച്ചു എന്ന് പറയാനാകില്ല. മതത്തോടുള്ള അനാഭിമുഖ്യം എന്നേ പറയാന്‍ പറ്റൂ. മതത്തെ എതിര്‍ത്തു തോല്‍പിക്കാം എന്ന കാഴ്ചപ്പാടായിരുന്നില്ല. മതത്തോട് എനിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
? ചേന്ദമംഗലൂര്‍ കേരളത്തിലെ ജമാ അത്തെ ഇസ്‌ലാമിയുടെ തട്ടകമാണ്. ആ നാടിനെ പേരില്‍ വഹിച്ചുകൊണ്ട് ഒരാള്‍ ജമാ അത്തെ ഇസ്‌ലാമിയെ കടന്നാക്രമിക്കുന്നു. ജമാ അത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നു എന്നതോടൊപ്പം ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നും ആക്ഷേപമുണ്ട്.
മതരാഷ്ട്രം എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സങ്കല്‍പത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. അല്ലാതെ മത വിമര്‍ശനം നടത്തിയിട്ടില്ല. ആര്‍.എസ്.എസിന്റെ ആശയത്തോട് ഒട്ടി നില്‍ക്കുന്ന ഒരാശയമായിട്ടാണ് ഞാന്‍ മതരാഷ്ട്രവാദത്തെ കണക്കാക്കുന്നത്. ആര്‍.എസ്.എസ് ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നതുപോലെ തന്നെയാണ് ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി പറയുന്നതും. ഹുകൂമത്തെ ഇലാഹിയൊക്കെയാണ് അന്ന് അവര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. മതേതരത്വം ജനാധിപത്യം ഒന്നും അവര് അംഗീകരിച്ചിരുന്നില്ല. പ്രബോധനത്തില്‍ മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെ എത്രയോ ലേഖനങ്ങള്‍ വന്നതാണ്. അന്ന് ഒളിച്ചുകളിയോ വളച്ചു കെട്ടോ ഇല്ലാതെ നേരിട്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു ജമാഅത്തെ ഇസ്‌ലാമി. ഇന്നത്തെ പോലെ അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല അന്ന്. അല്ലാഹുവിന്റെ ഭരണമാണ് ഭൂമിയില്‍ വേണ്ടതെന്ന് അവര്‍ വ്യക്തമായി പറയുന്ന കാലമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സെക്കുലര്‍ വിരുദ്ധ, ജനാധിപത്യ വിരുദ്ധ കാഴ്ചപ്പാടിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.
1975ല്‍ അടിയന്തിരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടു. അന്ന് അവര്‍ നിര്‍ജീവമായി. പിന്നീട് അടിയന്തിരാവസ്ഥ പിന്‍വലിച്ചപ്പോള്‍ വീണ്ടും സജീവമായി. സംഘടന നിരോധിക്കപ്പെട്ടപ്പോള്‍ മാതൃഭൂമി പത്രത്തില്‍ പി.പി. ഉമര്‍കോയ ഒരു ലേഖനമെഴുതി. ആര്‍.എസ്.എസിനെ കുറിച്ച് വേറെ ആരോ ഒരാളുമെഴുതിയിരുന്നു. മുഖ്യധാരാ മാധ്യമത്തില്‍ ആദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി അന്ന് വിമര്‍ശിക്കപ്പെടുന്നത്. പിന്നീട് 1980ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ ലേഖനമാണ് ജമാഅത്തിനെ വിമര്‍ശിച്ചു കൊണ്ട് മുഖ്യധാരയില്‍ വരുന്നത്. അന്ന് എന്‍.വി. കൃഷ്ണവാര്യരാണ് പത്രാധിപര്‍. ഇസ്‌ലാമിക ഫണ്ടമെന്റലിസം എന്നായിരുന്നു തലക്കെട്ട്. അതോടെ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശത്രുവായി മാറി. എന്നെ എങ്ങിനെയൊക്കെ താറടിക്കാമോ ആ രീതിയിലൊക്കെ അവര്‍ താറടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രബോധനത്തിലൂടെ എന്നെ ആക്രമിക്കുന്നുണ്ടായിരുന്നു. ജമാഅത്തിനെതിരെ ലേഖനമെഴുതിയപ്പോള്‍ അതിനുള്ള മറുപടി എന്ന നിലയ്ക്ക് പ്രബോധനം വാരികയില്‍ സെക്കുലര്‍ ഫണ്ടമെന്റിലിസം എന്ന തലക്കെട്ടില്‍ ഓ. അബ്ദുറഹ്‌മാന്‍ എഴുതി.
? ഹമീദ് ചേന്ദമംഗലൂരിനെ വിമര്‍ശിക്കാനാണ് 'മുസ്‌ലിം നാമധാരി' എന്ന പ്രയോഗം വ്യാപകമാകുന്നത് എന്ന് തോന്നുന്നു.
ആ പ്രയോഗം എനിക്ക് നേരെ വ്യാപകമാകുന്നത് 1980-കളുടെ മധ്യം തൊട്ടാണ്. ഷാബാനുബീഗം കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യയിലെ മുസ്‌ലിം മതരാഷ്ട്രീയ സംഘടനകളാകെ പ്രക്ഷോഭരംഗത്തിറങ്ങിയപ്പോള്‍ ആ വിധിയോടൊപ്പം നില്‍ക്കുകയും മുസ്‌ലിം വിവാഹമുക്തകള്‍ക്ക് ആശ്വാസദായകമായ ഷാബാനു വിധി ഇസ്‌ലാം മതത്തിന് എതിരല്ലെന്ന നിലപാട് എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അവതരിപ്പിക്കുകയും ചെയ്ത എന്നെപ്പോലുള്ള മുസ്‌ലിം സമുദായാംഗങ്ങളെ അവഹേളിക്കുന്നതിന്റെ ഭാഗമായാണ് ജമാ അത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും ഉള്‍പ്പെടയെുള്ള സംഘടനകളില്‍പ്പെട്ടവര്‍ മുസ്‌ലിംനാമധാരി എന്ന പ്രയോഗവുമായി കടന്നുവന്നത്. അന്നുതന്നെ ആ പ്രയോഗത്തിലെ അര്‍ഥശൂന്യത ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിം നാമം എന്ന ഒന്നില്ലെന്നും മുസ്‌ലിങ്ങള്‍ ഉപയോഗിക്കുന്നത് അറേബ്യന്‍ നാമങ്ങളാണെന്നും ഞാന്‍ എടുത്തുകാട്ടി. അല്ലാഹുവിന്റെ അടിമ എന്നര്‍ഥം വരുന്ന അബ്ദുല്ല എന്ന പേരിന്റെ മലയാള അല്ലെങ്കില്‍ ഇന്ത്യന്‍ രൂപങ്ങളാണ് ഹരിദാസും കൃഷ്ണദാസും യേശുദാസും എന്ന് ഞാന്‍ വിശദീകരിച്ചു. അറബിയിലെ ശംസുവാണ് മലയാളത്തിലെ രവി. അറബിയിലെ ഖമര്‍ ആണ് മലയാളത്തിലെ ചന്ദ്രന്‍.
ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇന്റലക്ച്വല്‍ ജിഹാദ് ഉള്‍പ്പെടെയുള്ള ലേഖനങ്ങളിലൂടെ മാഷ് ജമാ അത്തെ ഇസ്‌ലാമിയേയും അവരുടെ മാധ്യമങ്ങളേയും കടന്നാക്രമിക്കുന്നുണ്ട്. അത്തരം മതാധിഷ്ഠിത പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവരുടെ സെക്യുലര്‍ പ്രതിബദ്ധതയേയും മാഷ് ചോദ്യം ചെയ്യുന്നുണ്ട്. പുറമേ, ഇസ്‌ലാമിനകത്തെ പല കാര്യങ്ങളും മാഷിന്റെ നിരന്തര വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യം നമ്മള്‍ കണക്കിലെടുക്കണമല്ലോ? രാഷ്ട്രീയ ഹിന്ദുത്വ അധികാരത്തിലാണ്. മുസ്‌ലിങ്ങള്‍ അന്യവല്‍കരിക്കപ്പെടുന്നു. മുന്‍വിധികള്‍ക്ക് വിട്ടുകൊടുക്കപ്പെടുന്നു. മതത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്നു. വിചാരണയില്ലാതെ ജയിലുകളില്‍ അടയ്ക്കപ്പെടുന്നു. രാഷ്ട്രീയ ഹിന്ദുത്വയ്‌ക്കെതിരെ സെക്യുലര്‍ ഇന്ത്യ ഒന്നിച്ച് നില്‍ക്കേണ്ട ഘട്ടമാണ്. രാഷ്ട്രീയ ഹിന്ദുത്വ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഇസ്‌ലാമിനെ, അതിന്റെ സംഘാടനങ്ങളെ ഈ സമയത്ത് വിമര്‍ശിച്ചാക്രമിക്കുന്നത് ഹിന്ദുത്വയ്ക്ക് ചൂട്ടുപിടിക്കലാവില്ലേ?
മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ഉഗ്ര പോര്‍മുഖം തുറക്കുന്ന സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്നത് താങ്കള്‍ പറഞ്ഞതുപോലെ പൊളിറ്റിക്കല്‍ ഹിന്ദുയിസത്തെയാണ്. പൊളിറ്റിക്കല്‍ ഹിന്ദുയിസം പോലെ ഒരു യാഥാര്‍ഥ്യമാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം. രാഷ്ട്രീയ ഹിന്ദുത്വ ഇന്ത്യയിലൊതുങ്ങുമ്പോള്‍ രാഷ്ട്രീയ ഇസ്‌ലാമിന് ആഗോള തലത്തില്‍ വേരുകളുണ്ട്. ഇവരണ്ടും ഐഡിയോളജിക്കല്‍ കസിന്‍സ് ആണ്. ഇന്ത്യന്‍ ഭരണഘടന ഇന്‍ ദ നെയിം ഓഫ് ഗോഡ് എന്ന വാക്കുകള്‍ കൊണ്ട് തുടങ്ങണം എന്നാവശ്യപ്പെട്ടവരില്‍ ശെഹന്ദവവലതുപക്ഷക്കാരും ഇസ്‌ലാമിക വലതുപക്ഷക്കാരുമുണ്ടായിരുന്നു. ആശയതലത്തില്‍ മിക്ക കാര്യങ്ങളിലും അവര്‍ ഒറ്റക്കെട്ടാണ്. എല്‍.ജി.ബി.ടി, സ്വവര്‍ഗവിവാഹം ലിംഗസമത്വം തുടങ്ങിയവയിലെല്ലാം ഇവര്‍ ഒരേനിലപാടുകാരാണ്. ഇസ്‌ലാം മതത്തിന്റെ ഉള്ളടക്കത്തെയല്ല രാഷ്ട്രീയ ഇസ്‌ലാമിന്റെ അഥവാ ഇസ്‌ലാമിക ഫണ്ടമെന്റലിസത്തിന്റെ മതേതരത്വ നിരാകരണത്തേയും മതരാഷ്ട്ര സങ്കല്‍പത്തേയുമാണ് എന്നെപ്പോലുള്ളവര്‍ വിമര്‍ശിക്കുന്നത്. കൂടാതെ, ഹിന്ദു വര്‍ഗീയതയോട് അതിൈവകാരികവും പ്രകോപനപരവുമായ ഭാഷയില്‍ പ്രതികരിക്കുന്ന മുസ്‌ലിം വര്‍ഗീയ പ്രതിനിധാനങ്ങളേയും തുറന്നുകാട്ടേണ്ടതുണ്ട്. ഒവൈസി ഉദാഹരണം. പതിനഞ്ച് മിനിറ്റ് പൊലീസ് മാറിനിന്നാല്‍ ഇന്ത്യയിലെ ഹിന്ദുക്കളെ കീഴ്‌പ്പെടുത്തിക്കളയും എന്നൊക്കെ അയാള്‍ ആന്ധ്രയില്‍ പ്രസംഗിച്ചു. ഇതെല്ലാം ആത്യന്തികമായി സംഘപരിവാറിനെ വളര്‍ത്തും. സംഘപരിവാര്‍ നൂറ് വീപ്പ വിഷം കൊണ്ടുനടക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ 10 വീപ്പ വിഷം കൊണ്ടുനടക്കുന്നു. വിഷം എത്രയായാലും വിഷം തന്നെയാണ്.
പക്ഷേ, ഇസ്‌ലാം എന്ന സ്വത്വം അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന അവസ്ഥ അങ്ങനെ സമീകരിക്കാമോ?
ഇസ്ലാമിക ഫണ്ടമെന്റലിസത്തെ എതിര്‍ക്കുമ്പോള്‍ അത് ഇസ്‌ലാമിനെതിരായ എതിര്‍പ്പായി മാറില്ലേ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെയാണ് വിമര്‍ശിക്കുന്നതെങ്കിലും അത് ഇസ്‌ലാമിനെതിരായ വിമര്‍ശനമാകില്ലേ എന്നാണ് സംശയം. ജമാഅത്തെ ഇസ്‌ലാമിക്കാരും പ്രചരിപ്പിക്കുന്നത് അതാണ്. കടുത്ത ഇസ്‌ലാം വിരോധി എന്നാണ് അവര്‍ എന്നെ വിശേഷിപ്പിക്കുന്നത്. അത് ചില മുസ്‌ലിം ലീഗുകാരും ഏറ്റു പിടിക്കാറുണ്ട്. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് വരെ ഈ നിലപാടാണ് പറയുന്നത്. ജമാഅത്തുകാരുടെ വാദം ഇവരൊക്കെ ഏറ്റുപിടിക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ നമ്മള്‍ വിമര്‍ശിക്കുന്നത് ഇസ്‌ലാമിനേയോ മുസ്‌ലിം സമുദായത്തെയോ അല്ല. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നവര്‍ ഹിന്ദു സമുദായത്തെയല്ല വിമര്‍ശിക്കുന്നത്. ആര്‍.എസ്.എസ് മുന്നോട്ടു വെയ്ക്കുന്ന ഐഡിയോളജിയെയാണ്. അത് ഹിന്ദുമതത്തിന്റെ ഐഡിയോളജിയല്ല. ഞാന്‍ വിമര്‍ശിക്കുന്നത് ഇസ്ലാമിന്റെ ഐഡിയോളജിയെയല്ല, ജമാഅത്തെ ഇസ്‌ലാമിയുടെ ഐഡിയോളജിയെയാണ്. മുസ്‌ലിം സമുദായത്തെയല്ല, മുസ്‌ലിം സമുദായത്തില്‍ നിന്നു കൊണ്ട് സമുദായത്തിന് ഏറ്റവും കൂടുതല്‍ ദ്രേഹം വരുത്തിവെയ്ക്കുന്ന ഒരു ഐഡിയോളജിയുടെ വാഹകരെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഓരോ വിശകലനങ്ങളും വായിച്ചാല്‍ എന്താണ് തോന്നുക എന്നറിയാമോ? ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഭീകരമായ പ്രശ്‌നങ്ങളാണെന്ന് അവര്‍ പറയും. കേരളത്തില്‍ ഇരുന്നാണ് ഇത് പറയുന്നതെന്നോര്‍ക്കണം. വടക്കേ ഇന്ത്യയിലെ കാര്യം വ്യത്യസ്തമായിരിക്കും. അത് സമ്മതിക്കുന്നു. കേരളത്തിലിരുന്ന് മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു, മുസ്‌ലിംകള്‍ക്ക് നിലനില്‍പില്ല എന്ന് പറയുന്നു. മുസ്ലിംകള്‍ ഇരകളാണ് എന്നാണ് മറ്റൊരു വാദം. ജമാഅത്തെ ഇസ്‌ലാമിയും സിമിയുമൊക്കെ പറയുന്ന കാര്യങ്ങളാണ് ഇവ. ഇതേ ആശയമാണ് കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ളവര്‍ മുന്നോട്ട് വെയ്ക്കുന്നത്. അപ്പോള്‍ എന്താണ് സംഭവിയ്ക്കുന്നത്. ഇവിടെ ഈ രാജ്യത്ത് നമ്മള്‍ ജനിച്ചുപോയി, പെട്ടുപോയി, എന്തൊരു ദൗര്‍ഭാഗ്യമാണ് എന്നാണ് മുസ്ലിമിന് തോന്നുക. ഈ ഇന്ത്യാ രാജ്യത്ത് ജനിച്ചു പോയതു കൊണ്ടാണല്ലോ എനിയ്ക്ക് ഇങ്ങിനെ വന്നുപോയത് എന്ന തോന്നലാണ് ഇവരൊക്കെ ഉണ്ടാക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ അങ്ങേയറ്റം അന്യതാബോധം ഉണ്ടാക്കുകയാണ് ഇവര്‍. മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുക, അവരില്‍ ഇരബോധം സൃഷ്ടിക്കുക. ഇരബോധം സൃഷ്ടിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്, ഞാന്‍ ഇരയാണ് എന്ന ബോധം വന്നാല്‍ പിന്നെ മുഖ്യധാരയില്‍ നിന്ന് സ്വയം ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. രാജ്യത്ത് ഉണ്ടാകേണ്ടത് സാംസ്‌കാരിക ഉദ്ഗ്രഥനമാണ്. ഇരബോധം സൃഷ്ടിക്കുന്നതാകട്ടെ സാംസ്‌കാരിക അനൈക്യമാണ്. അത് പ്രോത്സാഹിപ്പിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്യുന്നത്. അതിനെയാണ് നമ്മള്‍ എതിര്‍ക്കുന്നത്. നമ്മള്‍ സാംസ്‌കാരികമായി ഉദ്ഗ്രഥിക്കപ്പെടണം. ഇന്ത്യയില്‍ ജീവിയ്ക്കുന്ന മുസ്‌ലിംകള്‍ എന്ന നിലയ്ക്ക് ഇന്ത്യയിലെ സംസ്‌കാരം നമ്മള്‍ ഉള്‍ക്കൊള്ളണം.
ഇപ്പറഞ്ഞതല്ലേ സംഘപരിവാറും പറയുന്നത്?
അതുകൊണ്ട് ഞാനിത് പറയാതിരിക്കരുത് എന്നാണ് എന്റെ ബോധ്യം. പറഞ്ഞില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിന് നിശബ്ദ സാക്ഷിയാകേണ്ടിവരും. കൂടുതല്‍ മാനവീകരിക്കപ്പെട്ട നിലപാടാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അനാവശ്യസമീകരണങ്ങള്‍, നിങ്ങള്‍ ഇപ്പോള്‍ ചോദ്യത്തില്‍ നടത്തിയതുപോലെയുള്ളവ അപകടകരമാണെന്ന് ഞാന്‍ കരുതുന്നു. മുസ്‌ലിങ്ങളെ മാത്രമായെടുത്തുള്ള ഐക്യപ്പെടലുകള്‍ ശരിയായ ദിശയല്ല. ഫലസ്തീനില്‍ അല്ലെങ്കില്‍ അഫ്ഗാനില്‍ പലവിധ അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനെ മുസ്‌ലിം അക്രമിക്കപ്പെടുന്നു എന്ന നിലയിലാണ് ഇവര്‍ ഈ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. എന്ത് സാമ്യമാണ് ഉള്ളത്. എത്രയോ ഇടങ്ങളില്‍ സാമ്രാജ്യത്വം മനുഷ്യരെ ജീവിക്കാന്‍ വിടുന്നില്ല. അതിനെയൊന്നും പരിഗണിക്കാതെ മുസ്‌ലിങ്ങള്‍ക്ക് അപകടമുണ്ടാകുമ്പോ മതപരമായ കാരണത്താല്‍ ഐക്യപ്പെടുന്നത് ശരിയല്ല. എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിലകൊള്ളണം. ലോകത്തെ സാമുദായികമായി കാണരുത്. ആദ്യം മനുഷ്യന്‍, പിന്നെ മതം വേണമെങ്കില്‍ അത് എന്ന നിലയാണ് അഭികാമ്യം.
? മതേതരതമായ മാനവികതയയാണ് മാഷ് മുന്നോട്ട് വെക്കുന്നത്. അത് ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങളില്‍ ഒന്നായിരുന്നു. വീടിന്റെ രാഷ്ട്രീയാന്തരീക്ഷം ഏത് വിധത്തിലായിരുന്നു? വിദ്യാഭ്യാസ കാലത്ത് മാഷ് കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ബാപ്പയും വല്യാപ്പയുമൊക്കെ കോണ്‍ഗ്രസുകാരും കൂടിയായിരുന്നു. ബ്രിട്ടീഷ് അധികാരികളായിരുന്നുവെങ്കിലും ദേശീയവാദികളായിരുന്നു. അങ്ങിനെയാണ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് ഞങ്ങളുടെ വീട്ടില്‍ വരുന്നത്.
1921 ല്‍ മലബാര്‍ കലാപം നടക്കുന്ന കാലത്ത് വല്യാപ്പ അധികാരിയാണ്. അവരൊക്കെ അന്ന് കലാപത്തിന് എതിരുമാണ്. ആമു സൂപ്രണ്ടൊക്കെ അക്കാലത്ത് ഇവിടെ വീട്ടില്‍ വന്നതാണ്. അന്ന് കലാപത്തിനെതിരെ അധികാരി എന്ന നിലയില്‍ അവര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിര്‍ബന്ധ മതപരിവര്‍ത്തനമൊക്കെ പരമാവധി തടഞ്ഞിരുന്നു.
ഞാനും ആ ചിന്താഗതിയിലാണ് വളര്‍ന്നത്. പഠിക്കുമ്പോള്‍ ഫാറൂഖ് കോളേജില്‍ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനം കെ.എസ്.യു ആണ്. കെ.എസ്.എഫ് പേരിനേയുള്ളൂ. എം.എസ്.എഫും ദുര്‍ബലമാണ്. മുസ്‌ലിം കുട്ടികളില്‍ മഹാഭൂരിഭാഗവും കെ.എസ്.യുവിലാണ്. പ്രൊഫ. കെ.എ. ജലീലായിരുന്നു പ്രിന്‍സിപ്പല്‍. അത്രയും മതേതരവാദിയായ വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എം.എസ്.എസ് യൂത്ത് വിംഗ് സ്ഥാപിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടനത്തിന് ഫാറൂഖ് കോളേജിന്റെ ഓഡിറ്റോറിയം ചോദിച്ചു. മുസ്‌ലിം കോളേജാണെന്ന് ഓര്‍ക്കണം. പ്രിന്‍സിപ്പല്‍ കൊടുത്തില്ല. നാളെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ഇതുപോലെ സര്‍വീസ് സൊസൈറ്റികളുണ്ടാക്കി വരും. ഈ ഓഡിറ്റോറിയം അങ്ങിനെയുള്ള ഒരു സംഘടനയ്ക്കും കൊടുക്കാന്‍ പറ്റില്ല. അന്ന് അവിടുത്തെ വിദ്യാര്‍ഥി സമൂഹവും അധ്യാപക സമൂഹവുമൊക്കെ അങ്ങേയറ്റം സെക്കുലറായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകനായാണ് ഞാന്‍ കോളേജിലുണ്ടായിരുന്നത്. 1967 ല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ മുരളി എന്നൊരു വിദ്യാര്‍ഥി പോലീസ് വെടിവെപ്പില്‍ മരിച്ചു. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഉമ്മന്‍ ചാണ്ടി. ഞാന്‍ യൂനിറ്റ് സെക്രട്ടറിയാണ്. ഫാറൂഖ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി പഠിപ്പ് മുടക്ക് സമരം നടക്കുന്നത് അന്നാണ്.
അക്കാലത്തെ വായന ഏത് വിധത്തില്‍ ആയിരുന്നു? ചില സാഹിത്യപരിശ്രമങ്ങളും നടത്തിയിരുന്നല്ലോ?
ചെറുപ്പത്തില്‍ ഇവിടെ ലൈബ്രറികളൊക്കെ ശുഷ്‌കമാണ്. ചേന്ദമംഗല്ലൂരില്‍ വൈ.എം.എ എന്ന ഒരു ക്ലബ്ബുണ്ടായിരുന്നു. അതില്‍ ചെറിയ ഒരു ലൈബ്രറിയും. നോവലുകളാണ് അന്ന് പ്രധാനമായും വായിക്കുക. ഫാറൂഖ് കോളേജിലെത്തിയപ്പോഴാണ് വായന ഗൗരവമാകുന്നത്. സമ്പന്നമായ ലൈബ്രറിയാണ്. മുസ്ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊക്കെ വായിക്കുന്നത് അവിടെ വെച്ചാണ്. അവിടെ ധാരാളം ജേണലുകളും കിട്ടുമായിരുന്നു. പിന്നെ എഴുതാന്‍ തുടങ്ങി. എഴുതിത്തുടങ്ങിയ കാലത്ത് രണ്ട് മൂന്നു കഥകളെഴുതിയിരുന്നു. അവ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കഥയല്ല എന്റെ ഒരു മേഖലയെന്ന് തോന്നിയപ്പോള്‍ ലേഖനങ്ങളിലേക്ക് തിരിഞ്ഞതാണ്. ചില ഗദ്യകവിതകളുമെഴുതിയിരുന്നു.
അക്കാലത്ത് നന്നായി സിനിമ കാണും. സലാം കാരശ്ശേരി, ചെലവൂര്‍ വേണു എന്നിവരൊക്കെ അന്ന് ചന്ദ്രികയില്‍ സിനിമാ നിരൂപണങ്ങളെഴുതുന്നവരാണ്.
മദ്രസയില്‍ പഠിയ്ക്കുമ്പോള്‍ സിനിമ കാണല്‍ വലിയ ഹറാമാണ്. സിനിമ കണ്ടാല്‍ മദ്രസയില്‍ നിന്ന് തല്ലു കിട്ടും. മുക്കത്ത് ഒരു ടാകീസുണ്ടായിരുന്നു. ഞാന്‍ അവിടെ ചെന്ന് സിനിമ കാണും. ഒരിക്കല്‍ ഞാന്‍ സിനിമ കണ്ട വിവരം ആരോ മൗലവിയോട് പറഞ്ഞുകൊടുത്തു. എനിക്ക് നല്ല തല്ലു കിട്ടി. മദ്രസ കഴിഞ്ഞ്, ഹൈസ്‌കൂളിലായ ശേഷം സിനിമ കാണുന്നതിന് മൗലവിമാരെ പേടിക്കേണ്ടി വന്നിട്ടില്ല. എം.ജി.ആര്‍-സരോജാ ദേവി സിനിമ വന്നാല്‍ അന്ന് അവിടെ എത്തിയിരിക്കും. സ്റ്റണ്ട് പടങ്ങളായിരിക്കും. എം.എക്ക് പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് ചില ലേഖനങ്ങളൊക്കെ അയച്ചുവെങ്കിലും പ്രസിദ്ധീകരിച്ചു വന്നില്ല.
ഇപ്പോഴത്തേതുപോലെ ക്ഷോഭിക്കുന്ന യൗവ്വനമായിരുന്നോ അന്നും? പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ടോ?
അതുണ്ട്. (ചിരിക്കുന്നു. പകല്‍ പാതിയോളം നീണ്ട ഈ സംഭാഷണത്തില്‍ ഹമീദ് ചേന്ദമംഗലൂരില്‍ ചിരിപൊട്ടിയ ഏക സന്ദര്‍ഭം). ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഭാര്യ ഫാറൂഖ് കോളേജില്‍ തന്നെ സ്‌പെഷല്‍ ബി.എസ്.സി. ഞാന്‍ മൂന്നാം വര്‍ഷം ബിരുദം. ഒരു ആകര്‍ഷണം. പ്രണയമെന്ന് പറഞ്ഞാല്‍ അത്രയൊക്കെയേ ഉള്ളൂ. ഞാനാണ് ആദ്യം പ്രണയാഭ്യര്‍ഥന നടത്തുന്നത്. അവള്‍ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എം.എ രണ്ടാം വര്‍ഷം പഠിയ്ക്കുമ്പോള്‍ തന്നെ കല്യാണം കഴിച്ചു. അടുത്ത വര്‍ഷം പിതാവായി.
വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് അവളുടെ ബാപ്പ ഇവിടെ എന്നെ അന്വേഷിച്ചു വന്നു. തൊട്ടടുത്ത വീട്ടില്‍ എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ഓന് മതമില്ല, പള്ളിയില്ല, ഓന്റെ രണ്ട് ബിച്ചാപ്പമാരും ഖാദിയാനികളാ -അവിടുന്ന് കിട്ടിയ വിവരം അതായിരിന്നു. സത്യത്തില്‍ ഒരു ബിച്ചാപ്പയേ ഖാദിയാനിയുള്ളു. ഇതൊക്കെ പിന്നീട് കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുടെ ബാപ്പ പറഞ്ഞ കഥയാണ്.
അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരു കുടക്കീഴിലൊന്നും പോകുന്ന ഏര്‍പ്പാടില്ല. അങ്ങാടിയിലുടെ മുസ്‌ലിം സ്ത്രീകള്‍ നടന്നു പോകില്ല. കുട താഴ്ത്തിച്ചൂടി അങ്ങാടിക്ക് പിന്നിലൂടെ പറമ്പുകളിലൂടെയാണ് കടന്നു പോകുക. ഞാനും ഭാര്യയും ചെറിയ മഴയത്ത് മുക്കത്തേക്ക് ഒരേ കുടക്കീഴില്‍ ഒരു ദിവസം നടന്നുപോയി. അത് വലിയ വിസ്മയത്തോടെയാണ് നാട്ടുകാര്‍ നോക്കി നിന്നത്. അന്ന് നാട്ടിലാകെ അത് വലിയ സംസാരമായിരുന്നു. പ്രണയവും വിവാഹവും അത്ര നേരത്ത നടന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ അമേരിക്കയിലെത്തിയേനെ. 1969ലായിരുന്നു അത്. അമേരിക്കയില്‍ എന്റെ ഒരു കസിന്‍ ഡോക്ടറാണ്. ഞാന്‍ ബി.എ. പാസ്സാകുന്നതിന് മുമ്പ് തന്നെ ഡിഗ്രിക്കു ശേഷം അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരമൊരുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ അദ്ദേഹം അഡ്മിഷന്‍ ശരിയാക്കി. പാസ്സ്‌പോര്‍ട്ട് ഉടനെ എടുക്കണം. അന്ന് പാസ്സ്‌പോര്‍ട്ട് ഓഫീസ് മദ്രാസിലാണ്. പതിനഞ്ച് ദിവസം കൊണ്ട് പാസ്സ്‌പോര്‍ട്ട് സംഘടിപ്പിച്ചു. അപ്പോഴേക്ക് നിക്കാഹ് നടന്നിരുന്നു. ഭാര്യ എതിര്‍ത്തു. അമേരിക്കയില്‍ പോയാല്‍ ഞാന്‍ ഏതെങ്കിലും വിദേശിയെ കെട്ടി അവിടെ കൂടുമെന്ന് അവള്‍ ഭയപ്പെട്ടു. പ്രൊവിഡന്‍സ് കോളേജില്‍ പഠിയ്ക്കുന്ന അവളുടെ അനിയത്തി അവള്‍ക്ക് കത്തെഴുതി -''ഒരിയ്ക്കലും പോകാന്‍ സമ്മതിക്കരുത്. He is a man of flesh and blood.''
ഭാര്യയുടെ എതിര്‍പ്പിന് കാരണമുണ്ട്. എന്നെ കൊണ്ടുപോകുന്ന കസിന്‍ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയായ ശേഷമാണ് അമേരിക്കയില്‍ പോകുന്നത്. ഭാര്യയേയും കുട്ടിയേയും അങ്ങോട്ട് കൊണ്ടുപോകാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. കുടുംബം അങ്ങോട്ട് പോയാല്‍ പിന്നെ അവര്‍ തിരിച്ചു വരില്ലെന്നായിരുന്നു വീട്ടുകാരുടെ പേടി. ഭാര്യയെ വീട്ടുകാര്‍ അയക്കാതിരുന്നപ്പോള്‍, രണ്ട് മൂന്ന് വര്‍ഷത്തിനുശേഷം മൂപ്പര്‍ അവിടെ വേറെ പെണ്ണ് കെട്ടി. ഞാന്‍ പോയാല്‍ എന്റെ സ്ഥിതിയും അതാകുമെന്ന് ഭാര്യ ഭയപ്പെട്ടു. പ്രണയ സാഫല്യത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന സമയവുമാണ്. ഭാര്യയുടെ വാക്കുകള്‍ തട്ടാന്‍ വയ്യ. അമേരിക്കന്‍ സ്വപ്നം ഉപേക്ഷിക്കാനും വയ്യ. ഒടുവില്‍ അമേരിക്കയെ മൊഴിചൊല്ലി. വിദേശ പഠനത്തിനുള്ള മോഹം പിന്നെ മക്കളിലൂടെയാണ് തീര്‍ത്തു. അവരൊക്കെ വിദേശത്ത് പോയി പഠിച്ചു. ഇപ്പോള്‍ ചരിത്രം പഠിപ്പിക്കുന്ന മകന്‍ ഷിനാസ് റഷ്യയില്‍ എം.ബി.ബി.എസ് പഠിച്ചയാളാണ്.
കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു എന്ന് പറഞ്ഞല്ലോ? മാഷെ കേരളം അറിയുന്നത് ഇടത് സഹയാത്രയുടെ കാലത്താണ്. എങ്ങനെ ഇടതുപക്ഷത്ത് എത്തി?
ഡിഗ്രി കഴിഞ്ഞതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി. എം.എക്ക് പഠിക്കുമ്പോഴും കോണ്‍ഗ്രസ് അനുകൂല നിലപാടായിരുന്നു. മാര്‍ക്‌സിനെ പഠിക്കാന്‍ ശ്രമിക്കുന്നത് എം.എ കഴിഞ്ഞ ശേഷമാണ്. അതുവരെ മാര്‍ക്‌സിന്റെ കൃതികളൊന്നും കാര്യമായി വായിച്ചിട്ടില്ല. മാര്‍ക്‌സിയന്‍ പുസ്തകങ്ങള്‍ വായിച്ചതോടെ ആ ഒരു ചിന്താഗതിയിലേക്ക് മാറാന്‍ തുടങ്ങി. മതത്തെ കുറിച്ച് മാര്‍ക്‌സ് മുന്നോട്ടു വെച്ച കാഴ്ചപ്പാടുണ്ട്. മതത്തിന്റെ വിമര്‍ശനമല്ല ഞാന്‍ പറയുന്നത്. ഒരു മതത്തിന്റ കാഴ്ചപ്പാടില്‍, അല്ലെങ്കില്‍ ആശയവാദത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രാഥമികമായിട്ടുള്ളത് ആശയമാണ്. പദാര്‍ഥം ദ്വിതീയമാണ്. അല്ലെങ്കില്‍ പ്രാഥമികമായത് സാമൂഹികമായ മനുഷ്യന്റെ ആശയങ്ങള്‍. അത് ദൈവത്തിന്റെ ആശയങ്ങളോ പ്രവാചകന്മാരിലൂടെ കിട്ടിയ ആശയങ്ങളോ ആകാം. അതാണ് മതത്തിന്റെ ചിന്താഗതി. സാമൂഹിക അസ്തിത്വം എന്നു പറഞ്ഞാല്‍ ആ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടുണ്ടാകുന്നതാണ് എന്നാണ് മതം മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാട്. മാര്‍ക്‌സ് മുന്നോട്ടു വെച്ച ആശയം മനുഷ്യന്റെ ആശയങ്ങള്‍ അവന്റെ സാമൂഹികമായ അസ്തിത്വത്തെ നയിക്കുകയല്ല, മറിച്ച് മനുഷ്യന്റെ സാമൂഹികമായ അസ്തിത്വം അവന്റെ ആശയത്തെ നിര്‍ണയിക്കുകയാണ് ചെയ്യുക എന്നാണ്. സാമൂഹികമായ അസ്തിത്വമാണ് പ്രാഥമികം. ആശയം ദിത്വീയമാണ്. എനിയ്ക്ക് അത് വളരെ സ്വീകാര്യമായി തോന്നി. മത്തിന്റെ കാഴ്ചപ്പാടില്‍ മതമാണ് പ്രാഥമികം. നിലനില്‍പ് രണ്ടാമതാണ്.
മതത്തിന്റെ ഓരോ സംജ്ഞകള്‍ എടുത്തു നോക്കിയാലും മനസ്സിലാകും. ഉദാഹരണത്തിന് എല്ലാ മതവിശ്വാസികളും പറയുക പടച്ച തമ്പുരാന്‍ എന്നാണ്. ഇംഗ്ലീഷില്‍ Lord. ഈ സങ്കല്‍പം ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിന്നുണ്ടാകുന്നതാണ്. ഫ്യൂഡല്‍ ജന്മിയെ കാണുന്ന രീതിയില്‍ ദൈവത്തെ കാണുന്നതു കൊണ്ടാണ് ലോര്‍ഡ്, അല്ലെങ്കില്‍ തമ്പുരാന്‍ എന്ന് വിളിയ്ക്കുന്നത്. ആ ആശയമുണ്ടാകുന്നത് മനുഷ്യന്റെ സാമൂഹികമായ ചുറ്റുപാടില്‍ നിന്നാണ്. മാര്‍
ക്‌സിന്റെ കാഴ്ചപ്പാട് ആകര്‍ഷണീയമായി തോന്നിയപ്പോള്‍ കൂടുതല്‍ പഠിക്കുകയും ആ ചിന്താഗതിയിലേക്ക് പോകുകയുമാണ് ഉണ്ടായത്.
1970 കളുടെ അവസാനത്തോടെയാണ് വ്യക്തമായി മാര്‍ക്‌സിസ്റ്റ് ആശയത്തിലേക്ക് മാറുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ ദേശാഭിമാനി വാരികയില്‍ എഴുതാന്‍ തുടങ്ങി. തായാട്ട് ശങ്കരനാണ് അന്ന് പത്രാധിപര്‍. വാരിക ഓഫീസില്‍ ഞാനും കെ.ഇ.എന്‍. കുഞ്ഞഹമ്മദും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം പോകാത്ത കാലമില്ല. കുഞ്ഞഹമ്മദ് ഉമ്മ വഴി എന്റെ ബന്ധുവുമാണ്. തായാട്ട് 1985ല്‍ മരിച്ചു. 1995 വരെ സ്ഥിരമായിട്ട് അവിടെ പോകുമായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് സി.പി.എം നടത്തിയ കാമ്പയിനില്‍ ഞാനും കുഞ്ഞഹമ്മദുമാണ് മുന്നിലുണ്ടായിരുന്നത്. ഇ.എം.എസായിരുന്നു നേതൃത്വം. പാര്‍ട്ടിയുടെ അനുഭാവിയായി, സ്വന്തം ആളായി തന്നെയാണ് അവര്‍ എന്നെ കണക്കാക്കിയത്. ആ ബന്ധം 2003 വരെ തുടര്‍ന്നു.
? അതെ. പിന്നീട് മാഷ് ഇടതുവേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ട്.
മാറിനിന്നതാണ്. പാര്‍ട്ടി വര്‍ഗീയതയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടാണ് എനിക്ക് എതിര്‍പ്പുണ്ടാക്കിയത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കേരളീയ സാഹചര്യത്തില്‍ തുല്യമായി എതിര്‍ക്കപ്പെടണമെന്നതാണ് എന്നും എന്റെ കാഴ്ചപ്പാട്. രണ്ടായിരത്തിനു ശേഷമെങ്കിലും പാര്‍ട്ടിയില്‍ ആ നിലപാടില്‍ വ്യതിചലനമുണ്ടായി. രണ്ട് വര്‍ഗീയതയെയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി കാണണം. വര്‍ഗീയതയും മതമൗലികവാദവും പരസ്പരം പോഷകങ്ങളാണ്. ഒരു വര്‍ഗ്ഗീയത മറ്റേ വര്‍ഗീയതയെ പോഷിപ്പിക്കുന്നു. രണ്ട് വര്‍ഗീയത ഉണ്ടാകുമ്പോഴേ വര്‍ഗ്ഗീയത തന്നെ നിലനില്‍ക്കുകയുള്ളു. ഒരു വര്‍ഗീയതയെ എതിര്‍ക്കുകയും മറ്റേതിനെ കാണാതിരിക്കുകയും ചെയ്യുന്നത് തെറ്റാണ്. കേരളീയ സാഹചര്യത്തില്‍ വളരെ വലിയ തെറ്റാണ്. ഇ.എം.എസിന്റെ ലോകം സെമിനാര്‍ തുടങ്ങുന്നത് 98 ലാണ്. 2003 ല്‍ പൊന്നാനിയില്‍ നടന്ന സെമിനാറിലും ക്ഷണിച്ചിരുന്നു. അതിനുശേഷം വിളിച്ചില്ല. പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ച് ഞാന്‍ ഒന്നു രണ്ട് ലേഖനമെഴുതിയിരുന്നു ആ സമയത്ത്.
സി.പി.എമ്മിന്റെ പക്ഷത്തു നില്‍ക്കുന്നവര്‍ ഹിന്ദുത്വ ഫാസിസം, ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നു മാത്രം പറഞ്ഞു നടക്കുന്ന കാലമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. ഈ സമീപനം എനിക്ക് നേരത്തെയുള്ളതാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ കാണ്ടില്ലെന്ന് നടിക്കാന്‍ വയ്യ. സംസ്ഥാനത്തിനും സമൂഹത്തിനും ഗുണം ചെയ്യില്ല. വര്‍ഗ്ഗീയതകള്‍ ഏതായാലും എതിര്‍ക്കപ്പെടണം. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വര്‍ഗ്ഗീയത എന്ന പ്രതിഭാസം ഒന്നു തന്നെയാണ്. അത് മുന്നോട്ടു വെയ്ക്കുന്ന ആശയം ഒന്നു തന്നെയാണ്. പാര്‍ട്ടിയുടെ അനുഭാവി എന്ന രീതിയില്‍ വ്യത്യസ്തമായ എന്റെ അഭിപ്രായം എനിക്ക് പ്രകടിപ്പിക്കാം. ഞാന്‍ പാര്‍ട്ടി മെമ്പറല്ല. പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിധേയനല്ല.
എല്ലാ സംഘടനയിലും ചില നിക്ഷിപ്ത താല്‍പര്യക്കാരുണ്ടാകും. ചില ആളുകളെ തഴഞ്ഞു നിര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍. അത്തരക്കാര്‍ക്ക് എന്റെ നിലപാട് വളരെ സഹായകമായി. എന്റെ കാഴ്ചപ്പാട് പാര്‍ട്ടി വിരുദ്ധ കാഴ്ചപ്പാടാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ അവര്‍ അന്ന് വിജയിച്ചു. ന്യൂനപക്ഷ വര്‍ഗ്ഗീയതെയെ വിര്‍മശിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് അവര്‍ സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഗുജറാത്ത് കലാപം, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലേയും അമേരിക്കയുടെ ഇടപെടല്‍ എന്നിവയൊക്കെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം വികാരം ഉണര്‍ത്തി വോട്ട് നേടാന്‍ സാധിക്കുമെന്ന് പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ക്കൊക്കെ സാധിച്ചിരിക്കാം. അങ്ങിനെയാകുമ്പോള്‍ എന്റെ കാഴ്ചപ്പാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് അവര്‍ വിലയിരിത്തിയിട്ടുണ്ടാകും. അപ്പോള്‍ എന്നെ തഴയുന്നതാണ് നല്ലത്.
? സ്വത്വവാദം ശക്തമായ കാലമാണ്.
ഏത് ജനസമൂഹത്തിനും ഒന്നിലധികം സ്വത്വമുണ്ട്. സാധാരണഗതിയില്‍ മത, ജാതി സംഘടനകള്‍ ജനങ്ങളുടെ ഒരു സ്വത്വത്തില്‍ ഊന്നുകയാണ് ചെയ്യുന്നത്. ഒരു മുസ്‌ലിം സംഘടന മുസ്‌ലിംകളുടെ സ്വത്വം ഇസ്‌ലാമിക സ്വത്വമാണ്, അതാണ് പ്രധാനം എന്ന് പറയും. ശരീഅത്ത് വിവാദ കാലത്ത് മുസ്‌ലിംകളുടെ സാംസ്‌കാരിക സ്വത്വം ഹനിയ്ക്കപ്പെടുന്നു എന്ന് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവര്‍ അന്ന് പറഞ്ഞത് മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വം ഹനിക്കപ്പെടുന്നു എന്നായിരുന്നു. മുസ്‌ലിം വ്യക്തി നിയമം മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന്റേയും അസ്തിത്വത്തിന്റേയും ഭാഗമാണെന്നാണ് പറഞ്ഞിരുന്നത്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും മുസ്‌ലിംകളുടേയുമൊക്കെ സ്വത്വം മതാധിഷ്ഠിതമാണ് എന്നതാണ് എല്ലാ മതമൗലികവാദികളുടേയും വര്‍ഗ്ഗീയവാദികളുടേയും വാദം. അത് തെറ്റാണെന്നാണ് എന്റെ കാഴ്ചപ്പാട്. ഏത് സമുദായത്തിനും മതസ്വത്വത്തിന് പുറമേ അനേകം മതേതര സ്വത്വങ്ങളുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പങ്കിടാവുന്ന, ഏറ്റവും ചുരുങ്ങിയത് രണ്ട് മതേതര സ്വത്വങ്ങളുണ്ട്. മലയാളി സ്വത്വവും കേരളീയ സ്വത്വവും. ഈ രണ്ട് സ്വത്വങ്ങളും മറ്റേ സ്വത്വത്തേക്കാള്‍ വലുതാണ്. കേരളം വിട്ട് പുറത്തുപോകുമ്പോള്‍ അത് മനസിലാവും. മതപരമായ സ്വത്വമല്ല പ്രബലം. ഭാഷാപരവും പ്രാദേശികവുമായ സ്വത്വമാണ.് മത, ജാതി സ്വത്വത്തില്‍ ഊന്നുകയാണ് സ്വത്വവാദികള്‍ ചെയ്യുന്നത്. അത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. സ്വത്വ രാഷ്ട്രീയം എന്നും പറയുന്നത് സാംസ്‌കാരിക വിഘടനമാണ്. നമുക്ക് വേണ്ടത് സാംസ്‌കാരിക ഉദ്ഗ്രഥനമാണ്. കേരളീയനില്‍ നിന്ന് ഭാരതീയന്‍ ഭാരതീയനില്‍ നിന്ന് വിശ്വപൗരന്‍ എന്ന രീതിയിലാണ് മുന്നോട്ട് പോകേണ്ടത്. വിശ്വ പൗരന്‍ വേണ്ട, ഭാരതീയത വേണ്ട, കേരളീയത വേണ്ട മുസ്‌ലിമത്വം, ദളിതത്വം മതി എന്ന രീതിയിലേക്കാണ് സ്വത്വവാദികള്‍ പോകുന്നത്. ഇപ്പോള്‍ സി.പി.എമ്മും ജമാ അത്തെ ഇസ്‌ലാമിയെ രൂക്ഷമായി എതിര്‍ക്കുന്നത് കാണുന്നു. സ്വത്വരാഷ്ട്രീയത്തെ പൂര്‍ണമായി കയ്യൊഴിഞ്ഞു. ഞാന്‍ അന്ന് ഉയര്‍ത്തിയ വാദങ്ങള്‍ സി.പി.എം. ഇപ്പോള്‍ ശരിവെക്കുകയാണ്. ഈ സ്വത്വവാദം മുന്‍നിര്‍ത്തിയാണ് കെ.ഇ.എന്നുമായി എതിര്‍ക്കുന്നത്.
നാട് പേരിനൊപ്പം ചേര്‍ത്ത ആളാണ് മാഷ്. മുക്കവും പ്രദേശങ്ങളും ഇരുവഴിഞ്ഞിയുമെല്ലാം ചേര്‍ന്ന ഒരു ഗ്രാമീണ ആവാസ വ്യവസ്ഥ ഈ ദേശത്തിനുണ്ട്. പഴയ തലമുറയ്ക്ക് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാടന്‍ പ്രേമത്തിന്റെ നാടാണിത്. പുതിയ കാലത്തിന് കാഞ്ചനമാലയുടേയും മൊയ്തീന്റെയും ചിരപ്രണയത്തിന്റെ ഭൂമി. മൊയ്തീന്‍ മാഷിന്റെ ബന്ധുവായിരുന്നു അല്ലേ
കസിനായിരുന്നു. മൊയതീന്റെ വീട്ടില്‍ താമസിച്ച് ഞാന്‍ പഠിക്കാന്‍ പോയിട്ടുണ്ട്. അക്കാലത്തായിരുന്നു അവരുടെ പ്രണയം. ഗൂഢഭാഷയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മൊയ്തീന്‍ ഒത്ത ഒരാളായിരുന്നു. മൊയ്തീനും ബാപ്പയും തമ്മിലെ ഇടച്ചിലൊക്കെ കണ്ടിട്ടുണ്ട്. എന്റെ കണ്‍മുന്നില്‍ വെച്ചാണ് മൊയ്തീനെ ബാപ്പ കുത്തുന്നത്. അവര് തമ്മില്‍ വഴിയില്‍ വെച്ച് വഴക്കുണ്ടായി. ഞാന്‍ കാണുന്നുണ്ട്. മൊയ്തീന്‍ ബാപ്പയെ എറിയാന്‍ കല്ലെടുക്കുന്നു. അന്നേരമാണ് കുത്തുന്നത്.
? ദൈവസങ്കല്‍പം ഇല്ല എന്നാണാ?
ദൈവം മനുഷ്യരെ അവരുടെ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പരലോകത്ത് രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യും. ഒന്നുകില്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ നരകത്തില്‍. ആ ഒരു കാഴ്ചപ്പാട്, അങ്ങിനെയുള്ള ഒരു മതസങ്കല്‍പം, ഈശ്വര സങ്കല്‍പം എനിക്ക് ഒരിക്കലും ദഹിക്കില്ല. മനുഷ്യന്റെ അറുപതോ എഴുപതോ കൊല്ലത്തെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ഇങ്ങിനെ ശാശ്വതമായി സ്വര്‍ഗത്തിലോ നരകത്തിലോ ഇടുന്ന ഒരു ക്രൂരനായ രാജാവ് എന്ന രീതിയില്‍, അങ്ങിനെയുള്ള ഒരു ദൈവസങ്കല്‍പം എനിക്ക് ദഹിക്കാത്തതാണ്. ദൈവത്തെ ഇവര്‍ ഭൂമിയിലെ മനുഷ്യജീവിതവുമായി ചുരുക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ചം എന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പറ്റാത്ത അത്രയും വിശാലമായ ഒരു സംവിധാനമാണ്. ആ പ്രപഞ്ചത്തിലെ ഒരു ബിന്ദുമാത്രമാണ് ഈ ഭൂമി. ആ ബിന്ദുവില്‍ ജീവിക്കുന്ന ചെറിയൊരു ജീവി വര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്ന ദൈവം, ആ സങ്കല്‍പത്തോട് എനിക്ക് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. മതങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സ്വര്‍ഗം, നരകം, കര്‍മങ്ങളുടെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകള്‍.. അതൊക്കെ ദൈവത്തെ ഒരു രാജാവിന്റെ തലത്തിലേക്ക് ചുരുക്കുന്നതാണ്.
എന്നാല്‍ മൂല്യവ്യവസ്ഥ എന്ന നിലയ്ക്ക് മതത്തോട് വിയോജിപ്പില്ല. അത് പക്ഷേ. മതത്തിന്റെ മാത്രം മൂല്യവ്യവസ്ഥയല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. സത്യം, നീതി, കാരുണ്യം, സാഹോദര്യം, അഹിംസ തുടങ്ങിയ മൂല്യങ്ങളൊക്കെ മതങ്ങളല്ലാത്ത ഇസങ്ങളും ചിന്താപദ്ധതികളും മുന്നോട്ട് വെയ്ക്കുന്നതു തന്നെയാണ്. അപ്പോള്‍ മതങ്ങളുടേതായ മൂല്യവ്യവസ്ഥ എന്നു പറയുന്നത് മതങ്ങളുടേതു മാത്രമായ മൂല്യവ്യവസ്ഥയല്ല. അത് മതേതരമായ പ്രസ്ഥാനങ്ങളുടേയും മൂല്യവ്യവസ്ഥ തന്നെയാണ്. ആ നിലയ്ക്ക് മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മൂല്യവ്യവസ്ഥ മതേതരമായ പ്രസ്ഥാനങ്ങളുടെ മൂല്യവ്യവസ്ഥ കൂടി ആയതിനാല്‍ ഞാന്‍ അംഗീകരിക്കുന്നു. മതത്തിന്റെ ഉറച്ച വിശ്വാസികളായി നടക്കുന്ന പല ആളുകളും മതത്തെ ഒരു മൂല്യവ്യവസ്ഥയായിട്ടല്ല കാണുന്നത്. അനുഷ്ഠാന വ്യവസ്ഥയും ആചാര വ്യവസ്ഥയുമായിട്ടാണ് കാണുന്നത്.
ഒരു മുസ്‌ലിം പള്ളിയില്‍ പോകുന്നില്ല, നോമ്പെടുക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ അയാള്‍ മതത്തില്‍ നിന്ന് പുറത്തുപോകുന്നു എന്നാണ്. ഒരു മുസ്‌ലിം മോഷണം നടത്തിയാല്‍ പ്രശ്‌നമില്ല. കള്ളക്കടത്ത് നടത്തിയാല്‍ പ്രശ്‌നമില്ല, നികുതി വെട്ടിപ്പ് നടത്തിയാല്‍ പ്രശ്‌നമില്ല,. അത്തരം ആളുകള്‍ മതനിഷേധിയാണെന്ന് ആരും പറയാറില്ല. കല്യാണം ആലോചിക്കുമ്പോള്‍ മതമുണ്ടോ പള്ളിയുണ്ടോ നമസ്‌കാരമുണ്ടോ എന്നൊക്കെ ചോദിക്കും. മതത്തിന്റെ വക്താക്കളായി ചമഞ്ഞു നടക്കുന്നവരേക്കാള്‍ നല്ല രീതിയില്‍ പ്രായോഗിക ജീവിതത്തില്‍ ഈ മൂല്യങ്ങള്‍ കൊണ്ടു നടക്കുന്നവരുണ്ട്. അനുഷ്ഠാനങ്ങളില്ലാത്ത മുസ്‌ലിമാണ് ഞാന്‍.
Content Highlights: Hameed Chennamangaloor, Subin Chandrasekharan, Mathrubhumi Weekly