വിവർത്തനവും സബ്‌ടൈറ്റിലിങ്ങും ഏറെ ആസ്വദിക്കുന്നു; എം.ടിയുടെ ഭാഷയിലെ ലാളിത്യമാണ് വെല്ലുവിളി!

മലയാളത്തിലെ മികച്ച പുസ്തകങ്ങളെ ലോകഭാഷയ്ക്ക് വിവർത്തനത്തിലൂടെ പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് ഗീത കൃഷ്ണൻകുട്ടി. പത്തൊമ്പതാം വയസ്സിൽ വിവാഹത്തോടെ നിന്നുപോയ പഠനം മുപ്പത്തിയെട്ടാം വയസ്സിൽ പുനരാരംഭിച്ച് പി.ജിയും പിഎച്ച്.ഡിയും കരസ്ഥമാക്കുകയും തന്റെ മേഖല ചെറുപ്പം മുതൽക്കേ ശീലിച്ച പുസ്തകങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഇടപെട്ട് വിവർത്തനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും ഗീത കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞു. ഗീതയുടെ പരിശ്രമങ്ങളെ സാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. എൺപത് കഴിഞ്ഞിട്ടും വിവർത്തനതിരക്കുകളിൽനിന്നു മാറിനിൽക്കാൻ കഴിയാത്തവണ്ണം 'ബിസി'യാണ് ഈ ജീവിതം. തന്റെ വിവർത്തനജീവിതത്തെക്കുറിച്ച് ഗീത കൃഷ്ണൻ കുട്ടി സംസാരിക്കുന്നു.
ഗീത കൃഷ്ണൻകുട്ടി എന്ന പേരിനെ പലപ്പോഴും ഞങ്ങൾ വിശേഷിപ്പിക്കുന്നത് 'വെറ്ററൻ ട്രാൻസലേറ്റർ' എന്നാണ്. ഏറ്റവും മുതിർന്ന വിവർത്തകരിൽ ഒരാൾ. ദശാബ്ദങ്ങളായി തമിഴ്‌നാട്ടിലാണ് താമസമെങ്കിലും മലയാളസാഹിത്യവുമായുള്ള ബന്ധം അനുദിനം പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട് താങ്കൾ.
എന്റെ അച്ഛൻ പാലക്കാട്ടുകാരനായിരുന്നു. മദ്രാസ് പ്രസിഡൻസി സർവീസിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ചെങ്ങമനാടുകാരിയായിരുന്നു. എല്ലാ മൂന്നു വർഷം കൂടുമ്പോഴും അച്ഛന് സ്ഥലംമാറ്റം കിട്ടിക്കൊണ്ടേയിരിക്കും. ഞങ്ങളുടെ പഠനമെല്ലാം പലയിടങ്ങളിലായിട്ടാണ് പൂർത്തിയാക്കിയത്. ഊട്ടിയിലും കുന്നൂരിലുമെല്ലാം പഠിച്ച ശേഷം മൂന്നു വർഷം കോഴിക്കോട്ടും പഠിക്കാൻ ഭാഗ്യമുണ്ടായി. 1942-45 വരെ ഞങ്ങൾ കോഴിക്കോട് ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വന്നിട്ടില്ല. അച്ഛൻ ജില്ലാ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്തെ സർക്കാർ ആശുപത്രികളുടെ നിലവാരം വളരെ മോശവും വൃത്തിഹീനവുമായിരുന്നു. സെന്റ്. ജോസഫ്‌സ് സ്‌കൂളിലാണ് എന്നെ ചേർത്തത്. സ്‌കൂൾ വിട്ടാൽ അച്ഛൻ നേരെ ആശുപത്രിയിലേക്കാണ് കൂട്ടിക്കൊണ്ടുവരിക. രാത്രി ഒമ്പതുമണിവരെ രൂക്ഷഗന്ധമുള്ള ആ കെട്ടിടത്തിൽ ഇരിക്കാൻ നിർബന്ധിതയായതോടെ ഭാവിയിൽ ആശുപത്രി സംബന്ധമായ ഒരു ജോലിയും എനിക്കുവേണ്ട എന്നു ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിവാഹം ചെയ്തത് ചെന്നൈയിൽ പ്രാക്ടീസ് ചെയ്യുന്ന കാർഡിയോളജിസ്റ്റായിരുന്നു എന്നത് വേറെ കാര്യം.
Content Highlights: Geetha Krishnankutty, M.T Vasudevan Nair, Translation, Shabitha, Mathrubhumi