''വരൂ...നാടകം കാണൂ...നിങ്ങൾക്കു തിരുത്തേണ്ടിവരും''- ചിന്നൂസ് ചിലങ്ക

തൃശ്ശൂർ: ഡി.വൈ.എഫ്.ഐ. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ...അവസാന ശ്വാസത്തിന്റെ രാഷ്ട്രീയം' എന്ന നാടകം വിവാദമായ സാഹചര്യത്തിൽ കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്റർ പ്രവർത്തകയും നാടകത്തിൽ സ്നേഹലത റെഡ്ഡിയുടെ വേഷമിടുകയും ചെയ്ത ചിന്നൂസ് ചിലങ്ക സംസാരിക്കുന്നു.
? കുറേക്കൂടി ജാഗ്രത കാണിക്കണമായിരുന്നു എന്നു തോന്നുന്നുണ്ടോ.
ഒരിക്കലുമില്ല. നാടകം അതിന്റെ രാഷ്ട്രീയ ലക്ഷ്യം നേടി എന്നതിൽ വലിയ സന്തോഷമുണ്ട്. സ്നേഹലത റെഡ്ഡിയെന്ന അടിയന്തരാവസ്ഥയുടെ രക്തസാക്ഷി ഓർമയിൽനിന്ന് അങ്ങനെയങ്ങു മാഞ്ഞുപോവേണ്ടയാളല്ല. കലാകാരിയായ അവരോട് എനിക്കു ചെയ്യാൻ കഴിയുന്ന നീതിയാണീ നാടകം.
? സമ്മേളനത്തിനു ആളെക്കൂട്ടാനുള്ള ശ്രമം എന്നാണല്ലോ ആരോപണം
നാടകം നേരിട്ടുകണ്ട ഒരാൾപോലും അങ്ങനെ പറയില്ല. ഒൻപതാമത്തെ വേദിയായിരുന്നു തൃശ്ശൂരിലേത്. ഒരു മണിക്കൂർ 39 മിനിറ്റ് സൂചിവീണാൽ കേൾക്കുന്ന നിശ്ശബ്ദതയിലാണ് നാടകം ആ വേദികളിലൊക്കെയും അരങ്ങേറിയത്. അവതരണം കഴിഞ്ഞശേഷം അടുത്തെത്തിയവരിൽ ഏറെപ്പേരും സ്ത്രീകളായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതയ്ക്കിരയായ മനുഷ്യരും വേദിക്കുപിന്നിലെത്തി വികാരാധീനരായി സംസാരിച്ചു.
?പുതിയ വേദികൾ
അടുത്ത വേദി ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനമാണ്. മറ്റു സ്ഥലങ്ങളിൽനിന്നും നാടകം കളിക്കണമെന്നാവശ്യപ്പെട്ട് വരുന്നുണ്ട്. പറയാനുള്ളത് ഒന്നുമാത്രം- വേദികളിലേക്ക് വരൂ..നാടകം കാണൂ...അഭിപ്രായം പറയൂ. എനിക്കുറപ്പുണ്ട് നിങ്ങൾക്ക് തിരുത്തേണ്ടിവരും.