എഴുത്തിനെ ആരാധിച്ചാൽ മതി, എഴുത്തുകാരെ ആരാധിക്കേണ്ട -അഖിൽ പി. ധർമ്മജൻ

#അരുണ്‍ സാബു
അഖില്‍ പി. ധര്‍മ്മജന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025-ലെ യുവപുരസ്‌കാരം സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
അഖില്‍ പി. ധര്‍മ്മജന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025-ലെ യുവപുരസ്‌കാരം സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

വായനക്കാർ എഴുത്തിനെ ആരാധിച്ചാൽ മതി എഴുത്തുകാരെ ആരാധിക്കണമെന്നില്ലെന്ന് പറയുന്നു മലയാളത്തിൽ പുതുതലമുറ ആഘോഷിച്ച നോവൽ 'റാം കെയർ ഓഫ് ആനന്ദി'യുടെ രചയിതാവ് അഖിൽ പി. ധർമ്മജൻ. ഒരു പുസ്തകം പ്രസിദ്ധീകരിക്കാനാകുമെന്ന് ഒരുറപ്പുമില്ലാതെ എഴുതിത്തുടങ്ങിയതിനെക്കുറിച്ചും സ്വന്തമായി നോവൽ അച്ചടിച്ചിറക്കിയതിനെക്കുറിച്ചും എഴുത്തിനു നേരിട്ട വിമർശനങ്ങളെക്കുറിച്ചുമെല്ലാം ഡൽഹിയിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025-ലെ യുവപുരസ്‌കാരം സ്വീകരിച്ച ശേഷം അഖിൽ സംസാരിക്കുന്നു.

പുരസ്‌കാര നേട്ടത്തെക്കുറിച്ച്..

വളരെയധികം സന്തോഷം. ഒരുപാട് വിമർശനങ്ങളും മറ്റും ഉണ്ടായപ്പോൾ എനിക്കൊപ്പം നിന്ന എല്ലാവരുടെയും നേട്ടമാണിത്. എഴുത്തിലും ജീവിതത്തിലും ചേർന്നുനിൽക്കുന്ന എല്ലാവർക്കുമായി ഈ പുരസ്‌കാരം സമർപ്പിക്കുന്നു.

റാം കെയർ ഓഫ് ആനന്ദി ഇത്രയധികം വായനക്കാർക്കിടയിൽ ആഘോഷിക്കപ്പെടുമെന്ന് എഴുതിയ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നോ? എന്തായിരുന്നു പുസ്തകം എഴുതിക്കൊണ്ടിരുന്നപ്പോഴത്തെ തോന്നൽ?

തോന്നലല്ല, ആഗ്രഹമുണ്ടായിരുന്നു. എഴുത്തിലേക്ക് കടന്നുവന്നപ്പോൾ എന്റെ ആഗ്രഹം ഞാനെഴുതിയ പുസ്തകം എപ്പോഴെങ്കിലും ബെസ്റ്റ് സെല്ലർ പട്ടികയിൽ പുസ്തകശാലകളിൽ കാണണമെന്നായിരുന്നു. ഭാഗ്യവശാൽ എന്റെ നാല് പുസ്തകങ്ങളും ബെസ്റ്റ് സെല്ലർ പട്ടികയിൽ കാണാറുണ്ട്. മലയാളത്തിൽ മാത്രമല്ല, ഇംഗ്ലീഷിലേക്ക് പോയപ്പോൾ മറ്റു ഭാഷക്കാരും പുസ്തകത്തെ ആഘോഷിക്കുന്നുണ്ട്. ഒരു ബുക്ക് ഈ കാലഘട്ടത്തിൽ ഇങ്ങനെ ആഘോഷിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. 2015-ലാണ് എന്റെ ആദ്യ നോവൽ പ്രസിദ്ധീകരിക്കുന്നത്.

ആ സമയത്ത് പുസ്തകങ്ങൾ എന്ന് പറയുമ്പോൾ ആളുകളുടെ സമീപനം വേറെയായിരുന്നു. കാരണം സോഷ്യൽ മീഡിയ യുഗം തുടങ്ങി. അപ്പോൾ ബുക്കുകൾ ആരെങ്കിലും വാങ്ങി വായിക്കുമോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. എന്നാൽ സ്വന്തമായി പബ്ലിഷ് ചെയ്യുമ്പോഴും എനിക്കുണ്ടായിരുന്ന പ്രതീക്ഷ ആളുകൾ പുസ്തകങ്ങളിലേക്ക് മടങ്ങിവരും എന്ന് തന്നെയായിരുന്നു. അന്നും ഒരു വിഭാഗം വായനക്കാർ ഉണ്ടായിരുന്നെങ്കിലും പൊതുവിലൊരു വിഭാഗം ആളുകൾ വായിച്ചിരുന്നില്ല. അവർക്ക് ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ ഇല്ലാത്തതുകൊണ്ടോ മറ്റോ പണ്ടെപ്പോഴോ വായനയിൽ നിന്ന് അകന്നു പോയവരാണ്. വായനയുടെ ഒരു ട്രെൻഡ് വീണ്ടും ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

ഞാൻ തനിയെ സംസാരിക്കാറുണ്ടായിരുന്നു പലപ്പോഴും. ആലപ്പുഴയിലെ വീടിനടുത്ത് ഒരു ബീച്ചുണ്ട്. അവിടെ പോയിരിക്കുമ്പോൾ ഞാൻ സ്വന്തമായി സംസാരിക്കും, സങ്കടങ്ങൾ പറയും, സ്വയം ആശ്വസിപ്പിക്കും. ഒരിക്കൽ നിന്റെ ബുക്ക് ബെസ്റ്റ് സെല്ലർ ആകും. കേരളത്തിലെ ആളുകളെല്ലാം ഏറ്റെടുത്തു വായിക്കും എന്ന തോന്നലുണ്ടായിരുന്നു.

റാം കെയർ ഓഫ് ആനന്ദി പബ്ലിഷ് ചെയ്യുമ്പോൾ ആളുകൾ അതു പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന ഒരു ദിവസം വരുമെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. അക്കാര്യം കൂട്ടുകാരനോട് പറഞ്ഞപ്പോൾ അതിമോഹമല്ലേ എന്നാണ് അവൻ തമാശയായി തിരിച്ചു ചോദിച്ചത്. നീ നോക്കിക്കോളൂ എന്ന് ഞാൻ മറുപടി പറഞ്ഞു. വർക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അത് എന്റെ അതിയായ ആഗ്രഹമായിരുന്നു. ഇപ്പോൾ പുസ്തകം ആളുകൾ വാങ്ങി സമ്മാനമായി കൊടുക്കുന്നത് കാണുമ്പോൾ വർക്കായി എന്ന് തോന്നുന്നു. അതിന് മലയാളി വായനക്കാരോടാണ് നന്ദി പറയാനുള്ളത്. വായന തുടരുന്നതിലും ആഘോഷമാക്കുന്നതിലും അതിയായ സന്തോഷം.

എങ്ങനെയാണ് എഴുത്തിന്റെ തുടക്കം. ഈ പറഞ്ഞതുപോലെ പുസ്തകം ആഘോഷിക്കപ്പെടുമെന്ന വിശ്വാസത്തോടെയാണോ തുടങ്ങിയത്?

ഒരിക്കലുമല്ല. ബുക്ക് പബ്ലിഷ് ആകുമെന്ന് തന്നെ വിചാരിച്ചിരുന്ന ഒരാളല്ല ഞാൻ. സ്‌കൂൾ പഠിക്കുന്ന കാലം മുതൽ റഫ് നോട്ടുകളിൽ പലതും എഴുതിയിരുന്നു. ഇത് ആളുകൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു. ആദ്യ നോവൽ പബ്ലിഷ് ചെയ്യാനായി ശ്രമിച്ചപ്പോഴാണ് അതിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞത്. ഫേസ്ബുക്കിലെ വായനക്കാർ ക്രൗഡ് ഫണ്ടിങ് ചെയ്തു 50,000 രൂപ സമാഹരിച്ചു തന്നാണ് ആദ്യ പുസ്തകം സ്വന്തമായി പ്രസിദ്ധീകരിക്കുന്നത്. എങ്ങനെ പബ്ലിഷ് ചെയ്യുമെന്ന് ഒരു ധാരണയും ഇല്ലാതെയാണ് അന്ന് ഞാൻ പുസ്തകം ഇറക്കാൻ ഇറങ്ങിത്തിരിച്ചത്. ആ സമയത്ത് എനിക്ക് സ്വന്തമായി ലാപ്‌ടോപ്പ് പോലുമില്ല.

അഖിൽ പി. ധർമ്മജൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2025-ലെ യുവപുരസ്‌കാരം സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

ഈ സമയത്താണ് എനിക്ക് പൈസ കിട്ടിയത്. പക്ഷേ ഡി.ടി.പി.യും മറ്റ് ജോലികളും ഒക്കെ ചെയ്യാനായി അതു ചെലവാക്കിയാൽ ബുക്ക് ഇറക്കാൻ പണം തികയില്ല. മറ്റു മാർഗമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് അമ്മ വള ഊരി തന്നിട്ട് നിനക്ക് ഇതൊക്കെ സ്വന്തമായി പഠിച്ചു കൂടെ എന്ന് ചോദിച്ചത്. അങ്ങനെ ആ വള പണയം വെച്ച് 17,500 രൂപയ്ക്ക് ഓൺലൈനിൽ നിന്ന് ലാപ്‌ടോപ്പ് വാങ്ങി. 2014-ലാണിത്. സിസ്റ്റം വാങ്ങിയശേഷം തനിച്ച് ലേ ഔട്ട് പഠനം തുടങ്ങി. അതിന് പലരും സഹായിച്ചു. ആദ്യമൊക്കെ അത് വലിയ സമയമെടുത്തു. പിന്നെ പഠിച്ചു.

അങ്ങനെ സ്വയം എഴുതി, ഡി.ടി.പി. ചെയ്ത്, ഡിസൈൻ ചെയ്ത് പുസ്തക രൂപത്തിലാക്കി പ്രസ്സിൽ കൊണ്ടുപോയി ഞാൻ തന്നെ അച്ചടിപ്പിച്ചു. ചാക്കിൽ വരുന്ന പുസ്തകങ്ങൾ മുറ്റത്തേക്ക് മഴക്കാലത്ത് വണ്ടി കയറില്ലാത്തതിനാൽ തലച്ചുമടായി കൊണ്ടുവന്നാണ് വീട്ടിൽവെക്കുക. ഇത് പിന്നീട് ബസ് സ്റ്റാൻഡിലും ബുക്ക് സ്റ്റാളുകളിലും ഒക്കെ കൊണ്ടുനടന്നു വിറ്റു. ആദ്യ രണ്ടു പുസ്തകങ്ങളായ ഓജോബോർഡും മെർക്കുറി ഐലന്റും അങ്ങനെ തന്നെയാണ് ചെയ്തത്. പിന്നീടാണ് ബുക്ക് സ്റ്റാളുകൾ പുസ്തകം എടുത്തു തുടങ്ങിയത്.

റാം കെയർ ഓഫ് ആനന്ദി ഒരു ഭാഗത്ത് ആഘോഷിക്കപ്പെട്ടപ്പോഴും മറുവശത്ത് ചില വിമർശനങ്ങളും സമാന്തര ചർച്ചകളും ഉയർന്നിരുന്നല്ലോ? സാഹിത്യലോകത്തു നിന്നുതന്നെ എതിരഭിപ്രായങ്ങൾ വന്നു. ആ ഘട്ടത്തെ എങ്ങനെയാണ് നേരിട്ടത്?

ക്രിയാത്മകമായ വിമർശനങ്ങളെ പോസിറ്റീവായി തന്നെയാണ് കണ്ടിട്ടുള്ളത്. എന്നാൾ പലപ്പോഴും ആ വിമർശനങ്ങൾ അതിരുവിട്ട് വ്യക്തിഹത്യയിലേക്ക് മാറിപ്പോയി. അതിൽ എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. പലയിടത്തും വെച്ച് കാണുന്ന സീനിയർ ആയ എഴുത്തുകാർ നമ്മളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നു. ബാക്കിയുള്ളവർ അതിന് വന്ന് കമന്റ് ഇടുന്നു. ഇതൊക്കെ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നിയിരുന്നു. പിന്നെ പിന്നെ അതു ശീലമായി.

ഞാൻ പിന്നീട് തിരിച്ചറിഞ്ഞ ഒരു കാര്യം; നമുക്ക് എഴുത്തുകാരുടെ കൃതികളെ ആരാധിക്കാം, വ്യക്തിത്വത്തെ ആരാധിക്കണോ എന്നു ചിന്തിക്കേണ്ടതുണ്ട് എന്നതാണ്. റാം കെയർ ഓഫ് ആനന്ദി എഴുതിയത് കൊണ്ട് അഖിൽ പി. ധർമ്മജൻ നല്ലവൻ ആകണമെന്നില്ല. എന്നെ സെലിബ്രേറ്റ് ചെയ്യേണ്ട, പുസ്തകങ്ങളെ സെലിബ്രേറ്റ് ചെയ്താൽ മതി എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ പുസ്തകത്തിലെ കഥാപാത്രങ്ങൾ ഒരിക്കലും ഞാൻ ആകില്ല. ക്രിയേറ്റിവിറ്റിയെ ഇഷ്ടപ്പെട്ട്, അതെഴുതിയവരെല്ലാം നല്ലവരാണെന്ന് ഞാനും തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് എനിക്കൊരു പ്രശ്‌നം വന്നപ്പോഴാണ് അത് അങ്ങനെ അല്ലെന്നു തിരിച്ചറിഞ്ഞത്. എന്റെ പ്രിയപ്പെട്ട പുസ്തകം ചോദിച്ചാൽ ഇപ്പോഴും എന്നെ തേജോവധം ചെയ്തവരുടേത് അടക്കമുള്ള പുസ്തകങ്ങൾ ഞാൻ പറഞ്ഞെന്നിരിക്കും. അവരുടെ വർക്കുകൾ ഞാൻ ഇപ്പോഴും അംഗീകരിക്കുന്നു. ആരോടും വിരോധമില്ല.

വളരെ ചെറിയ ജീവിതമാണ് നമ്മുടേത്. ഇവിടെ ആർക്കും പ്രത്യേകിച്ച് ഒരു സിംഹാസനവും ഇല്ല. നൂറുവർഷം മുമ്പ് ഉണ്ടായിരുന്ന ലെജൻഡ്‌സിനെക്കുറിച്ച് ആലോചിച്ചാൽ അവരൊക്കെ മൺമറഞ്ഞു പോയി. അവരുടെ കൃതികൾ വായിക്കുമ്പോൾ ചിന്തിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് നമ്മൾ എപ്പോഴും ആലോചിക്കുന്നേ ഇല്ല. ഒരു കാലഘട്ടം കഴിയുമ്പോൾ നമുക്ക് ചുറ്റുമുള്ള എല്ലാവരും മരിച്ചുപോകും. വിവാദം ഉണ്ടാക്കിയവരും വിവാദം കണ്ടവരും എല്ലാം. അടുത്ത തലമുറയ്ക്ക് ഇത് എന്താണെന്ന് പോലും അറിവില്ലായിരിക്കും. പണ്ടത്തെ സാഹിത്യ തർക്കങ്ങൾ ഒക്കെ ഇന്ന് ആരെങ്കിലും ചർച്ച ചെയ്യുന്നുണ്ടോ? പിന്നെ വിവാദങ്ങൾക്ക് പിന്നാലെ പോകാനും എനിക്ക് സമയമില്ല. പ്രശ്‌നമുണ്ടാക്കുന്നവർ അത് ചെയ്യട്ടെ. എനിക്ക് അതിന് നേരമില്ല.

വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം കുറച്ചായി അഖിലിനെ പൊതുവിടങ്ങളിൽ കാണാനില്ലായിരുന്നല്ലോ? മാറിനിൽക്കാം എന്ന് വിചാരിച്ചതാണോ, എന്തായിരുന്നു ശരിക്കും സംഭവിച്ചത്?

വാസ്തവത്തിൽ ഡിപ്രഷൻ ആയിരുന്നു. എനിക്ക് ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സത്യത്തിൽ അറിയില്ലായിരുന്നു. ഇതൊന്നും നമ്മളെ ബാധിക്കില്ല എന്ന മട്ടിൽ അഭിനയിച്ചു പോകാനാണ് ഞാൻ തുടക്കത്തിലൊക്കെ ശ്രമിച്ചിരുന്നത്. എന്നാൽ അടുപ്പക്കാർ ഉൾപ്പെടെ നമുക്കെതിരേ തിരിയുന്ന ഒരു ഘട്ടമെത്തിയപ്പോൾ മനസിലുണ്ടായ വിങ്ങൽ കുറച്ചുകഴിഞ്ഞ് ഉറക്കത്തെ ബാധിച്ചു തുടങ്ങി. വിവാദമെല്ലാം കഴിഞ്ഞെങ്കിലും അതെന്നെ വേട്ടയാടി തുടങ്ങി. അങ്ങനെയാണ് ബോധപൂർവ്വം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു അകലം പാലിച്ചത്.

മുമ്പ് ഫേസ്ബുക്കിൽ വളരെ സജീവമായിരുന്ന ഞാൻ ഇപ്പോൾ ഒന്നുമങ്ങനെ ഷെയർ ചെയ്യാറില്ല. ജീവിതത്തിൽ ഇപ്പോൾ എന്റേതായ കുറച്ച് ആളുകൾ ഉണ്ട്. എന്റെ സന്തോഷങ്ങൾ ഇപ്പോൾ അവരുമായി വളരെ സ്വകാര്യമായേ പങ്കുവെക്കാറുള്ളൂ. ഞാൻ ചുരുങ്ങി. ഒരുപാട് ആളുകളിൽ നിന്ന് ചുരുങ്ങി ഒതുങ്ങി. എന്റെ സന്തോഷം ഒരുപാട് പേരിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞാൽ ഉള്ള സന്തോഷം പോകുമെന്ന സ്ഥിതി ഒഴിവാക്കാനാണത്. കല്ലെറിയുന്നവരുടെ കൂട്ടത്തിൽ പ്രിയപ്പെട്ടവരും ചേരുന്നത് വളരെ വേദനിപ്പിക്കുന്നതാണ്.

ഇതൊക്കെയും എഴുത്തിനെ ബാധിച്ചിരുന്നോ?
നന്നായിട്ട് ബാധിച്ചു. ഒന്നും എഴുതാൻ സാധിക്കില്ലായിരുന്നു. രാത്രി 12ന് ശേഷം റിലീസ് ചെയ്തതിനുശേഷം എന്നെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നോക്കൂ. ആ പുസ്തകം റിലീസായപ്പോൾ രൂക്ഷമായ ആക്രമണം ആയിരുന്നു. വലിയ രീതിയിൽ പ്രീ ബുക്കിങ്ങോടെയാണ് ആ പുസ്തകം ഇറങ്ങിയത്. അതു ചിലർക്കൊന്നും ഇഷ്ടപ്പെട്ടില്ല. പുസ്തകത്തെക്കുറിച്ചുള്ളതെല്ലാം വെറും തള്ള് ആണെന്ന് ചില എഴുത്തുകാർ തന്നെ പ്രചരിപ്പിച്ചു. അതു വേദനിപ്പിച്ചപ്പോഴാണ്, ശരി, മാറിനിൽക്കാം എന്ന് കരുതിയത്.

പുറത്തുനിന്നു നോക്കുമ്പോൾ കണ്ണടയൊക്കെ വെച്ച് നാലു പുസ്തകം എഴുതിയ, ഒരു സിനിമയുടെ തിരക്കഥ എഴുതിയ, വിജയിച്ച ചെറുപ്പക്കാരൻ ആണ്. പക്ഷേ അതിനൊക്കെ അപ്പുറം നമ്മളൊക്കെ അടിസ്ഥാനപരമായി മനുഷ്യരാണല്ലോ. നമുക്കും വികാരങ്ങളുണ്ട്. റോബോട്ട് ഒന്നുമല്ലല്ലോ. നമുക്കും കുടുംബം ഉണ്ടെന്ന് ചിന്തിക്കാതെയാണ് പലരും സോഷ്യൽമീഡിയയിൽ പ്രതികരിച്ചിരുന്നത്.

അത്രയധികം ആഘോഷിക്കപ്പെട്ടു നിൽക്കുന്ന ഒരു സമയത്ത് എഴുത്തിൽ നിന്നും മാറി നിൽക്കേണ്ടി വരികയെന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാകുമല്ലോ. പിന്നെങ്ങനെയാണ് എഴുത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്?

എന്റെ പക്കൽ ആശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ മനസ് ശരിയല്ലെങ്കിൽ ക്രിയാത്മകമായി ഒന്നും ചെയ്യാൻ ആകില്ല. ഉറക്കത്തെ ബാധിച്ച കാര്യം പറഞ്ഞല്ലോ.. അങ്ങനെ ഡോക്ടറെ കണ്ടു മരുന്നു കഴിക്കാൻ തുടങ്ങി. അത് ശരീരത്തെയും ബാധിച്ചു. പിന്നീട് ഡോക്ടറോട് പറഞ്ഞ് മരുന്നൊഴിവാക്കി മനഃശ്ശാസ്ത്രപരമായ വഴി നോക്കി. സ്വയം തീരുമാനിച്ച് വിഷമഘട്ടത്തിൽനിന്ന് പുറത്തിറങ്ങണമെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. അതിന് എന്റെ കൂട്ടുകാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. വളരെ അടുപ്പമുള്ള പത്തു കൂട്ടുകാരെനിക്കുണ്ട്.

15 വർഷത്തോളമായി എന്റെ കൂടെയുള്ളവരാണ്. എനിക്കെപ്പോഴും ധൈര്യം തരുന്നത് അവരാണ്. ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഞാൻ അവരിൽ നിന്നും മാറാൻ ശ്രമിച്ചു. അപ്പോൾ അവർ എന്നെ കൂടുതൽ ചേർത്തുപിടിച്ചു. അവരാണ് സത്യത്തിൽ എന്നെ തിരിച്ചുകൊണ്ടുവന്നത്. ഡിപ്രഷൻ നേരിട്ടിരുന്ന സമയത്ത് ഞാൻ ഏതെങ്കിലും സാഹിത്യ പരിപാടികൾക്ക് പോകുമ്പോൾ എന്നോട് പറയാതെ തന്നെ കൂട്ടുകാരിൽ പലരും ജോലികളെല്ലാം മാറ്റിവെച്ചു വന്നു സദസ്സിൽ ഇരിക്കുമായിരുന്നു. ഒരു വർഷത്തോളം പ്രയാസം നേരിട്ടിരുന്നു. ഇപ്പോൾ അതിൽ നിന്നെല്ലാം മാറിവരുന്നു. സ്വസ്ഥമായി ഇരുന്നാലേ എഴുതാൻ സാധിക്കൂ.

ഇപ്പോൾ എഴുത്ത് എങ്ങനെ പോകുന്നു?

ഏഴുത്ത് നന്നായി പോകുന്നു. ബുദ്ധിമുട്ട് മാറി. ദിവസവും ഇരുന്നിട്ട് എന്തെങ്കിലുമൊക്കെ എഴുതും. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും എഴുതും. ഒന്നും എഴുതാതെ പോകുന്നതിലും നല്ലതാണ് കൊള്ളാത്ത എന്തെങ്കിലും എഴുതുന്നത്. അത് പിന്നീട് എഡിറ്റ് ചെയ്ത് നന്നാക്കും. എഴുതാനായി എല്ലാദിവസവും പരിശീലിക്കുന്നുണ്ട്. ഉറങ്ങാനായി ശ്രമിക്കുന്നുണ്ട്. മുമ്പൊക്കെ ഉറങ്ങാനായി വലിയ പ്രയാസമായിരുന്നു. രാത്രി ഉറക്കമില്ലാതെ വീടിന്റെ ടെറസിൽ തലങ്ങും വിലങ്ങും 18 കിലോമീറ്റർ നടന്ന സ്ഥിതി വരെയുണ്ടായിട്ടുണ്ട്. ഇപ്പോൾ അഞ്ച്-ആറ് മണിക്കൂർ ഉറങ്ങുന്നുണ്ട്. അത് ഏഴര മണിക്കൂറിലേക്ക് എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ജീവിതം നന്നായി പോകുന്നു എന്ന് പറയാം. എല്ലാത്തിന്റെയും പുറകെ പോകാൻ വയ്യ, അതിനാൽ പുതിയ നോവലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്തൊക്കെയാണ് പുതിയ പദ്ധതികൾ?
ആലപ്പുഴ അടിസ്ഥാനമാക്കിയുള്ള നോവലാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ഒരു പുതിയ സിനിമയുടെ തിരക്കഥയും എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. റാം കെയർ ഓഫ് ആനന്ദിയുടെ തിരക്കഥ ഞാനല്ല ചെയ്യുന്നത്. ആ സിനിമയുടെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പിന്നീട് അറിയിക്കും. സിനിമയിൽ നിന്ന് ഓഫറുകൾ വരാറുണ്ട്. യോജിച്ചു പോകാവുന്നവരുമായി പ്രവർത്തിക്കാൻ താത്പര്യമുള്ളൂ. അടിക്കടി സിനിമ ചെയ്യണമെന്ന് ആഗ്രഹമൊന്നുമില്ല.

പുസ്തകത്തിലൂടെയാണ് സ്വന്തമായി വീട് വെച്ചത്. ഇടിമിന്നലേറ്റ് ചോർന്നൊലിക്കുന്ന വീടായിരുന്നു എന്റേത്. കയറിക്കിടക്കാൻ ഒരു നല്ല വീട് വെക്കണം എന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അങ്ങനെയൊരാൾക്ക് സ്വന്തം കഷ്ടപ്പാടിലൂടെ, പുസ്തകത്തിലൂടെ വീടുവെക്കാനായി. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമായാണ് ഞാൻ അതിനെ കാണുന്നത്. 'കഥ' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. അവിടെയാണ് ഇപ്പോൾ ജീവിക്കുന്നത്. അക്ഷരങ്ങൾക്കൊപ്പം ലളിതമായ ജീവിതം, അതുതന്നെ സന്തോഷം.

Content Highlights: Distinguishing between appreciating literature and idolizing authors., Overcoming personal and professional challenges in the literary industry., The journey of self-publishing and building a career as an independent writer., The impact of digital criticism on an author's mental health., Updates on 2026 literary projects and upcoming screenplays.