കഥ | മഹേന്ദ്ര ജാലം | വിനീഷ്.കെ.എൻ

കുറ്റിക്കോൽ പാലത്തിനരികെ ഞാനെത്തുമ്പോഴേക്കും നേരം സന്ധ്യയാകാറായിരുന്നു. മുതുവാട്ട് രാമൻ സ്മാരക വായനശാലയുടെ ഇരുപത്തിയഞ്ചാം വാർഷിക പരിപാടികൾ കവലയിൽ ആരംഭിച്ചിരുന്നു. അത് ഗൗനിക്കാതെ ഞാൻ അതിവേഗം നടന്നു.
പാലത്തിനു താഴെ, കുറച്ചകലെ പുഴയോട് ചേർന്ന് കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ ഇരിപ്പിടമുണ്ട്. അവിടെ എന്നെ കാത്ത് രാമചന്ദ്രനുണ്ടാകും.
എനിക്കവനെ കാണേണ്ടത് അത്യാവശ്യമായിരുന്നു.
കഴിഞ്ഞ തവണ കണ്ടപ്പോൾ ഞങ്ങൾ തമ്മിലൊന്ന് ഉടക്കിയിരുന്നു. അതിനുശേഷം തമ്മിൽ മിണ്ടിയിട്ടില്ല. എന്നെ ഒന്ന് ഭയപ്പെടുത്താൻ അവൻ എന്തെങ്കിലും പരിപാടി ഒപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. അത് തന്നെ സംഭവിച്ചു. ഇന്നുച്ചയ്ക്ക് ഓഫീസിൽ എനിക്കൊരു കാർഡ് വന്നു.
ഇക്കാലത്ത് പോസ്റ്റൽ വരുന്നത് തന്നെ ഒരത്ഭുതമല്ലേ.?
ഞാനത് കൗതുകത്തോടെ വാങ്ങി നോക്കി. ഒന്നുമില്ല, ആകെ ഒരു വാചകം മാത്രം:
‘മുതുവാട്ട് രാമന്റെ ജീവിതത്തിലെ ആർക്കുമറിയാത്ത രഹസ്യമാണ് ഞാൻ പറഞ്ഞതിന് ഉദാഹരണം.’
വായിച്ച മാത്രയിൽ ഞാനൊന്ന് വിറച്ചു. ഒരു തവണ കൂടി നോക്കി.
ആരാണ് അയച്ചതെന്നോ എവിടെ നിന്നാണെന്നോ ഒരു സൂചനയുമില്ല. അത് രാമചന്ദ്രൻ തന്നെയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. ആരും കാണാതിരിക്കാനായി കാർഡ് വേഗം മടക്കി പേഴ്സിൽ ഒളിപ്പിച്ചു.
മുതുവാട്ട് രാമന്റെ ബന്ധുക്കളോ മക്കളുടെ സിൽബന്ധികളോ കണ്ടാൽ എന്റെ കഥ തീരും. അവരുടെ ജ്വല്ലറിയുടെ മെയിൻ ഓഫീസിലാണ് എനിക്ക് പണി.
എന്നാലും എന്നെ തോൽപ്പിക്കാൻ അവനെടുത്ത അടവ് കണ്ടോ!
ഭാഗ്യം, കാർഡ് വന്നത് ആരും കണ്ടില്ല.
പക്ഷെ ഒരു കാര്യം എന്നെ അസ്വസ്ഥനാക്കി.
മുതുവാട്ട് രാമനെക്കുറിച്ച് എനിക്കല്ലാതെ മറ്റാർക്കും അറിയാത്ത ആ രഹസ്യം രാമചന്ദ്രൻ എങ്ങനെ അറിഞ്ഞു?
എപ്പോഴെങ്കിലും അബദ്ധത്തിൽ ഞാനവനോട് അത് പറഞ്ഞിട്ടുണ്ടോ?
ഇല്ല. ഞാനതാരോടും പറയില്ല, ഉറപ്പാണ്.
തുടർച്ചയായി വിളിച്ചിട്ടും അവൻ ഫോണെടുത്തില്ല. ജോലി കഴിഞ്ഞയുടൻ വീട്ടിൽ പോകാതെ ഞാൻ നേരെ ഇങ്ങോട്ട് വന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഞങ്ങൾ അവസാനമായി കണ്ടത്.
സന്ധ്യയ്ക്ക് കിള്ളിപ്പുഴയുടെ അരികിലെ സ്ഥിരം സ്ഥലത്ത് ഇരിക്കുകയായിരുന്നു. പലതും പറഞ്ഞു ഒടുവിൽ സ്വപ്നത്തെക്കുറിച്ചെത്തിയപ്പോൾ രാമചന്ദ്രൻ പറഞ്ഞു.
‘സ്വപ്നത്തിലെ ജീവിതമാണ് യഥാർത്ഥ ജീവിതം. ഈ കാണുന്നതൊന്നുമല്ല.’
ഞാൻ ചിരിച്ചു.
ഇങ്ങനെയൊക്കെ പറഞ്ഞാൽ കഥയും കവിതയും എഴുതുന്ന ചില അവന്മാരല്ലാതെ ബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ?
എന്റെ ചിരി അവനിഷ്ടമായില്ല.
കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ എഴുന്നേറ്റു. പതിയെ പുഴയിലേക്കിറങ്ങി. കടവിൽ കിടന്നിരുന്ന തോണിയുടെ കെട്ടഴിച്ചു.
പൊടുന്നനെ ഒരു സ്വപ്നം തീർന്നതുപോലെ നിമിഷങ്ങൾക്കുള്ളിൽ തോണി തുഴഞ്ഞു അവൻ മറുകരയിലേക്ക് പോയി.
ഇത്രയേ ഉണ്ടായുള്ളൂ. എന്നിട്ടാണ് ഈ കാർഡ്…
അന്ന് അവൻ പറഞ്ഞ വാക്കുകൾ വീണ്ടും എന്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
പാലത്തിന്റെ നിഴൽ വീണ് ഇരുട്ടിലായ താഴെയുള്ള ചെറുവഴിയിലൂടെ മൊബൈൽ വെളിച്ചം കത്തിച്ച് ഞാൻ പുഴയ്ക്കരികിലേക്ക് ഇറങ്ങി. പാലത്തിനു മുകളിൽ വഴി വിളക്കുകളുടെ മഞ്ഞ വെളിച്ചം. ഉറക്കത്തിൽ ഒരാൾ സഞ്ചരിക്കുന്നതുപോലെ വെള്ളാരം കല്ലുകളിൽ കാൽ പതിപ്പിച്ചു ഞാൻ നടന്നു.
ദൂരെ, ഇരിപ്പിടത്തിൽ ഒരു നിഴൽരൂപമായി രാമചന്ദ്രൻ.
പരിപാടിയുടെ അനൗൺസ്മെന്റുകൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ഇരിപ്പിടത്തിനു തൊട്ടടുത്തെത്തിയപ്പോൾ ഞാൻ മൊബൈൽ കെടുത്തി. മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്നതുപോലെ കവുങ്ങ് പാളികൾ കൊണ്ട് കെട്ടിയുറപ്പിച്ച ഇരിപ്പിടത്തിലേക്ക് ചാടി കയറി.
ഗ്ലാസ്സിലുണ്ടായിരുന്ന നീര് വായിലേക്ക് കമിഴ്ത്തി. തീ പടരുന്നതുപോലെ അത് ഉള്ളിലേക്ക് ഒഴുകിയിറങ്ങി.
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.
നിലാവെളിച്ചം പോലെ അവന്റെ ചിരി.
‘’നീയെന്തിനാണ് രാമചന്ദ്രാ, മുതുവാട്ട് രാമന്റെ പേര് വെച്ച് എനിക്ക് കാർഡ് അയച്ചത്?’’
ഇരുന്നയുടൻ ഞാൻ ചോദിച്ചു.
അവനൊന്നും മിണ്ടിയില്ല. പിന്നെയും ചോദിച്ചിട്ടും അവൻ മിണ്ടുന്നില്ല. അവന്റെ നിശ്ശബ്ദത എന്നെ ശ്വാസം മുട്ടിച്ചു. അസ്വസ്ഥയാൽ ഞാൻ കണ്ണുകളിറുക്കിയടച്ചു.
അപ്പോഴാണ് വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയിൽ നിന്ന്, അമ്മമ്മയുടെ ശബ്ദം വീണ്ടും പൊങ്ങി വന്നത്.
മരിക്കുന്നതുവരെ വരെ അമ്മമ്മ എന്റെയുറക്കത്തിന്റെ കാവൽക്കാരിയായിരുന്നു. അവരുടെ കയ്യിൽ കഥകളേറെയുണ്ടായിരുന്നു. ശൂന്യതയിൽ നിന്നും കഥകളുടെ മന്ത്രമെടുത്തു എന്നെ മയക്കും.
ഉണർവിൽ ഞാൻ ഉറങ്ങും. ഉറക്കത്തിലും കഥകൾ കേൾക്കും.
അമ്മമ്മയ്ക്ക് ഇന്ദ്രജാലമറിയാമായിരുന്നു.
കയർ കൊണ്ടോ ചങ്ങല കൊണ്ടോ കെട്ടിയിട്ടാലും ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ രക്ഷപ്പെടും. ചില രാത്രികളിൽ ആരുമറിയാതെ കിണറ്റിൽ തുള്ളും. പുലർന്നാൽ അമ്മ വെള്ളമെടുക്കാൻ പോകുമ്പോൾ കയറിൽ പിടിച്ചു മുകളിലേക്ക് വരും. പട്ടാപ്പകൽ ആളുകളുടെ ഇടയിൽ നിന്നുകൊണ്ടുതന്നെ പൊടുന്നനെ അപ്രത്യക്ഷയാകുകയും ചെയ്യും.
അങ്ങനെയിരിക്കെ ഒരിക്കൽ അമ്മമ്മയുടെ കഥയിലെ ഇന്ദ്രജാലം ഞാൻ പൊളിച്ചു.
പറയുന്നതിനിടയിൽ വന്ന ചെറിയൊരു പാളിച്ച. ഒരു മാന്ത്രികന് സംഭവിച്ചു കൂടാത്ത കയ്യടക്കത്തിലെ അശ്രദ്ധ.
ഒരു പേര് അറിയാതെ അമ്മമ്മയുടെ നാവിൽ നിന്ന് തെറിച്ചു വീണു.
മുതുവാട്ട് രാമൻ.
അമ്മമ്മ പരിഭ്രമിച്ചു. ഞാൻ അതിനു പിന്നാലെയായി.
പിന്നീടുള്ള ദിവസങ്ങളിൽ അവർ പലകഥകളും പറഞ്ഞു എന്നെ ഉറക്കത്തിലേക്ക് ഉന്തിയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരാജയം രുചിച്ചയാൾ വീണ്ടും വീണ്ടും അതിൽ തന്നെ തുടരുന്നതുപോലെ അവരെനിക്ക് മുൻപിൽ തോറ്റുകൊണ്ടിരുന്നു.
കഥകളിൽ നിന്നും ഇന്ദ്രജാലം അപ്രത്യക്ഷമായി. ഞാൻ വിട്ടില്ല.
’മുതുവാട്ട് രാമൻ ആരാണ്?’എന്താണ് അയാളുടെ രഹസ്യം?’
ഞാൻ പിന്നാലെ കൂടി. അവർ നിസ്സഹായയായി. അവർ തളരുമ്പോഴെല്ലാം എന്റെ ബലം വർദ്ധിച്ചു.
ഒടുവിൽ സഹികെട്ടപ്പോൾ, ഇതുവരെ ആരോടും പറയാത്ത ആ രഹസ്യം അവരെനിക്ക് പറഞ്ഞു തരാമെന്നേറ്റു.
‘പുഴയ്ക്കപ്പുറം, ഗൂഢമായി നില നിന്നൊരു വനമുണ്ടായിരുന്നു. നാഗക്കാട് കടന്നുപോകണം അവിടെയെത്താൻ. അവിടെ പടർന്നുകിടക്കുന്ന വള്ളികൾക്കിടയിൽ രത്നങ്ങൾ നിറഞ്ഞൊരു ഗുഹ.’
അമ്മമ്മയുടെ കണ്ണുകളിൽ ഇന്ദ്രജാലത്തേക്കാൾ വലിയൊരു ലഹരി തിളങ്ങി. ഞാൻ ശ്വാസമടക്കിയിരുന്നു.
‘ചോരയൊലിച്ചു കറുത്ത ഗുഹാമുഖം. കുറുങ്കനി ചെടികൾ മൂടിയ വഴി. ചെറുമാവുകളും കുഞ്ഞു പാലമരങ്ങളും പുല്ലാഞ്ഞിക്കാടുകളും. അവിടെ രാത്രിക്കും പകലിനും ഒരേ നിറം. കാട്ടുമുല്ലകളുടെയും നന്ത്യാർവട്ട പൂക്കളുടെയും വെളിച്ചം. വള്ളികളിൽ ചുറ്റിക്കിടക്കുന്ന സർപ്പങ്ങൾ. വഴിയിൽ സർപ്പ ദംശനത്താൽ മരിച്ചു വീണവരുടെ എല്ലിൻ കഷണങ്ങൾ.’
അമ്മമ്മയുടെ ശബ്ദം പതിഞ്ഞതായി.
‘ഗുഹയ്ക്കുള്ളിലേക്ക് പോയവർ പലരും തിരിച്ചെത്തിയില്ല. അടുത്തുവരെ പോയി തിരിച്ചുവന്നവർ നിഗൂഢമായ എന്തോ ഭാരവും പേറി നിശബ്ദരായി നടക്കുന്നു.’
‘ഇതെങ്ങനെ അമ്മമ്മയ്ക്കറിയാം?’ഞാൻ പൊടുന്നനെ ചോദിച്ചു. അമ്മമ്മയുടെ കണ്ണിലെ ലഹരി മുറിഞ്ഞു. അവർ എന്നെ കുറച്ചു നേരം നോക്കിയിരുന്നു. അപ്പോൾ മുതൽ അവർ മൂവർ രാമന്മാരെക്കുറിച്ച് പറയാൻ തുടങ്ങി.
കവികളും സുഹൃത്തുക്കളുമായ മൂന്ന് രാമന്മാർ - മുതുവാട്ട് രാമൻ, കുഞ്ഞിരാമൻ, അക്കരെ രാമൻ. എഴുത്തുപള്ളിയിൽ തുടങ്ങിയ ബന്ധം. വർഷങ്ങൾ നീണ്ട സൗഹൃദം.
കിള്ളിപ്പുഴയുടെ തീരത്തിരുന്ന് അവർ പാട്ടുകളും ശ്ലോകങ്ങളും ഉണ്ടാക്കി ഓലയിൽ കുറിച്ച് വെക്കും. പക്ഷെ അവരുടെ മനസ്സിൽ എന്നും തിളങ്ങി നിന്നത് നാഗക്കാടിനപ്പുറത്തെ ഗുഹ. അങ്ങോട്ട് പോയ ഗുരുവായ രാമവാര്യർ തിരിച്ചുവരാതിരുന്നത് മൂവരും നേരിട്ടറിഞ്ഞ സത്യം.
എന്നിട്ടും അവർ അതിനെക്കുറിച്ചു പരസ്പ്പരം സംസാരിച്ചിരുന്നില്ല.
‘വെറുതെ പാട്ടും ശ്ലോകവും എഴുതാൻ മാത്രമാണോ അവർ കൂടിയിരുന്നത്?’
അമ്മമ്മ എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ല. അവർ തുടർന്നു.
‘ഒരു സ്വപ്നത്തെക്കുറിച്ചുള്ള തർക്കത്തിനിടയിലാണ് മൂവരുടെയും ഉള്ളിൽ ഗുഹയുടെ ഓർമ്മ ഒരുമിച്ച് ഉണർന്നത്. അക്കരെ കടന്നാൽ സ്വപ്നം പോലൊരു ജീവിതത്തിന്റെ കാട്ടുവഴി. പക്ഷെ രത്നക്കല്ലുകളുടെ സത്യം സ്വപ്നത്തിൽ നിന്നെങ്ങനെ വേർതിരിച്ചെടുക്കും? ‘
അമ്മമ്മ ഒരു നിമിഷം നിശബ്ദയായി.
‘കഥ കൊണ്ട് മെനഞ്ഞ താക്കോലിട്ട് ചരിത്രത്തിന്റെ നിലവറകൾ തുറക്കുമ്പോൾ കിട്ടുന്ന കണ്ണഞ്ചിക്കുന്ന ചില സത്യങ്ങളെപ്പോലെയാണ് ഗുഹയിലെ രത്നങ്ങൾ.’ അവരുടെ ശബ്ദം മറ്റെങ്ങോ നിന്നും വലുതായി മുഴങ്ങുന്നത് പോലെ മുറിയിലാകെ പ്രകമ്പനം കൊണ്ടു.
പൊടുന്നനെ അവർ അപ്രത്യക്ഷയായി. ഭീതിതമായൊരു സ്വപ്നം മുറിഞ്ഞതുപോലെ ഞാൻ എഴുന്നേറ്റിരുന്നു. കുറച്ചു നേരം ഒന്നും മനസ്സിലായില്ല.
പിന്നെ നോക്കിയപ്പോൾ അമ്മമ്മ എന്റടുത്തുതന്നെ ശാന്തമായി ഉറങ്ങുന്നു.
ഞാൻ അവരെ കുലുക്കി വിളിച്ചു. അവർ കണ്ണുതുറന്നില്ല. പാതി നിദ്രയിലുള്ള ഒരാളെപ്പോലെ അവരുടെ ചുണ്ടുകൾ മന്ത്രിച്ചു.
‘എനിക്കിത്രയേ അറിയൂ.’
പിന്നെ എഴുന്നേറ്റിരുന്നു വിതുമ്പി കരയാൻ തുടങ്ങി.
‘പുറമെ കാണുന്ന ജീവിതവും അനുഭവിക്കുന്ന ജീവിതവും ഒന്നല്ല. കഥയും സത്യവും പോലെ.’
അവർ പറഞ്ഞു. ഞാൻ കൂടുതൽ അസ്വസ്ഥനായി.
‘ബാക്കി പറ.’ ഞാൻ വിടാതെ നിന്നു.
‘മൂവരും രഹസ്യത്തിന്റെ പൊരുളാകുന്ന കഥകൾ തേടി മൂന്ന് ദിക്കുകളിലേക്ക് പോയി.’
ആ വാക്കുകൾ ഇരുട്ടിൽ എവിടെയോ നിന്ന് പൊട്ടിവീണതുപോലെ തോന്നി. പായയിൽ കിടന്നു കൊണ്ട് തന്നെ അവർ ചിമ്മിനി വിളക്കിലേക്ക് ശക്തിയായി ഊതി. വെളിച്ചത്തിന്റെ ആകെയുള്ള തരി കെട്ടു.
അമ്മമ്മയുടെ ശബ്ദം പിന്നെയും കേട്ടു.
‘ഏറെ നാളുകൾക്ക് ശേഷം ഭൂമി ദേവി പുഷ്പിണിയായ ഒരു വാസന്ത പഞ്ചമി നാളിൽ കിള്ളിപ്പുഴയുടെ തീരത്ത് അവർ വീണ്ടും കണ്ടുമുട്ടി.’
ഞാൻ ഉറക്കത്തിനിടയിലൂടെ ആ കഥയിൽ ഒഴുകി.
‘ഒൻപതാം ദിവസം പൂജ കഴിഞ്ഞു മൂവരും പുറപ്പെടാൻ തീരുമാനിച്ചു. ഈച്ച പോലുമറിയാത്ത പരമരഹസ്യമായിരുന്നു അത്. മൂവരല്ലാതെ മറ്റാരും അറിയാത്ത ഒന്ന്. പക്ഷെ കുഞ്ഞിരാമന്റെ ഭാര്യ ജാനകി അതറിഞ്ഞു. അന്ന് രാത്രി മുതൽ ആ ഗുഹയിലെ രത്നങ്ങളെ ജാനകിയും സ്വപ്നം കണ്ടു തുടങ്ങി.’
അമ്മമ്മയുടെ ശബ്ദം പതിയെ അകന്നകന്നു പോയി.
പിന്നെ ഒന്നും കേട്ടില്ല.
ഞാൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. എന്റെ കണ്മുന്നിൽ ഒരു ഗുഹാമുഖം അടഞ്ഞതുപോലെ. അമ്മമ്മ കഥയുടെ ഇന്ദ്രജാലം വീണ്ടും പഠിച്ചതായി എനിക്ക് മനസ്സിലായി. സർവ്വശക്തിയുമെടുത്തു ഞാൻ ചാടി എഴുന്നേറ്റു.
അമ്മമ്മ എന്നെ നോക്കി വികൃതമായി ചിരിച്ചു. മറ്റേതോ ലോകത്തുനിന്ന് തിരിച്ചെത്തിയവനെപ്പോലെ ഞാൻ ബാക്കി കഥയ്ക്കായി കാത്തിരുന്നു.
അമ്മമ്മ തുടർന്നു.
‘കിള്ളിപ്പുഴയുടെ ഓളങ്ങൾക്ക് മേൽ ഒരു ചെറുതോണി ഒഴുകി.
മുതുവാട്ട് രാമൻ, കുഞ്ഞിരാമൻ, അക്കരെ രാമൻ. സ്വപ്നത്തിൽ അവർക്കൊപ്പം ജാനകിയും. കാട്ടിലേക്ക് കടന്നപ്പോൾ വള്ളികൾ പാമ്പുകളെപ്പോലെ അവരുടെ കാലുകളിൽ ചുറ്റി. കൂർത്ത കല്ലുകളിൽ തട്ടി കാലുകൾ മുറിഞ്ഞു. പുല്ലാഞ്ഞിക്കാട് കൊത്തിക്കുടിച്ചു ദാഹമകറ്റിയും കനികൾ കഴിച്ചു വിശപ്പടക്കിയും അവർ ഗുഹാമുഖത്തെത്തി.
അതിന്റെ ഉള്ളിലേക്ക് നോക്കിയ നിമിഷം മുതൽ അവരുടെ മനസ്സിൽ കാലത്തിന്റെ കണക്കുകൾ തെറ്റി. അക്കരെ രാമൻ ആദ്യം അകത്ത് കയറി.
രത്നക്കല്ലുകൾ പുറത്തേക്ക് വാരിയെറിഞ്ഞു. ഒന്ന് രണ്ടു നിമിഷങ്ങളെ അതുണ്ടായുള്ളൂ. അകത്തു നിന്നുള്ള ശബ്ദങ്ങൾ പതുക്കെ കുറഞ്ഞു.
ഒടുവിൽ ഒന്നും കേൾക്കാതായി.
‘രാമാ’ അവർ വിളിച്ചു.
മറുപടിയില്ല. ഗുഹയ്ക്കുള്ളിലേക്ക് തലയിട്ട് വീണ്ടും ഇരുവരും വിളിച്ചു.
‘രാമാ’
തങ്ങളെ തന്നെ ആരോ വിളിക്കുന്നു. സമയം കടന്നു പോയി. ഒരു നാഴിക. ഒരു യുഗം. പെട്ടെന്ന് കാട് മുഴുവൻ ഒന്നിളകി. ഗുഹയ്ക്കുള്ളിൽ നിന്ന് ഭീകരമായ ഒരലർച്ച. അനേകം പൊട്ടിച്ചിരികൾ.
മുതുവാട്ട് രാമനും കുഞ്ഞിരാമനും പരസ്പരം നോക്കി. ശബ്ദം മരവിച്ചു പോയിരിക്കുന്നു. ഒന്നും പറയാനാകുന്നില്ല. മുൻപിൽ കണ്ട വഴിയിലൂടെ ഇരുവരും ഓടി. തെറ്റിത്തെറ്റി ഒടുവിൽ വന്ന വഴിയിൽ എത്തി. പുഴയ്ക്കരികിലെത്തിയപ്പോൾ അവിടെ തോണിയില്ല. പഴയ കടവില്ല. അക്കരെ പുതിയ വീടുകൾ കാണാം. രത്നക്കല്ലുകൾ മുതുവാട്ട് രാമൻ അരയിൽ കെട്ടി ഭദ്രമാക്കി. പുതിയൊരു കാലത്തിലേക്കെന്നപോലെ പുഴയിലേക്ക് അവർ ഇറങ്ങി. നടുവിലെത്തിയപ്പോൾ വലിയൊരു ചുഴി കുഞ്ഞിരാമനെ വലിച്ചെടുത്തു.’
അമ്മമ്മ കഥ പറഞ്ഞു നിർത്തി. ഞാൻ പിന്നെയും ചോദിച്ചു.
‘എന്നിട്ട്?’
അമ്മമ്മ ഒന്നും പറഞ്ഞില്ല. ഇനി അവർ കഥയിൽ ഇന്ദ്രജാലം കാട്ടാനായി ശ്രമിക്കുമെന്ന് എനിക്ക് തോന്നി.
‘ഈ കഥ ഇങ്ങനെയൊന്നുമല്ലെന്ന് എനിക്കറിയാം അമ്മമ്മേ.’ പതിനാല് വയസ്സിൽ അതിന്റെ ഇരട്ടി ബുദ്ധിയുള്ള ഞാൻ പറഞ്ഞു. അമ്മമ്മ വിളറി.
വളരെ നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം എന്നോട് ചോദിച്ചു:
‘ഞാൻ ചത്തിട്ട് നീ ഇതാരോടേലും പറയുമോ?’ ഞാൻ ഇല്ലായെന്ന് തലയാട്ടി.
അപ്പോഴാണ് ഞാനൊരു കാര്യം ഓർത്തത്. അച്ഛാച്ഛൻ പുഴയിൽ വീണാണ് മരിച്ചത്.
ആ നിമിഷം ഞാൻ കുട്ടിയല്ലാതായി.
‘അകപ്പെട്ടാലും സാരമില്ലെന്ന് തോന്നിപ്പോകുന്ന ചിലയിടങ്ങളുണ്ട് മനുഷ്യന്. മുതുവാട്ട് രാമനും അങ്ങനെ ഒരു ദ്വീപാണ്.’ അമ്മമ്മ പറഞ്ഞു.
ഞാനത് കേട്ട് മിണ്ടാതെയിരുന്നു.
ഇത് ആരോടേലും പറയാൻ കഴിയുമോ? അങ്ങനെ തിരിച്ചു ചോദിക്കണമെന്നെനിക്ക് തോന്നി.
‘’ഇന്ദ്രജാലത്തിന്റെ രഹസ്യം വെളിപ്പെടുന്ന നിമിഷം മാന്ത്രികന്റെ മരണമാണ്. അയാൾക്ക് പിന്നെ യഥാർത്ഥ ജീവിതമില്ല.’’
അമ്മമ്മ പറഞ്ഞു.
‘’അല്ലെങ്കിൽ പിന്നെ സത്യത്തിനും സ്വപ്നത്തിനുമിടയിൽ ആളുകളെ കയ്യിലെടുക്കുന്ന മഹേന്ദ്രജാലമറിയണം.’’ ഇതുവരെ കാത്തുസൂക്ഷിച്ച വിലപിടിപ്പുള്ള ഒന്ന് നഷ്ടപ്പെട്ടപ്പോലെ അമ്മമ്മ നിരാശയിലായി.
എനിക്ക് ഭയമായി.
കാലങ്ങളായി കെട്ടി നിർത്തിയ രഹസ്യത്തിന്റെ അണക്കെട്ടാണ് ഞാൻ പൊട്ടിച്ചത്.
‘സ്വപ്നമായാലും സത്യമായാലും തറവാടിന്റെ അഭിമാനത്തേക്കാൾ വലുതല്ല അമ്മമ്മേ ജീവിതം.’
ഞാൻ പറഞ്ഞു. ഞാൻ അമ്മമ്മയോട് ചേർന്നിരുന്നു. എന്നിട്ട് അവരെ സ്നേഹത്തോടെ എന്നിലേക്ക് വരിഞ്ഞു പിടിച്ചു. നെറുകയിലും മുഖത്തും ചുംബിച്ചു.
ഒരു ഞൊടിയിട.
എന്റെ കൈയൊന്ന് പാളിപ്പോയി.
അമ്മമ്മയുടെ മുഖത്ത് പെട്ടെന്ന് ഒരു വിചിത്രമായ ചിരി വിടർന്നു.
“മഹേന്ദ്രജാലം…. മഹേന്ദ്രജാലം….”
അത്രയും പറഞ്ഞിട്ട് അമ്മമ്മ ഒരൊറ്റ പോക്ക്.
അതൊരു ഭീകര രാത്രിയായിരുന്നു. എന്റെയും അമ്മയുടെയും ഉറക്കം അമ്മമ്മയുടെ കൂടെ പോയി. പിറ്റേന്ന് രാവിലെ അമ്മമ്മയെ കിണറ്റിൽ നിന്നും വലിച്ചു കയറ്റുമ്പോൾ സത്യമറിയാമായിരുന്നിട്ടും അമ്മ കരയുന്നു.
ആ കഥ ഞാൻ ആരോടും പറഞ്ഞിട്ടില്ല.
പിന്നെ രാമചന്ദ്രന് അതെങ്ങനെ അറിയാൻ പറ്റും?
‘പറയാമെന്ന് പറഞ്ഞ ആ രഹസ്യം പറ, രാമചന്ദ്രാ.’
ഞാൻ പറഞ്ഞു.
അവൻ ഒന്നും മിണ്ടിയില്ല. പതിയെ എഴുന്നേറ്റ് പുഴയിലേക്ക് നടന്നു. കയ്യും മുഖവും കഴുകി തിരികെ വന്നു.
ഞാൻ അവനെ നോക്കികൊണ്ടിരുന്നു.
‘ഞാനല്ല അതയച്ചത്’
അവൻ പതിയെ പറഞ്ഞു.
‘പിന്നെയാര്?’
‘നീ തന്നെ അയച്ചതായിരിക്കും.’
അവൻ ദേഷ്യപ്പെട്ടു.
ഞാനെന്തിനാണ് എനിക്ക് കാർഡ് അയക്കുന്നത്?
എനിക്കൊന്നും മനസ്സിലായില്ല.
‘അവനവന്റെ ഉള്ളിൽ ആരുമറിയാതെ സൂക്ഷിക്കുന്ന ജീവിതമാണ് യഥാർത്ഥ ജീവിതം,’ അവൻ പറഞ്ഞു. പലതവണ കേട്ട ആ വാചകം തലയ്ക്കുള്ളിലൂടെ വീണ്ടും കടന്നു പോകുന്നു.
പുഴയുടെ ഓളങ്ങളുടെ ശബ്ദം കാതുകളിൽ. ദീർഘ നിദ്രയ്ക്ക് ശേഷം എഴുന്നേൽക്കുന്ന ഒരുവനെപ്പോലെ മുറുകെയടച്ച കണ്ണുകൾ ഞാൻ പതിയെ തുറന്നു. നോക്കിയപ്പോൾ രാമചന്ദ്രനില്ല.
ഗ്ലാസ് കാലിയായിരുന്നു.
അതിന്റെ വശത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അവസാനത്തെ തുള്ളി ദ്രുതഗതിയിൽ ഞാൻ നുകർന്നു.
ആ നിമിഷം കിള്ളിപ്പുഴയിൽ വേലിയേറ്റമായി. വെള്ളം തിരകളായി കരയിലേക്ക് കയറി വന്നു.
ഞാൻ വീണ്ടും രാമചന്ദ്രനെ പരതി. നിലാവിന്റെ വെളിച്ചത്തിൽ പുഴയിൽ എന്റെ നിഴൽ മാത്രം.
അക്കരെ ‘ലാൻഡ് ഓഫ് നാഗ’യുടെ വലിയ ബോർഡ്.
ദൂരെ വായനശാലയിലെ അനൗൺസ്മെന്റുകൾ ഇപ്പോഴും മുഴങ്ങുന്നു.
പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത ഏതോ നമ്പറാണ്.
ഞാൻ എടുത്തു.
ഹലോയെന്ന് പറയുന്നതിന് മുൻപ് തന്നെ മറുവശത്തു നിന്നും രാമചന്ദ്രന്റെ ശബ്ദം.
‘ നീ ഏടെ പോയി കിടക്ക്ന്ന്? പരിപാടിക്ക് വെരുന്നില്ലേ?’
ഞാൻ ഒന്നും പറഞ്ഞില്ല. ഫോൺ ചെവിയിൽ വെച്ചുതന്നെ കുറച്ചു നേരം ഇരുന്നു. പിന്നെ എഴുന്നേറ്റ് ചെന്ന് മുഖം കഴുകി. പാലത്തിന്റെ താഴെയുള്ള ചെറുവഴിയിലൂടെ തപ്പിയും തടഞ്ഞും ഞാൻ വായനശാലയ്ക്ക് അടുത്തേക്ക് നടന്നു. ഇരുട്ടിൽ വെളിച്ചത്തിന്റെ ഒരു ദ്വീപായി വായനശാലയും പരിസരങ്ങളും. മൈക്കിലൂടെ വേഗമേറിയ താളമുള്ള പാട്ടുകളും ആക്രോശങ്ങളും. വേച്ചു വേച്ചു ഞാൻ വെളിച്ചത്തിനുള്ളിലേക്ക് പ്രവേശിച്ചു.
ആളുകൾ ഉത്സവം പോലെ പാട്ടിന്റെ താളത്തിനനുസരിച്ചു തുള്ളുന്നു. കൂട്ടത്തിൽ രാമചന്ദ്രനുമുണ്ട്. എന്നെ കണ്ടതും അവൻ അടുത്തുവന്ന് ചെവിയിൽ മുഴുത്തൊരു തെറി പറഞ്ഞു. ആ തെറി ഒരു നിർദ്ദേശമാണെന്ന കണക്കെ അറിയാതെ ആ താളത്തിൽ ഞാനും മുഴുകി.