തല ആലോചനയോട് ചേര്‍ന്ന രാത്രി | പ്രസാദ് കാക്കശ്ശേരി | കവിത

അയാളെപ്രതി വിചാരപ്പെട്ട് കണ്ണടഞ്ഞ് പോയ
ചടപ്പില്‍ നിന്നുണര്‍പ്പോള്‍
ഒരു നോക്കു കണ്ടൂ തല.
അന്ധാളിച്ച പാതിരാത്രിയില്‍
കരുവാളിച്ച് നില്‍ക്കുന്നു
നെടുങ്കന്‍ ആലോചന.
മറുതല, ചെവിയറിയാതെ
ആലോചനയോട് ചേര്‍ന്നു തല .
വികാരങ്ങളുടെ വാതില്‍
തുറന്നു തന്നെ കിടന്നു.
എന്തിനേറെ
വെള്ളത്തില്‍ വരച്ച
വര പോലെയായി
തലവര
'നോട്ടത്തിന്റെ ബലിഷ്ഠ സൂചനയില്‍...
ഒരു ചിന്തയുമില്ലാതെ
ആലോചന പോയ വഴിയെ
തല കുനിച്ച്...
ആലോചന പുണര്‍ന്ന്
നെറുകില്‍ മുത്തമിട്ട ചൂടില്‍
കടന്നുകളഞ്ഞ്...
ആലോചന നീട്ടും കത്തിത്തിളക്കത്തില്‍ പിടഞ്ഞുലഞ്ഞ്...
തലതെറിച്ച നിദ്രാടനം!
തലയെക്കുറിച്ച്
പിന്നീടൊരു വിവരവും
മെനയായി മെടഞ്ഞില്ല
തലമറന്നെണ്ണ തേച്ച്
മയങ്ങിപ്പോയ രാത്രി
അസംഖ്യം പുലഭ്യങ്ങളിലേക്ക്
പുലര്‍ന്നു...
Content Highlights: prasad kakkassery poem thala alochanayod chernna rathri