നിയമവാഴ്ച | കഥ

#ജോബിച്ചന്‍

കയത്തിലേക്ക് തന്നെ ആരോ വലിച്ചു താഴ്ത്തുന്നു. ശ്വാസം കിട്ടാതെ മധു ഞെട്ടിയുണര്‍ന്നു. കയ്യിലെ ചുണ്ടക്കണ കയത്തിന്റെ അങ്ങേ തലക്കെലേക്കു ഒഴുകി അകലുന്നത് കണ്ട് ചിണ്ടന്‍ കുരച്ചു.

ഛെ... ചൂണ്ട വിഴുങ്ങിയ ആ മീന്‍ രക്ഷപ്പെട്ടിട്ടുണ്ടാവണം. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നു വെട്ടിച്ചു വലിച്ചിരുന്നെങ്കില്‍, മീന്‍ ഈ കരയില്‍ കിടന്നേനെ.

നാല് ദിവസമായി കാര്യമായിട്ട് എന്തെങ്കിലും കഴിച്ചിട്ട്. മധു ചിണ്ടനെ നോക്കി. അവനും വിശക്കുന്നുണ്ടാവണം. അവര്‍ എഴുന്നേറ്റു കുടിയിലേക്ക് നടന്നു.

കുടി എന്നാല്‍ രണ്ടു ഭീമന്‍ കല്ലുകള്‍ ചേര്‍ന്ന ഒരു ചെറിയ ഗുഹ. അതായിരുന്നു മധുവിന്റെയും ചിണ്ടന്റെയും വീട്. ഇന്ന് ചെമ്പന്‍ കുറുക്കന്‍ തീറ്റ തേടി കുടിയില്‍ വന്നിട്ടുണ്ടാകുമോ? വന്നാല്‍ ആകെയുള്ള ഒരു ചട്ടിയും രണ്ടു മണ്‍കലങ്ങളും തട്ടിയുടക്കലാണ് അവന്റെ പണി. പക്ഷെ ചിണ്ടനെ അവന് പേടിയാണ്.

സമയം ഉച്ച കഴിഞ്ഞിരിക്കണം. മധുവിന് വിശപ്പുകൊണ്ട് ശരീരം തളരുന്നത് പോലെ തോന്നി.

എങ്ങനെയെങ്കിലും കുറച്ച് അരി സംഘടിപ്പിക്കണം. അതിന് മുക്കാലി വരെ പോകാതെ നിവര്‍ത്തിയില്ല. എവിടെനിന്നെങ്കിലും കുറച്ചു പണം കിട്ടിയിരുന്നെങ്കില്‍.

മുക്കാലി വരെ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ മധുവിന്റെ കാലുകള്‍ വിറച്ചു. തോര്‍ത്തെടുത്ത് അരയില്‍ കെട്ടി അയാള്‍ നടന്നു. നിഴല്‍ പോലെ ചിണ്ടനും. വെട്ടുവഴി തിരിഞ്ഞ് കയറ്റം കയറി ഇടത്തോട്ട് തിരിഞ്ഞ് മൂളിപ്ലാവിന്റെ ചുവട്ടിലൂടെ മധു നടന്നു. കുന്നുകയറി ഇറക്കം കഴിഞ്ഞാല്‍ ചിണ്ടക്കിയുടെ താഴ്വാരം കാണാം. അവിടെ നിന്ന് തിരിഞ്ഞുനോക്കിയാല്‍ കൊറ്റന്‍പാറ. മല്ലേശ്വരന്റെ മടിത്തട്ടിലാണ് കൊറ്റന്‍പാറ. താന്‍ എല്ലാ രാത്രിയും ഉറങ്ങുന്നത് മല്ലേശ്വരന്റെ മടിയിലാണെന്ന് അയാള്‍ ഓര്‍ത്തു.

കുന്നു കയറുമ്പോള്‍ അയാള്‍ക്ക് വിശന്നു. വിശപ്പ് അയാളുടെ രക്തക്കുഴലില്‍ പടര്‍ന്നു, ശിരസ്സില്‍ നിന്ന് കണ്ണുകളിലേക്ക്, കൈ കാലുകളിലേക്ക് നാഭിച്ചുഴിലൂടെ കാല്‍മുട്ടുകളിലൂടെ അത് പടര്‍ന്ന് ഒരു കൊടുങ്കാറ്റായി അയാള്‍ക്കുള്ളില്‍ ചൂളംകുത്തി.

കാലുകള്‍ക്ക് വേഗം നഷ്ടപ്പെട്ടു. കാല്‍ കുന്തിച്ച് അയാള്‍ നിലത്തിരുന്നു. ഉച്ച കഴിഞ്ഞിട്ടും ചൂടിന് ഒരു കുറവും തോന്നിയില്ല. മല്ലീശ്വരന്‍ മലക്ക് മുകളില്‍ സൂര്യന്‍ ജ്വലിച്ചു.

പേരാലിലകളില്‍ കാറ്റുവീശി. അത് അരയാലിലകളിലേക്കും പാലമരത്തിലേക്കും കാഞ്ഞിര കൊമ്പുകളിലേക്കും പടര്‍ന്നു. ദൂരെ ഭവാനിപ്പുഴയുടെ ഇരമ്പം. അയാള്‍ എഴുന്നേറ്റ് കാലുകള്‍ നീട്ടിവലിച്ച് ചവിട്ടിടി പാതയിലൂടെ നടന്നു. നടന്ന് തളര്‍ന്ന് മധു പുഴക്കരയിലെത്തി.

ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ ഒഴുകുന്നജലം, കുമിളകളായി പൊങ്ങി ചിതറുന്ന ശബ്ദം. ഈ ശബ്ദം കേള്‍ക്കാനായി മണിക്കൂറുകള്‍ അയാള്‍ പുഴവക്കത്തിരിക്കാറുണ്ട്. പുഴക്കരികിലെ ഒരു ഉരുളന്‍ കല്ലില്‍ അയാളിരുന്നു. കാലുകളില്‍ തഴുകി ഒഴുകുന്ന തണുത്ത ജലം.

മധു രണ്ടു കൈകൊണ്ടു വെള്ളം കോരി കുടിച്ചു. പുതുമഴയുടെ ചുവയുള്ള തണുത്തവെള്ളം. മല്ലീശ്വരന്റെ മണം പേറുന്ന, മുതുമുത്തച്ഛന്മാരായ വൃക്ഷങ്ങളുടെ വേരുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങിയ തണുത്ത ജലം. കാലുകള്‍ക്കരികിലൂടെ വഴുതി നീങ്ങുന്ന മീനുകള്‍.

ചിണ്ടന്‍ കുറെയധികം വെള്ളം കുടിച്ചിരിക്കുന്നു. നാവ് പുറത്തേക്കിട്ട് അവന്‍ കിതച്ചു. പുഴകടന്നാല്‍ ഒരു വെട്ടു വഴിയാണ്. വഴിയിലൂടെ ഒരു ആറുകാല്‍ നടന്നാല്‍ മുക്കാലി അങ്ങാടിയില്‍ എത്തും. സമയം ഇപ്പോള്‍ നാലുമണി കഴിഞ്ഞിട്ടുണ്ടാവണം.

പുഴയില്‍ വെള്ളം കുറവാണ്. നടന്നുതന്നെ പുഴ മുറിച്ചു കടക്കാം. പുഴയ്ക്കു നടുവില്‍ എത്തിയപ്പോള്‍ മധു അമ്മയെ ഓര്‍ത്തു. നീന്തിത്തുടിക്കുന്ന തന്നെ പിടിച്ചിരുത്തി ചെമ്പരത്തി താളി തേപ്പിക്കുന്നത്. ചെമ്പരത്തിയുടെ കടുംപച്ച ഇലകളും ചുവന്ന പൂക്കളും ചേര്‍ത്ത് അരച്ച കുഴമ്പ് തന്റെ തലയിലും ശരീരത്തും തേച്ചുപിടിപ്പിക്കുന്നത്. വെള്ളത്തില്‍ മുങ്ങി നിവരുമ്പോള്‍, ചെമ്പരത്തി ഇലകളും പൂക്കളും വെള്ളത്തില്‍ ചിതറി ഒഴുകുന്നത്. അമ്മ തന്നെ തോളില്‍ പിടിച്ച് വെള്ളത്തില്‍ നിന്നും ഉയര്‍ത്തുമ്പോള്‍ തന്റെ തലയില്‍ നിന്ന് മുഖത്തേക്ക് നെഞ്ചിലേക്ക് ഒരു കുഞ്ഞു അരുവി പുഴയിലേക്ക് ഒഴുകി ഇറങ്ങുന്നതും മധു കണ്ടു.

പുഴകടന്ന് വെട്ടു വഴിയിലൂടെ അയാള്‍ നടന്നു. അയാളുടെ കണ്ണുകളില്‍ വിശപ്പിന്റെ നാളങ്ങള്‍ എരിഞ്ഞു. പാതക്കിരുവശത്തുമുള്ള മരങ്ങള്‍ കാറ്റില്‍ ഇളകി.

ചവിട്ടിടി പാതയിലൂടെ കറുപ്പന്‍ നടന്നു വരുന്നു. മധു വഴിയുടെ ഇരമ്പില്‍ ഇറങ്ങി വെള്ളിങ്കിരിക്ക് പോകാനായി വഴിയൊരുക്കി. അവര്‍ പരസ്പരം സംസാരിച്ചില്ല. വെള്ളിങ്കിരി ഒന്നു നോക്കി. മധു തലകുനിച്ചുകളഞ്ഞു. തനിക്കു ഭ്രാന്താണെന്ന് പറഞ്ഞു ഊരുവിലക്കിയ മനുഷ്യനാണയാള്‍. കാടു കയറേണ്ടിവന്നത് ഇയാള്‍ കാരണമാണ്.

മുക്കാലി കവലയിലേക്കു ഇനി മൂന്ന് കാല്‍ ദൂരം മാത്രം. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞാല്‍ ഇടവഴി എത്തും. ഇടവഴിയിലൂടെ ഒരു കൊച്ചു കയറ്റം കയറിയാല്‍ മുക്കാലി കവല. കവലയില്‍ ആകെ നാലഞ്ച് കടകള്‍ മാത്രം. അങ്ങാടിയുടെ ഒരറ്റത്തായി ഒഴിഞ്ഞ മൂലയില്‍ നഞ്ചപ്പ കൗണ്ടറുടെ തട്ട് നിരത്തിയ മസാല പീടിക. മധു നടന്ന് തളര്‍ന്ന് മുക്കാലി കവലയിലെത്തി ബസ് സ്റ്റോപ്പില്‍ ഇരുന്നു. കവുങ്ങിന്‍ പാളികള്‍ നിരത്തിയ ഓലമേഞ്ഞ ഒരു ഷെഡ് ആണ് ബസ് സ്റ്റോപ്പ്. കുറച്ച് അരി കിട്ടാന്‍ എന്താണ് വഴി?

നിവൃത്തി ഇല്ലാതാകുമ്പോള്‍ മധു ഈ ബസ് സ്റ്റോപ്പില്‍ ഇരിക്കും. ചിലപ്പോള്‍ ആരെങ്കിലും കുറച്ചു പണം തരും. ഒന്നും കിട്ടാത്ത ദിവസങ്ങളില്‍ രാത്രിയാകുമ്പോള്‍ നഞ്ചപ്പ കൗണ്ടറുടെ കടയിലെ നിരപ്പലക നീക്കി ഒരു തോര്‍ത്ത് അരി വാരി എടുത്ത് കുടിയില്‍ പോയി കഞ്ഞി വെച്ചുകുടിക്കും.

മധുവിന് കഞ്ഞി വേകുന്ന മണം ഓര്‍മവന്നു. ചൂടുകഞ്ഞി ഊതി കുടിക്കുന്നത് ആലോചിച്ച് ബസ്സ് സ്റ്റോപ്പിലെ കവുങ്ങിന്‍ തടികൊണ്ടുള്ള ഇരുത്തിയില്‍ ഇരുന്നയാള്‍ മയങ്ങി. ചിണ്ടന്റെ കുര കേട്ടാണ് അയാള്‍ ഉണര്‍ന്നത്. സമയം വൈകിയിരുന്നു.

ദൂരെ മല്ലീശ്വരമുടിയില്‍ ഇരുള്‍ പരക്കുന്നത് മധു കണ്ടു. മുക്കാലി അങ്ങാടിയുടെ ഒരറ്റത്ത് മങ്ങിയ വെളിച്ചം വിതറി ഒരു ബള്‍ബ് കത്തിനിന്നു.

മധു തന്റെ അരയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ചെടുത്ത് ഒന്നു കുടഞ്ഞ് തോളിലിട്ടു. ഷീറ്റിട്ട മുരുകന്റെ ബാര്‍ബര്‍ ഷോപ്പിനുമപ്പുറം വളര്‍ന്നുനില്‍ക്കുന്ന പൊന്തകാടുകഴിഞ്ഞാണ് നഞ്ചപ്പ കൌണ്ടറുടെ പീടിക. സന്ധ്യയുടെ നിഴല്‍ ചേര്‍ന്ന് നടന്ന് മധു പീടികയിലെത്തി.

ഇരുട്ട് പരന്നു കിടന്ന പീടിക വരാന്തയില്‍ മധു കുറച്ചുസമയം നിന്നു. അരിച്ചാക്കുകള്‍ കടയുടെ വലത്തെ അറ്റത്താണ് വയ്ക്കുക. അവിടെ മൂന്നാമത്തെ പലക ഇളകിയാണിരിക്കുക. പലകയില്‍ ഒന്ന് തട്ടി ഇടയില്‍ വിരല്‍ കടത്തി പലക ഒന്നുയര്‍ത്തി. കര കര ശബ്ദത്തോടെ ആ നിരപ്പലക കുഴിയില്‍ ഉയര്‍ന്നുവന്നു. ആ നിരയിലെ ഏറ്റവും ചെറിയ പലക ആയിരുന്നു അത്. ശ്രദ്ധാപൂര്‍വം പലക ഒരു വശത്ത് ചാരിവെച്ച് മധു തോര്‍ത്ത് നിലത്തു വിരിച്ചു. ചാക്കില്‍ നിന്ന് അരി വാരി തോര്‍ത്തിലേക്കിട്ടു.

പെട്ടെന്നൊരു ശബ്ദം കേട്ട് മധു തിരിഞ്ഞു നോക്കി. നാലുപേര്‍ അയാളുടെ പിന്നില്‍ നില്കുന്നു.

'നായിന്റെ മോനെ, കുറെ കാലായി നിന്നെ ഒന്നു കൈയ്യില്‍ കിട്ടാന്‍ ഞങ്ങ കാത്തിരിക്കുന്നു.'

ഭിത്തിയില്‍ ചാരിവെച്ചിരുന്ന മരപലക എടുത്ത് ഒരാള്‍ മധുവിന്റെ തലയില്‍ അടിച്ചു. തലയ്ക്ക് പിന്നില്‍ ഒരു കൂടം വന്നിടിച്ചതുപോലെ മധുവിന് തോന്നി. ചുറ്റും ഇരുള്‍ പരന്നു. അടികൊണ്ടതും മധു പിന്നിലേക്ക് മറിഞ്ഞു. വീണുകിടന്ന മധുവിന്റെ നെഞ്ചിലും വയറിലും അവര്‍ തൊഴിച്ചു. ഒരു മണ്ണിരയെ പോലെ കടത്തിണ്ണയില്‍ കിടന്ന് മധു പുളഞ്ഞു. ശുഷ്‌കമായ കൈയ്യിലും കാലിലും തൂക്കിയെടുത്തവര്‍ റോഡരികിലേക്ക് കൊണ്ടുപോയി. ഒരുവന്‍ മധുവിന്റെ ഉടുമുണ്ട് ഉരിഞ്ഞെടുത്തു ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ത്തുകെട്ടി.

തലയില്‍ നിന്ന് കൊഴുത്ത ചോര അയാളുടെ മുഖത്തിലൂടെ ചാലിട്ടൊഴുകി. ശരീരം മുഴുവന്‍ നീറി. വാരിവെച്ച അരി ഒരു കിഴികെട്ടി മധുവിന്റെ കാല്‍ക്കല്‍ വെച്ചു. പാതി ബോധത്തില്‍ അയാള്‍ ഞരങ്ങി.

'ഇതുമാത്രം വെച്ചാല്‍ കേസിന് ബലം പോരല്ലോ'
കൂട്ടത്തിലൊരാള്‍ വരാന്തയില്‍ കയറി രണ്ടു നിരപ്പലകകള്‍ കൂടി ചവിട്ടി ഒടിച്ചു കടക്കുള്ളിലേക്കു കയറി. നാലുപാക്കറ്റ് ബിസ്‌കറ്റും രണ്ടു പാക്കറ്റ് ബ്രെഡും കൂടി എടുത്തു കൊണ്ടുവന്നു കിഴികെട്ടിയ അരിയുടെ സമീപം വച്ചു.

ആ കടയില്‍ അതിലും വിലപിടിച്ച സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

'ഇത് മതിയാകും. ബാക്കി പോലീസ് നോക്കിക്കൊള്ളും.'

നീണ്ട കൈയുള്ള അയാള്‍ മധുവിന്റെ വയറില്‍ ചവിട്ടി. പഴന്തുണി കീറുമ്പോഴുള്ള ഒരു ദുര്‍ബല ശബ്ദം അവര്‍ കേട്ടു.

''ചത്ത് തൊലയടാ നായെ'
കൂട്ടത്തില്‍ ഉയരം കൂടിയ ആള്‍, പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു.
എല്ലാത്തിനും ഒരു തെളിവ് വേണ്ടേ? മധുവിന്റെ ഇരുവശത്തും തോര്‍ത്തില്‍ കെട്ടിയ അരിയും ബ്രെഡും ബിസ്‌കറ്റ് പാക്കറ്റുകളും നിരത്തിവെച്ച് അവര്‍ ഫോട്ടോ എടുത്തു.

''എല്ലാവരും ഒന്ന് ചേര്‍ന്ന് നില്‍ക്കെടാ, ഒരു സെല്‍ഫിയും കൂടെ.''
അവര്‍ ചേര്‍ന്നുനിന്ന് ഫോട്ടോ എടുത്തു കഴിഞ്ഞ്, തലയില്‍ തോര്‍ത്ത് കെട്ടിയ അയാള്‍ മധുവിന്റെ കഴുത്തില്‍ തൊഴിച്ചു.
'മതിയടാ ചത്തുപോകും'

വാ പോകാം. അവര്‍ നടന്നു. ടോര്‍ച്ചിന്റെ വെളിച്ചം അകന്നുപോയി. തലയ്ക്ക് പിന്നില്‍ തുളച്ചു കയറുന്ന വേദന. കൈകള്‍ പിറകിലേക്ക് വലിച്ചുകെട്ടിയിരുന്നതുകൊണ്ട് തലയൊന്നു തടവി നോക്കാന്‍ പോലും മധുവിന് കഴിഞ്ഞില്ല.

ശരീരത്തിലുടനീളം വേദനയുടെ തരംഗങ്ങള്‍ പടര്‍ന്നൊഴുകി. കാറ്റിന്റെ സഞ്ചാരം പോലെ തലയില്‍ നിന്ന് നെഞ്ചിലേക്കും വയറിലേക്കും കൈകാലുകളിലേക്കും വിരലുകളിലേക്കും വേദന പടരുന്നു. ഓരോ രക്തധമനിയിലും വേദനയുടെ സഞ്ചാരം. ചോരച്ചാലുകള്‍ അയാളുടെ ചുണ്ടുകളിലൂടെ വായിലേക്ക് ഒഴുകി. ആദിമ മണ്ണിന്റെ പുളിപ്പും, ഉറവയുടെ തണുപ്പും അയാള്‍ക്കുള്ളില്‍ പടര്‍ന്നു.

ഒരു വട്ടം തല ഉയര്‍ത്തിയപ്പോള്‍ അങ്ങകലെ അമ്മ നടന്നുവരുന്നത് മധു കണ്ടു. അമ്മയുടെ കൈപിടിച്ച് ചന്ദ്രികയും താനും. കണ്ണുകള്‍ തനിയെ അടഞ്ഞു. കാറ്റു നിലച്ചു. ഭൂമി നിശ്ചലമായപോലെ അയാള്‍ക്ക് തോന്നി.

പോലീസ് വരുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. മരവിച്ച മധുവിന്റെ ശരീരം അവര്‍ ജീപ്പിന്റെ പിന്നില്‍ കയറ്റി. അത് നോക്കി നിന്ന് ചിണ്ടന്‍ കുരച്ചു. മധുവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടിവന്നില്ല. ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്ന് ദുര്‍ബലമായ ആ ശരീരം അവര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മുക്കാലി അങ്ങാടിയിലെ ഇലക്ട്രിക് പോസ്റ്റ് കീഴില്‍ ചിണ്ടന്‍ തന്റെ യജമാനനെ കാത്തുകിടന്നു.

അതിന്റെ പിറ്റേന്ന്, പത്രങ്ങളുടെ ചരമ പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്ത വന്നു:
'നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ച ആദിവാസി യുവാവ് മരിച്ചു.
അഗളി: അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ഊരിലെ മധുവാണ് (27) മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടാണ് നാട്ടുകാര്‍ മധുവിനെ മുക്കാലിയില്‍ നിന്ന് പിടികൂടിയത്...'

Content Highlights: A poignant Malayalam story of Madhu, an Adivasi youth, facing hunger, societal prejudice, and the harsh reality of law and order. A tale of survival and injustice.