മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ കവിതകള്‍

#പരിഭാഷ: ഡോ. ആര്യ ഗോപി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

1. കുടിപ്പാര്‍പ്പ്

വിവാഹമൊരു
ശാശ്വതമായ പാര്‍പ്പിടമല്ല.
വിവാഹമൊരു
ഇടക്കാല കൂടാരവുമല്ല.

അതിതിനൊക്കെയും
മുന്‍പേയുള്ളതാണ്,
തണുത്തുറഞ്ഞത്:

ഇലക്കാടിന്റെയറ്റം,
മരുഭൂമിയുടെ അതിര്
ചായമടിക്കാത്ത
കൈവരിപ്പാടികള്‍ക്കു പുറകില്‍
പോപ്കോണ്‍ കൊറിച്ചുകൊണ്ട് നമ്മള്‍

പതുങ്ങിയിരുന്നെഴുന്നേല്‍ക്കുന്നിടത്തു
പിന്‍വാങ്ങുന്നൊരു
മഞ്ഞുമലയുടെ കൂര്‍ത്തഗ്രം

വിങ്ങലോടെ തേങ്ങലോടെ
ആശ്ചര്യത്തോടെ
ഇത്രകാലം അതിജീവിച്ചു
ഇവിടെവരെ എത്തിയല്ലോ
എന്ന് നിനച്ചു

ഒരുമിച്ചിരുന്നു തീകത്തിച്ചുകായാന്‍
പഠിക്കുകയാണ് നമ്മള്‍.

2. കരുതല്‍സാമഗ്രികള്‍

കൈയിലെന്തുകരുതണം നമ്മള്‍?
ഇതുവരെ അക്കാര്യത്തിലൊരു
തീര്‍പ്പിലെത്താന്‍ നമുക്കായിട്ടില്ല,
എന്തെടുക്കണം?
എന്തുടുക്കണം?
എപ്പോ പുറപ്പെടണം?

എന്നിട്ട്? ഇവിടെയീ-
നേര്‍ത്തമഴക്കുപ്പായമണിഞ്ഞു
റബര്‍ബൂട്ടുകളിട്ടു

മരണമഞ്ഞിലും ശീതക്കാറ്റിലും
കാലിക്കീശയുമായി
വന്നു നില്‍ക്കുന്നു.

ആകെമൊത്തം
തേഞ്ഞുപോയൊരു പെന്‍സില്‍ക്കുറ്റി,
രണ്ടു നാരങ്ങാപ്പഴങ്ങള്‍
നാല് ടോറോന്റോ കാറോട്ടത്തിന്റെ
ടിക്കറ്റുകള്‍

പ്രധാനപ്പെട്ട കാര്യകാരണങ്ങള്‍
അച്ചടിച്ച വെള്ളക്കാര്‍ഡുകള്‍
അതിനെയാകെ പൊതിഞ്ഞുകെട്ടിയ
ഒരു ഇലാസ്റ്റിക് ബാന്‍ഡ്

ഇതല്ലാതെ,
വേറൊന്നും ഞങ്ങളുടെ
കൈയിലില്ലായിരുന്നല്ലോ?

3. കാക്കക്കലമ്പല്‍

വരണ്ട സൂര്യനുകീഴെ
തിരണ്ട വയലിനുമീതെ
വിളഞ്ഞചോളം
ചീഞ്ഞുണങ്ങിയ കാലത്ത്
കലഹക്കലമ്പല്‍ക്കൂട്ടി
നിങ്ങളാര്‍ത്തുവിളിക്കുന്നു.
നിങ്ങള്‍ക്കായി ഇവിടെയൊന്നുമില്ല
പ്രിയരേ…
പക്ഷെ…
എന്തെങ്കിലുമൊന്നുണ്ടായിരുന്നുവെങ്കില്‍…
എങ്കില്‍...എങ്കില്‍....

കറുത്തകാര്‍ക്കശ്യത്തിന്റെ
നിയതവേഷമണിഞ്ഞു
ഞാനൊരു മുദ്രാവാക്യക്കൊടിക്കൂറ
പറത്താനായുന്നു
അപ്പോള്‍
'പ്രതീക്ഷ'യെന്ന കല്പനയതില്‍
തെളിയുന്നുണ്ട്
എന്നിട്ടുമത് വിജയിച്ചില്ല
എന്നിട്ടുമത് നിരോധിക്കപ്പെട്ടു.

ഇനിയിപ്പോള്‍ 'വിജയം' എന്ന്
മന്ത്രിക്കുന്ന ഒരു മാലാഖയെ
ഞാന്‍ കണ്ടുമുട്ടേണ്ടിയിരിക്കുന്നു
ഇഷ്ടമുള്ള
കൊടിപറത്താനതെന്നോട്
പറയുന്നു
അത് കണ്ടു നിങ്ങളെന്നു പിന്തുടരുമെന്നും

എന്നിട്ടോ
നിങ്ങളെന്നെ അവഗണിക്കുകയാണ്
ചിന്താശേഷിയില്ലാത്തവരേ…
നിങ്ങളെനയിച്ച
അനാവശ്യസിദ്ധാന്തങ്ങളും
പിഴച്ചുപോയ വെടിയുണ്ടകളും
ഈ കഠിനകാലത്തും
നിങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്
അത് നിങ്ങളുടെ
കണ്ണുകളെ സംശയത്തിന്റെ കല്ലുകളാക്കുന്നു,
തീവാക്കിന്റെ വിത്തുപഴങ്ങളെ മാത്രം
നിങ്ങള്‍ തേടുന്നു
വയറും വായും കൈയൂക്കും തിരയുന്നു.

നിങ്ങള്‍ക്ക് എത്രയെത്ര നേതാക്കന്മാരുണ്ട്
നിങ്ങള്‍ക്ക് എത്രയെത്ര യുദ്ധങ്ങളുണ്ട്
എല്ലാം പൊങ്ങച്ചം നിറഞ്ഞതും
എല്ലാം അല്പത്തം കുമിഞ്ഞതും
വേഷപ്രച്ഛന്നരായിരിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ പ്രതിരോധമുറകള്‍ പരീക്ഷിക്കും.
സ്ഥിരബുദ്ധിയുള്ള ശവങ്ങളെ പോലും
നിങ്ങള്‍ എന്നന്നേയ്ക്കുമായി
മറന്നിരിക്കുന്നിപ്പോള്‍...

Content Highlights: Explore Margaret Atwood`s powerful poems translated into Malayalam by Dr. Arya Gopi. Discover themes of life, survival, and societal critique.