ഒറ്റയാന്‍ വഴിമുടക്കിയാണ് നില്‍ക്കുക, മോഴകള്‍ പക്ഷെ... ചതിച്ചുപിടിക്കുന്ന അപകടകാരിയാണവന്‍!

ഹരിലാല്‍ രാജഗോപാല്‍ എഴുതുന്ന നോവല്‍ കുലവന്‍ തുടരുന്നു.
പടര്ന്നുപൊതിയുന്ന അന്ധകാരം. തണുപ്പിനൊപ്പം ഏതൊക്കെയോ രാവിളികള്‍ അരുവിയുടെ തള്ളിച്ചയും കടന്ന് ആസകലം തുളച്ചുകയറി. കാട് കനത്തു കിടന്നു.
കൊഴുപ്പുമുക്കിയ പന്തങ്ങളുടെ വിങ്ങലില്‍ പടയില്‍ വീണവരെപ്പോലെ ശരീരങ്ങള്‍.
പകപ്പില്ലാതെ ഉറങ്ങുന്നവര്‍.
ശേഖരന്‍ തല തിരിച്ച് കണ്ടരിനെ നോക്കി.
വേരിന്‍തലപ്പ് തലയിണയാക്കി മലര്‍ന്നുകിടക്കുന്നു. നെഞ്ചോട് പിണച്ചുവെച്ചിരിക്കുന്ന കൈകകള്‍ തണുപ്പിനെത്തടുക്കാനെന്ന പോലെ. പരീശീലനാധിക്യത്താല്‍ പ്രായത്തിനപ്പുറം കടുത്തുപോയ ശരീരം. വെയിലും വിയര്‍പ്പിനുപ്പും സമം ചേര്‍ന്ന് വാട്ടിയെടുത്ത നിറം. ത്രസിച്ചു നില്‍ക്കുന്ന മുഴുപ്പു തികയാത്ത ചെറിയ പേശികള്‍. നിറവ് വറ്റാത്ത മുഖത്ത് ശ്മശ്രുക്കള്‍ വന്നു തുടങ്ങുന്നതേയുള്ളു. ചുണ്ടുകള്‍ ചിരിക്കാനാഞ്ഞ പോലെ പകുതി തുറന്നിരിക്കുന്നു. സ്വസ്ഥമായുറങ്ങുകയാണവന്‍.
വ്യഥ വിറകൊണ്ടപ്പോള്‍ ശേഖരന്‍ ബാലന്റെ നെറ്റിയില്‍ തടവി.
മറ്റാരിലും കാണാത്ത വേഗവും വീര്യവുമുണ്ടിവന്.ഗുരു നിനച്ചതിനുമപ്പുറം ചെയതു കാണിക്കാനുള്ള തിക്കും തിടുക്കവും. പതിഞ്ഞു പാഞ്ഞുകയറി, തോള്‍ചവിട്ടി മലക്കം മറിഞ്ഞ് വിയര്‍പ്പു തുടച്ചെത്തുമ്പോള്‍ മുഖത്ത് അഭിമാനത്തിന്റെ സമേരം.
പരിശീലനത്തില്‍ പേറുന്ന വേദനയുടെ വടുക്കള്‍ കടിച്ചു സഹിക്കുന്ന അഭിമാനബോധം... കൂര്‍പ്പുകള്‍ കുത്തിനോവിച്ച ഇടങ്ങളില്‍ മഞ്ഞള്‍ പൊത്തി ഒന്നുമില്ലെന്ന് കണ്ണുകാണിച്ച് ചിരിക്കും..
''ഗുരുനാഥാ ഇത്രോളം മതിയാവില്ലെ. മറിയുമ്പോള്‍ വാള്‍ പുറം ചേര്‍ത്തു മറച്ചുപിടിക്കണോ. അതോ വിതര്‍ത്തി വെക്കണോ...?''
തീരാത്ത ചോദ്യങ്ങളാണെപ്പോഴും.
അവന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇടക്കെപ്പൊഴോ ശ്രദ്ധിച്ചു. താടിയില്‍ ഒരു ചുഴിയുണ്ട്.
താടിയില്‍ ചുഴിയുള്ളവന്‍ തണ്ടിലേറും. കുഴിയില്‍ കുത്തി പണ്ട് അമ്മ കളി പറയുന്നത് ഓര്‍ത്തു. മെല്ലെ പരതി നോക്കി. കനത്തുവളര്‍ന്ന രോമങ്ങള്‍ അതിനെ മൂടിയിരിക്കുന്നു.
ശേഖരന്‍ നെറ്റിയിറുക്കി മുകളിലേക്കു കണ്ണെറിഞ്ഞു. കാടിനെ പകുത്ത് ഒഴുകിയിരമ്പുന്ന അരുവിയെ പാര്‍ത്ത് മുകളില്‍ ആകാശവും നിറഞ്ഞൊഴുകുന്നു. നിറമെന്ത്, നീലയോ കറുപ്പോ. നിറം കെട്ട ഏതോ നിറം. എന്തായാലും അമാവാസി കന്നിക്കൈ കുറിച്ചിട്ടുണ്ട്.
കാടേറി രണ്ടു ദിനമായി.
ചാവേറുകളുടെ തീര്‍ഥയാത്രയാണ്. തിരുനെല്ലിയിലേക്ക്. ബലി തര്‍പ്പണത്തിനായുള്ള ഒരു വിചിത്ര വനയാത്ര. പിതൃക്കളെ ത്രാണം ചെയ്യാന്‍ വേണ്ടിയല്ല. ഈ വീണുറങ്ങുന്നവര്‍ക്കായി. അവിടെ അവര്‍ സ്വയം തര്‍പ്പണം നടത്തും. പാപനാശിനിയില്‍ മുങ്ങി ആത്മപിണ്ഡം സമര്‍പ്പിക്കും. അങ്ങനെ ജീവിച്ചിരിക്കെ അവര്‍ മൃതരായി മാറും. കര്‍മ്മബന്ധങ്ങളതോടെ അഴിഞ്ഞുപോകും. കാമനകള്‍ അറ്റുപോകും.
''തര്‍പ്പണത്തില്‍ സങ്കല്‍പ്പം മുഖ്യമാണ്. ആര്‍ക്കാണോ ബലിയിടേണ്ടത് അവരെ സ്മരിക്കണം. ഇവിടെ ആത്മപിണ്ഡമിടുന്നവര്‍ സ്വയംസ്മരിക്കണം. ആത്മപിണ്ഡം സമര്‍പ്പയാമി എന്നു പറഞ്ഞാല്‍ മാത്രം മതിയാവില്ല എന്നു സൂക്ഷ്മം. പിതൃലോകം അന്ധകാരമയമാണ്. തര്‍പ്പണമാണ് ഏക പാഥേയം. അതേറ്റു തരുന്നത് വസുവും രുദ്രനും ആദിത്യനുമാണ്. അത് കൃത്യമാവണമെന്നോര്‍ക്കുക...''
പുറപ്പെടും മുമ്പ് ഏലംകുളം തിരുമേനി വിസ്തരിച്ചതോര്‍ത്തു.
യാത്ര അയക്കാന്‍ അധികം പേരൊന്നും ഉണ്ടായിരുന്നില്ല. നാലു ചാവേര്‍തറവാട്ടിലേയും താവഴിയിലേയും ചില സത്രീകള്‍, പിന്നെ കോവിലകത്തു നിന്നും കുറച്ചു പേര്‍. പതിവിലധികം ഗൗരവം പേറി അവര്‍ വന്നുനിന്നു.
വഴിതെളിക്കാനുള്ള അടിയാന്‍മാരും കുറുമരും സാധനങ്ങള്‍ പേറാന്‍ അമാലന്‍മാരുമടക്കം പത്തു നാല്‍പ്പതു പേരുള്ള യാത്രാസംഘം.
''തിരുനെല്ലി പൂകിയാല്‍ പിന്നെ നാളും നക്ഷത്രവുമില്ല. വഴിപാടൊക്കെ എല്ലാവരും വേണ്ടും വിധം കഴിച്ചില്ലെ...''
തിരുമേനി വിളിച്ചു ചോദിച്ചു.
''ഉവ്വ്... എല്ലാം നിവൃത്തിച്ചു...''
പുതുമന അമ്മ അതൊക്കെ സൂക്ഷമമായി കഴിപ്പിച്ചിരുന്നു. കളം പാട്ടു മുതല്‍ വിളക്കു വരെ ഒരോ നാളുകാരനും.
ദീര്‍ഘയാത്ര പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കണ്ടര്. ആദ്യമായിട്ടാവും അവന്‍ കുറുവപ്പാടം കടന്നു പോവുന്നത്.
'ഗുരുനാഥനും വരണം. കഥകളപ്പടി പറയണം. ഇനി എന്നു സമയം കിട്ടാനാ..'
തുളുനാട്ടില്‍ തെളിഞ്ഞതിന്റെ കഥകള്‍ പറയാമെന്നെപ്പൊഴോ വാക്കു കൊടുത്തിരുന്നു. അത്ഭുതലോകത്തിലേക്കുള്ളൊരു കിളിവാതിലായി അതവന്‍ കൊണ്ടു നടക്കുന്നുണ്ടാവണം. കളരിയിലേയും തൊടിയിലേയും തീര്‍പ്പ് കഴിഞ്ഞാലുടന്‍ കുളികഴിഞ്ഞ് കഥകള്‍ കേള്‍ക്കാന്‍ വരും. പക്ഷെ പറഞ്ഞു തുടങ്ങിവരുമ്പോഴേക്കും ഉറങ്ങിയിട്ടുണ്ടാവും, പാവം.
ആരും കൂടെ പോവണമെന്നോ വേണ്ട എന്നോ പറഞ്ഞില്ല.
ഗുരുനാഥന്‍ വരണം. അവന്റെ കണ്ണുകള്‍ മാത്രം ആവര്‍ത്തിച്ചു.
പുതുമന തറവാടിന്റെ മേലേ നിലയില്‍ ഇരുട്ടിനെ ഭാഗം വെച്ച വാതിലഴികള്‍ക്കിടയിലൂടെ കണ്ണേറ്റങ്ങള്‍ പാറി വീണു. അവനൊപ്പം പോവൂ എന്ന അഭ്യര്‍ഥനകള്‍. അവന്റെ അമ്മയാവും, സാധു. ഇടക്കു പറയാറുള്ള തളര്‍ന്നുപോയ ഒരു വലിയമ്മ കിടക്കാറുള്ള മുറിയാണതെന്നു തോന്നുന്നു.
തടുക്കാനായില്ല. വരാം എന്നു പറഞ്ഞു.
അനുഗമനത്തെ പറ്റി കേട്ടപ്പോള്‍ പുതുമന അമ്മ മാത്രം പറഞ്ഞു.
''പതിവില്ല്യ.''
ഇടതിങ്ങിയ കാടു താണ്ടുക എളുതല്ലതന്നെ. കുന്നലനാടിന്റെ അതിരുകള്‍ക്കപ്പുറമുള്ള കാന്താരമാണ് ഗതി. കുറുവയില്‍ നിന്ന് കുത്തനെ കിഴക്കോട്ടേറി വെട്ടത്തൂര്‍ തൊട്ടാല്‍ തന്നെ കാടിന്റെ ചൂരു കയറും. എടത്തനാടു കഴിഞ്ഞ് നിഴലുകള്‍ പാകിയ വഴിനടന്നാല്‍ സൈരന്ധ്രിപ്പുഴയായി. പുഴ മുറിച്ചു കടക്കുന്നത് കൊടുംകാട്ടിലേക്ക്.
വളര്‍ച്ചകള്‍ വെട്ടിവകഞ്ഞ് വഴികാട്ടികള്‍ വഴി തെളിച്ചു.
മുളങ്കാടുകള്‍ നിറഞ്ഞ മലകളാണാദ്യം താണ്ടിയത്. കണ്‍വെട്ടത്തു നിന്നു കണ്ടാല്‍ മലയപ്പടി പൂത്തു നില്‍ക്കുന്നതു പോലെ തോന്നും. മുളങ്കാട്ടില്‍ ചിതറി നടക്കരുത്. കൂര്‍ത്ത കണ്ണികളും മുള്ളുകളും തുളച്ചുകയറാതെ ആയത്തില്‍ കയറണം.. ഇറക്കമതിലേറെ കാക്കണം. വീണു മണ്ണിനെ മൂടിപ്പുതച്ചടിഞ്ഞുകിടക്കുന്ന മുളയിലകള്‍ക്കടില്‍ നിറം തിരിയാത്ത ചുരുട്ടകളും മണ്ഡലികളുമുണ്ടാവും. മുളപ്പുറ്റില്‍ എട്ടടിവീരനും. കോപിച്ചാല്‍ അത് ആള്‍പ്പൊക്കം കവിഞ്ഞു നിന്ന് വിഷമൂതുമെന്ന കഥകള്‍ കേട്ടിട്ടുണ്ട്. ദംശിച്ചാല്‍ മരുന്നില്ലെന്നും.
വഴിതെളിക്കുന്ന കുറുമന്മാരും അടിയാന്മാരും നിലത്തടിച്ചും പറകൊട്ടിയും കുറച്ചു വാര മുന്നില്‍ നടക്കും. പാമ്പിനെ പായിക്കാന്‍ മാത്രമല്ല. മുളക്കൂമ്പു തിന്നാന്‍ കാണാമറയത്തു നില്‍ക്കുന്ന കരിക്കൂട്ടങ്ങളോട് ഞങ്ങളിതാ കടന്നുപോകുന്നു എന്നു കേള്‍പ്പിക്കാന്‍.
ചിണുങ്ങി നില്‍ക്കുന്ന കുട്ടിയാനകളുള്ള കൂട്ടത്തേയും ഒറ്റയാന്‍മാരേയും മോഴകളേയും പേടിക്കണം. കുരുന്നുകള്‍ ഉണ്ടെങ്കില്‍ പിടികള്‍ ആഞ്ഞുകുതിച്ചു വന്നു തിരിച്ചു പോവും... ഒറ്റയാന്‍ വഴി മുടക്കിയാണു നില്‍ക്കുക. ചെവികളാട്ടി തുമ്പി പകുതിയുയര്‍ത്തി മണം പിടിച്ചു ശിലപോലെ നില്‍ക്കും. സകലതിനോടും കലി പൂണ്ട കരിരൂപത്തെ കരുതണം. കുതികൊണ്ടാല്‍ അപകടമുറപ്പ്.
മോഴകള്‍ പക്ഷെ മാറ്റാനെപ്പോലെ മറഞ്ഞാണ് നില്‍ക്കുക. അറിയുകപോലുമില്ല. ചിലനേരം ചെറുതായി ചിനക്കുമത്രെ. ചതിച്ചുപിടിക്കുന്ന അപകടകാരിയാണവന്‍..
തുപ്പാക്കി പൊട്ടിച്ചും പന്തം കത്തിച്ചും ഫലമില്ലെങ്കില്‍ ചിതറി ഓടുക മാത്രമാണ് മാര്‍ഗ്ഗം.
ആനക്ക് കാട്ടില്‍ അതിവേഗം കൈവരും.
''ഒരാന തിവസമേഴുമലകേറും തമ്പ്രാ.'' വഴികാട്ടി കുറുമന്‍ പറഞ്ഞു. ''കേറാനും എറങ്ങാനും ഓനെളുപ്പം. പാട് മനസ്ന് മാത്രം.''
ഒരു മലയിറങ്ങിയാല്‍ ചിലപ്പോള്‍ പിന്നെയും ഒരു മല എഴുന്നു മുന്നില്‍വന്നുനില്‍ക്കും. ശ്വാസമണക്കാന്‍ ഇടയില്ലാതെ അതും താണ്ടണം. കാട്ടില്‍ സമയം പ്രധാനപ്പെട്ടതാണ്. നേരമിടിയും മുമ്പ് പുഴയിറമ്പോ മലമുടിയോ ചെന്നു ചേരണം. തമ്പടിക്കണം.
ചോലവനങ്ങളുടെ മുടി കയറുമ്പോള്‍ കാറ്റ് വന്നുപൊതിയും. വകഞ്ഞു പോകുമ്പോള്‍ വാണ്ടു പുളയും. നീണ്ട ഇലപ്പുല്ലുകള്‍ക്ക് ചിലപ്പോള്‍ കത്തിമുള്ളിനേക്കാള്‍ മൂര്‍ച്ചയാണ്. മഴകിനിഞ്ഞ ദിനെമെങ്കില്‍ ഇലകളില്‍ അട്ടകള്‍ ചാടിപ്പിടിക്കാനോരുങ്ങി ചുരുണ്ടു നില്‍ക്കുന്നുണ്ടാവും. വന്നു വീണാല്‍ പുകയിലവെള്ളവും ചുണ്ണാമ്പും കുഴച്ചെടുത്ത കുഴമ്പ് വീഴ്ത്തണം. ഇല്ലെങ്കില്‍ പിന്ന ചോരപ്രളയമാവും. കാണാത്ത നൂറിടത്ത് കയറാനും വിരുതനാണവന്‍.
നേത്രാവതിക്കപ്പുറവും ഇതു പോലെ കറുത്ത കാടായിരുന്നു.
ഓര്‍മ്മകള്‍ ഉറക്കവുമായി ഒളിച്ചു കളി നടത്തുന്നു. എന്നായിരുന്നു അത്. ഇന്നലെക്കഴിഞ്ഞപോലെ. അതോ ഏതോ യുഗങ്ങള്‍ക്കപ്പുറമോ....
കുന്നോത്ത് എടത്തില്‍ നമ്പ്യാരും പരിവാരങ്ങളും ഏര്‍പ്പാടാക്കിയ തോണി മറുകരയെത്തിയപ്പോഴേക്കും ബണ്ടുകള്‍ ഉപചാരപൂര്‍വം സ്വീകരിക്കാനെത്തിയിരുന്നു. പുതിയ ഏതോ ലോകത്തേക്കു കാലുകുത്തുന്ന യുവാക്കളുടെ കണ്ണുകളില്‍ ആകാംക്ഷയും ആവേശവും മിന്നി..
''ഈ ദൂര എഡ്ഡ...''
എത്രദൂരമുണ്ട്
കേരളവര്‍മ്മ ചോദിച്ചു. തമ്പുരാന് തുളു വശമുണ്ട്.
''ലീ ജാരിഗെ കിച്ചു ദൂര റായി''
ഇവിടുന്ന കുറച്ചുദൂരം തമ്പുരാനെ...
നാലു ദിനം നടന്നു എന്നു പറയുന്നതാവും ശരി. ഇതുപോലെ കാടും കടവും നടന്നു കടന്നു. മഴയൊഴിയാത്ത ദിനരാത്രങ്ങള്‍. എന്തിനാണിവിടെ ഇങ്ങനെ നിത്യവും തുളിക്കുന്നത് എന്നു തോന്നി...
അക്ഷമ കാണുമ്പോള്‍ ബണ്ട് ചിരിച്ചു കൊണ്ടു പറയും
''ഒരിയാണ്ടു റായ്..''
എത്തിപ്പോയി തമ്പ്രാ..
പല്ലവികള്‍ പലതവണ ആവര്‍ത്തിച്ചപ്പോള്‍ കമ്മു തമാശക്കു പറഞ്ഞു
'ഇതൊരാണ്ടു കഴിഞ്ഞാലും കയറില്ല..''
കാട്ടുനടത്തവും തുളു മനകളിലെ ഊട്ടയും കിടത്തവും മടുത്തു മനംപുരട്ടിയപ്പോള്‍ പാമ്പിനെപ്പോലെ പുളഞ്ഞൊഴുകുന്ന ഒരു പുഴകാണാറായി. അതിന്റെ ഗതിപിടിച്ചു മുകളിലേക്ക് നടന്നേറിയപ്പോള്‍ ദൂരെ ഏതൊ ജലപാതഗര്‍ജ്ജനം (1) കേട്ടു. മഴയില്‍ മദിച്ച പുഴ ആയിരം പത്തി വിടര്‍ത്തി വലിയൊരു കല്‍കുന്നിനെ മറച്ച് നുരച്ചുമറിയുകയാണ്.
അവിടെ, ശതാവരി പെയ്തിറങ്ങുന്ന തടത്തില്‍, കനത്ത കാന്താരത്തിനിടയില്‍ സര്‍വതന ഗുരുവര്യന്റെ തുളുക്കളരി.
(തുടരും)
(1)ശതാവരി നദിയില ജോഗ് വെള്ളച്ചാട്ടം
Content Highlights: kulavan novel harilal rajagopal chapter 23