വെള്ളമാന്‍, ആകെത്തുക, മേഘങ്ങള്‍: ബോര്‍ഹെസ്സിന്റെ മൂന്നു കവിതകളുടെ വിവര്‍ത്തനം

#സജയ് കെ.വി
ബോര്‍ഹെസ്/ ഫോട്ടോ: എ.പി
ബോര്‍ഹെസ്/ ഫോട്ടോ: എ.പി

വെള്ളമാന്‍ 

പച്ചപ്പാര്‍ന്ന ഇംഗ്ലണ്ടിലെ ഏത് ഗ്രാമീണപുരാവൃത്തത്തില്‍ നിന്നാണ്,
ഏത് പേര്‍ഷ്യന്‍ മുദ്രണത്തില്‍ നിന്നാണ് ,
ഇന്നലെയില്‍ അടക്കം ചെയ്യപ്പെട്ട രാപ്പകലുകളുടെ
ഏത് നിഗൂഢരാശിയില്‍ നിന്നാണ്
ആ വെളളമാന്‍ വന്നത്, ഞാന്‍ ഇന്നു രാവിലേ
സ്വപ്നം കണ്ട ആ വെള്ളമാന്‍?
ഒരു മാത്രയേ അതു നിന്നുള്ളൂ ,
ഒരു പാടം മുറിച്ചു കടന്ന്
ഒരു സന്ധ്യയുടെ
മായികസൗവര്‍ണ്ണത്തില്‍
മാഞ്ഞു പോകും മുന്‍പ് .
ദ്രുതപാദങ്ങളോടു കൂടിയ
ഒരു ജീവി,
പാതി ഓര്‍മ്മയാലും
പാതി മറവിയാലും തീര്‍ത്തത് ,
ഒരു വശം മാത്രമുള്ളത്.
ഈ ലോകത്തിന്റെ ദുരൂഹനിയമങ്ങള്‍
നിന്നെ സ്വപ്നം കാണാന്‍
എന്നെ അനുവദിച്ചു,
നിന്റെ യജമാനനാവാനല്ലെങ്കിലും.
വിദൂരഭാവിയുടെ ഏതോ ഒരു വളവില്‍ വച്ച്, സ്വപ്നത്തിലെ
വെളളമാനേ, 
നിന്നെ ഞാന്‍ വീണ്ടും
കണ്ടുമുട്ടും.
ഞാനും ഒരു സ്വപ്നമാണല്ലോ ,
ഒരു പാടവും
ഒരു മിന്നായവും
പോലെ
ക്ഷണികമായത്.

ആകെത്തുക

അനന്തതയായി ഭാവന ചെയ്യാവുന്ന
വെള്ളപൂശിയ ഒരു ചുവരിന്റെ
വെണ്‍മയ്ക്കഭിമുഖമായിരുന്ന്
അതില്‍ നല്ലൊരു തൂലികയാല്‍
കണിശമായ വരകളിലൂടെ
ഈ ലോകമപ്പടി പകര്‍ത്തുന്നതിനെപ്പറ്റി ചിന്തിക്കുകയാണ്
ഒരാള്‍:
വാതിലുകളും തുലാസുകളും
താര്‍ത്താരികളും ഹയസിന്തുകളും
നങ്കൂരങ്ങളും ഉക്‌സ്മല്‍നഗരവും
അനന്തതയും പൂജ്യവും.
അങ്ങനെ 
അവന്‍ ആ ചുവരിനെ
രൂപബഹുലമാക്കുന്നു.
വിചിത്രമായ പാരിതോഷികങ്ങളുടെ കാര്യത്തില്‍ ഉദാരനായ നിയതി,
തളര്‍ന്നടിയുവോളം അവനെ പിന്‍തുണയ്ക്കുന്നു.
മരണമുഹൂര്‍ത്തത്തില്‍
അയാള്‍ കാണുന്നു,
ആകെക്കുഴമറിഞ്ഞതും
അപരിമേയവുമായ ആ കോറലുകളാല്‍ വരയ്ക്കപ്പെട്ടത്
അവന്റെ തന്നെ
മുഖമായിരുന്നു എന്ന്.

മേഘങ്ങള്‍

മേഘമല്ലാത്ത യാതൊന്നുമില്ല.
കാലം തുടച്ചുനീക്കാനിരിക്കുന്ന,
ഉരുളന്‍ കല്ലുകളാല്‍ പടുത്ത വൃക്ഷവും
ചില്ലുജാലകങ്ങളില്‍
ബൈബിള്‍ച്ചിത്രങ്ങളുമുള്ള
ഭദ്രാസനപ്പള്ളികളില്‍ അതുണ്ട്.
കടല്‍ പോലെ മാറിക്കൊണ്ടേയിരിക്കുന്ന
'ഒഡീസ്സി'യിലുമുണ്ടത്,
ഓരോ പ്രാവശ്യം തുറക്കുമ്പോഴും അത്
ഓരോ പുതിയ പുസ്തകം.
കണ്ണാടിയില്‍ കാണുന്ന
നിങ്ങളുടെ മുഖവും
ഓരോ കാഴ്ച്ചയിലും
ഓരോന്ന്.
സ്ഥലത്തിന്റെ സന്ദിഗ്ദ്ധമായ രാവണന്‍കോട്ടയിലാണല്ലോ നമ്മള്‍,
കടന്നുപോകുന്നവര്‍.
അസ്തമയസൂര്യന്റെ പ്രഭയില്‍ വിലയിക്കുന്ന
മേഘക്കൂട്ടങ്ങള്‍ വരയ്ക്കുന്നത്
നമ്മുടെ തന്നെ ചിത്രങ്ങള്‍.
പനിനീര്‍പ്പൂ, നിരന്തരം,
മറ്റൊരു പനിനീരായി മാറിക്കൊണ്ടിരിക്കുന്നു.
നിങ്ങളാണ് മേഘവും കടലും .
നിങ്ങളാണ് വിസ്മൃതി. അങ്ങകലെ,
നിങ്ങള്‍ക്കു തന്നെ നഷ്ടപ്പെട്ട
ഒരാളാകുന്നു നിങ്ങള്‍.


 

Content Highlights: jorge luis borges three poems translation sajay kv