ജാസ്മിൻ പൂത്ത ശ്മശാനം | നോവൽ

#എം.വി. വനിത
ചിത്രീകരണം: കെ. ഷെരീഫ്
ചിത്രീകരണം: കെ. ഷെരീഫ്

അധ്യായം 1
ചാരമണിഞ്ഞ ഓർമകൾ

ദൻ നഗരത്തിന്റെ ആകാശം പണ്ടേ അതിന്റെ നീലിമ മറന്നിരുന്നു. കരിപുരണ്ട മേഘങ്ങളും, എരിഞ്ഞുതീർന്ന വെടിമരുന്നിന്റെ കടുപ്പമേറിയ ഗന്ധവും ആ നഗരത്തിലെ വായുവിനെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു. അകലെയെവിടെയോ ഇപ്പോഴും ബോംബുകൾ വീഴുന്നതിന്റെ നേർത്ത മുഴക്കം കേൾക്കാം. റോഡുകളിൽ ആളൊഴിഞ്ഞിരുന്നു. പകരം സൈനിക വാഹനങ്ങളുടെ ചരൽപ്പാച്ചിലുകളും സൈറൺ ശബ്ദങ്ങളും മാത്രം ബാക്കിയായി. പക്ഷേ, ആ നഗരത്തിന്റെ ഒരു കോണിലുള്ള ആ പഴയ സെമിത്തേരിയിൽ ഭയാനകമായ ഒരു നിശ്ശബ്ദത തളംകെട്ടി നിന്നു. ജീവിതത്തിന്റെ ബഹളങ്ങളെല്ലാം അവസാനിക്കുന്നയിടം.

പന്ത്രണ്ട് വയസ്സുകാരനായ താരിഖ് ആ നിശ്ശബ്ദതയിലേക്ക് നടന്നുപോവുകയായിരുന്നു. അവന്റെ കാലുകളിൽ ചെരുപ്പുകളുണ്ടായിരുന്നില്ല. യുദ്ധം കവർന്നെടുത്ത നഗരത്തിലെ തെരുവുകളിലെ ചില്ലുകളും കൂർത്ത കല്ലുകളും ചവിട്ടി അവന്റെ പാദങ്ങൾ മുറിവേറ്റിരുന്നു. പൊടിയും ചോരയും കലർന്ന ആ കാലുകളിലെ വേദനയൊന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല. അവന്റെ ഉള്ളിലെ ശൂന്യത ആ മുറിവുകളേക്കാൾ എത്രയോ വലുതായിരുന്നു.

അവന്റെ കൈകളിൽ ഒരു പഴയ ഈർക്കിൽ ചൂലും, പകുതിയൊടിഞ്ഞ ഒരു പ്ലാസ്റ്റിക് കപ്പും ഉണ്ടായിരുന്നു. കുറച്ചകലെയുള്ള പൊതുടാപ്പിൽ നിന്ന്, അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പാടുപെട്ട് കോരിയെടുത്ത അല്പം വെള്ളം ആ കപ്പിലുണ്ടായിരുന്നു. അദനിൽ ഇപ്പോൾ മനുഷ്യർക്ക് കുടിക്കാൻ പോലും വെള്ളമില്ല, എന്നിട്ടും താരിഖ് ആ വെള്ളം കൊണ്ടുവന്നത് മറ്റൊരു ആവശ്യത്തിനായിരുന്നു.

താരിഖ് നടന്ന് വന്ന് നിന്നത് വരിവരിയായി കിടക്കുന്ന കല്ലറകൾക്ക് മുന്നിലാണ്. വെടിയുണ്ടകൾ തറച്ച് തകർന്നുപോയ കല്ലറകൾ. അതിൽ ഏറ്റവും പുതിയ രണ്ട് കല്ലറകൾക്ക് മുന്നിൽ അവൻ നിന്നു. കളിമണ്ണും ചരലും കൊണ്ട് പരുക്കനായി പണിതുയർത്തിയ, ഇനിയും പൂർണ്ണമായി ഉണങ്ങാത്ത രണ്ട് മൺകൂനകൾ. അതിന് മുകളിൽ പേരെഴുതി വെക്കാൻ ഒരു മാർബിൾ കഷണം പോലും അവന് കിട്ടിയിരുന്നില്ല. ഒരു ചെറിയ മരപ്പലകയിൽ കരിയും എണ്ണയും കൂട്ടിപ്പിടിപ്പിച്ച് അവൻ തന്നെ എഴുതിയ പേരുകൾ അതിന് മുന്നിൽ കുത്തിവെച്ചിട്ടുണ്ടായിരുന്നു 'ഫാത്തിമ', 'അലി'.

അവൻ ആ മൺകൂനകൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു. ഒരു മാസം മുൻപ് വരെ, ഇതേ നഗരത്തിലെ ഒരു ചെറിയ വാടകവീട്ടിൽ അവൻ ഉമ്മയുടെ മടിയിൽ തലവെച്ചു കിടന്നിരുന്നതാണ്. അത്താഴത്തിന് ശേഷം വാപ്പ പറഞ്ഞുതരുന്ന പഴയ അറബിക്കഥകളുടെയും, അദ്ദേഹം കൊണ്ടുവരുന്ന ഈത്തപ്പഴത്തിന്റെ മധുരത്തിന്റെയും ലോകമായിരുന്നു അവന്റേത്. ഒരു രാത്രിയിൽ മുകളിൽ നിന്ന് വീണ ഒരു ഇരുമ്പ് പക്ഷി ആ ലോകത്തെയാകെ ചാരമാക്കി മാറ്റി. വലിയൊരു സ്ഫോടന ശബ്ദത്തോടെ വീട് തകർന്നു വീണപ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ കട്ടിലിനടിയിൽ പെട്ടുപോയതുകൊണ്ടാണ് താരിഖ് രക്ഷപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തകർ അവനെ പുറത്തെടുത്തപ്പോൾ അവന് വേണ്ടി ജീവിക്കാൻ ഈ ഭൂമിയിൽ ആരും ബാക്കിയുണ്ടായിരുന്നില്ല.

'ഉമ്മാ... വാപ്പാ..'
അവന്റെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു. തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തേക്ക് വന്നില്ല. കരഞ്ഞുതീർത്ത കണ്ണുകളിൽ നിന്ന് കണ്ണീരും വറ്റിപ്പോയിരുന്നു. കരയാൻ പോലും കരുത്തില്ലാത്ത അവസ്ഥ. അവൻ പതുക്കെ കപ്പിലെ വെള്ളമെടുത്ത് ആ മൺകൂനകൾക്ക് മുകളിലേക്ക് തളിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ ഉണങ്ങിതുടങ്ങിയ ആ മണ്ണ് വെള്ളം ദാഹത്തോടെ കുടിച്ചിറക്കി. കൈകൾ കൊണ്ട് അവൻ ആ കല്ലറയ്ക്ക് മുകളിലെ പൊടിയും ചെറിയ കല്ലുകളും മാറ്റി. വളരെ സൂക്ഷിച്ച്, സ്നേഹത്തോടെ അവൻ ആ മണ്ണ് തലോടി. തന്റെ ഉമ്മയുടെ കവിളിൽ തൊടുന്നത് പോലെയാണ് അവന് തോന്നിയത്. ചുറ്റും വീശിയടിച്ച ചൂടുകാറ്റിൽ പറന്നുവന്ന ഉണങ്ങിയ ഇലകൾ അവൻ ഓരോന്നായി പെറുക്കിമാറ്റി. തന്റെ മാതാപിതാക്കൾ കിടക്കുന്ന ഇടം എപ്പോഴും വൃത്തിയായിരിക്കണം എന്ന് ആ കുഞ്ഞു മനസ്സ് വാശിപിടിച്ചു.

'ഞാൻ തനിച്ചല്ലല്ലോ അല്ലേ?' അവൻ ആ മൺകൂനയോട് ചോദിച്ചു. മറുപടിയായി ഒരു നേർത്ത കാറ്റ് വന്ന് അവന്റെ മുടിയിഴകളെ തലോടി കടന്നുപോയി. ആ സ്പർശനത്തിൽ അവന് ഉമ്മയുടെ കൈകളുടെ ചൂട് തോന്നി.

പെട്ടെന്നാണ് ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു ചുമ കേട്ടത്. താരിഖ് ഞെട്ടിത്തിരിഞ്ഞു നോക്കി. സെമിത്തേരിയുടെ കവാടത്തിനടുത്തുള്ള ഒരു വലിയ ഒലിവ് മരത്തിന്റെ തണലിൽ, നീണ്ട താടിയുള്ള, ജീർണിച്ച വസ്ത്രം ധരിച്ച ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. കയ്യിലൊരു വടിയും പിടിച്ച്, ആഴത്തിലുള്ള കണ്ണുകളോടെ അയാൾ താരിഖിനെത്തന്നെ നോക്കുകയായിരുന്നു. ആ സെമിത്തേരിയിലെ പഴയ സൂക്ഷിപ്പുകാരനായ അബു അഹമ്മദ് ആയിരുന്നു അത്. വർഷങ്ങളായി ആ ശ്മശാനത്തിന്റെ കാവൽക്കാരൻ. യുദ്ധത്തിൽ സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടതുമുതൽ അയാൾ ഈ കല്ലറകൾക്കിടയിലാണ് ജീവിക്കുന്നത്.

അബു അഹമ്മദ് പതുക്കെ എഴുന്നേറ്റ് താരിഖിന്റെ അടുത്തേക്ക് നടന്നു വന്നു. അയാളുടെ കാലുകൾക്ക് അല്പം സ്വാധീനക്കുറവുണ്ടായിരുന്നു. താരിഖിന്റെ കൈയിലെ ചൂലിലേക്കും അവൻ വൃത്തിയാക്കിയ കല്ലറയിലേക്കും അയാൾ നോക്കി.

'നിന്റെ ഉമ്മയും വാപ്പയുമാണോ?' അബു അഹമ്മദ് ശാന്തമായ ശബ്ദത്തിൽ ചോദിച്ചു.

താരിഖ് ഒന്നും മിണ്ടാതെ തലയാട്ടി.

'ഇവിടെ ദിവസവും ഒരുപാട് പേർ വരുന്നുണ്ട് കുട്ടീ... കരയുന്നു, മണ്ണിൽ തലതല്ലുന്നു, പിന്നെ തിരിച്ചുപോകുന്നു. പക്ഷേ നീ... നീ ഈ വെയിലത്ത് ഈ മണ്ണ് വൃത്തിയാക്കുകയാണല്ലോ?' വൃദ്ധൻ അവന്റെ ചുമലിൽ കൈവെച്ചു.

'എനിക്ക് വേറെ എങ്ങോട്ടും പോകാനില്ല അമ്മൂച്ചാ...' താരിഖ് ആദ്യമായി സംസാരിച്ചു. അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. 'എന്റെ വീട് തകർന്നുപോയി. ബന്ധുക്കൾ ആരുമില്ല. എനിക്ക്... എനിക്ക് ഇവരുടെ കൂടെ ഇവിടെ നിന്നാൽ മതി. ഞാൻ ഈ സെമിത്തേരി മുഴുവൻ വൃത്തിയാക്കിക്കോളാം. എനിക്ക് ഇവിടെ നിൽക്കാൻ അനുവാദം തരുമോ?'

അബു അഹമ്മദ് ആ കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ഭയമായിരുന്നില്ല, മറിച്ച് വേരറ്റുപോകുന്ന ഒരു ചെടിയുടെ അതിജീവനത്തിനായുള്ള യാചനയായിരുന്നു. മരണത്തിന്റെ താഴ്‌വരയിൽ അഭയം ചോദിക്കുന്ന ഒരു ജീവൻ.

അയാൾ ദീർഘമായി ഒന്നു ശ്വാസമടുത്തു. 'ഈ മണ്ണിൽ ഉറങ്ങുന്നവർക്ക് ആരുടെയും ശല്യമില്ലാത്ത ഒരിടം വേണം താരിഖ്. നിനക്ക് ഈ കല്ലറകൾ കാക്കാൻ കഴിയുമെങ്കിൽ... എന്റെ കൂടെ ഇവിടെ നിൽക്കാം. ഇതാണ് ഇനി നിന്റെയും ലോകം.'

താരിഖ് ആ വൃദ്ധന്റെ മുഖത്തേക്ക് നോക്കി. ഒരു തണൽ കിട്ടിയ ആശ്വാസത്തിൽ, വറ്റിപ്പോയെന്ന് കരുതിയ അവന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ മണ്ണിലേക്ക് ഇറ്റുവീണു.

അധ്യായം 2
കല്ലറകളുടെ കാവൽക്കാരൻ

സെമിത്തേരിയുടെ ഒരു കോണിലുള്ള ചെറിയ മൺകുടിലിലായിരുന്നു അബു അഹമ്മദിന്റെ താമസം. തകർന്ന സിമന്റ് കട്ടകളും ഈന്തപ്പനയോലകളും കൊണ്ട് മറച്ച ആ ചെറിയ മുറിയിലേക്ക് താരിഖ് ആദ്യമായി ചുവടുവെച്ചു. അവിടെ ആകെയുണ്ടായിരുന്നത് കുറച്ചു പഴയ പാത്രങ്ങളും, കീറിയ രണ്ട് പായകളും, ഒരു മണ്ണെണ്ണ വിളക്കും മാത്രമായിരുന്നു. എങ്കിലും, മാസങ്ങൾക്ക് ശേഷം ഭയമില്ലാതെ തലചായ്ക്കാൻ ഒരിടം കിട്ടിയ ആശ്വാസത്തിലായിരുന്നു അവൻ.

അന്ന് രാത്രി അബു അഹമ്മദ് തന്റെ കയ്യിലുണ്ടായിരുന്ന ഉണങ്ങിയ ഖുബ്ബൂസിന്റെ (അറബിക് റൊട്ടി) ഒരു കഷണം താരിഖിന് നേരെ നീട്ടി.

'കഴിക്ക് കുട്ടീ, വിശക്കുന്നുണ്ടാവും.'
താരിഖ് അത് വാങ്ങി പതുക്കെ കടിച്ചുതുപ്പി. വരണ്ടുണങ്ങിയ ആ റൊട്ടി തൊണ്ടയിലൂടെ ഇറക്കാൻ അവൻ പാടുപെട്ടു. അത് കണ്ട വൃദ്ധൻ തന്റെ മൺകുടത്തിൽ നിന്ന് അല്പം വെള്ളം ഒരു സ്റ്റീൽ ഗ്ലാസ്സിലേക്ക് പകർന്നു നൽകി.

'അദനിൽ ഇപ്പോൾ ആഹാരത്തേക്കാൾ വില വെടിയുണ്ടകൾക്കാണ് താരിഖ്,' അബു അഹമ്മദ് വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ തന്റെ വടി തുടച്ചുകൊണ്ട് പറഞ്ഞു. 'ഇവിടെ ജീവനോടെ ഇരിക്കുക എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. നീ ആ ഭാഗ്യം സിദ്ധിച്ചവനാണ്. അതുകൊണ്ട് ജീവിക്കണം, നിന്റെ ഉമ്മയ്ക്കും വാപ്പയ്ക്കും വേണ്ടി.'

അന്ന് രാത്രി താരിഖ് ആ പായയിൽ കിടക്കുമ്പോൾ പുറത്ത് വീണ്ടും വിമാനങ്ങളുടെ ഇരമ്പൽ കേട്ടു. അവൻ ഭയത്തോടെ കണ്ണുകൾ അടച്ചുപിടിച്ചു. മുൻപൊക്കെ ഈ ശബ്ദം കേൾക്കുമ്പോൾ അവൻ ഉമ്മയെ കെട്ടിപ്പിടിക്കാറുണ്ടായിരുന്നു. ഇപ്പോൾ കൈകൾ നീട്ടിയപ്പോൾ തൊട്ടടുത്ത് വെറും തണുത്ത നിലം മാത്രം. അവൻ പതുക്കെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. നിലാപ്രകാശത്തിൽ അവന്റെ ഉമ്മയുടെയും വാപ്പയുടെയും കല്ലറകൾ ദൂരെ മങ്ങിക്കാണാമായിരുന്നു. ആ കാഴ്ച അവന് ഭയത്തിന് പകരം ഒരുതരം ധൈര്യമാണ് നൽകിയത്. 'അവർ അവിടെയുണ്ട്, എനിക്ക് കാവലായി...' അവൻ സ്വയം മന്ത്രിച്ചു.

പിറ്റേന്ന് രാവിലെ സൂര്യൻ ഉദിച്ചുയരുന്നതിന് മുൻപ് തന്നെ താരിഖ് ഉണർന്നു. തലേദിവസം കിട്ടിയ ചൂലുമെടുത്ത് അവൻ സെമിത്തേരിയുടെ ഓരോ കോണും വൃത്തിയാക്കാൻ തുടങ്ങി. വർഷങ്ങളായി വീണുകിടക്കുന്ന ഉണങ്ങിയ ഇലകൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, യുദ്ധത്തിന്റെ അവശിഷ്ടങ്ങളായ വെടിയുണ്ടകളുടെ കഷണങ്ങൾ... എല്ലാം അവൻ പെറുക്കി കൂട്ടിവെച്ചു. അബു അഹമ്മദ് കുടിലിന്റെ തിണ്ണയിലിരുന്ന് ആ പന്ത്രണ്ടുകാരന്റെ ഉത്സാഹം നോക്കിക്കണ്ടു. ഒരു വലിയ ദുരന്തം തളർത്തിക്കളയേണ്ട കുഞ്ഞ്, കല്ലറകൾക്ക് നടുവിൽ തന്റെ ജീവിതം തുന്നിച്ചേർക്കാൻ ശ്രമിക്കുകയാണ്.

ഉച്ചയോടടുത്ത് സെമിത്തേരിയുടെ വലിയ ഇരുമ്പ് കവാടം തുറക്കുന്ന ശബ്ദം കേട്ടു. നാലഞ്ച് പുരുഷന്മാർ ചേർന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ ശരീരം ചുമലിലേറ്റി വരികയായിരുന്നു. അതൊരു കുട്ടിയുടെ മൃതദേഹമായിരുന്നു. പുറകെ ഒരു ഉമ്മ നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു, മുഖത്ത് ചാരവും ചോരയും ഉണങ്ങിപ്പിടിച്ചിരുന്നു.

താരിഖ് ചൂൽ താഴെവെച്ച് ആ കാഴ്ച നോക്കിനിന്നു. ഒരു മാസം മുൻപ് തന്റെ വീട്ടിലും ഇതുപോലെയായിരുന്നു എന്ന് അവൻ ഓർത്തു. അവന് ആ ഉമ്മയോട് ഓടിച്ചെന്ന് സംസാരിക്കണം എന്ന് തോന്നി. പക്ഷേ, അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അബു അഹമ്മദ് വേഗത്തിൽ നടന്ന് ചെന്ന് അവർക്ക് കുഴിയെടുക്കാനുള്ള സ്ഥലം കാണിച്ചുകൊടുത്തു. യുദ്ധം തുടങ്ങിയതിൽ പിന്നെ ഇവിടെ മൃതദേഹങ്ങൾ വരുന്നത് ഒരു പതിവുകാഴ്ചയായി മാറിയിരുന്നു. പലപ്പോഴും കുഴിയെടുക്കാൻ പോലും ആളുണ്ടാവാറില്ല.

അവർ പോയതിന് ശേഷം, താരിഖ് ആ പുതിയ കല്ലറയുടെ അടുത്തേക്ക് നടന്നുചെന്നു. ആ ഉമ്മ കരഞ്ഞുതളർന്ന് ഉപേക്ഷിച്ചുപോയ ഒരു ചെറിയ കളിപ്പാട്ടക്കപ്പൽ ആ മൺകൂനയ്ക്ക് മുകളിൽ കിടപ്പുണ്ടായിരുന്നു. താരിഖ് അത് കൈയിലെടുത്തു. പൊടിപിടിച്ച ആ കളിപ്പാട്ടം തുടച്ചുവെച്ചുകൊണ്ട് അവൻ ആ കല്ലറയ്ക്ക് മുകളിൽ അല്പം വെള്ളം തളിച്ചു.

'ഇനി നീ ഇവിടെ ഒറ്റയ്ക്കല്ല...' ആ മൺകൂനയോട് താരിഖ് പതുക്കെ പറഞ്ഞു. അബു അഹമ്മദ് അവന്റെ അടുത്തെത്തി. 'ഇതാണ് ഈ സ്ഥലത്തിന്റെ നിയമം താരിഖ്. ഇവിടെ വരുന്നവരെല്ലാം സങ്കടം മാത്രം ബാക്കിവെച്ച് പോകുന്നവരാണ്. നമ്മൾ ആ സങ്കടങ്ങൾക്ക് കാവലിരിക്കുന്നവരും.'

താരിഖ് അബു അഹമ്മദിന്റെ മുഖത്തേക്ക് നോക്കി. 'അമ്മൂച്ചാ, ഞാൻ ഈ സെമിത്തേരി ഒരു പൂന്തോട്ടമാക്കും. ഇവിടെ വരുന്നവർക്ക് സങ്കടം മാത്രമല്ല, കുറച്ചു സമാധാനവും കൂടി കിട്ടണം.'

ആ കുഞ്ഞു മനസ്സിലെ ചിന്ത കേട്ട് അബു അഹമ്മദിന്റെ കണ്ണുകൾ അത്ഭുതംകൊണ്ടും ആർദ്രതകൊണ്ടും നിറഞ്ഞു. യുദ്ധം മനുഷ്യരിൽ നിന്ന് സ്നേഹം കവർന്നെടുക്കുമ്പോൾ, ഈ കുട്ടി മരണത്തിന്റെ ഈ താഴ്‌വരയിൽ സ്നേഹത്തിന്റെ വിത്തുകൾ പാകാൻ ആഗ്രഹിക്കുന്നു!

Content Highlights: A powerful narrative set against the backdrop of the 2026 conflict., Follows the emotional journey of 12-year-old Tariq, a war survivor., Explores themes of loss, resilience, and the transformation of a graveyard into a place of peace., Highlights the human spirit's ability to find purpose amidst total destruction.