'സത്യത്തില്‍ അയാള്‍ എന്നെത്തേടി വന്നതായിരുന്നില്ലേ?; വീട്ടില്‍ വന്ന ആ ബോംബേക്കാരന്‍?'

മായയും അപ്പുവും നരേന്ദ്രനുമടങ്ങുന്ന പത്മരാജന്റെ 'ഇന്നലെ' പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ചലച്ചിത്രാനുഭവമാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രങ്ങളുടെ ജീവിതം എന്തായിത്തീര്‍ന്നിരിക്കും? അവരിലൂടെ സഞ്ചരിക്കുകയാണ് 'ഇന്നലെകള്‍ക്കപ്പുറം' എന്ന നോവലിലൂടെ അന്‍വര്‍ അബ്ദുള്ള. പുസ്തകത്തില്‍നിന്നൊരു ഒരു ഭാഗം വായിക്കാം...
ഏതയാളെന്നോ?.. അപ്പുവേട്ടന്‍ മറന്നോ... എന്റെ സ്വപ്നത്തില്‍വരുന്ന അയാള്..., മായ ആശ്ചര്യത്തോടെ ചോദിച്ചു. അപ്പുവില്‍നിന്നൊരു ജീവശ്വാസം മഞ്ഞുപുകയായി പുറത്തുപോയി.
- ആ ഒറ്റമരത്തിന്റെ ചോട്ടില്..., മായ അവനെ ഓര്‍മപ്പെടുത്താന്‍ സൂചനനല്‍കി. മനസ്സിലായിവരുന്ന മട്ടില്‍ അപ്പുവിന്റെ നെറ്റിയില്‍ വരകള്‍ തെളിഞ്ഞു. മായ വിശദീകരിച്ചു.
- ആശുപത്രീക്കെടന്ന് ഒറങ്ങുമ്പം, ഞാനാ സ്വപ്നം വീണ്ടും കണ്ടു. ഇത്തവണ ഞാനയാളുടെ അടുത്തേക്കോടിച്ചെന്നു. അയാളുടെ മുഖത്താകെ മൂടല്‍മഞ്ഞായിരുന്നു. ഞാനയാളെത്തന്നെ നോക്കിനിന്നു. അപ്പോള്‍ മൂടല്‍മഞ്ഞുമാറി. അയാളുടെ മുഖം ഞാന്‍ കണ്ടു...
അപ്പു മായയെ നോക്കി.
- അതയാളാ... അന്ന് അപ്പുവേട്ടന്റെ കൂടെ വന്നില്ലേ, എന്നെക്കാണാന്‍ ആ വീട്ടില് വന്നില്ലേ. അപ്പുവേട്ടന്റെ ബോംബേലുള്ള ഫ്രണ്ട്. അന്നു ചായ കുടിക്കാതെ തെരക്കിട്ടുപോയ...
അപ്പു നടുക്കത്തോടെ വണ്ടി സൈഡിലേക്കു പാളിച്ച് ചവിട്ടിനിര്‍ത്തി മായയെ നോക്കി. മായ ചോദിച്ചു.
- എന്തുപറ്റി?...
ഒന്നുമില്ലെന്നു തലയാട്ടി, അപ്പു വണ്ടി മുന്നോട്ടെടുത്തു. മായ പൂരിപ്പിച്ചു.
- അയാളെന്നെത്തന്നെ നോക്കിനിന്നു. ഒരുപാടുനേരം. എനിക്കന്നേരം അയാളെ മനസ്സിലായില്ലായിരുന്നു. അതുകൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റിയില്ല. പക്ഷേ, എനിക്കെന്തോ അയാളോടു ചോദിക്കണംന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകളില്‍ നിറയെ ദുഃഖമായിരുന്നു; വല്ലാത്ത ദുഃഖം... ആ നോട്ടം നോക്കിനിന്നപ്പോള്‍ എനിക്കു പേടിയായി. ഞാന്‍ തിരിച്ചോടി. അപ്പോള്‍ ഞാനുണര്‍ന്നു...
അപ്പു വേദനയോടെ മായയെ നോക്കി. ആ നോട്ടത്തിന്റെ ആഴമറിയാതെ, അവനരികിലിരിക്കുന്നതുപോലും മറന്നുപോയമട്ടില്‍, ഏകാകിതയുടെ ജ്വലനംപോലെ അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
- ഉണര്‍ന്നുകഴിഞ്ഞിട്ടും ഞാനൊരുപാടുനേരം ആലോചിച്ചു, അയാളാരാന്ന്... അയാളോട് എന്തുചോദിക്കണംന്നായിരുന്നു എന്റെ മനസ്സിലെന്ന്... ഒടുവില്‍ എനിക്കു മനസ്സിലായി, അന്നെന്താ ചായ കുടിക്കാതെ പോയത് എന്നായിരുന്നു എനിക്കയാളോടു ചോദിക്കാനുണ്ടായിരുന്നത്...
ആ പറച്ചിലിലെ നിഷ്‌കളങ്കത കേള്‍ക്കെ, അപ്പുവിലൊരു നേര്‍ത്ത മന്ദഹാസമുണര്‍ന്നു. അവനെ പൊടുന്നനെ തിരിഞ്ഞുനോക്കി, ഉദ്വിഗ്നയായവള്‍ പറഞ്ഞവസാനിപ്പിച്ചു.
- അതു മനസ്സിലായ സെക്കന്റില്‍ എനിക്കയാളെ ഓര്‍മവന്നു. അതയാളു തന്നെയാ... അപ്പുവേട്ടന്റെ ബോംബേലുള്ള ഫ്രണ്ട്...
മുന്നില്‍ വളഞ്ഞുവരുന്ന റോഡ് അപ്പുവിലെ കുഴങ്ങിനിന്നിരുന്ന മനുഷ്യനെ ഒരുവേള നിസ്സഹായനാക്കി. പക്ഷേ, അടുത്തനിമിഷം മായ അറിയുകപോലും ചെയ്യാതെ അവന്‍ വണ്ടിയുടെ നിയന്ത്രണം വശഗമാക്കി.
വീടിന്റെ സുരക്ഷിതത്വത്തിലും എരിയുന്ന താപകരണിയുടെ ഊഷ്മളതയിലും കിടപ്പറയില്‍ അന്നുരാത്രി സമാധാനത്തോടെ, മായ ഉറങ്ങി.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ
അവളുടെ നിദ്രയുടെ ചാരെ, അടുത്തൊരു മേശയ്ക്കരികില്‍, തുറന്നുവച്ച ലാപ്‌ടോപ്പിന്റെ വെളിച്ചത്തില്‍ അപ്പു ഇരുന്നു. അതിന്റെ മോണിറ്ററില്‍ നിരവധി വളയങ്ങള്‍ വട്ടംചുറ്റുന്നുണ്ടായിരുന്നു. ഒരുതരം വിഭ്രാമകബിംബാവലിയായി അതവനു തോന്നി. തന്റെ തന്നെ മനസ്സിന്റെ പ്രതീകമായതനുഭവപ്പെടുന്നതവനറിഞ്ഞു. അപ്പു മായയെത്തന്നെ നോക്കിയിരിക്കുവാന്‍ തുടങ്ങി. അപ്പുവിന്റെ മനസ്സിലെ കലുഷത വ്യക്തമാകുംവിധം അവന്റെ മുഖഭാവങ്ങള്‍ സങ്കീര്‍ണ്ണമായി. മായയെ നഷ്ടപ്പെടുമോ എന്നൊരു ഭീതി അവനെ വേട്ടയാടുന്നുണ്ടെന്നു തോന്നിച്ചു. മായ ഉറക്കത്തില്‍ ഒന്നു ചലിച്ചു, തിരിഞ്ഞുകിടന്നു. ആ അനക്കംപോലും അപ്പുവിനെ ഞെട്ടിച്ചു. അവന്‍ തിടുക്കത്തില്‍ ലാപ് ഷട്ട്ഡൗണ്‍ ചെയ്യാമെന്നു കരുതി. അവന്റെ വിരല്‍ കീബോര്‍ഡില്‍ തൊട്ടു. ആ നിമിഷത്തില്‍ സ്റ്റാറ്റിക് സ്‌ക്രീന്‍ സേവര്‍ തെളിഞ്ഞു.
അതില്‍ അവളുടെ ചിത്രമായിരുന്നു; അവരുടെ മകള്‍, ഗൗരിപ്രിയയുടെ. അവള്‍ ചിരിതൂവി നില്‍ക്കുന്ന ആ ചിത്രം കണ്ടതോടെ അപ്പുവിന്റെ മുഖത്തെ സങ്കടത്തിലേക്ക് ആശ്വാസത്തിന്റെ ഒരു അല കൂടിക്കലര്‍ന്നു. അയാള്‍ നിശ്ശബ്ദമായി ചുണ്ടനക്കി.
- മോളേ... ഗൗരീ...
ആ നിമിഷം ഒരു സ്വപ്നത്തിലൂടെ അലഞ്ഞാലെന്നോണം മായയുടെ മുഖം ചുളിഞ്ഞു. അതവന്‍ കണ്ടില്ല. അപ്പു ലാപ് ഷട്ട്ഡൗണ്‍ ചെയ്തു.
ഇരുട്ട് ഉലകം ഭരിച്ചു. അവളുടെ കണ്ണുകള്‍ നിദ്രാമുദ്രിതമായിരുന്നതിനാല്‍, ഇരുട്ടില്‍ അവ തിളങ്ങുമായിരുന്നത് അവനോ അവന്റെ കണ്ണുകള്‍ മിനുങ്ങിയത് അവളോ കണ്ടില്ല. അവള്‍ക്കരികിലേക്ക് ചേര്‍ന്നുകിടന്ന അപ്പു കണ്ണടച്ചു. പക്ഷേ, അവള്‍, അസ്വസ്ഥതയോടെ തിരിഞ്ഞുകിടന്നു. അനിച്ഛാകരമായ സാന്നിധ്യത്തിന്റെ തോന്നല്‍, ഉറക്കത്തിലെ അവളുടെ അപരലോകത്തില്‍ അഹിതകരമായതുപോലെ.
വീടകത്തിലെ പകല്‍പ്രളയത്തില്‍, അടുത്തനാള്‍ രാവിലെ, അടുക്കളയില്‍ ചായ അനത്തുന്ന മായ സ്വസ്ഥയായിരുന്നു. മറുലോകങ്ങള്‍ ഇപ്പോഴവളെ ഭരിച്ചില്ല. സഹായിയായ ശാരദ കറിക്കൂട്ടുകളരിയുകയോ മറ്റോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന്, അരിഞ്ഞത് കൂട്ടിവച്ച്, മറ്റെന്തോ കാര്യത്തിന് ശാരദ പുറത്തേക്കുനീങ്ങി. അവര്‍ പോകുന്നത് നോക്കുന്ന മായ നോട്ടം തിരിച്ചുകൊണ്ടുവരുമ്പോഴേക്കും ചായ തിളച്ചിരുന്നു. തിളയ്ക്കുന്ന ചായയിലേക്കു നോക്കി നിന്ന അവള്‍ ഒരുനിമിഷാര്‍ദ്ധംകൊണ്ട് ഓര്‍മയിലേക്ക്, ഭൂതകാലത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അതീതലോകം അരനിമിഷംകൊണ്ട് ആവിര്‍ഭവിച്ചു. അവളതിന്റെ ചുഴിയില്‍പ്പെട്ടുകഴിഞ്ഞു.
പഴയ വീടായതു പരിണമിച്ചു. സന്ധ്യയായിരുന്നു. വെറും സന്ധ്യയല്ല, നരേന്ദ്രന്‍ വന്ന അന്നത്തെ ആ സന്ധ്യ. ആ സാന്ധ്യപ്രഭതൂകുന്ന അകത്തളത്തില്‍, കുടുസ്സായ അടുക്കളയില്‍ ചായ അനത്തുന്ന നിലയില്‍ മായ മായയെക്കണ്ടെത്തി. അപ്പു അവളെ പിന്നില്‍നിന്നു വന്നു കെട്ടിപ്പിടിച്ചു. ആശ്ചര്യപ്പെട്ടുവെങ്കിലും മായയില്‍ പക്ഷേ, ആഹ്ലാദവുമുണ്ടായിരുന്നു. അത്രയും ഗാഢമായി അവന്റെ ആദ്യത്തെ ആലിംഗനമായിരുന്നു അത്. അവള്‍ ചൊടിക്കുന്നതുപോലെ ഭാവിച്ചു.
- എന്തായിത്... എന്താ അപ്പുവേട്ടാ...
അതൊന്നും ശ്രദ്ധിക്കാതെ വല്ലാത്തൊരു ആശ്വാസത്തിലും പ്രേമാതുരതയിലും അവളെ ആഞ്ഞുപുണരുകയും ചുംബിക്കുകയും ചെയ്യുന്നത് അപ്പു തുടര്‍ന്നു. അപാരമായ ആവേശത്തിലായിരുന്നു അവന്‍. പാത്രത്തില്‍ ചായ തിളച്ചുപൊന്തി. മായ അവനിലേക്ക് പിണഞ്ഞുചേര്‍ന്നു. പിന്നെ, വിവേകം വന്ന്, അവനില്‍നിന്നടര്‍ന്നുമാറി, അവന്റെ ഷര്‍ട്ടിലും മുഖത്തും പറ്റിയ കുങ്കുമം മായ്ക്കാന്‍ സാരിത്തലപ്പുകൊണ്ടു തുടച്ചു. അപ്പു വിജയിയെപ്പോലെ പുറത്തേക്ക്, നരേന്ദ്രന്റെയടുത്തേക്കുനീങ്ങി.
അവനെ നോക്കിനില്‍ക്കെ, മന്ദഹസിക്കുന്ന മായയില്‍, പിന്നെ, മെല്ലെയാ മന്ദഹാസം മാഞ്ഞു. അവര്‍ണനീയമായൊരു സന്ദിഗ്ധത അവളെ ഗ്രസിച്ചു. അഗാധമെന്നാല്‍, അജ്ഞാതമായ വ്യസനത്തിന്റെ നാദം അന്തരാത്മാവിന്റെ വിചാരപശ്ചാത്തലസംഗീതമായി. വ്യഥിതോത്ക്കണ്ഠയുടെ ചുഴികള്‍ നിറഞ്ഞ, ആ അസ്വസ്ഥസംഗീതമവളെ ചുഴന്നു. അതിനെ അതിശയിച്ചുകൊണ്ട് അപ്പുറത്തുനിന്ന് അപ്പുവിന്റെ ശബ്ദം കേട്ടു. അവള്‍ ആന്തരികശ്രുതിമര്‍മരത്തെ തൂത്തെറിഞ്ഞുകൊണ്ട് അപ്പുവിന്റെ ശബ്ദത്തിലേക്കു ശ്രദ്ധ കൂര്‍പ്പിച്ചു.
- എവിടെ... ആ പുസ്തകം ഇവിടെ കാണുന്നില്ല. ഇനിയാ റാഹേലമ്മയെങ്ങാനും എടുത്തുമാറ്റിയോ...
അവന്റെ ശബ്ദം കേള്‍ക്കെ, മായയുടെ അമ്പരപ്പുമാറി. അവന്റെ കുസൃതിക്കൗശലം അവളില്‍ നനുത്ത ഒരു ചിരിവിരിയിച്ചു. അവള്‍ തിരിഞ്ഞുനോക്കി. തിളച്ചുവരുന്ന ചായ അവള്‍ വേഗം ഇളക്കിയാറ്റി. അതു രണ്ടു ഗ്ലാസുകളിലവള്‍ പകര്‍ത്തി. അവളതുമായി പുറത്തേക്കുചെന്നു. അവള്‍ ചായഗ്ലാസുകളുമായി പുറത്തേക്കുവരുന്നതിനിടെ, അപരലോകത്തിന്റെ ആകമാനവാഴ്ചയവസാനിച്ചു. അവളാ മാറ്റവുമായി പൊരുത്തപ്പെട്ടിരുന്നില്ല.
ഉമ്മറത്തേക്ക് രണ്ടു കൈകളിലും ചായക്കപ്പുമായി കടന്നുവന്ന മായ അവിടെ പത്രം വായിച്ചിരുന്ന, വീട്ടുവേഷമണിഞ്ഞ അപ്പുവിനെ ആകാംക്ഷയോടെ നോക്കി. അവന്‍ തലയുയര്‍ത്തി, പത്രംമാറ്റി മായയെ നോക്കിച്ചിരിച്ചു, ചായയ്ക്കായി കൈനീട്ടി. മായ ആശ്ചര്യത്തോടെ ചോദിച്ചു.
- എവിടെ?... കൂട്ടുകാരനെവിടെ?.. ചായ കുടിക്കാതെ പോയോ?...
മായ വിസ്മയം നിറഞ്ഞൊരു ചിരിയോടെയാണതു ചോദിച്ചത്. അപ്പു അമ്പരപ്പോടെ എണീറ്റു. അപ്പു മായയെ തുറിച്ചുനോക്കി. മായയ്ക്ക് അപ്പുവിന്റെ ഭാവമാറ്റം പിടികിട്ടിയില്ല.
- ഏതു കൂട്ടുകാരന്‍?.., അപ്പു ആധിയോടെ അന്വേഷിച്ചു. മായ നിഷ്‌കളങ്കമായി പറഞ്ഞു.
- അപ്പുവേട്ടന്റെ കൂട്ടുകാരന്‍. എന്നെക്കാണണംന്നുപറഞ്ഞ് ബോംബേന്നുവന്ന...
അപ്പു നടുങ്ങി; അതയാളുടെ ശബ്ദത്തിലറിയാമായിരുന്നു.
- മായേ..., അവന്‍ വേവലാതിയോടെ വിളിച്ചു. മായ നടുങ്ങിപ്പോയി. അവള്‍ ഹെയ് എന്നൊരു ഭാവത്തില്‍ ചായക്കപ്പുകള്‍ എവിടെയോ വച്ചു. പിന്നെ, തലചുറ്റുള്ളതുപോലെ നെറ്റിയില്‍ കൈവച്ചു.
- അപ്പുവേട്ടാ... ഞാന്‍..., അവള്‍ അഭയാര്‍ത്ഥം അവനെ നോക്കി. ശിശുസഹജമായിരുന്നു അപ്പോഴവളുടെ മുഖം. അപ്പു തിടുക്കത്തില്‍ചെന്ന് അവളെ ചേര്‍ത്തുപിടിച്ചു. അവളവന്റെ കൈവലയത്തില്‍ മയങ്ങിയതുപോലെ പറ്റിനിന്നു.
- എന്താ മായേ... നിനക്കെന്താ പറ്റിയത്?...
- എനിക്കറിയില്ലപ്പുവേട്ടാ. ഞാന്‍... ഞാനെന്തൊക്കെയോ കാണുന്നപോലെ. എന്തൊക്കെയോ...
അവള്‍ കുഴഞ്ഞു. അവള്‍ക്കു പറയാനറിയില്ല. അപ്പുവിന്റെ കരവലയത്തില്‍ കിടക്കുന്ന മട്ടില്‍ അവള്‍ മുകളിലേക്കു ദൃഷ്ടിമാറ്റി. അതിവേഗത്തില്‍ ചുറ്റിത്തിരിയുന്ന ഫാനിലകളുടെ വളയം അവളുടെ ചിത്തത്തില്‍ വിഭ്രമവേലിയേറ്റമുണര്‍ത്തി. ഒരാഴ്ചത്തെ അവധിക്കുശേഷമാണ് മായ പിന്നീടു സ്‌കൂളില്‍പ്പോയത്. മാനേജരുടെ കസേരയിലിരിക്കുന്ന മായയുടെ മുമ്പാകെ അന്നൊരു കേസു വന്നു. ഒരു വിദ്യാര്‍ത്ഥിയുടെ സ്വഭാവപ്രശ്‌നക്കേസ്.
മുന്നിലിരിക്കുന്ന ആലീസും മറ്റൊരു പ്രായം ചെന്ന ടീച്ചറും വിഷയമവതരിപ്പിച്ചിട്ട് മായയുടെ അഭിപ്രായവും തീരുമാനവുമറിയാന്‍ കാത്തു. പ്രായം ചെന്ന ടീച്ചര്‍ പറഞ്ഞു.
- എന്റെ അഭിപ്രായം അവനു ടീസീ കൊടുത്തുവിടണമെന്നാ. ഇമ്മാതിരി ചിത്രങ്ങളൊക്കെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടുവരിക. എന്നിട്ടത് പെങ്കുട്ട്യോളെയൊക്കെ വിളിച്ച് രഹസ്യായിട്ട് കാണിക്കാന്‍ നോക്ക്ക.. ഇതൊക്കെ വച്ചുപൊറുപ്പിക്കാന്‍ പറ്റണതാണോ...
മായ അതുകേള്‍ക്കുന്നെങ്കിലും അവളുടെ മനസ്സ് അവിടല്ലെന്നു വ്യക്തമായിരുന്നു. ആലീസ് മുതിര്‍ന്ന ടീച്ചറുടെ ആ വാദത്തെ ഖണ്ഡിക്കാന്‍ ശ്രമിച്ചു.
- ഈയൊരൊറ്റക്കേസിന്റെ പേരില്‍ അവന്റെ ഭാവി കളയണോ? സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്ന നിയമം കര്‍ക്കശമാക്കാം. അവന്റെ പാരന്റ്‌സിനെ വിളിച്ചു മയത്തില്‍ കാര്യംപറയാം. അവനും പറ്റുമെങ്കില്‍ മുഴുവന്‍ കുട്ടികള്‍ക്കും നല്ലൊരു കൗണ്‍സിലിംഗും അറിയപ്പെടുന്ന ഒരു സൈക്കോളജിസ്റ്റിന്റെ ക്ലാസും കൊടുക്കാം. അതൊക്കെയല്ലേ നല്ല വഴികള്‍. ഇതിപ്പോ പ്രായത്തിന്റെ ഒരു കുസൃതിയെന്നല്ലാതെ...
പ്രായം ചെന്ന ടീച്ചര്‍ വിടുന്ന മട്ടില്ലായിരുന്നു.
- നമ്മടെയൊക്കെ കാലത്ത് നമ്മളൊക്കെ ഇങ്ങനെയായിരുന്നോ?... ആങ്കുട്ട്യോള് ബ്ലൂഫിലിംസ് കൊണ്ടുവരേം പെങ്കുട്ട്യോള് അതു കാണ്‌കേം ഒക്കെ...
അല്‍പം ദേഷ്യം വന്ന് ആലീസ് എണീറ്റു.
- ടീച്ചറിന്റെ കാലത്ത് എങ്ങനാരുന്നൂന്നെനിക്കറിയില്ല. എന്റെയൊക്കെ സ്‌കൂളില് ആങ്കുട്ട്യോള് ചെല പുസ്തകങ്ങളൊക്കെ കൊണ്ടുവന്നിരുന്നു. അന്നുപിന്നെ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ല. ഇനി നാളെ പഠിപ്പിച്ചോണ്ടിരിക്കുന്ന ടീച്ചറെ നോക്കി ഒരു റിമോട്ട് ഞെക്കിയാ ടീച്ചറെ ഉടുതുണിയില്ലാതെ കാണുന്ന ടെക്‌നോളജിയാരിക്കും വരുന്നെ. അപ്പോഴെന്തുചെയ്യും?.. അല്ലെങ്കി ടീച്ചറുതന്നെ പറ, ടീച്ചറ് ഈ പ്രായത്തി ഇങ്ങനൊന്നും ആലോചിച്ചിട്ടുംകൂടിയില്ലെന്നു ഉറപ്പിച്ചുപറയാമെങ്കി, നമുക്കവനെ ഡിസ്മിസ് ചെയ്യാം. ഞാനെടയ്ക്കു കേറുകേല...
അതു കേട്ടതോടെ സീനിയര്‍ ടീച്ചര്‍ക്കു മറുപടിമുട്ടി. അവരൊന്നു തലകുനിച്ചു. പിന്നെ, അമര്‍ഷത്തോടെ ചാടിയെണീറ്റു.
- എന്നാപ്പിന്നെ, നിങ്ങളൊക്കെയങ്ങു തീരുമാനമെടുത്താപ്പോരേ?.. എന്നോടെന്തിനാ അഭിപ്രായം ചോദിക്കാന്‍ വരുന്നെ...
അവര്‍ ദേഷ്യത്തില്‍ പോകാനിറങ്ങി. മായ പൊടുന്നനെ രംഗം മനസ്സിലാക്കി അവരെയൊന്നു ശാന്തയാക്കാന്‍ ശ്രമിച്ചു.
- ടീച്ചറേ... നമുക്കാലോചിച്ചു തീരുമാനിക്കാം...
ഓ!... എന്നൊരു ആക്ഷേപധ്വനിയോടെ അവര്‍ മുഷിഞ്ഞമുഖവുമായി പോയി.
മായ ആലീസിനെ നോക്കി. ആലീസ് പറഞ്ഞു.
- മായ, ഐ ആര്‍ഗ്യൂ ഫോര്‍ നത്തിംഗ് എല്‍സ്. തെറ്റിന് ശിക്ഷയാകാം. പക്ഷേ, തെറ്റാണെന്ന് അറിയുകപോലും ചെയ്യാതെ ചെയ്യുന്ന തെറ്റിനോ?..
ആ വരി മായയെ ശരിക്കും സ്പര്‍ശിച്ചു. അവള്‍ ആന്തലോടെ ആ ചോദ്യം സ്വയം ചോദിച്ചു. സ്‌കൂളില്‍ മണിയടിച്ചു. ആലീസ് അതുകേള്‍ക്കെ തിടുക്കപ്പെട്ടു.
- ക്ലാസുണ്ട്... മായ തീരുമാനിച്ചാ മതി. പി.ടി.എ. വിളിച്ചാല്‍ അവനെ ക്രൂശിക്കാനേ ഈ ടീച്ചറെപ്പോലെ അവറ്റ വിളിച്ചുകൂവത്തൊള്ളൂ. യൂ ക്യാന്‍ സേവ് ഹിം...
മായ ഉറച്ച മനസ്സോടെ തീര്‍പ്പുകല്പിച്ചു.
- ആലീസ് പ്ലാന്‍ ചെയ്‌തോളൂ. നല്ലൊരു സൈക്കോളജിസ്റ്റിനെ നമുക്കു കൊണ്ടുവരാം. കൗണ്‍സിലിംഗ് സെഷനുകള്‍ നമുക്കു ചെയ്യാം. ടീച്ചറെ സമാധാനിപ്പിക്കാന്‍ വേണമെങ്കില്‍ അവന് ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ കൊടുക്കാം. അങ്ങനെയായാലോ...
അനുകൂലഭാവേന പുഞ്ചിരിച്ചുകൊണ്ട് ആലീസ് പുറത്തേക്കുപോയി. മായ അമ്പരപ്പോടെ ആലോചിച്ചിരുന്നു. മേശമേല്‍ മായയുടെ സെല്‍ഫോണ്‍ ശബ്ദിച്ചു. അവള്‍ നോക്കി. അത് ഗൗരിയുടെ കോളായിരുന്നു. അവളത് സന്തോഷത്തോടെ അറ്റന്റു ചെയ്തു.
- ഗൗരീ..., ആനന്ദപാരവശ്യത്തോടെ മായ വിളിച്ചു.
പെട്ടെന്ന് അവള്‍ അസ്വസ്ഥയായി. അവള്‍ സ്വയമെന്നോണം ചോദിച്ചു.
- ഗൗരി... മോളേ... നിന്റെ പേര് ഗൗരീന്നാണോ...
അതെന്താ അമ്മയ്ക്കറിഞ്ഞുകൂടേ എന്ന് മോള്‍ ചോദിച്ചിരിക്കണം, ആ ഭൂഖണ്ഡാന്തരസ്വരസ്പര്‍ശത്തില്‍ മായയുടെ അമ്പരപ്പ് മാറി പുഞ്ചിരി തെളിഞ്ഞു.
- അല്ല... ഞാന്‍ പെട്ടെന്ന്... എന്തോ ആലോചിച്ച്... സോറി മോളേ..., മായ സന്ദേഹം വിട്ട് പറഞ്ഞു.
ഗൗരിയുടെ വിശേഷങ്ങള്‍ കേട്ടിരിക്കെ, മായ അമ്മ മാത്രമായി. അന്നത്തെ ദിവസം മറ്റൊന്നുമാലോചനയിലേക്കുവരാതിരിക്കാന്‍ മായയ്ക്കതു വിളക്കുമാടമായി.
വൈകുന്നേരമായി. മായ ഇറങ്ങുമ്പോള്‍, നാലുമണി പിരിഞ്ഞിട്ടും ഫുട്‌ബോള്‍ കളിച്ചുനില്‍ക്കുന്ന കുറച്ച് ആണ്‍കുട്ടികളുള്ള സ്‌കൂള്‍മുറ്റത്തേക്കു വന്നുകയറുന്ന കാറില്‍ അപ്പുവിനെക്കണ്ടു. മുറികള്‍ പൂട്ടിവരുന്ന പ്യൂണ്‍ സുധാകരന്‍ അപ്പുവിനെക്കണ്ടു ചിരിച്ചു. സുധാകരന്‍ മാനേജരുടെ മുറിയുടെ വാതില്‍ക്കലേക്കെത്തി. മായ അയാളെ നോക്കി ശരിയെന്നു ചിരിച്ചു. പിന്നെ, മായ കാറിനടുത്തേക്കു നടക്കുമ്പോള്‍, സുധാകരന്‍ മുറിയടച്ചുപൂട്ടാനൊരുങ്ങി.
മായ അപ്പുവിനരികിലെത്തി. കാറില്‍ കയറാതെ അവള്‍ ചോദിച്ചു.
- നമുക്കൊന്നു നടന്നാലോ അപ്പുവേട്ടാ?..
- തണുപ്പുണ്ട്..., അപ്പു തടസ്സംപറഞ്ഞു.
- അപ്പേട്ടന്‍ ഷാളെടുത്തോളൂ. ഞാന്‍ സാരി പുതച്ചോളാം...
- വണ്ടി..., അപ്പുവിനു മടിയുണ്ടായിരുന്നു. മായ അപ്പുവിന്റെ കയ്യില്‍നിന്നു ചാവി വലിച്ചെടുത്തു.
- വണ്ടിയൊക്കെ സുധാകരന്‍ അങ്ങെത്തിച്ചോളും..., അവള്‍ ചാവി വണ്ടിയുടെ കീഹോളില്‍ ഇട്ടു. പിന്നെ, തിരിഞ്ഞ് സുധാകരനോടായി ഉറക്കെപ്പറഞ്ഞു.
- ഞങ്ങളൊന്നു നടക്കുന്നു. വണ്ടിയങ്ങു ബംഗ്ലാവിലിട്ടേക്കണേ...
സുധാകരന്‍ സമ്മതിച്ചു. മായ വഴിയിലേക്കു നടന്നു. എന്തോ തരത്തിലൊരു ആജ്ഞാനുവര്‍ത്തിയായിപ്പോയതിന്റെ അസ്വസ്ഥതയോടെ പിന്നാലെ നടക്കാനൊരുങ്ങിയ അപ്പു കാറില്‍നിന്ന് ഷാളെടുക്കാനോര്‍ത്തു, പിന്നെ വേണ്ടെന്നുവച്ചെങ്കിലും, മായയുടെ നടപ്പുനോക്കിയിട്ട്, രണ്ടു ചുവടുവച്ചശേഷം, തിരികെവന്ന് വീണ്ടും കാറില്‍നിന്ന് ഷാളെടുത്ത് അവളുടെ പിന്നാലെ തിടുക്കത്തില്‍ നടന്നു.
വഴി വിജനമായിരുന്നു. മലമ്പള്ളകളില്‍ സായാഹ്നം പൊരിചിന്നിച്ചിരുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന വഴികളില്‍, മരത്തലപ്പുകളില്‍ പൊഴിഞ്ഞുകിടന്നിരുന്ന സായാഹ്നശോഭ കാഴ്ചകളെ ശോണിമ പൂശിയതാക്കി. രാത്തണുപ്പുവീണുതുടങ്ങിയെന്നു തോന്നിപ്പിക്കുന്ന മഞ്ഞിന്‍മറകള്‍ മായാദര്‍ശനവിശേഷം വിരിയിച്ചു. മായയും അപ്പുവും നടന്നു. അപ്പു, ഷാള്‍ അവളെ പുതപ്പിച്ചു. കരുതലിന്റെ ഒരു വെളിവാക്കല്‍. അപ്പു അയാളുടെ രീതിയനുസരിച്ച്, കൈകള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകിയാണു നടന്നിരുന്നത്.
അപ്പു മായയുടെ ഒപ്പമാണെന്നു പറയാനാവില്ലായിരുന്നു എങ്കിലും, ഒരല്‍പം മാത്രം പിന്നിലാണയാള്‍. അയാള്‍ക്കു തണുവുണ്ട്.
മായ അപ്പുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വേണ്ടത്ര ബോധവതിയല്ലെന്നുതോന്നിച്ചു. അപ്പു ഇടയ്ക്കിടെ മായയെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നിശ്ശബ്ദത അപ്പുവിനെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു.
ഒരു വളവുതിരിഞ്ഞുവരുന്ന അപ്പുവിനെയും മായയെയും കടന്ന് എതിരില്‍നിന്ന് ഒരു വിലകൂടിയ കാര്‍ വന്നു. കാറില്‍ ഒരു യുവാവായിരുന്നു ഏകയാത്രികന്‍. അയാള്‍, അപ്പുവിനെയും മായയെയും കണ്ട് വിഷ് ചെയ്തു. അപ്പു തിരിച്ചു വിഷ് ചെയ്തു. അപ്പുവിന് മായയോട് എന്തെങ്കിലും പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ആ കാര്‍സഞ്ചാരിയുടെ വരവ് അയാള്‍ക്കൊരു വിഷയം നല്‍കി. അപ്പു പറഞ്ഞു.
- മായയ്ക്കു മനസ്സിലായില്ലേ. നമ്മുടെ അച്ചായന്റെ മോനാണ്. കാനഡേന്നു വന്നിട്ട് ഒരാഴ്ചയായി. അച്ചായന്റെ വിശേഷമറിഞ്ഞ്...
മായ അപ്പുവിനെയൊന്നുനോക്കി. ആ നോട്ടത്തില്‍ അന്വേഷണഭാവമുണ്ടായിരുന്നു. അപ്പു വിശദീകരിച്ചു.
- ഞാന്‍ പറഞ്ഞില്ല മായയോട്... അച്ചായന്‍ തീരെ കെടപ്പിലാ. നമ്മടെ ഹോസ്പിറ്റലിലൊണ്ടാരുന്നു ഒരാഴ്ച. ഇനി ചെയ്യാനൊന്നുമില്ല.
ഒരു നഴ്‌സിംഗ്. പാലിയേറ്റിവ് കെയര്‍. അതിനിപ്പൊ ഹോസ്പിറ്റലു വേണ്ട. വീട്ടിത്തന്നെ മതിയെന്നു പറഞ്ഞുവിട്ടു. അങ്ങനേം അധികം പോകില്ല...
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ
മായ വെറുതെ തലയാട്ടുക മാത്രം ചെയ്തു. പിന്നെ, ഒരു ഭാവഭേദവും കൂടാതെ പൊടുന്നനെയെന്നോണം ചോദിച്ചു.
- അന്നുവന്നില്ലേ, ആ കൂട്ടുകാരന്‍... ബോംബേക്കാരന്‍. അയാളിപ്പൊ എവിടെയാ?..
അപ്പു സ്തബ്ധനായി നിന്നു. മായ അല്‍പംകൂടി മുന്നോട്ടുനടന്നു. പിന്നെ, അപ്പു നിന്നതറിഞ്ഞ് നിന്നിട്ട്, തിരിഞ്ഞുനോക്കി. അപ്പുവിനടുത്തേക്ക് തിരിച്ചുവന്നു. അവള്‍ ചോദ്യമാവര്‍ത്തിച്ചു.
- എവിടെയാ അയാളിപ്പൊ?..
അപ്പു പതറി. അവന് വായില്‍ ഉമിനീര്‍ വറ്റി.
- അത്... ഞാന്‍..., അപ്പു ഒരു മറുപടിക്കായി യത്‌നിച്ചു. മായ അടുത്ത ചോദ്യത്തിലേക്കു കടന്നുകയറി.
- എന്താ അയാള്‍ടെ പേര്?..
- പേര്... അത്..., അപ്പുവിന് ഒരു പേരും ഓര്‍മവരുന്നില്ല. അപ്പു ഒരു വിറയലോടെ കൈകള്‍ കൂച്ചിപ്പിണച്ചു. മായ ഷാള്‍ അഴിച്ച്, അപ്പുവിനെ ധരിപ്പിച്ചു.
- മഞ്ഞുകൊള്ളണ്ട... നടക്കാം..., മായ മര്യാദയോടെ പറഞ്ഞു. സാരികൊണ്ട് സ്വയം മൂടി മായ നടന്നു. പിന്നാലെ അപ്പുവും. തിരിഞ്ഞുനോക്കാതെ മായ ചോദിച്ചു.
- അയാള് അപ്പുവേട്ടന്റെ കൂട്ടുകാരനൊന്നുമായിരുന്നില്ല, അല്ലേ?..
അപ്പു മിണ്ടാതെ മായയുടെ പിന്നാലെ നടന്നു. മായ മയമില്ലാതെ ചോദിച്ചു.
- അയാള്‍ സത്യത്തില്‍ എന്നെത്തേടി വന്നതായിരുന്നില്ലേ?..
അപ്പു ഒന്നും പറഞ്ഞില്ല. അയാള്‍ വീണ്ടും നിന്നു. മായ നിന്നിട്ട് അപ്പുവിനെ തിരിഞ്ഞുനോക്കി. ഒരു വലിയ മഞ്ഞുമേഘത്തിന്റെ പുകക്കട്ടി അവര്‍ക്കിടയിലൂടെ കടന്നുപോയി.
Content Highlights: Book excerpt of Anvar Abdullah's novel 'Innalekalkkappuram'