'വാരിച്ചൂടാന്‍ എത്ര പിന്നേയും കൊതിച്ചു, അവസരത്തിനുവേണ്ടി കാത്തുനിന്നു...'|കുലവന്‍ | നോവല്‍

മഴ മാറിയ ഒരു പകലായിരുന്നു അത്. പച്ചിലച്ചാര്‍ത്തുകളുടെ പിടിയില്‍ നിന്നും കുതറിവീണ വെയില്‍പാളികള്‍ കാട്ടില്‍ മഞ്ഞപ്പൂക്കള്‍ വിരിയിച്ചു.
കനത്ത ഒരിറക്കമിറങ്ങിയപ്പോള്‍ ഒരു തെളിഞ്ഞ കാട്ടുപാത വിരല്‍ ചൂണ്ടിനിന്നു. താണ്ടും തോറും പതുക്കെ പതുക്കെ ജലപാതത്തിന്റെ ശബ്ദഘോഷത്തിനു മേലെ കളരിത്താരികള്‍ കേള്‍ക്കാന്‍ തുടങ്ങി.
അഗമ്യമായൊരു കാന്താരത്തിനുള്ളില്‍ തെളിച്ചുണ്ടാക്കിയ വലിയൊരു തുറസ്സില്‍ ഒരു ജനപദം പോലെ ശരാവതിയിലെ കളരി.
അഭ്യാസം തകൃതിയായ അനേകം തറകളിലാണാദ്യം കണ്ണുപിടിച്ചത്.
''കുലമഹിമയുടെ മാറാപ്പുകള്‍ അഴിച്ചുകളഞ്ഞു കയറുക. ഇവിടെ റായ്മാരും രാജകുമാരന്‍മാരും പൊടിയ (1) മാത്രം...''
ഉയരം അധികമില്ലാത്ത വെളുത്തു ചുവന്ന മനുഷ്യന്‍ മുന്നില്‍വന്നു നിന്നു. ഗുരു. നാഭിയും കവിഞ്ഞു വിടര്‍ന്നു നില്‍ക്കുന്ന വെളുത്ത താടി. തുളുനാടിന്റെ അത്യത്തുത്തരത്തില്‍ പുകള്‍കൊണ്ട കളരിയുടെ അധിപന്‍. ശിശുസഹജമായ ചിരി, കൂര്‍ത്ത നോട്ടത്തിനോടടിപ്പെട്ട് പെട്ടെന്നു മാഞ്ഞു.
മലനാട്ടിലും തുളുനാട്ടിലും കന്നടനാട്ടിലും യോദ്ധാക്കളെ രാകിമിനുക്കുന്ന വൈഭവം ആ നോട്ടത്തില്‍ കാണാം.
വെറ്റയും പാക്കും ദക്ഷിണയും വെച്ചു നിരനിരയായി ദണ്ഡനമസ്‌കാരം ചെയ്തു.
''ശുഭാസ്യായഗലു...'' നല്ലതു വരട്ടെ..
ഒരോരുത്തരെയായി അദ്ദേഹം പിടിച്ചെഴുന്നേല്‍പ്പിച്ചു. ബോധ്യപ്പെട്ടെന്നപോലെ പതുക്കെ മൂളി.
''നിന്ന ചിക്ക...''(2) കവിളു തട്ടി അദ്ദേഹം മന്ത്രിച്ചു.
''അവു ജാഗ...''(3) എന്നു പിന്നേയും പറഞ്ഞു ചിരിച്ചു.
''ആവു കുളിയേരു കായി പാനി പൊടിയ...
പാടേ നാളെ ഷുരു ആപുണ്ടു..''(4)
കൈതട്ടി ആര്‍ക്കോ നിര്‍ദ്ദേശം കൊടുത്ത് അദ്ദേഹം മറഞ്ഞു
''മറ്റെല്ലാം നാളെ, ഇന്നു കുളിച്ചുണ്ടു വിശ്രമം..'' വീരന്‍ പറഞ്ഞു.
തളുനാട്ടിലെ ആദ്യരാത്രി മറഞ്ഞപ്പോള്‍ തന്നെ സന്നി പിടിപെട്ടു. നടന്നലഞ്ഞതിന്റെ മായം തിരിയല്‍. തുള്ളി വിറച്ചു ചാടി എന്നു കമ്മു പിന്നീടു പറഞ്ഞു. പനിവിറയിലിന്റെ പിച്ചും പേയും പുലമ്പലും തെളിഞ്ഞപ്പോള്‍ ഗുരുനാഥന്‍ മുന്നില്‍.
നെറ്റിയില്‍ കൈവെച്ച ചോദിച്ചു.
''എല്ലാ പുദ്യാ...'' (5)
പരിഭ്രമിക്കേണ്ട. ജ്വരം വിട്ടു. രണ്ടുനാള്‍ കിടന്നാല്‍ കളരിയില്‍ വരാം.
തുളുച്ചുവടുകള്‍ എത്ര വിട്ടുപോയിക്കാണും...നിരാശയെ പുതപ്പില്‍ മൂടിപ്പോഴേക്കും സതീര്‍ഥ്യരെത്തി.
''ചിണ്ടാ... ഉശിരു വീണ്ടെടുക്ക്. നീയില്ലാഞ്ഞതിനാല്‍ ഞങ്ങള്‍ തറതീണ്ടാതെ കാടുകണ്ടു നടപ്പാണ്.''
ആശ്വാസമായി. ഞാന്‍ വിട്ടുമാറുന്നതും കാത്തിരിപ്പാണ്.
''പലരുണ്ടിവിടെ. പല തിണക്കാര്‍, തറക്കാര്‍. പരശുരാമക്ഷിതിയില്‍ നിന്നാരുമില്ലാത്തത് ഗുണമായി.''
നെറ്റിയില്‍ കൈവെച്ചു നോക്കി വീരന്‍ പറഞ്ഞു.
''കേളടിക്കാര്‍ തന്നെ അധികവും. സോമശേഖര നായകന്റെ (6) ഭരണം അന്‍പില്ലാത്തതെന്നു കേള്‍വി. ഒരു നര്‍ത്തകിയുടെ വശ്യത്തില്‍ വീണിരിക്കുന്നുവത്രെ. കലാവതി. ചെന്നമ്മ റാണി (7) പക്ഷെ തികവുറ്റവളാണ്. ചെരിഞ്ഞു വീഴാറായ ഒരു മനയെ അവര്‍ കൂചംകുത്തി നിര്‍ത്തുന്നു. പടനായകനായ തിമ്മണ്ണ നായകന്റെ ബലം അവര്‍ക്കുണ്ടെന്നു കരുതിക്കൊള്ളൂ. തിമ്മക്ക് പടയാളികളെ പ്രധാനമായും നല്‍കുന്നത് ഈ കളരികളാണ്...'
''എല്ലാ വൃത്താന്തങ്ങളും അറിഞ്ഞുവെച്ചല്ലോ.! ''
''രാജതന്ത്രം തോഴാ...നാലതിരിലും അതുതാണ്ടിയപ്പുറത്തും കണ്ണെത്തണം. മഴ മലയില്‍ പെയ്താല്‍ ആറ് ഇങ്ങ് തലകവിഞ്ഞോഴുകുമെന്നു നിനക്കുക. ശ്രദ്ധിച്ചോ എന്നറിയില്ല, കോലത്തിരിയതിരില്‍ നിന്ന് നമ്മെ കൊണ്ടു വന്ന ബണ്ടുകള്‍ അമാലന്‍മാര്‍ മാത്രമല്ല, മലനാട്ടിലെ പ്രധാനികള്‍ക്ക് അകമ്പടി തരാന്‍ കേളടി അയച്ചുതന്ന് അകമ്പടി സംഘം. കോലത്തു നാടുമായി കേളടിക്ക് മുട്ടിയുരുമ്മുന്ന ബന്ധം. കുന്നലക്കോനാകട്ടെ അലബന്ധവും (8). നമ്മെ ഇവിടേക്ക് പറഞ്ഞയച്ചത് കളരിയുപാസിക്കാന്‍ മാത്രമാണെന്നാണോ നിന്റെ ചിന്ത? ''
കോട്ടയം തമ്പുരാനും കുന്നലനാട്ടിന്റെ ഉപസേനാനായകനും വന്നതും രാജതന്ത്രം തന്നെ. ചുഴിഞ്ഞുചിന്തിക്കുകില്‍ പലതും തോന്നും.
''കമ്മു. മറക്കണ്ട മൈസൂരുകാരുടെ ചൂരും മറാത്തരുടെ കണ്‍വട്ടവും ഇവിടുണ്ട്. മഹിഷാസുരംകാര്‍ ചാര്‍ച്ചക്കാരാവാന്‍ വഴിയില്ല. അവര്‍ കേളടിയുടെ ഗതിവിഗതികള്‍ പഠിക്കാന്‍ വന്നവര്‍. ഇവിടെ പറങ്കികള്‍ കൈയ്യാളുന്ന കടല്‍ഭരണം മറാത്തര്‍ നോക്കിവെച്ചിട്ടുണ്ട്. ഗോമന്തകേശ്വരത്തില്‍ (9) അറംഗഭൂപന് (10) കപ്പലില്‍ തോക്കും മരുന്നും രഹസ്യമായി അവരിറക്കുന്നു. ശിവരാജേക്ക് അതറിയാം. മൈസൂരിനും പറങ്കികള്‍ക്കും നടുവില്‍ പെട്ട കേളടിക്ക് മറാത്തര്‍ മാത്രമാണ് നേര്‍തുണ.''
വീരകേരളവര്‍മ്മ നെറ്റിയിറുക്കി പിന്നെ പതിയെ പറഞ്ഞു
''മറാത്തവ്യാഘ്രത്തിന്റെ നിഴല്‍ ഇങ്ങ് തുളുവും താണ്ടി നീളുന്നു!''
ശിവജിയെ കുറിച്ച് എത്ര കേട്ടിരിക്കുന്നു...! പച്ച പുതച്ച കുന്നുകളെ കുതിരകളാക്കി കുതിക്കുന്ന പോരാളി... ആ കുളമ്പടിധ്വനിയില്‍ ഡക്കാനപ്പടി തരിച്ചു നില്‍ക്കുമത്രെ...!
രാജെയെ കുറിച്ചുള്ള വീരകഥകള്‍ കാത് കേള്‍ക്കാനാഞ്ഞെങ്കിലും കണ്ണുകള്‍ ഉശിരുവിട്ടടഞ്ഞു പോയി.
''ഗുരുനാഥാ...എഴുന്നേല്‍ക്കൂ. വെളിച്ചം ഇങ്ങിറങ്ങിത്തുടങ്ങി...''
ഞെട്ടിയെഴുന്നേറ്റത് തുളുനാട്ടിലല്ലെന്ന് ധരിക്കാന്‍ ഒട്ടെടുത്തു.
ആരണ്യപഥികര്‍ ആറില്‍ കുളിച്ചീറന്‍മാറിത്തുടങ്ങി.
''ബാവലി കടന്ന് കാളിന്ദിയുടെ ഓരത്തിലൂടെ കാട്ടുപാത തെളിച്ചു നടന്നാല്‍ മഹാവിഷ്ണുവിന്റെ സഹ്യാമലക (11) സവിധത്തില്‍ ഇന്നു സന്ധ്യക്കു മുമ്പെത്തിച്ചേരാം. ''
പുതുമന പണിക്കര്‍ കോടയെ കൈകൊണ്ടു മായ്ച്ച് ദിശ കാണിച്ചു.
''ഗുരുനാഥന്‍ കാവല്‍ കാത്തതിനാല്‍ സുഖമായി ഉറങ്ങാനായി.
കണ്ണടച്ചു എന്തു നിനക്കുകയായിരുന്നു.''
കണ്ടര് ചോദിച്ചു.
''തുളുനാട്ടിലെ ആ പഴയ കാര്യങ്ങള്‍..''
''ബലിയിട്ട് തിരിച്ചുവരുമ്പോള്‍ ഉരിയാടാതെ വരണമെന്ന് അമ്മമ്മ പറഞ്ഞുവെച്ചിട്ടുണ്ട്. അതങ്ങയാനണത്രെ! ഇന്നെങ്കിലും ആ കഥ പറയുമോ ഗുരുനാഥാ..''
''പറയാം ഉണ്ണീ. ''
ബാവലിയില്‍ കുളിച്ചു കയറിയപ്പോള്‍ കണ്ണിലെ പുളിപ്പൊക്കെ കരണം മറിഞ്ഞുമാഞ്ഞു.
പഴം നുറുക്കിയ അവിലാണ് പാഥേയം. വെല്ലത്തില്‍ നനച്ചു കുഴച്ചു കഴിച്ചാല്‍ പകല്‍താഴുവോളം പിന്നെ പശിയുണ്ടാവില്ല. കഥ പറയാതിരിക്കാന്‍ പിന്നെ പഴുതില്ല.
എവിടെ തുടങ്ങണം. നേരറിയിക്കാതെ എങ്ങനെ നേരുപറയും. പരീക്ഷണം തന്നെ.
''ഞങ്ങള്‍ മൂന്നു പേര്‍. കോലത്തിരിയുടെ നാട്ടുകാര്‍, ചന്ദ്രഗിരിപ്പുഴയും നേത്രാവതിയും കടന്ന് തുളുക്കുറ്റം തീര്‍ക്കാന്‍ പോയി. അപ്പോഴെനിക്ക് ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ. ''
''എന്നിട്ടെന്നിട്ട്.''
''നാലഞ്ചു ദിനം ഇതുപോലെ കാടും മേടും താണ്ടിയ യാത്രയവസാനിച്ചത് ശരാവതി എന്നു പേരുള്ള ഒരു കാട്ടുനദി പലതായി ചാടുന്ന വലിയ ഒരു വെള്ളച്ചാട്ടത്തിന്റെ മടിയില്‍.''
''ആഹാ...! ''കണ്ടര് കണ്ണുകളില്‍ ജലപാതം മഴവില്‍ വീശി.
''ശരാവതി, ശേലുളള പേര്...! ''
''കാനനവാസത്തിനിടയില്‍ വിന്ധ്യാടവി കടന്നെത്തിയ ശ്രീരാമന്‍ സീതക്ക് ദാഹം തീര്‍ക്കാന്‍ ശരം കൊണ്ടു കുത്തിയെടുത്ത കല്ലോലിനി... അതിന്റെ തടത്തില്‍ കാടു തെളിച്ചെടുത്ത പ്രസിദ്ധമായ ഒരു കളരി. കളരികള്‍ എന്നു തന്നെ പറയണം. പല നാട്ടുരാജ്യങ്ങളില്‍ നിന്നുമുള്ള യോദ്ധാക്കള്‍ അഭ്യാസത്തിന്റെ മുന കൂര്‍പ്പിക്കാന്‍ എത്തിച്ചേരുന്ന വലിയ ശാല. അവിടെയാണ് ഞങ്ങളും വന്നുചേര്‍ന്നത്.''
''കണിശമായിരുന്നോ അഭ്യസനം? ''
''വരുന്നവരുടെ വഴക്കവും തഴക്കവും നോക്കിക്കണ്ടുള്ള തരമാണവിടെ. അഭ്യാസിയുടെ പ്രകൃതം പെരുമാറ്റം എല്ലാം നോക്കും. അയാള്‍ അതുവരെ പഠിച്ചുതെളിഞ്ഞ മാറ്റിനെ തരാതരം തിളക്കിയെടുക്കും. ''
ഗുരുനാഥന്‍ പെട്ടന്ന് പഠിച്ചെടുത്തോ.
''തെറ്റില്ലാതെ.'', ശേഖരന്‍ ചിരിച്ചു.
പനിവിട്ടെണീറ്റ് മൂന്നാം ദിനം നേരെ കയറിയത് കാഴ്ച്ച കളരിക്കാണ്. സദസ്സില്‍ ഗുരുവും കൂട്ടരും സതീര്‍ഥ്യരും. മഴയൊഴിഞ്ഞ് വെയിലു പാകിയ കളരിത്തട്ട് ചൂടി കെട്ടിയ വലിയ ചമ്മട്ടികൊണ്ടു അടിച്ചുറപ്പിക്കുന്ന ശബ്ദം ആദ്യമെ കേട്ടിരുന്നു.
പുതുതായി വരുന്നവരുടെ ആയം തിരിയാന്‍ തീര്‍ത്ത തട്ട്.
''ചുരുക്കുത്താന പാരുലെ...''
''കാണട്ടെ നിന്റെ വഴക്കം.'' ഗുരുനാഥന്‍ കൈകാണിച്ചു പറഞ്ഞു.
അപ്രതീക്ഷിതങ്ങളില്‍ അന്ധാളിപ്പ് ഒരു യോദ്ധാവ് ഒരിക്കലും പുറത്തു കാട്ടരുത്. പുത്തലത്തവല്‍ പണ്ടേ പറഞ്ഞു പഠിപ്പിച്ചിരുന്നു.
ചെമ്പു നിറമുള്ള മെലിഞ്ഞ ഒരു യുവാവ് തട്ടില്‍ തുളളിനില്‍ക്കുന്നു. വികാരമൊന്നുമില്ലാത്ത ചത്ത കണ്ണുകളിലെ കൃഷ്ണമണികള്‍ അയാള്‍ തല ചുഴറ്റുമ്പോള്‍ കീഴ്മേല്‍മറിഞ്ഞു. കാനറ മുറയിലുള്ള നീണ്ടുകൂര്‍ത്ത വാളും തോലിന്റെ ഒരു ചെറിയ പരിചയുമുണ്ട്.
ക്ഷീണം വിട്ടൊഴിഞ്ഞോ എന്നൊട്ടുസംശയിച്ചപ്പോള്‍ കുഭംകം പിടിച്ചു ശ്വാസത്തെ തടനിര്‍ത്തി പതിയെ പുറത്തുവിട്ടു.
അശേഷം ഒന്നുമില്ല, മെയ്യും കൈയും തെളിഞ്ഞു തന്നെ.
കാനറ ഖഡ്ഗത്തിന്റെ മൂര്‍ച്ച അത്ര പന്തിയല്ല. നീളവും കൂടുതല്‍. നീള്‍ക്കുത്തിന് അത് ഉതകുമെന്നു കണക്കാക്കി.
വലിയമ്മാവന്‍ സമ്മാനിച്ച കറുത്തു വളഞ്ഞ വാള്‍ ആയം നോക്കി ആസകലം ചുഴറ്റി സീല്‍ക്കാരം തീര്‍ത്തപ്പോള്‍ ഇളമുറപ്പഴശിയുടെ ചുണ്ട് അഭിന്ദനംപോലെ വിടര്‍ന്നു.
മസ്തകത്തിന്റെ മുഴുപ്പുകളുള്ള തോല്‍പ്പരിശ ഇടതുകൈത്തണ്ടയില്‍ ഇറുക്കികയറ്റിയപ്പോള്‍ വിളിച്ചുചൊല്ലാന്‍ തോന്നി.
ഇതാ ലോകരെ മറ്റൊരു കാഴച്ചപ്പന്തി. കാണുവിന്‍.
വരാഹവടിവില്‍ ദേഹം ചുരുക്കി, പരിശകൊണ്ട് മുഖം പാതി മറച്ച് കരവാള്‍ തോളിനു പിന്നില്‍ക്കിടത്തി അമര്‍ന്നിരുന്നു.
ഗതി മനസ്സിലാക്കാതിരിക്കാന്‍ ഇടം വലം മാറി ചവിട്ടി അവന്‍ കുതികൊണ്ടുവന്നു. തരിമ്പും മാറാതെ നിലയുറപ്പിച്ചപ്പോള്‍ അവന്‍ ഒന്നു മടിച്ചു. വാളിനാല്‍കുത്താനാവില്ല എന്നു തോന്നിയപ്പോള്‍ തന്നെ അവന് തന്ത്രം പിഴച്ചു.
അപ്പോള്‍ അലറിക്കൊണ്ടവന്‍ ഗതിമാറ്റി വെട്ടാനാഞ്ഞു. വീശല്‍ പകുതിവീഴുംമുമ്പ് കുതിച്ചു നിവര്‍ന്ന് പരിശയും വാളും പിരിച്ച് തടുത്ത്, വലത്തെ തോള്‍കൊണ്ടു നെഞ്ചു നോക്കി ആഞ്ഞൊന്നു തിക്കിയപ്പോള്‍ നിലയറ്റ് അവന്‍ പിന്നിലേക്കാഞ്ഞു. പഴുതില്‍ ചമച്ച ചവിട്ടില്‍ ചുവടുപാളി മാറ്റാന്‍ മലര്‍ന്നടിച്ചു. നിലയൊപ്പിച്ചു നിവരും മുമ്പ് കണ്ഠനാളത്തില്‍ വാള്‍വളവ് അമര്‍ത്തി പുരികമുയര്‍ത്തി എങ്ങിനെയിരിക്കുന്നു എന്നു ചോദിച്ചു.
അടയാത്ത കണ്ണുകള്‍ തുറന്ന് അവന്‍ ചിരിച്ചു.
''ചെന്നാദ.''
നന്ന.്
അവന്‍ പറഞ്ഞു.
കൈ കൊടുത്തെഴുന്നേല്‍പ്പിച്ചപ്പോള്‍ തോള്‍തട്ടി അവന്‍ വീണ്ടും പറഞ്ഞു.
''തുംബ ചെന്നാദ...''
പിന്നെ ഒന്നും സംഭവിക്കാത്തുപോലെ ആയുധവും ആചാരവണക്കവും മറന്ന് അവന്‍ തട്ട് തുള്ളിക്കടന്നു പോയി.
ആവേശക്കൊടുമുടിയില്‍ കണ്ടര് ചോദിച്ചു.
''ആരാണത് ഗുരുനാഥാ?''
രഹസ്യം പറയും പോലെ പറഞ്ഞു.
''ആരോടും പറയില്ലെങ്കില്‍ പറയാം.''
''ഗുരുനാഥനാണെ...''
ചിക്ക... ഇപ്പോള്‍ മഹിഷാസൂരു വാഴുന്ന ഉടയോര്‍ ചിക്ക ദേവരായ.
കണ്ടര് വാ പൊളിച്ചു.
അതായിരുന്നു തുളുനാടന്‍ കളരിയുടെ തുടക്കം.
അടവും ചുവടും വടിവിലാക്കി, നൊടിയിടകളെ നേട്ടമാക്കാന്‍ തഞ്ചവും തായവും പാട്ടിലാക്കുന്ന തുളുനാടന്‍ വിദ്യ.. കുറ്റവും കുറയും തുരുമ്പു കണക്ക് തട്ടിക്കിഴിച്ച,് ഉലയില്‍ വേവിച്ച്, അടിച്ചു പതം വരുത്തി, ചിന്തേരിട്ട,് വാള്‍ത്തലപ്പിന്റെ മൂര്‍ച്ചത്തിളക്കം മട്ട് വിളക്കിമിനുക്കുന്ന രീതി.
ചുരുക്കിപ്പറഞ്ഞാല്‍ പരശതം ഉരുക്കഴിച്ച് അഭ്യാസബലത്തെ ഇന്ദ്രിയചോദനപോലെ പരിചയമാക്കുന്ന തപം.
''വെറുതെയല്ല ഗുരുനാഥന്‍ കാറ്റുപോലെ. എല്ലാവരും ഒരുമിച്ചു കനപ്പെട്ടോ.''
''നാള്‍പത്ത് കഴിയും മുമ്പ് ഞങ്ങളെ പിരിച്ചു. ഒന്നിച്ചുണ്ടുറങ്ങല്‍ നിര്‍ത്തിച്ചു. പരിചിതമായ സംസര്‍ഗ്ഗം പതിരുണ്ടാക്കും എന്നാചാര്യന്‍.''
പറയാനേറെയില്ലാത്ത ഒരു മുളപ്പന്തലില്‍ കാഴ്ച്ചത്തട്ടില്‍ താഴെവീണ ചിക്കയുടെ കൂടെ അങ്ങനെയാണ് കൂടിയത്.
ചിലപ്പോള്‍ ചിരിക്കും ചിലപ്പോള്‍ ചിന്തിച്ചിരിക്കും കണ്ടമട്ടിടക്കു കാട്ടില്ല. കണ്ണിമക്കാതെ നോക്കി നില്‍ക്കുകയുമാവും ചിലപ്പോള്‍. പിടിതരാത്ത സ്വഭാവം.
''നീനു ഹെല്‍ത്തിദാരു നന്നഗെ അര്‍ഥ ആഗതില്ല.''
നിങ്ങള്‍ പറയുന്നതൊന്നും മനസ്സിലാവുന്നില്ല.
ചോദ്യങ്ങളെറിയുമ്പോള്‍ എപ്പോഴും പറഞ്ഞൊഴിയും.
ഒരുപാതിരക്ക് ഏതോ സ്വപനാവേശത്താല്‍ ചാടിയെഴുന്നേറ്റപ്പോള്‍ നിശ്ശബദ്മൂര്‍ത്തിയെപ്പോലെ കട്ടില്‍ അവന്‍ ഇരിക്കുന്നു. മുളങ്കുടിലിനുള്ളിലേക്ക് ശങ്കിച്ചെത്തിയ പൗര്‍ണ്ണമിയെ നോക്കുകയാണെന്നു തോന്നി.
ഇവന് ഉറക്കവുമില്ലെ...!
എന്തുചെയ്യുകയാണെന്നു നിരൂപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ പെട്ടന്നു ചോദിച്ചു.
''ഞാനാരാണെന്ന് അറിയാമോ.''
അത്ഭുതം തന്നെ, ആദ്യമായി ഇങ്ങോട്ടൊരു ചോദ്യം..!
''പേരുള്ള കുലവും ഗോത്രവുമുള്ള ഏതോ മഹിഷാസൂരുകാരന്‍''
നിലാവില്‍ ചത്തകണ്ണുകള്‍ ചരിച്ചു. അതോ ചുണ്ടുകളോ...
''അല്ല. ദക്ഷിണാപഥം കൈക്കലാക്കാന്‍ പോകുന്ന ഒരാള്‍.''
അവന്റെ കണ്ണുകളില്‍ അപ്പോള്‍ വിശപ്പു കത്തി..
''മഹിഷാസൂരു ഭരിക്കാന്‍ പോകുന്നത് ഞാനാണ്. മര്‍ദ്ദിനി (12) തുണ.''
''ഈ കേളടിയും കുന്നുകള്‍ക്കപ്പുറത്ത് കടലിനിടയില്‍ ചേലയുടെ കരപോലെ മാത്രമുള്ള നിങ്ങളുടെ കര ഭൂമിവൈകുണ്ഡമാണെന്നു തെറ്റിദ്ധരിച്ചു വാഴുന്ന വണിക്കുകളേയും ഒരിക്കല്‍ ഞാന്‍ ഭരിക്കും.''
മലനാട്ടിലെ നൃപരെയാണ് വണിക്കുകളെന്നു പരിഹസിച്ചത്. ചോര പക്ഷെ എന്തുകൊണ്ടോ തിളച്ചില്ല, പ്രയോഗത്തില്‍ രസികത്വം തോന്നി. കൊള്ളാം.
''വിജയനഗരത്തിന്റ ശേഷിപ്പില്‍ കാവേരിയുടെ തുണ കൊണ്ടു മാത്രം ഊഷരമാകാത്ത തുണ്ടു ഭൂമി. മറാത്തരും മുകിലരും ബീജാപ്പൂരും താങ്കളെ ഇതു പോലെ കരുതുന്നുണ്ടാവും. താങ്കളുടെ ആത്മവിശ്വാസം നേടിയതു തന്നെ.''
ചത്തകണ്ണുകള്‍ വീണ്ടും ചിരിച്ചു.
''നിങ്ങളുടെ മറുപടികള്‍ക്കും മുനയുണ്ട്. സാമ്രാജ്യങ്ങള്‍ ഒന്നുമില്ലായ്മയില്‍ നിന്നും പടുത്തുയര്‍ത്തുന്നതാണ് എന്നോര്‍ക്കുക. ചതുരോപായങ്ങള്‍ക്കിടയിലുള്ള താളമൊപ്പിക്കല്‍ മാത്രമാണ് എന്നെപ്പോലുള്ളവര്‍ക്ക് ഈ തുളുവിദ്യകള്‍. നിങ്ങള്‍ പക്ഷെ അഭ്യാസത്തിനായി ജനിച്ചവന്‍. ഈഴത്തില്‍ പോയി ഇനി പഠിക്കൂ.''
ഇലങ്കത്ത് മര്‍മ്മ വിദ്യ പഠിപ്പിക്കുന്ന അങ്കം പോറയെ പറ്റി കേള്‍ക്കുന്നത് ആ സംഭാഷണത്തിനിടയിലാണ്. അന്നുറച്ചതാണ് അവിടെ പോകണമെന്ന്.
''അവിടെയും പോയോ?''
കണ്ടര് ഇടയില്‍ അത്ഭുതത്തോടെ ചോദിച്ചു.
''ഉം. അതു വേറെ കഥ.''
കുറച്ചിട കഴിഞ്ഞ് മറന്നുവെച്ചത് ഓര്‍മ്മിപ്പിച്ചതു പോലെ അവന്‍ പറഞ്ഞു..
''തുളുകുറ്റം തീര്‍ക്കാന്‍ ചാവേര്‍ തറവാടുകളില്‍ നിന്നും ആളുകള്‍ പോവാറുണ്ടന്നു അമ്മാവന്‍ പറഞ്ഞിരുന്നു.''
അപ്പോള്‍, മറവി മനഃപൂര്‍വം തീര്‍ത്ത മറതുളച്ച് ഓര്‍മ്മകള്‍ നെഞ്ചില്‍ കൊളുത്തിവലിച്ചു.
അകത്താരോ അങ്കം പിടിച്ചു തുടങ്ങി
കന്യകയെ കാമ്യക (13) വനത്തില്‍ കാത്തുനില്‍ക്കാമെന്നു വിശ്വസിപ്പിച്ചു കടന്നുകളഞ്ഞ ഒരു ഭീരുവിന്റെ ചിത്രം തെളിഞ്ഞു വന്നു. വാക്കിനു വില കല്‍പ്പിക്കാത്ത പുരുഷന്‍.
അല്ല അല്ല... അവള്‍ പോയതല്ലെ? എന്തെ കാത്തു നിന്നില്ല, പറഞ്ഞതല്ലെ വരുമെന്ന്?
കാത്തു നില്‍ക്കാന്‍ പുരളിയില്‍ അവള്‍ക്കാരു തുണ. നാടുവാഴിയെ നാട്യം പഠിപ്പിക്കാന്‍ വന്ന അമ്മാവനോ അതോ കിണറ്റില്‍ പൊങ്ങിയ ആങ്ങളയോ? ഒരു നിമിഷത്തിന്റെ സുഖത്തിന് നിര്‍മ്മാല്ല്യമാക്കി നീ നിലത്തെറിഞ്ഞ മാലേയം.
ഒരിക്കലുമല്ല, വാരിച്ചൂടാന്‍ എത്ര പിന്നേയും കൊതിച്ചു.
അവസരത്തിനു നീ വേണ്ടി കാത്തു നിന്നു.
അല്ല അല്ല. പരസ്പരമാശിച്ചു തന്നെ, നിശയും ലഹരിയും കോര്‍ത്തു പിണഞ്ഞ രാത്രിയിലെ സ്വപ്ന സഞ്ചാരം. സ്വര്‍ഗ്ഗം മോഹശയ്യയൊരുക്കുമ്പോള്‍ ശസ്ത്രങ്ങള്‍ എന്തെടുത്തു തടുക്കാന്‍!
പുരളിയില്‍ അവള്‍ ഇല്ലെന്നുറപ്പിച്ചപ്പോള്‍ തിരിഞ്ഞുനടന്നതോ ആണത്തം. ശത്രുരാജ്യത്തെ പെണ്ണിനെ സ്വന്തമാക്കാന്‍ കെല്‍പ്പില്ലാതെ സ്വന്തം കാര്യം നോക്കി കടല്‍ കടന്നുപോയി. പ്രജിജ്ഞാ ലംഘനം താണ്ടാന്‍ സേതുലംഘനം. ധര്‍മ്മപതിയെ പോലെ രക്ഷിച്ചു കൊണ്ടു വരാനല്ല. ധര്‍മ്മഭീതി ഭയന്ന അരചനെ പോലെ ഉപേക്ഷിച്ചു കടന്നുകളയാന്‍. ഭീരു.
''എന്താ ഗുരുനാഥാ നിനയ്ക്കുന്നത്. മറക്കാനാവാത്ത പലതുമുണ്ടായി എന്നു പറഞ്ഞിരുന്നല്ലോ..''
ഒരിട ദീര്‍ഘനിശ്വാസം തികച്ച് തകര്‍ത്തുപെയ്യാനൊരുങ്ങിയ ഓര്‍മ്മക്കാറുകളെ മറച്ചു..
''കാര്യപ്പെട്ട ഒന്ന്. മറക്കാവാനാത്ത ഒന്ന്... വീരസ്യംപാടി നടക്കാത്ത ഒന്ന്.. നിന്നോടു മാത്രം പറയാം. നിന്റ വീര്യത്തിനതുതകട്ടെ...''
കളരി കഴിഞ്ഞ് വൈകുന്നേരത്തെ പതിവു മഴ നനഞ്ഞു നില്‍ക്കുമ്പോഴാണ ഒരു ഓട്ടക്കാരന്‍ കിതച്ചു പാഞ്ഞു വരുന്നത് കണ്ടത്.
എന്തോ കേട്ട ഗുരുവര്യന്‍ തിരക്കിട്ടെഴുന്നേറ്റു. കൈകൊട്ടി വിളിച്ചപ്പോള്‍ നാലുപാടുനിന്നും ബണ്ടുകള്‍ ഓടിയെത്തി.
പ്രധാനപ്പെട്ടത് എന്തോ സംഭവിച്ചിരിക്കുന്നു.
''രാജെ ബന്ദാ, രാജെ ബന്ദാ..''
രാജെ എത്തിയിരിക്കുന്നു...!
ഏതു രാജാവ്, ആകാംക്ഷ പെരുത്തു.
ആരോ പറയുന്നതു കേട്ടു...
ശിവജിരാജെ...!
ഇന്നു പുലര്‍ച്ചെ കടല്‍കയറിവന്നു. പറങ്കികളെ തുരത്താന്‍..!
കണ്ടര് അത്ഭുതത്തോടെ ചേദിച്ചു, ''ഗുരുനാഥാ എന്തായിരുന്നു അത്....''
''ശിവാജിയുടെ ബസരൂരു ആക്രമണം. കുന്താപുരത്തിനടുത്തുള്ള തുറമുഖ നഗരം പറങ്കികളുടെ കൈവശമായിരുന്നു. കേളടിക്കാര്‍ തുറമുഖത്തില്‍ കടക്കണമെങ്കില്‍ കപ്പം കൊടുക്കണമെന്ന തരം. സഹിയാതെ ചെന്നമ്മ റാണി ശിവരാജേക്ക് കത്തെഴുതിയതെന്നു കഥ. ''
''ശിവജിയും നാലായിരം മറാത്തരും വാളും വീശി കടല്‍ പിന്നിട്ടെത്തിയപ്പോള്‍ പറങ്കികള്‍ അന്തം വിട്ടു. പറങ്കികളുടെ കണ്ണില്‍ പെടാതെ ഗോമന്തകം കടന്ന്, വെങ്കുര്‍ലയിലെ (14) ലന്തക്കാരറിയാതെ, കാരവാറില്‍ (15) കുടിയിരുന്ന ധ്വരകളെ മറികടന്ന് നൂറോളം ചെറുകപ്പലുകളിലാണ് മറാത്തരന്നെത്തിയതെന്നോര്‍ക്കണം...! ''
പുലരും മുമ്പ് ജയ് ഭവാനി പോര്‍വിളികള്‍ ഉര്‍ന്നു. പറങ്കികള്‍ക്ക് തയ്യാറെടുക്കാനുള്ള നേരം പോലും കിട്ടിയില്ല. പട്ടണമാസകലം മറാത്തര്‍ കൊള്ളയടിച്ചു. കുന്നോളം വരാഹനും പൊന്നും അവര്‍ സ്വന്തമാക്കി. തുപ്പാക്കികള്‍ മുതല്‍ കുതിരകള്‍ വരെ കൈകളിലായി.
അടുത്ത ദിനം കരമാര്‍ഗ്ഗം ശിവാജിക്കൊപ്പം ഒരു സംഘം മടങ്ങി. കളരിയില്‍ വാര്‍ത്ത എത്തുമ്പോഴേക്കും ആക്രമണം പൂര്‍ത്തിയായിരുന്നു. കരമാര്‍ഗ്ഗം തിരിച്ചു പോവുന്ന മാവ്ലവീരന് (16) അകമ്പടി പോകണമെന്ന രാജകല്‍പ്പന വന്നു. ഗുരുവര്യനും നൂറു ശിഷ്യരും നൊടിയിടയില്‍ തയ്യാറായി. കൂടെ ഞങ്ങളും. ഗംഗോളിയും കടന്ന് ഹോന്നാവരയില്‍ ശിവരാജെ വിശ്രമിക്കുമ്പോഴാണ് കേളടിയിലെ പടക്കൊപ്പം ഞങ്ങളും എത്തിയത്.
കേട്ടു കേട്ടു കുന്നുപോലെ പൊന്തിപന്തലിച്ച സഹ്യന്റെ പുത്രനെ കാണാന്‍ പോയതെന്നു പറയുന്നതാവും ശരി.
''മലയോളമുണ്ടോ ശിവരാജെ...?''
''സാധാരണ ഉയരം മാത്രമുള്ള ഒരു മനുഷ്യന്‍. കനത്ത ചുമലുകള്‍ ആദ്യമെ കണ്ണില്‍ പെട്ടു. കറുത്ത താടിമീശകളെ മാറ്റുള്ളതാക്കുന്ന നീണ്ടമൂക്ക്. തിളങ്ങുന്ന കണ്ണുകള്‍. ആടയാഭരണങ്ങള്‍ ശീലമില്ലാത്ത ഒരു യോദ്ധാവാണെന്നു തോന്നി. സന്ധ്യക്കെത്തുമ്പോള്‍ കേളടി സൈന്യാധിപനുമായി തിരക്കിട്ട സംസാരത്തിലായിരുന്നു അദ്ദഹം.. ''
''തിരക്കില്‍ ഒരു നോക്കു മാത്രമെ കണ്ടുള്ളൂ എന്നു പറയുന്നതാവും ശരി. പിറ്റേന്ന് ഭടകല കടന്ന് ഗോകര്‍ണ്ണത്തെത്തി മഹാദേവനെ കണ്ടാണ് അദ്ദേഹം മടങ്ങിയത്.''
''ഗുരുനാഥന്റെ ഭാഗ്യം. മഹാപുരുഷനെ കാണാനായല്ലോ.''
''യോഗം..''
''ഇലങ്കത്തെപ്പോഴാണ് പിന്നെ പോയത്...''
''തുളുംകുറ്റംതീര്‍ത്ത് നാട്ടിലേക്കു മടങ്ങിയില്ല. കൂട്ടുകാരെ പറഞ്ഞയച്ച് മംഗലപുരത്തു നിന്നും കപ്പലേറി.''
ഉത്തരവാദിത്വങ്ങളുടെ ചുമടില്ലാത്ത ഭാഗ്യവാന്‍. വീരന്‍ പറഞ്ഞതോര്‍ത്തു.
കടല്‍ കടന്നാല്‍ ഭ്രഷ്ട് പൂണൂല്‍ധാരികള്‍ക്കു മാത്രം. പുത്തലത്തവലുടെ സന്ദേശം ആശീര്‍വാദം പോലെ തോന്നി.
ശരാവതിയില്‍ ഗുരുവര്യന് കോഴിക്കോടിന്റെയും കോട്ടയത്തിന്റെയും നിര്‍ലോഭമായ ദക്ഷിണകള്‍ നല്‍കപ്പെട്ടു.
''മംഗലപുരത്തു നിന്നും നാം വിക്രമപുരത്തേക്കും നീ പന്തലായനിക്കും കപ്പല്‍ കയറും. തമ്പുരാന്‍ പുരളിയിലേക്കു മടങ്ങും. അതാണു കല്‍പ്പന.''
മറുപടി കിട്ടാഞ്ഞപ്പോള്‍ ധര്‍മ്മോത്തിളയത് ഇംഗിതം മനസ്സിലാക്കി നെറ്റി ചുളിച്ചു.
''പുരളിയില്‍ നിന്ന് നട്ടുവന്‍ പണിക്കരും മരുമകളും പരിവാരവും പണ്ടെ മടങ്ങി ചിണ്ടാ. വള്ളുവനാട്ടിലേക്കിനി പട നയിച്ചു പോണോ നിനക്ക്. ''
മിണ്ടിയില്ല. കനത്ത ഭാരം മാത്രം തലയില്‍ നിന്ന് കണ്ണിലേക്കിറങ്ങി പെരുത്തു.
''പന്തലായനിക്കില്ല. ഇലങ്കത്തേക്കു പോവാന്‍ ഒരു ചിന്ത. അങ്കം പോറ അറിഞ്ഞുവെക്കണമെന്നുണ്ട്. ''
''അതു നന്ന്. പറങ്കിക്കപ്പലില്‍ ആളറിയാതെ കൂടിക്കാനുള്ള ഏര്‍പ്പാടാക്കാം. പാശുപതാസ്ത്രവുമായി തിരിച്ചു വരിക നീ സതീര്‍ഥ്യാ..''
ധര്‍മ്മോത്തിളയത് ചിരിച്ചു.
''ഇലങ്കത്തെ വിശേഷം കേള്‍ക്കാന്‍ മുട്ടുന്നു ഗുരനാഥാ. ''
കണ്ടരുടെ കണ്ണില്‍ ആകാംക്ഷ കനത്തു.
''അതു പറഞ്ഞു തീര്‍ക്കാന്‍ മറ്റോരു നേരം ഉണ്ണീ.''
''ഇനി അതിനു നേരമുണ്ടാവണമെന്നില്ല ഗുരുനാഥാ...''
ആദ്യമായി അവന്‍ മുതിര്‍ന്ന ഒരാളപ്പോലെ പതിയെ പറഞ്ഞു.
ശരിയാണ് നേരം കുറവാണെന്ന് അവന് ബോധ്യം വന്നു കാണണം.
കഥകള്‍ കേള്‍ക്കുമ്പോള്‍ വേറൊന്നും ഓര്‍ക്കേണ്ടതില്ലല്ലോ ഗുരുനാഥാ...
തിളങ്ങിനിന്ന ബാലന്റെ നോട്ടം പെട്ടന്നു കെട്ടുതാണു.
തലകുമ്പിട്ട്, തിരക്കിട്ട് അവന്‍ മുന്നിലേക്കു നടന്നു.
''തമ്പ്രാ. മലയിലമ്പലം എത്തി.'' മുന്നിലാരോ വിളിച്ചുപറഞ്ഞു.
ബ്രഹമഗിരിക്കുമേലെ അന്തിവെളിച്ചം കെടാനെന്നപോലെ പടുതിരികത്തി.
(തുടരും)
1. വിദ്യാര്‍ഥി
2. ചെറുപ്പമാണല്ലോ...
3. സൂക്ഷിക്കുക
4. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കൂ, പഠനമെല്ലാം നാളെ.
5.. എങ്ങിനെയിരിക്കുന്നു കുട്ടീ..
6. കേളടി നായക വംശത്തിലെ ഭരണാധികാരി
7. സോമശേഖര നായകന്റെ റാണി. 1677- ല്‍ നായകന്റെ മരണശേഷം ഭരണം ഏറ്റെടുത്തു.
8. കടല്‍ വഴിയുള്ള വ്യാപാരബന്ധം.
9. ഗോവ
10. ഔറംഗസീബ് ചക്രവര്‍ത്തി
11. തിരുനെല്ലി ക്ഷേത്രത്തിന്റെ മറ്റോരു പേര്. സഹ്യന്റെ മടിയില്‍ നെല്ലി മരങ്ങള്‍ക്കിടയിലുള്ള ക്ഷേത്രം
12. മഹിഷാസുരമര്‍ദ്ദിനി
13. സരസ്വതീനദീതീരത്തുള്ള വനം. ഹിഡിംബിയും ഭീമനും കണ്ടുമുട്ടിയ ഇടം
14. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗിലുള്ള തുറമുഖ നഗരം. ഡച്ചുകാരുടെ കൈവശമായിരുന്നു
15. കാര്‍വാര്‍. ബ്രിട്ടിഷ് നിയന്ത്രണത്തിലായിരുന്ന തുറമുഖം.
16. മറാഠി വംശജരും യോദ്ധാക്കളുമായ മാവ്ലകളുടെ നേതാവ്.
Content Highlights: harilal rajagopal novel kulavan part 24