കണ്ണുകൾ | കവിത

സ്‌ഫോടനത്തിനു പിന്നാലെ സ്‌കൂൾ മുറ്റത്ത്
കണ്ണുകൾ ചിതറിത്തെറിച്ചു വീണു.
മരണത്തിന്റെ ശാന്തതയിൽ
ഇനിയും അടയാത്ത കണ്ണുകൾ.
അവയിൽ അന്നുദിച്ച സൂര്യൻ
ഉണർവിന്റെ ബിംബമായി പതിഞ്ഞിട്ടുണ്ട്.
അവയിലിപ്പോഴും സ്വപ്നപക്ഷികളുടെ ചിറകടി
നീല മിന്നായമായി തിളങ്ങുന്നുണ്ട്
കളിചിരികൾ നൃത്തം ചെയ്യുന്നുണ്ട്.
മോഹങ്ങൾ ജ്വാലകളായെരിയുന്നുണ്ട്.
അന്ധരായ രാജാക്കന്മാരും
തിമിരം ബാധിച്ച ലോകവും
പൊട്ടിത്തെറികളുടെ ശബ്ദത്തിൽ നിന്ന്
യുദ്ധവിജയങ്ങൾ വിലയിരുത്തുന്നു.
അടയാത്ത കണ്ണുകൾ
എല്ലാം കാണുന്നു.
Content Highlights: Explores the tragic intersection of innocence and war., Utilizes powerful imagery of eyes to represent lost witness., Critiques the apathy of leadership in the face of geopolitical conflicts., Highlights the enduring nature of dreams despite destruction.