യുക്രൈൻ കവി ഇയ കിവയുടെ യുദ്ധകവിതയ്ക്ക് ബാബു രാമചന്ദ്രന്റെ വിവർത്തനം

പൈപ്പിലൂടെ ഇപ്പോള്‍ വരുന്നത്
ചൂടുള്ള യുദ്ധമാണോ
അതോ തണുപ്പുള്ള യുദ്ധമാണോ?
എന്ത്...?
യുദ്ധമേ വരുന്നില്ലെന്നോ?
അങ്ങനെയാകാന്‍ തരമില്ലല്ലോ..!
ഉച്ചക്കുശേഷം യുദ്ധം വരുമെന്നാണല്ലോ
അവര്‍ പറഞ്ഞിരുന്നത്.
'കൃത്യം രണ്ടുമണിക്ക്
യുദ്ധം വരും 'എന്ന്
ജീപ്പില്‍
വിളിച്ചു പറഞ്ഞോണ്ട് പോകുന്നത്
ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ്.
എന്തൊരു കഷ്ടമാണ്!
യുദ്ധം വരാതെയായിട്ട്
ഇപ്പോള്‍ മൂന്നു മണിക്കൂറായി.
നോക്കൂ, ഇപ്പോള്‍ ആറു മണിക്കൂറായി
യുദ്ധം വരാതായിട്ട്.
നേരം ഇരുട്ടിയിട്ടും
യുദ്ധം വന്നില്ലേല്‍
എന്തുചെയ്യും നമ്മള്‍?
യുദ്ധമില്ലെങ്കില്‍
എങ്ങനെ നമ്മള്‍ തുണിയലക്കും?
രാത്രി എങ്ങനെ അത്താഴമുണ്ടാക്കും?
യുദ്ധം ചേര്‍ക്കാത്ത ചായ
എന്ത് ബോറായിരിക്കും?
എട്ടു ദിവസമായി യുദ്ധം വന്നിട്ട്.
നാറുന്നുണ്ട് ഞങ്ങളെയൊക്കെ.
ഞങ്ങളുടെ കൂടെ
കിടക്ക പങ്കിടാന്‍
ഭാര്യമാര്‍ വിസമ്മതിക്കുന്നു.
കുഞ്ഞുങ്ങള്‍ ചിരിക്കാനും
ചിണുങ്ങാനുമൊക്കെ
മറന്നുകഴിഞ്ഞിരിക്കുന്നു.
ഛെ.. യുദ്ധമിങ്ങനെ
വരികയേ ചെയ്യാത്ത
ഒരവസ്ഥ വരുമെന്ന്
നമ്മളെന്തുകൊണ്ട്
നേരത്തെ പ്രതീക്ഷിച്ചില്ല?
എന്താപ്പോ ചെയ്ക?
ആ പച്ചപ്പുല്‍മേടിന്റെ
അപ്പുറത്തുളള വീടുവരെ
ഒന്നുപോയാലോ?
ഒരിച്ചിരി യുദ്ധം കടം കിട്ടുമോ
എന്ന് നോക്കാം.
സൂക്ഷിച്ചു കൊണ്ടുവരണം,
തുളുമ്പിവീഴരുത് യുദ്ധം നിരത്തില്‍.
'യുദ്ധമില്ലാത്ത ലോകം'
തല്‍ക്കാലത്തേക്കുള്ള ഒരു പ്രയാസമെന്നേ,
ഇതിനെ കരുതേണ്ടതുള്ളൂ,
ഇതും കടന്നുപോകും.
ഈ നാട്ടില്‍
ഓരോ വീട്ടിനുള്ളിലേക്കും
ഓരോ തൊണ്ടയ്ക്കുഴിയിലേക്കും
പൈപ്പിലൂടെ യുദ്ധം വന്നെത്തുന്നില്ലെങ്കില്‍,
എന്തോ പ്രശ്നമുണ്ട്
എന്നുവേണം മനസ്സിലാക്കാന്‍...!
Content Highlights: babu ramachandran translation war poem by ukraine poet Iya Kiva