കഥ | അഭയാർത്ഥികളുടെ പ്രശ്നം | അശ്വിൻ ചന്ദ്രൻ

" ഹാ! സുഖലോലരെ ഹന്ത നിങ്ങൾക്കാസുരപ്രേമമിതാരു വെച്ചു... "/വൈലോപ്പിള്ളി ( പൂച്ചക്കുട്ടികൾ )
നേരം പുലർന്ന് ഇത്രയുമായിട്ടും കഞ്ചീരിനെ കാണാഞ്ഞതും, മാഷിന് ആധി കേറാൻ തുടങ്ങി. കഞ്ചീരി ഇവിടെ പാർപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. ഇന്നേവരെ അവൾ ഇത്തരം കുറുമ്പുകൾ കാട്ടീട്ടില്ല.
എല്ലാദിവസവും മാഷ് എണീക്കും മുൻപേ അവൾ അയാളുടെ കട്ടിലിൻ ചോട്ടിൽ ഹാജരാവും. ഉറക്കമുണർന്ന് കഴിഞ്ഞാൽ,മാഷിന്റെ കണി കഞ്ചീരിയാണ്. കാലും മുഖവും കഴുകി നേരെ അടുക്കളയിലേക്ക് വെച്ചുപിടിക്കുന്ന അയാളുടെ ചുവടുകളെ കൂസലന്യേ അവൾ അനുഗമിക്കും. സ്റ്റൗ ഓൺ ചെയ്ത് പാൽ കാച്ചും . പാൽ ചൂടായി കഴിഞ്ഞാൽ, തനിക്കും അവൾക്കുമായി വെവേറെ പാത്രങ്ങളിൽ അത് പകർന്നു വെക്കും. ഇത്രയും കാലത്തെ ക്വാർട്ടേഴ്സ് ജീവിതത്തിനിടയിൽ അയാൾ വശപ്പെടുത്തിയെടുത്ത ഒരേയൊരു അടുക്കള പെരുമാറ്റം ഇതു മാത്രമാണ്.ചായയൊത്താൽ പിന്നെ പത്രവായന. ശേഷമൊരു സൈക്കിൾ സവാരി. ഇവയൊക്കെയും കഞ്ചീരിനും ബാധകമാണ്. മാഷ് ചാരുകസേരയിൽ ഇരുന്ന് വാർത്തകൾക്കായി കണ്ണോടിക്കുമ്പോൾ, അവൾ അയാളുടെ മടിയിലേക്ക് ചാടിക്കേറും. ഓരോ അക്ഷരങ്ങളെയും സാകൂതം ഉറ്റുനോകും. ഓടിക്കൊണ്ടിരിക്കുന്ന സൈക്കിൾ ബാറിൽ,ഇവ എങ്ങനെയാണ് ഇത്ര ബാലൻസോടെ പിടിച്ചിരിക്കുന്നത് എന്നയാൾ ചിന്തിച്ചിട്ടുണ്ടാവാം. ശാസ്ത്ര അധ്യാപകനാകയാൽ അതിനുള്ള ഉത്തരവും അയാൾക്ക് പണ്ടേ അറിയാം.
ദേവസ്വം കോട്ടേഴ്സിലെ 9 ബി യിൽ താമസം തുടങ്ങിയ കാലം തൊട്ടേ ഇവിടേക്കുള്ള നിത്യ സന്ദർശകർ പൂച്ചകളാണ് . വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ മാത്രം അത് ചില കവി സുഹൃത്തുകളിലേക്കോ, ആരാധകരിലേക്കോ, പത്രാധിപരിലേക്കോ വഴിമാറി. തന്റെ സ്വഭാവത്തിലെ ' പൂച്ചപ്രാന്ത്' * അറിയുന്നതിനാലാവണം , മനുഷ്യരാരും അധികമിങ്ങോട്ട് അടുക്കാറില്ല. രണ്ടുമാസം മുമ്പ് അവസാനമായി വന്നത് കവി രമേശൻ നായരാണ്. ആകാശവാണി വരെ വന്നാൽ അയാൾ ക്വാർട്ടേഴ്സിൽ കയറാതെ പോകാറില്ല. കവി വന്ന് ഉമ്മറം കേറാൻ ഭാവിച്ചതും, കസേരയിലിരുന്ന് കഞ്ചീരി അയാളെ തുറിച്ചുനോക്കി. മുഖത്തെ പുച്ഛത്തിനും, കൂസലില്ലായ്മക്കും കുറച്ചുകൂടി മൂർച്ച കൂട്ടി. ഇവളുടെ പേരെന്താണ്? കവി ചോദിക്കാതിരുന്നില്ല. അതുകേട്ടതും മാഷൊന്ന് അതിശയിച്ചു. ഇത്രയായിട്ടും താനവൾക്കൊരു പേര് വിളിച്ചിട്ടില്ല. ഇത് കേട്ട കവി മാഷിനെ ഒന്ന് കളിയാക്കി 'കവിത കാച്ചി കുറുക്കുന്ന തിരക്കിൽ മറന്നതാവും?'നമ്മൾ വിളിക്കുന്ന പേരുകൾ അവർക്ക് സ്വീകാര്യമായിരിക്കുമെന്ന് ആര് കണ്ടു.അയാൾ വെറുതെ മനസ്സിൽ നിരീച്ചു.എന്നിട്ട് അപ്പോൾ മനസ്സിലേക്ക് വന്ന ഒരു പേര് അവളെ നീട്ടി വിളിച്ചു.' കഞ്ചീരി.' അതുകേട്ടതും, കസേരയിലേക്ക് താഴ്ത്തി വെച്ച തല അവൾ മാഷിന് നേരെ വെട്ടിച്ചു. 'കഞ്ചീരി.നല്ല പേര്. എന്നാൽ പേരിന്റെ അർത്ഥം എന്താണ്?' കവി വിട്ടില്ല. ' അതാ ഞാനും ആലോചിക്കുന്നത്. പേരിടുമ്പോൾ യുക്തിയും അർത്ഥവുമൊക്കെ വേണ്ടത് മനുഷ്യർക്കാണ്. സ്കൂളിലും റേഷൻ കാർഡിലുമൊക്കെ വരേണ്ടതാണ്. പക്ഷേ മൃഗങ്ങൾക്ക് വേണ്ടത് അർത്ഥവും യുക്തിയുമൊന്നുമല്ല. സ്നേഹവും വാത്സല്യവുമാണ്.' രമേശൻ നായർ മറുപടിയിൽ തൃപ്തനായി. അവളുടെ പേര് ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടിയാവണം, അന്ന് മുഴുവൻ വീടിന്റെ പല കോണിൽ നിന്നും അയാൾ അവളെ പേര് ചൊല്ലി വിളിച്ചു. ഓരോ തവണ വിളി കേൾക്കുമ്പോഴും, അനുകമ്പയോടെ അവൾ അയാൾക്കരിലേക്ക് ഓടിയെത്തി.രാത്രി ഹോട്ടലിൽ നിന്നും അത്താഴം കൊണ്ടുവരുന്ന ചെറുക്കനോട് ഒരു മീൻ തല ചോറ് കെട്ടിനോടൊപ്പം പ്രത്യേകമായി പൊതിഞ്ഞു വെക്കാൻ മാഷ് ശട്ടം കെട്ടി. അയാൾക്ക് മീൻ ചാറാണ് ഇഷ്ടം. ഭക്ഷണത്തിനുശേഷവും, കോപ്പയിൽ ബാക്കിയായ മീൻ കറി അയാൾ മൊത്തി കുടിച്ചു. അരപ്രൈസിലിരുന്ന് മീൻ തല കടിക്കുന്ന കഞ്ചീരി അയാളെ അനുകമ്പയോടെ നോക്കി.' ഈ മീൻ തല പങ്കിടാനുള്ളതല്ല 'എന്നൊരു തലക്കനം അവൾ ആ നോട്ടത്തിൽ ഉൾച്ചേർത്തു വെച്ചു.
9 -ബിയിലേക്ക് വന്ന ആദ്യത്തെ അഭയാർത്ഥി കഞ്ചീരിയായിരുന്നില്ല. എന്നിട്ടും, മറ്റ് പൂച്ചകൾക്ക് കിട്ടാത്ത പല പ്രത്യേക പരിഗണനകളും അവൾ നേടിയെടുത്തു . ചൂടാക്കി പഞ്ചസാര ചേർത്ത പാല്, പൊരിച്ച മീൻ തലകൾ, സ്വന്തമായി ഒരു പേര് അങ്ങനെ പോകുന്ന ആഡംബരങ്ങൾ. ഇത്രയൊക്കെ സുഖങ്ങൾ അനുഭവിച്ചിട്ടും അവൾ ഇവിടം വിട്ടുപോയത് എന്തുകൊണ്ടായിരിക്കും? ഒരിട അയാൾ ആലോചിച്ചു. ജീവിതത്തിൽ എത്രയേറെ കൈപ്പുനീർ കുടിച്ചാൽ മാത്രമാണ് ഇത്തിരിയെങ്കിലും മധുരം നുണയാൻ ഭാഗ്യം കിട്ടുക എന്ന് താൻ തന്നെ എഴുതിയ വരികൾ മാഷ് ഒന്നോർത്തു പോയി.
നേരം ചെല്ലുംതോറും അയാളുടെ ചിന്തകൾ പല വഴി പിരിഞ്ഞു. അവൾ സ്വമനസാലെ ഇവിടം വിട്ടിറങ്ങിയതാവുമോ? അല്ല വല്ല അപായവും പറ്റിയതാവുമോ? അവളിനി ഇവിടേക്ക് മടങ്ങിവരാൻ തരമുണ്ടോ ? ഇത്യാദി ഒരുപാട് സംശയങ്ങൾ മാഷിന്റെ സ്വൈര്യം കെടുത്തി. ദിനചര്യകൾ തെറ്റി, ചോറിന്റെ വേവ് കൂടി പായസ പരുവമായി. അതിനൊക്കെയുപരി, താൽക്കാലികമായെങ്കിലും കവിതയുടെ മഷി പാത്രം വറ്റി.
കോട്ടേഴ്സിന്റെ ഇറയവം നിറയെ പൂച്ചകൾ കലപില കൂട്ടിയ സമൃദ്ധിയുടെ ഒരു കാലം അയാൾ വെറുതെ അയവിറക്കി. അന്നൊന്നും തനിക്ക് കവിതയ്ക്ക് മുട്ടുണ്ടായിരുന്നില്ല. വാക്കുകൾ സദാ വിരൽ തുമ്പിൽ തന്നെയാണെന്ന് അഹങ്കരിക്കുക പോലും ചെയ്തു. എങ്കിലും അവയെ പിശുക്കി വെക്കുന്നതിൽ ശീലകേട് കാണിച്ചില്ല.
എഴുതിതീർന്ന ഉടൻ കടലാസുമായി ഉമ്മറത്തേക്കിറങ്ങും. അരപ്രൈസിലിരുന്ന് മുറ്റത്തേക്ക് നോക്കും. ഏതോ ശീലത്തിന്റെ ഭാഗമെന്നോണം പൂച്ചകളെല്ലാവരും ഒരുമിച്ച് വന്നയാളുടെ കാലുകൾ നക്കും. വെള്ളയിൽ മുഖമമർത്തും. ആദ്യവായനക്കാരെ കവിത ചൊല്ലി കേൾപ്പിക്കും. ഇതു കഴിഞ്ഞു മാത്രമേ പത്രാധിപർക്ക് പോലും അയക്കുകയുള്ളൂ. തന്റെ കവിതയുടെ ആദ്യ വായനക്കാർ മനുഷ്യരല്ലയെ ന്ന സന്തോഷം അന്നൊക്കെ അയാളെ വന്ന് പൊതിഞ്ഞിരുന്നു.ആ നല്ല കാലങ്ങളിൽ പൂച്ചകൾക്കായി മാത്രമെഴുതിയ ഒരു കവിത മാഷ് ഓർത്തെടുത്തു.
" പൂച്ചകൾ തമ്മിൽ കലമ്പലത്രേ
പൂവമ്പു കൊണ്ട് പുലമ്പലത്രേ
ചാട്ടവുമോട്ടവും കൺ മിഴിയാൽ
ചൂട്ടുമിനിക്കലും കാത്തിരിപ്പും
ആർക്കലുമോങ്ങലുമേറ്റു തമ്മിൽ ആക്രമണങ്ങളും രോദനവും.
ഹാ സുഖലോലരെ ഹന്ത നിങ്ങൾക്കാസുരപ്രേമമിതാരു വെച്ചു.. "
അത്രയുമായപ്പോഴേക്കും അറിയാതെ മാഷിന്റെ കണ്ണുനിറഞ്ഞു.
കഞ്ചീരി ആദ്യമായി ഇവിടേക്ക് എത്തപ്പെട്ട ദിവസം അയാൾക്ക് ഓർമ്മ വന്നു. നല്ല മഴയുണ്ടായിരുന്നു അന്ന്. ഗേറ്റ് കമ്പികളുടെ വിടവിലൂടെ സാഹസികമായി ഊർന്നിറങ്ങി ഒരു കൗമാരക്കാരി ഉമ്മറ വാതിൽക്കലെത്തി. അവളാകെ നനഞ്ഞൊട്ടിയിരുന്നു. പെയ്തുതീർന്ന മഴയെ മൊത്തമായി തന്റെ ശരീരത്തിൽ ഒളിപ്പിച്ചിട്ടെന്നപോലെ അവൾ വിറച്ചു. ഇടയ്ക്കിടെ രോമങ്ങൾ കൂർപ്പിച്ച് വെള്ളത്തുള്ളികളെ കുടഞ്ഞെറിഞ്ഞു. സാധാരണഗതിയിൽ ഈ വിധം സംഗതികളൊന്നുമയാൾക്ക് ഏൽക്കാറില്ല.എന്നാൽ കുമാരിയായ അവളുടെ കണ്ണിലെ ഈറനിൽ എന്തുകൊണ്ടോ മാഷ് തെന്നി വീണുപോയി. ഇവിടെയിപ്പോൾ തന്നെ ഒരുപാട് മാർജാരന്മാറുണ്ടല്ലോ . അതിനോട് ഒന്നുകൂടി ചേർന്നാൽ എന്ത് സംഭവിക്കാനാണെന്ന ഭാവത്തിൽ അയാൾ അകത്തേക്ക് നടക്കെ, അവളും ആ ചുവടുകളെ അനുഗമിച്ചു. അടുക്കളയോളം എത്തിയതും, പാത്രത്തിൽ ഇത്തിരി വെള്ളം ചേർത്ത് പാൽ തിളപ്പിച്ച് കിണ്ണത്തിലാക്കി അവളിലേക്ക് നീട്ടിവെച്ചു. കവിത മാത്രമല്ല പാലും തനിക്ക് കുറക്കാവുന്നതേയുള്ളൂ എന്ന് അപ്പോൾ അയാൾക്ക് തോന്നിപ്പോയി.
പാലിന്റെ മണം മൂക്കിൽ തട്ടിയതും, രണ്ടോ മൂന്നോ നക്കിൽ തന്നെ അവൾ പാത്രം വടിച്ചെടുത്തു. അവൾക്ക് എത്രയോ മുൻപേ അവിടെയെത്തിയ മറ്റ് അഭയാർത്ഥികൾക്ക് ഇതൊരു പുതിയ കാഴ്ചയായിരുന്നു. എങ്കിലും അവരാരും ബഹളം വെച്ചില്ല. പുതിയ അതിഥിയുടെ ചേഷ്‌ട്ടകൾ സാകൂതം നിരീക്ഷിക്കുക മാത്രം ചെയ്തു. ഇതു കണ്ടതും അവൾക്കായി എടുത്തുവെച്ച ബിസ്ക്കറ്റ് പൊതിയിൽ നിന്നും ഒന്നു രണ്ടെണ്ണം അയാൾ അവർക്കും വീതിച്ചു നൽകി. വന്നുകയറി, ചെറിയ നാളുകൾ കൊണ്ട് തന്നെ അവൾ അവരെയും തന്റെ പക്ഷക്കാരാക്കി. ശേഷം അവർക്കിടയിലെ റാണിയായി പോലും, തന്നെ സ്വയം അവരോധിച്ചു. അവരുടെ നേത്രിയായി.
ഇതുകൊണ്ടുതന്നെയാവണം, അവളെ കാണാതായത് മുതൽ എല്ലാവരും നിശബ്ദരാണ്.
പിന്നെയും രണ്ടു നാൾ കഴിഞ്ഞു. കഞ്ചീരി ഇനിയും മടങ്ങി എത്തിയില്ല. അവളുടെ അസാന്നിധ്യം എല്ലാവരെയും സാരമായി ബാധിച്ചു. രണ്ട് രാത്രികളുടെ ഉറക്കച്ചടവുകൾ മാഷിന്റെ കണ്ണിൽ തൂങ്ങി നിന്നു. തന്റെ ഓമന മൃഗത്തെ ഓർത്തോർത്ത് അയാൾ തന്റെ ചാരുകസേരയിൽ മയങ്ങിപ്പോയി.
ഉറക്കത്തിനിടയിൽ ഒരു ഓർമ്മ അയാളെ കൈ എത്തി പിടിച്ചു.
ഭാനുമതി ഉള്ള കാലത്താണ്. അവളുടെ നല്ലെങ്കരയിലെ വീട്ടുവളപ്പിൽ കാടും പടലവും യഥേഷ്ടം തഴച്ചു നിന്നിരുന്നു. വീടിന്റെ അകായിലേക്ക് പോലും പാമ്പിന്റെ വരവ് മാഷ് ഏതുനേരവും പ്രതീക്ഷിച്ചു.
അങ്ങനെയിരിക്കെയാണ് തൊടി വൃത്തിയാക്കുമ്പോൾ പണിക്കാർക്ക് വയറ വള്ളികൾക്കിടയിൽ നിന്നും ഒരു കീരി കുഞ്ഞിനെ കിട്ടുന്നത് . അവരതിനെ നേരെ മാഷിന്റെ കയ്യിലേൽപ്പിച്ചു. അവന്റെ ദേഹം മുറിഞ്ഞിട്ടുണ്ട്. ശത്രുവുമായുള്ള ഏറ്റുമുട്ടലിൽ പരിക്കുപറ്റിയതായിരിക്കണം. ആ കണ്ണിലെ തിളക്കത്തിൽ നിന്നും മാഷത് വായിച്ചെടുത്തു. മുറിവുകൾ വെച്ചുകെട്ടി ശുശ്രൂഷിച്ചു. ദിവസങ്ങൾക്കകം അവൻ ആരോഗ്യം വീണ്ടെടുത്തു. മരണ പത്രവുമായി വരുന്ന വിഷജന്തുക്കളെ ഇനിമുതൽ ഭയക്കേണ്ടതില്ലയെന്നയാൾ സമാധാനിച്ചു. തന്റെ കുഞ്ഞിന്റെ പരിചാരകനായും കളിത്തോഴനായും അവനെ നിയോഗിച്ചു. എന്നാൽ ഭാനുവിൽ ഇത് ഭയം നിറക്കാതിരുന്നില്ല. പക്ഷേ തന്റെ കർത്തവ്യങ്ങൾ കൃത്യമായി നിറവേറ്റിക്കൊണ്ടവൻ ഭാനുവിന്റെയും വിശ്വാസം നേടിയെടുത്തു.
ദിവസങ്ങൾ കടന്നുപോയി. അവൻ പൂർണ്ണ ആരോഗ്യവാനായി. ഇത് മാഷിൽ ആശങ്ക നിറച്ചു. ആരോഗ്യം വീണ്ടെടുത്തതിനാൽ, ഇനി തന്റെ കൂട്ടുകാർ വന്നു വിളിച്ചാൽ അവൻ ഇറങ്ങിപ്പോയല്ലോ. മാഷിന് ആധിയായി. അയാൾ അത് ഭാര്യയോട് പറഞ്ഞു. ഇതുകേട്ടതും ഭാനു അയാളെ സമാധാനിപ്പിച്ചു.' കീരി നന്ദിയുള്ള മൃഗമല്ലേ..' മാഷ് ഒന്നാലോചിച്ചു. എന്നിട്ട് കൂട്ടിച്ചേർത്തു' ഞാൻ എവിടെയും അങ്ങനെ വായിച്ചിട്ടില്ല... പഞ്ചതന്ത്രത്തിൽ പോലും..'
അന്നത്തെ രാത്രി അയാളുടെ ചിന്ത മുഴുവൻ ഇത് മാത്രമായിരുന്നു. പിറ്റേന്ന് അയാൾ ഇതിനൊരു പ്രതിവിധി കണ്ടു. മേശയുടെ കാലിൽ അയാൾ കീരിയെ കെട്ടിയിട്ടു. ഭാനുവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. .' കെട്ടിയിട്ട് വളർത്താനാ ണെങ്കിൽ നായയെ വാങ്ങിയാൽ പോരേ, കുരയ്ക്കുകയെങ്കിലും ചെയ്യുമല്ലോ..' അതിലെ ന്യായം തലയ്ക്ക് പോവാത്തത് കൊണ്ടാവണം, മാഷ് പ്രതിരോധിച്ചു.' വിഷമുള്ള ഇഴജന്തുക്കളെ ചെറുക്കാമല്ലോ..'അവൾ അയാളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അകത്തേക്ക് നടന്നു.ആ നോട്ടത്തിന്റെ അർത്ഥം അയാൾക്ക് മനസ്സിലാവാതിരുന്നില്ല.
പിറ്റേന്ന് സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കീരിക്കിടാൻ വേണ്ടി മാഷ് ഒരു പേര് ഉള്ളിൽ കരുതിവെച്ചു. എന്നാൽ മേശയുടെ കാലിലെ കയറിൽ അയാൾ കീരിയെ കണ്ടില്ല. ആരോ അതിന്റെ കെട്ടഴിച്ചു വിട്ടിരിക്കുന്നു.' ആരായിരിക്കും തന്നോട് ആ ചതി ചെയ്തത്. മാഷിന്റെ സംശയം ന്യായമായും ഭാര്യയിലേക്ക് നീണ്ടു. അന്ന് മുഴുവനും അയാൾ ഭാനുവിനോട് മിണ്ടാതിരുന്നു.
രാത്രി, വളരെ കാലത്തിനു ശേഷം ഒരു കവിത എഴുതി:
" ഒന്നും പേടിക്കേണ്ടെൻ മകനേ
മണ്ണറ പൂകിയ ഞാഞ്ഞൂളുകൾ തൻ
പുറ്റുകളാണിവയല്ലോ നമ്മുടെ പുതിയ യുഗത്തിലെ
നാഗത്താന്മാർ...!"
ഒരു ദിവസം കൂടി പിന്നെയും കടന്നുപോയി. എന്തു ചെയ്യണമെന്നറിയാതെ ചാരുകസേരയിൽ ഉഴറിയിരിക്കുന്ന മാഷിന്റെ മുൻപിലേക്ക് ഒരു പയ്യൻ ഓടിക്കിതച്ചെത്തി. താൻ സ്ഥിരം പാർസൽ വാങ്ങുന്ന ഹോട്ടലിലെ സപ്ലയർ ചെക്കനാണ് വരുന്നതെന്ന് മാഷിന് മനസ്സിലായി. എന്നാൽ അവന്റെ വരവിന്റെ ഉദ്ദേശം നിഗൂഡമായി കിടന്നു.വന്നു കേറുന്നതിനു മുൻപ് തന്നെ അവൻ വലിയ വായിൽ പറഞ്ഞു കേൾപ്പിച്ചു മാഷിന്റെ പൂച്ച ഹോട്ടലിനു മുന്നിലുണ്ട്. ആ പൈപ്പിന് ചുവട്ടിൽ ഒരേ ഇരിപ്പാണ്.'അത് കേട്ടതും മാഷിന്റെ ശ്വാസം നേരെ വീണു. ഉള്ളിലെ ആധിയിൻ മേൽ ആരോ വെള്ളം പോർന്നു. അത് തന്റെ കഞ്ചീരി തന്നെയാണ്. മൂന്നാല് വട്ടമെങ്കിലും അവൻ അവളെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, പിശക് പറ്റാൻ തരമില്ല. വാർത്ത കേട്ടപാതി, വാതിലും ചാരി സൈക്കിളിൽ അങ്ങോട്ട് തിരിക്കാനൊരുങ്ങവേ, ഒരു കാര്യം പെട്ടെന്നയാൾക്ക് ഒരു കാര്യമോർമ്മ വന്നു അവൾ എന്തെങ്കിലും കഴിച്ചു കാണുമോ? എത്ര ദിവസമായി ഇവിടുന്ന് പോയിട്ട്? താനല്ലാതെ മറ്റാര്എന്തു കൊടുത്താലും അവളത് കഴിക്കാൻ തരമില്ലെന്ന് മാഷിന് നന്നായി അറിയാം. അതിനാൽ തന്നെ, ഇറങ്ങുന്നതിനു മുൻപ് ഒരു പൊതിനിറയെ ബിസ്‌ക്കറ്റ് അയാൾ അരയിൽ കരുതിവെച്ചു. കവലയിലേക്ക് വെച്ചു പിടിക്കുതിനിടയിൽ, അവളെ താൻ കാണുന്നതും, കഞ്ചീരി തന്റെ അടുത്തേക്ക് ഓടിയടുക്കുന്നതും, അവൾക്ക് ബിസ്ക്കറ്റ് കൊടുക്കുന്നതുമൊക്കെ ഒരിട അയാൾ മനസ്സിൽ കണക്കുകൂട്ടി.
കവലയിലെത്തുമ്പോഴേക്കും മാഷ് തന്നേ കിതച്ചിരുന്നു. ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ അവിടിവിടങ്ങളിലായി വിയർപ്പിന്റെ തൊങ്ങലുകൾ എറിച്ചു നിന്നു. ഹോട്ടലിന് നേരെ മുന്നിലെ പൈപ്പിൻ ചുവട്ടിൽ ഒരു ചെറിയ ആൾക്കൂട്ടം. അയാൾ അവിടേക്ക് പെട്ടെന്ന് നടന്നടുത്തു. കൂടി നിൽക്കുന്നയാളുകളെ വകഞ്ഞു മാറ്റി മുൻനിരയിലെത്തിയതും, തന്റെ കഥാനായികയെ മാഷ് കണ്ടു. തനിക്ക് ചുറ്റും കൂടി നിന്നവരെ തെല്ലു പോലും കൂസാതെ, പുച്ഛം കൊണ്ട് തന്റെ മുഖം നിറച്ചു. അതു കണ്ടതും, മാഷ് ഉറപ്പിച്ചു' ഇത് തന്റെ കഞ്ചീരി തന്നെ.' എവിടെയായിരുന്നു നീ ഇത്രയും നാൾ എന്ന് ചോദിക്കാൻ മാഷിന്റെ മനസ്സ് വെമ്പി. ഈവിധം കുറുമ്പ് കാട്ടിയത് തന്റെ ശിഷ്യന്മാർ വല്ലതുമായിരുന്നെങ്കിൽ ഇപ്പോൾ ടിയാന്റെ നടുപ്പുറം അയാൾ കടപ്പുറമാക്കിയേനെ. പക്ഷേ ഇന്ന് എന്തോ മാഷിന് തീരെ ദേഷ്യപ്പെടാൻ തോന്നിയില്ല. എത്രയും വേഗം അവളെയും കൂട്ടി വീട്ടിലേക്ക് എത്തണമെന്നത് മാത്രമായിരുന്നു അയാളിലെ ചിന്ത. സൈക്കിൾ ബാറിൽ അവളെയുമിരുത്തിക്കൊണ്ട് ഒരു സവാരി നടത്തിയിട്ട് എത്രനാളുകളായി. ഓർമ്മയിൽ നിന്നും അത്തരം ചിത്രങ്ങൾ അടർത്തിയെടുക്കവേ, പതിവിലും കവിഞ്ഞൊരു സന്തോഷം അയാളിലേക്ക് ഇരച്ചുകേറി. ആ സന്തോഷത്തിൽ, വീട്ടിൽ നിന്നിറങ്ങുമ്പോൾ താൻ കരുതിയ ബിസ്ക്കറ്റ് പൊതിയിൽ നിന്നും ഒന്നു രണ്ടെണ്ണം അവൾക്കു മുന്നിലേക്കിട്ടുകൊടുത്തു. ഒന്നിന് പിറകെ ഒന്നായി തനിക്കു മുന്നിലേക്ക് വീഴുന്ന ബിസ്ക്കറ്റുകളിൽ മണ്ണു പറ്റും മുമ്പ് അവൾ തറ നക്കി തുടച്ചു. മൃഷ്ടാന ഭോജനത്തിനൊടുവിൽ തൃപ്തിയോടെ അവൾ പൈപ്പിൻ ചുവട്ടിലേക്ക് തിരിഞ്ഞു കിടന്നു. അത് കണ്ടതും മാഷിനും എന്തെന്നില്ലാത്ത തൃപ്തി തോന്നി.അതേ തൃപ്തിയിൽ അയാൾ അവളെ എടുക്കാൻ അടുത്തേക്ക് നീങ്ങിയതും, അപ്രതീക്ഷിതമായ എന്തോ ഒന്ന് അവിടെ സംഭവിച്ചു. തന്റെ മുതുകിലേക്കടുക്കുന്ന വിരലുകളെ അവൾ ക്രൗര്യത്തോടെ ആക്രമിക്കാനാഞ്ഞു. കടുകിട നേരത്തെ അധിക ശ്രദ്ധയിൽ കൈകൾ പിൻവലിച്ചത് കൊണ്ട് മാത്രം വലിയൊരാപായത്തിൽ നിന്നും അയാൾ രക്ഷപ്പെട്ടു. മാഷത് തീരെ പ്രതീക്ഷിച്ചതല്ലെന്ന് കൂടി നിൽക്കുന്നവർക്കൊക്കെ മനസ്സിലായി. പൊതു മധ്യത്തിൽ വെച്ച് മുണ്ടുരിഞ്ഞു പോയതുപോലെ അയാൾ നിന്ന് ചൂളി. എന്തു ചെയ്യണമെന്നറിയാതെ കവി ഹൃദയമുഴറി.അയാൾ അവളിലേക്ക് വീണ്ടുമൊരു നോട്ടമിറക്കി വെച്ചു. അവരുടെ കണ്ണുകൾ തമ്മിലുടക്കി. മാഷൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നാൽ അവളിലെ സ്ഥായി ഭാവത്തിനെ അത് തെല്ലുമുലച്ചില്ല. ശേഷം മറ്റേതോ ദിക്കിലേക്ക് തന്റെ നോട്ടം മാറ്റി അവളൊന്ന് മൂക്ക് ചൊറിഞ്ഞു.
അത്രയുമായതും, പിന്നെ അയാൾക്ക് സഹിക്കാൻ പറ്റിയില്ല. കണ്ണിൽ ഇരുട്ട് കേറും പോലൊരു ഭയം അയാളെ വന്ന് പൊതിഞ്ഞു. സൈക്കിളിന്റെ മണ്ടയിൽ കയറാതെ, ഹാൻഡിലുകൾ പിടിച്ച് സാവധാനം മുന്നോട്ടുരുട്ടി. ചക്രത്തിന്റെ ഓരോ കറക്കത്തിലും, അത് തന്റെ കഞ്ചീരിയല്ലെന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി.
വീടെത്തിയതും, ഇട്ട കുപ്പായംമൊന്നു മാറ്റാൻ പോലും നിക്കാതെ, അയാൾ കട്ടിലിലേക്ക് വീണു. പിന്നെ കണ്ണ് തുറക്കുന്നത്, നേരമേറെ ഇരുട്ടിയിട്ടാണ്. അത്താഴത്തിനുള്ള സമയം കടന്നിരുന്നു. എന്തോ തീരെ വിശപ്പില്ല. നേരെ അടുക്കളയിലേക്ക് നടന്നു. ചൂടുവെള്ളം ആറ്റി വെച്ചത് കലത്തിൽ ബാക്കിയുണ്ട്. അതിൽ നിന്നും ഒരിറക്ക് കുടിച്ച് അടുപ്പിലേക്ക് നോക്കി. രണ്ടു പൂച്ചകൾ അടുപ്പിൻ കുണ്ടിലിരുന്ന് ഇണ ചേരുന്നു. അത് കണ്ടതും, വന്നതിനേക്കാൾ വേഗത്തിൽ മുറിയിലേക്ക് തിരിച്ചു നടന്നു. എഴുത്തു മേശയ്ക്ക് മുന്നിലെ മരജനാലകൾ ഇപ്പോഴും തുറന്നു കിടപ്പുണ്ട്. അതിലൂടെ ഊരിത്തെറിച്ചു വരുന്ന കാറ്റ്, മേശയിലെ പേപ്പർ ബണ്ടിലുകളെ തെല്ലൊന്നനക്കി.കസേര വലിച്ചിട്ട് അവയ്ക്ക് മുന്നിലിരുന്നു.അത് കവിതയ്ക്ക് വേണ്ടിയുള്ള ധ്യാനമായിരുന്നോ? അറിയില്ല.
ജനൽ വിടവിലൂടെ മുറ്റത്ത് പൂത്ത പൊന്നശോകത്തിന്റെ ഏലുകൾ കാണാം. കവിത വരുന്നത് ആ വഴിയായിരിക്കാം.
അന്നേരം പുറത്ത് നിന്നോ, അകത്ത് നിന്നോ ആരോ തന്റെ വരികൾ പാടാൻ തുടങ്ങി
" പുഞ്ചിരി ഹാ കുലീനമാം കള്ളം
നെഞ്ചു കീറി ഞാൻ നേരിനെ കാട്ടാം.. "
കടപ്പാട്:
1) വിജിഗീഷു വൈലോപ്പിള്ളി,(2026), കെ രഘുനാഥൻ, മാതൃഭൂമി ബുക്സ്
2) പൂച്ചക്കുട്ടികൾ- വൈലോപ്പിള്ളി ശ്രീധരമേനോൻ
3) കുടിയൊഴിക്കൽ- വൈലോപ്പിള്ളി ശ്രീധരമേനോൻ
* പൂച്ചപ്രാന്ത് : പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം.