പിറന്ന വീട്ടില്‍: അമ്മുദീപയുടെ കവിത

#അമ്മുദീപ
അമ്മുദീപ/ ചിത്രീകരണം: ബാലു
അമ്മുദീപ/ ചിത്രീകരണം: ബാലു

മുടിയില്‍ മുല്ലമാല ചൂടി
പിറന്നവീട്ടില്‍ നിന്നിറങ്ങിയിട്ട്
വര്‍ഷം പതിനഞ്ച് 

ആരോടും പറയാതെ
ആ വീട് ആങ്ങളയ്ക്കെഴുതിക്കൊടുത്തതില്‍പ്പിന്നെ
കൂര്‍പ്പിച്ച മുഖവുമായി വര്‍ഷത്തിലൊന്നോ രണ്ടോ തവണ മാത്രം
ധൃതിയില്‍ കേറിച്ചെല്ലും

മാറാനുള്ള തുണികളും തോര്‍ത്തുമുണ്ടും
കുത്തിനിറച്ച വയറന്‍ബാഗ് 
കോണിച്ചുവട്ടിലാണ് തിരുകി വയ്ക്കുക 

എന്നത്തേയും പോലെ രാത്രി,
മേലുകഴുകി വന്ന്
കലമ്പല്‍ കൂട്ടുന്ന കുട്ടികള്‍ക്ക്
അത്താഴം വിളമ്പാന്‍ തുടങ്ങുന്ന തിരക്കുപിടിച്ച നേരത്ത്
കറണ്ട് പോകും

ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത,

അസുഖകരമായ മണം പ്രസരിപ്പിക്കുന്ന 
ആ കുഞ്ഞുപ്രാണിയപ്പോള്‍
കൃത്യമായി 
എന്റെ പിന്‍കഴുത്തില്‍
പാറി വന്നിരിക്കും!

Content Highlights: Ammu Deepa, Piranna veettil, Mathrubhumi