പട്ടികയിലെ ആദ്യപേരില്‍ അന്‍വര്‍ ഉടക്കിനിന്നു; 'പല കളികളുടേയും പിന്നില്‍ ഇയാളാണ്' | നോവല്‍

വര: മനോജ്​കുമാർ തലയമ്പലത്ത്
വര: മനോജ്​കുമാർ തലയമ്പലത്ത്

പത്രസമ്മേളനം കഴിഞ്ഞതോടെ ചാനലുകള്‍ ചൂടന്‍ സംഭവത്തിന്റെ അണിയറകഥകളിലേക്കും ചര്‍ച്ചകളിലേക്കും പോകാന്‍ തുടങ്ങി. ബോബു കസേരയില്‍ നിന്നെഴുന്നേറ്റ് മുറിയില്‍ നടക്കാന്‍ തുടങ്ങി. മാര്‍ട്ടി തന്റെ ജോലിയില്‍ വ്യാപൃതനായതോടെ മുറിയില്‍ മൗനം നിറഞ്ഞു. 
അയാള്‍ ജനലിനടുത്തേക്ക് ചെന്നു. ദൂരെ കേപ് ടൗണ്‍ സ്റ്റേഡിയത്തിന് ചുറ്റും നിറയെ വാഹനങ്ങള്‍ പൊട്ടുപോലെ കാണാം. അവിടെ ക്രിക്കറ്റ് മാച്ച് ഉണ്ടെന്ന് തോന്നുന്നു. മനസില്‍ ആശങ്കകള്‍ നിറയുന്നു. പോലീസ് സംഭവത്തെ പ്രസ്റ്റീജ് ഇഷ്യുവായാണ് കാണുന്നത്. താന്‍ വിചാരിച്ചതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോവുകയാണ്. പ്ലാന്‍ പ്രകാരം കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇത്രയും പുകിലുണ്ടാകുമായിരുന്നില്ല. പണവും കിട്ടും പോലീസിന് പബ്ലിക്കായി അന്വേഷണം നടത്താനും കഴിയില്ല. ഇപ്പോഴതല്ല സ്ഥിതി. ഭാവി പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്തില്ലെങ്കില്‍ അകത്താകാനും സാധ്യതയുണ്ട്. ആ ദേവും സംഘവും ചില്ലറക്കാരല്ല. പലവട്ടം നേരിയ വ്യത്യാസത്തിനാണ് അവരില്‍ നിന്ന് രക്ഷപ്പെട്ടത്. അയാള്‍ മനസില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി. എന്നിട്ട് മാര്‍ട്ടിക്കടുത്തേക്കെത്തി
ലാപ്‌ടോപ്പില്‍ നിന്ന് മുഖമുയര്‍ത്തി മാര്‍ട്ടി ബോബുവിനെ നോക്കി.
'നിനക്കെന്തോ പറയാനുണ്ടല്ലോ'
'ഞാന്‍ തിരിച്ചുപോയാലോ എന്ന് ആലോചിക്കുകയാ'
'നിന്റെ ഒരുമാസത്തെ വിസാകാലാവധിയുണ്ടല്ലോ.ഇപ്പോ കേസന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അവിടെ പോയി തലവെക്കണോ''.
'പോകണം മാര്‍ട്ടി. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകും. എന്നെ തിരിച്ചറിഞ്ഞാല്‍ പിന്നെ തിരിച്ചുപോക്ക് ബുദ്ധിമുട്ടാകും. അവര്‍ എല്ലാ വിമാനത്താവളത്തിലേക്കും അറിയിപ്പ് നല്‍കും. കേന്ദ്രസര്‍ക്കാറിന് കൂടി താല്‍പ്പര്യമുള്ള കേസായതിനാല്‍ ഇവിടെ അടക്കം സേഫല്ല. അല്ലെങ്കില്‍ പിന്നെ പിടികൂടാന്‍ പറ്റാത്ത ഏതെങ്കിലും ചെറിയ രാജ്യങ്ങളിലേക്ക് പോകണം. പണം കിട്ടിയിരുന്നെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ല. ഇപ്പോ എല്ലാം പ്രശ്‌നമാണ്'.
'പണം നീ പ്രശ്‌നമാക്കണ്ട, ബട്ട് സേഫ്റ്റി നോക്കണം.
എന്താണ് നിന്റെ പ്ലാന്‍'.
'കൊല്‍ക്കത്തയിലേക്ക് പോകണം. അതാണല്ലോ ഇടത്താവളം. ദാസ് ഗുപ്തയുടെ ഗല്ലി സേഫാണ്. അവിടേക്ക് അത്രപെട്ടെന്ന് പോലീസിനൊപ്പം കയറാന്‍ പറ്റില്ല. കേസ് പ്ലേ ഡൗണ്‍ അയാല്‍ പുറത്തിറങ്ങാം. ഗുപ്തയെ വിളിക്കണം. നമ്മള്‍ ഈ ഓപ്പേേറഷന് ഉപയോഗിച്ച നമ്പറുകളും ഫോണുകളുമെല്ലാം അയാള്‍ സംഘടിപ്പിച്ചു തന്നതാണ്. ഓപ്പറേഷന്‍ പാളിയ വിവരം അറിഞ്ഞു കാണും. വിളിച്ചതിന് ശേഷം ബാക്കി പ്ലാന്‍ ചെയ്യാം. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഇവിടം വിടണം'.
'എന്നാ നീ പ്ലാന്‍ ചെയ്യ്. ഓകെ ആയാല്‍ നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം'.

ബോബു  ഫോണുമായി ബാല്‍ക്കണിയിലേക്ക് നടന്നു.

Content Highlights: crime thriller, sports novel, kerala police, soccer, football, kochi, south africa

Continue reading