'ഭൂതത്തിലും വര്‍ത്തമാനത്തിലും പിടിമുറുക്കാനാവാതെ ഞാന്‍ വഴുതി; ജീവിതത്തിന്റെ ഒരുഭാഗം അടര്‍ന്നുപോയി'

#സക്കറിയ|paulzacharia3@gmail.com
സക്കറിയ | ചിത്രം ബിജു വര്‍ഗീസ്
സക്കറിയ | ചിത്രം ബിജു വര്‍ഗീസ്

ചാവടിയുടെ ഇടനാഴി അവസാനിക്കുന്നിടത്തായിരുന്നു എന്റെ മുറി. ഇടനാഴിയുടെ അറ്റത്ത് പുറത്തിറങ്ങാന്‍ ഒരു വാതിലുണ്ട്. അത് സ്ഥിരമായി അടച്ചു പട്ടികവെച്ച് ആണിയടിച്ചിരിക്കുകയാണ്. അതിനപ്പുറത്ത് പൊട്ടിത്തകര്‍ന്ന ഒരു വരാന്തയും അതിനുമപ്പുറത്ത് പട്ടണത്തിന്റെ അധികം ആള്‍സഞ്ചാരമില്ലാത്ത പിന്നാമ്പുറവഴിയുമാണ്. മുകള്‍നിലയിലേക്ക് കയറിപ്പോകുന്ന പടിക്കെട്ട് ഈ വരാന്തയിലാണ് ആരംഭിച്ചത്.

എന്റെമുറിക്ക് രണ്ട് ജനലുകളുള്ളതില്‍ ഒന്ന് നോക്കിയത് ആ പടിക്കെട്ടിലേക്കാണ്. അത് കയറിച്ചെല്ലുന്നത് നേരേമുകളില്‍ ഒരു മാര്‍വാഡികുടുംബം താമസിക്കുന്ന വീട്ടിലേക്കാണ്. ആ കുടുംബത്തിലെ പുരുഷന്മാരും സാരികൊണ്ട് മുഖം പാതിമറച്ച സ്ത്രീകളും നടയിറങ്ങുകയും കയറുകയും ചെയ്യുന്നത് എന്റെ ജനലിന്റെ കമ്പിവലയിലൂടെ കാണാം. 

ആ വീട് എങ്ങനെയിരിക്കുമെന്ന് ഞാന്‍ സങ്കല്‍പിക്കാന്‍ ശ്രമിക്കും. കാരണം അത് പാട്ടിന്റെയൊരു സ്വര്‍ഗരാജ്യമായിരുന്നു. രാവിലെ ഏഴുമണിക്ക് റേഡിയോ സിലോണ്‍ പാടിത്തുടങ്ങിയാല്‍മുതല്‍ രാത്രിയെപ്പോഴോ അത് അടയ്ക്കുംവരെ മുകളിലെ റേഡിയോയില്‍നിന്ന് പാട്ടുകള്‍ നിലയ്ക്കാതെ ഒഴുകി. മാലാഖമാരുടെ പറക്കുന്ന സംഗീതക്കച്ചേരിപോലെ ബിനാക്ക ഗീത്മാല നടകളിലൂടെ ഒഴുകിവന്ന് പരിഭ്രമിക്കുകയും വിഷമിക്കുകയും ചെയ്യുന്ന എന്റെ ഹൃദയത്തെ കെട്ടിപ്പിടിച്ചു.

പടിക്കെട്ടിനടിയിലുള്ള ഇടുങ്ങിയസ്ഥലത്ത് ഒരു യാചകിയും അവളുടെ കൈക്കുഞ്ഞും ചിലരാത്രികളില്‍ അഭയംപ്രാപിക്കുമായിരുന്നു. അവരില്‍നിന്ന് വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും സങ്കടംനിറഞ്ഞ ഒരു ഗന്ധമുയരും. അത് ജനലിന്റെ ഇരുമ്പുവലയിലൂടെ എന്റെ മുറിയിലേക്ക് കടന്നുവരും. ചെളിപിടിച്ച വസ്ത്രങ്ങളുടെയും മൂത്രത്തിന്റെയും ചിലപ്പോള്‍ ഛര്‍ദിയുടെയും കൂടിക്കലര്‍ന്ന ഒരു മണം അവര്‍ പോയിക്കഴിഞ്ഞാലും അവിടെ തുടരും. മൈസൂരുവിന്റെ അനവധി ഗന്ധങ്ങളില്‍ എന്നെ ഏറ്റവും അസ്വസ്ഥനാക്കിയ ഒന്നായിരുന്നു ആ അമ്മയുടെയും കുഞ്ഞിന്റെയും വേദനനിറഞ്ഞ മണം. 

ചിലപ്പോള്‍ ദിവസങ്ങളോളം ഇരുവരും രോഗമായി കിടക്കും. അവരില്ലാത്തപ്പോള്‍ തെരുവുനായകള്‍ അവിടം പിടിച്ചെടുക്കും. എന്നേക്കുമായി പൂട്ടിയിട്ടിരുന്ന വാതിലിനപ്പുറത്ത് ജനലിന്റെ ഇരുമ്പുവലയിലൂടെ പ്രത്യക്ഷപ്പെട്ട ആ ദുരിതത്തിന്റെ ലോകം എനിക്ക് ഒരു പരലോകംപോലെ കാണപ്പെട്ടു. ഒരുദിവസം ആ വാതില്‍ തുറന്നാലും അതിലൂടെ ആ വരാന്തയിലേക്കിറങ്ങി ആ അമ്മയുടെയും കുഞ്ഞിന്റെയും അടുത്തുചെല്ലാനുള്ള ധൈര്യം എനിക്കൊരിക്കലും ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നില്ല.

ചിത്രീകരണം: ദേവപ്രകാശ്‌

ഞാന്‍ എന്റെ മുറിയിലെ മങ്ങിക്കത്തുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ യോഗചെയ്തു, പഠിച്ചു, പുസ്തകങ്ങള്‍ വായിച്ചു, ഡേല്‍ കാര്‍ണഗിയുടെ ഹൗ ടു വിന്‍ ഫ്രണ്ട്‌സ് ആന്‍ഡ് ഇന്‍ഫ്‌ളുവന്‍സ് പീപ്പിള്‍ വായിച്ച് സര്‍വസമ്മതനായ ഒരുവനാകാന്‍ പാടുപെട്ടു. ഹിപ്‌നോട്ടിസത്തിന്റെയും മനഃശാസ്ത്രത്തിന്റെയും തപാല്‍കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് എന്നെ പുതുക്കിപ്പണിയാന്‍ ശ്രമിച്ചു. ആര്‍തര്‍ ക്വില്ലര്‍ കോച്ചിനെയും ഫൗളറെയും വിശുദ്ധഗ്രന്ഥങ്ങള്‍പോലെ വായിച്ചുപഠിച്ച് ഇംഗ്ലീഷ് ഭാഷയുടെ രഹസ്യങ്ങളുമായി മല്ലയുദ്ധം നടത്തി. 

വിദ്യുച്ഛക്തിയുമായുള്ള എന്റെ ആദ്യത്തെ ഏറ്റുമുട്ടലും അവിടെ നടന്നു. വിദ്യുച്ഛക്തിയില്ലാത്ത ഉരുളികുന്നത്തുനിന്ന് വന്ന ഞാന്‍ ബള്‍ബ് ഫ്യൂസായപ്പോള്‍ പുതിയത് പരസഹായമില്ലാതെ ഇടാന്‍ തീരുമാനിച്ചു. ഒരു സ്റ്റൂളില്‍ കയറിനിന്ന് ഫ്യൂസായ ബള്‍ബ് ഊരി ഒരു വിരല്‍ സോക്കറ്റില്‍ കടത്തി പുതിയബള്‍ബ് കയറ്റിവെക്കുന്ന വെട്ട് തപ്പി. പിന്നെ കണ്ണുതുറക്കുമ്പോള്‍ ഞാനറിയുന്നത് മുറിയുടെ ഒരു കോണില്‍ നിലത്തുകിടക്കുന്നതാണ്.

ഞാന്‍ ഇഴഞ്ഞുചെന്ന് വാതില്‍തുറന്ന് അടുത്തമുറിയിലെ സുഹൃത്തുക്കളെ ഉറക്കെ വിളിച്ചു. സ്വിച്ച് ഓഫ് ചെയ്യാതെയാണ് ഞാന്‍ സോക്കറ്റില്‍ വിരലിട്ടത് എന്ന നിര്‍ഭാഗ്യവസ്തുത അവരാണ് മനസ്സിലാക്കിത്തന്നത്. ഷോക്കടിയില്‍ ഞാന്‍ മരിച്ചുപോകാന്‍ വഴിയുണ്ടായിരുന്നു, എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നത് എന്നെ അതിയായി അദ്ഭുതപ്പെടുത്തി. 

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

കുറെദിവസമായി ഞാന്‍ എലിയറ്റിന്റെ 'പ്രെല്യൂഡ്‌സ്' എന്ന കവിത മലയാളത്തിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എലിയറ്റിനോട് എനിക്കുള്ള അഭിനിവേശംകൊണ്ട്. ഒരുദിവസം വിവര്‍ത്തനം മാറ്റിവെച്ച് എന്റെ സ്വന്തമായി കുറച്ചുവാചകങ്ങളെഴുതി. പിന്നീടെപ്പോളോ അതില്‍ എന്റെ കണ്ണുകളെത്തി. ഞാനതിലേക്ക് കൂടുതല്‍ വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് വായിച്ചുനോക്കിയപ്പോള്‍ അതിന് ഒരു ആദിയും മധ്യവും അന്തവുമുണ്ട് എന്നെനിക്ക് തോന്നി.

ഉരുളികുന്നത്തെ എന്റെ വീടിനെയും പറമ്പിനെയും തോടിനെയും ബാല്യത്തെയും പറ്റിയുള്ള ഒരോര്‍മയായിരുന്നുവത്. എന്നാല്‍, അതില്‍ ഒരു കഥയും ഉണ്ടായിരുന്നു എന്ന് കരുതണം. പിന്നെയും കുറച്ചുദിവസം കഴിഞ്ഞ് അത് പകര്‍ത്തി. കഥാകൃത്തിന് സക്കറിയ എന്ന പേരുകൊടുത്തു. സ്‌കറിയയുടെ മൂലരൂപമാണത്. എന്നിട്ട് 'പത്രാധിപര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട്' എന്ന വിലാസം ഇംഗ്ലീഷില്‍ എഴുതി അയച്ചു. കുറച്ചാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു പോസ്റ്റ്കാര്‍ഡ് വന്നു. കഥ സ്വീകരിച്ചു എന്ന എന്‍.വി. കൃഷ്ണവാരിയരുടെ മറുപടിയായിരുന്നു അത്. 

അഡിഗസാര്‍ എന്നിലെ അപരനെ കെട്ടഴിച്ചുവിട്ടത് ഞാനറഞ്ഞിരുന്നില്ല. 1964-ലെ റിപ്പബ്ലിക് പതിപ്പില്‍ അത്  പ്രസിദ്ധീകരിച്ചു. ഞാനാവട്ടെ എലിയറ്റിന്റെയും ഓഡന്റെയും യേറ്റ്‌സിന്റെയും ഡിലന്‍ തോമസിന്റെയും ഷേക്സ്പിയറുടെയും രക്തംകുടിച്ച് വളര്‍ന്നു. ലേഡി മാക്ബത്തിനെപ്പോലെ ഊരിപ്പിടിച്ച കഠാരയുമായി ജീവിതത്തിന്റെ കിടപ്പറകളില്‍ ഇരകളെ തപ്പി. ഓര്‍മയെയും മോഹങ്ങളെയും കൂട്ടിയിണക്കി വാക്കുകളെ ചൂണ്ടയിരയാക്കി മാറ്റാമെന്ന് പഠിച്ചുതുടങ്ങി. ഞാന്‍ എഴുത്തുകാരനാകുകയാണെന്ന് ഞാനറിഞ്ഞില്ല. എന്റെ ചുറ്റുമുള്ള മറ്റാരും അറിഞ്ഞില്ല.
കുറെനാള്‍മുന്‍പ് ഞാന്‍ കാള്‍ട്ടണ്‍ ഹോട്ടലിലേക്ക് എന്റെ പഴയവഴികളിലൂടെ നടന്നുചെന്നു. പക്ഷേ, അത് കാണാനില്ലായിരുന്നു. എനിക്ക് വഴിതെറ്റിയെന്ന് കരുതി ഞാന്‍ തിരികെനടന്നു. ചില അടയാളങ്ങള്‍ കണ്ടുപിടിച്ച് മടങ്ങിവന്നു.

ചിത്രീകരണം: ദേവപ്രകാശ്‌

എന്നിട്ടും ഹോട്ടലിരുന്ന ഇടം തിരിച്ചറിയാന്‍ കഷ്ടപ്പെട്ടു. കാരണം ഇപ്പോഴത് പൊളിച്ചവാഹനങ്ങളുടെ ഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഒരു വളപ്പാണ്. വാഹനഭാഗങ്ങളുടെ വന്‍കൂമ്പാരങ്ങള്‍ ചിതറിക്കിടക്കുന്നു. ഹോട്ടലിന്റെ അടിത്തറമാത്രമുണ്ട്. ചാവടിയുടെ ഭിത്തികളുടെ അവശിഷ്ടങ്ങളുണ്ട്. ഞാന്‍ ബുദ്ധിഭ്രമംവന്നവനെപ്പോലെ അവിടെനിന്നു. ഭൂതത്തിലും വര്‍ത്തമാനത്തിലും പിടിമുറുക്കാനാവാതെ ഞാന്‍ എവിടേക്കോ വഴുതി. എന്റെ ജീവിതത്തിന്റെ ഒരുഭാഗം അടര്‍ന്നുപോയിരിക്കുന്നു. അതിനിയില്ല. മരണംപോലെ ഒരവസ്ഥയില്‍ ഞാനവിടെ നിന്നു. സൂക്ഷിപ്പുകാരനോട് അനുവാദംചോദിച്ച് എന്റെ പ്രിയപ്പെട്ട ഒരു പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളിലൂടെ കുറച്ചുസമയം നടന്നു. മടങ്ങിപ്പോന്നു.

മൈസൂരു ഇന്നും സാധാരണമനുഷ്യരുടെ പട്ടണമാണ്. കുതിരച്ചാണകത്തിന്റെയും കുതിരമൂത്രത്തിന്റെയും മണം ഇല്ലെന്നായിരിക്കുന്നു. സിറ്റി മാര്‍ക്കറ്റിലെ പൂക്കളുടെ കൂടിക്കുഴഞ്ഞ മണങ്ങളും തെരുവില്‍ സ്ത്രീകള്‍ വില്‍ക്കുന്ന മല്ലിപ്പൂമാലകളുടെ ഭ്രാന്തുപിടിപ്പിക്കുന്ന സുഗന്ധവും അങ്ങനെത്തന്നെയുണ്ട്. എന്നെപ്പോലെ പാതി സാങ്കല്‍പികവും പാതി യഥാര്‍ഥവുമായ ജീവികള്‍ മൈസൂരുവില്‍ ഇനിയുമുണ്ടായിരിക്കും. ചാമുണ്ഡിമല ഇന്നും ഇരട്ടപിറന്ന മനസ്സിന്റെ ഉടമകളെ നിഷ്‌കരുണം തുരത്തുന്നുണ്ടാവണം.

ഞാന്‍ ഇടയ്‌ക്കെല്ലാം മൈസൂരുവില്‍ പോകും. പഴയവഴികളിലൂടെ നടക്കും. എന്റെ ഊടുവഴികള്‍ ഇന്നില്ല. അവിടെയെല്ലാം വെളിച്ചവും തിരക്കും നിറഞ്ഞു. സുപരിചിതങ്ങളായ വഴിയടയാളങ്ങളും പോയി. എന്റെ പ്രിയപ്പെട്ട തിയേറ്ററുകള്‍ അപ്രത്യക്ഷമായി, അല്ലെങ്കില്‍ അവയെ തിരിച്ചറിയാന്‍ കഴിയുന്നില്ല. കോഫിഹൗസ് അതിന്റെ ജൂക്‌ബോക്‌സുമായി എങ്ങോട്ടോ പറന്നുപോയിരിക്കുന്നു. 

അദ്ഭുതമെന്നേ പറയേണ്ടൂ സായാജിറാവു റോഡിലെ കടത്തിണ്ണയില്‍ പത്ര-മാസികകള്‍ തറയില്‍ നിരത്തിവെച്ച് വിറ്റിരുന്ന കട ഇപ്പോഴുമുണ്ട്. അവിടെനിന്നാണ് 1964 ജനുവരിയില്‍ എന്റെ ആദ്യത്തെ കഥ അച്ചടിച്ചുവന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക്ദിനപ്പതിപ്പ് ഞാന്‍ വാങ്ങിയത്. മൈസൂരു എന്റെ ജ്യേഷ്ഠന്‍ എം.പി. ജോസഫിന്റെ പ്രിയപ്പെട്ട നഗരമായിരുന്നു. അദ്ദേഹമായിരുന്നു എന്നെ അവിടെയെത്തിച്ചത്.

അദ്ദേഹം സ്ഥലംമാറ്റങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് അവസാനം മൈസൂരുവില്‍ വന്ന് മരിച്ചു. ജ്യേഷ്ഠനോടൊപ്പം എന്റെ ജീവിതത്തില്‍ പലതും മരിച്ചു. എനിക്കുവേണ്ടി ഒരു വൈകുന്നേരം കാത്തുനിന്ന എന്റെ സഹപാഠിയും അകാലത്തില്‍ മരിച്ചു. അഡിഗ സാര്‍ കടന്നുപോയി. 

മണ്ഡപങ്ങളില്‍ നില്‍ക്കുന്ന ആ രണ്ട് രാജാക്കന്‍മാര്‍ക്കുമാത്രം ഒരുമാറ്റവുമില്ല. പ്രതിമകള്‍ക്കെന്ത് മരണം. അമ്പലത്തിലെ ശില്‍പങ്ങളില്‍ ഒളിഞ്ഞുനോക്കാന്‍ ഇന്ന് ആരുമുണ്ടാവില്ല. രതി ആരെ കോരിത്തരിപ്പിക്കുന്നു? ഒരുപക്ഷേ, എന്റെ ഒരു തുണ്ട് അവിടെ ഇന്നും അലയുന്നുണ്ടാവും. ഞാന്‍ ഓര്‍മകളെ തേടുമ്പോള്‍ കൈവിട്ടുപോയ ആ എന്നെയാവാം തേടുന്നത്.
ദൈവം ഇപ്പോഴും പാപികളെ പിടികൂടാന്‍ അവിടെ പമ്മിനടക്കുന്നുണ്ടാവണം. പക്ഷേ, ഇപ്പോള്‍ പാപികളില്ല, പുണ്യാളന്മാര്‍ മാത്രമേയുള്ളൂ. മൂപ്പരുടെ പഴയകേന്ദ്രങ്ങളെല്ലാം പൊയ്പ്പോയി എന്നുറപ്പാണ്. 

'മൈസൂര്‍ മല്ലിഗെ' പംക്തിയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കാം

ജൂക്ബോക്‌സുകള്‍ എവിടെയോ പോയിമറഞ്ഞു. പിന്നെയെവിടെയിരുന്നാണ് എന്നെപ്പോലെയുള്ള പാവങ്ങളോട് നാലണ പിടിച്ചുവാങ്ങി പാട്ടുകേള്‍പ്പിക്കുക. ചാമുണ്ഡിമലയുടെ തലപ്പത്ത് വിളക്കുകളായി എരിയുന്നത് ഇപ്പോഴും മൂപ്പര്‍തന്നെയാണോ ആവോ. ആ കാഴ്ചകണ്ട് വെറുതേ കരയുന്ന പയ്യന്‍മാര്‍ ഇപ്പോഴുമുണ്ടോ ആവോ? ഏതായാലും മൂപ്പര്‍ക്ക് നല്ലതുവരട്ടെ. എല്ലാ പാപികള്‍ക്കും നല്ലതുവരട്ടെ. മൈസൂരു ഇനിയും കാമാവേശിതരെക്കൊണ്ട് നിറയട്ടെ. മസാലദോശയുടെയും കാപ്പിയുടെയും രുചി ഇനിയും മെച്ചപ്പെടട്ടെ. സന്ധ്യകളില്‍ കാള്‍ട്ടണ്‍ ഹോട്ടലിന്റെ ജലധാരായന്ത്രത്തിനു മുകളില്‍ ഒരിക്കല്‍ തങ്ങിനിന്നിരുന്ന പുകയുന്ന വെളിച്ചത്തിലൂടെ എലിയറ്റിന്റെ വാക്കുകള്‍ ഈയാമ്പാറ്റകളെപ്പോലെ പറന്നുയരുന്നത് ഞാന്‍ കാണുന്നു:

'ഞാന്‍ കടന്നുപോകുന്ന
ഓരോ വഴിവിളക്കും
വിധിയുടെ കല്‍പന പേറുന്ന
പെരുമ്പറകളെപ്പോലെ
മുഴങ്ങുന്നു. 
ഇരുളിന്റെ ഇടങ്ങളില്‍
ഉണങ്ങിയ ജെറേനിയം
പൂവിനെ
ഭ്രാന്തന്‍ കുലുക്കുന്നതുപോലെ
പാതിര ഓര്‍മയെ
പിടിച്ചുകുലുക്കുന്നു
(ടി.എസ്. എലിയറ്റ്: റാപ്സഡി ഓണ്‍ എ വിന്‍ഡി നൈറ്റ്)
(തെഹല്‍ക്ക ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ച Sinning in Mysore എന്ന ഓര്‍മക്കുറിപ്പിനെ ആസ്പദമാക്കി എഴുതിയത്)

അവസാനിച്ചു 

Content Highlights: Paul Zacharia writes 'Mysooru mallige'