ശേഷം എന്റെ എഴുത്തുകള്‍ എനിക്കു വേണ്ടി ജീവിക്കും...; റൈറ്റേഴ്‌സ് ഡയറിയില്‍ വി. ഷിനിലാല്‍

ഒരു സമതല പ്രദേശത്ത് തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. അവിടവിടെ ഒറ്റക്കുന്നുകളുള്ള ഡക്കാണ്‍ പീഠഭൂമി. തണുത്ത എ.സി. കോച്ചിലിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ വെയിലിന് എന്ത് ഭംഗിയാണ്. വെളിച്ചത്തെയും ഇരുട്ടിനെയും ഊര്‍ജത്തേയും പ്രപഞ്ചത്തെക്കുറിച്ച് തന്നെയും ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ അകലെയല്ലാതെ പരന്ന പാടത്ത് ഒരര്‍ദ്ധനഗ്നനായ വൃദ്ധന്‍ നിന്ന് പണിയെടുക്കുന്നു. വെയില്‍ മുറ്റി വരുമ്പോള്‍ ഏത് നിമിഷവും അയാള്‍ സൂര്യന്റെ കഠിനമായ ഒരടിയേറ്റ് വീണേക്കാം. അപ്പോഴും എ.സി. കോച്ചിലിരുന്ന് ഞാന്‍ ഈ എഴുത്ത് തുടരും.
ഇന്ത്യക്കാര്‍ ഏറെയും ആ നട്ടവെയിലത്ത് നില്‍ക്കുകയാണ്.
'എരിയനാം പറക്കണ വെയില്‍' എന്നാണ് എന്റെ അമ്മൂമ്മയും അമ്മയുമൊക്കെ ഈ വെയിലിനെ വിശേഷിപ്പിക്കുന്നത്. വെയിലത്തിറങ്ങി നില്‍ക്കുമ്പോള്‍ ശാസിക്കും: 'എരിയനാം പറക്കണ വെയിലത്ത് നിക്കല്ലേ ചെറുക്കാ.'' എന്ന്. മോനേ എന്ന് അവര്‍ വിളിക്കുന്നത് കേട്ടിട്ടില്ല. ചെറുക്കനിലൂടെ ദ്രാവിഡകാഠിന്യമുള്ള സ്‌നേഹവും കരുതലും കൂടി ഇങ്ങോട്ട് പകര്‍ന്നു വരുന്നു.
ചന്തകളിലേക്ക് പോകുന്ന ശീലം എനിക്കുണ്ട്. ഭാഷയുടെ എന്ന പോലെ മനുഷ്യബന്ധങ്ങളുടെയും കൂടി പ്രദര്‍ശനശാലകളാണ് ചന്തകള്‍ എന്ന പോലെ ഒരു കാലത്ത് ജാതിയുടെ കാഴ്ചബംഗ്ലാവും ആയിരുന്നു. അനവധി സമരങ്ങളിലൂടെ രൂപപ്പെട്ടതാണ് ഇന്നത്തെ ചന്ത. ഇതൊക്കെ ഉള്ളിലുള്ളതുകൊണ്ട് കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ടാണ് ചന്തക്കുള്ളില്‍ നടക്കുന്നത്. അങ്ങനെ നടക്കുന്നതിനിടയില്‍ ചിലപ്പോള്‍ ആയിരംമന്ന് ഭാരമുള്ള ഒരു പള്ള്
(തെറി) കേട്ടെന്ന് വരും.
പറഞ്ഞുവന്നത് വെയിലിനെക്കുറിച്ചാണ്. ഉച്ചവെയിലത്ത് നിലത്ത് പച്ചക്കറികള്‍ നിരത്തിവെച്ച് വില്‍ക്കുന്ന ഒരമ്മൂമ്മയോട് ഞാന്‍ കുറെ മലക്കറികള്‍ വാങ്ങി. നല്ല വെയിലായിരുന്നു. 'ഒന്ന് വേഗം എടുത്ത് തരീന്‍. വെയിലു കൊണ്ട് നിക്കാന്‍ പറ്റണില്ല.' ഞാന്‍ അമ്മൂമ്മയോട് പറഞ്ഞു. അമ്മൂമ്മ തലയുയര്‍ത്തി എന്നെ നോക്കി. എന്നിട്ട് പറഞ്ഞു: 'മോനേ, ഇത്തിപ്പൂരം വെയില് കൊണ്ടപ്പം നീ തളന്ന് പെയ്യ്. എന്ന നോക്ക്. ഈ വയസ്ലാംകാലത്തും ഞാനീ എരിയനാം പറക്കണ വെയിലത്ത് തന്നെ ഇരിക്കണ്.' ആ വാക്കുകള്‍ എന്റെ കണ്ണ് തുറപ്പിച്ചു. എന്റെയും അവരുടെയും തൊലിയില്‍ നോക്കി അങ്ങനെ നിന്നു.
ഇന്ത്യ വെയിലത്ത് നിന്നുരുകുകയാണ്. ഞാന്‍ ശീതീകരിച്ച യാനത്തിലിരുന്ന് അവരെ നോക്കുകയാണ്.
സമ്പര്‍ക്കക്രാന്തി നോവലിലും ആ വെയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തീവണ്ടിയിലിരുന്ന് മരുഭൂമിയിലേക്ക് നോക്കുന്ന കരംചന്ദിന്റെ കാഴ്ചയിലാണത്. അയാളുടെ കാഴ്ച ഞാന്‍ കണ്ടതാണ്. പരന്നുകിടക്കുന്ന മരുപ്രദേശങ്ങളിലൂടെ പ്ലാസ്റ്റിക് കുടങ്ങളില്‍ വെള്ളം നിറച്ചു കൊണ്ട് നടന്നുനീങ്ങുന്ന മെല്ലിച്ച സ്ത്രീകളുടെ ദൃശ്യം. പത്തൊമ്പതാം നൂറ്റാണ്ടില്‍ രാജസ്ഥാന്‍ ഭീകരമായ വരള്‍ച്ചയില്‍പെട്ടു. അന്ന് ജലം നിറച്ചുവന്ന ചരക്ക് തീവണ്ടികളാണ് അവരെ രക്ഷപ്പെടുത്തിയത്. ആ ഓര്‍മ്മ ഫോക് സോങ്ങായി മാറി. തീ തുപ്പി വരുന്ന ആവിയന്ത്രം ആ പാട്ടില്‍ ദൈവാവതാരമായി മാറി. കാഴ്ചയും വായനയും ചേര്‍ന്ന അനുഭവമാണ് സമ്പര്‍ക്കക്രാന്തിയില്‍ ഉപയോഗിച്ചത്.
അടി എന്ന നോവലിന്റെ ആദ്യ അധ്യായത്തില്‍ത്തന്നെ ഈ വാക്ക് (എരിയനാം പറക്കണ വെയില്‍) ഉപയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും വച്ച് ഞാന്‍ കണ്ടു പരിചയിച്ചിട്ടുളള ഈ വെയിലിനെ വര്‍ണ്ണിക്കാന്‍ എന്റെ അമ്മൂമ്മ ഉപയോഗിക്കുന്ന ഈ വാക്ക് എനിക്ക് സ്വന്തമായി ഉണ്ടല്ലോ എന്നാശ്വസിക്കുന്നു.
ഞാന്‍ ലഖ്‌നൗവിലേക്കുള്ള യാത്രയിലാണ്. റെയില്‍വേയുടെ 5 ദിവസം നീളുന്ന ഒരു പരിശീലനം കഴിഞ്ഞ് മാസ്റ്റര്‍ ട്രെയിനര്‍ ആയി തിരികെ വരും. ഈ യാത്രയില്‍ അയോധ്യ കൂടി കണ്ടുമടങ്ങണം എന്നാണ് പ്ലാന്‍. ഇന്ന് കാണുന്ന ഇന്ത്യയുടെ രാഷ്ട്രീയം ആ നഗരത്തോട് ബന്ധപ്പെട്ടതാണ്. ആ കഥാപാത്രത്തോടും.
വായനയെക്കാളുപരി യാത്രകളും റെയില്‍വേയും തന്ന അനുഭവങ്ങളാണ് ഇന്ന് കാണുന്ന എന്നെയും എന്റെ എഴുത്തിനെയും രൂപപ്പെടുത്തിയത്. എന്നാല്‍, യാത്രാനുഭവങ്ങള്‍ എഴുതേണ്ടതില്ല എന്ന നയപരമായ തീരുമാനം എനിക്കുണ്ട്. ചില ഉദാത്തമായ കാഴ്ചകള്‍/ അനുഭവങ്ങള്‍ അനുഭൂതികളായി നമ്മുടെ ഉള്ളിലലിഞ്ഞ് ചേരും. കാലത്തിന്റെ ഒരു പ്രോസസിന് വിധേയമായ ശേഷം അവ മറ്റൊരു രൂപത്തില്‍ പുറത്തുവരും. ഉദാത്തമായ ആ അനുഭവങ്ങള്‍ മിക്കപ്പോഴും വ്യക്തിപരം കൂടി ആയിരിക്കും. അപ്രകാരമുള്ളത് പകര്‍ന്നു നല്‍കാനും ആവില്ലല്ലോ.
2019-ലെ അലഹബാദ് കുംഭമേളയില്‍ ഞാന്‍ പതിനഞ്ച് ദിവസം പങ്കെടുത്തു. മഹാജനസഞ്ചയങ്ങള്‍ക്കും വൈവിധ്യം നിറഞ്ഞ അഖാഡകള്‍ക്കും ഇടയില്‍ ധാരാളമായി നടന്നു. മനുഷ്യന്‍ എന്ന ജീവിയെ അത്ഭുതത്തോടെ കണ്ടുനടന്നു. എണ്ണമറ്റ കാഴ്ചകളില്‍ നിന്നും ആ മഹാമേള ബാക്കി വച്ചത് രണ്ട് അനുഭൂതികളായിരുന്നു. ഒരു പാട്ട്, ഒരു നോട്ടം.
അര്‍ധരാത്രിയില്‍ സംഗമ തടത്തിലൂടെ നടക്കുമ്പോള്‍ എനിക്കപരിചിതമായ ഒരു ആദിവാസി സംഘം എനിക്കപരിചിതമായ സംഗീതോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പഹാഡിയോ ഭോജ്പുരിയോ സന്താളിയോ എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഭാഷയില്‍ വിലയിച്ചിരുന്ന് പാടുന്നു. അവരെവിട്ട് ഒരടി മുന്നോട്ട് നടക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ അവര്‍ക്കൊപ്പം നിലത്ത് കുത്തിയിരുന്നു. വിചിത്രവര്‍ണ്ണങ്ങളുള്ള വേഷങ്ങളും അതിവിചിത്രങ്ങളായ രൂപഭേദങ്ങളുള്ള ആഭരണങ്ങളും ധരിച്ച ആണുങ്ങളും പെണ്ണുങ്ങളും അടങ്ങിയ ആ കൂട്ടത്തിനൊപ്പം ഞാനും ഇരുന്നു. നിഷ്‌കളങ്കമായ ആനന്ദത്തോടും ഭക്തിയോടും ഉത്തരോത്തരം ഉയര്‍ന്നുപോകുന്ന ആ പാട്ടില്‍ ഞാനും അലിഞ്ഞിരുന്നു. കാഴ്ചകളൊക്കെ കാലാന്തരത്തില്‍ ഓര്‍മ്മയില്‍ നിന്നും മറഞ്ഞു പോയേക്കാം. എന്നാല്‍, ആ അനുഭൂതി എന്റെ ഉള്ളില്‍ എന്നും ഉണ്ടാവും. ഭക്തി എന്ന വികാരം എനിക്കന്യമാണ്. എന്നാല്‍ നിഷ്‌കളങ്കമായ ഭക്തി കണ്ടാല്‍ എനിക്ക് തിരിച്ചറിയാനാവും. മീരാ ബായിയെ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. അജ്ഞാതനായ ബാവുള്‍ ഗായകനെയും മജൂലിദ്വീപിലെ ഒരു സത്രത്തില്‍ ഒരിക്കല്‍ മാത്രം കണ്ട പൂര്‍ണ്ണ ബുദ്ധിയില്ലാത്ത ഒരു ബ്രാഹ്‌മണനെയും ഞാന്‍ ഓര്‍ക്കുന്നത് അതുകൊണ്ടാണ്.
വി. ഷിനിലാല്‍ എഴുതിയ നോവലുകള്‍ വാങ്ങാം
സംഗമത്തില്‍ കൊടുംതണുപ്പായിരുന്നു. വലിയ വിറക് മുട്ടികള്‍ എരിയുന്ന തീക്കുണ്ഠത്തിന് ചുറ്റുമായി സന്യാസി സംഘം സന്ധ്യാപ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കയാണ്. ആ പ്രാര്‍ത്ഥന നോക്കി ഞാന്‍ നില്‍ക്കുന്നു. പല പ്രായക്കാരടങ്ങുന്ന സംഘമാണത്. വയോധികനായ ഗുരുമുഖ്യന്‍ പാടുന്നത് മറ്റുള്ളവര്‍ ഏറ്റുപാടുന്നു. അക്കൂട്ടത്തില്‍ മുടി നീട്ടിവളര്‍ത്തിയ ഒരു കുമാരനും ഉണ്ടായിരുന്നു. അലൗകികമെന്ന് തോന്നിക്കുന്ന ഒരാനന്ദഭാവത്തില്‍ അവന്‍ പാടുന്നു. ഞാനവനെ നോക്കി നിന്നു. അപ്പാഴാണ് മറ്റൊരാള്‍ എന്റെ കാഴ്ചയില്‍ പെട്ടത്. അറുപതുകളില്‍ നില്‍ക്കുന്ന ജടാധാരി. അയാള്‍ ആ കുമാരനെ നോക്കുകയാണ്. ഞാനയാളെയും നോക്കാന്‍ തുടങ്ങി. എന്തൊരു വാത്സല്യമാണ് അയാളുടെ കണ്ണുകള്‍ പ്രസരിപ്പിക്കുന്നത്. എന്തൊരു കരുതലാണ്! ബാലനെ പ്രതി എത്ര അഭിമാനമാണ്.
ആ നോട്ടം എന്റെ കാഴ്ചയില്‍ എന്നേക്കുമായി തറഞ്ഞു. എന്നാല്‍, അത് എവിടെയെങ്കിലും പകര്‍ത്തണമെന്ന് എനിക്ക് തോന്നിയില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര എന്ന കഥ എഴുതാനിരിക്കുമ്പോള്‍ ആ നോട്ടം തിരികെ വന്നു. ആ സന്യാസിയുടെയും ശിഷ്യന്റെയും സ്ഥാനത്ത് ശ്രീനാരായണ ഗുരുവും കുമാരുവും വന്നു. കോലത്തുകര ക്ഷേത്രത്തില്‍ വച്ച് ശ്രീനാരയണ ഗുരു കൗമാരക്കാരനായ കുമാരനാശാനെ നോക്കുന്നത് ഞാന്‍ എഴുതിയിട്ടുണ്ട്. ഈ അനുഭവമാണ് ആ നോട്ടം.
എന്തിനാണ് നിങ്ങള്‍ എഴുതുന്നത്? എന്നൊരു ചോദ്യം സ്വയം ചോദിക്കണം എന്നും മറ്റും എഴുത്തുമായി ബന്ധപ്പെട്ട പണ്ഡിതര്‍ നിര്‍ദേശിക്കാറുണ്ട്. അങ്ങനെയൊക്കെ ഏതെങ്കിലും എഴുത്തുകാര്‍ ചോദിക്കുമോ എന്തോ? എന്തായാലും ഞാനങ്ങനെ ചോദിക്കാറില്ല. എനിക്ക് തോന്നുമ്പോള്‍ എഴുതുന്നു. പല തവണ എഡിറ്റ് ചെയ്യുന്നു. വാരികകള്‍ക്കും മറ്റും അയക്കുന്നു. ചിലത് പ്രസിദ്ധീകരിക്കുന്നു. മികച്ചതെന്ന് എനിക്ക് ബോധ്യമുള്ള ചിലതെങ്കിലും നിരസിക്കപ്പെടുന്നു. ഒരു പ്രക്രിയയുടെ ഭാഗം എന്നല്ലാതെ അതൊന്നും വൈകാരികമായി എടുക്കാറില്ല.
എന്റെ ട്രെയിന്‍ വാറംഗല്‍ സ്റ്റേഷനില്‍ എത്തി. മുമ്പ് ഇവിടെ വന്നിട്ടുണ്ട്. കുറച്ച് മാറി കാകതീയ രാജവംശത്തിന്റെ ശേഷിപ്പുകള്‍ ഉണ്ട്. ആയിരക്കല്‍ മണ്ഡപം ഉണ്ട്. അവിടെയെല്ലാം പോയിട്ടുണ്ട്. വാക്കുകളായിട്ടല്ല ആ അനുഭവങ്ങളെ മനസ്സ് ശേഖരിച്ച് വച്ചിട്ടുള്ളത്. ചിത്രരൂപത്തിലാണ്. ചിത്രങ്ങളെ വിവരിക്കാനുള്ള ഉപാധിയാണ് - അതു മാത്രമാണ് ഭാഷ. അത് മറ്റൊരാളില്‍ മറ്റൊരു ചിത്രം ഉത്പാദിപ്പിക്കുന്നു. അപ്പോള്‍, ഒരാളുടെ ഓര്‍മ്മ / എഴുത്ത് അസംഖ്യം ചിത്രങ്ങളായി മാറുന്നു. ഓരോ കഥയും ഒരുപാട് കഥകളായി വായിക്കപ്പെടുന്നു. ഒരാള്‍ അയാളുടെ പരിചിതമായ അനുഭവങ്ങളുടെ കൂട്ടുപിടിച്ചാണ് കൃതികള്‍ വായിക്കുന്നത്. അതു കൊണ്ട് തന്നെ എഴുത്തുകാരന് വായനക്കാരോട് യാതൊരുവിധ ഉത്തരവാദിത്തവും പ്രകടിപ്പിക്കേണ്ടതില്ല. വായനയുടെ ഏതോ ഘട്ടത്തില്‍ അയാളും ഞാനും ഒന്നായി തീരുന്നു. പരസ്പരം സ്വന്തം എന്ന് തോന്നുന്നു.
ഇത് എഴുതിക്കഴിഞ്ഞാല്‍ ഞാന്‍ രാമരാജാബഹദൂര്‍ വായിക്കാനെടുക്കും. യാത്രയില്‍ ഒപ്പം കൊണ്ടുവന്നത് ആ പുസ്തകം മാത്രമാണ്. ചരിത്രമാണ് പ്രിയപ്പെട്ട വിഷയം. കൂടുതല്‍ വായിക്കുന്നതും അതു തന്നെ. ചില കൃതികള്‍ വായിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ അതിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഓര്‍മ്മയില്‍ നിന്നും മറഞ്ഞുപോയെന്നു വരും. എന്നാലും അതിന്റെ സത്ത ബാക്കി നില്‍ക്കും. നല്ല കാഴ്ചകളുടെ അനുഭൂതി എന്ന പോലെ.
അടുത്തിടെ ഒരാളുമായി നടന്ന ചാറ്റില്‍ ഇങ്ങനെ ഒരു ചോദ്യം ഉണ്ടായി. ഈ തലമുറയില്‍ അതിജീവിക്കുന്ന എഴുത്തുകാര്‍ ആരെല്ലാമായിരിക്കും?
അയാള്‍ കുറച്ച് പേരുകള്‍ പറഞ്ഞു. ആ പേരുകളോട് എനിക്കും വിയോജിപ്പൊന്നുമില്ല. ഞാന്‍ പറഞ്ഞു: ആര് അതിജീവിച്ചില്ലെങ്കിലും ഞാനുണ്ടാവും.
അങ്ങനെ, തലമുറകളിലേക്ക് കടന്നുകയറണം എന്ന ആര്‍ത്തിയോടെയാണ് ഞാന്‍ എഴുതുന്നത്. മൃത്യുവിന് കീഴ്‌പ്പെടാന്‍ വയ്യാത്ത മനസ്സാണ് എന്നെക്കൊണ്ട് എഴുതിക്കുന്നത്.
വെയിലൂറ്റിയ പാടങ്ങളില്‍ ഉണങ്ങിയ നെല്‍ച്ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നു, എന്റെ തീവണ്ടി. ഇങ്ങനെ ചലിച്ചുകൊണ്ടിരിക്കാനാണ് എനിക്കിഷ്ടം. എനിക്കുശേഷം എന്റെ എഴുത്തുകള്‍ എനിക്ക് വേണ്ടി ചലിച്ചുകൊണ്ടിരിക്കുമെന്നും.
Content Highlights: writers diary v shinilal writes about the eternity of creative writing