കെ.ബി. ശ്രീദേവി: വിലക്കുകളെ അതിലംഘിച്ചു നേടിയെടുത്ത അക്ഷരയജ്ഞം

കൊച്ചി: വി.ടി. ഭട്ടതിരിപ്പാട് കൊളുത്തിവെച്ച പ്രകാശത്തിന്റെ വഴിയേ നമ്പൂതിരിസമുദായത്തില്‍നിന്ന് അടുക്കളയിലൊതുങ്ങാതെ അക്ഷരങ്ങളുടെ അരങ്ങിലേക്കെത്തിയ എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി. പതിന്നാലാംവയസ്സില്‍ ഉള്ളിലുറഞ്ഞുകൂടിയ പ്രതിഷേധത്തെ കഥയിലേക്ക് ആവാഹിച്ചുകൊണ്ട് എഴുതിത്തുടങ്ങിയ അവര്‍ പക്ഷേ, സാഹിത്യലോകത്ത് എന്നും സൗമ്യമുഖമായി നിലകൊണ്ടു.
യജുര്‍വേദികള്‍ക്ക് പേരുകേട്ട മഞ്ചേരി കരിക്കാട്ട് വെള്ളിക്കാട് മനയിലായിരുന്നു ജനനം. പുരോഗമന ചിന്താഗതിക്കാരനായിരുന്നു അച്ഛന്‍ വി.എം.സി. നാരായണന്‍ ഭട്ടതിരിപ്പാട്. ആദ്യം ഇല്ലത്തെ വളപ്പില്‍ത്തന്നെയുള്ള കെട്ടിടത്തില്‍ പഠനം. നാട്ടിലെ കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്ന് പഠിക്കാന്‍ പോകുന്നതിന്റെ വിഷമം മനസ്സിലാക്കിയ നാരായണന്‍ ഭട്ടതിരിപ്പാട് സുഹൃത്തുക്കള്‍ക്കൊപ്പംചേര്‍ന്ന് വണ്ടൂര്‍ അങ്ങാടിയില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അതോടെ, ശ്രീദേവിയും അവിടെ ആറാംക്ലാസുകാരിയായി ചേര്‍ന്നു.
പക്ഷേ, പെണ്‍കുട്ടികള്‍ അധികം പഠിക്കേണ്ടെന്ന് മുതിര്‍ന്നവര്‍ തീരുമാനിച്ചപ്പോള്‍ പത്താംക്ലാസ് ജയിച്ചതോടെ പഠനം നിര്‍ത്തേണ്ടിവന്നു. അതിനോടുള്ള എതിര്‍പ്പില്‍ ആദ്യകഥ- 'നിനക്ക് സുഖിക്കാന്‍ അറിയില്ല'. നാഗരികഭ്രമത്തില്‍ ചിറകറ്റുവീഴുന്ന ദമ്പതിമാരുടെ ജീവിതമായിരുന്നു ഇതിവൃത്തം.
പഠനം നിര്‍ത്തി വെറുതേയിരിക്കുന്ന കാലത്താണ് ജവാഹര്‍ലാല്‍ നെഹ്റു നിലമ്പൂരില്‍വന്നത്. വല്യച്ഛന്റെ മകള്‍ ഉമാദേവി സ്വകാര്യമായി കൊടുത്തയച്ച കത്തിലൂടെ വിവരം അറിഞ്ഞ ശ്രീദേവി അമ്മയോടുമാത്രം വിവരംപറഞ്ഞ് നിലമ്പൂരിലെത്തി നെഹ്റുവിനെ കാണുക മാത്രമല്ല, ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു.
വെളിച്ചംകാണാതെപോയ ആദ്യരചനയ്ക്കുശേഷം ശ്രീദേവിയുടെ അക്ഷരങ്ങള്‍ അച്ചടിമഷിപുരണ്ടത് തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച 'യുഗാന്തരങ്ങളിലൂടെ' എന്ന കഥയിലൂടെയാണ്.
നമ്പൂതിരിപ്പെണ്‍കുട്ടിക്കുണ്ടായിരുന്ന വിലക്കുകളെ അതിലംഘിച്ച് വായനയെ പ്രണയിച്ച കുട്ടിക്കാലമായിരുന്നു ഊര്‍ജം. അടുത്ത കൂട്ടുകാരി ശാന്തയും സഹോദരങ്ങളുമായിരുന്നു പിന്തുണ. കവലയില്‍ രാമന്‍നായര്‍ എന്നയാളുടെ കടയുടെമുകളിലെ വായനശാലയില്‍നിന്ന് ശാന്തയുടെ സഹോദരന്മാര്‍ എത്തിച്ചുനല്‍കിയിരുന്ന പുസ്തകങ്ങളിലൂടെ ശ്രീദേവി വായിച്ചുവളര്‍ന്നു.
പതിനാറാം വയസ്സില്‍ വിവാഹം. ഭര്‍ത്താവ് നാഗലശ്ശേരി കൂടല്ലൂര്‍മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്. എഴുത്തിന് അദ്ദേഹം തുണനിന്നപ്പോള്‍ 19-ാം വയസ്സില്‍ ശ്രീദേവിയുടെ ആദ്യ പുസ്തകം പുറത്തിറങ്ങി. മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായ കെ.പി. കേശവമേനോന്‍ അക്ഷരജീവിതത്തിനു നല്‍കിയ സ്‌നേഹവും വാത്സല്യവും എന്നും അഭിമാനത്തോടെയാണ് ഇവര്‍ പങ്കുെവച്ചിരുന്നത്.
കൃതികളിലെ നമ്പൂതിരിഭാഷയുടെപേരില്‍ ഏറെ വിമര്‍ശനം നേരിട്ട ശ്രീദേവി പക്ഷേ, അതൊരു അംഗീകാരമായി കണ്ടു. തനിക്ക് കണ്ടുംകേട്ടും പരിചയമുള്ള ചുറ്റുപാടുകളില്‍നിന്ന് കണ്ടെടുത്ത വിഷയങ്ങളില്‍ സ്വാഭാവികമായി നമ്പൂതിരിഭാഷ കടന്നുവരുമെന്നായിരുന്നു അവരുടെ പ്രതികരണം. എങ്കിലും സ്വന്തം സമുദായത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരേ ശബ്ദിക്കാനും മടിച്ചില്ല. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണാവാദനം അഭ്യസിച്ചു. പിന്നീട് കുടുംബസമേതം തൃശ്ശൂരിലേക്ക് താമസം മാറി. വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ ഗവ. സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
രണ്ടുവര്‍ഷത്തോളമായി മറവിരോഗംകാരണം എഴുത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കെ.ബി. ശ്രീദേവിയുടെ കണ്ണുകള്‍ ദാനംചെയ്തു.
സംസ്‌കൃതം പഠിക്കാനെത്തി എഴുത്തിന്റെ മണ്ണായി മാറിയ തൃശൂര്‍
കെ.ബി. ശ്രീദേവിക്ക് എഴുത്തിന്റെ മണ്ണായത് തൃശ്ശൂര്‍. 1970-ല്‍ തൃശ്ശൂരിലെത്തിയ കെ.ബി. ശ്രീദേവി നാലു പതിറ്റാണ്ടാണ് ഇവിടെ താമസിച്ചത്. ഇക്കാലത്താണ് യജ്ഞം ഉള്‍പ്പെടെയുള്ള കൃതികള്‍ പിറക്കുന്നതും. സംസ്‌കൃതം പഠിക്കാനാണ് കെ.ബി. ശ്രീദേവി തൃശ്ശൂരിലെത്തിയത്. സുബ്ബരാമഭട്ടരുടെ അടുത്തായിരുന്നു പഠനം. അദ്ദേഹത്തിന്റെ മരണംവരെ പഠനം തുടര്‍ന്നു. പിന്നീട് സ്വയം സംസ്‌കൃതപഠനം തുടര്‍ന്നു .
കഥകള്‍ എഴുതിത്തുടങ്ങിയശേഷം അറിവു മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭര്‍ത്താവുമൊത്ത് തൃശ്ശൂരിലെത്തിയത്. ആദ്യം ബെന്നറ്റ് റോഡില്‍ സെയ്ന്റ് തോമസ് കോളേജിനു സമീപമായിരുന്നു താമസം. വാടകവീടായിരുന്നു ഇത്. വളരെക്കാലത്തിനുശേഷം കിഴക്കുംപാട്ടുകര പനമുക്കംപിള്ളി അമ്പലത്തിനു സമീപം സ്വന്തമായി വീടു വാങ്ങി.
കുറച്ചുകാലം അടാട്ട് കുറൂരിലും കെ.ബി. ശ്രീദേവി താമസിച്ചു. അനുജത്തി താരയോടൊപ്പമായിരുന്നു ഇത്. എഴുത്തുംവായനുമായി തിരക്കില്‍ക്കഴിയുന്ന ചേച്ചിയെയാണ് സഹോദരന്‍ ശങ്കരനാരായണന്റെ ഓര്‍മ. പബ്ലിക് ലൈബ്രറില്‍ ചേച്ചിയോടൊപ്പം പോകുന്നതും അവിടെ അംഗത്വം എടുത്തതുമെല്ലാം അദ്ദേഹം ഓര്‍ക്കുന്നു. തെക്കേ മഠവുമായും തൃശ്ശൂരിലെ മറ്റു ശങ്കരമഠങ്ങളുമായും വളരെയധികം അടുപ്പം കാണിച്ചിരുന്നു കെ.ബി. ശ്രീദേവിയെന്ന് തെക്കേമഠം മാനേജര്‍ വടക്കുമ്പാട് നാരായണന്‍ ഓര്‍ക്കുന്നു. മഠത്തിലെ എല്ലാ പരിപാടികളിലും സ്ഥിരംസാന്നിധ്യമായിരുന്നു. തെക്കേമഠത്തിലെ എഴുത്തിനിരുത്തലിനും സ്ഥിരമായി ശ്രീദേവി എത്തിയിരുന്നു. തെക്കേമഠം മൂപ്പില്‍ സ്വാമിയാരോടും വടക്കുന്നാഥനോടുമെല്ലാം യാത്രപറഞ്ഞാണ് തൃശ്ശൂരില്‍നിന്ന് തൃപ്പൂണിത്തുറയിലേക്ക് മാറിയത്. തൃശ്ശൂര്‍ വിട്ടതിനുശേഷവും ബന്ധം തുടര്‍ന്നിരുന്നു.
'ആച്ചി'യുടെ യജ്ഞം ചലച്ചിത്രമാക്കിയത് കൊച്ചുമകള്‍
കെ.ബി.ശ്രീദേവിയുടെ 'യജ്ഞം' സിനിമാപ്പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് കൊച്ചുമകള്‍ രഞ്ജനയാണ്. 'ആച്ചി' എന്നുവിളിക്കുന്ന കെ.ബി. ശ്രീദേവി സിനിമാപ്പിറവിക്ക് കൂടെയുണ്ടായിരുന്നുവെന്ന് രഞ്ജന ഓര്‍ക്കുന്നു. 90-കളില്‍ പൊലിഞ്ഞ ടെലിഫിലിംശ്രമത്തിന് മധുരപ്രതികാരംകൂടിയായിരുന്നു ഇത്. 'യജ്ഞം' ടെലിഫിലിമിന്റെ ഷൂട്ടിങ് എല്ലാം കഴിഞ്ഞിരുന്നെങ്കിലും പിന്നീട് വെളിച്ചംകണ്ടില്ല.
2019-ല്‍ ആണ് 'യജ്ഞം' രഞ്ജനയുടെ നേതൃത്വത്തില്‍ അഭ്രപാളികളില്‍ എത്തിച്ചത്. അമ്പതുമിനിറ്റുള്ളതായിരുന്നു സിനിമ.
തൃശ്ശൂരിലെ ശ്രീ തിയേറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനം കാണാന്‍ ശ്രീദേവിയും എത്തിയിരുന്നു. ഒന്നരക്കൊല്ലത്തെ ശ്രമഫലമായിരുന്നു ഈ സിനിമ. തിരക്കഥയുടെ ഒരോ ഘട്ടവും ആച്ചിയുമായി ചര്‍ച്ചചെയ്തിരുന്നുവെന്ന് രഞ്ജന പറയുന്നു.
വാവന്നൂരിലെ തറവാട്ടിലായിരുന്നു ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. മെട്രോ നഗരങ്ങളില്‍ നടന്ന പ്രദര്‍ശനത്തിനെല്ലാം ശ്രീദേവി എത്തി.
ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ആദ്യമായി 'യജ്ഞം' വായിച്ചപ്പോളുണ്ടായ സ്വാധീനമാണ് പിന്നീട് ഹ്രസ്വസിനിമയിലേക്കു നയിച്ചതെന്ന് രഞ്ജന പറയുന്നു. പഠനാവശ്യത്തിനായി ഡോക്യുഫിക്ഷന്‍ ചെയ്യേണ്ടിവന്നപ്പോഴും യജ്ഞമാണ് തിരഞ്ഞെടുത്തത്. അഞ്ചുമിനിറ്റ് മാത്രമാണ് അതുണ്ടായിരുന്നത്. കെ.ബി. ശ്രീദേവിയുടെ മകന്‍ കെ.ബി. ഉണ്ണിയുടെ മകളാണ് രഞ്ജന. ഇപ്പോള്‍ ബെംഗളൂരുവില്‍ കണ്ടന്റ് റൈറ്ററായി ജോലിചെയ്യുന്നു.
Content Highlights: K.B Sreedevi, Ranjana, Mathrubhumi, Literature