മലയാള സാഹിത്യത്തിലെ ആയുധപൂജ; മേതിലിനെ നിഷേധിച്ചുകൊണ്ട് നിശബ്ദനാക്കാൻ മുന്‍കരുതല്‍ എടുത്തതാര്?

'എന്തുകൊണ്ടാണ് മേതില്‍ രാധാകൃഷ്ണന്‍ ഒരു സമയം ദീര്‍ഘകാലം ഒന്നും എഴുതാതിരുന്നത്? 'കഥാകൃത്തും നോവലിസ്റ്റുമായ എന്റെ യുവസുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. തന്റെ ചോദ്യത്തെ ഒന്നുകൂടി സുഹൃത്ത് വിശദീകരിച്ചു: 'മേതില്‍ രണ്ടാമത് വരുമ്പോള്‍ എഴുത്തുകാരുടെ തന്നെ ഒന്നോ രണ്ടോ തലമുറപോലും വന്നുകഴിഞ്ഞിരുന്നു, പക്ഷേ, അയാള്‍, ഏറ്റവും പുതിയ എഴുത്തുകാരനെപ്പോലെ അപ്പോഴും എഴുതി. അയാളെ ഏറ്റവും പുതിയ വായനക്കാര്‍ വായിച്ചു.'
'എന്താണ് ഇതിന്റെ അര്‍ത്ഥം? അയാള്‍ക്ക് ഒരിക്കലും വായനക്കാര്‍ ഇല്ലാതിരുന്നിട്ടില്ല എന്നല്ലേ? എന്നാല്‍ അയാളെ നിശ്ശബ്ദനാക്കിയത് മറ്റൊന്നാണ്.'
ഞങ്ങള്‍, ഞാനും സുഹൃത്തും, സാഹിത്യത്തില്‍ എങ്ങനെയാണ് ഒരു 'സിസ്റ്റം (System)' പ്രവര്‍ത്തിക്കുന്നത് എന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് ഒരുദാഹരണമായി മേതിലിനെപ്പറ്റി ഇങ്ങനെ പറഞ്ഞത്.
സാഹിത്യം, തീര്‍ച്ചയായും ഒരു വ്യക്തിഗത കലയാണ്, ഒരു personal art, എന്നാല്‍ അതിന്റെ സാമൂഹിക- അംശം വ്യക്തിപരമായി ഒടുങ്ങുന്നുമില്ല: പാരമ്പര്യം, സ്വാധീനം, തുടങ്ങി അനവധി ഘടകങ്ങളുടെ ഒരു ലായം അതിനെ വളഞ്ഞുപിടിച്ചിരുന്നു. സിസ്റ്റം ഇതില്‍ നിന്നും മാറി, അപ്പോഴും ഇതിനെയെല്ലാം നിരീക്ഷിച്ചുകൊണ്ട്, ഒരു സ്ഥാപിത ഇച്ഛയായി നില്‍ക്കുന്നു. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ഈ ഇച്ഛയെയാണ് പാദം എന്നും ഉപരിഘടന എന്നും ലളിതവത്ക്കരിച്ചത് - അവര്‍ക്ക് അനുയോജ്യമായ ന്യൂനീകരണത്തോടെ. എന്നാല്‍, ഇച്ഛ (will) അത് ഒരു system ആയിത്തന്നെ പ്രവര്‍ത്തിക്കുന്നു. അത് എഴുത്തുകാര്‍ക്കും ഒരു സാമൂഹ്യാനുഭവമാണ്. അങ്ങനെ മാത്രമാണ് അത് നിങ്ങളെ ലക്ഷ്യമിടുന്നത്.
മേതില്‍ എഴുതുന്ന കാലം മലയാളത്തിലെ 'ആധുനികത'യുടെ കാലമായിരുന്നു, മേതില്‍ നിശ്ശബ്ദനായ കാലം ആധുനികതയെ അട്ടിമറിച്ച് വരുന്ന സാഹിത്യത്തിലെ തീവ്ര ഇടത് രാഷ്ട്രീയകാലമായിരുന്നു. രണ്ടാമത്തെ കാലമാകട്ടെ നീണ്ടുനിന്നു. ഇന്ത്യയിലെ മറ്റ് ഏതൊരു ദേശീയതയുടെയും സാമൂഹ്യാനുഭവത്തില്‍നിന്നും മാറി കേരളത്തിന്റെ സവിശേഷമായ കമ്മ്യൂണിസ്റ്റ് ഭരണകൂട സങ്കല്‍പ്പത്തിനനുപൂരകമായി വന്ന ഒരു സാഹിത്യസങ്കല്‍പ്പം നമ്മുടെ 'ആധുനികത'യുടെ ഭാഗമായിരുന്നു. ആധുനികത കാംക്ഷിയ്ക്കുന്ന വ്യക്തിഗത കലയ്ക്ക് അതില്‍ അപ്പോഴും ഒരു സാധ്യതയുണ്ട്. എന്നാല്‍, തീവ്ര ഇടത് രാഷ്ട്രീയവും അതിന്റെ പാരമ്പര്യ പാപമായ കലയുടെ പ്രയോജനവാദത്തില്‍ നിന്നും മുക്തമായിരുന്നില്ല. അതിന്റെ നാട്യം, പക്ഷേ ആധുനികതയെ യാഥാസ്ഥിതികമാക്കുന്നു എന്നായിരുന്നു. സിസ്റ്റം കലയില്‍ ഇച്ഛയായി പ്രവര്‍ത്തിക്കുന്ന ഒരു രീതികൂടിയാണത്. മേതില്‍ കലയിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ഇടപെടലിനെ എതിര്‍ത്തു, അതിന്റെ ഏതുതരം പ്രയോജനവാദത്തെയും എതിര്‍ത്തു, എന്നാല്‍ അതിനെ അനുഗ്രഹിച്ചുനില്‍ക്കുന്ന സിസ്റ്റം നേരിടാന്‍ തുനിഞ്ഞില്ല. അയാള്‍ ആ ചുവപ്പന്‍ കാലത്തുനിന്നുതന്നെ പിന്‍വാങ്ങി. അല്ലെങ്കില്‍, ആ സിസ്റ്റം മേതില്‍ എന്ന എഴുത്തുകാരനെ നിശ്ശബ്ദനാക്കി. എന്റെ യുവ സുഹൃത്ത് പറഞ്ഞതുപോലെ.
എഴുത്തുകാര്‍ എഴുതുകയും ഇടയ്ക്ക് വെച്ച് അവര്‍ നിശ്ശബ്ദതയിലേയ്ക്ക് പോകുന്നതും അപൂര്‍വ്വമല്ല. ചിലപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍തന്നെ ഉണ്ടാകാം. എന്നാല്‍, സാഹിത്യത്തെ ഭാഷയുടെ സര്‍ഗ്ഗാത്മക ഇടം എന്ന് തിരിച്ചറിയുന്ന ഒരാള്‍, എഴുത്തുകാരിയോ വായനക്കാരിയോ ആവട്ടെ, ആ ഭാഷയില്‍ സിസ്റ്റം ഇടപെടുന്നതും തിരിച്ചറിയുന്നു, ചര്‍ച്ച ചെയ്യുന്നു. കലയും സാഹിത്യവും ആവശ്യപ്പെടുന്നത് അതാണ്. എന്തെന്നാല്‍, അത് ഒരു സാമൂഹിക വിഷയവുംകൂടിയാണ്.
മേതിലിന്റെ നിശ്ശബ്ദതയുടെ കാലം എനിക്ക് നേരിട്ട് പരിചയമുള്ള കാലമാണ്. ഒരുപക്ഷേ, മേതിലിന്റെ നിശ്ശബ്ദത ഒരു ഭൗതികശക്തിപോലെത്തന്നെ എന്നെ അക്കാലത്ത് നേരിട്ടിട്ടുമുണ്ടായിരുന്നു. ആ സിനാറിയോ നോക്കൂ:
ആധുനികതയുടെ കാലത്ത് മേതിലിന്റ കൂടെയുണ്ടായിരുന്ന എഴുത്തുകാര്‍ (കവികളായിരുന്നു അവര്‍ അധികപേരും ) ആദ്യം തീവ്ര ഇടതിലേക്കും, പിന്നീട് തിരിച്ച് ഔദ്യോഗിക കമ്യൂണിസ(Official Communinsm)ത്തിലേക്കും ചേക്കേറുന്നത് ആദര്‍ശപരമായ കാരണങ്ങള്‍കൊണ്ടല്ല, ആശയങ്ങളുടെ പിന്‍ബലത്തിലല്ല, അവരെല്ലാം ഇപ്പോഴും 'സ്റ്റാലിനിസത്തെ പരസ്യമായി വെറുക്കുന്നവര്‍' പോലുമാണ്. മറിച്ച്, നമ്മുടെ സാഹിത്യത്തെ നിയന്ത്രിക്കുന്ന സിസ്റ്റത്തെ, അതിന്റെ ഇച്ഛയെ തങ്ങളുടെ കലയുടെ സംരക്ഷകനാക്കാനായിരുന്നു, അവര്‍ ശ്രദ്ധിച്ചത്. 'സംരക്ഷകന്‍' എന്നാണ് അതിനെ പറയേണ്ടത്: അത്രയും അത് പേട്രിയാര്‍ക്കല്‍കൂടിയാണ്.
ആ സിസ്റ്റം ആണ്, അതിന്റെ സ്ഥാപനങ്ങളാണ്, അതിന്റെ എഴുത്തുകാരാണ്, അങ്ങനെ നമ്മുടെ കാലത്തെ ഏറ്റവും സര്‍ഗ്ഗധനനായ എഴുത്തുകാരനെ അയാള്‍ എഴുതുമ്പോഴും നിശ്ശബ്ദനാക്കാന്‍ മുന്‍കരുതല്‍ എടുത്തത്: മേതില്‍ രാധാകൃഷ്ണന് ആ സിസ്റ്റം അതിന്റെ എല്ലാ സാഹിത്യബഹുമതികളും നിഷേധിച്ചു. മേതില്‍, പക്ഷെ, എഴുതിക്കൊണ്ടുതന്നെ തന്റെ സമകാലികരെ ഏറ്റവും പഴയ മനുഷ്യരാക്കുകയും തന്റെ ഏറ്റവും പുതിയ വായനക്കാര്‍ക്ക് മലയാള സാഹിത്യത്തിലെ സൗന്ദര്യത്തിന്റെ ഒരു കര, ദ്വീപ് പോലെ താനുണ്ടാക്കിയ ഒന്ന്, കാണിച്ചുകൊടുത്തുമിരുന്നു. ആ അര്‍ത്ഥത്തില്‍ മേതില്‍ നമ്മുടെ ഭാഷയിലെ 'ആധുനികനായ എഴുത്തുകാരന്‍' ആയിത്തന്നെ തുടര്‍ന്നു; തന്റെ രണ്ടാം വരവിലും.
കേരളത്തിലെ നീണ്ട കമ്മ്യൂണിസ്റ്റ് കാലം യൂറോപ്യന്‍ സമൂഹങ്ങള്‍ നേരിട്ടപോലെ ഒന്നല്ല - ഒരുപാട് സമാനതകള്‍ കണ്ടെത്താന്‍ കഴിയുമ്പോഴും. തങ്ങളുടെ മൂക്കില്‍ വന്നുതൊട്ട പ്രത്യക്ഷമായ ഒരു ഏക പാര്‍ട്ടി സ്വേച്ഛാധിപത്യത്തെയാണ് ആ സമൂഹങ്ങള്‍ അനുഭവിച്ചതും, അതിനെയാണ് പിന്നീട് നേരിട്ടതും. അതുകൊണ്ടുതന്നെ ആ സിസ്റ്റത്തോടുള്ള ചെറുത്തുനില്‍പ്പ് ഏറെക്കുറെ പ്രവചിക്കാന്‍പോലുമാവുമായിരുന്നു. എന്നാല്‍, കേരളത്തിലെ കമ്യൂണിസത്തിന്റെ ഇടപെടല്‍ മറ്റൊരു വിധത്തിലായിരുന്നു, അത് പാര്‍ലമെന്ററി ജനാധിപത്യത്തെ വ്യാജവല്‍ക്കരിക്കുന്ന പാര്‍ട്ടി ആധിപത്യത്തിന്റെ നീണ്ട കാലമാണ്, ഇപ്പോഴും തുടരുന്ന ഒരു Work of System ആണത്. കലയും സാഹിത്യവുമാണ് ആ സിസ്റ്റത്തിന്റെ ഏറ്റവും വലിയ ഇരയും.
ഇന്നും നിങ്ങള്‍ മലയാളത്തില്‍ ഇത്തരമൊരു സിസ്റ്റത്തെയാണ് നേരിടുന്നത്. ആ സിസ്റ്റത്തെ നിങ്ങള്‍ ആദരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ എഴുതുമ്പോഴും നിങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുന്നു. ഈ സിസ്റ്റം അത് ഉറപ്പുവരുത്തുന്നു. ഒരു ഭാഷയുടെ സാഹിത്യംതന്നെ ഇരയാക്കപ്പെടുന്ന ഈ സന്ദര്‍ഭം, നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ക്രൂരമാണ്. ആ സിസ്റ്റം പോലെ തന്നെ.
Content Highlights: writer karunakaran article about who silenced maythil radhakrishnan in creative writing