അഖിലേന്ത്യാ ഭക്ഷണക്രമക്കണക്കിന്റെ വൈവിധ്യങ്ങൾ കൊണ്ടുകൂടി സമ്പന്നമായ വി.കെ.എൻ. കഥകൾ

പാചകവും അതു കഴിക്കലും ഒരു കലകൂടിയാണ്. മലയാള സാഹിത്യത്തിൽ ഭക്ഷണത്തെ ഏറ്റവും രുചികരമായി കൈകാര്യം ചെയ്തത് കുഞ്ചൻ നമ്പ്യാർക്കും തോലനും ശേഷം വി.കെ.എന്നാണ്. ഓണക്കാലത്ത് വി.കെ.എന്റെ ഭക്ഷണസാഹിത്യത്തെക്കുറിച്ചാണ് അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലുള്ള ഈ കുറിപ്പ്
തിരുവോണത്തിന്റെ ഊണുകഴിഞ്ഞ് തിരുവില്വാമലയിലേക്കുപോയ ഒരു ഓണക്കാലം. അച്ഛൻ ഉണ്ടാക്കുന്ന മുളകാപച്ചടി-പുളിയിഞ്ചിയുടെ മറ്റൊരു രൂപം - കൊണ്ടുവരണമെന്ന് വി.കെ.എൻ. പറഞ്ഞിരുന്നു. ഒരു സ്പൂൺ കഴിച്ചശേഷം അദ്ദേഹം പറഞ്ഞു: ''ഉപ്പുരസമില്ലാത്ത ശർക്കര, എള്ള് മൂപ്പിച്ചതിന്റെ പാകത, നാടൻ പച്ചമുളകിന്റെ വാസന- അച്ഛനെ സമ്മതിച്ചു'' തുടർന്ന് വി.കെ.എൻ. നേരേ നമ്പ്യാരിലെത്തി.
വെളുത്തചോർ കോരികയിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെ തന്നെ
ഇളംചേന വാഴയ്ക്കയും ഇളവൻ വെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരി ഇലയ്ക്കൊക്കെ വിളമ്പുന്നു
വറുത്ത നേന്ത്ര വാഴയ്ക്കാ കൂർക്ക ചുണ്ടയ്ക്കയും ചക്ക-
ച്ചുളയുപ്പേരിക്കൂട്ടം വളരെ വിളമ്പിടുന്നു
കൊണ്ട്വാ പപ്പടമെന്നൊരു വിപ്രൻ
കൊണ്ട്വാ പഴമെന്നങ്ങൊരു വിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരി വിളമ്പണമെന്നൊരു വിപ്രൻ...
വി.കെ.എൻ. അകത്തുചെന്ന് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികൾ എടുത്തുകൊണ്ടുവന്നു. രുക്മിണീ സ്വയംവരം, പാത്രചരിതം, ഹരിണീസ്വയംവരം, നൃഗമോക്ഷം, പഞ്ചേന്ദ്രോപാഖ്യാനം തുള്ളലുകളിലെ സദ്യവട്ടങ്ങൾ, അതിന്റെ കോലാഹലങ്ങൾ... ഞാൻ അത് വായിച്ചു. അമ്പതിലധികം വിഭവങ്ങളുടെ ആസ്വാദ്യവിവരണം. എന്തുകൊണ്ടായിരിക്കാം നമ്പ്യാർ ഇത്രയധികം സദ്യവർണന നടത്തിയിട്ടുണ്ടാവുക?
''ദാരിദ്ര്യത്തിൽ നിന്നുപോയതല്ലേ. കവിതയിലാക്കാൻ ചെലവൊന്നുമില്ലല്ലോ. അനങ്ങിയാൽ താളമാണ്. മിഴാവ് കൊട്ടിയ കൈയല്ലേ'' -വി.കെ.എൻ. ചിരിച്ചു.
''പുരുഷാർഥക്കൂത്തിൽ ഭക്ഷണത്തിന്റെ ഗുണദോഷവും മഹത്ത്വവും പറയുന്ന 'അശന'ത്തിൽ നാലുമണിക്കൂർ അതിന്റെ വർണനയാണ്. കൂത്തിന്റെ സ്വാധീനം നമ്പ്യാരുടെ ഈ വിവരണത്തിൽ ഇല്ലേ?'' - ഞാൻ ചോദിച്ചു.
''അന്നമാണ് ജീവിതത്തിന്റെ അടിസ്ഥാനം. അത് എല്ലാവർക്കും വിധിച്ചിട്ടുള്ളതുമല്ല. ഉള്ളോര് സുഖായിട്ട് ഭക്ഷിയ്ക്ക്യാ. അത്രന്നെ. ഇതിൽ സോഷ്യലിസം പറയാനേ പറ്റൂ. അതിന്റെ ഒക്കെ മാജിക്കൽ റിയലിസമാണ് തോലനിലും ചാക്യാരിലും നമ്പ്യാരിലും വരുന്നത്''
-പറഞ്ഞുനിർത്തിയതും വി.കെ.എൻ. തുടർന്നു.
പന്തിഭോജനം വെച്ച് ഒരു കഥ എഴുതണം. സംസ്കൃത നാടകത്തിൽ പറയുന്ന 'പ്രകാശം' ആയി.
'അന്നപൂർണേ വിശാലാക്ഷി
അഖിലഭുവനസാക്ഷി
കടാക്ഷി...'
ദീക്ഷിതർ കൃതി. ഫിൽറ്റർ കാപ്പി രാഗം.
എന്നോട് വരികൾ എഴുതിയെടുക്കാൻ പറഞ്ഞു. അങ്ങനെ ആ ഓണം ഒരു വി.കെ.എൻ. കഥയ്ക്ക് പശ്ചാത്തലമായി. വി.കെ.എൻ. ഇല്ലാത്ത ഇരുപത്തി രണ്ടാമത്തെ ഓണമാണിത്.
വി.കെ.എൻ. തന്റെ വരവ് അറിയിച്ച 'വിവാഹപ്പിറ്റേന്ന്' എന്ന കഥയിൽ ഭാര്യവീട്ടിൽ അനുഭവിക്കേണ്ടി വന്ന ആതിഥ്യത്തിന്റെ അസ്വസ്ഥതകൾ ഹാസരസികതയോടെ അവതരിപ്പിക്കുന്നുണ്ട്: 'നാഴിയുരി ഗ്ലാസിന് ഒരു ഗ്ലാസ് കാപ്പി -എരുമപ്പാൽ സമൃദ്ധിയായി ഒഴിച്ചുണ്ടാക്കിയ വെട്ടിയാൽ മുറിയാത്ത കാപ്പി - മുന്നാഴികൊഴുത്ത കാപ്പികുടിപ്പിക്കുന്ന ഭാര്യയെ കാണാം. 'അട്ടിയുടെ കനമുള്ള ഒരു മുഴം ദോശയും' ഒരു കുടം കാപ്പിയുമാണ് കുളികഴിഞ്ഞുള്ള പ്രാതൽ. പിൽക്കാലം വി.കെ.എൻ. കഥകളിലും നോവലുകളിലും ഭക്ഷണപശ്ചാത്തലത്തിന്റെ അസുലഭമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. അഖിലേന്ത്യാ ഭക്ഷണക്രമക്കണക്കിന്റെ വൈവിധ്യങ്ങൾ കൊണ്ടുകൂടി സമ്പന്നമാണ് വി.കെ.എൻ. കഥകൾ.
വെട്ടുപുളിങ്കറിയും വാഴയ്ക്കാത്തോരനുമായി ഒപായത്തിലെ ഊണുമുതൽ അവിയലും തൈരും തോരനും കടുമാങ്ങയും മറ്റുമായി ബ്രാഹ്മണസദ്യവരെ വി.കെ.എൻ. കഥകളിൽ രുചിക്കാം. 'പരിപ്പും വെള്ളരിക്കയും കൂടി തകർപ്പൻ മുളഗുഷ്യമാണ്' മാളുക്കുട്ട്യേമ നാണ്വാർക്ക് വെച്ചുകൊടുക്കുന്നത്. 'എടുപ്പ് ശാപ്പാടും വീട്ടുശാപ്പാടും' വിസ്തരിക്കുന്ന റിങ് മാസ്റ്റർ എന്ന കഥയിൽ മുളക് വറുത്ത പുളിയും ഫിഷ്മോളിയും ഉണക്കമുള്ളന്റെ തലവറുത്തതും ഉപ്പിലിട്ടതും തൈരും വിഭവങ്ങളായി വരുന്നുണ്ട്. പട്ടണംപൊടി എന്ന കഥയിൽ അത്താഴശീവേലി കഴിഞ്ഞുപോകുന്ന പൊതുവാൾ 'കാച്ചിയ വലിയ പർപ്പടകത്തിന്റെ വലുപ്പമുള്ള ചന്ദ്രനെ'യും 'വറുത്തുപ്പേരി വാരിവിതറിയമാതിരിയുള്ള നക്ഷത്ര'ങ്ങളെയും കാണുന്നു. ആശ്വിന പൂർണിമയിലെ ആകാശത്തെ രണ്ട് ഭക്ഷണബിംബങ്ങളുമായി വി.കെ.എൻ. ചേർത്തുവെക്കുകയാണ്. അമ്പലത്തിലെ 'വാരസദ്യ'യെക്കുറിച്ച് മറ്റൊരു കഥയിൽ പരാമർശമുണ്ട്. പുളി എന്ന കഥയിൽ മുരിങ്ങയില മുളകുചേർത്ത കൂട്ടാനും ചോറുംമാത്രം വിളമ്പുന്ന പ്രിയദർശിനിയോട് ഒരു ചമ്മന്തിയെങ്കിലും അരച്ചുകൂടായിരുന്നോടീ എന്ന് പയ്യൻ ചോദിക്കുന്നു. ഡിന്നറിനെന്താണെന്ന ചോദ്യത്തിന് 'മൊളോർത്തൊളി അഥവാ മുളകുവറുത്ത പുളി' എന്നാണ് ഗ്രാമ്യത്തിലും പരിഷ്കരിച്ച ലിപിയിലും പ്രിയദർശിനി പറയുന്നത്.
അന്നം എന്ന കഥ തുടങ്ങുന്നത് ഇലത്തലപ്പത്തുവിളമ്പിയ കടുമാങ്ങയ്ക്ക് വിപ്ലവത്തിന്റെ നിറമായിരുന്നു എന്നാണ്. തുടർന്ന് ഇലയിലെ വിഭവ ക്രമീകരണം വി.കെ.എൻ. കലാപരമായി വിന്യസിക്കുന്നു.
ഇലവഴി ഇടത്തോട്ട്. ഉപ്പിലിട്ടത് കഴിഞ്ഞാൽ പൂന്തിങ്കളിന്റെ ഇസ്കൂൾ പൂട്ടിക്കുന്ന പപ്പടം. രണ്ട്. അതിനുതാഴെ കൊണ്ടാട്ടം. പയറ്, മുളക്, കയ്പക്ക, വീണ്ടും ഇടത്തോട്ട്. ഹ! തുമ്പപ്പൂനിറമായ ചോറ്. പൊന്നിയുടെ അരി. അതിന്റെ നിറുകയിൽ പടവലങ്ങയും പരിപ്പും മഞ്ഞളുംചേർന്ന മുളകുഷ്യം. അതിനു നടുക്ക് എറിച്ചു നിൽക്കുന്ന കറിവേപ്പില. പൊങ്ങുന്ന നീരാവി. വീണ്ടും ഇടത്തോട്ട്. പൊലികൂട്ടിയ ചോറ്. അതിനു നടുക്ക് കറി. ഇളവനും മാമ്പഴവും മുറിച്ചിട്ട് മോരും കടുകും താളിച്ച് പച്ചടി. പുറത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഇടിച്ചുപിഴിഞ്ഞ പായസം.
ഈ ഊണിനിരുന്നപ്പോഴാണ് പുറത്ത് ഒരു തള്ളയും കുഞ്ഞും ഭക്ഷണത്തിനായി നിലവിളിച്ച് അപേക്ഷിക്കുന്ന വസ്തുത ഭൃത്യൻ അറിയുന്നത്. ഇപ്പോൾ വിട്ടുപോയാൽ തനിക്ക് ഊണിന്റെ ഈണം മുറിയുമെന്നും അനുപല്ലവിയായി ആ തള്ളയും കുഞ്ഞും പുറത്തുനിന്ന് നിലവിളിക്കട്ടെ എന്നുമാണ് കാരണവർ ഭൃത്യനോട് പറയുന്നത്. സാമ്പത്തികാവസ്ഥയുമായി ബന്ധിപ്പിച്ചാണ് കഥ അവസാനിക്കുന്നത്.
പലഹാരങ്ങളുടെ അദ്ഭുതപ്രപഞ്ചം തന്നെ വി.കെ.എൻ. കഥകളിലുണ്ട്. പാചകവിധിയും അത് കഴിക്കേണ്ട വിധവും വായിക്കുമ്പോൾ വി.കെ.എന്റെ ഭക്ഷണത്തോടുള്ള സൗന്ദര്യസമീപനവും ദൃശ്യാത്മകതയും ബോധ്യപ്പെടും. സ്വച്ഛന്ദമൃത്യുവരിച്ച പയ്യൻ ശവമഞ്ചവാഹകരോട് 'അവിടെയും രാവിലെ ഇഡ്ഡലിതന്നെയല്ലേ' എന്നു ചോദിക്കുന്ന വിശ്രുതമായ വി.കെ.എൻ. കഥയാണ് നിലനില്പീയം. മുക്തകണ്ഠം ഭക്ഷിച്ച് മൃത്യുവരിച്ച പയ്യന്റെ ഒരു ദിവസം നോക്കുക: 'പല്ലുതേച്ചു പ്രാതലിനിരുന്നു. ആവിയിൽ വിടർന്ന വെള്ളാമ്പൽ ഇഡ്ഡലികൾ. രണ്ടിഡ്ഡലി ചട്ണിയിൽ മുക്കിത്തിന്നു. രണ്ടെണ്ണം പൊടികൂട്ടിത്തിന്നു. രണ്ടെണ്ണം മുളകരച്ചതുകൂട്ടിത്തിന്നു. രണ്ടെണ്ണം പഞ്ചസാര ചേർത്തുതിന്നു. രണ്ടുഗ്ലാസ് കാപ്പി കുടിച്ചു. പതിനൊന്നുമണിക്ക് പതിവുള്ള ചായ കുടിച്ചു. ഒരു മണിക്ക് ശാപ്പാട്. പഴയരിച്ചോറ്, വെണ്ടയ്ക്കാ സാമ്പാർ, ഇളവനും പച്ചമുളകും ചേർത്ത് ഓലൻ, വഴുതനങ്ങയും ഉള്ളിയും ചേർന്നുള്ള മെഴുക്കുപുരട്ടി, കുടുമാങ്ങ, പപ്പടം, മോര്. ഉണ്ടു. അട്ടം മുട്ടുന്നതുവരെ ഉണ്ടു. മൂന്നരയ്ക്കു ചായ പലഹാരം. അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേർത്തുനിർമിച്ച അപ്പമായിരുന്നു. മൂന്നെണ്ണം തിന്നു. തളരുവോളം ചായ കുടിച്ചു. എട്ടിന് അത്താഴം. ചപ്പാത്തിയും ഉരുളക്കിഴങ്ങും പാലും' - തിന്നേണ്ടതെല്ലാം തിന്ന കൃതകൃത്യതയിലാണ് പയ്യൻ മരിക്കാനുള്ള ചാൻസിനെ പ്രയോജനപ്പെടുത്തുന്നത്.
ഈ കഥ ഭക്ഷണ ആസക്തർക്കുള്ള വിമർശനപാഠം കൂടിയാണ്. പരലോകത്തെ പലഹാരങ്ങളെക്കുറിച്ചുകൂടി അന്വേഷിക്കുന്ന മൃതദേഹത്തെ വി.കെ.എന്നിനു മാത്രമേ സങ്കല്പിച്ച് എഴുതി ഫലിപ്പിക്കാനാവൂ. പ്രാതൽ എന്ന കഥയിൽ രാവിലെ ഒമ്പതുമണിക്ക് പതിമ്മൂന്ന് ശുഭ്രമൃദുല മോഹനമായ വലിയ വലിയ ഇഡ്ഡലികളെ പച്ചമുളകും നാളീകേരവും ചേർത്തരച്ച ചട്ണി, പപ്പടം കാച്ചിയ എണ്ണ ഒഴിച്ച മുളകുപൊടി, പഞ്ചസാര എന്നിവ മാറിമാറി കൂട്ടിയാണ് കുഞ്ഞൻമേനോൻ വി.കെ.എൻ. ഭാഷയിൽ 'ആഹുതി നടത്തുന്നത്'. ഒരു പടൽ നേന്ത്രപ്പഴവും മുന്നാഴി കൂജയിൽ മുഴുവൻ കാപ്പിയും കൂടി കഴിച്ച മേനോൻ ''ഇപ്പോൾ ഇതുമതി. ഇനി മൂപ്പരുടെകൂടെ നേരത്തേ ഉണ്ടുകളയാം'' എന്നാണ് തൃപ്തിരേഖപ്പെടുത്തുന്നത്.
ദോശതിന്നാനുള്ള കൊതിയെ 'ഒരു ആശയസംഹിതയുടെ കന'മായിട്ടാണ് പയ്യൻ സ്വയം വിചാരിക്കുന്നത്. 'നായുടെ നാക്കിന്റെ നേർമ്മയിൽ, കുത്തുംപുള്ളിയും നിറഞ്ഞ് കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹ' മാണ് പയ്യന്റെ മനസ്സിൽ ഉയരുന്നത്. 'പൊട്ടുകടലയും കപ്പൽമുളകും കടുകും വറുത്തിട്ട, വരിക്കത്തെങ്ങിന്റെ വലിയ നാളികേരം അരച്ചുണ്ടാക്കിയ ചട്ണിയും ഉള്ളിയും മുളകും ഉപ്പും ചേർത്ത് അരച്ച് പപ്പടം കാച്ചിയ എണ്ണയിൽ പൊരിച്ചെടുത്ത വെങ്കായച്ചമ്മന്തിയുമാണ് ദോശ മുക്കിക്കഴിക്കാൻ പയ്യൻ വിഭാവനം ചെയ്യുന്നത്. ദോശ ഉണ്ടാക്കുന്നവിധം വി.കെ.എൻ. സംഗീത പശ്ചാത്തലത്തിലാണ് വിവരിക്കുന്നത്.
'ചട്ടിക്കു ചൂടായപ്പോൾ അവനിൽ എണ്ണ പുരട്ടി ഒരു തവിമാവ് ഒഴിച്ചു.േേ േശേ... എന്ന് പഞ്ച കല്യാണിരാഗത്തിൽ മാവ് ചട്ടിയിൽ ആലപിച്ച് പരന്നു'
'ദോശ എട്ടായി ചുരുട്ടി ചട്ണിയിൽ മുക്കി ശബ്ദമില്ലാത്ത ഒരു വറുത്തുപ്പേരിയുടെ ശകലത്തെ മാതിരി സാധനത്തെ ഭക്ഷിച്ചു' -വി.കെ.എൻ. എഴുതുന്നു.
നോൺ വെജിറ്റേറിയന് 'അസസ്യം' എന്നാണ് വി.കെ.എൻ. പരിഭാഷ. അസസ്യ കഥാ ലോകം നോക്കുക:
ഭോജനം ദേഹി രാജേന്ദ്ര എന്ന കഥയിൽ എരമ്പിസദ്യ എന്നാണ് ആമുഖം. തന്തൂരിക്ക് നന്താംമൂരി എന്ന് മറുപേരിടുന്നു. 'ലഞ്ചി'ൽ മെനുകാർഡിനെ ബൃഹദ്ഗ്രന്ഥം എന്ന് വി.കെ.എൻ. വിശേഷിപ്പിക്കുന്നു. ഈ ഗ്രന്ഥം നോക്കി പയ്യൻ ഓർഡർ ചെയ്യുന്നത് കാണുക: 'സ്പാനിഷ് സൂപ്പ്, തന്തൂരി റൊട്ടി, ചിക്കൻ കശ്മീരി, റോസ്റ്റ് ലംബ്, ഫ്രഞ്ച് സലാദ്, രണ്ടുതരം പായസം, കോഫി.' തുടർന്ന് ഭുജിക്കേണ്ട വിധം പറയുന്നു: 'കശ്മീരികുക്കുടത്തെയും പൊരിച്ച അജക്കിടാവിനെയും ശ്രദ്ധയോടെ നിശ്ശബ്ദമായാണ് ഭക്ഷിക്കേണ്ടത്. അതുകൊണ്ട് ഇവ ഭുജിക്കുമ്പോൾ വലിയ സംഭാഷണമൊന്നുമുണ്ടാവില്ല.' പയ്യന്റെ ഭക്ഷണകല കാണുന്നവർക്ക് ആനന്ദമാണെന്നും അതു കാണുന്നവരുടെ വയറുനിറയുമെന്നും നീലിമ പറയുന്നു.
'പയ്യൻ ആദ്യമായി വറുവൽ അജത്തെ ആക്രമിച്ചു. രണ്ടുകൈയുടെ വിരലുകളും പ്രയോഗിച്ച് പരേതന്റെ അംശങ്ങളെ ശബ്ദമുണ്ടാക്കാതെ കാർന്നുതിന്നു. എല്ലുകൾ തുവർത്തി തൂവെള്ളയാക്കി ചേലോടെ പ്ലേറ്റിന്റെ ഒരു വശത്ത് അടുക്കിവെച്ചു. തവണകളായി പാകത്തിനുശുദ്ധജലം കുടിച്ചു. അജം തീർന്നപ്പോൾ കശ്മീരി കുക്കുടത്തിന്റെയും തന്തൂരി റൊട്ടിയുടെയും പ്ലേറ്റുകൾ അടുത്തേക്ക് നീക്കിവെച്ച് റൊട്ടി ചെറുതായി കീറി അവനെ കുക്കുടത്തിന്റെ പ്ലേറ്റിൽ വക്കുതുടച്ചുമുക്കിയെടുത്ത് കൊശുകോടെ തിന്നു. രണ്ടുവട്ടം റൊട്ടി - കുക്കുടം. ഒരു വട്ടം സലാദ് , രണ്ടുവട്ടം റൊട്ടി - കുക്കുടം. ഒരു വട്ടം സലാദ് - ഇതായി പിടി. ഒരു തുള്ളി പുറത്തു ചിന്നുകയോ തെറിപ്പിക്കുകയോ ചെയ്തില്ല. സാധനം കണ്ടാലല്ല പയ്യൻ തിന്നുന്നതു കണ്ടാലാണ് അപരരുടെ വായിൽ വെള്ള മൂറുക. അത്രയ്ക്കു മനോഹരം.'
പുഡ്ഡിങ് കൂടി കഴിഞ്ഞേ പയ്യൻ വർത്തമാനം തുടങ്ങുന്നുള്ളൂ. അത്രയ്ക്ക് നിഷ്ഠയാണ്. അന്നത്തെ പയ്യന്റെ ഉച്ചഭക്ഷണം ഇപ്രകാരമാണ്. 'ബസുമതി അരിയുടെ ചോറ്, പൊരിച്ച ആകോലി, തേങ്ങയരച്ചുവെച്ച മത്തി, തിയ്യൽ, പപ്പടം, അച്ചാർ, പുളിശ്ശേരി, തൈര്'.
ഇതിനെക്കുറിച്ച് പയ്യന്റെ നിരീക്ഷണം:'സ്വാദ് എന്നല്ല പറയേണ്ടത്. വിഭവങ്ങളെക്കുറിച്ച് ഗാനമാലപിച്ച് പ്രശംസിക്കേണ്ടുന്ന ഒരു സ്വരം ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു' (മലയാളകഥയിൽ അത്തരമൊരു സ്വരം വി.കെ.എൻ. ചിട്ടപ്പെടുത്തുകയായിരുന്നു).
വി.കെ.എന്നിനെപ്പോലെ ആലത്തൂർ പുതിയങ്കത്തു നിന്നാണ് ഞാനും വിവാഹം കഴിച്ചിട്ടുള്ളത്. പാലക്കാട്ടുകാർ ഇളവന്റെ തോൽ വരെ കൊണ്ടാട്ടമാക്കുന്ന അവരുടെ കൊണ്ടാട്ട വൈവിധ്യത്തെപ്പറ്റി സംസാരിച്ചിരിക്കെ വി.കെ. എൻ. എന്റെ പത്നിയോടു പറഞ്ഞു: 'വിജയകൃഷ്ണനോട് സൂക്ഷിച്ചിരിയ്ക്കാൻ പറഞ്ഞിട്ടുണ്ട് അയാളെ പിടിച്ച് കൊണ്ടാട്ടമാക്കരുതേ...വാദ്യക്കാരും കഥകളിക്കാരും വഴിയാധാരാവും.'