'മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി മാത്രം കുറെക്കാലം ഒരു വീട് ഞാന്‍ വാടകയ്‌ക്കെടുത്തിരുന്നു'

#വിനു പി/ നിയാസ് കരീം
വിനു/ ഫോട്ടോ: മാതൃഭൂമി
വിനു/ ഫോട്ടോ: മാതൃഭൂമി

ഉള്ളുലയ്ക്കുന്ന  ആത്മകഥയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മരണക്കൂട്ട്‌:ഒരു ശവംവാരിയുടെ ആത്മകഥ.' ഇന്‍ക്വസ്റ്റ് കഴിഞ്ഞാല്‍ മൃതദേഹവും മോര്‍ച്ചറിയും പിന്നെ വിനുവും മാത്രമായുള്ള മണിക്കൂറുകള്‍. ജീവിച്ചിരിക്കുന്നവരോട് പറഞ്ഞതിലധികവും മരിച്ചവരോട് പറഞ്ഞുകൊണ്ടിരിക്കുന്ന വിനുവിശേഷങ്ങള്‍ ഈ പുസ്തകമുടനീളം നമ്മോട് പറയുന്നു. അനാഥരും സനാഥരുമായ ആയിരത്തിഅഞ്ഞൂറിലധികം മൃതദേഹങ്ങളെ ഏറ്റെടുത്ത് സംസ്‌കരിച്ച വിനു പി എന്ന യുവാവിന്റെ ജീവിതം മാതൃഭൂമി ബുക്‌സിനുവേണ്ടി പകര്‍ത്തിയത് നിയാസ് കരീം ആണ്. പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായം വായിക്കാം. 

ശ്മശാനം പറഞ്ഞത്

രു നുണയും കാലാകാലം നിലനില്‍ക്കില്ല.
ഭാര്യ പോയതോടെ ഈ സത്യം ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യനു വേണ്ടത് സത്യവും തത്ത്വശാസ്ത്രവുമല്ലല്ലോ, ചേര്‍ത്തുപിടിക്കാനൊരു കൂട്ടല്ലേ.
എന്നും വഴക്കായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നയാള്‍ ഉപേക്ഷിച്ചതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. എനിക്കു ചുറ്റുമുള്ള എല്ലാവരും കുടുംബവും കുട്ടികളുമായിട്ട് നടക്കുമ്പോള്‍ ഞാന്‍ മാത്രം ആരൂല്ലാണ്ട് ഒറ്റയ്ക്ക്! ആദ്യം കുഞ്ഞ്, പിന്നെ ഭാര്യ. എല്ലാം പോയി. എനിക്കെപ്പോഴും ചിന്തപ്പാട് മാത്രമായി. ചിന്തയില്ലാതിരിക്കണമെങ്കില്‍ ഉറങ്ങണം. പക്ഷേ, എത്ര ശ്രമിച്ചിട്ടും എനിക്കുറങ്ങാന്‍ പറ്റുന്നില്ല. അങ്ങനെ ആകെ പിടിവിട്ടുനിന്നപ്പോള്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടറെ കണ്ട് സ്ലീപ്പിങ് പില്‍സ് എഴുതിവാങ്ങി.
പിന്നെ അതൊരു പതിവാക്കി. ആദ്യമൊക്കെ ദിവസം ഒന്നായിരുന്നു കണക്ക്. പിന്നെ ഗുളികയുടെ എണ്ണം രണ്ടാക്കി. പിന്നീട് 10 എംജിയുടെ രണ്ട് ഗുളിക കഴിച്ചിട്ടും എനിക്കുറങ്ങാന്‍ പറ്റാണ്ടായി.
അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു:
'മൂന്നെണ്ണം കഴിച്ചാ നിനക്കതൊരു ലഹരിയാകും. നാലെണ്ണം കഴിച്ചാ നീ തട്ടിപ്പോകും.'
എങ്കിലും വാശി തീര്‍ക്കാനെന്നോണം ഞാന്‍ ഗുളിക കഴിച്ചുകൊണ്ടിരുന്നു.
അതോടെ ഡോക്ടര്‍ ആലുവയിലെ പല മെഡിക്കല്‍ ഷോപ്പിലും നേരിട്ടുചെന്ന് പറഞ്ഞു:
'വിനു ഈ ഗുളിക ചോദിച്ചുവന്നാല്‍ കൊടുക്കരുത്.'
ആലുവയിലെ പല മെഡിക്കല്‍ ഷോപ്പുകാര്‍ക്കും എന്നെ അറിയാം.

'വിനു അമിതമായിട്ട് ഉറക്കഗുളിക കഴിച്ചോണ്ടിരിക്കുകയാ' എന്ന വിവരം ഡോക്ടര്‍ എനിക്കെഴുതിത്തന്ന പ്രിസ്‌ക്രിപ്ഷന്‍ സഹിതം ഐ.എം.എ. വഴിക്കും ഷെയര്‍ ചെയ്തു. അതോടെ ആ പ്രിസ്‌ക്രിപ്ഷനും കൊണ്ട് പോയാല്‍ ഒരു മെഡിക്കല്‍ ഷോപ്പീന്നും എനിക്ക് ഗുളിക കിട്ടാതെയായി.
ആശ്വാസം തേടിയാണ് ഞാന്‍ രാത്രികളില്‍ നടപ്പു തുടങ്ങിയത്. എങ്ങോട്ടു പോണമെന്ന് നിശ്ചയമില്ല. മുന്നില്‍ വഴിയില്ലാതാവുന്ന നിമിഷം ചിലര്‍ 'ഞാന്‍ ഭൂമിക്ക് ഭാരമാണല്ലോ' എന്നു കരുതി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കും. പക്ഷേ, ഞാനങ്ങനെയൊന്നും ആലോചിച്ചില്ല. എന്റെ ജന്മത്തിന് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് അപ്പോഴേക്കും എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എങ്കിലും താല്‍ക്കാലിക ആശ്വാസം തേടി രാത്രികളില്‍ പലയിടങ്ങളില്‍ അലഞ്ഞുതുടങ്ങി. അങ്ങനെയാണ് ഞാന്‍ ശ്മശാനത്തിലെത്തിയത്. തല ചായ്ക്കാനൊരു തണല്‍പോലുമില്ലാത്തവന് സ്വന്തമായൊരു കിടപ്പറ കിട്ടിയ സന്തോഷം അവിടെ എനിക്കനുഭവപ്പെട്ടു. എനിക്കൊട്ടും അപരിചിതമായിരുന്നില്ല അവിടം. ജന്മാന്തരങ്ങളായി പരിചയമുള്ള സ്ഥലം പോലെ. എന്നെ തള്ളിപ്പറയാത്ത ഒരേയൊരിടം അതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മരിച്ചവരെ ചേര്‍ത്തുപിടിക്കുന്ന കൈകള്‍കൊണ്ട് അതെന്നെയും കെട്ടിപ്പിടിച്ചു.

പിന്നീടുള്ള രാത്രികളില്‍ ശ്മശാനത്തില്‍ പോയിരുന്ന് ഞാനെന്റെ വിഷമങ്ങള്‍ പറഞ്ഞുതീര്‍ത്തു; പൊട്ടിക്കരഞ്ഞു. അഭയത്തിനാരുമില്ലാത്ത എനിക്ക് ശ്മശാനം അച്ഛനും അമ്മയും കൂടപ്പിറപ്പും കൂട്ടുകാരനുമൊക്കെയായി. രാവൊടുങ്ങുവോളം അവിടെ ചെലവിട്ട് അവിടെത്തന്നെ കിടന്നുറങ്ങി. എന്നെ ആട്ടിയോടിക്കാന്‍ അവിടെ ആരും വന്നില്ല.

വിനു പി

പിന്നപ്പിന്നെ ശ്മശാനം എന്റെ ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ തുടങ്ങി. ഞാന്‍ ഭൂമിക്കു ഭാരമല്ലെന്നും എന്റെ ജന്മത്തിന് അര്‍ത്ഥമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. പുതിയ വേരുകള്‍ തന്നു ഞാന്‍ നില്‍ക്കുന്ന ഭൂമിയിലേക്ക് എന്നെ ഒന്നുകൂടി ഉറപ്പിച്ചുനിര്‍ത്തിയത് ആലുവ കൊച്ചിന്‍ ബാങ്കിനടുത്തുള്ള ആ പൊതുശ്മശാനവും അവിടെക്കിടന്ന അനാഥ മൃതദേഹങ്ങളുമാണ്. അവിടെ വെച്ച് എന്തൊക്കെ ചിന്തിച്ചപ്പോഴും അതിനെല്ലാം എനിക്കുത്തരം കിട്ടി. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവിടെക്കിടന്ന മൃതദേഹങ്ങള്‍ തന്നെയായിരുന്നു! ജീവിതത്തില്‍ എവിടൊക്കെ പോയവരും എന്തൊക്കെ ചെയ്തവരും എത്രയൊക്കെ ഓടിയവരും എന്തെല്ലാം നേടിയവരും ദേ കെടക്കണ് എന്റെ മുമ്പില്‍. നേടാത്തവനും നേടിയവനുമൊക്കെ ഒടുവില്‍ ഒടുങ്ങുന്നത് കഷ്ടിച്ചൊരാള്‍ക്ക് കിടക്കാവുന്ന ഇത്തിരി മണ്ണിലാ. നാളെ ഞാനും കിടക്കും ഇതേ മണ്ണില്‍.

കാലങ്ങളായി പലരും അന്വേഷിച്ചുനടക്കുന്നതും പലര്‍ക്കും ഇനിയും കണ്ടെത്താനാവാത്തതുമായ ശാശ്വതമായ ഉത്തരം ആ ശ്മശാനത്തില്‍ എനിക്കു കിട്ടി. അതോടെ ഞാനാരെന്ന് എനിക്ക് മനസ്സിലായി. പതുക്കെ ഞാനെന്റെ ദുഃഖങ്ങള്‍ മറന്നുതുടങ്ങി. എന്റെ ജീവിതത്തിന് ഒരര്‍ത്ഥമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു. എന്റെ ജന്മത്തിലൂടെ എനിക്കു നല്‍കപ്പെട്ട കര്‍ത്തവ്യം ഞാന്‍ തിരിച്ചറിഞ്ഞു. എന്നെപ്പോലുള്ള മനുഷ്യര്‍ ജീവനില്ലാത്ത വെറും മാംസപിണ്ഡങ്ങളായി മാറുമ്പോള്‍ അവരെ ഭൂമിയിലേക്ക് യാത്രയയയ്ക്കാന്‍ താല്‍ക്കാലികമായി നിയോഗിക്കപ്പെട്ട സാരഥിയാണു ഞാന്‍. അതാണെന്റെ ജീവിതലക്ഷ്യം. അത് കണ്ടെത്തിയതോടെ തലയിലെ വലിയ ഭാരം ഒഴിഞ്ഞുപോകുന്നപോലെ തോന്നി. എന്റെ ജീവിതത്തിന് ഞാന്‍ ഉത്തരം കണ്ടെത്തി. അതോടെ 'ശവംവാരി' എന്ന കൂക്കുവിളി പോലും എനിക്കാനന്ദമായി.

രാത്രികാലങ്ങളിലെ നടപ്പില്‍ പല തെറ്റുകളും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. പകല്‍മാന്യന്മാരുടെ തനിനിറം പലതും തിരിച്ചറിഞ്ഞത് ആ ഇരുട്ടിലാ. നല്ലതു മാത്രം തിരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കുന്ന ഷോക്കേസ് പോലെയാണു പകല്‍. പകലില്‍ നമ്മള്‍ നമ്മളെ മാത്രമേ കാണൂ. വിശാലമായ ഈ പ്രപഞ്ചവും ആകാശഗോളങ്ങളും ലക്ഷക്കണക്കിന് നക്ഷത്രങ്ങളും കാണണമെങ്കില്‍ ഇരുട്ടാവണം. നാം കാണുന്ന പകല്‍ മിഥ്യയാണെന്നും ഇരുട്ടാണ് സത്യമെന്നുമുള്ള യാഥാര്‍ത്ഥ്യം പിന്നീടുള്ള ഓരോ രാത്രിയും കൂടുതല്‍ തെളിച്ചത്തോടെ ഞാന്‍ മനസ്സിലാക്കി. തിരിച്ചറിവിന്റെ ആ രാത്രികളില്‍ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ശ്മശാനം ഉത്തരം തന്നു. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ അമിതമായ മോഹങ്ങളും പ്രതീക്ഷകളും ഇല്ലാതാകും. അമിതമായ ആഗ്രഹങ്ങളാണ് മനുഷ്യനെ വെറും മൃഗമാക്കുന്നത്. മണ്ണ്, പെണ്ണ്, പണം. ഈ മൂന്ന് കാര്യങ്ങളാ ലോകത്ത് യുദ്ധമുണ്ടാക്കുന്നത്.എന്റെ എല്ലാ തിരിച്ചറിവുകള്‍ക്കും പിന്നില്‍ ആശാമ്മാരായിരുന്നു. ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും ഞാനാദ്യം അറിയുന്നത് അവരില്‍ക്കൂടിയാ.

ആ കാലമായപ്പോഴേക്കും ആശാമ്മാരൊക്കെ 'റിട്ടയര്‍' ആയിരുന്നു. മൃതദേഹം വന്നാല്‍ ഫോണില്‍ വിളിച്ചാല്‍ കിട്ടുന്ന എന്നെയേ സാറമ്മാര്‍ വിളിക്കൂ. എനിക്കു കിട്ടണതിന്റെ ഒരു പങ്കു ഞാന്‍ ആശാമ്മാര്‍ക്ക് കൊണ്ടുപോയി കൊടുക്കും. ഫാമിലി, സങ്കടം, നഷ്ടബോധം ഇതൊന്നും ഉള്ളവരല്ല, ഇതിനെയൊക്കെ അതിജീവിച്ചവരാണ് ആശാമ്മാര്‍. ഭൗതികമായ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ അപ്പപ്പോള്‍ ചെയ്യുന്നതിനെപ്പറ്റി മാത്രം ആലോചിച്ചാല്‍ ചെയ്യുന്ന കാര്യങ്ങള്‍ ക്ഷമയോടെ നന്നായി ചെയ്യാനാകും എന്നു ഞാന്‍ പഠിച്ചെടുത്തു.

വലിയ വിഷമങ്ങള്‍ മാറിയെങ്കിലും പകല്‍ പുറത്തിറങ്ങുന്നത് എന്നെ സംബന്ധിച്ച് അപ്പോഴും വലിയ പ്രശ്‌നം തന്നെയായിരുന്നു. അതിനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ വിഷമമാകുമെങ്കിലും അടുത്ത നിമിഷംതന്നെ നമ്മക്കൊരു ആശ്വാസം കിട്ടും. എന്നെ കളിയാക്കുന്നോരൊക്കെ ഇത്രയല്ലേയുള്ളൂ. എല്ലാവരും ഒടുവില്‍ ഒരേ മണ്ണില്‍ ഉറങ്ങേണ്ടവരല്ലേ. എത്ര വിഷമം വന്നപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചില്ല. ഞാന്‍ കെട്ടിത്തൂങ്ങിച്ചത്താല്‍ വീട്ടുകാരെ വിഷമിപ്പിക്കാന്നു മാത്രം. അതിനപ്പുറം ആര്‍ക്കെന്തു നേട്ടം? ഇനി അഥവാ ചത്തില്ലെങ്കില്‍ താളവട്ടത്തിലെ മോഹന്‍ലാലിനെപ്പോലെ ആജീവനാന്തം കിടക്കേണ്ടിവരും. ലാസ്റ്റ് വീട്ടുകാരുതന്നെ പറയും, 'ഇവനെയൊന്ന് കൊന്ന് തര്വോ'ന്ന്. എന്ത് കാര്യം..?

നിയാസ് കരീം

ജീവിതത്തില്‍ ഒരേയൊരവസരത്തിലേ മൃത്യുവരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. അതിര്‍ത്തിയില്‍ ഒരു ജവാന്‍ ഗ്രനേഡ് പൊട്ടി സാരമായ പരിക്കുപറ്റിയ വാര്‍ത്ത വായിച്ചപ്പോഴായിരുന്നു അത്. അന്നുമിന്നും പട്ടാളക്കാര്‍ എനിക്കൊരു വികാരമാ. ആ അപകടത്തില്‍ അദ്ദേഹത്തിന്റെ ശരീരാവയവങ്ങള്‍ തകരാറിലായി. എന്റെ കൈയും കിഡ്‌നിയും മറ്റ് അവയവങ്ങളും അദ്ദേഹത്തിനു കൊടുത്ത് ദയാവധം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായി. ഇക്കാര്യം അറിയിച്ച് ഒരു വക്കീലിനെക്കൊണ്ട് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കത്തയപ്പിച്ചു. എന്നാല്‍ അവര്‍ എന്റെ അപേക്ഷ നിരസിച്ചു. മസ്തിഷ്‌കമരണം സംഭവിച്ചാല്‍ മാത്രമേ എനിക്കെന്റെ അവയവങ്ങള്‍ ആ പട്ടാളക്കാരനു ദാനം ചെയ്യാന്‍ പറ്റൂ. ആ പരിപാടിയൊന്നും ആര്‍മി ഒരിക്കലും സമ്മതിക്കില്ല.

അനാഥമൃതദേഹങ്ങളെ യാത്രയയയ്ക്കലാണ് എന്റെ കര്‍മ്മം എന്നു തിരിച്ചറിഞ്ഞതോടെ ലൈഫ് കുറച്ചുകൂടി എളുപ്പമായി. മനസ്സിനും ശരീരത്തിനും കനം കുറഞ്ഞപോലെ. 2017 മുതലാണ് രാത്രികളില്‍ ഞാന്‍ ശ്മശാനത്തില്‍ പോയിത്തുടങ്ങിയത്. എന്നാല്‍, എന്നുതൊട്ടാണ് മൃതദേഹങ്ങളോട് സംസാരിച്ചുതുടങ്ങിയതെന്ന് ചോദിച്ചാല്‍ കൃത്യമായൊരുത്തരമില്ല. അതു തുടങ്ങീട്ട് കാലം കുറെയായി. അതൊരു പ്രത്യേക സാഹചര്യത്തില്‍ തുടങ്ങിയതാ. മുമ്പൊക്കെ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോ ഒന്നും രണ്ടും പറഞ്ഞ് വഴക്ക് പതിവായിരുന്നു. അച്ഛനും അമ്മയ്ക്കുമൊന്നും ഞാന്‍ ചെയ്യണ ജോലി ഇഷ്ടമല്ല. വീട്ടില്‍ ബഹളമാകുമ്പോള്‍ സ്വാഭാവികമായിട്ടും അവിടന്ന് മാറിനിക്കാന്‍ നോക്കും. കാരണം, അവരുടെ കണ്ണില്‍ ഞാന്‍ തെറ്റുകാരനാ. അച്ഛന്റെ സ്വപ്നങ്ങള്‍ തകര്‍ത്തോനാ. അങ്ങനെ വീട്ടിലും നാട്ടിലും എനിക്ക് മിണ്ടാനാളില്ലാണ്ടായി. ഒറ്റയ്ക്കിരുന്നപ്പോ, ആരും എന്നെ കേക്കാണ്ടായപ്പോ, ആരോടും സംസാരിക്കാനാവാതെ ഉള്ള് വിങ്ങിപ്പൊട്ടീപ്പോ ഞാന്‍ പോലുമറിയാതെ മൃതദേഹങ്ങളോട് വര്‍ത്താനം പറയാന്‍ തുടങ്ങി. പിന്നെ അതൊരു ശീലമായി. ജീവിതത്തില്‍ ആകെക്കൂടിയുള്ള ആശ്രയമായിരുന്നു അത്. മറ്റെന്തു കാര്യത്തിലും എനിക്ക് മടിയാണെങ്കിലും ജോലി വന്നാല്‍ എനിക്കൊരു മടിയുമില്ല. മൃതദേഹങ്ങള്‍ ഒരു കുടുംബത്തിന്റെ ദുഃഖമായിരിക്കാം. പക്ഷേ, എനിക്കവര്‍ ആശ്രയമാണ്. അവരോട് എനിക്കെന്തും തുറന്നുപറയാം. അവിടെ നമ്മളും മൃതദേഹവും മാത്രമേയുള്ളൂ. ഒരര്‍ത്ഥത്തില്‍ ഞാന്‍ പറയുന്നതൊന്നും ആരും കേള്‍ക്കുന്നുമില്ല, കേള്‍ക്കുന്നവരാരും തിരിച്ച് പറയുന്നുമില്ല, ഉത്തരം കിട്ടണമെന്ന് എനിക്ക് വലിയ നിര്‍ബ്ബന്ധവുമില്ല. പറയുക. കേട്ടിരിക്കാന്‍ ആളുണ്ടാവുക. അതാണ് ഈ ഭൂമിയിലുള്ള ഓരോ മനുഷ്യന്റെയും ആവശ്യം. പറയാനുള്ളത് പറഞ്ഞുതീര്‍ക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ആശ്വാസമുണ്ടല്ലോ. അതുതന്നെയാണ് അവര്‍ നമുക്ക് തരുന്ന മറുപടി. അല്ലാതെ ചിലര്‍ കരുതുന്നപോലെ മൃതദേഹങ്ങളോട് സംസാരിക്കുന്നത് എനിക്ക് ഭ്രാന്തുണ്ടായിട്ടോ മറ്റെന്തെങ്കിലും 'കുഴപ്പം'കൊണ്ടോ അല്ല. എന്നെപ്പോലെ ഇനിയാരും ഒറ്റയ്ക്കാകാതിരിക്കട്ടെ.

വിനു പി

ആശാമ്മാരും മൃതദേഹങ്ങളോട് വര്‍ത്താനം പറയുമായിരുന്നു. കാലക്രമേണ ഞാനും അതു തുടങ്ങി. ജീവനുള്ളോരൊക്കെ എന്നും എന്നെ ആട്ടിയകറ്റിയിട്ടേയുള്ളൂ; തലയ്ക്കടിച്ചിട്ടേയുള്ളൂ. ആരോടും ഒന്നും പറയാനാവാതെ വീര്‍പ്പടക്കി ജീവിക്കുന്നവന്റെ നീറ്റല്‍ ഒന്ന് ആലോചിച്ചുനോക്കൂ. മൃതദേഹങ്ങള്‍ എന്റെ ജീവിതത്തിലേക്കു വന്നതോടെ ആ വേദന മാറി. ഞാന്‍ പറയുന്നതൊക്കെ ഒന്നും മിണ്ടാതെ കേട്ടിരുന്നത് മൃതദേഹങ്ങളാ. നമ്മളെ മാനസികമായിട്ടും ശാരീരികമായിട്ടും വേദനിപ്പിക്കാത്തവരോടേ നമുക്ക് അടുപ്പമുണ്ടാകൂ. മൃതദേഹങ്ങളെന്നെ കുറ്റപ്പെടുത്തിയില്ല, ഒറ്റപ്പെടുത്തിയില്ല. അറപ്പോടെ എന്നെ മാറ്റിനിര്‍ത്താത്ത ഉറ്റബന്ധുക്കളായാണ് ഞാന്‍ മൃതദേഹങ്ങളെ കാണുന്നത്. അവര്‍ നമ്മെപ്പോലെ ശ്വാസംകഴിക്കുന്നില്ലായിരിക്കാം. പക്ഷേ, എനിക്കതൊന്നും പ്രശ്‌നമല്ലായിരുന്നു.

ഇന്‍ക്വസ്റ്റ് കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം വരെ മൃതദേഹങ്ങളുടെ അടുത്ത് ആരും നില്‍ക്കില്ല. അപ്പോഴൊക്കെ ഞാന്‍ മാത്രമേ ഉണ്ടാകൂ. ഇന്‍ക്വസ്റ്റ് തീര്‍ന്നാല്‍ പോലീസും ബന്ധുക്കളും പല വഴിക്ക് പോകും. പിന്നെ അത് പൊതിഞ്ഞുകെട്ടി പോസ്റ്റ്‌മോര്‍ട്ടത്തിനായി ആംബുലന്‍സില്‍ കേറ്റുന്നതു ഞാനാ. പോസ്റ്റ്‌മോര്‍ട്ടത്തിനായുള്ള യാത്രയില്‍ പലപ്പോഴും ഞാനും മൃതദേഹവും മാത്രമേ കാണൂ. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു തിരിച്ചു ഫ്രീസറിലേക്കും, ബന്ധുക്കളില്ലാത്ത അനാഥമൃതദേഹമാണെങ്കില്‍ ശ്മശാനത്തിലേക്കും ഞാന്‍ ഒറ്റയ്ക്കായിരിക്കും. എനിക്കതൊക്കെ സന്തോഷമാണ്. ഞാനവരോട് വര്‍ത്താനം പറയും. ജീവിച്ചിരിക്കണോരേക്കാള്‍ നല്ലത് ജീവനില്ലാത്തോരാ. അതാണ് എന്റെ അനുഭവം. അതുകൊണ്ടാണ് എനിക്ക് മൃതദേഹങ്ങളെ ഇത്രേം ഇഷ്ടം.

രണ്ടുതരം അനാഥമൃതദേഹങ്ങളാണ് എനിക്ക് കിട്ടുന്നത്. ഒന്നുകില്‍ ട്രെയിനിടിച്ച് ചിന്നിച്ചിതറിയത്. അതല്ലെങ്കില്‍ എവിടെയെങ്കിലും കിടന്നു മരിച്ച് പഴക്കംചെന്നവ. കുറച്ചുകാലം മുമ്പ് തൃശ്ശൂരില്‍നിന്ന് ഒരമ്മ വന്നു. ഉള്ളിലടക്കിപ്പിടിച്ച സങ്കടത്തോടെ ഒരു ഫോട്ടോ കാണിച്ച് പുള്ളിക്കാരി എന്നോട് ചോദിച്ചു:
'മോനേ, മോന്‍ അടക്കംചെയ്തതില്‍ ഏതിലെങ്കിലും എന്റെ മോനുണ്ടോ?'
2008-ല്‍ കാണാണ്ടായതാണ് ആ അമ്മയുടെ മോനെ. ലോറി ഡ്രൈവറായിരുന്നു. പൊള്ളാച്ചിയില്‍ ഒരു കനാലില്‍ കുളിക്കാന്‍ പോയപ്പോള്‍ കാണാണ്ടായതാണത്രേ. പത്തടി ആഴമുള്ള കനാലില്‍ അഞ്ചടി മാത്രം വെള്ളമുള്ളപ്പോഴാ അയാള്‍ മുങ്ങിമരിച്ചത്! ബോഡി ഇതുവരെ കിട്ടിയിട്ടില്ല. കുറെ അന്വേഷിച്ചിട്ടു പോലീസ് കേസ് ക്ലോസ് ചെയ്തു.

പത്തുപതിമൂന്നു വര്‍ഷം മുമ്പു കാണാണ്ടായ മോന്റെ മൃതദേഹം തേടിനടപ്പാണ് ഇപ്പോഴും ആ അമ്മ. ഇങ്ങനെയുള്ള അമ്മമാര്‍ പല സ്ഥലത്തുമുണ്ട്. ആ അമ്മയുടെ മകന്റേത് ഒരിക്കലും അപകടമരണമാവില്ല. ആരെങ്കിലും അതിനു പിന്നിലുണ്ടാകാം. ഇതൊന്നുമറിയാതെ, മകന്റെ ജീവനറ്റ ശരീരമെങ്കിലും ഒന്ന് കാണാനായുള്ള ആ അമ്മയുടെ കാത്തിരിപ്പുണ്ടല്ലോ. അതൊന്നും നമ്മള്‍ കാണാതിരിക്കരുത്. ഇത്തരം കേസുകള്‍ വരുമ്പോള്‍ ഒത്തുനോക്കാനായി ഞാനെടുത്ത മൃതദേഹങ്ങളുടെയെല്ലാം വിവരങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, അതിലൊന്നും ആ അമ്മയുടെ മകനില്ലായിരുന്നു!
ഇതുവരെ ആയിരത്തിയഞ്ഞൂറിലധികം മൃതദേഹങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ടാകും. പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച സെക്ഷന്‍ 174 റെക്കോര്‍ഡില്‍ അതിന്റെയെല്ലാം കൃത്യമായ കണക്കുണ്ട്. അവയില്‍ എഴുനൂറിലധികം പേരും അനാഥരാണ്. അനാഥരുടെയെല്ലാം ഡീറ്റെയില്‍സ് എന്റെ കൈയിലുണ്ട്. നാളെ ഒരു കേസ് വന്നാല്‍ ഉപകാരപ്പെടണമല്ലോ. ഞാനെടുത്ത അനാഥമൃതദേഹങ്ങളെല്ലാം എനിക്കോര്‍മ്മയുണ്ട്. വീട്ടുകാര്‍ക്ക് ബോഡി വേണ്ടാത്തവരും വേണ്ടവരും അക്കൂട്ടത്തില്‍ കാണും. വീട്ടുകാരുള്ളത് അവര്‍ക്ക് വിട്ടുകൊടുക്കും. കൊണ്ടുപോകാന്‍ താത്പര്യമില്ലാത്തവര്‍ 'വിനുവിനു വിട്ടുകൊടുക്കുന്നു' എന്ന് എന്‍.ഒ.സി. എഴുതി ഒപ്പിട്ട് തന്നാല്‍ ഞാന്‍ സംസ്‌കരിക്കും. ബന്ധുക്കളില്ലാത്തവരുടെ മൃതദേഹങ്ങളും സ്വന്തം ചെലവില്‍ ഞാന്‍ സംസ്‌കരിക്കും. ബന്ധുക്കള്‍ വരാനുണ്ടെങ്കില്‍ ഫ്രീസര്‍ വാടകയ്‌ക്കെടുത്ത് മൃതദേഹം സൂക്ഷിക്കും. ആരെങ്കിലും വന്നാല്‍ അവര്‍ക്ക് വിട്ടുകൊടുക്കും. അല്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി സംസ്‌കരിക്കും. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി മാത്രം കുറെക്കാലം ഒരു വീട് ഞാന്‍ വാടകയ്‌ക്കെടുത്തിരുന്നു.

അനാഥമൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തം പറമ്പ് വിട്ടുതന്ന ഒരു വ്യക്തി എന്റെ ജീവിതത്തിലുണ്ട്. എറണാകുളം ജില്ലയുടെ അതിര്‍ത്തിയിലാണ് അദ്ദേഹത്തിന്റെ നാട്. ഒരിക്കലും സ്വന്തം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരാള്‍. എനിക്കു സ്വന്തമായി ആംബുലന്‍സുകളും ഫ്രീസറും വാട്ടര്‍ ആംബുലന്‍സുമൊക്കെ വാങ്ങിത്തന്ന, ഇതുവരെ കാണാത്തൊരു അമ്മയുണ്ട്. അറപ്പോടെയും വെറുപ്പോടെയും സമൂഹം എന്നെ ആട്ടിയകറ്റിയപ്പോഴും ആശ്വാസത്തിന്റെയും കരുതലിന്റെയും കരങ്ങള്‍ എനിക്കു നേരേ നീട്ടിയ ഇത്തരം ചില അപൂര്‍വ്വ മനുഷ്യരുടെ നന്മകൂടി ചേരുന്നതാണ് ഇന്നത്തെ എന്റെ ജീവിതം. അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ആശാമ്മാര്‍ക്കും ശ്മശാനത്തിനും മൃതദേഹങ്ങള്‍ക്കുമൊപ്പം മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരില്ലായിരുന്നുവെങ്കില്‍ പണ്ടേക്കുപണ്ടേ ഞാന്‍ വീണൊടുങ്ങിപ്പോകുമായിരുന്നു.

Content Highlights: vinu mortician in kerala autobiography excerpts mathrubhumi books