ചരക്കുകപ്പലില്‍ കുശിനിക്കാരനായ യുവ മാധ്യമപ്രവര്‍ത്തകന്‍; ടിജെഎസ്സിന്റെ സംഭവബഹുലമായ ലോകസഞ്ചാരം

ഒരു മനുഷ്യന് തന്റെ തൊഴിലിനോട് എത്രത്തോളം പ്രണയമാകാം? കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിന്റെ കാര്യത്തിലാണെങ്കില്‍ അതിന് പരിധിയില്ലെന്ന് തന്നെ പറയേണ്ടിവരും. മാധ്യമപ്രവര്‍ത്തനത്തിനോടുള്ള ഭ്രാന്ത് കാരണം എന്ത് സാഹസത്തിനും തയ്യാറായ വ്യക്തിത്വമായിരുന്നു ടിജെഎസ്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് കാലം മാധ്യമപ്രവര്‍ത്തനം നടത്തിയപ്പോഴും ലോകം ശ്രദ്ധിച്ച മാധ്യമങ്ങളില്‍ പത്രാധിപനായിരുന്നപ്പോഴും തുടക്കക്കാരന്റെ ആ ഒരു കൗതുകവും ആവേശവും അദ്ദേഹം കൈമോശം വരാതെ സൂക്ഷിച്ചു. സംഭവബഹുലമായ ടിജെഎസിന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് അനുസ്മരിക്കുമ്പോള്‍ ഇപ്പോള്‍ ഏറെയൊന്നും ഓര്‍ക്കപ്പെടാത്ത ഒരു സംഭവമുണ്ട്. അദ്ദേഹത്തിലെ സാഹസികനായ മാധ്യമപ്രവര്‍ത്തകനെ അടയാളപ്പെടുത്താന്‍ ഏറ്റവും ഉതകുന്ന ആ ജീവിതത്തിലെ ഒരേട്. ജേണലിസ്റ്റ് അറ്റ് സീ എന്നും നാടോടിക്കപ്പലിലെ നാലുമാസം എന്നുമെല്ലാം അദ്ദേഹം പേരിട്ടുവിളിച്ച സാഹസികമായ ഒരു ലോകയാത്ര. അതും ഒരു ചരക്കുകപ്പലില്‍ കുശിനിക്കാരനായി.
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലെ രണ്ടാം തലമുറയിലെ പ്രമുഖനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടിജെഎസ് ജോര്‍ജ്. നെഹ്രൂവിയന്‍ ആശയധാരയില്‍ പ്രചോദിതനായി മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം പിന്നീട് വാര്‍ത്തയെഴുതിയതിന് ജയിലിടക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പത്രാധിപരായിമാറി. ഇന്ത്യയിലും വിദേശത്തും പ്രമുഖ മാധ്യമങ്ങളുടെ തലവനായി കേരളത്തിന്റെ അഭിമാനമായി മാറി. മുംബൈ മുതല്‍ ഹോങ്കോങ് വരെ നീണ്ട ഏഴ് പതിറ്റാണ്ട് കാലത്തെ പത്രപ്രവര്‍ത്തന ജീവിതം ഉറ്റുനോക്കിയാല്‍, കേവലം ജനപ്രിയ വാര്‍ത്തകള്‍ക്കപ്പുറം കടന്നുചെന്ന നാടുകളിലെ ചരിത്രവും രാഷ്ട്രീയവും സംസ്‌കാരവുമെല്ലാം സൂക്ഷ്മമായി മനസ്സിലാക്കി വിശകലനം ചെയ്യുന്ന ടിജെഎസിനെ നമുക്ക് കാണാം. ആ നിരീക്ഷണപാടവവും ഉള്‍ക്കാഴ്ചയും തന്നെയാണ് സമകാലികരായ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അന്താരാഷ്ട്ര നിലവാരമുള്ള മാധ്യമപ്രവര്‍ത്തകനാക്കിയത്. ഇരുപത്തിയഞ്ചാം വയസ്സില്‍ നടത്തിയ ഒരു ചരക്കുകപ്പല്‍ യാത്രയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് തന്റെ ലോകപരിജ്ഞാനത്തിന്റെ അടിസ്ഥാനശിലകള്‍ പാകിയതെന്ന് ടിജെഎസ് തന്നെ പിന്നീട് കുറിച്ചിട്ടുണ്ട്.
Content Highlights: veteran journalst tjs georges ship voyage