ഒന്നായിക്കൊണ്ടുതന്നെ രണ്ടാകാനും രണ്ടായിക്കൊണ്ടുതന്നെ ഒന്നാകാനും പരിശീലിപ്പിക്കുന്ന പ്രണയം

#കെ.പി. രാമനുണ്ണി
പ്രതീകാത്മക ചിത്രം | എ.പി.
പ്രതീകാത്മക ചിത്രം | എ.പി.

കയറ്റിയയക്കുന്ന കാര്‍ട്ടണുകള്‍ക്ക് മുകളില്‍ ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്നുകാണാറില്ലേ? പ്രണയവിഷയത്തില്‍ ആ ജാഗ്രതപ്പെടുത്തലാണ് പണ്ടെല്ലാം യോജിച്ചിരുന്നത്. എന്നാല്‍, പെട്രോള്‍ ടാങ്കറുകളില്‍ പല്ലിളിച്ചലറുന്ന ഹൈലി ഇന്‍ഫ്‌ളൈമബിള്‍ എന്ന മുന്നറിയിപ്പുകൂടി ഇപ്പോള്‍ പ്രണയബന്ധത്തിന്മേല്‍ ചാര്‍ത്തേണ്ടിവരും. വകതിരിവില്ലാത്ത, പച്ചയായ കാമത്തെയാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ച് ചെറുപ്പക്കാര്‍ പലപ്പോഴും പോറ്റുന്നത്. അപ്പോഴാണ് ഗീതയില്‍ പറഞ്ഞ പോലെ കാമതടസ്സം പിണഞ്ഞ് ക്രോധമുണ്ടാകുന്നത്, ക്രോധത്താല്‍ സമ്മോഹമുണ്ടാകുന്നത്, സമ്മോഹത്താല്‍ സ്മൃതിഭ്രംശമുണ്ടാകുന്നത്, സ്മൃതിഭ്രംശത്താല്‍ ബുദ്ധിനാശമുണ്ടാകുന്നത്, ബുദ്ധിനാശത്താല്‍ പ്രണശ്ശതി, അതായത് മുച്ചൂടും മുടിയല്‍ സംഭവിക്കുന്നത്. 

പ്രണയത്തിന് മാനസികവും ആത്മീയവും മാത്രമല്ല രാഷ്ട്രീമായമാനങ്ങള്‍ കൂടിയുണ്ടെന്ന് കമിതാക്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാമജന്യമെങ്കിലും വ്യത്യസ്തമായ, വിരുദ്ധമായ പ്രവണതകളാണ് ശരിയായ പ്രണയം കാഴ്ചവെക്കുന്നത്. വെറും ചോദനാപൂരണത്തിന് കാമം പരിശ്രമിക്കുമ്പോള്‍ പരപരിഗണനയ്ക്കും പരിത്യാഗത്തിനും പ്രണയം സന്നദ്ധമാകുന്നു. ഇക്കാര്യം തെളിയിക്കാന്‍ പ്രണയഭംഗത്താല്‍ ആത്മഹത്യചെയ്ത പ്രണയജോഡികളില്‍ കുറച്ചുകാലംമുമ്പ് ഒരു ഗവേഷണം നടത്തിയിരുന്നു. വര്‍ഷങ്ങളായി പ്രണയബന്ധം കൊണ്ടുനടന്നിട്ടും പ്രണയിനികള്‍ കന്യകകളായി അവശേഷിച്ചു എന്നതായിരുന്നു ഗവേഷണത്തിലെ അദ്ഭുതകരമായ കണ്ടെത്തല്‍. പ്രണയപൂര്‍ത്തി വിവാഹത്തില്‍ കലാശിക്കുംവരെ ശാരീരിക ചോദനകളെ അവര്‍ പ്രതിരോധിച്ചെന്നര്‍ഥം. കാത്തിരിക്കാനുള്ള എന്ത് പവിത്രതയാണ് കല്യാണത്തിനെന്ന് പുതുതലമുറ ചോദിക്കുമായിരിക്കും. എന്നാല്‍, ഒരു ആദര്‍ശത്തിന്റെ പേരില്‍, സങ്കല്പനത്തിന്റെ പേരില്‍ പ്രാഥമിക വികാരങ്ങളെ മെരുക്കുന്നതില്‍ മനുഷ്യമഹത്ത്വത്തിലേക്കുള്ള വികാസമുണ്ട്.

സ്ത്രീ-പുരുഷ സംയോഗം ഏറ്റവും ആനന്ദദായകമാകുന്നത് അത് പ്രകൃതിയും മനുഷ്യനും തമ്മില്‍ സംഭവിച്ച അന്യവത്കരണത്തെ താത്കാലികമായി റദ്ദാക്കുന്നതിനാലാണെന്ന് പറഞ്ഞത് ഏംഗല്‍സാണ്. ആ അന്യവത്കരണത്തെ നിരന്തരം നശിപ്പിച്ച് തനിക്ക് പുറത്തുള്ള മറ്റൊന്നുമായി അഭേദം പരിശീലിക്കലായി പ്രണയവും മാറുന്നു. അതുകൊണ്ടാണ് ഇരുമെയ്യാണെങ്കിലും തങ്ങള്‍ ഒന്നാണെന്ന് പ്രണയികള്‍ അവകാശപ്പെടുന്നതും പ്രണയഭാജനത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍പോലും തയ്യാറാകുന്നതും. നീ സുഖമായി ജീവിക്കുന്നതിനുവേണ്ടി ഞാന്‍ മരിച്ചാലും കുഴപ്പമില്ലെന്ന് ചിലര്‍ കരുതുന്നു. നീയില്ലെങ്കില്‍ ഞാനുമില്ല എന്ന് ചിന്തിച്ച് മറ്റു ചിലര്‍ ലോകത്തോടുതന്നെ വിട പറയുന്നു. അഭേദബോധത്തിന്റേതായ ഈ വ്യത്യസ്ത പ്രതികരണങ്ങളാണ് രമണന്‍മുതല്‍ റോമിയോ ജൂലിയറ്റ് വരെയുള്ള കൃതികള്‍.

അഭേദത്തിന്റെ അനുഭൂതിക്കപ്പുറം രാഷ്ട്രീയമായ ശിക്ഷണങ്ങളും പ്രണയം പകരുന്നു. 'കണ്‍സേണ്‍ ഫോര്‍ ദ അദര്‍' അഥവാ അപരപരിഗണനയാണല്ലോ ജനാധിപത്യത്തിന്റെ പ്രഥമതത്ത്വം. വെറുതേ പൊട്ടിമുളയ്ക്കുന്നതല്ല 'കണ്‍സേണ്‍ ഫോര്‍ ദ അദര്‍'. അതില്‍ ഞാനും നീയും ഒന്നാണെന്ന അടിസ്ഥാന ബോധ്യമുണ്ട്. അപ്പോഴേ ഗുരു പാടിയപോലെ എന്റെ സുഖം നിന്റെയും നിന്റെ സുഖം എന്റേതുമായി പരിണമിക്കൂ. സത്യത്തില്‍ കുമാരനാശാന്‍ പേരിട്ടുവിളിച്ച അദ്വൈതജീവിതം അഭ്യസിക്കാനുള്ള പരിശീലനക്കളരിയാണ് പ്രണയം. 

താന്‍ തന്നെയെന്ന് സ്വയം തിരിച്ചറിഞ്ഞ് മറ്റുള്ളതിനോട് വാത്സല്യപ്പെട്ടാല്‍ പിന്നെ 'കണ്‍സേണ്‍ ഫോര്‍ ദി അദര്‍' ക്ലാസ് റൂമില്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല. മതം, ഭാഷ, വംശം, സംസ്‌കാരം തുടങ്ങി എല്ലാ വ്യത്യസ്തതകളും അപ്പോള്‍ ശത്രുതയ്ക്ക് പകരം ആകര്‍ഷണകാരണമായിതീരും. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറിമറിയുന്നു എന്നു പറയുന്നതിന്റെ പൊരുള്‍ ഇതാണ്.

ജനാധിപത്യം പരിപാലിക്കേണ്ട രണ്ടാം തത്ത്വം 'റൈറ്റ് റ്റു ബി ഡിഫറന്റാണ്'. ഓരോരുത്തര്‍ക്കും വ്യത്യസ്തരായി നിലകൊള്ളാനുള്ള അവകാശം. മറ്റൊന്നിനെ താനാക്കുന്ന പ്രണയാദ്വൈതം അതിന്റെ വൈരുധ്യാത്മകതയാല്‍ റൈറ്റ് റ്റു ബി ഡിഫറന്റും അനുവദിക്കുന്നു എന്നതാണ് രസകരം. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട്' എന്ന വൈലോപ്പിള്ളികൃതിയിലെ സന്ദര്‍ഭം റെറ്റ് റ്റു ബി ഡിഫറന്റിന് മോഹിക്കുന്ന പ്രണയത്തിന്റേതാണ്. സരസ്വതീ സമ്മാന ജേതാവായ രമാകാന്ത് റത്തിന്റെ പ്രകൃഷ്ടകൃതി ശ്രീരാധയില്‍ കൃഷ്ണനുമായുള്ള പരിപൂര്‍ണസംലയനം ചെറുക്കുന്ന രാധയുടെ ചിത്രമുണ്ട്. ശ്രീകൃഷ്ണന്‍ പരബ്രഹ്‌മത്തിന്റെ പ്രതിനിധാനവുമാണല്ലോ. ഭേദം സൃഷ്ടിക്കുന്ന അകലവും തജ്ജന്യമായ ആകര്‍ഷണവും പോയ്പ്പോയാല്‍ പ്രണയം തിരോഭവിക്കുമോയെന്നാണ് രാധയുടെ പേടി. പക്ഷേ, പ്രണയം ഒന്നായിക്കൊണ്ടുതന്നെ രണ്ടാകാനും രണ്ടായിക്കൊണ്ടുതന്നെ ഒന്നാകാനും പരിശീലിപ്പിക്കുന്നു. ദ്വൈതത്തില്‍ അദ്വൈതവും അദ്വൈതത്തില്‍ ദ്വൈതവും അനുരാഗം സാക്ഷാത്കരിക്കുന്നു. ഇങ്ങനെയെല്ലാം ചിന്തിക്കുമ്പോള്‍ പ്രണയം കളിയല്ല കുട്ടികളേയെന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ പറയേണ്ടിവരും.


 

Content Highlights: Valentine's day, Article by K.P. Ramanunni, Malayalam literature