ഗാന്ധിജിയുടെ കൈയില്‍തൊട്ട വിവരം പറയാന്‍ ബഷീര്‍ വീട്ടിലേക്കോടി, ഉമ്മ ചോദിച്ചു; ‘മോനേ, കാന്തി നമ്മുടെ പഷ്ണി മാറ്റുവോ'

#അനീസ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍, ഗാന്ധിജി
വൈക്കം മുഹമ്മദ് ബഷീര്‍, ഗാന്ധിജി

വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഹാത്മാഗാന്ധി 1925 മാര്‍ച്ചില്‍ വൈക്കം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇണ്ടന്തുരുത്തി മനയിലെ നമ്പൂതിരിയെ കാണാനായി ഗാന്ധിജി മനയില്‍ ചെന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രിതിയുള്ള മഹാത്മജിയെപ്പോലും മനയ്ക്കകത്തു കയറാനനുവദിക്കാതെ പുറത്ത് ഒരു പുതിയ പൂമുഖം പണിതാണ് ചര്‍ച്ചയ്ക്ക് ഇരുത്തിയത്. അത്രയ്ക്കും രൂക്ഷമായിരുന്നു അന്നത്തെ ജാതിവ്യവസ്ഥ.

വൈക്കം സത്യാഗ്രഹം നാനാജാതി മതത്തില്‍പ്പെട്ട യുവാക്കളിലും ബാല്യക്കാരിലും വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇന്നത്തെപ്പോലെ വിപുലമായ വാര്‍ത്താവിനിമയ സംവിധാനങ്ങളും സാമൂഹിക മാധ്യമങ്ങളും ഇല്ലാതിരുന്നകാലം.

ഗാന്ധിജിയില്‍ ആകൃഷ്ടനായ ഒരു വിദ്യാര്‍ഥി, വൈക്കം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചിരുന്ന കൊച്ചുമുഹമ്മദ് എന്ന മുഹമ്മദ് ബഷീര്‍ മഹാത്മജിയെ കാണാനായി തലയോലപ്പറമ്പില്‍നിന്ന് മൈലുകള്‍നടന്ന് വൈക്കത്തെത്തി.

അതിനുമുന്‍പ് ഗാന്ധിജി കേരളത്തില്‍ വന്നത് കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിനായിരുന്നു-1920-ല്‍. ഗാന്ധിജിയിലും ദേശീയപ്രസ്ഥാനത്തിലും നേരത്തേ തന്നെ ആകൃഷ്ടനായിരുന്നു കൊച്ചുമുഹമ്മദ്.

വൈക്കം സമരപ്പന്തലില്‍ നിത്യസന്ദര്‍ശകനായ കൊച്ചുമുഹമ്മദിനെ അധ്യാപകര്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാനായി ഏറെ ശ്രമിച്ചിരുന്നു വെങ്കിലും ദേശീയ പ്രസ്ഥാനത്തോടും മഹാത്മാ ഗാന്ധിയോടുമുള്ള പ്രതിപത്തി വീണ്ടും അവിടം സന്ദര്‍ശിക്കാന്‍ ആ ബാലനെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് ഗാന്ധിജി വൈക്കത്തുവരുന്നുണ്ടെന്നു വിവരം കൊച്ചുമുഹമ്മദിനു ലഭിക്കുന്നത്.

സ്‌കൂളില്‍ പോകാതെ സമരസ്ഥലത്ത് എത്തിയ കൊച്ചുമുഹമ്മദ്, ഗാന്ധിജിയെ കണ്ടു. വിരാരാധനയുടെ പാരമ്യത്തില്‍, ഗാന്ധിജി യാത്ര ചെയ്തിരുന്ന മോട്ടോര്‍ കാറിനു പുറകേയോടി, അതില്‍ അള്ളിപ്പിടിച്ചു കയറി ഗാന്ധിജിയുടെ കൈയില്‍ ഒന്ന് തൊട്ടു. പില്‍ക്കാലത്ത് എഴുതിയ കുറിപ്പില്‍ വൈക്കം ബഷീര്‍ പറയുന്നതിങ്ങനെ 'ഞാന്‍ കാറിന്റെ ഡോറില്‍ പിടിച്ചു പുറകേയോടി. അതില്‍ പിടിച്ചുകയറി ഗാന്ധിജിയെ തൊട്ടു.

അദ്ദേഹം എന്നെ നോക്കി ചിരിച്ചു. വിവരം പറയാനായി വീട്ടിലേക്കു ഓടിച്ചെല്ലുമ്പോള്‍ മുന്‍വശത്തുതന്നെ ഉമ്മനില്‍ക്കുന്നു. കേട്ട മാത്രയില്‍ ഉമ്മ ചോദിക്കുന്നത് മോനേ, 'കാന്തി നമ്മുടെ പഷ്ണി മാറ്റുവോ എന്നാണ്'. അന്ന് നാട്ടില്‍ ഉണ്ടായിരുന്ന ദാരിദ്ര്യം ആ ചോദ്യത്തിലൂടെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട് അദ്ദേഹം.

സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ ബഷീര്‍ പിന്നീട് വീടുവിട്ട് വളരെ ദൂരം താണ്ടി കോഴിക്കോടെത്തി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കൂടെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു.

ഗാന്ധിജിയെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ അതൊരു വൈദ്യുതതരംഗം പോലെ ആ കുട്ടിയില്‍ കയറിയിരിക്കാം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ തന്റെ പേരിനു മുന്‍പില്‍ വൈക്കം എന്ന് ചേര്‍ക്കാനുണ്ടായ കാരണവും ചിലപ്പോള്‍ വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ആവേശംതന്നെയായിരിക്കണം.

കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക നവോത്ഥാന സമരമായ വൈക്കം സത്യാഗ്രഹം നമുക്ക് മറക്കാനാകില്ല. ഇന്ന് നാം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നത് ഈ ഐതിഹാസിക സമരത്തോടു തന്നെ.

(വൈക്കം മുഹമ്മദ് ബഷിറിന്റെ മകനാണ് ലേഖകൻ)

Content Highlights: Explore Mahatma Gandhi`s 1925 visit to Vaikom to support the Sathyagraha and his meeting with young Muhammad Basheer, inspired by the movement.