'നിന്റെ സുല്‍ത്താനുണ്ട് അടുത്ത മുറിയില്‍'; എന്തുമാത്രം ജീവിതത്തെ തൊട്ടറിഞ്ഞ കൈ, ഞാന്‍ നോക്കിയിരുന്നു

#കെ. ഷെരീഫ്
പെയിന്റിങ്: കെ. ഷെരീഫ്
പെയിന്റിങ്: കെ. ഷെരീഫ്

വായിച്ച എഴുത്തുകാരെയും പ്രതിഭകളെയും ഉടലോടെ കാണുന്നതിലുളള കൗതുകം നിറഞ്ഞ ഒരു കാലം എനിക്കുമുണ്ടായിരുന്നു. പ്രശസ്ത ചിത്രകാരനും ചിന്തകനും എഴുത്തുകാരനുമായ എം.വി. ദേവന്‍, നാട്ടിലൊരു പരിപാടിക്ക് വരുന്നുണ്ടെന്ന് പ്രാദേശിക പത്രവാര്‍ത്ത വായിച്ചറിഞ്ഞ് അദ്ദേഹത്തെ കാണാനും പ്രഭാഷണം കേള്‍ക്കാനുമായി ഹൃദയം തുടിച്ച ആ ദിവസം ഓര്‍മ വരുന്നു! 

അയല്‍ദേശമായ മൊകേരിക്കടുത്ത് (തലശേരി മൊകേരിയല്ല. കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള മൊകേരി) ചങ്ങരംകുളം സ്‌കൂളില്‍ വെച്ചായിരുന്നു പരിപാടി. വൈകുന്നേരം നാല് മണിയായിരുന്നു പരിപാടിയുടെ സമയം എന്നാണ് ഓര്‍മ. നില്‍ക്കപ്പൊറുതിയില്ലാത്ത ആ ദിവസത്തെ ഞാന്‍ ഉന്തിത്തള്ളി മധ്യാഹ്നത്തിലെത്തിച്ചു. നേരത്തെ തന്നെ ചങ്ങരംകുളം സ്‌കൂളില്‍ എത്തി. സംഘാടകരില്‍ കുറച്ച് പേര്‍ മാത്രമേ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. 

സ്‌കൂള്‍ പഠനകാലത്ത് ഒരു ഉപജില്ലാ ബാലകലാമേള ദിവസം, കുളുര്‍ത്ത് വിറച്ച് ജീവിതത്തില്‍ ആദ്യമായി നാടകം അവതരിപ്പിച്ച വേദിക്കരികില്‍ നിന്നു. മാമ്പൂമണമുള്ള ആ മകരപ്പുലര്‍ച്ചയുടെ ഓര്‍മകളില്‍ ഞാന്‍ ചങ്ങരംകുളം സ്‌കൂളിന്റെ നേര്‍ത്ത ചരല്‍ക്കല്ലുകള്‍ നിറഞ്ഞ മൈതാനമുറ്റത്തൂടെ ഒറ്റക്ക് നടന്നു. മുറ്റത്തും അകത്തെ ബെഞ്ചുകളിലും ശാന്തരായ മനുഷ്യര്‍ വന്നു നിറഞ്ഞതും, നീളന്‍ ജുബ്ബയും ഷാളുമണിഞ്ഞ് താഴ്ന്ന മുടിയും നീണ്ട തൂവെവെള്ളത്താടിയുമുള്ള ദേവന്‍ മാഷ് വേദിയില്‍ വെളിച്ചമായി നിറഞ്ഞ് നില്‍ക്കുന്നതും ഞാനറിഞ്ഞിരുന്നില്ല.

അന്ന് കാണാനാഗ്രഹിച്ചവരില്‍ മുന്‍നിരയിലുള്ള എഴുത്തുകാരില്‍ ഒരാള്‍ വൈക്കം മുഹമ്മദ് ബഷീറും ഒ.വി. വിജയനുമായിരുന്നു. വിജയനെ കാണാനും  പ്രഭാഷണം കേള്‍ക്കാനുമുള്ള അവസരം തൊട്ടടുത്തെത്തിയിട്ടും ആ സാധ്യത ഒരു 'മൃഗതൃഷ്ണ'(മരീചിക ) പോലെ അകന്നുപോയി. വിജയനെയും ആനന്ദിനെയും മുകുന്ദനെയും വായിച്ചുകൊണ്ടിരിക്കുന്ന, മടപ്പള്ളി കോളേജിലെ എന്റെ ബിരുദപഠനകാലം. കോളേജില്‍ നിന്നും ഏറിയാല്‍ പതിനഞ്ച് മിനുട്ട് ബസ് യാത്ര ചെയ്താലെത്തുന്ന വിഖ്യാത ദേശമായ മയ്യഴിയിലേക്ക് ഞാനിടക്കിടെ പോയിക്കൊണ്ടിരുന്നത് രണ്ട് ലക്ഷ്യങ്ങളുമായിട്ടായിരുന്നു. 

ഒന്ന്: എണ്ണച്ചായത്തിന്റെയും കളിമണ്ണിന്റെയും മണവും ദേവന്‍മാഷുടെ നിറഞ്ഞ സാന്നിധ്യവുമുള്ള മാഹി മലയാള ഗ്രാമത്തില്‍ ചുറ്റിക്കറങ്ങാന്‍. പിന്നെ ഡല്‍ഹിയില്‍ നിന്നും മയ്യഴിയിലെത്തുന്ന മുകുന്ദനെ വീട്ടില്‍ ചെന്ന് കാണാന്‍. കടല്‍ക്കാറ്റും പോക്കുവെയിലും നിറഞ്ഞ സായാഹ്നങ്ങളില്‍ മുകുന്ദന്‍ കഥകളിലെ മയ്യഴിപ്പാതകളിലൂടെ നടന്ന് വഴിയരികിലെ വീട്ടില്‍ പല തവണ ചെന്നിട്ടും ഒരിക്കല്‍ പോലും അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എഴുത്തുകാരനായ ജ്യേഷ്ഠന്‍ എം. രാഘവനെ കാണുകയും അദ്ദേഹത്തിന്റെ സൗമ്യ സാന്നിധ്യത്തില്‍ കുറച്ചു നേരം സംസാരിച്ചിരുന്ന് തിരിച്ചുപോരുകയും ചെയ്തു.

ആ കാലത്തു തന്നെ കലാഗ്രാമത്തിലെ ഒരു പരിപാടിക്കിടയിലാണ് മലയാള കഥയില്‍ ജൈവപ്രകാശം പരത്തിയ പ്രിയപ്പെട്ട എഴുത്തുകാരനെ, ടി. പദ്മനാഭനെ ഞാനടുത്തു കാണുന്നത്. അടുത്ത കാലത്ത് തന്നെ വായിച്ച പദ്മനാഭ കഥകള്‍ നിറഞ്ഞ് കടല്‍പോലെ തിരയടിക്കുന്ന ഹൃദയവുമായി ഞാനദ്ദേഹത്തിന്റെ മുമ്പാകെ നിന്നു.
കൈ നീട്ടി. 'ഇന്റെ കൈക്കെന്താ'?
പരുക്കന്‍ സ്വരത്തില്‍ പദ്മനാഭന്‍ ചോദിച്ചു.
നിറയെ ജലസാന്നിധ്യമുള്ള ആര്‍ദ്രമായ കഥകള്‍ എഴുതിയ ആ മനുഷ്യന്‍ തന്നെയോ ഇത്! ഞാനെന്തോ വലിയ കുറ്റം ചെയ്തപോലെ നീട്ടിയ കൈയ്യുമായി തല കുനിച്ചു നിന്നു. 
''ഞാന്‍.. സാറിന്റെ കഥകള്‍ വായിക്കുന്നു... ഒന്നു കാണാനാണ്...'
അധികാര ഗര്‍വ്വുള്ള ഒരു പരുക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടെന്ന പോലെ വെപ്രാളത്തോടെ ഞാനത്രയും പറഞ്ഞൊപ്പിച്ചു.
'എന്നാ അങ്ങോട്ട് മാറിനിന്ന് നല്ലോണം കണ്ടൊ, കേട്ടോ'.

അദ്ദേഹം പുറത്തേക്ക് വിരല്‍ ചൂണ്ടി. കലാഗ്രാമത്തിന്റെ ഓഫീസ് മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങും മുമ്പ്, വര്‍ധിച്ച ജാള്യതയോടെ, പ്രിയ കഥാകൃത്ത് തിരസ്‌കരിച്ച എന്റെ വലത്തെ കൈ തൊട്ടടുത്തിരിക്കുന്ന നീളന്‍ ജുബ്ബയും വെളുപ്പും കറുപ്പും കലര്‍ന്ന നീണ്ട മുടിയുമുള്ള മെലിഞ്ഞ മനുഷ്യനു നേരെ നീട്ടി. 'നമ്പൂതിരി സാറല്ലേ ,ഞാന്‍ ചിത്രങ്ങള്‍ കാണാറുണ്ട്'.

'നമ്പൂതിരിയല്ല മാരാരാണ്, സാരമില്ല'. എന്റെ വെപ്രാളം കണ്ട് ആശ്വസിപ്പിക്കുന്നത് പോലെ കൈ തടവിക്കൊണ്ട് തല ഒരുവശത്തേക്ക് ചെരിച്ച് സൗമ്യമായി പുഞ്ചിരിച്ച്, അദ്ദേഹം പറഞ്ഞു. കലാഗവേഷകനും ചിത്രകാരനുമായ കെ.കെ. മാരാര്‍ ആയിരുന്നു അത്!

ഒരു ദിവസം ഉച്ചയ്ക്ക് കുറ്റ്യാടി ബസ് സ്റ്റാന്റിനു പുറത്ത്, എന്റെ ജ്യേഷ്ഠന്റെ പെയിന്റ് കടയ്ക്കും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മരുന്നുകടയ്ക്കും ഇടയിലെ ഇടുക്കിനടുത്ത് ഒരാള്‍ക്കൂട്ടം കണ്ട് ഞാനും ചെന്നു നോക്കി. ഇടുക്കില്‍ മുഷിഞ്ഞു മെലിഞ്ഞ ഒരാള്‍  നില്‍ക്കുന്നു. നരച്ച കാവി നിറത്തില്‍ കാല്‍പാദം വരെ നീണ്ട ജുബ്ബ. തോളില്‍ താഴ്ന്നിറങ്ങിയ നീളന്‍ മുടി. താടി. അയാള്‍ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നോ? കയ്യില്‍ എന്തെങ്കിലും..? 'തോളില്‍ ഒരു തുണി സഞ്ചി ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. സാകൂതം നോക്കിനില്‍ക്കുന്നവരെ കൂസാതെ അയാള്‍ ഏറെ നേരം അവിടെത്തന്നെ നിന്നു.
''സന്യാസിയാണോ?''
''ജോണ്‍ അബ്രഹാം ആണോളീ?'
ഊഹാപോഹങ്ങള്‍ക്കിടയില്‍ ആരോ അയാളെ തിരിച്ചറിഞ്ഞു. 'എടോ, അത് നവാബ് രാജേന്ദ്രനാ!''. 
അന്നത്തെ വാര്‍ത്തകളിലൂടെ, നവാബ് എന്ന ആ ഒറ്റയാള്‍ നീതിപ്പോരാളിയെപ്പറ്റി ഞാനും അറിഞ്ഞിട്ടുണ്ടായിരുന്നു. നേരില്‍ കാണുന്നത് ഇതാ ഇങ്ങനെ ഈ അങ്ങാടിയിടുക്കില്‍ വെച്ചും!

ആഗ്രഹിച്ചിരുന്നുവെങ്കിലും മാധവിക്കുട്ടിയെ കാണാന്‍ ഒരിക്കലും സാധിച്ചില്ല. എവിടെയും അന്വേഷിച്ചു ചെല്ലാതെ തന്നെ ഓര്‍ക്കാപ്പുറങ്ങളില്‍ കുസൃതിച്ചിരിയും പാട്ടും കുരുത്തക്കേടുകളുമായി പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരനായിരുന്നു എ. അയ്യപ്പന്‍. മലയാളി ഇന്ന് ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് മുമ്പേ എഴുതിയ ടി.വി. കൊച്ചു വാവയെ കാണുന്നത് കുറ്റ്യാടിയിലെ ഒരു സാഹിത്യ പരിപാടിയുടെ വേദിയില്‍ നിന്ന് കഥ വായിക്കുന്ന രൂപത്തിലാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ കാലത്ത് ജീവിച്ചിരുന്നിട്ടും, അദ്ദേഹം കോഴിക്കോട് ബേപ്പൂരില്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലെങ്കിലും കാണാനാവാത്തതിന്റെ നിരാശ പലരും പങ്കുവെച്ചു കേട്ടിട്ടുണ്ട്. എനിക്കാ ഭാഗ്യമുണ്ടായി. ഒറ്റത്തവണ, ചില്ലറ നിമിഷങ്ങള്‍! അങ്ങനെയെങ്കിലും അത് സാധിച്ചതില്‍ ഇന്ന് വലിയ അഭിമാനം തോന്നുന്നു. അദ്ദേഹത്തിന്റെ അവസാന കാലത്തായിരുന്നു അത്. ഒരു പക്ഷെ വിയോഗത്തിന്റെ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ്?! 

മടപ്പളളി കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഒരു ഒഴിവു ദിവസം കോഴിക്കോട് നാഷ്ണല്‍ ഹോസ്പിറ്റലില്‍, കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അയല്‍വാസിയെ കാണാനായി പോയതായിരുന്നു. റൂം കണ്ടെത്തി രോഗിയോടും ബന്ധുക്കളോടും സംസാരിച്ചിരുന്നു, അവരുടെ കൂട്ടത്തില്‍ എന്റെ സുഹൃത്ത് ജലീലും ഉണ്ടായിരുന്നു. പെട്ടെന്ന് ജലീല്‍ എന്തോ ഓര്‍ത്തപോലെ ചാടിയെഴുന്നേറ്റു പറഞ്ഞു: 'എടോ, നിന്റെ സുല്‍ത്താനുണ്ട് അടുത്ത മുറിയില്‍!'
'ഏത് സുല്‍ത്താന്‍?' ഞാന്‍ ആശ്ചര്യപ്പെട്ടു.
'സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്‍, വൈക്കം മുഹമ്മദ് ബഷീര്‍!'
അവന്‍ ലേശം പുച്ഛംകലര്‍ന്ന ചിരിയോടെയാണോ അത് പറഞ്ഞത്?

എനിക്ക് വായനയുടെ സൂക്കേടുണ്ടെന്ന് ജലീലിനറിയാം. അന്നത്തെ ചുറ്റുപാടില്‍ വായനയും മറ്റു കലാസാഹിത്യ വ്യവഹാരങ്ങളും ലേശം പരിഹാസത്തോടെയാണ് നാട്ടുകാര്‍ നോക്കിക്കണ്ടിരുന്നത്. മതം, പണം, അധികാര രാഷ്ട്രീയം, പൗരുഷം ഇതിനു മാത്രമായിരുന്നു മൂല്യം കണക്കാക്കിയിരുന്നത്. വായിച്ചാല്‍ തല തിരിഞ്ഞു പോകും എന്നായിരുന്നു പറയുക. ഇടുങ്ങിയ തലകളില്‍ വായന ലേശം നിലാവെളിച്ചം കടത്തുമെന്ന് പഠിപ്പിച്ച, വിശ്വവിഖ്യാതനായ എഴുത്തുകാരനാണ് അപ്പുറത്തെ മുറിയില്‍!

ഉദ്വേഗത്താല്‍ അല്പം വിറയലോടെയാണ് ജലീല്‍ ചൂണ്ടിക്കാണിച്ചു തന്ന മുറിക്കു പുറത്ത് ഞാന്‍ നില്‍ക്കുന്നത്. കുറച്ച് മാറി മുറിക്കു പുറത്തുള്ള കസേരയില്‍ ഇരിക്കുന്നവരോട് അനുമതി വാങ്ങി ചാരിയിട്ട വാതില്‍ പതുക്കെത്തുറന്ന് ഞാന്‍ അകത്തു കയറി. കട്ടിലില്‍ ഒരറ്റത്ത് പുറത്തേക്കുള്ള ജാലകത്തിലൂടെ നോക്കി അതാ, കേവലം എഴുത്തുകാരന്‍ എന്നതിലപ്പുറം സംസാരംകൊണ്ടും നടപ്പുകൊണ്ടും ഇരിപ്പുകൊണ്ടും സവിശേഷമായ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ആവിഷ്‌കാരം!

ബഷീർ. ഫോട്ടോ: റസാഖ് കോട്ടക്കൽ

കട്ടിലില്‍ ഇരിക്കുകയല്ല കിടക്കുകയുമല്ല. കാലുകള്‍ വളച്ച് കൈകള്‍ മുന്നോട്ട് വിരിച്ച് കുമ്പിട്ട രൂപത്തില്‍. ഉടലില്‍ ഒരു വെള്ളമുണ്ടു മാത്രം. വലിവുകൊണ്ട് ബുദ്ധിമുട്ടി ശ്വാസമെടുക്കാനുള്ള സ്വകാര്യാര്‍ഥമാണ് ആ പൊസിഷന്‍ എന്ന് സംസാരത്തിനിടയില്‍ ഏങ്ങിക്കൊണ്ട് വിശദീകരിച്ചു തന്നു. വീട്ടില്‍ വന്ന അതിഥിയെയെന്നോണം എന്റെ കൈപിടിച്ച് കട്ടിലില്‍ത്തന്നെ ഇരുത്തി അത്ഭുതത്താല്‍ എനിക്ക് വീര്‍പ്പുമുട്ടി.

അവശതയുടെ ചുളിവുകള്‍ നിറഞ്ഞതെങ്കിലും, എന്നെ സ്പര്‍ശിച്ച വിഖ്യാതമായ ആ കനത്ത കൈകളില്‍ തന്നെ ഞാന്‍ നോക്കിയിരുന്നു. എന്തുമാത്രം ജീവിതത്തെ തൊട്ടറിഞ്ഞ കൈയ്യാണതെന്ന തിരിച്ചറിവ് എന്നെ കിടിലംകൊള്ളിച്ചു. എങ്ങിക്കൊണ്ട് എന്നോട് അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു. ഞാനൊരു ബിരുദ വിദ്യാര്‍ഥിയാണെന്നും ഞാനദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ എന്റെ ദേശത്തെക്കുറിച്ച് ചോദിച്ചു.

കുറ്റ്യാടിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് നാട് അറിയാമെന്ന് പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് അതിലെ കടന്നുപോയിട്ടുണ്ടെന്നും പറഞ്ഞു. തിരിച്ചു പോരാനായി എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം എനിക്ക് നേരെ കൈകള്‍ ഉയര്‍ത്തി വീശിയതായി തോന്നി. വാതില്‍ പതുക്കെ ചാരി മുറിക്ക് പുറത്തെ വരാന്തയില്‍ ഞാന്‍ സ്തംഭിച്ചു നിന്നു.
''അത് വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയായിരുന്നോ?! 
അതോ ഞാനൊരു സ്വപ്നത്തിലായിരുന്നോ?!"
ഞാന്‍ ജലീലിനോട് വീണ്ടും വീണ്ടും ചോദിച്ചു.
വിശ്വസിക്കാനാവുന്നില്ല, ഇപ്പോഴും!

Content Highlights: Vaikkom muhammed basheer memories