തിരുനല്ലൂർ , കവിതയും കായലും

#റ്റി.കെ വിനോദൻ
തിരുനല്ലൂർ കരുണാകരൻ (ഫോട്ടോ - ബിജു സി)

ഡിഗ്രിപഠനത്തിന്റെ ചെറിയ ഒരു കാലം ഒഴിച്ചാൽ അച്ഛന്റെ കോളേജ് വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും പൂർണമായും തിരുവനന്തപുരം നഗരത്തിലായിരുന്നു. നാലു പതിറ്റാണ്ടിലേറെക്കാലം തിരുവനന്തപുരത്ത് താമസിച്ചെങ്കിലും പെരിനാട്ടേക്ക് തിരിച്ചുപോരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. തിരികെ നാട്ടിലെത്തിക്കഴിഞ്ഞ് എഴുതിയ ഒരു കവിതയുണ്ട്. കായൽ എന്നാണ് കവിതയുടെ പേര്. വള്ളത്തിൽ വെറുതേ ഒരു യാത്ര പോകുമ്പോൾ വള്ളം തുഴയുന്ന പയ്യൻ, ഒരു പാട്ടു പാടുന്നു. അത് അച്ഛൻ ചെറുപ്പകാലത്തെഴുതിയ ഒരു പാട്ടാണ്. യഥാർത്ഥ സംഭവത്തിൽനിന്ന് രൂപം കൊണ്ടതു തന്നെയാകും ഈ കവിത. 'റാണി'യിലെ രണ്ടു വരിയെങ്കിലും അറിയാത്ത ആളുകൾ ഒരു കാലത്ത് അഷ്ടമുടിക്കായലിന്റെ തീരഗ്രാമങ്ങളിൽ കുറവായിരുന്നു. "അഷ്ടമുടിക്കായലിനെ തിരുനല്ലൂർ കണ്ടതുപോലെ മറ്റാരും കണ്ടിട്ടില്ല" എന്ന് പഴവിള രമേശൻ ഒരിക്കലെഴുതി. വശ്യവും മോഹനവും രൗദ്രവുമുൾപ്പെടെ കായലിന്റെ എല്ലാ ഭാവങ്ങളും അദ്ദേഹം ആവിഷ്കരിച്ചു. എല്ലാ മനുഷ്യാനുഭവങ്ങളും ആവിഷ്കരിക്കാനുള്ള സമർത്ഥമായ ഉപാധിയായി ഇവിടെ കായൽ മാറുകയായിരുന്നു.

റാണിയുടെ ആമുഖത്തിൽ അച്ഛൻ എഴുതി,"കായൽ ഞങ്ങളുടെ ജീവിതത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നത് കരക്കാറ്റടിക്കുമ്പോഴും കാലവർഷം പെയ്യുമ്പോഴുമാണ്. ഞങ്ങളുടെ ഹൃദയംപോോലെ പ്രക്ഷുബ്ധമാണ് അപ്പോൾ ജലാശയം. തിരമാലകൾ ആർത്തിരമ്പുകയും തകർന്നടിയുകയും പിടഞ്ഞെഴുന്നേൽക്കുകയും ചെയ്യും, ഞങ്ങളുടെ ജീവിതം പോലെ. "

അച്ഛന്റെ കവിതകളിൽ ചെറിയ ഒരു ഭാഗം മാത്രമാണ് അഷ്ടമുടിക്കായലുമായി ബന്ധപ്പെട്ടത്. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ അഷ്ടമുടിക്കായലും കായലോരഗ്രാമങ്ങളിലെ അദ്ധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കായലും കായലോരങ്ങളും എത്രയോ മാറി! കരക്കാറ്റ് തന്നെ ഓർമ്മയായിക്കഴിഞ്ഞു. അഷ്ടമുടിക്കായലിന്റെ ജീവസ്സുറ്റ കാലത്തിന്റെ നിത്യസ്മാരകമാകും കായൽ വിഷയമായ അദ്ദേഹത്തിന്റെ കവിതകൾ.