തെറി കാരണം സ്ഥലപ്പേര് മാറ്റിയൊരു നാടിന്റെ കഥ

#പി.വി

സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ എൺമകജെ ഗ്രാമത്തിലെ ഒരു കുഞ്ഞുസ്ഥലത്തിന്റെ പേരായിരുന്നു 'മൈ@##..!' എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം പാറകളും കുന്നുകളും കാണുന്ന നാട്. ജനവാസം കുറവ്. മയിലുകൾ മനുഷ്യരെ മൈൻഡ് ചെയ്യാതെ തോന്നിയത് പോലെ നടന്ന നാട്. മയിലുകൾ ആടുന്ന നാടായത് കൊണ്ട് മയിലാടും കുന്നെന്ന് വിളിക്കപ്പെട്ടു. വിളിച്ച് വിളിച്ചത് കേരളത്തിലെ ഒരു തെറി ആയി.

കർണാടകയുടെ ചുമലിൽ കൈവെച്ച് കിടക്കുന്ന ഗ്രാമമാണ് എൺമകജെ. മലയാളിക്കത് എൻഡോസൾഫാൻ ദുരന്തം പേറുന്ന സങ്കടഭൂമിക. മലയാളം സംസാരിക്കുന്നവർ അപൂർവ്വം. കന്നഡയിൽ എഴുതുകയും തുളുവിൽ സംസാരിക്കുകയും ചെയ്യുന്നവരാണ് കൂടുതലും. പണിക്ക് പോകുന്നതും പഠിക്കുന്നതും കർണാടകത്തിൽ. മലയാളം ഞരമ്പുകളിൽ അധികമോടിത്തുടങ്ങാത്തതിനാൽ അവർക്ക് അവരുടെ സ്ഥലപ്പേര് തെറി ആയി തോന്നിയിരുന്നില്ല. വാസ്തവത്തിൽ അത് മലയാളപദമായിരുന്നില്ല. തുളുവിൽ അവർ മയിലുകളോട് ചേർത്തുനിർത്തി തങ്ങളുടെ അധിവാസസ്ഥലത്തിന് അർത്ഥമൊരുക്കി. ആൺപെൺ ഭേദമന്യേ അവർ അവരുടെ നാടിന്റെ പേര് അഭിമാനത്തോടെ പറഞ്ഞുനടന്നു.

കാലം കാറ്റാടിയന്ത്രം പോലെ കറങ്ങിക്കൊണ്ടിരുന്നു. തെക്ക് നിന്ന് പണിഷ്മെന്റ് ട്രാൻസ്ഫറിൽ സർക്കാർ ജീവനക്കാർ കാസർഗോഡ് എത്തിത്തുടങ്ങിയിരുന്ന കാലമായിരുന്നു. അല്ലെങ്കിലും ശിക്ഷാനടപടിയായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഇടമാണല്ലോ ഇപ്പോഴും കാസർകോട്. നാടുകടത്തപ്പെട്ട സർക്കാർ ജീവനക്കാർ ഇവിടെയും ഒപ്പിട്ടു. പേരിലെ പന്തികേട് ആദ്യം തോന്നിയത് അവർക്കാണ്. എങ്ങോട്ടാണ് ട്രാൻസ്ഫർ എന്ന് നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോൾ അടിപൊട്ടി. നിങ്ങളുടെ കുരുത്തക്കേടിന് ട്രാൻസ്ഫർ കിട്ട്യതിന് എന്നെ തെറി പറയുന്നത് എന്നാത്തിനായെന്ന് ഭാര്യ ഭർത്താവിനോട് ചൂടായി. നിനക്കങ്ങനെ തന്നെ വേണമെടാ എന്ന് സ്ഥലത്തിന്റെ പേര് അവസാനം ചേർത്ത് സുഹൃത്തുക്കൾ പരിഹാസത്തിന്റെ ഒച്ചയുയർത്തി. ജോലി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പറയാനാവാതെ അവർ കുഴങ്ങി, 2000ൽ തെക്ക് നിന്നെത്തിയ വനിതാവില്ലേജ് ഓഫീസർ പേര് മാറ്റാൻ തീരുമാനിച്ചതങ്ങനെ. രവീന്ദ്ര നായ്ക് എന്ന സ്ഥലവാസിയായ അധ്യാപകനും പുനർനാമകരണത്തിന് മുന്നിൽ നിന്നു. ഗ്രാമസഭയിൽ പങ്കെടുത്ത നാട്ടുകാർക്ക് പേര് മാറ്റുന്നതെന്തിനെന്ന് ആദ്യമൊന്നും മനസ്സിലായില്ല. പിന്നെപ്പിന്നെയാണ് ഇത് കേരളത്തിലെ സർവ്വസാധാരണമായ തെറിയാണെന്ന് അവർക്ക് മനസ്സിലാവുന്നത്. ഷേണിയെന്ന പുതിയ പേരിന് അതോടെ അവരും കൈയ്യടിച്ചു.
നാടിന്റെ പുനർനാമകരണത്തിനായുള്ള പ്രയാണം അതിദീർഘവും ശ്രമകരവുമായിരുന്നു.
ഗ്രാമസഭയിൽ നിന്ന് പാസാക്കപ്പെട്ട പേരിന്റെ ഫയൽ തഹസിൽദാർക്ക് മുന്നിലെത്തി, തഹസിൽദാർ അത് അങ്ങ് തിരുവനന്തപുരത്തേക്കയച്ചു. ഫയൽ മന്ത്രിസഭയുടെ മുന്നിലെത്തി. മറ്റൊരു ഭാഷയിലെ പേര് മാറ്റാൻ മലയാളിക്ക് എന്തവകാശമെന്ന് ചോദിച്ച് മന്ത്രി ഫയൽ മടക്കി. പക്ഷേ രവീന്ദ്ര നായ്ക് മാഷും കൂട്ടരും പിന്തിരിഞ്ഞില്ല. അങ്ങനെയങ്ങനെ 2013 ജനുവരിയിൽ 'മൈ@##..' ഷേണിയായി ഔദ്യോഗിക ഗസറ്റിൽ പുനർനാമകരണം ചെയ്യപ്പെട്ടു. അതോടൊപ്പം കോട്ടയം ജില്ലയിലെ പൂഞ്ഞാർ എന്ന സ്ഥലവും പരിഷ്‌കാരിയായി. പൂഞ്ഞാറിനെ തലനാട് എന്ന് മാറ്റിവിളിച്ചു. പൂഞ്ഞാറും വിളിച്ചുപോകുമ്പോൾ തെറിയായി മാറുന്നുണ്ടത്രെ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷൻ ഇവിടെയായിരുന്നു. ഇവിടെയുള്ള കൊട്ടപ്പാറകളും മണ്ണും പോലീസുകാർ അടക്കമുള്ള മനുഷ്യരും സിനിമയിൽ അഭിനയിച്ചു. യക്ഷഗാനരംഗത്തെ കുലപതിയായ ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ നാട് കൂടിയാണ് ഇത്.

ഷേണിയെന്ന പുത്തൻപേര് വന്നതിന്റെ സങ്കടത്തിലാവാം മയിലുകൾ ഇപ്പോൾ കുറവാണ് ഷേണിയിൽ. അവരിൽ നിന്നുണ്ടായ പേരല്ലേ. പേര് പോയതിൽ അവർക്കും സങ്കടമുണ്ടാവുമല്ലോ. ഒരു പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയർ. പേരിൽ പലതുമിരിക്കുന്നുവെന്ന് ഷേണിയിലേക്കുള്ള മാറ്റം സൂചിപ്പിക്കുന്നു. ഇപ്പോഴും ഷേണിയിലെ ആളുകളോട് 'ഏടെയാ സ്ഥല'മെന്ന് ചോദിച്ചാൽ അവർ അറിയാതെ പഴയപേര് പറഞ്ഞുപോകും.

Content Highlights: The village of Enmakaje was originally named after peacocks in Tulu, which sounded like a slur in Malayalam., Government officials and residents led a campaign to rename the village to Sheni., The official renaming took place in January 2013 via government gazette., The village is known as the home of Yakshagana legend Sheni Gopala Krishna Bhat., The location gained fame as a filming site for the movie Thondimuthalum Driksakshiyum.