മീസാന്‍ കല്ലുകള്ക്കടിയിലെ ചരിത്രമുദ്രണങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. പുനത്തിലിന്റെ ഏറ്റവും പ്രധാനപ്പെട്ട നോവലായ സ്മാരകശിലകളെ കുറിച്ചുള്ള പഠനം വായിക്കാം.
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ഒഞ്ചിയം കുന്നുകളും വടക്ക് മാഹിയും തെക്ക് വടകര അങ്ങാടിയുമതിര്ത്തിയായ കാരക്കാടിന്റെ നടവഴികളില്‍ കഥകളുറങ്ങിക്കിടപ്പുണ്ടായിരുന്നു. കോരപ്പുഴയ്ക്കപ്പുറത്തും ഇപ്പുറത്തെന്ന പോലെ തിളയ്ക്കുന്ന ജീവിതങ്ങളുമുണ്ടായിരുന്നു. ആ നാട്ടുചരിതം വടക്കന്‍ പാട്ടുകളെന്ന വീരകഥാഗാനത്തിന് ഉടനീളം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. കടത്തനാടന്‍ പ്രതിരോധഭാഷയും പോരാട്ടത്തിന്റെ പ്രാദേശിക ചരിത്രവും നിറയുന്ന അവിടങ്ങളില്‍ പൂക്കുഞ്ഞിബിമാര് രാത്രികളില്‍ ഉറക്കമിളിച്ചിരിക്കാറുണ്ടെന്നും ജിന്നുകളും ഹൂറികളും ഇഫ്രീത്തുകളും റൂഹാനികളും ബീവികളുമെല്ലാം പോക്കുവരവ് നടത്താറുണ്ടെന്നും പറയാന്‍ മലയാള ഭാവനാലോകം എഴുപതുകളുടെ മധ്യം വരെ കാത്തിരിക്കേണ്ടി വന്നു. മുഖ്യധാരയ്ക്ക് തീര്‍ത്തും അപരിചിതമായ ഒരു കഥാഭൂപരിസരമായിരുന്നത്. അതിശയോക്തികളൊന്നുമില്ലാതെ പറഞ്ഞാല്‍, നവോത്ഥാനാനന്തര മലയാള ഭാവുകത്വത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനുള്ള മൗലികമായ ഇടപെടലായിരുന്നു ഗോസായിക്കുന്നിന്റെ താഴ്വരിയിലെ മിത്തിക്കല്‍ ലോകത്തിന്റെ ചിത്രം വരച്ചു ചേര്‍ത്തതിലൂടെ പുനത്തില്‍ കുഞ്ഞബ്ദുള്ള ചെയ്തത്.
ബഷീറിന് സമാനമായി, പുനത്തിലിനെക്കുറിച്ചുള്ള ആലോചനകളും വളരെ ശ്രദ്ധാപൂര്‍വ്വം സംവിധാനം ചെയ്യേണ്ടിയിരിക്കുന്നു. എന്‍.എസ്. മാധവന്റെ ബഷീര്‍ വിമര്‍ശനത്തോട് യോജിച്ചാലുമില്ലെങ്കിലും മാധവന് നടത്തുന്ന ഒരു നിരീക്ഷണം സുപ്രധാനമാണ്. അത്, ബഷീര്‍ വായനക്കാര്‍ക്കു പകരം ബഷീര്‍ കുതുകികള്‍ ഉയര്‍ന്നു വരുകയും, എഴുതിയവയെല്ലാം എഴുതാപ്പുറം വായിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്. പുനത്തിലീയന് ആവിഷ്കരണങ്ങളും ബിംബവത്കരണത്തിന്റെ അപകടകരമായ ഈ സാധ്യതയെ ഉള്‍ക്കൊള്ളുന്നുണ്ട്. അനുകരണസാധ്യമോ അനുകരണയോഗ്യമോ അല്ലാത്ത എഴുത്തുകാരന്റെ അരാജകജീവിതചരിത്രം, അദ്ദേഹത്തിന്റെ പാഠങ്ങള്‍ക്കു മുകളില്‍ നിഴല്‍ വിരിച്ചു നില്ക്കുന്നു എന്നതാണത്. 'കുഞ്ഞിക്ക' എന്ന സ്നേഹമസൃണ അഭിസംബോധന 'സുല്‍ത്താന്‍' എന്ന പീഠവത്കരണത്തിലേക്ക് നീങ്ങാന്‍ വഴിയുണ്ട്. എഴുത്തുകാരനില്‍ നിന്ന് പാഠത്തെ വിടര്‍ത്തിയെടുത്ത്, കഴിയുന്നത്ര സംവാദപരമാക്കാന് അതിനാല്‍ തന്നെ നാമുത്തരവാദിത്തപ്പെട്ടിരിക്കുന്നു. കാനോനീകരണത്തിന്റെയും സ്ഥാപനവത്കരണത്തിന്റെയും അപകട സാധ്യതകളെ ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ , മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍ ഇതിഹാസമാനമുള്ള ആവിഷ്കാരങ്ങളിലൊന്നായി 'സ്മാരകശിലകള്‍' നിലക്കൊള്ളുന്നു. പുനത്തിലിന് പോലും പിന്നീടാവാര്ത്തിക്കാന് കഴിയാത്ത മൈത്തികവും ബഹുസ്വരാത്മകവുമായ ഇതിഹാസപ്രപഞ്ചം സ്മാരകശിലകളില്‍ ഇതള്‍ വിരിയുന്നു.
ദൈവം കൈയൊഴിഞ്ഞ ലോകത്തിന്റെ ഇതിഹാസമെന്ന് നോവലിനെ വിളിച്ചത് ഗ്യോര്‍ഗി ലൂക്കാച്ചാണ്. ലൂക്കാച്ചിനെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ഇരുപതാം നൂറ്റാണ്ട് കണ്ട വലിയ നോവല്‍ പഠിതാവായ മിഖായേല്‍ ബക്തിനും ഇതിഹാസവുമായി നോവലിനുള്ള സാജാത്യ-വൈജാത്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. ഗ്രന്ഥകര്‍ത്താവ് വിദൂരസ്ഥനായി വര്‍ത്തിക്കുന്ന ഇതിഹാസങ്ങള്‍ പ്രൗഢമായ ഒരു ഏകകേന്ദ്രിത സ്വരത്തെയാണ് ഉള്‍ക്കൊള്ളുന്നത്. നോവലാവട്ടെ, പൂര്‍ത്തിയാകാത്ത, അപൂര്‍ണതയുടെ അടയാളങ്ങള്‍ പേറുന്ന, അനിശ്ചിതവും അനിയതവുമായ ഒരു ലോകത്തിന്റെ സ്വരവൈവിധ്യങ്ങളും ഭാഷാഭേദങ്ങളെയുമാണ് ഉള്‍ക്കൊള്ളുന്നത്. ബൃഹദാഖ്യാനമായിരിക്കെത്തന്നെ ബഹുസ്വരാത്മകമായിരിക്കുക എന്ന കഴിവാണ് നോവലിനെ സമകാലികമാക്കുന്നത്. രൂപപരമായി ഇതിഹാസത്തില്‍ നിന്നും വിടുതല്‍ നേടുന്നുവെങ്കിലും വലിയ നോവലുകളില്‍ ഇതിഹാസമാനമായ ഒരു കാഴ്ച്ചവട്ടം കാണാം. ഇതിഹാസങ്ങളുടെ മിത്തിക്കലായ വിദൂരസ്ഥതയല്ല, മറിച്ച് ജീവിതത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആവിഷ്കരിക്കാനും സകല വൈരുധ്യങ്ങളെയും അഭിസംബോധന ചെയ്യാനുമുള്ള ശ്രമമാണത്. ഈ ഇതിഹാസ നോട്ടമാണ്, കാലത്തിന്റെ ഇത്തിരിവട്ടങ്ങളില്‍ നിന്ന് പുറത്തുകടന്ന് വിശാലമായ ചരിത്രപ്രവാഹത്തിലേക്ക് ഒലിച്ചിറങ്ങാന്‍ നോവലിനെ പ്രേരിപ്പിക്കുന്നത്.
എഴുപതുകളുടെ മധ്യമായിരുന്നു കാലം. നെഹ്റുവിയന്‍ സോഷ്യലിസത്തെക്കുറിച്ചുയര്ന്ന നിരാശകളും, രാഷ്ട്രീയ വിമോചനം ഇനിയുമെത്താക്കൊമ്പാണെന്നും മലയാളി തിരിച്ചറിയുന്ന സന്ദിഗ്ധ ഘട്ടം. ലോകമാസകലം പല നിലയില്‍ രൂപപ്പെട്ട രാഷ്ട്രീയ നൈരാശ്യത്തിലുള്ള സൗന്ദര്യാത്മക പ്രതികരണം ഇവിടെയുമുണ്ടായി. കലാചിന്തകര്‍ അതിനെ ആധുനികതാവാദം (Modernism) എന്നു വിളിച്ചു. നവോത്ഥാനാധുനികതയുടെ ലോകങ്ങള്‍ പിളരുകയും അമര്‍ത്തി വെച്ച അമര്‍ഷം ഭാവുകത്വകലാപമാവുകയും ചെയ്ത അക്കാലം മലയാള നോവലില്‍ ഭിന്നമായ വഴികളുടെ അന്വേഷണമായി. ഒരു ഭാഗത്ത് സാങ്കേതികമായ പരീക്ഷണങ്ങളായി, മറുഭാഗത്ത് രൂപത്തിന്റെ അഴിച്ചു പണിയലായി. ചിലര്‍ പ്രാദേശികതാ സ്വത്വവാദത്തിലേക്ക് നോക്കി, മറ്റു ചിലര്‍ ഉത്തരേന്ത്യന്‍ നഗരപശ്ചാത്തലത്തില്‍ വ്യക്തിയെ പ്രതിഷ്ഠിച്ചു. ചിലര്‍ ആത്മീയതാവാദത്തിലേക്ക് തിരികെ വന്നു, മറ്റു ചിലരാവട്ടെ ആത്മീയതയെ ഉടനീളം നിരസിച്ചു. ഈ ഓരോ വഴികളും കനപ്പെട്ട നോവലുകള്‍ക്ക് ജന്മം നല്കി. ശീര്‍ഷകത്തില്‍ തന്നെ ഇതിഹാസമെന്നു ചിലത് വിളിക്കപ്പെടുകയുമുണ്ടായി. പക്ഷേ, നാലര പതിറ്റാണ്ടുകള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അവയില്‍ മിക്കതും ആധുനികതാവാദ നോവലുകള്‍ എന്ന സവിശേഷ ഗണ (Catogery)ത്തില്‍ ഉറച്ചു പോയതായാണ് കാണാന്‍ കഴിയുക. അക്കാലത്തിന്റെ സംഭ്രാന്തികളുടെയും വിഹ്വലതകളുടെയും മേമ്പൊടിയോടെ വായിക്കാമെന്നല്ലാതെ സമകാലികമാവാന് അവയില്‍ പലതും കൂട്ടാക്കുന്നില്ല. ഇതിഹാസമാനത്തോടെ സ്മാരകശിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിവിടെയാണ്. അവതാരികയില്‍ എന്‍.ശശിധരന് ചൂണ്ടിക്കാട്ടുന്ന ആധുനികതയെ അതിജീവിച്ച രചനയായി സ്മാരകശിലകള്‍ അടയാളപ്പെടുന്നു. പൂര്‍ത്തിയായ പാഠമായല്ല, അനന്തസാധ്യതകളുടെ സൂചക ചക്രവാളമായി. ഓപ്പണ്‍ എന്ഡഡും സംവാദപരവുമായി. മറ്റൊരര്‍ത്ഥത്തില്‍, ആയിത്തീര്‍ന്ന (Becoming) തായല്ല, ആയിക്കൊണ്ടിരിക്ക (Being) ലായി.
പള്ളിപ്പറമ്പും തറവാടും.
'പള്ളിപ്പറമ്പിനോട് ചേര്‍ന്നു തന്നെയാണ് അറയ്ക്കല്‍ തറവാട്. നീണ്ടുയര്‍ന്ന ഒരു കന്മതിലാണ് അതു രണ്ടിനെയും വേര്‍തിരിക്കുന്നത്. കന്മതിലിന്റെ ഒരു ഭാഗത്ത് ജീവിക്കുന്നവരും അപ്പുറം മരിച്ചവരും. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള വലിയ തുലന ശക്തി പോലെ ആ മതില് നിലകൊണ്ടു'. സ്മാരകശിലകളുടെ പതിനേഴാമധ്യായമാരംഭിക്കുന്നത് ഈ ഹൈ ആംഗിള്‍ ഷോട്ടില്‍ നിന്നാണ്. ഒരു ഭാഗത്ത് രാപ്പകലുകള്‍ക്ക് വ്യത്യാസമില്ലാത്ത ഇരുട്ട്, മറുഭാഗത്ത് രാവും പകലും നിറയുന്ന വെളിച്ചം. ഒരു ഭാഗത്ത് കനത്ത, ഭയചകിതമായ നിശബ്ദത. മറുഭാഗത്ത്, ജീവിതോല്ലാസത്തിന്റെ ശബ്ദ വിന്യാസം. ഒരിടം മരണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍, മറു ഇടം ആനന്ദത്തിന്റെ പ്രതീകം. ഒരിടം സാമാന്യമായതും അന്തിമ ലക്ഷ്യവും മറുഭാഗം സവിശേഷവും നശ്വരവും. ഈ ഇരുലോകങ്ങള്ക്കിടയില് പൊട്ടിപ്പൊളിയാറായ പ്രാകൃതമായ പച്ചപ്പായല് പുരണ്ട കന്മതില്. മനുഷ്യജീവിതത്തിന്റെ അപരിഹാര്യമായ ഈ വൈരുധ്യമാണ് സ്മാരകശിലകളില്‍ ഇതള്‍വിരിയുന്നത്. ഒരു ഭാഗത്ത് മരണവും മറുഭാഗത്ത് ജീവിതവും. എത്രത്തോളം മരണത്തിന്റെ കഥയാവുന്നോ സ്മാരകശിലകള്‍, അത്രത്തോളം ജീവിതത്തിന്റെ കഥയുമാണതെന്ന് സാരം.
ഈ വൈരുധ്യങ്ങളില്‍ ഏതെങ്കിലുമൊന്നിന് പ്രാഥമികത്വം കല്പിക്കാതെ അവ അങ്ങനെ തന്നെ ആവിഷ്കരിക്കപ്പെടുകയാണ് നോവലില്‍. കറതീര്‍ന്ന അന്തിമമായ ഉത്തരം നല്കുന്ന ഒന്നും നോവലില്ല. ബുദ്ധനദ്രുമാന്റെ കാണാതെ പോയ കുതിരയെക്കണക്ക് പിടിതരാതെ അകന്നകന്നു പോകുന്നു നോവലിന്റെ ആന്തരിക സത്ത. വൈരുധ്യങ്ങളില്‍ പക്ഷം പിടിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ഒരു 'ടൈപ്പ് ' കഥാപാത്രവും നോവലില്ല. പള്ളിപ്പറമ്പിന്റെ ദൈവികമായ നിഗൂഢതയിലും തറവാട്ടിന്റെ ജീവിതകാമനകളുടെയും സമ്മേളനമായി മാറുന്നു കഥാപാത്രങ്ങളെല്ലാം. മറ്റൊരര്‍ത്ഥത്തില്‍ സ്മാരകശിലകളിലെ പാത്ര നിര്‍മ്മിതി ഇതിഹാസങ്ങളിലെ പാത്രങ്ങളുടെ ടെക്നിക്ക് ഉള്‍ക്കൊള്ളുന്നു. അതു കൊണ്ട് തന്നെ നമുക്കവരെ കാരക്കാടിന്റെ ഇതിഹാസപാത്രങ്ങളെന്നു വിളിക്കാം.
ഖാന് ബഹദൂര്‍ പൂക്കോയത്തങ്ങളെന്ന മുഖ്യ കഥാപാത്രത്തെ നോക്കൂ. വടക്കന്‍ കേരളത്തിലെ ഒരു ഫ്യൂഡല്‍ ഭൂപ്രഭുവിന്റെ എല്ലാ ഭാവാഹാവാദികളും കല്പിച്ചു നല്കാവുന്ന അയാള്‍ വൈരുധ്യങ്ങളുടെ വിള നിലമാണ്. റംസാന് മാസത്തില്‍, ഭാര്യയുടെ നിരുത്സാഹപ്പെടുത്തലിനെ മുഖവിലയ്ക്കെടുക്കാതെ വാരിക്കോരി ദാനം കൊടുക്കുന്ന അയാള്‍ തന്നെയാണ് സക്കാത്ത് രണ്ടു വട്ടം വാങ്ങിയെന്ന കാരണത്താല്‍ ഒരു വൃദ്ധസ്ത്രീയെ ചന്തിക്ക് തൊഴിച്ചു പുറത്താക്കുന്നത്. എല്ലാ ദിവസവും രാവിലെ തന്റെ കുതിരപ്പുറത്ത് രാജകീയ സവാരിക്കിറങ്ങി, മുക്കുവക്കുടിലിലെ അശരണരായ പെണ്ണുങ്ങളെ പ്രാപിക്കുന്ന അയാള്‍ തന്നെയാണ്, ആരുടേതാണെന്നറിയാത്ത, നീലി പ്രസവിച്ച കുഞ്ഞിനെ സ്വന്തം മകള്‍ക്കൊപ്പം വളര്‍ത്തുന്നതും വലുതാവുമ്പോള്‍ അവരെ പരസ്പരം ചേര്ക്കണമെന്നാഗ്രഹിക്കുന്നതും. ഒഞ്ചിയത്ത് കമ്യൂണിസ്റ്റുകാര്‍ ജന്മിത്തത്തിനെതിരെ കലാപം തുടങ്ങിയപ്പോള്‍ അയാള്‍ ഭയപ്പെടുന്നുണ്ട് പക്ഷേ, കോളറ മഹാമാരിയാടുമ്പോള് ഈ ഫ്യൂഡല്‍ പ്രഭുവിന് കുടികിടപ്പുകാരെ നേരിട്ടു ശുശ്രൂഷിക്കാന്‍ ഭയമേതുമില്ല താനും. നന്മതിന്മകളുടെ കളത്തില്‍ എവിടെയാണ് നമ്മളയാളെ നിര്‍ത്തുക. ഏതു തരം നിര്‍വ്വചനങ്ങളെയും അടുത്ത പുറത്തില്‍ റദ്ദാക്കുന്ന, ജീവിതത്തിന്റെ അനിയതത്വമാണ് ഖാന് ബഹദൂര്‍ പൂക്കോയത്തങ്ങള്‍.
നോവലില്‍, 'കാണപ്പെട്ട വില്ലന്റെ വേഷം കെട്ടിയാടുന്നു' എന്നു കോവിലന് വിളിച്ച പട്ടാളം ഇബ്രായിയിലും ഈ സന്ദിഗ്ധത മറ്റു നിലയില്‍ കാണാം. ഒരര്‍ത്ഥത്തില്‍ അയാളും കുഞ്ഞാലിക്ക് സമാനമായി പരിത്യക്തനാണ്. പൂക്കോയത്തങ്ങളുടെ അച്ഛന്റെ അവിഹിത ബന്ധത്തില്‍ പിറവിയെടുത്തതാണ് താനെന്ന് അയാള്‍ക്കറിയാം. ഒപ്പനപ്പാട്ടില്‍ പേരെടുത്ത, തേനിന്റെ നിറവും വലിയ നീലക്കണ്ണുകളുമുള്ള അയാളുടെ ഉമ്മ ഖദീജ ഈ ബന്ധത്തിന് കൊടുക്കേണ്ടി വന്ന വില ചെറുതല്ല. ഗര്‍ഭിണിയായ ഖദീജ ആട്ടിയോടിക്കപ്പെട്ടു. ശാപവാക്കുകളും കൊട്ടിയടക്കപ്പെടുന്ന വാതിലുകളും കണ്ട് പുതുമഴയുടെ വെള്ളം കുത്തിയൊലിക്കുന്ന ഓവ് പാലത്തിന്റെ ചുവട്ടില്‍ കഠിനമായ വേദന കടിച്ചമര്‍ത്തി പ്രസവിച്ചിട്ടും പ്രസവാനന്തരം രക്തം വാര്‍ന്ന് മരിച്ചു പോയ അയാളുടെ ഉമ്മയ്ക്ക് അഗതിയായ ഇബ്രായിക്ക് നല്കാന് പറ്റുന്ന ഒരേയൊരു മരണാനന്തര കര്‍മ്മം ആ തറവാട് പിടിച്ചെടുക്കല്‍ തന്നെയല്ലേ.? എവിടെയാണ് ആത്യന്തിക നന്മ.? എവിടെയാണ് തിരിച്ചറിയാന്‍ പറ്റാത്ത തിന്മ.
നന്മ-തിന്മകളുടെ കേവലമായ വേര്‍തിരിവുകള്‍ക്കപ്പുറത്ത്, 'നിത്യവും ജീവിതം വിതയേറ്റി, മൃത്യുകൊയ്യും വിശാലമാം പാട'ത്ത്, വേഷം ആടിത്തീര്‍ക്കുക മാത്രം ചെയ്യുന്നു സ്മാരക ശിലകളിലെ മനുഷ്യര്‍. ആധുനികതാവാദ നോവലുകളില്‍ നിന്നു ഭിന്നമായി സ്മാരകശിലകളില്‍ നമുക്കൊരു 'ടൈപ്പിനെ' കണ്ടെടുക്കാന്‍ പറ്റാത്തത് അതു കൊണ്ടാണ്. എന്‍.ശശിധരന്റെ വിഖ്യാതമായ നിരീക്ഷണത്തോട് നാം വിയോജിക്കേണ്ടി വരുന്നത് ഇവിടെയാണ്. ഉമ്മാച്ചുവിന്റെയോ അസുരവിത്തിന്റെയോ താവഴിയിലല്ല സ്മാരകശിലകളുടെ നില്പ്. മുന്‍ മാതൃകകളില്ലാത്ത പുതിയൊരു ഭാവനാലോകമാണ് സ്മാരക ശിലകള്‍.
പാലപ്പുരയിലെ മമ്മത് ഹാജിയുടെ മരണത്തിലാരംഭിച്ച്, അറയ്ക്കല്‍ കുഞ്ഞീബിയുടെ മരണത്തിലവസാനിക്കുന്ന കാരയ്ക്കാടിന്റെ ദേശചരിത്രമാണ് സ്മാരക ശിലകള്‍. നോവലില്‍ ഉടനീളമുള്ളത് മരണമാണെന്നു പറയാം. നീലിയുടെ, പൊക്കിയുടെ, എറമുള്ളാന്റെ, ബാപ്പുക്കണാരന്റെ, പൂക്കോയത്തങ്ങളുടെ ദാരുണ മരണങ്ങള്. പ്രത്യക്ഷത്തിലുള്ള മരണത്തിന്റെ - പളളിപ്പറമ്പിലേക്കുള്ള സഞ്ചാരത്തിന്റെ - നിതാന്ത പ്രവാഹത്തിന്റെ ഉള്ളടരില്‍ നോവലില്‍ ജീവിതം തിളച്ചു മറയുന്നുണ്ട്. നോവലിന്റെ തുടക്കത്തിലെ മരണം, തൊട്ടടുത്ത അധ്യായത്തില്‍ തന്നെ ജനനം കൊണ്ട് പകരം വെക്കുന്നു നീലി.
ബഹുസ്വരാത്മകതയും സ്മൃതിനാശങ്ങളും
നോവലിലുടനീളം നിറയുന്ന ഖാന് ബഹദൂര്‍ പൂക്കോയത്തങ്ങള്‍ മുതല്‍, രൈരുനായരും ഗബ്രിയേലുമടങ്ങുന്ന വളരെ ചെറിയ കഥാപാത്രങ്ങള്‍ വരെയടങ്ങുന്ന നൂറ് കണക്കിന് മനുഷ്യര്‍ സ്മാരകശിലകളില്‍ കയറിയിറങ്ങിപ്പോവുന്നു. താരതമ്യേന ചെറുതെന്നു വിളിക്കാവുന്ന ഒരു നോവലിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്രയും വലിയ ജനസഞ്ചയം. അവരില്‍ പള്ളിയില്‍ നിസ്കരിക്കാനെത്തുന്ന പേരറിയാത്തവരുണ്ട്. അറയ്ക്കല്ത്തറവാടിന്റെ വരാന്തയില്‍ സുഭിക്ഷമായ ഭക്ഷണത്തിനെത്തുന്ന ജനക്കൂട്ടമുണ്ട്. ഈ ജനസഞ്ചയത്തിന്റെ ബഹുത്വപൂര്‍ണമായ ജീവിതചരിത്രമാകുന്നു സ്മാരകശിലകള്‍.
ഒരു കേന്ദ്രവും അതിനെ ചുറ്റിപ്പറ്റി പരക്കുന്ന സമീപസ്ഥതയെയുമല്ല സ്മാരകശിലകള്‍ പിടിച്ചെടുക്കുന്നത്. കേന്ദ്രമില്ലാത്തതും അഴിഞ്ഞു ചിതറിയതുമായ വ്യവസ്ഥാ രാഹിത്യത്തെയാണ്. 'പുരാതനമായ ആ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥ' യായി തുടങ്ങുന്ന സ്മാരകശിലകളില്‍, അതിന്റെ പരിവട്ടത്തു തന്നെയുള്ള അമ്പലം കയറിമുറിയുന്നുണ്ട്. അമ്പലത്തില്‍ നിന്നുള്ള ആണ്ടിമലയന്റെ ചെണ്ടകൊട്ടും തിറയുടെ ദിവസത്തെ കരിമരുന്നിന്റെ ഒച്ചയും തറവാട്ടിലേക്കെത്താറുണ്ട്. ഒരര്‍ത്ഥത്തില്‍, അമ്പലത്തിന്റെയും പുരാതനമായ ആ മുസ്ല്ലിം തറവാടിന്റെയും പേരു തന്നെ ഒന്നാണ്, അറയ്ക്കല്‍. നാനാജാതി മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന, സഹവര്‍ത്തിത്തന്റെ കേരളീയ ഗ്രാമമോഡലാണ് കാരക്കാടും.
റെയില്‍വെ സ്റ്റേഷനില്‍ ഒന്നിച്ചു വന്നിറങ്ങി പാളത്തിലൂടെ രണ്ട് വഴിയിലേക്ക് നടന്നു നീങ്ങുന്ന ദിവ്യന്മാരില് സ്വാമിയും ഖലീഫയുമുണ്ട്. മുഹമ്മദ് നബിയുടെ കൈയില്‍ നിന്നും വീണുപോയ മുസാക്കിന്റെ കഥയുമായാണ് ഖലീഫ ഊരു തെണ്ടുന്നതെങ്കില് അശാരിയുടെ വീട്ടിലെത്തിച്ചേര്‍ന്ന സ്വാമി സ്വയമേവ ഒരു കഥയാവുന്നു. ഒരക്ഷരം ഉരിയാടാത്ത അയാള്‍ കാരക്കാടുകാരെ മുഴുവനായി പ്രതിനിധീകരിക്കുകയാണോ.? ആവാനാണ് വഴി. ചെറുപ്പക്കാര്‍ക്കൊപ്പം ഫുട്ബാള്‍ കളിക്കാനിറങ്ങി, എതിര് ഗോള്‍പോസ്റ്റ് വരെ പന്തുമായി ഒറ്റയ്ക്ക് നീങ്ങി, എന്തോ ഓര്‍ത്ത്, പന്തുമായി സ്വന്തം ടീമിന്റെ ഗോള്‍പോസ്റ്റിലേക്ക് തിരികെ ചീറിപ്പാഞ്ഞെത്തി ഗോളടിക്കുന്നുണ്ട് സ്വാമി. അമ്പരന്നു നില്ക്കുന്ന കളിക്കാരെ നോക്കി വിഡ്ഢിച്ചിരി ചിരിക്കുന്ന സ്വാമിയില്‍ ഒരു നാറാണത്തു ഭ്രാന്തനുണ്ട്. കളിനിയമങ്ങളെ, ക്രമങ്ങളെ, അച്ചടക്കത്തെ ലംഘിച്ചു കൊണ്ടുള്ള സ്വാമിയുടെ മുന്നേറ്റം സ്മാരകശിലകളിലെ കഥാപാത്രങ്ങളുടെ പൊതുഗുണമാണ്.
അവരാരും വ്യവസ്ഥയില്‍ ജീവിക്കുന്ന യന്ത്രങ്ങളല്ല, അവ്യവസ്ഥാപര (chaotic) മായ ഒരു ഭൂമികയുടെ ബഹുത്വങ്ങ(Polyphony) ളാണ് അവരുടെ മേച്ചില്‍പ്പുറങ്ങള്‍. ഒമ്പതരക്കണ്ണന്റെ ചായപ്പീടികയിലെ എങ്ങുമെത്താതെ നീളുന്ന തര്‍ക്കങ്ങള്‍ പോലെയാണവ. ജീവിത കഥാനാടകഭൂവില്, തങ്ങളുടെ വേഷം വിഡ്ഢിച്ചിരിയോടെ ആടിത്തീര്‍ക്കുകയാണ് എല്ലാവരും. അതുകൊണ്ടു തന്നെ സ്മാരകശിലകളില്‍ സ്മാരകങ്ങളില്ല. റോളവസാനിക്കുന്ന കഥാപാത്രങ്ങള്‍ പള്ളിപ്പറമ്പിലെ ആറടിയിലേക്ക് മടങ്ങുന്നു. അവരുടെ മയ്യിത്തിലെ നെയ്യൂറിക്കൂടിയ വെള്ളം പളളിയിലെ ടാങ്കില്‍ നിറയുന്നു. മനുഷ്യരത് കൊണ്ട് അംഗശുദ്ധി വരുത്തുന്നു. 'പോകപ്പൊകേ പഴയ കബറുകളില്‍ കാടുകയറുന്നു. കാടുകയറിയ കബറുകള്‍ വീണ്ടും വെട്ടിത്തെളിയിക്കും. പുതിയ അംഗങ്ങള്‍ ഖബറില്‍ പതിയടങ്ങും'. ഓര്‍മ്മകളില്ലാത്ത, ചരിത്രമില്ലാത്ത പരപ്പായി നില്ക്കുന്ന പള്ളിയും പള്ളിപ്പറമ്പും സ്മാരകശിലകളിലെ ഏറ്റവും വലിയ കഥാപാത്രമാണ്.
അതു കൊണ്ടു തന്നെ, കാരക്കാട്ടുകാര്‍ക്ക് പകരം വെക്കാന്‍ മടിയില്ല. പൂക്കോയത്തങ്ങളുടെ സ്ഥാനത്തേക്ക് പട്ടാളം ഇബ്രായി വരുന്നു. ആറ്റബീയുടെ ഉറക്കറയിലേക്ക് വരെ ആ സ്ഥാനാന്തരീകരണം വളരുന്നുണ്ട്. ' മുകളിലെ ചില്ലുവാതിലുകളിലൊന്ന് പെട്ടെന്നു തുറക്കപ്പെട്ടു. അരണ്ട നിലാവെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഇബ്രായിയുടെ തല. അതിനുപിന്നില്‍ തട്ടമിടാത്ത മറ്റൊരു തല. പക്ഷേ, അരണ്ട വെളിച്ചത്തിലും ആ കവിളുകള്‍ മിന്നി. നാല്പത്തിയഞ്ചിലും അത് തുടുത്തു തന്നെ നില്ക്കുന്നു. നെയ്യൂറുന്ന കീഴ്ത്താടി പെട്ടെന്നു മറഞ്ഞു '. ഭര്‍ത്താവിന്റെ സ്ഥാനത്തേക്ക്, പുതിയ കാര്യസ്ഥനെ അഭിഷക്തനാക്കാന് ആറ്റബീയ്ക്ക് രണ്ടു വര്‍ഷം പോലും വേണ്ടി വരുന്നില്ല. സ്മൃതികള്‍ ആറ്റബീയെ എന്നല്ല, ആരെയും അലട്ടുന്നില്ല.
കുതിരക്കാരന് ബുദ്ധനദ്രുമാന്റെ റോളവസാനിക്കുന്നതോടെ അവിടേയ്ക്ക് പുതിയ കുതിരക്കാരന് വരുന്നു. എറമുള്ളാന്റെ ശബ്ദം നഷ്ടപ്പെടുന്നതോടെ ബാങ്ക് വിളിക്കാന്‍ പുതിയ മുക്രി വരുന്നു. എങ്ങോട്ടെന്നറിയാതെ ബുഹാരി പുറപ്പെട്ടു പോയതോടെ പടിപ്പുര കാവലിന് കുഞ്ഞാലി നിയുക്തനാകുന്നു. കഥാപാത്രങ്ങള്‍ തിരശീലയ്ക്ക് പുറകിലേക്ക് വലിയുന്നു, പുതിയവര്‍ വരുന്നു. ചരിത്രം അനാദിയായി പ്രവഹിക്കുന്നു. അവിടെയില്ലാത്തത് ഒന്നു മാത്രമാണ്, സ്മൃതി.
ഈ സ്മൃതിനാശത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തിടത്താണ് ബാപ്പുക്കണാരനും ബുദ്ധനദ്രുമാനും ദുരന്തമാവുന്നത്. പൊക്കിയുടെ ഓര്‍മ്മ ബാപ്പുക്കണാരനെ വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ല. പൂക്കോയത്തങ്ങള്‍ക്ക് ലളിതമായ പ്രതിവിധിയുണ്ട് കണാരന്റെ മുന്പില് വെക്കാന്‍ 'നിനക്കു പുതിയൊരു മംഗലം കയിക്കാം'. ഭാര്യ അയാള്‍ക്കു പക്ഷേ പകരം വെക്കാവുന്ന ഒന്നായിരുന്നില്ല. എത്രയോ തവണ അവള് വെള്ളം കോരിക്കോരിപ്പഴകിയ കുത്തുപായയുടെ കയറുമായി അറബിപ്പുളിമരത്തിന്റെ മുകളിലേക്കയാള്‍ വലിഞ്ഞു കയറി. ഒരു മുഴം നീളമുള്ള കയറില്‍ തല ഒരു ഭാഗത്തേക്ക് ചെരിച്ച് ഒരു തോര്‍ത്തു മുണ്ട് മാത്രമുടുത്ത് ബാപ്പുക്കണരാന് അറബിപ്പുളിമരത്തിലാടി.
കുതിരക്കാരന് ബുദ്ധനദ്രുമാന് വിടാന്‍ പറ്റാതെ പോയത് തന്റെ പ്രിയ കുതിരയുടെ ഓര്‍മ്മകളെയാണ്.ഭാര്യയായ കുറൈശിപ്പാത്തുവിന്റെ അറയില്‍ ഉറക്കം വരാതെ കുതിരലായത്തിലേക്ക് തിരികെ വരുന്നുണ്ട് ആദ്യരാത്രിയില്‍ തന്നെ അയാള്‍. കുതിര അയാളുടെ ഉണ്മയുടെ ഭാഗമാണ്. ജമാല്‍ എന്നവനെ അയാള്‍ പേരിട്ടു വിളിക്കുന്നു. ഒരിക്കലും കരഞ്ഞിട്ടില്ലാത്ത അദ്രുമാന്, കുതിരയ്ക്ക് ദീനം വന്നപ്പോഴാണ് വാവിട്ടു നിലവിളിക്കുന്നത്. വയ്യാതായ കുതിരയെ മാറ്റി പുതിയതൊന്നിനെ വെക്കാന്‍ കോമപ്പന്‍ വൈദ്യര്‍ക്കോ പൂക്കോയ തങ്ങള്‍ക്കോ ബുദ്ധിമുട്ടൊന്നുമില്ല. അദ്രുമാന് അത് ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. കാണാതായ കുതിരയെത്തേടി അയാള്‍ അലഞ്ഞു കൊണ്ടേയിരുന്നു. എന്റെ കുതിരയെക്കണ്ടോ എന്ന അയാളുടെ ദീനതയാര്‍ന്ന ചോദ്യം സ്മാരകശിലകളില്‍ ഉടനീളം നിറയുന്നു, അശ്വത്ഥാമാവിനെക്കണക്ക്.
ഓര്‍മ്മകളാണ് പൂക്കുഞ്ഞുബീയുടെയും ദുരന്തം. ചെറുപ്പകാലത്ത് അവള് കേട്ട കഥകളില്‍ കൊട്ടാരക്കെട്ടുകളില്‍ നിന്ന് രാജകുമാരിമാരെ രക്ഷിക്കുന്ന ജിന്നുകളുടെ കഥകളുണ്ടായിരുന്നു. ക്ഷയരോഗിയായ പുതിയാപ്ളയില് നിന്ന് ബാല്യകാല സുഹൃത്തായ കുഞ്ഞാലി തന്നെ രക്ഷിക്കുമെന്ന് അവള് കിനാവ് കണ്ടിരിക്കാം. സന്ദിഗ്ധ ഘട്ടത്തില്‍, കുഞ്ഞാലി പക്ഷേ നിശ്ചേതനനാണ്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസവും, കാര്യശേഷിയുമുണ്ടായിട്ടും അവന് പട്ടാളം ഇബ്രായിയെ പുതിയ കാര്യസ്ഥന്റെ അധികാരത്തോട് ഇടയാന്‍ കഴിയുന്നില്ല. ബുഹാരിക്ക് പകരക്കാരനായി പടിപ്പുര കാവലേറ്റെടുക്കുന്ന അവന് പൂക്കുഞ്ഞിബിയെ കൊയിലാണ്ടിയില്‍ നിന്നു കല്യാണമുറപ്പിക്കാന്‍ ആളുകളെത്തിയ നാള് സ്വയം പരാജയമായി തിരിച്ചറിയുന്നു. പടിപ്പുരയിലെത്തിയ ഫക്കീറിന് സമാനനായി താനുമൊരു ഫക്കീറാണെന്നയാള് തിരിച്ചറിയുന്നു. യവനകഥയിലെ ദുരന്തനായകന്മാര്ക്ക് സമാനനായി ജീവിതത്തെ അശരണവും ഏകാന്തവുമായ ഒരു യാതനാപര്വ്വമാക്കിക്കൊണ്ട് കുഞ്ഞാലി ദുരന്തനായകത്വത്തെ സ്വയം വരിക്കുന്നു. രക്ഷകരില്ലാതെയാവുന്ന പൂക്കുഞ്ഞിബിയെത്തേടി പഴങ്കഥകളിലെ ജിന്നായ രാജകുമാരനെത്തുന്നു. പിറ്റേന്ന് രാവിലെ, ഗോസായിക്കുന്നിന്റെ താഴ്വരയില് കടപ്പുറത്തെ വിജനതയില്‍ സ്വര്‍ണ്ണമത്സ്യം പോലെ അവള് അടിഞ്ഞു കിടന്നു. ഓര്‍മ്മകള്‍ക്കു കൊടുക്കേണ്ടി വന്ന വില.
ഇരമ്പുന്ന ചരിത്രസംഘര്ഷങ്ങള്.
ഫ്യൂഡലിസത്തിന്റെ അവശേഷിക്കുന്ന അടിത്തറയുമിളക്കിക്കൊണ്ട്, കൊളോണിയല്‍ ആധുനികതയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഇരു ലോകങ്ങള്‍ ഇരച്ചു കയറുന്ന സവിശേഷമായ ഒരു ദശാസന്ധിയാണ് സ്മാരകശിലകളുടെ ആഖ്യാന കാലം. പൂക്കോയത്തങ്ങള്ക്കു പകരം ആനക്കസേരയില്‍ പട്ടാളം ഇബ്രായി വീണ്ടുമധികകാലമിരുന്നിരിക്കാന് വഴിയില്ല. അപ്പോഴേക്കും ഒഞ്ചിയത്ത് വെടി പൊട്ടിക്കഴിഞ്ഞിരുന്നു. ജാതി-ജന്മി-നാടുവാഴിത്തം അസ്തമിച്ചു തുടങ്ങുന്ന കാലം. ഫ്യൂഡലിസത്തിന്റെ ഘടനയ്ക്കും ലോകത്തിനുമെതിരായി, കൊളോണിയല്‍/ ദേശീയ ആധുനികതകള്‍ ഇടിച്ചുകയറുന്ന സംഘര്‍ഷാത്മകതയാണ് സ്മാരകശിലകളുടെ കഥാഭൂമിക.
മൂന്നുറുപ്പിക കുപ്പായക്കീശയില്‍ നിന്ന് കട്ടതിന് സ്വന്തം മരുമകനെ വീട്ടില്‍ നിന്നടിച്ചു പുറത്താക്കിയ, അമ്പത്താറാം വയസില്‍ പതിനാറു വയസുള്ള ബിയ്യാത്തുവിനെ കല്യാണം കഴിച്ച, നോക്കെത്താത വയലിനുടമയും, ആ വയലില്‍ കുനിഞ്ഞു പണിയെടുക്കുന്ന ഓരോ പെണ്ണിനെയും സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തിരുന്ന പാലപ്പുരയിലെ മമ്മതുഹാജിയുടെ മരണത്തില്‍ നിന്നാണ് നോവലാരംഭിക്കുന്നത്. കഥാഗതിയുമായി, പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത ആ മരണത്തില്‍ നിന്ന് എന്തിനായിരിക്കാം സ്മാരകശിലകള്‍ ആരംഭിക്കുന്നത്. സംശയരഹിതമായും, പിന്‍വലിയുന്ന ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന്റെ സൂചകമായിരിക്കണം ആ മരണം.
അല്പ കാലം കൂടി തുടരുന്ന പൂക്കോയ തങ്ങളുടെ പ്രഭുത്വത്തിന് കാരണം, കൊളോണിയല്‍ ആധുനികതയുമായുള്ള ഒരു സന്ധി ചെയ്യല്‍ അയാളിലുണ്ട് എന്നതാണ്. ആധുനിക കേരളീയ സാംസ്കാരിക ചരിത്രത്തിലെ അനന്യനായ ഒരു ഭാവനയാണ് പൂക്കോയത്തങ്ങള്‍. ഒരു ഭാഗത്ത് ഫ്യൂഡലിസത്തിന്റെ ദുരധികാരം, മറുഭാഗത്ത് ആധുനികമായ മാനവികബോധം. ഇവയുടെ സമ്മേളനം ആ പാത്ര സൃഷ്ടിയിലുണ്ട്. സിംഗപ്പൂരിലെ ഭൂതകാല ജീവിതമാവണം പുറമേരിത്തമ്പുരാന് അന്യമായ ഒരു മാനവിക ബോധം അയാളിലുണര്ത്തുന്നത്. കീഴ്ജാതിക്കാരിയായ ഒരു സ്ത്രീയുടെ അവിഹിത സന്തതിയെ തറവാട്ടിലെ കുട്ടിയായി കാണാന്‍, അവന് വിദ്യാഭ്യാസം നല്കാന് അയാള്‍ തയ്യാറാണ്. മാറ് മറയ്ക്കാത്ത പെണ്ണുങ്ങള്ക്കയാള് ഉടുപുടവ നല്‍കുന്നുണ്ട്, പലപ്പോഴുമത് തന്റെ അധികാരത്തിന്റെ സ്ഥാപനമെന്ന നിലയിലോ, ശരീരകാമനകളുടെ പൂര്‍ത്തീകരണത്തിനോ ആയാണ് എന്നതാണ് കൗതുകം. മാറ് മറയ്ക്കാന്‍ കൂട്ടാക്കാത്ത, തന്റെ കാര്യസ്ഥന്റെ ഭാര്യയെ അയാള്‍ മാറ് മറയ്പ്പിക്കുന്നത് അവരുടെ ശരീരാഭിമാനത്തിലേക്ക് കടന്നു കയറിയാണ്. റംസാന് മാസത്തില്‍ കാഴ്ച്ചക്കുലകളുമായെത്തുന്ന മുല്ലേരി കുഞ്ഞിക്കണ്ണന്റെ മകള്‍ നീലിയെ ലൈംഗികമായി കീഴ്പ്പെടുത്തിയാണ് അയാള്‍ മാറ് മറപ്പിക്കുന്നത്. വസ്ത്രരാഹിത്യമല്ല, വസ്ത്രധാരണമായിരിക്കണം അയാളുടെ കാമനകളെ ഉണര്‍ത്തുന്നത്. ഭാര്യയുടെ പ്രസവമെടുക്കാന്‍ വന്ന അലമേലു ഡോക്ടര്‍ അയാളില്‍ കാമമുണര്ത്തുന്നതില് അവരുടെ ആധുനിക വസ്ത്രധാരണ രീതിക്ക് പങ്കുണ്ട്. ആധുനികമായ ശരീരാവബോധം അയാളുടെ ചോദനകളെ നിര്‍ണയിക്കുന്നു. പാലപ്പുരയിലെ മമ്മതു ഹാജിയില്‍ നിന്നയാള്‍ എത്രയോ ആധുനികനാണ്.
മറു ഭാഗത്ത്, തന്റെ ഭൂ അധികാരിത്വത്തെ പ്രഭുത്വസമാനമായി പരിപോഷിപ്പിക്കാന്‍ അയാള്‍ മറക്കുന്നുമില്ല. നാടുവാഴി സമാനനായി, പ്രത്യക്ഷവും പരോക്ഷവുമായ അധികാര പ്രഖ്യാപനം അയാളില്‍ ഉടനീളമുണ്ട്. അടിയിളകുന്ന ഫ്യൂഡലിസം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരീക്ഷിച്ച ഒരു രാഷ്ട്രീയ തന്ത്രം തന്നെ ആയിരിക്കണമിത്. പുറത്ത് ലോകം കത്തിക്കൊണ്ടിരിക്കയാണെന്നു തിരിച്ചറിഞ്ഞ എല്ലാ മേധാവി വര്‍ഗ്ഗവും ചിഹ്നരമായി ആധുനികനായി അവബോധപരമായ ഫ്യൂഡലിസത്തെ മറച്ചിരുന്നു. പ്രഭുത്വം നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കാന്‍ അവരുടെ കൈയിലുള്ള ഏക വഴി അതായിരുന്നിരിക്കണം. ചരിത്രത്തിന്റെസവിശേഷമായ ഈ രസതന്ത്രമാണ് അറയ്ക്കല്‍ തറവാട്ടിലെ ഖാന്ബഹദൂര് പൂക്കോയത്തങ്ങള്‍.
പുരാവൃത്തങ്ങളുറങ്ങുന്ന നാട്ടുവഴികള്‍
സമകാലികതയും പ്രാക്തനതയും തമ്മില്‍ നൈരന്തര്യമുള്ളൊരു സമാന്തരഭാവം കണ്ടെത്തുകയും അതിനെ ആഖ്യാനം ചെയ്യുകയായിരുന്നു ജെയിംസ് ജോയിസ് യുളീസസിലൂടെ എന്ന് ടി.എസ്.എലിയറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിരൂപാത്മകമായ ശീര്‍ഷകത്തിന്റെ കുടയ്ക്കുള്ളില് പുനത്തില്‍ ആവിഷ്കരിക്കുന്നതും ഈ സമാന്തര ലോകത്തെയാണ്. നാട്ടുകഥകള്ക്ക് ഒട്ടും പഞ്ഞമില്ല കാരക്കാട്ടുകാര്ക്കിടയില്. ആ കഥകള്‍ പക്ഷേ, കേവലകഥകളായല്ല ഭവിതചരിത്രമായിത്തന്നെയാണ് നോവലില്‍ നിറയുന്നത്. പലപ്പോഴും നമ്മുടെ നിരൂപകര്‍ 'ഫാന്റസിക് വേള്‍ഡ് ' എന്നു സ്മാരകശിലകളെ തെറ്റിദ്ധരിക്കുന്നത് അതില്‍ നിറഞ്ഞുതുളുമ്പുന്ന നാട്ടുകഥകളെക്കണ്ടാവാം.
കാരക്കാട് റെയില്‍വെ സ്റ്റേഷന് വന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ളത് വസ്തുനിഷ്ഠ ചരിത്രമല്ല, കെട്ടുകഥയാണ്. സിങ്കപ്പൂര്‍ യാത്രക്കൊരുങ്ങിയ പൂക്കോയത്തങ്ങളുടെ പിതാവ് ആറ്റക്കോയക്ക് മുന്പില് കുതിച്ചു വരുന്ന ട്രെയിന്‍ തനിയെ നിന്ന സ്ഥലത്താണ് പിന്നീട് റെയില്‍വെ സ്റ്റേഷന് വന്നത്. ആധുനികീകരണത്തിന്റെയും സാങ്കേതിക വികാസത്തിന്റെയും സമീപ ഭൂതകാല ചരിത്രം പോലും കാരക്കാട്ടുകാര്‍ക്ക് കെട്ടു കഥയുടെ അലങ്കാരത്തിനുള്ളിലാണ്. വടകര അങ്ങാടിയില്‍ കുരുമുളക് വിറ്റു തിരിച്ചു വരവേ, കുഞ്ഞിപ്പള്ളി മൈതാനത്തില്‍ ബാപ്പുക്കണാരനും കുഞ്ഞാമനും ജിന്നുകള്‍ക്കിടയില്‍ കുടുങ്ങുന്നുണ്ട്. കുരുമുളക് വിറ്റ പണം നേര്‍ച്ച മൈതാനിയിലെ ചായക്കടക്കാരനെ ഏല്പിച്ച് മയങ്ങുന്ന ഇരുവരും ഉണരുന്നത് വിജനമായ പള്ളിപ്പറമ്പിലാണ്. അടുത്ത വര്‍ഷം, അതേ ദിവസം കുഞ്ഞിപ്പള്ളി മൈതാനിയില്‍ അവര്‍ പോയോ, ജിന്നുകളില്‍ നിന്ന് പണം തിരികെ വാങ്ങിയോ എന്നു കഥയില്‍ സൂചനകളില്ല. പക്ഷേ, മനുഷ്യരെപ്പോലെ ജിന്നുകളും ഇഫ്രീത്തുകളും അതിഭൗതിക ശക്തികളും ആ പളളിപ്പറമ്പിലും ഇടവഴികളിലുമുണ്ട്.
എന്താണീ മിത്തുകള്‍.? മുകളില്‍ പറഞ്ഞ ഓര്‍മ്മയോ ചാരിത്രമോ ഇല്ലാത്ത ആ ജനവിഭാഗം വാസ്തവത്തില്‍ ജീവിക്കുന്നത് മിത്തുകള്ക്കുള്ളിലാണ്. ആ മൈത്തിക ലോകത്തെ അവര്‍ ഭൗതികലോകവുമായി കൂട്ടി വിളക്കുന്നു. സ്വയം സൃഷ്ടിച്ചെടുത്ത ഈ സമാന്തര ലോകം, പുതിയ കാലത്തിന്റെ സംഘര്‍ഷത്തോടുള്ള പ്രതികരണമാവാം. റെയില്‍വെ ആപ്പീസും,സ്കൂളും, വടകര താലൂക്കാസ്പത്രിയും, തോക്കു പിടിച്ച എം എസ് പിക്കാരും, ചെറിയ തലയും വലിയ ഉടലുമുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എല്ലാം ചേര്‍ന്നു നിര്‍മിക്കുന്ന തങ്ങള്‍ക്കന്യമായ പുതിയ ക്രമീകൃത-വ്യവസ്ഥാപര-നൈയാമിക ലോകത്തിന് സമാന്തരമായി അവ്യവസ്ഥരും, അഴിഞ്ഞ് ചിതറിയവരുമായ കാരക്കാടുകാര് മൈത്തികതയുടെ സമാന്തര ലോകം സൃഷ്ടിക്കുകയായിരിക്കണം.
വിഭ്രമാത്കമായ ഈ ലോകവും, യുക്തിയുടെ പുതിയ ലോകവും തമ്മിലുള്ള ഏറ്റുമുട്ടല്‍ എത്രയോ ഭാഗങ്ങളില്‍ നോവലില്‍ ചേര്‍ക്കപ്പെടുന്നുണ്ട്.
'ഭൂമി ഉരുണ്ടതോ പരന്നതോ?' വട്ടക്കണ്ണിട്ട് അങ്ങുമിങ്ങും നോക്കിക്കൊണ്ട് മൂസ്സ മുസ്ലിയാര് ചോദിച്ചു.
'ഞ്ഞി പറടാ പീടികേന്റെ വയ്യില് താമസിക്കും കുഞ്ഞിപ്പോക്കര് '.
കുഞ്ഞിപ്പോക്കര് എഴുന്നേറ്റു നിന്നു. എന്നിട്ടു പറഞ്ഞു;
'പരന്നിറ്റ് '
'ശറി. പക്കേങ്കില് അത് ഞമ്മളെ ഇസ്ലാം ദീന് പ്രകാരം. സെയന്സില് ഭൂമി ഉരുണ്ടതോ പരന്നതോ '...?
കുഞ്ഞിപ്പോക്കര് വിഷമിച്ചു. സയന്‍സിലായാലും ദീനിലായാലും ഭൂമി പരന്നിട്ടു തന്നെ.
'സയന്‍സിലും പരന്നിറ്റ് തന്നെ '
മൂസ്സ മുസ്ലിയാര്‍ക്ക് ഹാലിളകി:
' ഇങ്ങ് ബാ ഹമുക്കേ..!'
കുഞ്ഞിപ്പോക്കരുടെ മൊട്ടത്തലയില് ചോക്കു കൊണ്ടു മുദ്രണം ചെയ്യപ്പെടുന്ന പൂജ്യം ഇരു ലോകസംഘര്ഷങ്ങള്ക്കിടയില് അന്തിമ ഉത്തരം കിട്ടാത്ത അയാളുടെ വൈഷമ്യത്തിന്റെ പ്രതീകമാണ്. ഈ ഉത്തരം കിട്ടായ്കയാണ് സ്മാരകശിലകളിലെ ഓരോ കഥാപാത്രവും ഏറിയും കുറഞ്ഞും അനുഭവിക്കുന്നതും. ഖസാക്കിലെ പോലെ കാരക്കാട് സത്തിയം പലതല്ല, സത്യം ഏതാണെന്നവര്ക്കറിയില്ല. ആ നാടിന്റെ പൊതുമണ്ഡലമായ ഒമ്പതരക്കണ്ണന്റെ ചായപ്പീടികയില്‍ നടക്കുന്ന ഒട്ടുമിക്ക ചര്‍ച്ചകളിലും സത്യം /ഉത്തരം പിടി കൊടുക്കാതെ വഴുതി നില്ക്കുന്നു. സ്വാമിയെ കുറിച്ചുള്ള കഥയായാലും ബുഹാരി പുറപ്പെട്ടു പോയതായാലും എവിടെ നിര്ത്തണമെന്നറിയാത്ത സന്ദിഗ്ധത.
ആധുനിക പൂര്‍വ്വമായ വ്യവഹാര ലോകവും, യുക്തിപരമായ ആധുനിക ലോകവും തമ്മിലുള്ള നേര്‍ക്കു നേരിലുള്ള ഇടി. ഈ സംഘര്‍ഷത്തെ, വിഭ്രമാത്മകതയുടെ സമാന്തര ലോകം സൃഷ്ടിച്ച് നേരിടുകയാണവര്‍. അവിടെ കുത്തിയ റാത്തിബില്‍ ചൂഴ്ന്നെടുക്കപ്പെട്ട് കിണ്ണത്തില്‍ വിശ്രമിക്കുന്ന കണ്ണുകളുണ്ട്, നജ്സായ പെണ്ണ് പുറത്തിറങ്ങിപ്പോകെയുള്ള മുറി കൂടലുണ്ട്, ആ ലോകത്ത് തടവറയില്‍ നിന്ന് രാജകുമാരനെ രക്ഷിക്കാന്‍ എത്തുന്ന ജിന്ന് രാജകുമാരനുണ്ട്. പുറത്തെ ഇരമ്പിയാര്‍ക്കുന്ന ജീവിതത്തിനുള്ള പരിഹാരമായി മൈത്തികതയുടെ സമാന്തര ലോകത്തെ പുല്കുകയാണ് കുഞ്ഞീബി ചെയ്തത്. കടപ്പുറത്ത് സ്വര്‍ണ്ണമത്സ്യം പോലെയടിഞ്ഞ അവളുടെ മരണം ആത്മഹത്യയാവാതെ പോവുന്നത് അത് അഗാധമായി ചരിത്രപരമായതിനാലാണ്.
ഭ്രാന്തും കോളറയും കൊലപാതകവും വ്യഭിചാരവും കൂടിക്കുഴഞ്ഞ ഇരുണ്ട ലോകത്തിന്റെ ബിംബമാണ് പള്ളിപ്പറമ്പിലെ സ്മരകശിലകളെന്ന് വായിക്കപ്പെട്ടു കഴിഞ്ഞതാണ്. അതിനോട് ചേര്‍ന്നു നിന്നു കൊണ്ടു തന്നെ പറയട്ടെ മീസാന്‍ കല്ലുകളുടെ രൂപകത്തിന്റെ താഴെ വടക്കേ മലബാറിന്റെ ചരിത്രജീവിതം ഇരമ്പിയാര്‍ക്കുന്നു. ഇതിഹാസമാനമുള്ള അസംഖ്യം കഥാപാത്രങ്ങളിലൂടെ. സിമന്റ് ടാങ്ക് നിറയുന്നതു വരെയല്ല, താന്‍ തളരുന്നത് വരെ വെള്ളം കോരിയിരുന്ന എറമുള്ളാന് മുക്രി മുതല്‍ 'ആയോ' 'എടുക്കട്ടെ' എന്നീ രണ്ടു ചോദ്യങ്ങളുമായി ബടാപ്പുറത്തിനും അടുക്കളയ്ക്കുമിടയില്‍ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കുട്ടി ഹൈദ്രോസ് വരെയുള്ള ബഹുമുഖ വ്യക്തികളിലൂടെ. ഒരര്‍ത്ഥത്തില്‍ സാഹിത്യം ചെയ്യുന്നതും അത് തന്നെയാണല്ലോ. വസ്തുനിഷ്ഠ ചരിത്രജ്ഞാനത്തിന്റെ പുറമ്പോക്കിലായിപ്പോകുന്ന അനുഭവചരിത്രത്തെ ആവാഹിച്ചെടുക്കല്. അവകാശവാദമൊട്ടുമില്ലാത്തആ ആവഹനശേഷി കൊണ്ടായിരിക്കണം ഘട്ട വിഭജനങ്ങളെയും, സൗന്ദര്യയുക്തിയെയും മറികടന്ന് സ്മാരകശിലകള്‍ മലയാള നോവല്‍ ചരിത്രത്തില്‍ ചിറക് വിടര്‍ത്തി നില്‍ക്കുന്നത്.
പുനത്തിലിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Hihlights: Smarakasilakal Malayalam Novel, Punathil Kunjabdulla
Content Highlights: