തനതും തന്റേടമുറ്റതുമായ സ്ത്രീശബ്ദം, എഴുത്തിലൊരു പെൺമൊഴിയും പെൺവഴിയും കണ്ടെത്തിയ സാറാ ജോസഫ്

#സജയ് കെ.വി.
സാറാ ജോസഫ്| ഫോട്ടോ: പി.പി. ബിനോജ്
സാറാ ജോസഫ്| ഫോട്ടോ: പി.പി. ബിനോജ്

മാധവിക്കുട്ടി എന്ന കമലാദാസ് ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിത്തെളിച്ച വഴിയിലൂടെയാണ് പിന്നീട് മലയാളത്തിലെ സ്ത്രീവാദസാഹിത്യം നടന്നുമുന്നേറിയതും കഥയിലും കവിതയിലും നോവലിലും അതിന്റെ ദൃഢപാദമുദ്രകൾ പതിച്ചിട്ടതും. മാധവിക്കുട്ടിക്കു പിന്നാലെവന്നവർ പലരായിരുന്നു. ആ പലരിൽ ഒരാളായല്ല സാറാ ജോസഫിനെ നമ്മൾ കാണുന്നത്. മാധവിക്കുട്ടിയിൽനിന്ന്‌ വ്യത്യസ്തവും തനതും തന്റേടമുറ്റതുമായ സ്ത്രീശബ്ദമായിരുന്നു ഈ എഴുത്തുകാരിയുടേത്.

‘പാപത്തറ’ എന്ന സമാഹാരത്തിലെ ദാരുശില്പഗരിമയുള്ള കഥകളിലൂടെയായിരുന്നു സാറാ ജോസഫിന്റെ, എഴുത്തിന്റെ മുഖ്യധാരയിലേക്കുള്ള അരങ്ങേറ്റം. എഴുത്തിലൊരു പെൺമൊഴിയും പെൺവഴിയും തിരഞ്ഞുകണ്ടെത്താനും അതിനെ സൗന്ദര്യഭദ്രമായ ദൃഢാക്ഷരങ്ങളിൽ കോറിയിടാനുമുള്ള ധീരയത്നമായിരുന്നു അത്. മലയാളകഥയിൽ സ്ത്രീവാദസൗന്ദര്യശാസ്ത്രം എന്ന ഒന്നിന് ബലിഷ്ഠമായ അടിത്തറപണിത കഥകളായിരുന്നു അവ. പെൺകുഞ്ഞുങ്ങളെമാത്രം പെറുന്നവളെയും ഉറയുന്ന മുടിത്തെയ്യമായി സ്വയം ആവിഷ്കരിക്കുന്നവളെയും ആ കഥകൾ നമുക്ക്‌ കാട്ടിത്തന്നു. തുടർന്ന് ‘ആലാഹയുടെ പെൺമക്കൾ’ തൊട്ടുള്ള നോവലുകളുടെ വരവായി. നോവലിന്റെ പെരുംതച്ചിലേക്കുള്ള, തച്ചന്റെ മകൾ എന്നോണം, ഒരു കഥാകാരിയുടെ പകർന്നാട്ടമായിരുന്നു അത്. മാറ്റാത്തി, ഊരുകാവൽ, ആതി, ഒതപ്പ്, ആളോഹരി ആനന്ദം, ബുധിനി തുടങ്ങിയ എണ്ണംപറഞ്ഞ നോവലുകൾ അങ്ങനെ പിറവികൊണ്ടു.

മാറ്റിത്തെളിച്ച ഭാഷ

നോവലിനെക്കാൾ ചെറുകഥയായിരുന്നു മാധവിക്കുട്ടി തന്റെ പ്രതിഭയുടെ മാറ്റുരയ്ക്കാൻ കണ്ടെത്തിയ മാധ്യമമെങ്കിൽ, മറിച്ചായിരുന്നു സാറാ ജോസഫിന്റെ എഴുത്തുവഴക്കം. നോവൽ എന്ന ബൃഹദ്ശില്പമാതൃകയിലായിരുന്നു അവർ തന്റെ സർഗോർജം ഏറെ ചെലവഴിച്ചതും മികച്ച കഥനശില്പങ്ങൾ ഉരുത്തിരിച്ചെടുത്തതും. കഴിഞ്ഞ കാൽനൂറ്റാണ്ടിലെ മലയാളനോവലിൽ അത്രമേൽ ശ്രദ്ധാർഹമായ പെൺപാതകളിലൊന്ന് സൃഷ്ടിച്ചത് സാറാ ജോസഫാണ്. സമീപകാലത്ത്‌ പുറത്തിറങ്ങിയ കറ എന്ന നോവൽവരെ എത്തിനിൽക്കുന്നു ആ എഴുത്തുകാരി വെട്ടിത്തെളിച്ച മൗലികവും വ്യത്യസ്തവുമായ നോവൽരഥ്യകൾ.

‘കോക്കാഞ്ചിറ’ എന്ന കീഴാളഭൂമികയുടെയും അവിടത്തെ മനുഷ്യരുടെയും കഥ, ആനിയെയും അവളുടെ അമ്മാമ്മയെയും മുൻനിർത്തി പറയുകയായിരുന്നു ‘ആലാഹയുടെ പെൺമക്കളി’ൽ സാറാ ജോസഫ്. ആലാഹയുടെ തുടർച്ചയെന്നുപറയാവുന്ന ‘മാറ്റാത്തി’യിലാകട്ടെ, ബ്രിജിത്ത എന്ന ഇളയമ്മയുടെ കീഴിൽ വിഴുപ്പലക്കിക്കഴിയേണ്ടിവന്ന ലൂസിയുടെയും ‘മരിയാപുരം’ എന്ന ഗ്രാമത്തിന്റെയും കഥയാണ് പറയുന്നത് നോവലിസ്റ്റ്. പോഞ്ഞിക്കര റാഫിയുടെ ‘സ്വർഗ്ഗദൂതൻ’(1958) മുതൽ എസ്. ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’(2025)വരെ, ആൺകുട്ടിക്കാലവും അവന്റെ ലോകവും പ്രമേയമാകുന്ന നോവലുകൾക്ക് വലിയ പഞ്ഞമൊന്നുമില്ലാത്ത മലയാളനോവലിലേക്ക്‌ ആനിയെയും ലൂസിയെയും കടത്തിവിടുകവഴി, സ്ത്രീകേന്ദ്രിതമായ പുതിയൊരു ആഖ്യാനവഴി തുറന്നിടുകയായിരുന്നു സാറാ ജോസഫ്.

‘ആതി’യിലേക്ക്‌ എത്തുന്നതോടെ, നോവലിസ്റ്റിന്റെ നോട്ടം ചൂഷിതമായ പെൺമയിലേക്കെന്നപോലെ ചൂഷിതമായ പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കുംകൂടി നീളുന്നു. ‘ആതി’ എന്ന, ശുദ്ധജലവും ശുദ്ധവായുവും ശുദ്ധരായ മനുഷ്യരുമുള്ള പച്ചത്തുരുത്ത് എങ്ങനെ വികസനവാദത്തിന്റെ ദുരയ്ക്കും ദുർമോഹത്തിനും ഇരയായി മലിനപ്പെടുന്നു എന്നതിന്റെ ആഖ്യാനവത്‌കരണമായിരുന്നു ആ നോവൽ; ഒപ്പം പലതരം കഥപറച്ചിലുകളുടെയും കഥപറച്ചിലുകാരുടെയും സംഗമസ്ഥാനവും.

ഇങ്ങനെയെല്ലാം, സ്ത്രീയെ കേന്ദ്രത്തിൽ നിർത്തുമ്പോഴും, വലിയ ആഖ്യാന-പ്രമേയ വൈവിധ്യമുള്ള ഒരു നോവൽപ്രപഞ്ചമാണ് സാറാ ജോസഫ് മലയാളത്തിൽ. സൃഷ്ടിച്ചത്, ‘നോവലിസ്റ്റ്’ എന്നത് ഏറിയകൂറും ഒരു പുല്ലിംഗപദമായിരുന്ന ഒരു ഭാഷയെ സംബന്ധിച്ച് വലിയൊരു വ്യതിയാനമായിരുന്നു അത്.

കാവ്യാത്മകമായ കഥനഭാഷ

ലീനമായ കാവ്യാത്മകതയോടുകൂടിയ കഥനഭാഷയാണ് സാറാ ജോസഫിന്റേത്. ആ കഥകളിലും നോവലുകളിലും എവിടെത്തിരഞ്ഞാലും കണ്ടെത്താവുന്നതേയുള്ളൂ അത്തരം ഗദ്യസന്ദർഭങ്ങൾ. അതിന്റെ ഒരു മാതൃകയിതാ:

‘ഒരുപറ്റം നീലശലഭങ്ങൾ പൊടുന്നനെ!

എണ്ണമറ്റവ. മണ്ണിലും മരത്തിലും മാനത്തുമായി പൊങ്ങിയും താണും പറന്ന് അവ അവൾക്കുചുറ്റും ഒരു നീലനദിയൊഴുക്കി.

ഇവിടന്നു പോയിട്ടെത്ര കാലമായി സോദരീ? എന്തേ മടങ്ങിവരാൻ ഇത്ര താമസിച്ചു? അവരവളെ തൊട്ടു. ചുംബിച്ചു. പാറിപ്പോയി.

ശലഭമേ, ശലഭമേ... അനു കൈ നീട്ടി. അവർ നർത്തകരായിരുന്നു. ആനന്ദനടനത്തിലുമായിരുന്നു. സ്വന്തം മൾബറിമരത്തിലേക്ക്‌ മടങ്ങിപ്പോകുവോളം ആ ഹർഷോന്മാദികൾ അവളുടെ വരവ് ആഘോഷിച്ചു.’ യാതനാവഹമായ ദാമ്പത്യം, പ്രണയത്തിന്റെയും പ്രകൃതിയുടെയും സ്വച്ഛമായ തുറസ്സുകളിലേക്ക്‌ മോചിപ്പിക്കപ്പെടുന്ന ഒരു നിമിഷത്തിന്റെ ആഖ്യാനമാണിത്, ‘ആളോഹരി ആനന്ദം’ എന്ന നോവലിൽനിന്ന്.

സാറാ ജോസഫ് എന്ന എഴുത്തുകാരി മലയാള ചെറുകഥ-നോവൽ സാഹിത്യത്തിലേക്ക്‌ പറത്തിവിട്ടതും ഇത്തരമൊരു ശലഭക്കൂട്ടത്തെയാണ്, സ്വാതന്ത്ര്യബോധത്തിന്റെ തിളങ്ങുന്ന നറുംനീലച്ചിറകുകളുള്ള പെൺശലഭങ്ങളുടെ ഒരു പെരുംപറ്റത്തെ.

‘ഷെഹ്റസാദ്’ എന്ന ബുദ്ധിമതിയും ഭാവനാശാലിയുമായ യുവതി പറഞ്ഞ കഥകളുടെ സഞ്ചയമായ ‘ആയിരത്തൊന്നുരാത്രി’കളെ, ‘വാക്കുകളാൽ പടുത്ത(സ്ത്രീ)സ്വാതന്ത്ര്യപ്രതിമ’ എന്നുവിശേഷിപ്പിച്ചത് സൽമാൻ റുഷ്ദിയായിരുന്നു. അതേ കഥപറച്ചിലുകാരിയെപ്പറ്റി വൈലോപ്പിള്ളി തന്റെ കവിതയിൽ ഇങ്ങനെയുമെഴുതി:

‘കഥതീരാൻ മണാളന്റെ

കരവാൾ കാത്തുനിൽക്കവേ

കളകണ്ഠമുതിർക്കുന്നു,

കമ്രനിർഭയസാഹിതി.’ ഈ ഈരടികളിൽ പെണ്ണെഴുത്തിന്റെ, സാറാ ജോസഫിന്റെ കഥകളെ മുൻനിർത്തി കവി സച്ചിദാനന്ദൻ കണ്ടെത്തിയ ‘ഫെമിനിസ്റ്റ് ലിറററേച്ചറി’ന്റെ ആ അസാമാന്യമലയാളപരിഭാഷയുടെ, ഒരു നിർവചനവുമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ക്രൂരവും ദയാരഹിതവുമായ പുരുഷാധിപത്യവ്യവസ്ഥയുടെ മുഖത്തുനോക്കി സർഗാത്മകയും ധിഷണാശാലിയുമായ ഒരുവൾ ഉതിർക്കുന്ന ‘കമ്രനിർഭയസാഹിതി’യുടെ പേരാകുന്നു അത്; ഷെഹ്‌റസാദിനെപ്പോലെ കഥനത്തിന്റെ എൺപതാണ്ടുകൾ പിന്നിടുന്ന സാറാ ജോസഫിന്റെ രചനാജീവിതത്തെയും ആ വാക്കിൽ സംഗ്രഹിക്കാമെന്നുതോന്നുന്നു.

(സാഹിത്യനിരൂപകനും അധ്യാപകനുമാണ് ലേഖകൻ)

Content Highlights: Explore the groundbreaking feminist literary journey of Sara Joseph, a celebrated Malayalam author whose works redefined women`s voices in literature.