'പക്കി പോയ്, പറവ പോയ്;ബാക്കി വല്ലതുമുണ്ടോ?';സ്വാതന്ത്ര്യത്തിന്റെ ചാരം ചികഞ്ഞ എന്‍.വി കൃഷ്ണവാരിയര്‍

സ്വാതന്ത്ര്യസമരകാലം എന്ന ത്യാഗനിർഭരവും ആദർശോജ്ജ്വലവുമായ കാലം, അതിന്റെ കേന്ദ്രചൈതന്യമായിരുന്ന മഹാത്മാവും, സൃഷ്ടിച്ച പ്രത്യാശയുടെ ചാമ്പൽക്കൂനയായിരുന്നു സ്വാതന്ത്ര്യാനന്തരഭാരതം. ഈ തിക്തതയെയും നിരാശതയെയും നിശിതമായി വാങ്മയപ്പെടുത്തിയ മലയാളകവികളിലൊരാൾ എൻ.വി.കൃഷ്ണവാരിയരായിരുന്നു. ഇംഗ്ലീഷിൽ പേരെഴുതുമ്പോൾ പാതി കളിയായും കാര്യമായും'Warrior' എന്നെഴുതുമായിരുന്നു എൻ.വി. എന്നു കേട്ടിട്ടുണ്ട്. തന്നിൽ ഒരു പോരാളിയുണ്ട്, താൻ ഒരു സ്വാതന്ത്ര്യസമര സേനാനിയും ക്വിറ്റിന്ത്യാ സമരത്തിൽ പങ്കാളിയുമായിരുന്നു എന്ന അഭിമാനബോധത്താൽ കൂടിയുള്ള കുസൃതിയാണത്. ഈ പോരാളി കണ്ട സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മ്ലാനചിത്രമാണ്' മോഹൻദാസ്ഗാന്ധിയും നാഥുറാംഗോഡ്സെയും',' ബാക്കി വല്ലതുമുണ്ടോ?' എന്നിവ പോലുള്ള തിക്തകവിതകളിൽ. ഈ തിക്തതയാലാണ് മലയാള കവിതയിലെ ആധുനികതയുടെ അഗ്രദൂതന്മാരിലൊരാളായി ഈ കവി സ്ഥാനപ്പെടുന്നതും. റ്റി.എസ്.എലിയറ്റിനെക്കൊണ്ട് വേസ്റ്റ് ലാന്റ് എഴുതിച്ച ഒന്നാം ലോകയുദ്ധാനന്തര യൂറോപ്പിന്റെ ശൂന്യതയേക്കാൾ കുറഞ്ഞ യാതൊന്നുമായിരുന്നില്ല വാരിയരേപ്പോലുള്ളവർക്ക് അഭിമുഖീകരിക്കേണ്ടി വന്ന സ്വതന്ത്രഭാരതത്തിന്റെ ഭഗ്നതയും ശൂന്യതയും ആദർശച്യുതിയും. എൻ.വി.യുടെ തരിശു നിലക്കാഴ്ച്ചയാണ് മുൻപു പരാമർശിച്ച 'ബാക്കി വല്ലതുമുണ്ടോ?' എന്ന കവിത. എട്ടു ഖണ്ഡങ്ങളിലായി കവി ഈ ചോദ്യമാവർത്തിക്കുകയും ആകാവുന്നത്ര ഋജുവും പരുഷവുമായി ആ മഹാശൂന്യതയുടെ ചിത്രം, കത്തി മുനയാലെന്നോണം , വാക്കാൽ വരയുകയും ചെയ്യുന്നു. കേകയുടെ ഗദ്യാത്മകഘടന അതിനെ പിന്തുണയ്ക്കുകയും പൊയ്പ്പോയവയുടെ ഒരു പെരുംപട്ടികയോ കരിംപട്ടികയോ ആയി കവിത രൂപം കൊള്ളുകയും ചെയ്യുന്നു. അവസാനത്തെ ഒരു ഖണ്ഡമൊഴികെ ബാക്കി എല്ലാറ്റിലും ഒരേ ഘടന, ഒരേ ഭാവം. അതിൽ നിന്ന് ഒരു ഖണ്ഡം മാത്രം ഇവിടെ എടുത്തെഴുതാം -
'ബാക്കി വല്ലതുമുണ്ടോ?
പൂവു പോയ് ,പൂക്കാലം പോയ്,
പക്കി പോയ്, പറവ പോയ്;
ബാക്കി വല്ലതുമുണ്ടോ?
മംഗള പ്രതീക്ഷ പോൽ കൂമ്പടയുന്നൂ വാഴ,
തെങ്ങോല വിശ്വാസം പോൽ
ചുരുണ്ടു കരിയുന്നു
കട്ടവിള്ളുന്നൂ നിലം,
അണ തൂരുന്നൂ, തോട്ടി -
ലൊക്കെയും മണൽ, വരമ്പിടിഞ്ഞു നിരക്കുന്നൂ,
വായുവിൽ നീറ്റം, വാനിൽക്കത്തൽ , പമ്പിലില്ലൂർജ്ജം, പാഴടഞ്ഞു പോയ്പ്പാടം : ബാക്കി വല്ലതുമുണ്ടോ?' കേരളീയമായ ബിംബാവലിയാലെഴുതിയ ഒരു തരിശുനിലക്കാഴ്ച്ചയാണിത്. മൂല്യങ്ങളുടെ മുരടിപ്പും തിരോധാനവും വന്ധ്യവും വിരസവും വിരൂപവുമാക്കിയ കാലത്തിന്റെ സ്ഥലചിത്രം. ഇതിങ്ങനെ ഏഴെട്ടു ഖണ്ഡങ്ങളിലായി ചുരുൾ നിവരുന്നതോടെ ആ വന്ധ്യതയും വിവിക്തതയും വായനക്കാരെക്കൂടി ഗ്രസിക്കുകയും തങ്ങളകപ്പെട്ട കാലത്തിന്റെ കൊടുമ ഒരു തീവ്രാനുഭവമായി മാറുകയും ചെയ്യുന്നു. കവിതയുടെ ശക്തിയാണത്. മ്ലാനമായ പരിഹാസത്തിന്റെയും മാരകമായ സത്യസന്ധതയുടെയും കറുപ്പും വെളുപ്പും മാത്രം ചാലിച്ചെഴുതിയ, പിക്കാസോയുടെ ഗുവർണ്ണിക്ക പോലൊരു (വാക്കിന്റെ) മ്യൂറൽ. ഗാന്ധിയൻ ധർമ്മരോഷമാണിത്. അത് കടമ്മനിട്ടയുടെ കാട്ടാളനെപ്പോലെ ക്രോധത്തിന്റെ അഗ്‌നിദ്രാവകം വമിക്കുന്നില്ല ,പകരം പുറമേയ്ക്കു ശാന്തമായ ഒരശാന്തപർവതം പോലെ നിന്നെരിയുക മാത്രം ചെയ്യുന്നു. ഈ ശാന്തവിക്ഷോഭമാണ് എൻ.വി.യുടെ 'ബാക്കി വല്ലതുമുണ്ടോ?' എന്ന കവിതയെ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ധ്വനിസംഗ്രഹവും ശക്തമായ ഒരു രാഷ്ട്രീയരചനയുമാക്കി മാറ്റുന്നത്. 'മോഹൻദാസ്ഗാന്ധിയും നാഥുറാംഗോഡ്സെയും' എന്ന കവിതയുടെ പ്രസക്തിയാകട്ടെ, അനുദിനമെന്നോണം ഏറി വരുന്നു. ഈ കവിതകളിലും ഇത്തരം കവിതകളിലുമാണ് ഇന്നും ആ മഹാനായ കവിയുടെയും പണ്ഡിതന്റെയും പത്രാധിപരുടെയും ആത്മചൈതന്യം ജ്വലിക്കുന്നത്. കവിതയുടെ ആ കുലീനദീപ്തിക്കു നമസ്കാരം.
Content Highlights: N.V Krishna Warrier, Sajay K.V, Mathrubhumidotcom