സാഹിത്യ പരിഷത്തിന്റെ നൂറു വർഷങ്ങൾ; ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രഭാഗം

#ഡോ. നെടുമുടി ഹരികുമാര്‍
AI Generated Image
AI Generated Image

ലോകത്തെ ആദ്യ ജനകീയ സാഹിത്യോത്സവം ഒരുപക്ഷേ, പരിഷത്ത് നടത്തിയ സാഹിത്യ സമ്മേളനങ്ങളായിരിക്കാം. 1949-ൽ ചെൽറ്റൻഹാം ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നതിനും പതിറ്റാണ്ടുകൾമുൻപ് കേരളക്കരയിൽ ആവേശകരമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവങ്ങൾക്ക് നേതൃത്വം നൽകിയ സാഹിത്യപരിഷത്തിന്റെ ജനശതാബ്ദിവേളയിൽ സമസ്തകേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ എഴുതുന്നു.

സമസ്തകേരള സാഹിത്യ പരിഷത്തിന് നൂറുവയസ്സ് തികഞ്ഞിരിക്കുന്നു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അവിച്ഛിന്നമായ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് സാഹിത്യ പരിഷത്ത് സ്ഥാപിതമായത്. ഭാഷാസാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തമ്മിൽ സൗഹാർദവും സഹകരണവും വളർത്തുന്നതിനും അത് ഉപകരിച്ചു. സാഹിത്യപരിഷത്തിന്റെ ചരിത്രം മലയാളഭാഷയുടേയും സാഹിത്യത്തിന്റെയും ചരിത്രം കൂടിയാണ്. ഐക്യകേരളം എന്ന ആശയം രൂപപ്പെടും മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന് മൂന്നായി പിരിഞ്ഞുകിടന്നിരുന്ന നാട്ടുരാജ്യങ്ങളുടെ സംയോജനം ആശയതലത്തിൽ സാധ്യമാക്കിയത് സമസ്തകേരള സാഹിത്യ പരിഷത്താണ്. സാഹിത്യകാരന്മാരുടെ ദീർഘദർശിതയ്ക്ക് ഉദാഹരണമായും ഇത് ചൂണ്ടിക്കാട്ടാം.

ഇടപ്പള്ളി സാഹിത്യസമാജം

കൊല്ലവർഷം 1102 തുലാം 29-ന് (1926 നവംബർ 14) എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സാഹിത്യവാസനയുള്ള ഏതാനുംപേർ ചേർന്ന് ഒരു സാഹിത്യസമാജത്തിന് രൂപം നൽകി. ഇടപ്പള്ളി ആർ. കൃഷ്ണൻ തമ്പാന്റെ അദ്ധ്യക്ഷതയിൽ രൂപംകൊണ്ട ആ സാഹിത്യസമാജത്തിന്റെ രക്ഷാധികാരി ഇടപ്പള്ളി കൃഷ്ണരാജ ആയിരുന്നു. ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ പന്ത്രണ്ടാം സമ്മേളനമാണ് പിൽക്കാലത്ത് സമസ്തകേരള സാഹിത്യപരിഷത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്. ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ പന്ത്രണ്ടാം യോഗം കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ടാവണം എന്ന് സമാജം പ്രവർത്തകർ എടുത്ത തീരുമാനമായിരുന്നു ഇതിനുപിന്നിൽ. സാഹിത്യമാജത്തിന്റെ അന്നത്തെ കാര്യദർശി ഇടപ്പള്ളി കരുണാകരമേനോൻ ഇതിന് മുൻകൈ എടുത്തു.

സാഹിത്യപരിഷത്തിന്റെ ആദ്യസമ്മേളനം

1927 ഏപ്രിൽ 24,25,26 തീയതികളിലാണ് സാഹിത്യപരിഷത്തിന്റെ ആദ്യസമ്മേളനം നടന്നത്. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയാണ് അദ്ധ്യക്ഷത വഹിച്ചത്. ഉള്ളൂരും വള്ളത്തോളും ജി. ശങ്കരകുറുപ്പുമൊക്കെ സമ്മേളനത്തിൽ പങ്കെടുത്തു. ആദ്യ പരിഷത്ത് സമ്മേളനത്തെക്കുറിച്ച് ഉയർന്നുവന്ന ആക്ഷേപം അതിൽ ഉത്തരകേരളത്തിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല എന്നാതാണ്. എന്നാൽ ഒന്നാം പരിഷത്ത് സമ്മേളനം അവസാനിച്ചത് 'സമസ്തകേരള സാഹിത്യപരിഷത്ത്' എന്ന പേരിൽ കേരളത്തിലെ എല്ലാ സാഹിത്യകാരന്മാർക്കും യോജിച്ചു പ്രവർത്തിക്കാവുന്ന ഒരു സംഘടന സ്ഥിരമായി വേണം എന്ന അഭിപ്രായത്തോടുകൂടിയാണ്.

രണ്ടാം സമ്മേളനം തൃശ്ശൂരിൽ

സാഹിത്യപരിഷത്തിന്റെ രണ്ടാം സമ്മേളനം കൊല്ലവർഷം 1103 ധനു 15, 16 തീയതികളിൽ (1927 ഡിസംബർ 30, 31) ആണ് നടന്നത്. തൃശൂർ വിവേകോദയം സ്‌കൂൾ അങ്കണത്തിലായിരുന്നു രണ്ടുദിവസത്തെ മഹാസമ്മേളനം. പടുകൂറ്റൻ സമ്മേളനപ്പന്തലാണ് ഇതിനായി പണിതീർത്തത്. ഈ പരിഷത്തിലാണ് ഉത്തരകേരളത്തിനു പ്രാതിനിധ്യം ലഭിച്ചത്. ഇതിന്റെ നടത്തിപ്പിനായി ഒരു പ്രവർത്തക സമിതിയുണ്ടാക്കി. അപ്പൻ തമ്പുരാൻ അദ്ധ്യക്ഷനും, പി. ശങ്കരൻ നമ്പ്യാർ, മേലങ്ങത്ത് അച്യുതമേനോൻ, ഇടപ്പള്ളി കരുണാകരമേനോൻ എന്നിവർ സെക്രട്ടറിമാരും ഉള്ളൂർ, വള്ളത്തോൾ, സാഹിത്യപഞ്ചാനനൻ, എം. രാമവർമ്മ തമ്പാൻ, കുറ്റിപ്പുറം, പുത്തേഴൻ, സി. എസ്. നായർ, സി. വി. കുഞ്ഞിരാമൻ, കുറ്റിപ്പുഴ, കറുപ്പൻ, പള്ളത്തു രാമൻ, ആറ്റൂർ, അമ്പാടി കാർത്ത്യായനി അമ്മ തുടങ്ങി ഇരുപത്തി ഒൻപതോളം പേർ അംഗങ്ങളുമായുള്ള സമിതിയായിരുന്നു അത്. ഈ സമിതി ഭാഷാഭിവൃദ്ധി പരിഗണിച്ച് ഏതാനും പ്രമേയങ്ങൾ പാസാക്കി. ഒരു സമഗ്രഭാഷാചരിത്രം ഉണ്ടാകണം എന്നതായിരുന്നു ആദ്യപ്രമേയം.

സമ്മേളനത്തിന് വിഭവസമൃദ്ധമായ സദ്യയും ആഹാരനീഹാരാദികളും ഉണ്ടായിരുന്നു. ദൂരെ നിന്നെത്തുന്ന അതിഥികൾക്ക് നാട്ടിലെ സാഹിത്യാസ്വാദകരുടെയും കരപ്രമാണിമാരുടേയും വീടുകളിൽ താമസസൗകര്യം ഒരുക്കിയിരുന്നു. ആഘോഷപ്പൊലിമയിലായിരുന്നു രണ്ടാം സമ്മേളനം മുതലുള്ള പരിഷത്ത് സമ്മേളനങ്ങളിൽ മിക്കതും നടന്നത്. രണ്ടാം സമ്മേളനം മുതലാണ് ഭാഷാസാഹിത്യ പ്രദർശനങ്ങൾ ആരംഭിച്ചത്. സമ്മേളനത്തിന്റെ ഇടവേളകളിലും രാത്രിയിലും കലാപരിപാടികളും ഉണ്ടായിരുന്നു. എന്നാൽ രണ്ടാം സമ്മേളനത്തിൽ ഭക്ഷണം ജാതി അടിസ്ഥാനത്തിലാണ് വിളമ്പിയത്. ഒന്നാം സമ്മേളനത്തിൽ ഈ വേർതിരിവ് ഉണ്ടായിരുന്നില്ല. 1531 രൂപ 12 അണ ആണ് സമ്മേളനത്തിന് ചെലവായത്. ബാധ്യതയായി വന്ന 450 രൂപ അനുവദിക്കണമെന്ന് അദ്ധ്യക്ഷനായ അപ്പൻ തമ്പുരാൻ കൊച്ചി ദിവാനോട് അഭ്യർത്ഥിച്ചു. 1928 ജനുവരി 31-ലെ കൽപ്പന പ്രകാരം ഭാഷാപരിഷ്‌കരണ കമ്മറ്റി ഈ തുക നൽകാൻ ദിവാൻ ഉത്തരവായി.

പരിഷത്തിന്റെ കോട്ടയ്ക്കൽ സമ്മേളനം

പരിഷത്തിന്റെ മൂന്നാം സമ്മേളനം കോട്ടയ്ക്കൽ വച്ചാണ് നടന്നത്, അതായത് മലബാറിൽ. അഖിലകേരള അടിസ്ഥാനത്തിൽ ഒരു സാഹിത്യസമ്മേളനം എങ്ങനെ സംഘടിപ്പിക്കണം എന്നതിനെക്കുറിച്ച് അപ്പോഴേയ്ക്കും പ്രവർത്തകർക്ക് ധാരണ ഉണ്ടായിക്കഴിഞ്ഞിരുന്നു. 1928 ഡിസംബർ 29, 30 തീയതികളിൽ നടന്ന കോട്ടയ്ക്കൽ സമ്മേളന വിവരങ്ങൾ പുസ്തകരൂപത്തിൽ ലഭ്യമാണ്. കോട്ടയ്ക്കൽ പരിഷത്തിന്റെ പ്രമേയങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിയിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയവും ഉൾപ്പെടുന്നു.

സമ്മേളനങ്ങൾ തിരുവനന്തപുരത്തും കൊല്ലത്തും

പരിഷത്തിന്റെ നാലും അഞ്ചും വാർഷിക സമ്മേളനങ്ങൾ തിരുവനന്തപുരത്തും കൊല്ലത്തും വച്ചാണ് നടന്നത്. തിരുവനന്തപുരം സമ്മേളനത്തിന് മഹാകവി ഉള്ളൂർ നേതൃത്വം വഹിച്ചു. തിരുവനന്തപുരം സമ്മേളന നടത്തിപ്പിനായി നൂറ്റിനാൽപ്പത്തിമൂന്ന് പേർ ഉൾപ്പെട്ട സൽക്കാരസംഘം രൂപീകരിച്ചിരുന്നു. സമ്മേളനസ്ഥലത്തിന് 'സാഹിത്യനഗരം' എന്നു പേരിട്ടു. സാഹിത്യകാരന്മാരുടെ ചിത്രങ്ങൾകൊണ്ട് പന്തൽ അലങ്കരിച്ചു. തൊട്ടടുത്ത സ്‌കൂൾ കെട്ടിടങ്ങൾ അതിഥികളുടെ താമസത്തിന് സൗകര്യപ്പെടുത്തി. ചെറുപ്പക്കാരായ സന്നദ്ധസേവകർ എല്ലാ കാര്യങ്ങളും നോക്കിനടത്തി.

1930 ഡിസംബർ 29,30,31- 1931 ജനുവരി 1 തീയതികളിലായിരുന്നു കൊല്ലത്തെ സമ്മേളനം. വേദിയിൽ തന്നെ നൂറോളം സാഹിത്യകാരന്മാർ ഉണ്ടായിരുന്നു. 29-ാം തീയതി രാവിലെ മഹാകവി വള്ളത്തോളിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം ഉള്ളൂരിന്റെ അദ്ധ്യക്ഷ പ്രസംഗമായിരുന്നു. സാഹിത്യസുന്ദരവും ഗംഭീരാശയപ്രചോദിതവുമായ പ്രഭാഷണങ്ങൾ സദസ്യർക്ക് പുതിയ സാഹിത്യാനുഭവമായി മാറി.

ഭാഷാഭിവൃദ്ധിക്കുള്ള ശ്രമങ്ങൾ

ഭാഷാഭിവൃദ്ധിക്ക് അധികാരസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളിലേക്ക് അധികൃതരുടെ ശ്രദ്ധകൊണ്ടുവരാനുള്ള പ്രമേയങ്ങൾ എല്ലാ യോഗങ്ങളിലും പരിഷത്ത് പാസാക്കിയിരുന്നു. ഭാഷാഭിവൃദ്ധി ലക്ഷ്യമാക്കിത്തന്നെയാണ് 1108 ചിങ്ങത്തിൽ പരിഷത്ത് ത്രൈമാസികം ആരംഭിച്ചത്. ഒന്നാം ലക്കത്തിന് മുഖചിത്രം ഉണ്ടായിരുന്നില്ല. സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസികം എന്നാണ് അച്ചടിച്ചിരുന്നത്.

ഉത്തരായനകാലം

സാഹിത്യപരിഷത്തിന്റെ ഏഴും എട്ടും സമ്മേളനങ്ങൾ യഥാക്രമം കോഴിക്കോട്ടും നിലമ്പൂരും വച്ചാണ് നടന്നത്. ഇതിനെ പരിഷത്തിന്റെ 'ഉത്തരായനകാലം' എന്നാണ് അപ്പൻ തമ്പുരാൻ വിശേഷിപ്പിച്ചത്. 1934-ലെ നിലമ്പൂർ സമ്മേളനത്തിന്റെ രണ്ടാമത്തെ സെഷനിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വള്ളത്തോൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. പ്രാചീന കൃതികൾ നന്നായി അച്ചടിപ്പിക്കണം, സാഹിത്യം ഒരു ഉപജീവനമാർഗ്ഗം ആവണം, രചനകൾക്ക് പ്രതിഫലം നൽകണം, ശബ്ദതാരാവലി പരിഷ്‌കരിക്കണം, ശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടാകണം തുടങ്ങിയ പുരോഗമനപരമായ നിർദ്ദേശങ്ങളാണ് മഹാകവി മുന്നോട്ടുവച്ചത്.

ടിക്കറ്റുവച്ചൊരു സാഹിത്യ സമ്മേളനം

1944 മേയ് 13,14,15 തീയതികളിൽ പരിഷത്തിന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ നടന്ന 16-ാം സമ്മേളനം ടിക്കറ്റുവച്ചാണ് നടത്തിയത്. എറണാകുളം മഹാരാജാസ് കോളേജായിരുന്നു വേദി. മഹാകവി വള്ളത്തോൾ ആദ്യയോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. പരിഷത്തിന്റെ 18-ാം സാഹിത്യോത്സവം, ഭാരതം സ്വാതന്ത്ര്യം നേടിയശേഷം 1947 മേയ് 17, 18 തീയതികളിൽ കോഴിക്കോട്ടുവച്ചാണ് നടന്നത്. എസ്. കെ. പൊറ്റക്കാട്ട് ആയിരുന്നു മുഖ്യശില്പി. ഈ യോഗങ്ങളിലെ പ്രഭാഷണങ്ങൾ അവലോകനം ചെയ്യുമ്പോൾ, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അലയൊലികൾ പരിഷത്ത് വേദിയിലും എത്തിയിരുന്നു എന്ന് വ്യക്തമാകും.

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യൻ ഭാഷ പഠിപ്പിക്കണം

മഹാകവി വള്ളത്തോൾ അദ്ധ്യക്ഷനായിരുന്ന കാലത്ത് സാമൂഹികപ്രാധാന്യമുള്ള പല വിഷയങ്ങളും പരിഷത്ത് പാസ്സാക്കിയ പ്രമേയങ്ങളിൽ കടന്നുവന്നിരുന്നു. ഹിന്ദി, ദക്ഷിണേന്ത്യയിൽ നിർബന്ധമാക്കുന്നതോടൊപ്പം ഉത്തരേന്ത്യയിലെ വിദ്യാലയങ്ങളിൽ ഏതെങ്കിലും ദക്ഷിണേന്ത്യൻ ഭാഷ പഠിപ്പിക്കണം എന്ന നിർദ്ദേശം അത്തരത്തിലൊന്നാണ്. ദക്ഷിണേന്ത്യയിലെ സർവ്വകലാശാലകളിൽ എല്ലാത്തിലും മലയാളത്തിന് പ്രഫസർഷിപ്പ് വേണം എന്ന നിർദ്ദേശവും ശ്രദ്ധേയമാണ്. സ്വകാര്യസ്‌കൂൾ അദ്ധ്യാപകർക്ക്, സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്ക് തുല്യമായ ശമ്പളം നൽകണം എന്നും പരിഷത്ത് ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുണ്ട്. മലയാള ഭാഷയോട് അധികാരികൾ കാണിക്കുന്ന അവഗണന, വിദ്യാലയങ്ങളിൽ പൗരസ്ത്യഭാഷാബിരുദം നേടിയവരോടുള്ള അവഗണന, ന്യൂസ് റീലുകളിൽ മലയാളഭാഷ ഉൾപ്പെടുത്താത്തത് തുടങ്ങി ഭാഷാസംബന്ധമായ ഒട്ടനേകം വിഷയങ്ങളിൽ പരിഷത്ത് അഭിപ്രായം പറഞ്ഞിട്ടുണ്ട്.

പുസ്തകപ്രസാധനരംഗത്തേക്ക്

വള്ളത്തോൾ അദ്ധ്യക്ഷനായിരുന്ന കാലത്ത് ജി. ശങ്കരകുറുപ്പ്, ബാലാമണിയമ്മ, വൈലോപ്പിള്ളി, തകഴി, ദേവ്, എ.ഡി.ഹരിശർമ്മ, കുറ്റിപ്പുഴ കൃഷ്ണപിള്ള, വയലാർ, അക്കിത്തം, എം. ലീലാവതി തുടങ്ങി അന്നത്തെ ഇളമുറക്കാർ വരെ പരിഷത്ത് യോഗങ്ങളിലും സമ്മേളനങ്ങളിലും സജീവമായി പങ്കെടുക്കുകയും അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 1957 ഫെബ്രുവരിയിലാണ് മഹാകവി ജി. ശങ്കരകുറുപ്പ് സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കാലത്ത് പരിഷത്ത് പുസ്തകപ്രസാധനരംഗത്തേക്കുകൂടി കടന്നു. ഒരു സഹകരണ സംഘം തുടങ്ങി. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് ആയിരുന്നു ഉദ്ഘാടകൻ. ജി. ശങ്കരകുറുപ്പിനെ തുടർന്ന് ശൂരനാട്ടുകുഞ്ഞൻ പിള്ള, എൻ. ഗോപാലപിള്ള, പി. കെ. നാരായണപിള്ള, ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ, മുണ്ടശ്ശേരി, എൻ.വി.കൃഷ്ണവാര്യർ, സുകുമാർ അഴീക്കോട് എന്നിവർ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പരിഷത്തിനെ മുന്നോട്ടുനയിച്ചു. ഒരു പ്രസിദ്ധീകരണശാലയും ബുക്ക്സ്റ്റാളും പരിഷത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചത് 1956-ലാണ്. ഇതോടൊപ്പം പരിഷത്ത് ഗ്രന്ഥശാലയും പ്രവർത്തനം തുടങ്ങി.

സാഹിത്യ പരിഷത്ത് മന്ദിരം

1963 സെപ്തംബർ 29 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് വീണ്ടും പരിഷത്ത് സാഹിത്യോത്സവം നടന്നു. അന്നു പുറത്തിറങ്ങിയ സ്മരണിക ഈടുറ്റ സാഹിത്യരചനകളാൽ സമ്പന്നമായിരുന്നു. സുകുമാർ അഴീക്കോടിനെ തുടർന്ന് സി.പി. ശ്രീധരൻ പരിഷത്തിന്റെ അദ്ധ്യക്ഷനായി. 1979-ലെ വാർഷിക പൊതുയോഗത്തിലായിരുന്നു സി. പി. തെരഞ്ഞെടുക്കപ്പെടുന്നത്. 1947-ൽ കൊച്ചി സർക്കാർ നൽകിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പരിഷത്ത്, കടബാദ്ധ്യതയിലും കേസിലും പെട്ട് പ്രവർത്തനം നിലയ്ക്കുമെന്ന സാഹചര്യം ഉണ്ടായെങ്കിലും സുകുമാർ അഴീക്കോടിന്റെയും സി. പി. ശ്രീധരന്റെയും പരിശ്രമഫലമായി അത്തരം പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുകയും സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുകയും ചെയ്തു. എറണാകുളം ജില്ലാ കളക്ടറായിരുന്ന എസ്. കൃഷ്ണകുമാറിന്റെ സഹായങ്ങളും മറക്കാനാവില്ല. മഹാകവി ജി. സ്മാരക ആഡിറ്റോറിയം ഉൾപ്പെടുന്ന ഇന്നു കാണുന്ന പരിഷത്ത് മന്ദിരം 1990 നവംബർ 12-നാണ് ് ഉദ്ഘാടനം ചെയ്തത്. എറണാകുളം മഹാരാജാസ് കോളേജിനും ജനറൽ ആശുപത്രിക്കും സമീപത്തായി പരിഷത്ത് മന്ദിരം തലയെടുപ്പോടെ നിലകൊള്ളുന്നു.

സാഹിത്യനേട്ടങ്ങളുടെ ജന്മശതാബ്ദി

സി.പി.ശ്രീധരനു ശേഷം പ്രൊഫ. എം. അച്യുതൻ, ഡോ.എം. ലീലാവതി, സി. രാധാകൃഷ്ണൻ എന്നീ സാഹിത്യപ്രതിഭകളും സാഹിത്യപരിഷത്ത് അദ്ധ്യക്ഷരായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സാഹിത്യവും സാഹിത്യേതരവുമായി പരിഷത്തിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങൾ ഉണ്ടാവില്ല. വന്നുപോകാത്ത സാഹിത്യകാരന്മാരും ആസ്വാദകരും ഉണ്ടാവില്ല. സാഹിത്യ പരിഷത്തിൽ വേദി കിട്ടുക എന്നത് എഴുത്തുകാരുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ക്ലാസിക് സാഹിത്യവും ജീവൽസാഹിത്യവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിന് പരിഷത്തിന്റെ അനേകം വേദികൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തകഴിയുടെയും കേശവദേവിന്റെയുമൊക്കെ സാഹിത്യത്തിനും ചിന്തകൾക്കും അംഗീകാരം ലഭിക്കുന്നതിന് പരിഷത്ത് സമ്മേളനങ്ങൾ സഹായമായിട്ടുണ്ട്. ആധുനിക സാഹിത്യവും ഉത്തരാധുനിക സാഹിത്യവുമൊക്കെ വിലക്കുകളേതുമില്ലാതെ ചർച്ച ചെയ്യപ്പെടാനും അവതരിപ്പിക്കാനുമൊക്കെ പരിഷത്ത് അവസരമൊരുക്കി. നവഭാവുകത്വത്തെ എന്നും കൈനീട്ടിപ്പുണരാൻ മാത്രമേ സാഹിത്യപരിഷത്ത് തയ്യാറായിട്ടുള്ളൂ. കേരളം സപ്തതിയിലെത്തിനിൽക്കുമ്പോൾ സമസ്തകേരള സാഹിത്യപരിഷത്ത് ജന്മശതാബ്ദി ആഘോഷിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ എന്തെല്ലാം പരിവർത്തനങ്ങൾ നാം കണ്ടു. ഈ പരിവർത്തനങ്ങൾക്ക് അക്ഷരഭാഷ്യം ചമയ്ക്കുന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു നിർവഹിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയുകയും ചെയ്യും. ഒരു നൂറ്റാണ്ടിനിപ്പുറമുള്ള പരിഷത്ത് സംഭാവനകളെ വിസ്മയത്തോടെയും പ്രതീക്ഷയോടെയും നമുക്കുനോക്കിക്കാണാം.

Content Highlights: Sahithya Parishath, Malayalam Language and Literature, Dr. M Leelavathy