‘ഞാനാണെന്നു പറഞ്ഞ് മറ്റൊരുവൻ ഇറങ്ങിയിട്ടുണ്ട്: അവൻ ഒരുത്തിയെ ഗർഭിണിയുമാക്കി’

ഞാനൊരു നോവലിസ്റ്റാണ്, അതിപ്രശസ്തൻ, ധനികൻ. അതൊന്നുമല്ല കുഴപ്പം. ഞാനാണെന്നു പറഞ്ഞ് മറ്റൊരുവൻ ഇറങ്ങിയിട്ടുണ്ട്. എൻ്റെ പുസ്തകങ്ങളുടെ പിൻചട്ടയിലെ ഫോട്ടോയും അവനും തമ്മിൽ വ്യത്യാസമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ പുസ്തകത്തിലേത് പഴയ ഫോട്ടോ ആണെന്നും ഇപ്പോൾ ഞാൻ അവനെപ്പോലെയാണെന്നും അവൻ തീർത്തുപറയും.
അവനൊരു മദ്യശാലയിൽച്ചെന്ന് അവിടെയുള്ള വിളമ്പുകാരി പെൺകുട്ടികൾക്ക് എൻ്റെ പുസ്തകങ്ങൾ ഒപ്പിട്ട് സമ്മാനിച്ചു. പിന്നെ അവൻ അവിടെ പറ്റുകാരനായി, അവിടെയുള്ള പെൺകുട്ടികളുമായി അടുപ്പത്തിലായി, എൻ്റെ കടുത്ത ആരാധികയായ ഒരുത്തിയെ ഗർഭിണിയുമാക്കി.
കടം പെരുകി അവൻ മുങ്ങിയപ്പോൾ ബാറുടമ എന്നെ വിളിച്ചു. അപ്പോഴാണ് ഈ സംഗതി ഞാനറിയുന്നത്. ബാറുടമ അവൻ ഗർഭിണിയാക്കിയ പെൺകുട്ടിയുമായി എന്നെ കാണാൻ വന്നു. അവനല്ല ഞാനെന്നു കണ്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. അതിസുന്ദരിയായിരുന്നു അവൾ. എനിക്കവളോട് സഹതാപം തോന്നി. സഹതാപം പിന്നെ പ്രണയമായി. ഞാനവളെ എൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവളുടെ താമസസ്ഥലത്തേക്ക് ചെല്ലുകയും ചെയ്തു. പക്ഷേ അവളിപ്പോഴും എന്നിലൂടെ അവനെത്തന്നെയാണ് പ്രണയിക്കുന്നതെന്ന് എനിക്ക് സംശയം തോന്നി.
എങ്ങനെയും അവനാകണമെന്നായി എൻ്റെ ആഗ്രഹം. അതു പക്ഷേ നടക്കില്ലല്ലോ. അതോടെ അവളുടെ മനസ്സിൽനിന്ന് അവനെ പിഴുതുകളയാനായി എൻ്റെ ശ്രമം. ആദ്യപടിയെന്ന നിലയ്ക്ക് അവളുടെ കൂടെ ഞാനൊരു പന്തുകളി മത്സരം കാണാൻ പോയി. മത്സരത്തിനിടയിൽ എല്ലാവരേക്കാളും ഉച്ചത്തിൽ ഒച്ചവെയ്ക്കുന്ന ഒരുവനിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു. ഉറക്കത്തിൽ നടക്കുന്നതു പോലെ അവൾ അയാളുടെ അടുത്തേക്കു ചെന്നു. അതായിരുന്നു അവൻ, അല്ലെങ്കിൽ ഞാൻ.
പിറ്റേന്ന് അവളെന്നെ വിളിച്ച് ക്ഷമാപണം നടത്തി. അവനിപ്പോഴും അവളോട് കടുത്ത പ്രണയമാണത്രേ. എൻ്റെ പുസ്തകങ്ങളോടുള്ള അവളുടെ താത്പര്യം അറിഞ്ഞതുകൊണ്ടാണ് അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ അവൻ ഞാനായി ചമഞ്ഞ് ആ പുസ്തകങ്ങൾ ഒപ്പിട്ടു സമ്മാനിച്ചത്.
എന്നെ ബുദ്ധിമുട്ടിച്ചതിൽ അവനിപ്പോൾ നല്ല കുറ്റബോധമുണ്ട്. പറ്റുമെങ്കിൽ നേരിട്ട് മാപ്പു പറയണമെന്നാണ് അവൻ്റെ ആഗ്രഹം. അതിനു വേണ്ടി ഒരു തവണ അവരെ കാണാൻ വരില്ലേ എന്നാണ് അവളിപ്പോൾ ചോദിക്കുന്നത്.
ഓഗസ്റ്റ് 17 ന് അന്തരിച്ച് ജപ്പാനീസ് എഴുത്തുകാരനും സിനിമാ സംവിധായകനും സംഗീതജ്ഞനുമായ ഡ്യൂ മുറാക്കാമി (Ryu Miurakami) എഴുതിയ I am A Novelist എന്ന ചെറുകഥ ഇങ്ങനെ ചുരുക്കിയെഴുതാം.
കഥയിലൊരിടത്ത് ഇങ്ങനെ പറയുന്നു. "എൻ്റെ നോവലുകൾ ബെസ്റ്റ് സെല്ലർ പട്ടികകളുടെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു - അവ എന്തിനെപ്പറ്റിയാണെന്ന് ഞാനടക്കം ആർക്കും കൃത്യമായ ധാരണയില്ലാതിരുന്നിട്ടു കൂടി.” ഇതു തന്നെയാണ് മുറാക്കാമിയുടെ നോവലുകളെപ്പറ്റിയും പറയാൻ കഴിയുക.
കുറ്റകൃത്യങ്ങൾ, ഭ്രമകല്പനകൾ, മയക്കുമരുന്നിടപാടുകൾ, ലൈംഗികത എന്നിവ നിറഞ്ഞ വ്യാമോഹരഹിതമായ ഒരു ഇരുണ്ട ലോകമാണത്. അദ്ദേഹത്തിൻ്റെ അതേ പേരുള്ള മറ്റൊരു പ്രശസ്തനായ എഴുത്തുകാരൻ്റെ, ഹരൂക്കി മുറാക്കാമിയുടെ, എഴുത്തിൽനിന്ന് ആ രചനകളെ വ്യത്യസ്തമാക്കുന്നതും അതുതന്നെ.
ഹരൂക്കിയുടെ കഥകൾ നീങ്ങുന്നത് ജാസ് സംഗീതത്തിൻ്റെ അലകളുള്ള വിഷാദാത്മകവും സ്വപ്നസന്നിഭവും അലൗകികവുമായ ലോകങ്ങളിലൂടെയാണെങ്കിൽ ഡ്യൂ മുറാക്കാമിയുടേത് റോക്ക് സംഗീതത്തിൻ്റെ കനംനിറഞ്ഞ അക്രമസ്വഭാവമുള്ളതും പരുക്കനും വഴിപിഴച്ചതുമായ കഥാപരിസരങ്ങളാണ്.
ഹരൂക്കിയുടെ ഏകാന്തത കാല്പനികമാണ്, ഡ്യൂവിൻ്റേത് ഞരമ്പുതകർച്ചയുടേയും.
1952ൽ നാഗസാക്കിയിൽ ജനിച്ച ഡ്യൂ മുറാക്കാമിയുടെ പ്രധാന രചനകൾ Almost Transparent Blue, Coin Locker Babies, In the Miso Soup, 69 എന്നിവയാണ്. Topaz, Because of You, Almost Transparent Blue തുടങ്ങിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. പ്രശസ്തമായ Akutagawa Prize, Tanizaki Prize തുടങ്ങിയവയ്ക്ക് അദ്ദേഹത്തിൻ്റെ രചനകൾ അർഹമായി.
സമൂഹത്തിൽ നിന്ന് വേർപെട്ടു നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെപ്പറ്റിയാണ് Almost Transparent Blue എന്ന പുസ്തകത്തിൽ പറയുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന അവർ സാധാരണജീവിതം നയിക്കുന്നവർ എന്നവകാശപ്പെടുന്നവരുടെ ദിനചര്യകൾ തകരാറിലാക്കുന്നു.
ജപ്പാനിലെ അമേരിക്കൻ വ്യോമസേനാതാവളത്തിനടുത്താണ് കഥ നടക്കുന്നത്. കൂട്ടത്തോടെയുള്ള ശാരീരികവേഴ്ചകളുടെയും മയക്കുമരുന്നുപയോഗത്തിൻ്റെയും വിവരണങ്ങളുള്ള നോവൽ പക്ഷേ ഒരു തരത്തിലും ആ പ്രതി -സംസ്ക്കാരത്തെ കാല്പനികവൽക്കരിക്കുന്നില്ല.
മനുഷ്യ ബന്ധങ്ങളെ ഭയക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ ഉറ്റവരെപ്പറ്റിയുള്ള സാധാരണ സങ്കല്പങ്ങൾ പോലും പേടിസ്വപ്നങ്ങളാണ് അവർക്ക്. ഒക്കിനാവ എന്ന കഥാപാത്രം പറയുന്നതിങ്ങനെ: '’എൻ്റെ ദുഃസ്വപ്നം എൻ്റെ സഹോദരനെക്കുറിച്ചുള്ളതാണ്. ഒറോക്കുവിൽ വെച്ചു നടന്ന യുദ്ധത്തിൽ അവൻ മരിച്ചു പോയി. അവൻ്റെ നല്ല ഒരു ഫോട്ടോ പോലുമില്ല; അച്ഛൻ വരച്ചൊടിച്ച വൃത്തികെട്ട ഒരു ചിത്രമല്ലാതെ. എന്നിട്ടും ഞാനവനെ സ്വപ്നം കാണുന്നു; ഭയങ്കരമല്ലേ അത്?”
സമൂഹം ശിഥിലമാകുമ്പോൾ ബന്ധങ്ങളും അവയെപ്പറ്റിയുള്ള ഓർമകൾ പോലും ഇരുട്ടുമൂടുന്നുവെന്ന് എഴുത്തുകാരൻ സൂചിപ്പിക്കുന്നു.
ജപ്പാനീസ് എഴുത്തുകാരൻ ഓട്ടോഹികോ കാഗ(Otohiko Kaga) എഴുതിയ Marshland എന്ന ഇതിഹാസസമാനമായ നോവലിൽ സമ്പന്നമായ ജപ്പാൻ്റെ പിന്നാമ്പുറങ്ങളിലെ ഇരുണ്ട കാഫ്കേയസ്ക്ക് ലോകത്തെ തുറന്നു കാണിക്കുന്നുണ്ട്.
നോവലിൽ നിരർത്ഥകമായി കുറ്റവിചാരണ ചെയ്യപ്പെടുന്ന അറ്റ്സുവോ എന്ന കഥാപാത്രം തനിഷ്ടപ്പെടുന്ന ഒരുവൾ തന്നെ നോക്കിയതിനെപ്പറ്റി പറയുന്നതിങ്ങനെ: ''എൻ്റെ നേരെ അവൾ നോക്കിയ നോട്ടത്തിൽ നിന്ന് മോചനം നേടാൻ എനിക്കു കഴിഞ്ഞില്ല. ജാലകത്തിനു പിന്നിൽ കട്ടിയേറിയ ഒരു തിരശ്ശീല നീക്കിയിടുന്നതുപോലെയായിരുന്നു അത്.“
സമൂഹം വ്യക്തികളെ ഒറ്റപ്പെടുത്തുമ്പോൾ നോട്ടങ്ങൾ കാണാനുള്ളതല്ല, കാഴ്ച മറക്കാനുള്ളതാണെന്നുതന്നെയാണ് മുറാക്കാമിയും പറയുന്നത്.
“എൻ്റെ ഓർമകൾ പെട്ടെന്ന് അനിശ്ചിതത്വമുള്ളവയായി മാറി. എനിക്കറിയില്ല ഞാൻ പറയുന്നതെല്ലാം ശരിക്കും സംഭവിച്ചതാണോ അല്ലെങ്കിൽ അതെല്ലാം ഞാൻ സ്വപ്നം കണ്ടതു മാത്രമാണോയെന്ന്.” In the Miso Soupഎന്ന നോവലിലെ ഒരു കഥാപാത്രത്തിൻ്റെ വാക്കുകളാണിവ.
മുറാക്കാമിയുടെ രചനകൾ വായിക്കുമ്പോൾ യഥാതഥമായ ആ മതിഭ്രമങ്ങളുടെ ഇരുട്ടിൽ വായനക്കാരും അകപ്പെട്ടു പോകുന്നു.