ഭാവിപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ച എന്നേയ്ക്കുമായി അവസാനിപ്പിച്ച റസ്‌കിന്‍ബോണ്ട്‌

-
-

''നിന്റെ നല്ല കയ്യക്ഷരം വച്ചുനോക്കുമ്പോൾ നിനക്ക് വക്കീലാപ്പീസിൽ ഗുമസ്തപ്പണിക്കുപോകാം.'' വലുതായാൽ തനിക്കൊരു എഴുത്തുകാരനാവണമെന്ന ആഗ്രഹം അമ്മയോട് പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞ മറുപടിയോർക്കുകയാണ് മഹാനായ സാഹിത്യകാരൻ റസ്കിൻ ബോണ്ട്. 1951-ലാണ് സംഭവം. ബോണ്ട് പരീക്ഷാഫലം കാത്തിരിക്കുകയാണ്. ഇനിയെന്ത് എന്ന ചോദ്യമാണ് ചുറ്റിലും മുഴങ്ങിക്കേൾക്കുന്നത്. ഇംഗ്ലീഷ് സാഹിത്യവും ചരിത്രവും ഭൂമിശാസ്ത്രവും തന്നെ രക്ഷിക്കും പക്ഷേ കണക്കും ഫിസിക്സും എന്താവുമെന്നറിയില്ല. കുഞ്ഞുകഥകളെഴുതിക്കൊണ്ട് പ്രശസ്തനാവുക എന്ന ആശയത്തോട് ആർക്കും പക്ഷേ യോജിപ്പില്ല. ജീവിതത്തിൽ എഴുത്ത് എക്കാലവും വരുമാനമാർഗമേയല്ല എന്ന് ബോണ്ടിന്റെ അമ്മ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നുമുണ്ട്.

രണ്ടാനച്ഛൻ കോളേജ് വിദ്യാഭ്യാസത്തിനയക്കാൻ മുതിർന്നപ്പോൾ ആർമിയിൽ ചേരാനാണ് അമ്മ നിർദ്ദേശിച്ചത്, പഠിപ്പിച്ച അധ്യാപകനാവട്ടെ ബോണ്ട് ഒരു മികച്ച അധ്യാപകനായിക്കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
എല്ലാം കൂടി ആശയക്കുഴപ്പത്തിലായി ബോണ്ടിന്റെ ഭാവി.

അധ്യാപകജോലി ബോണ്ടിനെ സംബന്ധിച്ചിത്തോളം ആർമിയേക്കാൾ സ്വീകാര്യമായിരുന്നു. അല്പസ്വല്പം സ്കൂൾ മര്യാദകളൊക്കെ പാലിക്കണം, ഗൃഹപാഠങ്ങൾ കൊടുത്തുവിടണം പിന്നെ അതിരാവിലെ കുട്ടികളെ കായികപരിശീലനം ചെയ്യിക്കണം. ആർമി എന്നാൽ കൂടുതൽ നിയമങ്ങളും നിബന്ധനകളുമാണ്. താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള ബൂട്ടുകൾ, അതികഠിനമായ കായികപരിശീലനങ്ങൾ, മാർച്ച്പാസ്റ്റുകൾ...കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല, ആർമി എന്ന ഓപ്ഷൻ ഉപേക്ഷിക്കാൻ!

ഒടുക്കം തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു-എഴുത്തുകാരനാവാം. അതിനുശേഷം മറ്റൊന്നുകൂടി ബോണ്ടിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ചു; എന്താണ് താൻ ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് മറ്റുള്ളവരുമായി ചർച്ചചെയ്യുന്നത് എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചു.

വായിക്കാനാവശ്യമായ പുസ്തകങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. പുസ്തകങ്ങൾ വാടകയ്ക്ക് വായിക്കാൻ കൊടുക്കുന്ന പുസ്തകശാലകൾ ധാരാളമായി ഉള്ള കാലമാണ്. അഗതാക്രിസ്റ്റി, ഡോൺപോഡ് യേറ്റ്സ്, സോമർസെറ്റ് മോഖാം, ജെയിംസ് ഹിൽട്ടൺ തുടങ്ങിയവരെയൊക്കെയാണ് ബോണ്ട് വാടകയ്ക്കെടുത്ത് വായിച്ചുതീർത്തത്. മാസത്തിൽ രണ്ടുരൂപ വായനയ്ക്കായി കണ്ടെത്തുന്നതിനായി എഴുത്തുകാരൻ അനുഭവിച്ച കഷ്ടതകൾ ചില്ലറയൊന്നുമല്ല.

''ചിലപ്പോൾ രണ്ടാനച്ഛൻ ഒന്നോ രണ്ടോരൂപ തരും. പക്ഷേ എന്റേതായ വരുമാനത്തിൽ നിന്നും പണം മുടക്കുന്നതിനെക്കുറിച്ചുമാത്രമായിരുന്നു എന്റെ ചിന്ത''- ബോണ്ട് പറയുന്നു. അതിനായി കണ്ടെത്തേണ്ടുന്ന മാർഗത്തെക്കുറിച്ചും ബോണ്ടിന് നിശ്ചയദാർഢ്യമുണ്ടായിരുന്നു. താൻ അത്രയും കാലം വായിച്ചു ഗ്രഹിച്ചതെല്ലാം പ്രായോഗികമായി ഉപയോഗിക്കുക. രാജ്യത്തെമ്പാടുമുള്ള പത്രങ്ങൾക്കും മാസികകൾക്കും കഥകളും ലേഖനങ്ങളും എഴുതി അയയ്ക്കാൻ തുടങ്ങി ബോണ്ട്.

മദ്രാസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മൈ മാഗസിൻ ഓഫ് ഇന്ത്യയിലാണ് ആദ്യമായി ബോണ്ടിന്റെ കഥ വന്നത്, ഒപ്പം പ്രതിഫലത്തുകയായ അഞ്ചുരൂപയും! അതിനുശേഷം എഴുതിയതെല്ലാം കണ്ണുംപൂട്ടി വിവിധ പ്രസിദ്ധീകരണങ്ങൾക്കയച്ചു. മിക്കവയും അച്ചടിച്ചുവന്നു. പ്രസിദ്ധീകരിക്കാത്തവയെക്കുറിച്ചോർത്ത് വേവലാതിപ്പെട്ടില്ല,മറിച്ച് അച്ചടിമഷി പുരണ്ട സൃഷ്ടികളെയോർത്ത് സന്തോഷം കൊണ്ടു.

പതിനേഴാം വയസ്സിലാണ് റസ്കിൻ ബോണ്ട് തന്റെ ആദ്യനോവലായ ''ദ റൂം ഓൺ ദ റൂഫ്'' എഴുതുന്നത്. പ്രഥമനോവലിന് ജോൺ ലാവ്ലിൻ റൈസ് മെമ്മോറിയൽ പുരസ്കാരം ലഭിക്കുകയുണ്ടായി. അതിനുശേഷം അഞ്ഞൂറോളം ചെറുകഥകൾ ബോണ്ട് എഴുതി. നാല്പതോളം ബാലസാഹിത്യകൃതികളും നിരവധി ലേഖനസമാഹാരങ്ങളും അദ്ദേഹം എഴുതി.

ഡെറാഡൂണിലെ കുട്ടിക്കാലവും ഏകാന്തതയുമാണ് തന്നെ ഒരെഴുത്തുകാരനാക്കി മാറ്റിയതെന്ന് ബോണ്ട് പറയുന്നു. ഇനിയുമെഴുതേണ്ടിയിരിക്കുന്ന കഥകളെക്കുറിച്ചുള്ള ചിന്തയിലാണ് എഴുപതുകാരനായ ബോണ്ട്. കുട്ടികളും ജന്തുജാലങ്ങളും നിറഞ്ഞ പ്രകൃതി തന്നോടുമാത്രം പറയുന്ന രഹസ്യങ്ങളെ അക്ഷരങ്ങളാക്കുകയാണ് താൻ ചെയ്യുന്നതെന്ന് ഏറ്റവും പുതിയ പുസ്തകമായ എ സോങ് ഓഫ് ഇന്ത്യ; ദ ഇയർ ഐ വെന്റ് എവേയിൽ റസ്കിൻ ബോണ്ട് പറയുന്നു.

Content Highlights: