വെല്ലുവിളിനിറഞ്ഞ എസ്.കെയുടെ ലോകസഞ്ചാരം; 'കുറേ മുഖങ്ങള്‍ കാണുന്നതുതന്നെ വലിയ അനുഭൂതി'

മലയാളസാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ സൂര്യശോഭയോടെ തിളങ്ങിയ എഴുത്തുകാരനാണ് എസ്.കെ പൊറ്റക്കാട്ട്. കവിത, കഥ, നോവല്‍, സഞ്ചാരസാഹിത്യം, നാടകം, ലേഖനസമാഹാരം, ജീവിതസ്മരണകള്‍ എന്നു വേണ്ട അദ്ദേഹം കൈവെക്കാത്ത ഒന്നും സാഹിത്യത്തില്‍ ഉണ്ടായിരുന്നില്ല. വിവര്‍ത്തനങ്ങളിലൂടെയും ജ്ഞാനപീഠപുരസ്‌കാര ലബ്ധിയിലൂടെയും ലോകത്തിനു മുന്നില്‍ എടുത്തുകാണിക്കാന്‍ തക്കവിധത്തില്‍ അദ്ദേഹം വളരുകയും ചെയ്തു. എഴുത്തുജീവിതത്തിനു പുറമേ, സാമൂഹികജീവിതത്തിലും അദ്ദേഹം വിജയിച്ചു. അധ്യാപകന്‍, സംഘാടകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കൃത്യമായ രാഷ്ട്രീയബോധ്യങ്ങളും നിലപാടുകളുമുള്ളയാളായിരുന്നു എസ്.കെ. രണ്ടുവട്ടം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1957-ല്‍ തലശ്ശേരിയില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചങ്കിലും പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ 1962-ല്‍ ഇതേ മണ്ഡലത്തില്‍ നിന്നു തന്നെ വിജയിച്ചുകയറി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അംഗം, തിരൂര്‍ തുഞ്ചന്‍ സ്മാരകസമിതി, മലബാര്‍ കേന്ദ്രകലാസമിതി, പുരോഗമന കലാസാഹിത്യ സംഘടനാഗം എന്നിങ്ങനെ അനേകം കര്‍മ്മമണ്ഡലങ്ങളില്‍ അദ്ദേഹം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
യാത്രയായിരുന്നു എസ്.കെയുടെ ഏറ്റവും വലിയ ഉദ്ദീപനവിഭാവം. അദ്ദേഹത്തിന്റെ സാഹിത്യകൃതികളില്‍ പോലും യാത്രകളുടെ സ്വാധീനം കാണാം. തന്റെ വിപുലമായ ലോകസഞ്ചാരമാണ് എസ്.കെ യുടെ പല സര്‍ഗ്ഗാത്മകരചനകളുടെയും പശ്ചാത്തലത്തിലും കഥാപാത്രസൃഷ്ടിയിലും പ്രവര്‍ത്തിച്ചത്. ദേശത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഭാഷണശൈലികളും അദ്ദേഹം സ്വീകരിക്കാറുണ്ട്. സുരക്ഷിതമായ ജോലികളും ജീവിതസൗകര്യങ്ങളും വിട്ട് വെല്ലുവിളികള്‍ നിറഞ്ഞ ദേശസഞ്ചാരങ്ങളില്‍ ഏര്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബാല്യം മുതല്‍ തുടങ്ങിയ യാത്രകളാണ് എസ്.കെ യെ ലോകസഞ്ചാരിയാക്കി മാറ്റിയത്. പൊറ്റക്കാട്ട് തന്നെ പറയുന്നത് നോക്കുക: ''യാത്ര പോലെ അത്രയും ഇഷ്ടപ്പെട്ട പ്രവര്‍ത്തി ഇന്നും എനിക്ക് വേറെയില്ല. യാത്രയുടെ രസം, ആഹ്ലാദം, ആ ത്രില്‍ അതെങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്താനാണ്. യാത്ര ചെയ്താലേ അറിയൂ. എന്തൊരു അത്ഭുതമാണ് ഈ ലോകം. കോടാനുകോടി മുഖങ്ങളാണ്. എന്നാല്‍ ഒരു മുഖവും മറ്റൊരാളുടെത് പോലെയല്ല. അത്തരം കുറെ മുഖങ്ങള്‍ കാണുക എന്നതുതന്നെ എന്തൊരു അനുഭവവും അനുഭൂതിയുമാണ്''.
എസ്.കെ യുടെ സഞ്ചാരസാഹിത്യത്തിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിനോക്കാം. 1935 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചു. 1945-ല്‍ വിപുലമായ കാശ്മീര്‍ യാത്ര നടത്തി. ആ യാത്രയുടെ രേഖപ്പെടുത്തലാണ് 1947-ല്‍ പുറത്തിറങ്ങിയ കശ്മീര്‍. 1949-ലാണ് ആദ്യത്തെ വിദേശയാത്ര. ആഫ്രിക്കയിലേക്കാണ് അദ്ദേഹം പോയത്. ആഫ്രിക്കന്‍ യാത്രയ്ക്ക് പുറപ്പെടുന്ന പൊറ്റക്കാട്ടിന് കോഴിക്കോട്ടെ സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍, അധ്യക്ഷനായ മാരാര്‍ എന്തിനാണ് ആഫ്രിക്കയിലേക്ക് തന്നെ പോകുന്നതെന്ന് എസ്.കെ യോട് ചോദിക്കുന്നുണ്ട്. അദ്ദേഹം അതിന്റെ മറുപടിയായി പറയുന്നത് ശ്രദ്ധേയമാണ്: ''ഭൂമിയില്‍ പച്ചമനുഷ്യരുള്ളത് ആഫ്രിക്കയിലാണ്. ആ കറുത്തവര്‍ഗ്ഗക്കാരെക്കുറിച്ച് പഠിക്കാനാണ് എന്റെ ശ്രമം.'' പതിനാറു മാസം നീണ്ടുനിന്ന ഈ യാത്രയില്‍ തന്നെ എസ്. കെ യൂറോപ്പും സന്ദര്‍ശിച്ചു. 1950-ലാണ് അത്. ഒന്‍പതുമാസത്തെ ആഫ്രിക്കന്‍ പര്യടനത്തിനു ശേഷം അലക്സാണ്ട്രിയയില്‍ നിന്ന് കപ്പല്‍ കയറി ഇറ്റലിയിലെത്തി. ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി. 1950 മെയ് മാസത്തില്‍ ലണ്ടനിലെത്തി. അവിടെ ഒന്നരമാസം തങ്ങി. ജൂലായ് എട്ടിന് തിരിച്ചു ഇന്ത്യയിലേക്ക് കപ്പല്‍ കയറി. ഓരോ ദേശത്തെപ്പറ്റിയും ആവശ്യമായ മുന്‍ അറിവുകള്‍ ശേഖരിച്ചാണ് അദ്ദേഹത്തിന്റെ യാത്രകളോരോന്നും. കൂടാതെ യാത്രയ്ക്കിടയിലും യാത്രാശേഷവും ആ സ്ഥലങ്ങളെക്കുറിച്ച് പരമാവധി അറിവുകള്‍ ശേഖരിച്ചാണ് അദ്ദേഹം യാത്രാവിവരണങ്ങള്‍ രചിച്ചത്. ഇന്നത്തെ പോലെ യാത്രാമാര്‍ഗ്ഗങ്ങള്‍ വികസിച്ചിട്ടില്ലാത്ത കാലമാണെന്ന് ഓര്‍ക്കണം. അന്ന് യാത്ര എന്നത് ഏറ്റവും വലിയ സാഹസികപ്രവര്‍ത്തി കൂടിയായിരുന്നു. ക്ലേശം സഹിക്കുക എന്നതായിരുന്നു അതിന്റെ തര്‍ക്കമില്ലാത്ത മുഖമുദ്ര.
സഞ്ചാരസാഹിത്യ ജനുസ്സിന്റെ അടിത്തറ ഒരുക്കിയ കൃതികളായിരുന്നു എസ്.കെയുടേത്. ഒരു ദേശത്തിന്റെ അടയാളപ്പെടുത്തലില്‍ അവിടുത്തെ ജനജീവിതം, ഭാഷ, സാഹിത്യം, സംസ്‌കാരം, പരിസ്ഥിതി എന്നു തുടങ്ങി സമസ്തഘടകങ്ങളെയും അദ്ദേഹം ഉള്‍ക്കൊള്ളിക്കാറുണ്ട്. പുറം കാഴ്ചകളില്‍ മാത്രം കറങ്ങുന്ന എഴുത്തല്ല എസ്.കെയുടേത്. ഉദാഹരണം നോക്കുക: 'ബാലിദ്വീപ്' എന്ന ഗ്രന്ഥത്തില്‍ ഉബൂദിലെ വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ പുത്തന്‍ ചട്ടിക്കലങ്ങള്‍ തലയില്‍ ഏറ്റിയ യുവതിയെ കാണുന്നു. അതിന്റെ എതിര്‍വശത്ത് നീണ്ട മുള തോളില്‍ വെച്ച കാവണ്ടച്ചുമട്ടുകാരനും മുഖാമുഖം വരുന്നു. ആര് ആര്‍ക്ക് വഴിമാറി കൊടുക്കും എന്നതാണ് എസ്.കെ യുടെ സംശയം. അദ്ദേഹം എഴുതുന്നു: ''ആ കിരീടം പാടത്ത് ഇറങ്ങിനിന്നു തുലാസ് കടന്നുപോന്നു. ആ യുവതി കിഴവന്റെ വഴിമുട്ടിക്കാതിരുന്നത് പ്രായത്തോടും പുരുഷത്വത്തോടുമുള്ള ആദരവുകൊണ്ടല്ല. ഒറ്റച്ചുമട് ഇരട്ടച്ചുമടിന് വഴിമാറിക്കൊടുക്കണമെന്നതാണ് ഇവിടുത്തെ നിയമം.'' ഇങ്ങനെ ചെറിയ സംഭവങ്ങളിലൂടെ ഒരു നാടിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് എസ്.കെ യുടെ രീതി. കേട്ടറിവുകള്‍ വെച്ചുകൊണ്ട് ഒരു ദേശത്തെയും മുന്‍വിധിയോടെ സമീപിക്കാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ നാടിന്റെയും ആന്തരിക വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ജീവിതരഹസ്യങ്ങളെയും അന്വേഷിച്ചറിയാനാണ് അദ്ദേഹത്തിന്റെ ശ്രമം. യാഥാര്‍ത്ഥ്യത്തിന്റെ ഉള്‍ക്കാമ്പ് കണ്ടെത്തുന്ന എസ്. കെ യുടെ ഒരു വിവരണം നോക്കുക. 'കാശ്മീര്‍' എന്ന യാത്രാവിവരണത്തില്‍ നിന്നും: ''കാശ്മീര്‍ കര്‍ഷകന്‍ ഭാഗ്യവാനല്ല. പരദേശികള്‍ മാത്രമാണ് ആ പ്രകൃതിസൗന്ദര്യത്തെ അനുഭവിക്കുന്നത്. കാശ്മീര്‍ കര്‍ഷകനു കിട്ടുന്നത് പ്രകൃതിയുടെ തണുത്ത പ്രഹരം മാത്രമാണ്. അവന്റെ വര്‍ഷത്തിന് ആറുമാസമേ ഉള്ളൂ. ആറുമാസം മഞ്ഞിനകത്ത് മരത്തവളയെപ്പോലെ മയങ്ങുന്ന ജീവിതമാണ് അവന്റേത്. ശേഷിച്ച ആറുമാസത്തെ പ്രയത്നഫലത്തില്‍ പകുതിയിലധികം സര്‍ക്കാര്‍ നികുതിയായി നീക്കിവയ്ക്കുകയും വേണം. അങ്ങനെ പ്രകൃതിയും രാജാവും ഒരുപോലെ പിഴിഞ്ഞെടുത്ത ആ ദരിദ്രപ്പരിഷകളില്‍ പ്രസാദമുള്ള ഒരു മുഖം കണ്ടെത്താന്‍ പ്രയാസമാണ്. ''ഇത്തരം തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുന്നതിനൊപ്പം തന്നെ മനോഹരമായ ദൃശ്യവര്‍ണ്ണനകളും അദ്ദേഹം നല്‍കുന്നുണ്ട്. 'യാത്രാസ്മരണകളില്‍' ബുലന്ദ് ദര്‍വാസയെ വര്‍ണ്ണിക്കുന്ന ഭാഗം നോക്കുക: ''ഈ ദ്വാരം കടന്നുചെല്ലുന്നത് ജുമാമസ്ജിദ് പള്ളിയിലേക്കാണ്. മൂന്ന് വലിയ കുംഭങ്ങളോടുകൂടിയ പള്ളിയുടെ വലിപ്പം കിഴക്കു പടിഞ്ഞാറ് 542 അടിയും, തെക്കുവടക്ക് 438 അടിയുമാണ്. പടിഞ്ഞാറുവശത്തെ നിസ്‌കാരസ്ഥലം അതിമനോഹരമായ മാര്‍ബിള്‍ കൊണ്ടും കൊത്തുപണികള്‍ നിറഞ്ഞ സ്തംഭങ്ങളെക്കൊണ്ടും ആകമാനം കമനീയമാക്കിയിരിക്കുന്നു. ചുറ്റുപാടും പരസഹസ്രം അറകള്‍ ഒഴിഞ്ഞു ഇരുട്ടടഞ്ഞു കിടക്കുന്നു. അതിന്റെ മധ്യത്തിലുള്ള അരുണശിലാസ്തൃതമായ അങ്കണവും അതിന്റെ അരികില്‍ നിന്നു കയറിപ്പോകാന്‍ അവിടിവിടെ ഇടവിട്ട് ഉയര്‍ത്തപ്പെട്ടിരിക്കുന്ന കൃഷ്ണശില കൊണ്ടുള്ള സോപാനങ്ങളും ഒരു ചിത്രത്തിന്റെ മനനവും ശുദ്ധിയും ഉള്‍ക്കൊണ്ട് നീണ്ടുകിടക്കുന്നു. അരുണാഭ കലര്‍ന്ന ഈ മണിമുറ്റത്തിന്റെ മധ്യത്തിലെ മണ്ഡപത്തില്‍ വെച്ചാണത്രേ അക്ബര്‍ പാദുഷ അടിമപ്പെണ്‍കൊടികളെ കരുക്കളായിപയോഗിച്ച് ചതുരംഗം കളിച്ചിരുന്നത്.'' വായനക്കാരെക്കൂടി അനുഭവിപ്പിക്കുന്ന ആഖ്യാനരീതിയാണ് എസ്.കെയുടേത്. ബാലിദ്വീപിലെ ലെഗോജ് എന്ന നാടോടിനൃത്തത്തിന്റെ വര്‍ണ്ണന ആ അപരിചിത കലാരൂപത്തെ നമ്മുടെ കണ്മുന്നില്‍ കാണുന്ന വിധത്തിലാണ്.
എസ്.കെ യുടെ ഗദ്യഭാഷ വളരെ ഓജസ്സുറ്റതാണ്. 'ലണ്ടന്‍ നോട്ട്ബുക്ക്' എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം ഇതിന് നല്ല തെളിവാണ്: ''ഇന്ന് നല്ല തെളിവുള്ള ദിവസമായിരുന്നു. നീലപ്പട്ടുചേല കിടക്കുന്നു മധ്യധരണ്യാഴി. കടലില്‍ മത്സ്യങ്ങള്‍ പുളഞ്ഞുമറിയുന്നു. വെള്ളക്കടലാസ്സ് കീറിയെറിഞ്ഞപോലെ വായുവില്‍ പക്ഷികള്‍ തത്തിപ്പറക്കുന്നു. ആഫ്രിക്കന്‍ കരകണ്ടുകൊണ്ടാണ് കപ്പല്‍ സഞ്ചരിക്കുന്നത്. വൈകുന്നേരം 5 മണിക്ക് അള്‍ജീരിയ നഗരം ദൃശ്യമായി. കടല്‍ക്കരയില്‍ മഞ്ഞനിറത്തിലുള്ളൊരു മായാനഗരം.'' ഈ ഗദ്യം വളരെ ലാളിത്യം നിറഞ്ഞതാണെന്ന് കാണാന്‍ പ്രയാസമില്ല. സഞ്ചരിക്കുന്ന ദേശത്തെയും അവിടുത്തെ ദൃശ്യങ്ങളെയും സ്വദേശത്തിന്റെ കാഴ്ചവട്ടങ്ങളോട് ചേര്‍ത്തുനിര്‍ത്തി ആവിഷ്‌കരിക്കുന്നത് എസ്.കെയുടെ മറ്റൊരു പ്രത്യേകതയാണ്. 'യൂറോപ്പിലൂടെ' എന്ന യാത്രാവിവരണത്തില്‍ ടൈബര്‍ നദിയെ കാണുന്ന രംഗം ഇതിനു നല്ലൊരു ഉദാഹരണമാണ്. ''റോമില്‍ പ്രഥമ ദൃഷ്ടിയില്‍ എന്നെ നിരാശപ്പെടുത്തിയത് രണ്ടെണ്ണമാണ്. അവിടുത്തെ ഇന്നത്തെ ദാരിദ്ര്യവും ടൈബര്‍ നദിയും. നമ്മുടെ കനോലിത്തോടുപോലുള്ള ഒരു നീരൊഴുക്ക് മാത്രമാണ് ഈ ടൈബര്‍. കേരളത്തിലെ ദൃശ്യങ്ങളോട് സാദൃശ്യപ്പെടുത്തുന്ന ഈ രീതി മിക്ക യാത്രാവിവരണങ്ങളിലും കാണാം. 'സോവിയറ്റ് ഡയറി'യില്‍ യുക്രൈനിലെ വീടുകള്‍ കാണുമ്പോള്‍ കേരളത്തിലെ നാട്ടിന്‍പുറത്തെ വീടുകള്‍ ഓര്‍ക്കുന്നുണ്ട് എസ്.കെ. പ്രകൃതിയിലും മനുഷ്യരിലും സ്വദേശത്തിന്റെ സാമ്യങ്ങള്‍ അദ്ദേഹം തേടുന്നു. മറ്റൊന്ന്, സഞ്ചരിക്കുന്ന ദേശത്തെ സാഹിത്യവും കലയും ഭാഷയും ചരിത്രസ്മാരകങ്ങളും ഒക്കെ ഈ കൃതികളില്‍ സ്ഥാനംപിടിക്കുന്നു എന്നുള്ളതാണ്. 'ബൊഹീമിയന്‍ ചിത്ര'ങ്ങളില്‍ ചെക്കോസ്ലോവാക്യന്‍ ഭരണകൂടം എഴുത്തുകാര്‍ക്ക് നല്‍കുന്ന പരിഗണനകളെയും സൗകര്യങ്ങളെയും കുറിച്ചു അദ്ദേഹം വാചാലനാകുന്നുണ്ട്. 'പാതിരാസൂര്യന്റെ നാട്ടില്‍' ആകട്ടെ, ഫിന്‍ലാണ്ടിന്റെ പൂര്‍വ്വകാലസാഹിത്യത്തെപ്പറ്റി, സമകാലിക എഴുത്തുകാരെപ്പറ്റിയൊക്കെ വിശദമായ ചര്‍ച്ച തന്നെയുണ്ട്. 'സോവിയറ്റ് ഡയറി'യില്‍ എസ്.കെ എഴുതുന്നു: ''കുട്ടികളുടെ കാര്യത്തിലാണ് സ്റ്റേറ്റ് ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി മാത്രമുള്ള നാലു തിയറ്റര്‍ മോസ്‌കോയിലുണ്ട്. ഇവയില്‍ ബാലകേന്ദ്രനാടകശാല ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. 1921-ല്‍ ലെനിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പണി ചെയ്ത ഒരു കൂറ്റന്‍ കലാപ്രദര്‍ശനശാലയാണത്. ഇങ്ങനെ സഞ്ചരിക്കുന്ന നാടുകളുടെ സാംസ്‌കാരികബോധ്യങ്ങളെ സവിശേഷമായി രേഖപ്പെടുത്തുന്നു പൊറ്റക്കാട്ട്.
എസ്.കെ തന്റെ യാത്രാവിവരണങ്ങളിലൂടെ പുതിയൊരു ജ്ഞാനനിര്‍മ്മിതി തന്നെ നടത്തുകയായിരുന്നു. അതു വായിച്ച അനുവാചകരുടെ ലോകബോധം അതുവഴി വികസിതമായി. 'കാപ്പിരികളുടെ നാട്ടില്‍' ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളെക്കുറിച്ചുള്ള എഴുത്തിന്റെ തുടക്കമാണ്. ആഫ്രിക്കന്‍ സാംസ്‌കാരികതയെപ്പറ്റിയും ജനജീവിതത്തെപ്പറ്റിയും ബൈറ-ദക്ഷിണ റോഡെഷ്യ-ഡോടോമ തുടങ്ങിയ പ്രദേശങ്ങളെപ്പറ്റിയും വിക്ടോറിയ വെള്ളച്ചാട്ടം, സ്വഹിലി ഭാഷ എന്നിവയെപ്പറ്റിയുമൊക്കെ വളരെ രസകരമായ വിവരണങ്ങളാണ് അദ്ദേഹം നല്‍കുന്നത്. സിംഹഭൂമി, നൈല്‍ഡയറി, കെയ്റോകത്തുകള്‍, ക്ലിയോപാട്രയുടെ നാട്ടില്‍ എന്നിവയാണ് എസ്.കെ യുടെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങള്‍. ആഫ്രിക്കയെപ്പറ്റി ഒരു പൊതുബോധം ഈ കൃതികള്‍ വഴി വായനക്കാര്‍ക്ക് കിട്ടുന്നുണ്ട്. കെനിയ, ടങ്കാനിക്ക, ഗുളു, കെയ്റോ, അരൂഷ, ടംഗ, നൈറോബി, കിസുമി തുടങ്ങി അനേകം ആഫ്രിക്കന്‍ നാടുകളിലെ ജീവിതരീതി, ആചാരങ്ങള്‍, ഭൂപ്രകൃതി, ഉപജീവനമാര്‍ഗ്ഗങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയൊക്കെ ദീര്‍ഘമായി വിശദീകരിക്കുന്നുണ്ട്. ആഫ്രിക്ക പുറം ലോകത്തിനുമുന്നില്‍ ഇരുണ്ട ഭൂഖണ്ഡമായി നില്‍ക്കുന്ന കാലഘട്ടത്തിലാണ് എസ്.കെ അവിടേക്ക് വെളിച്ചം വീശുന്ന യാത്രാവിവരണങ്ങള്‍ രചിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. യൂറോപ്പിലാണ് എസ്.കെ പിന്നീട് പോകുന്നത്. ലണ്ടന്‍ നോട്ടുബുക്ക്, യൂറോപ്പിലൂടെ, പാതിരാസൂര്യന്റെ നാട്ടില്‍, സോവിയറ്റ് ഡയറി, ബൊഹീമിയന്‍ ചിത്രങ്ങള്‍ തുടങ്ങിയ കൃതികളില്‍ വിവിധ യൂറോപ്യന്‍ നാടുകളുടെ പ്രകൃതിയും സ്വഭാവങ്ങളും വര്‍ണ്ണിക്കുന്നു. പുരാതന നഗരങ്ങളെ വര്‍ണ്ണിക്കുക, യൂറോപ്യന്‍ സാഹിത്യം, കല തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുക എന്നിവയൊക്കെ ഈ കൃതികളുടെ പൊതുസ്വഭാവമാണ്. വെനീസ്, പിസ, റഷ്യ, താഷ്‌കന്റ്, ഫിന്‍ലാന്‍ഡ്, യുക്രൈന്‍, പ്രാഗ്, സ്ലോവാക്യ, ലണ്ടന്‍, ഹെല്‍സിങ്കി, ആല്‍പ്സ്, പാരീസ്, വത്തിക്കാന്‍ തുടങ്ങി പ്രധാനസ്ഥലങ്ങളെല്ലാം ഈ കൃതികളില്‍ സൂക്ഷ്മമായി വര്‍ണ്ണിച്ചിരിക്കുന്നു. ഏഷ്യന്‍ യാത്രാവിവരണങ്ങള്‍ ഏഴെണ്ണമാണ് ഉള്ളത്. അഖണ്ഡഭാരതത്തിന്റെ ഉള്‍നാടുകളിലൂടെയാണ് അദ്ദേഹത്തിന്റെ യാത്രകള്‍. തക്ഷശില, അയോധ്യ, ലാഹോര്‍, ഉജ്ജയിനി, ആഗ്ര, കുത്തബ്ബ്മിനാര്‍, ഫത്തേപ്പൂര്‍ സിക്രി, കാശി, അലഹബാദ്, സാരനാഥ്, ശാന്തിനികേതന്‍, ഒറിസ്സ തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ രേഖപ്പെടുന്നു. കാശ്മീര്‍ താഴ്വരകളെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന 'കശ്മീര്‍' എന്ന കൃതി അവിടുത്തെ തനത് അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ കൂടിയാകുന്നു. ഹിമാലയത്തെ ഒരു പുണ്യഭൂമി എന്നതിനപ്പുറം പ്രകൃതിഭംഗിയും പൗരാണികതയും നിറഞ്ഞുനില്‍ക്കുന്ന ഭൂമികയായി കാണുകയാണ് 'ഹിമാലയസാമ്രാജ്യത്തില്‍'. നേപ്പാള്‍ യാത്ര, മലയാനാടുകളില്‍, ഇന്തോനേഷ്യന്‍ ഡയറി, ബാലിദ്വീപ് തുടങ്ങിയവയില്‍ എല്ലാം തന്നെ ആ നാടുകളുടെ ഭിന്ന വിചിത്രമായ സംസ്‌കാരങ്ങളെ അടയാളപ്പെടുത്തുകയാണ് എസ്.കെ പൊറ്റക്കാട്ട്.
അനന്യസാധാരണമായ നിരീക്ഷണപാടവും ഭാവനയും കൊണ്ട് അനുഗ്രഹീതനായ എസ്.കെ യുടെ ഒരു വര്‍ണ്ണന കൂടി ഓര്‍മ്മയില്‍ നിന്ന് എഴുതാം: ''നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നര്‍ത്തകികളെപ്പോലെ തുടകള്‍ തുള്ളിച്ചുകൊണ്ട് നൃത്തം ചവിട്ടിനടക്കുന്ന ഒട്ടകപ്പക്ഷികള്‍.'' പണ്ട് സ്‌കൂള്‍ ക്ലാസുകളില്‍ എപ്പോഴോ പഠിച്ച നൈല്‍ഡയറിയിലെ ഈയൊരു ഭാഗം അനുവാചകന്റെ ഓര്‍മ്മയില്‍ എക്കാലത്തും നിലനിര്‍ത്താന്‍ കഴിയുന്നതാണ് എസ്.കെ പൊറ്റക്കാട്ട് എന്ന എഴുത്തുകാരന്റെ ആജീവനാന്ത മൗലികത എന്നുമാത്രം പറഞ്ഞവസാനിപ്പിക്കട്ടെ.
Content Highlights: Explore the life and literary works of S.K. Pottekkat on his birth anniversary