'ഞാൻ ജീവിച്ചാൽ എഴുതും, അത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, അതുകൊണ്ട് ഞാൻ പോകുന്നു'

മലയാള സാഹിത്യത്തിൽ പെട്ടെന്ന് വന്നു മറഞ്ഞുപോയ എഴുത്തുകാരിയാണ് രാജലക്ഷ്മി. ജൂൺ 2 ന് അവരുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനം ആണ്. 1956-ൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച "മകൾ " എന്ന നീണ്ട കഥയാണ് ഒരു മികച്ച എഴുത്തുകാരി എന്ന മേൽവിലാസം രാജലക്ഷ്മിക്ക് നേടിക്കൊടുത്തത്. രാജലക്ഷ്മിക്ക് മുമ്പ് ലളിതാംബിക അന്തർജ്ജനവും കെ. സരസ്വതി അമ്മയും കഥാ രംഗത്ത് സജീവമായിരുന്നെങ്കിലും അവരിൽ നിന്നൊക്കെ പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും വ്യത്യസ്തമായ ഒരു പാതയായിരുന്നു രാജലക്ഷ്മിയുടേത്. " ചങ്ങലകൾ പൊട്ടിക്കാൻ ഇനിയും " എന്ന കുറിപ്പിൽ എഴുത്തിനെ സംബന്ധിച്ച തന്റെ താല്പര്യങ്ങൾ രാജലക്ഷ്മി സൂചിപ്പിക്കുന്നുണ്ട്. കടലിന്റെ മുകൾപരപ്പിൽ തങ്ങി നിന്നാൽ അഴകുകൾ കാണാനും അപകടങ്ങൾ നേരിടാനും ഉള്ള സാധ്യത കുറയും എന്നത് കൊണ്ട് അടി കാണാത്ത കടലിൽ മുങ്ങി അവിടത്തെ കാഴ്ചകൾ കാണാനാണ് തനിക്കിഷ്ടം എന്നവർ പറയുന്നുണ്ട്. അതേ, മനസ്സെന്ന കടലായിരുന്നു അവരുടെ ഇഷ്ട വിഷയം. അതിലെ ചുഴികൾ അവർ ആവിഷ്‌കരിച്ചപ്പോൽ അത് തങ്ങൾ തന്നെയോ എന്ന് പലരും നെറ്റി ചുളിച്ചു. മാധവിക്കുട്ടിയെ പോലെ സ്ത്രീ ചിത്തങ്ങളുടെ വൈകാരിക വിക്ഷോഭങ്ങളെയാണ് അവർ ആവിഷ്‌കരിക്കാൻ ശ്രമിച്ചത്
രണ്ടു മുഴുവൻ നോവലുകളും പ്രസിദ്ധീകരണം പൂർത്തിയാക്കാത്ത ഒരു നോവലും, പതിനൊന്നു ചെറുകഥകളും രണ്ടു ഗദ്യ കവിതകളുമാണ് രാജലക്ഷ്മി മലയാളത്തിനു നൽകിയത്. ഒരു ഗദ്യ കവിത രാജേന്ദ്രൻ എന്ന തൂലികാ നാമത്തിലാണ് പ്രസിദ്ധീകരിച്ചത്. 1958 ൽ ഉറൂബും ( ഉമ്മാച്ചു ) 59 ൽ എം. ടി. വാസുദേവൻ നായരും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയതിനു പിറകെ 1960 ൽ രാജലക്ഷ്മിയുടെ " ഒരു വഴിയും കുറെ നിഴലുകളും "പുരസ്‌കാരം നേടി. അക്കാദമി അവാർഡ് നേടുന്ന ആദ്യത്തെ സ്ത്രീയായിരുന്നു രാജലക്ഷ്മി. നല്ല ആരോഗ്യവും പ്രസരിപ്പും ഉള്ള ഒരു പെൺകിടാവ്, പരിതസ്ഥിതിയിൽ ഞെങ്ങി ഞെരുങ്ങി ഉള്ളിലേക്ക് നോക്കാൻ നിർബന്ധിതയാകുന്നതും മനസ്സിലുണ്ടായിരുന്ന ഒരുപാട് നിഴലുകളുടെ കൂട്ടത്തിലേക്കു തന്നെത്തന്നെ വലിച്ചെറിയുന്നതുമാണ് "ഒരു വഴിയും കുറെ നിഴലുകളും "എന്ന നോവലിൽ അവർ പറഞ്ഞു വെയ്ക്കുന്നത്. തെക്കൻ മലബാറിന്റെ പ്രകൃതിയുടെ പശ്ചാത്തലത്തിൽ സങ്കീർണമായ ചില ഹൃദയബന്ധങ്ങളെ രാജലക്ഷ്മി അവതരിപ്പിച്ചപ്പോൾ അതൊരു നവ്യാനുഭവമായിരുന്നു. ഇതിനു ലഭിച്ച സ്വീകാര്യതയാകാം രണ്ടാമത്തെ നോവൽ ആയ " ഉച്ചവെയിലും ഇളം നിലാവും " എഴുതാൻ അവരെ പ്രചോദിപ്പിച്ചത്. എന്നാൽ കുറച്ചു ലക്കങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും അതിലെ ചില കഥാപാത്രങ്ങളിൽ തങ്ങളെ കണ്ട ചിലർ ഭീഷണിപ്പെടുത്തി അതിന്റെ പ്രസിദ്ധീകരണം നിർത്തിച്ചു. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും വികാരോജ്ജ്വലമായ കൃതികളിൽ ഒന്നാകുമായിരുന്നു അതെന്നു കൃതി മുഴുവൻ വായിച്ചിരുന്ന എൻ. വി. കൃഷ്ണവാരിയർ അഭിപ്രായപെട്ടിട്ടുണ്ട്. മൂന്നാമത്തെ നോവൽ ആയ "ഞാൻ എന്ന ഭാവം " പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവർ മരണം കൈവരിക്കുന്നത്.
'പരാജിത ', 'മാപ്പ് ', 'തെറ്റുകൾ ', 'ഒരു അധ്യാപിക ജനിക്കുന്നു ' തുടങ്ങിയ കഥകളിലെല്ലാം തന്നെ വിവിധ സാഹചര്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ ആണ് രാജലക്ഷ്മി ആവിഷ്‌കരിക്കുന്നത്. ഇതിൽ എല്ലാത്തിലും സ്ത്രീ വിമോചന വാദത്തിന്റെ നിലപാടുകൾ കണ്ടു എന്ന് വരില്ല. സ്നേഹം കൊതിക്കുന്നവരാണ് രാജലക്ഷ്മിയുടെ കഥാപാത്രങ്ങൾ എല്ലാവരും. ' ചരിത്രം ആവർത്തിച്ചില്ല ', 'ഹാൻഡ് കെർചീഫ് ', ' സുന്ദരിയും കൂട്ടുകാരും' തുടങ്ങിയ കഥകൾ രചനാതന്ത്രത്തിലും പ്രമേയ സ്വീകരണത്തിലും വ്യത്യസ്തത പുലർത്തുന്നവയാണ്.
1964 ലെ മംഗളോദയം മാസികയുടെ വിശേഷാൽ പ്രതിയിൽ രാജലക്ഷ്മി പ്രസിദ്ധീകരിച്ച ' ആത്മഹത്യ ' എന്ന കഥ വീണ്ടും വിവാദങ്ങൾക്കു തിരി കൊളുത്തി. ടാഗോറിന്റെ 'മാലഞ്ചോ' എന്ന കഥയിലെ നായികയെ അനുസ്മരിപ്പിക്കുന്ന, ഒരു നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയായ നീരജ എന്ന വടക്കേ ഇന്ത്യൻ പെൺകുട്ടിയുടെ കുടുംബ ബന്ധത്തിലെ മോഹഭംഗങ്ങൾ ചിത്രീകരിച്ച കഥയിൽ സഹപ്രവർത്തകയുടെ രൂപം ആരോപിച്ചു എന്ന് ഒരുപാട് കുത്തു വാക്കുകൾ അവർക്കു കേൾക്കേണ്ടി വന്നു.
തുടർച്ചയായ അധിക്ഷേപങ്ങളിൽ മനം നൊന്ത് ഈശ്വരനിൽ അഭയം പ്രാപിക്കാൻ ഇച്ഛിക്കുന്ന ഒരു മനസ്സിന്റെ പരിദേവനമാണ് ' ദേവാലയത്തിൽ ' എന്ന കഥ. ഓർക്കുന്തോറും ആ വിശ്വശക്തിയുടെ മുന്നിൽ തന്റെ നിസ്സാരതയെ കുറിച്ചുള്ള ബോധം ആണ് ' കുമിള 'എന്ന ഗദ്യ കവിത. ശക്തമായ പ്രേമവായ്‌പും ആരാധ്യനിൽ ലയിക്കാനുള്ള അദമ്യമായ ആഗ്രഹവും അതിൽ നിന്നുൽഭൂതമാകുന്ന നിർവൃതിയുമാണ് 'ഞാൻ നിന്നെ സ്നേഹിക്കുന്നു ' എന്ന ഗദ്യ കവിതയിൽ വരുന്നത്. ഒരു പക്ഷെ താൻ അനാവരണം ചെയ്യപ്പെടുന്നതിലുള്ള വിമുഖതയാകാം തൂലികാ നാമത്തിൽ ഇത് പ്രസിദ്ധീകരിക്കാൻ അവരെ പ്രേരിപ്പിച്ചത്.
ഞാൻ ജീവിച്ചാൽ എഴുതും. എഴുതാതിരിക്കാൻ എനിക്ക് കഴിയില്ല. അത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അത് കൊണ്ട് ഞാൻ പോകുന്നു എന്നാണ് ചേച്ചി പ്രൊഫ. സരസ്വതി അമ്മക്കെഴുതിയ ആത്മഹത്യ കുറിപ്പിൽ അവർ സൂചിപ്പിച്ചത്. തന്റെ ചുറ്റുമുള്ള പലരെയും തന്റെ കഥാപ്രപഞ്ചത്തിലേക്കു ആനയിച്ച കഥാകാരന്മാരെ ഉത്ഘോഷിക്കുന്ന ഒരു സമൂഹം രാജലക്ഷ്മിയോട് കടുത്ത അനീതിയാണ് ചെയ്തത്. " ജീവിതത്തിന്റെ കമ്പോളത്തിൽ സ്വപ്നങ്ങൾക്ക് പകരം നാണയങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ, നമ്മെ ആവരണം ചെയ്യുന്ന ചൈ തന്യത്തെ തനിമയോടെ, കലർപ്പില്ലാതെ ആവിഷ്‌കരിക്കാനുള്ള സംരംഭത്തിൽ ആത്മപീഡനം ഏറ്റു ദുരന്തത്തിൽ എത്തുന്ന മറ്റൊരു നായിക രാജലക്ഷ്മി തന്നെ. അവരിൽ മറ്റു കഥാപത്രങ്ങളും ഒതുങ്ങുന്നു " എന്ന എം. ടി. യുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
കഥാപാത്രങ്ങളിൽ യഥാർത്ഥ ജീവിതത്തിലെ വ്യക്തികളെ കണ്ടെത്താനുള്ള ആളുകളുടെ അമിത താല്പര്യത്തെ കളിയാക്കിക്കൊണ്ട് " ദി ജാനറ്റ്സ് " ( കിപ്ലിങ് ) എന്നൊരു കഥയുണ്ട്. ജയിൻ ഓസ്റ്റിന്റെ കഥകളിൽ ഇത് പോലെ ആളെ കണ്ടെത്താൻ വായനക്കാർ ശ്രമിക്കുന്നതിനെ കുറിച്ച് പറയുന്ന അവസരത്തിൽ ജൂഡിത് ഒനീൽ ആണ് ഇത് പരാമർശിക്കുന്നത്. രാജലക്ഷ്മി തന്നെ ഒരു കഥയിൽ സൂചിപ്പിക്കുന്ന sick conscience. പക്ഷെ അതിനെ ലാഘവത്തോടെ കാണാനുള്ള ഒരു വ്യക്തിത്വം ആയിരുന്നില്ല രാജലക്ഷ്മിയുടേത്. അതിനവർ സ്വന്തം ജീവൻ ബലി നൽകി
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട് കുട്ടിമാളു അമ്മയുടെയും എറണാകുളത്തു മാരാത്ത് അച്യുതമേനോന്റെയും ഇളയ പുത്രിയായി 1930 ജനുവരി 2 നാണ് രാജലക്ഷ്മി ജനിച്ചത്. സഹോദരിമാരും സഹോദരന്മാരും പഠിക്കാൻ വളരെ മിടുക്കരായിരുന്നു. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിലും മഹാരാജാസ് കോളേജിലും പഠനം പൂർത്തിയാക്കിയ രാജലക്ഷ്മി, ബാനറസ് ഹിന്ദു സർവ കലാശാലയിൽ നിന്നാണ് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. ഇതിനിടയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എം എ മലയാളത്തിനു ചേർന്നെങ്കിലും അത് വിട്ടാണ് ബനാറസിലേക്ക് പോയത്. പിന്നീട് NSS ന്റെ വിവിധ കോളേജുകളിൽ അവർ ഫിസിക്സ് അധ്യാപികയായി ജോലി ചെയ്തു. 1965 ജനുവരി 8 ന് മലയാള സഹൃദയ ലോകത്തെ ഞെട്ടിച്ചു കൊണ്ട് അവർ ആത്മഹത്യ ചെയ്തു.
Content Highlights: Rajalakshmi: A Malayalam Literary Icon Whose Life Ended Too Soon