രാമനാമത്തില്‍ മനുഷ്യനും ദൈവവും ഒന്നാണെന്ന സന്ദേശം നല്‍കുന്ന ത്യാഗരാജകൃതികള്‍

#രമേശ് ഗോപാലകൃഷ്ണന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്, മദനന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്, മദനന്‍

ര്‍ണാടകസംഗീതത്തിലെ മുഖ്യനായ വാഗേയകാരന്‍ ത്യാഗരാജന്റെ നൂറ്റി എഴുപത്തി ഏഴാമത് സമാധി ദിനമാണ് 2024 ജനുവരി 30. മകരമാസത്തിലെ ബഹുളപഞ്ചമി നാള്‍. തിരുവയ്യാറില്‍ കൊണ്ടാടുന്ന ത്യാഗരാജ ആരാധനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും അന്നാണ്. ത്യാഗരാജന്റെ ശ്രീരാമസങ്കല്പം എന്തായിരുന്നുവെന്ന് ഭക്തനും ദൈവവും പ്രസക്തരാവുന്ന ഈയൊരു സാമൂഹിക സന്ദര്‍ഭത്തില്‍ വിചാരം ചെയ്യുകയാണിവിടെ. 

ത്യാഗരാജന്റെ  ശ്രീരാമസങ്കല്‍പ്പത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ വര്‍ത്തമാനകാലത്തിന്റെ ചരിത്രവസ്തുതകളുമായി അത് എത്രമാത്രം പൊരുത്തപ്പെടുമെന്ന് പറയാന്‍ കഴിയില്ല. കൃതികളിലൂടെ ഏകരൂപനായ ഒരു ശ്രീരാമനെയല്ല ത്യാഗരാജന്‍ സൃഷ്ടിച്ചിട്ടുള്ളത് എന്നതുകൊണ്ടാണത്.  കൃതികളില്‍, ഒരു ഭാഗത്ത് ശ്രീരാമനെ ദൈവികമായ ആത്മീയചിന്തകളാല്‍ ആരാധിക്കുമ്പോള്‍ മറുഭാഗത്ത് തീര്‍ത്തും ഭൗതികമായ  സ്വഭാവഗുണങ്ങളുടെ  ആള്‍രൂപമായി ശ്രീരാമനെ വാഴ്ത്തുന്നുണ്ട് ത്യാഗരാജന്‍. എങ്കിലും അമാനുഷ സിദ്ധികളുള്ള ദൈവം എന്നതിനേക്കാള്‍ ജനങ്ങളോട് സമത്വഭാവം പുലര്‍ത്തുന്ന  സ്ഥിതിസമത്വവാദിയായ ഒരു രാജാവ് എന്ന നിലയിലുള്ള ശ്രീരാമനെയാണ് ത്യാഗരാജകൃതികളിലൂടെ നാം മുഖ്യമായും പരിചയപ്പെടുന്നത്. ഗാന്ധിജി സ്വപ്നം കണ്ട ശ്രീരാമനും മറ്റൊരാള്‍ ആയിരുന്നില്ല. ആചാരങ്ങളുടെയും വിഗ്രഹസമാനമായ പ്രതിഷ്ഠകളുടെയും മാത്രമല്ല സ്വത്ത്, രാഷ്ട്രം മുതലായ സ്വാര്‍ത്ഥവിഘടന ഘടകങ്ങളുടെയും അതിരുകളെ അപ്രസക്തമാക്കുന്ന ഒരു ശ്രീരാമഭാവനയായിരുന്നു ത്യാഗരാജന്റേതെന്ന് ആ കൃതികളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.

ക്ഷത്രിയധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു രാജാവായി ശ്രീരാമനെ വാഴ്ത്തുന്ന കൃതിയാണ് കാപി നാരായണി രാഗത്തിലുള്ള 'സരസ സാമദാന ഭേദദണ്ഡ ചതുര' എന്നത്. നീതിശാസ്ത്രത്തില്‍ രാജാക്കന്മാര്‍ക്ക് വിധിച്ചിട്ടുള്ള ചതുരോപായങ്ങളും ശത്രുവിനോട് പ്രയോഗിക്കുവാന്‍ സാമര്‍ഥ്യമുള്ള രാജതന്ത്ര നിപുണനായിട്ടാണ്  ശ്രീരാമനെ ത്യാഗരാജന്‍ ഈ കീര്‍ത്തനത്തില്‍ വിശേഷിപ്പിക്കുന്നത്.  

'ഹിതവുമാടലെന്തോ ബാഗബല കിതിവി
സതമുഗാനയോദ്ധ്യ നിത്തുനണ്ടിവി' എന്ന ചരണഭാഗം ത്യാഗരാജന്റെ ശ്രീരാമസങ്കല്പത്തെ ശ്രേഷ്ഠഭാവത്തോടെ പ്രകാശിപ്പിക്കുന്നു. ഇവിടെ, ചതുരോപായങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി, രാവണന് അയോദ്ധ്യ ദാനമായി നല്‍കാമെന്ന് ശ്രീരാമന്‍ പറഞ്ഞതായി ത്യാഗരാജന്‍ പാടുന്നുണ്ട്. ശ്രീരാമനെക്കുറിച്ചുള്ള ത്യാഗരാജ സങ്കല്പം ശാന്തിയുടെയും സമാധാനത്തിന്റെയും മാത്രമല്ല ത്യാഗത്തിന്റെയും കൂടിയാണെന്നാണ് ഈ കീര്‍ത്തനത്തിലൂടെ വെളിപ്പെടുന്നത്. ഒരു സോഷ്യലിസ്റ്റായ ശ്രീരാമനെ നാം ഇവിടെ പരിചയപ്പെടുന്നു. 

ഈ സോഷ്യലിസ്റ്റ് ശ്രീരാമനിലുള്ള ത്യാഗരാജന്റെ വിശ്വാസം അചഞ്ചലമായിരുന്നു എന്നതിനുള്ള തെളിവുകൂടിയാണ് കല്യാണി രാഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള 'നിധിചാല സുഖമാ' എന്ന കീര്‍ത്തനം. തഞ്ചാവൂരിലെ പ്രസിദ്ധനായ  രാജാവ് സരഭോജി തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ ത്യാഗരാജന്‍ പാടിയ കീര്‍ത്തനമാണിത്. ധനമാണോ അതോ രാമഭക്തിയോ ഏതാണ് ശാശ്വതമായ സുഖം നല്‍കുന്നതെന്ന് സുമതികള്‍ക്കറിയാം എന്നാണ് ഈ കീര്‍ത്തനത്തിലൂടെ ത്യാഗരാജന്‍ പാടുന്നത്. ഇവിടെ സുമതി എന്ന വിശേഷണത്തിലൂടെ അദ്ദേഹം തന്നെപ്പറ്റി തന്നെയാണ് പറയുന്നത്. താനാരാണെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഈ കീര്‍ത്തനത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തുകയാണ്. അതിനദ്ദേഹം ആശ്രയിക്കുന്നതാകട്ടെ ശ്രീരാമനെ പൂജിക്കുകയെന്ന കര്‍ത്തവ്യത്തെയും. ദിനവും ഭിക്ഷാടനത്തിനിറങ്ങുമ്പോള്‍ അന്നന്നത്തെ അന്നത്തിനുള്ള വകയായാല്‍ അദ്ദേഹം ഭിക്ഷ അവസാനിപ്പിച്ചിരുന്നു. ഓരോ ദിവസവും ആവശ്യത്തിനപ്പുറം ഒരു മണി അരിപോലും കയ്യില്‍ കരുതുന്നത് സാമൂഹ്യപാപമായി തന്നെയാണ് അദ്ദേഹം കരുതിയിരുന്നത്. സ്വത്തിനെ സ്വജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്ന ഈ കാഴ്ചപ്പാട് ത്യാഗരാജനെ ആത്മനിഷേധത്തിന്റെ ഭക്തിപാതയിലെത്തിക്കുന്നു. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റിന്റെ കാഴ്ചപ്പാടും ഇതല്ലാതെ മറ്റൊന്നല്ലല്ലോ. ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ട ഒന്നുള്ളത് പ്രസിദ്ധ ഗായകനായിരുന്ന മധുരൈ മണി അയ്യര്‍ കച്ചേരികളില്‍ ഈ കീര്‍ത്തനം പാടിയിരുന്നില്ല എന്നുള്ളതാണ്. പ്രതിഫലം വാങ്ങി കച്ചേരികള്‍ നടത്തുന്ന തനിക്ക് ഈ ത്യാഗരാജകീര്‍ത്തനം പാടാനുള്ള യോഗ്യത ഇല്ലെന്നാണ് അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞിരുന്നത്. ജീവിതത്തില്‍ വച്ചുപുലര്‍ത്താന്‍ കഴിയാത്ത ആത്മനിഷേധത്തെ അരങ്ങില്‍ കൊണ്ടാടാന്‍ തയ്യാറാവാത്ത ആത്മാര്‍ത്ഥത ഒരു സംഗീതഞ്ജനിലൂടെ വെളിപ്പെടുന്ന അവസ്ഥാവിശേഷമാണിത്. അതിനും ഈ ത്യാഗരാജ കീര്‍ത്തനം നിമിത്തമാകുന്നു.

 ശുദ്ധബങ്കാള രാഗത്തില്‍ ത്യാഗരാജന്‍ രചിച്ച ഒരു കൃതിയുണ്ട്. 'രാമഭക്തി സാമ്രാജ്യമു' എന്നു തുടങ്ങുന്നത്. വിവരിക്കാന്‍ സാധ്യമല്ലാത്തതും സ്വന്തം അനുഭവം കൊണ്ട് അറിയേണ്ടതുമായ ബ്രഹ്‌മാനന്ദം രാമഭക്തി സാമ്രാജ്യം പ്രാപിച്ചവന്റെ സംസര്‍ഗം കൊണ്ടു മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് ത്യാഗരാജന്‍ ഇതില്‍ പറയുന്നത്. രാമന്റെ സാമ്രാജ്യം എന്തുതന്നെയായാലും തന്റെ സാമ്രാജ്യം രാമഭക്തിയാണെന്ന് അദ്ദേഹം ഇവിടെ ഊന്നി പറയുന്നു.  തന്റെയുള്ളിലുള്ള കടുത്തതും കറ കളഞ്ഞതുമായ രാമഭക്തിയെ അദ്ദേഹം ഇവിടെ വെളിപ്പെടുത്തുന്നു. ഇതിനു സമാനമായി കാനഡ രാഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള 'സുഖിയെ വരോ രാമനാമ' എന്ന പ്രശസ്തമായ കീര്‍ത്തനത്തെയും കണക്കാക്കാം. സംസാരക്ലേശത്തില്‍നിന്നു കര കയറ്റുന്നതും സര്‍വ്വ മന്ത്രത്തിന്റെയും സാരമായതുമായ രാമനാമം ജപിക്കുന്നവനാണ് യഥാര്‍ത്ഥ സുഖി എന്ന് അദ്ദേഹം ഈ കീര്‍ത്തനത്തില്‍ പറയുന്നു. മനഃശുദ്ധിയില്ലാതെ വെറും നാമോച്ചാരണം നടത്തിയതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുകൂടി അദ്ദേഹം ഇവിടെ ഉദ്ദേശിക്കുന്നു.

 ഭക്തിയുടെ പരമോന്നത ലഹരിയില്‍ ശ്രീരാമന്റെ കുടുംബത്തിലെ ഒരു അംഗം എന്ന നിലയില്‍തന്നെ ത്യാഗരാജന്‍ ഒരു കീര്‍ത്തനത്തില്‍ സ്വയം ഭാവിക്കുന്നുണ്ട്. വസന്ത രാഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള 'സീതമ്മ മായമ്മ' എന്നു തുടങ്ങുന്ന കീര്‍ത്തനം. ഇതില്‍ അദ്ദേഹം സീതയെയും ശ്രീരാമനെയും തന്റെ മാതാപിതാക്കളായിട്ടാണ് കരുതുന്നത്. ഹനുമാന്‍,  ലക്ഷ്മണന്‍, ഗരുഡന്‍, ശത്രുഘ്നന്‍, ബ്രഹ്‌മാവ്, ഭരതന്‍ എന്നിവരെ സഹോദരന്മാരായും കണക്കാക്കുന്നു.

 അതേസമയം കാംബോജി രാഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള 'മാ ജാനകി' എന്ന കീര്‍ത്തനത്തില്‍ സീതയെ ശ്രീരാമനെക്കാള്‍ ഉയര്‍ന്ന പദവിയില്‍ ഇരുത്തുന്ന അത്ഭുതവും കാണാം. രാവണനെ കോപാഗ്‌നിയില്‍ നശിപ്പിക്കാന്‍ കഴിയുമായിരുന്നിട്ടും അതു ചെയ്യാതെ, വധിക്കാന്‍ ശ്രീരാമന് വിട്ടുകൊടുത്തുകൊണ്ട് അദ്ദേഹത്തിന് സീത യശസ്സ് ഉണ്ടാക്കി കൊടുത്തു എന്നാണ് ത്യാഗരാജന്‍ ഇതില്‍ പാടുന്നത്. ശ്രീരാമനെ നിന്ദിച്ചുകൊണ്ട് സ്തുതിക്കുന്ന കീര്‍ത്തനമായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ശ്രീരഞ്ജനി രാഗത്തിലുള്ള 'സരിയെവ്വരേ ശ്രീജാനകി നീ'
എന്ന കീര്‍ത്തനത്തില്‍ ത്യാഗരാജന്റെ സ്ത്രീസങ്കല്പം കുറെക്കൂടി പ്രായോഗികതലത്തില്‍ തന്നെ വിശാലമായ കാഴ്ചപ്പാടില്‍ എത്തുന്നുണ്ട്. കാട്ടില്‍ ഭയങ്കരമായ സ്ഥലങ്ങളില്‍ വസിക്കേണ്ടിവരുമെന്നറിഞ്ഞിട്ടും ശ്രീരാമനെ പിന്തുടര്‍ന്നു സേവ ചെയ്ത്  രാജകീയമായ സുഖങ്ങള്‍ ഉണ്ടാക്കി കൊടുത്ത സീതയ്ക്കു തുല്യമായി ആരാണുള്ളതെന്ന് അദ്ദേഹം ഈ കൃതിയിലൂടെ ചോദിക്കുന്നു.
 
 ശ്രീരാമനോടുള്ള ദാസ്യഭാവ ഭക്തി പ്രകടമാക്കുന്ന ത്യാഗരാജന്റെ കീര്‍ത്തനമാണ് ഹംസനാദം രാഗത്തിലുള്ള 'ബണ്ടു രീതി' എന്നു തുടങ്ങുന്നത്. ഇതില്‍ ഒരു രാജകിങ്കരന്‍ എന്ന നിലയില്‍ തനിക്ക് ശ്രീരാമനെ സേവിക്കണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്. ഭക്തിപാരവശ്യം കൊണ്ടുണ്ടായ രോമാഞ്ചത്താല്‍ കാമം, മദം മുതലായ ദുര്‍ഗുണങ്ങളെ ഉന്മൂലനാശം ചെയ്യുന്നതിനുള്ള ശക്തമായ ആയുധമായി ശ്രീരാമനാമത്തെ അദ്ദേഹം ഇതില്‍ കാണുന്നു. ഇതേ ദാസ്യഭാവസ്വഭാവം തന്നെയാണ് ഭൈരവി രാഗത്തിലുള്ള 'ഉപചാരമു ജേസേ' യും പുന്നാഗവരാളി രാഗത്തിലുള്ള 'തവ ദാസോഹം'  എന്ന ദിവ്യനാമകീര്‍ത്തനവും പ്രകാശിപ്പിക്കുന്നത്. 

 എന്തൊക്കെ എങ്ങനെയൊക്കെ ഭജിച്ചാലും ധ്യാനിച്ചാലും ശ്രീരാമനെന്ന സങ്കല്പം ത്യാഗരാജന്റെയുള്ളില്‍ അനുഭവത്തില്‍ അപൂര്‍ണ്ണമാകുന്ന ഒരു മരീചിക കണക്കെയാണ് നിലകൊണ്ടത് എന്നു വേണം കരുതാന്‍. എത്ര പ്രാര്‍ത്ഥിച്ചിട്ടും ഭജിച്ചിട്ടും ശ്രീരാമന്‍ വേണ്ട രീതിയില്‍ തന്നെ കണക്കാക്കുന്നില്ല എന്ന് പ്രകടമാക്കുന്ന ഒരുപാട് കീര്‍ത്തനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'ചലമേലരാ സാകേതരാമ!' (മാര്‍ഗഹിന്ദോളം), 'തൊലിനേ ജേസിന പൂജാഫലമു' (ശുദ്ധബങ്കാള), 'യോചന? കമലലോചന!' (ദര്‍ബാര്‍), 'രഘുവര! നന്നു മരവ തഗുനാ' (പന്തുവരാളി), 'രാരാ! മായണ്ടിദാക' (അസാവേരി), 'വന്ദനമു രഘുനന്ദന' (ശഹാന) എന്നി കീര്‍ത്തനങ്ങളിലൊക്കെതന്നെ വേണ്ട വിധത്തില്‍ ഗൗനിക്കാത്ത രാമനോടുള്ള പരിഭവം നമുക്ക് കേള്‍ക്കാം.

 ശ്രീരാമനെ സദ്ഗുണ സമ്പന്നനായിട്ടാണ് ഒട്ടനവധി കീര്‍ത്തനങ്ങളില്‍ ത്യാഗരാജന്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ കൂടി അദ്ദേഹത്തെ സൗമ്യനും സൗന്ദര്യ രൂപിയുമായി വിശേഷിപ്പിക്കുന്ന ചില കീര്‍ത്തനങ്ങളും ഉണ്ട്. 

മോഹനം രാഗത്തിലുള്ള 'മോഹനരാമ' എന്നാരംഭിക്കുന്ന കീര്‍ത്തനം ഇതിനൊരു ഉദാഹരണമാണ്. രൂപലാവണ്യം കൊണ്ട് എല്ലാവരെയും മോഹിപ്പിക്കുന്നവന്‍, ചന്ദ്രനേക്കാള്‍ മുഖകാന്തിയുള്ളവന്‍, സരസമായി സംസാരിക്കുന്നവന്‍ എന്നൊക്കെ ശ്രീരാമനെ ഈ കീര്‍ത്തനത്തില്‍ ത്യാഗരാജന്‍ വിശേഷിപ്പിക്കുന്നു. ഇന്നും സംഗീതക്കച്ചേരികളില്‍ പ്രധാന കൃതിയായി തന്നെ എല്ലാ സംഗീതകാരന്മാരും ഈ കീര്‍ത്തനം പാടിവരുന്നുണ്ട്. മലയപര്‍വ്വതത്തില്‍ അധിവസിക്കുന്ന ശ്രീരാമനാണ് ഈ കീര്‍ത്തനത്തിലെ പ്രതിപാദ്യം. മായാമാളവഗൗള രാഗത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള 'മേരുസമാനധീര!' എന്ന കീര്‍ത്തനത്തോട് താദാത്മ്യം പുലര്‍ത്തുന്ന അര്‍ത്ഥമാണ് ഇതിനുമുള്ളത്.  മഹാമേരു പര്‍വ്വതത്തിനൊത്ത ധീരതയുള്ളവനെ എന്നാണ് ഈ കീര്‍ത്തനത്തില്‍ ത്യാഗരാജന്‍ ശ്രീരാമനെ അഭിസംബോധന ചെയ്യുന്നത്. ഇവിടെ ധീരന്‍ എന്നാല്‍ വെറും യുദ്ധം ചെയ്യുന്നവന്‍ എന്നല്ല അര്‍ത്ഥം. സ്ഥിരമായ ബുദ്ധിയുള്ളവനും മനസ് ഇളകാത്തവനും എന്നൊക്കെയാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. അതായത്, പര്‍വ്വതംപോലെ അചലമായ സ്വഭാവ വിശേഷണങ്ങള്‍ ഉള്ളവന്‍.  ദര്‍ബാര്‍ രാഗത്തിലുള്ള ദിവ്യനാമ സങ്കീര്‍ത്തനമായ 'രാമാഭിരാമ! രമണീയനാമ!' എന്ന കൃതിയിലും ശ്രീരാമന്റെ ഭൗതികമായ ശരീരത്തെയാണ് ത്യാഗരാജന്‍ വര്‍ണ്ണിക്കുന്നത്. ഇതില്‍, 'സാമജരിപു ഭീമ!' എന്നു വിശേഷണം നല്‍കിക്കൊണ്ട് സിംഹത്തെപ്പോലെ വലിയ രൂപമുള്ളവനെ എന്നൊക്കെ ശ്രീരാമനെ വിളിക്കുന്നു. വില്ലാളിവീരനായ ശ്രീരാമനെക്കുറിച്ചുള്ള വര്‍ണന ഔന്നത്യത്തിലെത്തുന്ന ഒരു കീര്‍ത്തനമാണ് സാവേരി രാഗത്തിലുള്ള 'രാമബാണത്രാണശൗര്യ' എന്നു തുടങ്ങുന്നത്. രാമബാണത്തിന്റെ രക്ഷിക്കുവാനുള്ള ശക്തിയെ എങ്ങനെ പുകഴ്ത്തും എന്നാണ് ത്യാഗരാജന്‍ ഇതില്‍ സ്വന്തം മനസിനോടുതന്നെ ചോദിക്കുന്നത്. യുദ്ധത്തില്‍ ഇന്ദ്രജിത്ത് പ്രയോഗിച്ച നാഗപാശത്താല്‍ ശ്രീരാമനും ലക്ഷ്മണനും മോഹാലസ്യം കൊണ്ട് പോര്‍ക്കളത്തില്‍ വീണു. എന്നാല്‍ ശ്രീരാമന്‍ ഉടന്‍തന്നെ എഴുന്നേറ്റ് തന്റെ കോദണ്ഡം എന്ന വില്ലിന്റെ ഞാണൊലി മുഴക്കിയപ്പോള്‍  അതിന്റെ ആരവത്താല്‍ ലക്ഷ്മണന്‍ ചാടിയെഴുന്നേറ്റു എന്നാണ് ഇതിലദ്ദേഹം പറയുന്നത്. വില്ലാളിയും യുദ്ധവീരനുമായ ശ്രീരാമന്‍ തന്നെയാണ് ഇതിലുള്ളത്. പ്രശസ്ത സംഗീതജ്ഞനായിരുന്ന ഡി കെ ജയരാമന്‍ അതിമനോഹരമായി ആലപിച്ചിരുന്ന കീര്‍ത്തനമാണിത്. ജയരാമന്റെ, 'തമ്മുഡു ബഡലിന വേള സുരരിപു തെമ്മനി ചക്കെര ബഞ്ചിയഗ ഗനി' എന്ന ചരണാരംഭത്തിലെ നിരവല്‍ ചക്കര പോലെതന്നെ മധുരമയമാണ്.

 ശ്രീരാമനോടുള്ള ത്യാഗരാജഭക്തിയുടെ മറ്റൊരു പാഠഭേദമാണ് കേദാരം രാഗത്തിലുള്ള 'രാമാ നീ പൈ' എന്ന കീര്‍ത്തനം. സാധാരണയായി മനുഷ്യര്‍ ആദിയും വ്യാധിയും വരുമ്പോഴാണ് ദൈവത്തെ വിളിക്കുന്നത്. എന്നാല്‍ ലൗകിക സുഖങ്ങള്‍ അനുഭവിക്കുമ്പോഴും  തന്റെ മനസ് രാമനില്‍ത്തന്നെ ഉറച്ചിരിക്കും എന്നാണ് അദ്ദേഹം ഇതില്‍ പറയുന്നത്. ശ്രീരാമനോടുള്ള തന്റെ ഭക്തി കേവലമായതും അത് സാധാരണക്കാരില്‍ നിന്ന് വിഭിന്നമാണെന്നും അദ്ദേഹം ഇവിടെ പറയാതെ പറയുകയാണ്. ഈയൊരു കേവലഭക്തി തന്നെയാണ് ധന്യാസി രാഗത്തിലുള്ള 'ധ്യാനമേ വരമൈന ഗംഗാസ്‌നാനമേ മനസാ രാമ' എന്ന കീര്‍ത്തനത്തിലൂടെയും ത്യാഗരാജന്‍ അടിവരയിടുന്നത്. രാമധ്യാനമാണ് ഉത്തമമായ ഗംഗാസ്‌നാനമെന്ന് അദ്ദേഹം ഇതില്‍ പറയുന്നു.  മഴവെള്ളത്തില്‍ എത്രതന്നെ കുളിച്ചാലും മനസിലുള്ള ചതി, വിദ്വേഷം മുതലായവയുടെ കളങ്കം പോകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

 എം ഡി രാമനാഥന്‍ എന്ന സംഗീതജ്ഞന്‍ ഒരുപാട് തവണ കച്ചേരികളില്‍ പാടിയിട്ടുള്ള ശഹാന രാഗത്തിലുള്ള 'ഗിരിപൈ നെലകൊന്ന രാമുനി' എന്നു തുടങ്ങുന്ന കീര്‍ത്തനത്തെ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്.  ഈ കീര്‍ത്തനം രചിച്ച പത്താമത്തെ നാള്‍ ത്യാഗരാജന്‍ ഈ ലോകം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്. അദ്ദേഹം സ്വപ്നത്തില്‍ കണ്ട ശ്രീരാമനെയാണ്  ഈ കീര്‍ത്തനത്തില്‍ വര്‍ണിക്കുന്നത്. 

മലമുകളില്‍ നില്‍ക്കുന്ന ശ്രീരാമനെ സുവ്യക്തമായി താന്‍ കണ്ടെന്നും അപ്പോള്‍ താന്‍ ആനന്ദാശ്രു പൊഴിച്ചുകൊണ്ട് എന്തോ പറയാന്‍ വിചാരിച്ചത് ഉച്ചരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍, പത്തു ദിവസം കഴിഞ്ഞ് തന്നെ രക്ഷിക്കും എന്ന് ശ്രീരാമന്‍ പറഞ്ഞതായും ത്യാഗരാജന്‍ ഈ കീര്‍ത്തനത്തില്‍ പറയുന്നുണ്ട്. എന്തായാലും ഇതിനുശേഷം രണ്ടു കീര്‍ത്തനങ്ങള്‍ മാത്രമാണ് അദ്ദേഹം രചിച്ചിട്ടുള്ളത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

മനുഷ്യനും ദൈവവും ഒന്നാണെന്ന സന്ദേശമാണ് ത്യാഗരാജകൃതികള്‍ നമുക്ക് നല്‍കുന്നത്. അവിടെ രാമന്‍ ദ്വൈതനല്ല, അദ്വൈതനാണ്. ജാതിമതഭേദങ്ങള്‍ക്കും രാഷ്ട്രസങ്കല്പങ്ങള്‍ക്കുമപ്പുറം മനുഷ്യനന്മ എന്ന പൊതുവികാരത്തോട് താദാത്മ്യം നേടുന്ന അദ്വൈതരാമന്‍.

Content Highlights: ramesh gopalakrishnan karnatic music thyagarajan worships lord rama