'ഗാന്ധി' : ആറ്റന്‍ബറോയെ ഏല്‍പ്പിച്ച ദൗത്യത്തില്‍ ഇന്ദിരാഗാന്ധിയുടെ സംതൃപ്തിയെത്ര, വിമര്‍ശനമെത്ര?

#രാമചന്ദ്രഗുഹ/ വിവ. പി.എസ് രാകേഷ്‌
ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

1982-ല്‍ 'ഗാന്ധി' സിനിമ പുറത്തിറങ്ങിയതോടെയാണ് മഹാത്മാഗാന്ധി ലോകപ്രശസ്തനായതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ആ വിഖ്യാതചിത്രം പുറത്തിറങ്ങിയപ്പോള്‍ രാജ്യത്തും പുറത്തുമുണ്ടായ വ്യത്യസ്തമായ പ്രതികരണങ്ങളെക്കുറിച്ച് വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എഴുതുന്നു. ഒപ്പം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ഗാന്ധി' സിനിമയെക്കുറിച്ച് നടത്തിയ നിരൂപണവും കണ്ടെടുക്കുന്നു. 2022 ഡിസംബറില്‍ ഗുഹ എഴുതിയ ഈ ലേഖനം പി.എസ് രാകേഷ് പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ഗാന്ധി എന്ന പച്ചമനുഷ്യനി'ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം. 

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഇതിഹാസചലച്ചിത്രം ഗാന്ധി പുറത്തിറങ്ങിയതിന്റെ നാല്‍പ്പതാം വാര്‍ഷികമായിരുന്നു കഴിഞ്ഞ മാസം (നവംബര്‍ 2022). ലണ്ടനില്‍നിന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍യാത്ര ചെയ്താല്‍ എത്താവുന്ന ഒരിടത്ത് ആറ്റന്‍ബറോയുടെ പഴയകാല എഴുത്തുകുത്തുകളും അദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പത്രറിപ്പോര്‍ട്ടുകളുടെ കട്ടിങ്ങുകളും സൂക്ഷിച്ചിട്ടുണ്ട്. ഈയിടെ ഞാന്‍ ആ പുരാരേഖാകേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ആ സംവിധായകന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയെക്കുറിച്ച് (വെറും സാധാരണചിത്രമെന്നു ചിലര്‍ പറഞ്ഞേക്കാം) വന്ന നിരൂപണങ്ങള്‍ മുഴുവന്‍ അവിടെ കാണാം. 'ജീവിതത്തില്‍ കണ്ട ഏറ്റവും മഹത്തായ മൂന്നോ നാലോ സിനിമകളില്‍ നിസ്സംശയം ഇതുള്‍പ്പെടും. ഏറ്റവും ഹൃദയസ്പര്‍ശിയായ സിനിമകളുടെ കൂട്ടത്തിലും ഇതുണ്ട്'- അന്നു ചെറുപ്പക്കാരിയായിരുന്ന തവ്‌ലീന്‍ സിങ് ദി ടെലിഗ്രാഫില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെഴുതി.

കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ ബ്രിട്ടീഷ് സംവിധായകന്‍ സിനിമയെടുത്തതിനെക്കുറിച്ച് വിദേശികളോട് വെറുപ്പുള്ള ചിലര്‍ മുറുമുറുത്തിരുന്നു അന്ന്. ഈ വിമര്‍ശനത്തില്‍ കാര്യമില്ലെന്ന് തവ്‌ലീന്‍ സിങ് അഭിപ്രായപ്പെട്ടു. അവരെഴുതിയത് ഇങ്ങനെ: 'ഇതിനായി ചെലവഴിക്കപ്പെട്ട പണം പാഴായിട്ടില്ല എന്നാണെന്റെ വിലയിരുത്തല്‍. ഗാന്ധിയെക്കുറിച്ച് നിര്‍മ്മിക്കാവുന്ന ഏറ്റവും മികച്ച സിനിമതന്നെയാണ് ആറ്റന്‍ബറോ ഒരുക്കിയത്. ഇന്ത്യ അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.'

അതേ തലമുറയില്‍പ്പെട്ട മറ്റൊരു വനിതാനിരൂപകയ്ക്ക് ഇതേ അഭിപ്രായമായിരുന്നില്ല. സണ്‍ഡേ ഒബ്‌സര്‍വറില്‍ എഴുതിയ അമൃത എബ്രഹാമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബെന്‍ കിങ്സ്ലിയുടെ അഭിനയം ഗംഭീരമാണെന്ന് അവര്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഗാന്ധി ഒഴിച്ചുള്ള ഇന്ത്യന്‍ കഥാപാത്രങ്ങള്‍ക്കു കാര്യമായ പങ്കു സിനിമയിലില്ല എന്നവര്‍ എഴുതി: 'ബദല്‍ ആശയങ്ങളും നിലപാടുകളുമുള്ള മറ്റു കഥാപാത്രങ്ങളെ ബലഹീനതകളുള്ള ചെറിയ മനുഷ്യരായാണ് സിനിമയില്‍ ചിത്രീകരിച്ചത്. ഗാന്ധിയും അവരും ഒന്നിച്ചുള്ള രംഗങ്ങളൊന്നും സംഭവബഹുലമേയല്ല. മറ്റു കഥാപാത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് ഗാന്ധിയുടെ കഥാപാത്രത്തിന്റെ മികവും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല.'

ഗാന്ധിയില്‍ മാത്രം കര്‍ക്കശമായി ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാകാം പല തലങ്ങളുള്ള സ്വാതന്ത്ര്യസമരത്തിന്റെ വളരെ ലളിതമായൊരു വശമാണ് സിനിമയില്‍ കാണിക്കുന്നതെന്നും അമൃത എബ്രഹാം വിമര്‍ശിക്കുന്നുണ്ട്. 'പ്രധാന കഥാപാത്രത്തിന്റെ ധാര്‍മ്മികവീക്ഷണത്തോടു നീതിപുലര്‍ത്താനും സിനിമയ്ക്കായില്ല. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഗാന്ധിയുടെ പ്രധാന ആശയങ്ങളെ സ്വദേശി, ഭൗതികസുഖങ്ങളുടെ പരിത്യാഗം, അഹിംസയിലൂന്നിയുള്ള ധാര്‍മ്മികനിലപാടുകള്‍ എന്നിവയിലൊതുക്കാനുള്ള ശ്രമം നടന്നതുപോലെ തോന്നി. പക്ഷേ, ധാര്‍മ്മികബോധത്തില്‍ അധിഷ്ഠിതമായ ഗാന്ധിസത്തെക്കുറിച്ച് സമഗ്രമായൊരു വീക്ഷണം സമ്മാനിക്കാന്‍ സിനിമയ്ക്കു സാധിക്കുന്നേയില്ല. അതിന്റെ അടിസ്ഥാനമായ ഹിന്ദുവിശ്വാസത്തെക്കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നില്ല'- അമൃത എബ്രഹാം എഴുതി.

ചിത്രത്തില്‍ ഗാന്ധിയായി വേഷമിട്ട ബെന്‍ കിന്‍സ്‌ലി

ഗാന്ധി സിനിമയെ അതിനിശിതമായി വിമര്‍ശിക്കുന്ന ചില നിരൂപണങ്ങളും റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സ്വകാര്യശേഖരത്തില്‍ കാണാം. ന്യൂയോര്‍ക്കില്‍നിന്നിറങ്ങുന്ന വില്ലേജ് വോയ്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ആന്‍ഡ്രു സാരിസിന്റെ നിരൂപണമാണ് അതില്‍ ഏറ്റവും കടുപ്പം. 'സമകാലികമായ പ്രചാരണവേലകളിലൂടെ നിരൂപകരുടെയും വിപണിയുടെയും ശ്രദ്ധ പിടിച്ചുപറ്റാമെന്നു വ്യാമോഹിക്കുന്ന സിനിമാനിര്‍മ്മാണരീതിയാണ് ഗാന്ധിയുടേത്. ഗാന്ധി എന്നത് ഒരാളുടെ മാത്രം കഥയല്ല. ഒരുപാടുപേരുടെയും ഒരുപാടു സംഭവങ്ങളുടെയും ആകെത്തുകയാണത്. ഇന്ത്യന്‍ സ്വാതന്ത്ര്യം, അഹിംസ, വംശീയവും ജാതീയവുമായ മുന്‍വിധികള്‍, കൊളോണിയലിസം, സാമ്രാജ്യത്വം, ചൂഷണം, ചരിത്രത്തിന്റെ ഒഴുക്ക്...അതെല്ലാം ചേര്‍ന്നാലേ ഗാന്ധിയുടെ കഥ പൂര്‍ണ്ണമാവൂ. എന്നാല്‍, 188 മിനിട്ടുള്ള സിനിമയില്‍ ഇവയെല്ലാം ചേര്‍ക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. അനന്തമായ സാദ്ധ്യതകളുള്ള വിശാലമായ ഒരു പ്രമേയത്തിന്റെ, അവിടെനിന്നും ഇവിടെനിന്നും ചില ഭാഗങ്ങള്‍ മാത്രമെടുത്തുകൊണ്ടാണ് സംവിധായകന്‍ ആറ്റന്‍ബറോയും തിരക്കഥാകൃത്ത് ജോണ്‍ ബ്രൈലിയും സിനിമ തയ്യാറാക്കിയിരിക്കുന്നത്,' ആന്‍ഡ്രു സാരിസ് കുറ്റപ്പെടുത്തി.

Caption

സിനിമയില്‍ ചില ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങളുണ്ടെന്ന് ഒരിടത്ത് നിരീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ നിരൂപകന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഗാന്ധിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ്. 'അതിസങ്കീര്‍ണ്ണമായ ഒരു ചരിത്രത്തെ ശുഭപര്യവസായിയായ ഉപദേശകഥയാക്കി ചുരുക്കിക്കളഞ്ഞു എന്നതാണ് ആറ്റന്‍ബറോ ചെയ്ത ഗുരുതരമായ തെറ്റ്. നല്ലവരായ ഒരു സംഘം ഇന്ത്യന്‍ സ്വാതന്ത്ര്യപോരാളികള്‍ ക്രൂരന്മാരായ ബ്രിട്ടീഷ് സാമ്രാജ്യവാദികളെ തോല്‍പ്പിക്കുന്നു എന്ന മട്ടിലായി സിനിമയുടെ പോക്ക്.'

ബ്രിട്ടീഷ് പത്രങ്ങളിലും ഗാന്ധി സിനിമയെ വിമര്‍ശിച്ചുകൊണ്ടുള്ള നിരൂപണങ്ങള്‍ വന്നിരുന്നു. ന്യൂ മ്യൂസിക്കല്‍ എക്‌സ്പ്രസില്‍ റിച്ചാര്‍ഡ് കുക്ക് എഴുതിയ കുറിപ്പ് വായിക്കാം. 'മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങളുണ്ടെങ്കിലും ചരിത്രബന്ധമുള്ള ചില പ്രതിമകളുടെ ഘോഷയാത്രപോലെയായി സിനിമ' എന്നാണദ്ദേഹം എഴുതിയത്. 'പില്‍ക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുന്നില്‍നിന്ന് നയിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ച അദ്ദേഹത്തിന്റെ ആന്തരികസംഘര്‍ഷങ്ങളെക്കുറിച്ചോ മഹാത്മായും പത്‌നിയുമായുണ്ടായിരുന്ന വിസ്മയകരമായ ബന്ധത്തെക്കുറിച്ചോ സിനിമ സംസാരിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ ഈ സിനിമയെ അവിശ്വസിക്കാനാണ് എനിക്കു തോന്നുന്നത്. സത്യജിത് റായ് ഗാന്ധി സിനിമ എടുക്കുന്നതു കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്.'

സിനിമയെ പ്രശംസിച്ചുകൊണ്ട് എഴുതപ്പെട്ട നിരൂപണങ്ങളും ആറ്റന്‍ബറോ സൂക്ഷിച്ചുെവച്ചിരുന്നു. ശ്രീലങ്കന്‍ പത്രപ്രവര്‍ത്തകനായ ടാര്‍സി വിറ്റാച്ചി ഏഷ്യാവീക്ക് മാസികയിലെഴുതിയ കുറിപ്പാണ് ഇതില്‍ പ്രധാനം. ന്യൂയോര്‍ക്കില്‍ ഗാന്ധി സിനിമയുടെ പ്രിവ്യൂ പ്രദര്‍ശനം നടന്നപ്പോള്‍ അതു കാണാന്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട നാല്‍പ്പത്തിയൊമ്പത് വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്നു വിറ്റാച്ചി. 'കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഗാന്ധി. പടം കണ്ടു തിയേറ്ററില്‍നിന്നിറങ്ങുമ്പോള്‍ ആഹ്ലാദലഹരിയിലായിരുന്നു ഞാന്‍. തോക്കിന്‍കുഴലില്‍നിന്നല്ല യഥാര്‍ത്ഥ ശക്തിയുണ്ടാകുന്നതെന്ന തിരിച്ചറിവ് ആ സിനിമ സമ്മാനിച്ചു'- വിറ്റാച്ചി എഴുതിത്തുടങ്ങുന്നതിങ്ങനെ.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള തിയേറ്ററിലായിരുന്നു ഗാന്ധി സിനിമയുടെ പ്രിവ്യൂ സംഘടിപ്പിച്ചത്. 'നീയാദ്യം നിര്‍ത്ത് എന്ന് തെരുവുഗുണ്ടകളെപ്പോലെ വന്‍ശക്തികള്‍ അവിടെ പറഞ്ഞുകളിക്കുന്നുണ്ടാകും. അതിനിടയില്‍ ചെറുമീനുകള്‍ കൂടുതല്‍ സൈനികസഹായത്തിനായി രഹസ്യചര്‍ച്ചകള്‍ നടത്തും. അവരും സമാധാനത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കും. മഹാത്മാഗാന്ധി ഒരിക്കലും ജീവിച്ചിരുന്നിട്ടേയില്ല എന്ന മട്ടിലാണ് ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. യുദ്ധസജ്ജരായിക്കൊണ്ടല്ല സമാധാനം കൊണ്ടുവരേണ്ടത് എന്നു ജീവിതംകൊണ്ട് തെളിയിച്ചയാളാണ് ഗാന്ധി. ചരിത്രത്തിലെ ഏറ്റവും ശക്തരായ സാമ്രാജ്യത്തെ ഗാന്ധി തകര്‍ത്തത് ഒരു തോക്കുപോലും ഉപയോഗിക്കാതെയാണ് എന്ന കാര്യം ലോകരാജ്യങ്ങള്‍ മറക്കുന്നു. കൂടുതല്‍ ഹിംസ ഉത്പാദിപ്പിക്കാന്‍ മാത്രമേ ഹിംസയ്ക്ക് സാധിക്കൂ എന്ന സത്യവും അവര്‍ പഠിക്കുന്നില്ല'- വിറ്റാച്ചി എഴുതി.

'സംഘര്‍ഷങ്ങളും യുദ്ധങ്ങളും നയിക്കുന്ന ലോകമാണിത്. ഗാന്ധി സിനിമ കൃത്യമായി ഈ സമയത്തുതന്നെയിറങ്ങി എന്നതൊരു വിരോധാഭാസമാവാം. തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും ക്യാമറയിലുമൊക്കെ സമര്‍ത്ഥമായ മികവു പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമാണിത്. ഇത് കണ്ടിറങ്ങുന്ന ഒരാളും മുമ്പത്തേതുപോലെയാവില്ല. അതവരെ മാറ്റിമറിക്കുമെന്നുറപ്പ്,' വിറ്റാച്ചി തുടരുന്നു.

ജീവിതകാലത്തുടനീളം ഗാന്ധി ഒരു വിവാദപുരുഷനായിരുന്നു. വ്യാപകമായും ആത്മാര്‍ത്ഥമായും ആദരിക്കപ്പെട്ടതിനൊപ്പംതന്നെ അദ്ദേഹം ഗാഢമായി എതിര്‍ക്കപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ മരണത്തിന്റെ മൂന്നരപ്പതിറ്റാണ്ടിനുശേഷം അദ്ദേഹത്തെക്കുറിച്ചൊരു സിനിമയിറങ്ങിയാല്‍ സമ്മിശ്രമായ പ്രതികരണങ്ങളുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഈ സിനിമ ഇറങ്ങിയ സമയത്തുതന്നെ ഞാനതു കണ്ടിരുന്നു. പിന്നീടും പലവട്ടം കണ്ടു. ഗാന്ധിമാര്‍ഗ്ഗത്തെക്കുറിച്ച് പഠിപ്പിക്കുന്ന കാലത്ത് എന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്നും ആ സിനിമ കണ്ടിട്ടുണ്ട്. പുതുതലമുറകള്‍ക്കും ഇന്ത്യക്കാരല്ലാത്ത മറുദേശക്കാര്‍ക്കും ഗാന്ധിയുടെ സന്ദേശം പകര്‍ന്നുകൊടുക്കുന്നതില്‍ സിനിമ വിജയിച്ചിരുന്നു. നായകന്റെ വേഷം ചെയ്ത ബെന്‍ കിങ്സ്ലി ഉജ്ജ്വലമായി അഭിനയിക്കുകയും ചെയ്തു. സാമുദായിക സൗഹാര്‍ദ്ദത്തിനായി തന്റെ അവസാനകാലങ്ങളില്‍ ഗാന്ധി നടത്തിയ നിരാഹാരസമരങ്ങള്‍ ഹൃദയസ്പര്‍ശിയായി സിനിമയില്‍ അവതരിപ്പിക്കപ്പെട്ടു. എങ്കിലും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കു കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗാന്ധിയുടെ സമകാലികരും എതിരാളികളുമായ ബി.ആര്‍. അംബേദ്കര്‍, സുഭാഷ്ചന്ദ്ര ബോസ് എന്നിവരൊന്നും സിനിമയില്‍ത്തന്നെയുണ്ടായിരുന്നില്ല. അമൃത എബ്രഹാം ചൂണ്ടിക്കാട്ടിയതുപോലെ ഗാന്ധിയുടെ രാഷ്ട്രീയത്തിനു പിന്നിലെ ധാര്‍മ്മികശക്തികളെക്കുറിച്ച് തൃപ്തികരമായ രീതിയില്‍ വിശദീകരിക്കുന്നതിലും സിനിമ പരാജയപ്പെടുന്നു.

ആ സിനിമയ്ക്ക് പച്ചക്കൊടി കാട്ടിയ ഒരു വ്യക്തിയുടെ വാക്കുകള്‍തന്നെ കടമെടുത്തുകൊണ്ട് ഗാന്ധി സിനിമയുടെ നിരൂപണങ്ങളെക്കുറിച്ചുള്ള ഈ 'നിരൂപണക്കുറിപ്പ്' ഞാന്‍ അവസാനിപ്പിക്കാം. സിനിമയ്ക്കു പണം മുടക്കാന്‍ അനുമതി നല്‍കിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാക്കുകളാണത്. സിനിമ പുറത്തിറക്കുന്നതിനു മുമ്പ് ഇന്ദിരാഗാന്ധിയെ അത് കാണിച്ചുവെന്ന് ആറ്റന്‍ബറോ അവകാശപ്പെട്ടിരുന്നു. രണ്ടു വിമര്‍ശനങ്ങള്‍ മാത്രമേ അവര്‍ ഉന്നയിച്ചുള്ളൂ എന്നും ആറ്റന്‍ബറോ പറഞ്ഞു. 'ബാപ്പുവിന്റെ സംഭവബഹുലമായ ജീവിതം മൂന്നുമണിക്കൂറിലേക്കു ചുരുക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. അക്കാര്യം സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കണം എന്നവര്‍ പറഞ്ഞു. കസ്തൂര്‍ബായുടെ സംഭാഷണം ഇന്നത്തെ കാലത്തെ ആളുകളുടേതുപോലെയായി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ വിമര്‍ശനം. തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ ഭാര്യമാര്‍ അത്യന്തം ഉപചാരപൂര്‍വ്വമേ ഭര്‍ത്താവിനോടു സംസാരിക്കാറുള്ളൂ എന്നവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക എന്നു പരിശോധിക്കണമെന്ന് അവരാവശ്യപ്പെട്ടു. അവരുടെ രണ്ടു നിര്‍ദ്ദേശങ്ങളും ഞാന്‍ അനുസരിക്കുകയും ചെയ്തു'- ആറ്റന്‍ബറോ അന്നു പറഞ്ഞതിങ്ങനെ.

ഗാന്ധി സിനിമയെക്കുറിച്ച് ഇന്ദിരാഗാന്ധിയുടെ ശരിക്കുള്ള അഭിപ്രായം എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന രേഖകളും ആറ്റന്‍ബറോ പുരാവസ്തുശേഖരത്തിലുണ്ട്. 1982 ഡിസംബര്‍ രണ്ടിനു തന്റെ അമേരിക്കന്‍ കൂട്ടുകാരി ഡൊറോത്തി നോര്‍മന് ഇന്ദിരാഗാന്ധി എഴുതിയതിങ്ങനെ: 'വലിയ ആഘോഷത്തോടുകൂടിയാണ് ഗാന്ധി സിനിമ റിലീസ് ചെയ്യപ്പെട്ടത്. അത് ഹൃദയഹാരിയായി. ഗാന്ധി എന്തിനുവേണ്ടി നിലകൊണ്ടു എന്നതു ലോകമറിയുന്നത് നല്ലതാണല്ലോ. സിനിമ മനോഹരവും ശക്തവുമാണ്, എന്നിരുന്നാലും അക്കാലത്ത് ജീവിച്ചവര്‍ക്ക് ഇന്ത്യ എന്ന അടിസ്ഥാനവികാരത്തെ ഈ സിനിമയില്‍ കണ്ടെത്താന്‍ സാധിച്ചെന്നുവരില്ല. എത്രയോ സ്ത്രീപുരുഷന്മാര്‍ നടത്തിയ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിന്റെ മഹത്ത്വവും നാടകീയതയും തിരിച്ചറിയാന്‍ ഒരു ഇന്ത്യന്‍ സംവിധായകനും ഇതുവരെ സാധിച്ചില്ല എന്നതാണ് ദുഖകരമായ വസ്തുത. ഓരോ ജില്ലയിലും സമരം നയിച്ച നായകന്മാരും നായികമാരുമുണ്ട്. ഗാന്ധി ആ തിരമാലയുടെ മകുടമായിരുന്നു. പക്ഷേ, സിനിമ ഗാന്ധിയെ സൂപ്പര്‍സ്റ്റാര്‍ രീതിയിലുള്ള മിശിഹാ ആയാണ് അവതരിപ്പിക്കുന്നത്. അതു ഗാന്ധിയെ കുറച്ചുകാണലല്ല എന്നതു ശരിതന്നെ. പക്ഷേ, മറ്റു ഘടകങ്ങളെ ചുരുക്കിക്കാട്ടുന്നു എന്നാണെനിക്കു തോന്നിയത്.'
ഉപരിപ്ലവമെങ്കിലും കണ്ടിരിക്കാവുന്നത്- റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയെക്കുറിച്ചുള്ള ഇന്ദിരാഗാന്ധിയുടെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു. തികച്ചും ശരിയായ വിലയിരുത്തല്‍.

(ഡിസംബര്‍ 2022)


 

Content Highlights: ramachandraguha article film gandhi assigned by indira gandhi to richard attenborough