കാവ്യവൃക്ഷം

സച്ചിദാനന്ദനെഴുതുമ്പോൾ സംഭവിപ്പതെന്തെന്ന് ആറുപതിറ്റാണ്ടായി അവിരാമം തുടരുന്ന ആ കാവ്യലോകത്തെ പിൻതുടരുന്നവർക്കെല്ലാമറിയാം. മലയാളത്തിന്റെ മരതകകാന്തിയും മലയാളിയുടെ ജീവിതവും വേദനയും കിനാവും പ്രതിഷേധവും പ്രതിരോധവും കവിതയുടെ ഭൂപ്രകൃതിയിൽ പൂത്തുലയുന്നു. എല്ലാ ഋതുവും അവിടെ പൂക്കാലമാവുന്നു. എൺപതാം വയസ്സിലെത്തുന്ന കവി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലെ 'എഴുത്തച്ഛനെഴുതുമ്പോൾ' (1971) എന്ന കവിതയിലാണ് ഇങ്ങനെയെഴുതിയത് : 'എഴുത്തച്ചനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നെനിക്കറിയാം, എഴുത്തച്ഛനായ് മാറുന്നു, പിന്നെ, യച്ഛനെഴുത്തായും'. എഴുത്തു തന്നെ ആത്മമായും ആത്മംതന്നെ എഴുത്തായും മാറൽ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, കവിതതന്നെ കവിയായും, കവിതന്നെ കവിതയായും, ഭാഷതന്നെ കവിതയായും കവിത തന്നെ ഭാഷയായും മാറുന്ന കാവ്യജീവീതവൃത്തി. എഴുത്തും എഴുത്തുകാരനും ഒന്നായിത്തീർന്ന അഭേദത്തിൻപൊരുളിന്റെ ആ കഥതന്നെയാണു സച്ചിദാനന്ദന്റെ കാവ്യജീവിതത്തിന്റേതും.
കവിക്കുപുറമേയോ കവിക്കൊപ്പമോ പല സച്ചിദാനന്ദൻമാരുണ്ട് സച്ചിദാനന്ദനിൽ. ഇത്രയും വൈപുല്യവും വൈവിധ്യവും നിറഞ്ഞ രചനാലോകമുള്ള മറ്റൊരു കവിയെ ആധുനിക മലയാളത്തിൽ കണ്ടുമുട്ടുക എളുപ്പമല്ല. പ്രവർത്തനമണ്ഡലങ്ങളിലുമുണ്ട് ആ വിപുലതയും വിവിധതയും. കാവ്യപരിഭാഷകൻ (എന്റെ സമാഹൃത കവിതകൾ 1500 പേജ് വരുമെങ്കിൽ കവിതാപരിഭാഷകളും അത്രതന്നെ വരുമെന്ന് കവി), കാവ്യനിരൂപകൻ (പുതുതാമുയർന്നു വരുന്ന ഭാവുകത്വം വ്യാഖ്യാനിക്കാൻ ഏറെപ്പേരില്ലാതിരുന്നതുകൊണ്ട് ആ ഭാഗവും എനിക്കു കുറേ ഏറ്റെടുക്കേണ്ടിവന്നുവെന്ന് കവി), കലാനിരൂപകൻ, ലിറ്റിൽ മാഗസിൻ പത്രാധിപർ, രാഷ്ട്രീയ ചിന്തകൻ, അധ്യാപകൻ, പ്രഭാഷകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, അക്കാദമിയുടെ പ്രസിദ്ധീകരണം 'ഇന്ത്യൻ ലിറ്ററേച്ചറിന്റെ' പത്രാധിപർ അങ്ങനെ പല സച്ചിദാനന്ദൻമാർ. മലയാളത്തിലെ കവിതയിലെ ആധുനികതയെ വ്യാഖ്യാനിച്ചും വിശദീകരിച്ചും സ്ഥാനപ്പെടുത്തിയും സച്ചിദാനന്ദനോളം എഴുതിയിട്ടുള്ള നിരൂപകരാരുമില്ല. ആധുനികതാ സൗന്ദര്യബോധത്തെ വിപുലപ്പെടുത്തിയ ലിറ്റിൽ മാഗസിൻ പ്രസ്ഥാനത്തിനു നിസ്തുലമായ സംഭാവനകളാണ് സച്ചിദാനന്ദൻ നൽകിയത്. തീവ്രഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിരോധാത്മകമായ ജനാധിപത്യപ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്തു. എഴുത്തിലും ചിന്തയിലും രാഷ്ട്രീയത്തിലും ശത്രുസങ്കല്പമില്ലാത്ത മൈത്രിയുടെ വഴിയും സ്വീകരിച്ചു. നേരവും കാലവും അപഹരിക്കുന്ന ഈ തിരക്കുകൾക്കിടയിലും കവിതയിൽനിന്ന് ഒരു ദിവസവും കവി ഒഴിഞ്ഞുനിൽക്കുകയോ അവധിയെടുക്കുകയോ ചെയ്തതുമില്ല. അടിമുടി കവിയായിരിക്കുകയും ഭാഷയിൽ ജീവിക്കുകയും നിരന്തരം വാക്കുകളും ബിംബങ്ങളും കൊത്തുകയും ചെയ്യുന്ന ആ കാവ്യജീവിതമാണ് സച്ചിദാനന്ദനെ ആധുനിക മലയാള കവിതയിൽ ഋതുഭേദമെന്യേ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാവ്യവൃക്ഷമാക്കിയത്.
വൃക്ഷത്തിന്റെ ഉപമയിൽ സച്ചിദാനന്ദനെ വായിക്കാനാവും. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളുടെ മധ്യത്തിൽ, മലയാളകവിത രൂപത്തിലും ഭാവത്തിലും പാരമ്പര്യച്ചുമടുകൾ ഇറക്കിവെച്ച് പുതിയൊരു പൊടിപ്പായി ഉയർന്നു വന്ന ആധുനികതയുടെ കാലത്ത് എഴുതിത്തുടങ്ങിയ സച്ചിദാനന്ദൻ സ്വന്തം കവിതയെ നിർവചിച്ചത് ഒരു വൃക്ഷകല്പനയുടെ അടിസ്ഥാനത്തിലാണ്. 'വേനലിൽ ഉണങ്ങിയ മരത്തിൻ വളയൂരിവീണ കൊമ്പിൽ പടർന്നുചുറ്റിപുളഞ്ഞാടിപ്പോകുന്ന നീലനാഗിനി'യായി. ഭാഷയെയും കവിതയെയും അടയാളപ്പെടുത്താൻ സച്ചിദാനന്ദൻ ആവർത്തിച്ചുപയോഗിച്ചിട്ടുള്ള 'വൃക്ഷം' ആ കവിതയെ മുഴുവൻ വ്യാഖ്യാനിക്കാൻ സഹായിക്കുന്ന രൂപകവും ബിംബവുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലെ ദീർഘകവിതയായ'മലയാളം'ത്തിൽഇങ്ങനെ വായിക്കാം:
'ഞാൻ നിന്നെക്കാണുന്നു:
പഴകിക്കാതലുറച്ച തടിയും
ഭൂമി മുഴുവൻ പടരുന്ന
കൊമ്പുകളുമായി ഒരു മഹാവൃക്ഷം.
നിന്റെ തടിനിറയെ പ്രണയികൾ
ആഴത്തിൽ കോറിയിട്ട
അമ്പേറ്റിയ ഹൃദയങ്ങൾ
ബാധകയറിയവർ ശിരസ്സുകൊണ്ടടിച്ചു
കയറ്റിയ നീണ്ട ഇരുമ്പാണികൾ
അടർന്ന തൊലിക്കിടയിലൂടെ
തുറിച്ചു നിൽക്കുന്ന മാംസം
എന്നിട്ടും നീ പൂവണിയുന്നു,
പൂവണിയുന്നൂ
കാണാത്തത്ര ഉയരത്തിൽ.
ഉയരത്തിൽനിന്നു നീയെന്നെ വിളിക്കുന്നു,
ആത്മാവിന്റെ കൂടെ നടക്കുവാൻ.
ആയിരം ശബ്ദങ്ങൾക്കിടയിലും കുട്ടി
അമ്മയുടെ ശബ്ദം തിരിച്ചറിയുമ്പോലെ
ഞാൻ നിന്റെ ശബ്ദം തിരിച്ചറിയുന്നു.
നിന്റെ തൊണ്ടയിൽനിന്ന്
ദൈവം സംസാരിക്കുന്നത് ഞാൻ
കേൾക്കുന്നു.'
'മലയാള'ത്തിനു വളരെ വർഷങ്ങൾക്കു ശേഷം 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെഴുതിയ 'വൃക്ഷത്തിന്റെ സ്വപ്ന'ത്തിൽ ഒരു പാഴ്മരമായി ('എന്നിട്ടും പാറിയെത്തുവാൻ എന്തേ പാടുമിക്കിളിക്കൂട്ടം' എന്ന് കവി) വിശേഷിപ്പിച്ചുകൊണ്ട് കവി എഴുതുന്നു:
വേരുകൾ തരിക്കയായ്
പിന്നെയും സ്മരണയായ്
മാറിയ നാടിന്നീറനവയെ
ത്രസിപ്പിക്കെ.
വീഴണം എനിക്കെന്റെ
നാട്ടിൽ; എന്നൊട്ടുക്കത്തെ
പ്പൂവുകൾ ചിതറണം
കുഞ്ഞുങ്ങളുടെ സ്ലേറ്റിൽ
ഹാ, മലയാളത്തിന്റെ
സ്വരവ്യഞ്ജനങ്ങൾ പോൽ.
'കൊണ്ടുപോവുക കാറ്റേ, എന്നൊടുക്കത്തെപ്പാട്ടുമെന്നൊടുക്കത്തെക്കായിൻ വിത്തു-
മെൻ മലനാട്ടിലെന്നും 'എനിക്കിതുമതി,
ഈ മണ്ണിന്റെ നിലയ്ക്കാത്ത മരതക
പ്രവാഹം, ശബ്ദങ്ങളുടെ ഈ അനശ്വര സമുദ്രം, ധ്വനികളുടെ അക്ഷയമായ ആകാശം' എന്നും എഴുതുന്ന അഗാധമായ സ്വത്വബോധം പ്രകൃതി സ്‌നേഹം, പരിസ്ഥിതിവിവേകം, ഭാഷാഭിമാനം, മാനവികത തുടങ്ങിയ തേഞ്ഞുപഴകിയ വാക്കുകൾ കൊണ്ടും വിശദീകരിക്കാനാവുന്നതല്ല. കവിതയുടെ ആന്തരത എന്നു വിശേഷിപ്പിക്കേണ്ട സ്വരവിശേഷവും ഭാഷണസ്വരവുമാണത്. കവിയുടേതു മാത്രമായ മുദ്ര. 'മുദ്രതന്നെ ഭാഷയുടെ തുടക്കം, ഒടുക്കവു'മെന്ന് 'പൊരുളി'ൽ കവി എഴുതിയതും അതുകൊണ്ടുതന്നെ.
രൂപത്തിലും ഭാഷയിലും പാരമ്പര്യത്തെ ഉടച്ചു കളഞ്ഞ് പുതിയ വഴി വെട്ടാൻ ശ്രമിച്ച ആധുനിക ഭാവുകത്വത്തിന്റെ അഗ്രദൂതരിൽ ഒരാളാണെങ്കിലും കേരളീയവും ഭാരതീയവും പാശ്ചാത്യവുമായ കാവ്യപാരമ്പര്യങ്ങൾ ഉൾക്കൊണ്ടതാണ് സച്ചിദാനന്ദന്റെ കവിത. അതിൽനിന്നു രൂപപ്പെടുന്നതാണ് ആ കവിതകളിലെ ആഴമേറിയ സാംസ്‌കാരികസ്വത്വബോധം. 'സന്ധ്യകളിൽ അഗ്‌നിവിശുദ്ധയായി കനകപ്രഭ ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാതാവ്, പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി ഞങ്ങൾ നേടിയെടുത്ത കല്യാണസൗഗന്ധികം, ഉത്സവപ്പിറ്റേന്നത്തെ പുലരി മയക്കത്തിൽ ചേങ്കിലമുഴക്കത്തോടൊപ്പം കാതുകളിൽ പൂത്തുനിന്ന 'സാമ്യമകന്നോരുദ്യാനം' എന്നിങ്ങനെ അല്യൂഷനുകളായി ആ പാരമ്പര്യം കവിതയിൽ തെളിഞ്ഞു വരുന്നതുകാണാം. സ്വന്തം ദേശം, ഭാഷ, ജനത എന്നിവയിലേക്കുള്ള നിരന്തരമായ മടങ്ങിവരവാണ് സച്ചിദാനന്ദന്റെ കവിതയിലെ അടിസ്ഥാന പ്രകൃതികൾ സൃഷ്ടിച്ചത്. ആ പ്രകൃതികളെ, മൂലകങ്ങളെയും ധാതുക്കളെയും പല ഗണങ്ങളായി രേഖപ്പെടുത്താം. അസാധാരണമായ ജൈവപ്രകൃതി, നോവുന്ന മനുഷ്യരും തിരസ്‌കൃതരും കുട്ടികളും നിറഞ്ഞ മനുഷ്യപ്രകൃതി, രാഷ്ട്രീയപ്രകൃതി, കാവ്യരൂപത്തെ പുതുക്കിപ്പണിയൽ, ഭാഷയിൽ വാക്കുകളുടെ പുതിയൊരു ബിംബശബ്ദതാരാവലി നിർമിക്കൽ എന്നിങ്ങനെ.
മരങ്ങളും ചെടികളും വള്ളികളും പൂക്കളും പുൽനാമ്പുകളും സൂര്യനും ജന്തുക്കളും പക്ഷികളും നിറഞ്ഞതാണ് സമൃദ്ധമായ ജൈവപ്രകൃതി. കരിമീനുകളുടെയും കടലിരണ്ടകളുടെയും നീലപ്പളുങ്കുവീടും കുറിഞ്ഞിയുടെയും തഴുതാമയുടെയും തറവാടും പൊന്മയുടെ പർണാശ്രമവും കവിതയിൽ വാർന്നു വീഴുന്നതങ്ങനെയാണ് ('ഏഴിമല' എന്ന കവിത). 'ഞാൻ അന്വേഷിക്കുന്നത് ഭൂമിയെയാണ്, മനുഷ്യർക്കും മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും അന്യോന്യം കരുണ കാണിക്കാൻ കഴിയുന്ന ഭൂമി എന്നെഴുതാൻ കഴിയുന്നതും അതുകൊണ്ടുതന്നെ.
മനുഷ്യപ്രകൃതിയിലും രാഷ്ട്രീയപ്രകൃതിയിലും നീതിബോധവും സമകാലിക യാഥാർഥ്യങ്ങളോടുള്ള വിനിമയവും കനംവച്ചു നില്ക്കുന്നു. എഴുപതുകളിലെ കവിതകളിൽ ആ രാഷ്ട്രീയപ്രകൃതി ഉച്ചസ്വരത്തിലും കടും വർണങ്ങളിലും അതിവാചാലമായിരുന്നെങ്കിൽ പിൽക്കാല കവിതകളിൽ അത് സാന്ദ്രവും കുറേക്കൂടി ജനാധിപത്യ വിവേകം നിറഞ്ഞതുമായിത്തീരുന്നു. 'ചരിത്രത്തെ നമുക്കു കണ്ടില്ലെന്നു നടിക്കാം, പക്ഷേ ചരിത്രം നമ്മെ കണ്ടില്ലെന്നു നടിക്കില്ല. അതുകൊണ്ട് നമുക്ക് ഇപ്പോൾ പെയ്യുന്ന
ഈ മഴയെക്കുറിച്ച് പറയാം, ഇപ്പോൾ വിരിയുന്ന ഈ പൂവിനെക്കുറിച്ച്, ഇപ്പോൾ വിടർന്നു
തുറക്കുന്ന ഈ കണ്ണിനെക്കുറിച്ച്, ഇപ്പോൾ
ചൊരിയുന്ന ഈ ചോരയെക്കുറിച്ച്' എന്നെഴുതുമ്പോൾ കവിതയിൽ രാഷ്ട്രീയം മാത്രമല്ല ധ്വന്യാത്മകതയുടെ അക്ഷയമായ ആകാശം കൂടി വിടരുന്നു.
സച്ചിദാനന്ദന്റെ കാവ്യപ്രകൃതിയുടെ അടിസ്ഥാന ഗുണം നിത്യമായ ജാഗ്രതയാണ്. കാവ്യഭാഷയിലും പ്രമേയത്തിലും രൂപത്തിലുമെന്നല്ല രാഷ്ട്രീയത്തിലും ആശയങ്ങളുടെ വരവുകളിലുമെല്ലാമുള്ള ജാഗ്രത. സമകാലിക യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനും സ്വയം നവീകരിക്കാനും ശേഷി നൽകി സച്ചിദാനന്ദനെ പുതിയവർക്കൊപ്പം പുതിയ കവിയായി നിലനിർത്തുന്നു. എഴുത്തിലെ അതിസമൃദ്ധിയും നവീകരണബുദ്ധിയും ചിലപ്പോൾ ആത്മനിയന്ത്രണം വിട്ടു പായുന്നതിലേക്ക് ചെന്നെത്താറുള്ളതു കാണാതിരുന്നിട്ടു കാര്യമില്ല. 'ഞാൻ ഓരോ വരി എഴുതുമ്പോഴും കവിതയുടെ പഴയ നിയമപുസ്തകങ്ങളുമായി എന്നെ വളഞ്ഞു ചോദിക്കുന്നു: ഇതിൽ എവിടെ ധ്വനി? എവിടെ ഔചിത്യം? ഛെ, ഗ്രാമ്യം, അശ്ലീലം, ഇത് ഒരു നിയമവും അനുസരിക്കുന്നില്ല' എന്ന് സച്ചിദാനന്ദൻ എഴുതുന്നുമെങ്കിലും രചനാവേശവും വാരിവിതയ്ക്കലും പല കവിതകളിലും കുറയ്ക്കുന്നതായി കാവ്യഭാവകർക്കു കാണാൻ കഴിയും. അധികപദത്വം, അവാചകത്വം, അതിവിസ്താരം, ആവർത്തനം, പ്രതികൂലവർണത്വം തുടങ്ങിയ ദോഷങ്ങൾ കവിതയുടെ മൂപ്പുവയലിൽ വിളവുകുറയ്ക്കുന്നത് യഥാർഥ ആസ്വാദകന് വിഷമമുണ്ടാക്കും, അവർ പഴയ നിയമ പുസ്തകങ്ങൾ എടുക്കുന്നില്ലെങ്കിലും. ദോഷങ്ങൾ അനിത്വമായതുകൊണ്ട് ചിലപ്പോഴവ ഗുണങ്ങളായും ഭവിച്ചേക്കും.
ആധുനിക മലയാള കവിതയുടെ വളർച്ചയും വൈവിധ്യവും അടയാളങ്ങളായി തെളിയുന്ന ഒരു ഭൂപടമാണ് സച്ചിദാനന്ദന്റെ കവിത. മലയാളത്തിന്റെ ഒരു തിടമ്പ്. തന്നിൽ അഗാധമായ സ്വാധീനത സൃഷ്ടിച്ച വൈലോപ്പിള്ളി ശ്രീധരമേനോന്റെ മരണത്തെപ്പറ്റി സച്ചിദാനന്ദൻ എഴുതിയ 'ഇവനെക്കൂടി' (ഡബ്ല്യു. ബി. യേറ്റ്‌സിന്റെ മരണത്തെപ്പറ്റി ഡബ്ല്യു. എച്ച്. ഓഡെൻ എഴുതിയ 'ഇൻ മെമ്മറി ഓഫ് ഡബ്ല്യു. ബി. യേറ്റ്‌സ്' എന്ന കവിതയെക്കൂടി ഓർമ്മിപ്പിക്കുന്ന) എന്ന കവിതയിൽ ഇങ്ങനെ രണ്ടു വരികളുണ്ട്:
'പെരുമാളിവൻ നേരാം വാക്കിനും വടക്കിനും: ഇവന്നു പ്രിയമേറ്റം
കലികാലത്തിൻ തോറ്റം.'
ആറുപതാണ്ടായി കലികാലത്തിന്റെ തോറ്റം ചൊല്ലുന്ന സച്ചിദാനന്ദനും ഇണങ്ങും ആ വരികൾ.
Content Highlights: This comprehensive profile explores the six-decade-long literary journey of K. Satchidanandan, analyzing how his multi-faceted role as a poet, critic, translator, and cultural activist evolved into a grand "metaphorical tree" of modern Malayalam literature.