പിരപ്പന്‍കോട് മുരളിയുടെ വാദങ്ങള്‍ വാസ്തവവിരുദ്ധം; പി.എന്‍. പണിക്കരെ കല്ലെറിയുന്നതെന്തിന്

#എന്‍. ബാലഗോപാല്‍
പിരപ്പന്‍കോട് മുരളി, പി.എന്‍. പണിക്കര്‍
പിരപ്പന്‍കോട് മുരളി, പി.എന്‍. പണിക്കര്‍

പി.എന്‍. പണിക്കര്‍ 1945ല്‍ അമ്പലപ്പുഴയില്‍ തുടങ്ങിയ ഗ്രന്ഥശാലാസംഘം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ നിര്‍മിതിയാണെന്ന് പിരപ്പന്‍കോട് മുരളി അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നതായി കണ്ടു. ദിവാനാണ് പി.എന്‍. പണിക്കര്‍ക്ക് ശമ്പളവും അലവന്‍സും നല്‍കി തിരുവിതാംകൂറില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതെന്നും അതില്‍ പറയുന്നു. ഇവ തികച്ചും വാസ്തവവിരുദ്ധമാണ്

1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴയില്‍ തിരുവിതാംകൂര്‍ ഭാഗത്തെ 47 ഗ്രന്ഥശാലാപ്രതിനിധികളെ സംഘടിപ്പിച്ച് സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാര്‍മികത്വത്തില്‍ നടത്തിയ സമ്മേളനമാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന് രൂപംനല്‍കിയതെന്നും അതിന്റെ പിതൃത്വം ആര്‍ക്കും അവകാശപ്പെടാന്‍ സാധ്യമല്ലെന്നും പി.എന്‍. പണിക്കര്‍ പറഞ്ഞിരുന്നത് ചരിത്രസത്യമാണ്. പില്‍ക്കാലത്ത് ഈ ദിനമാണ് കേരളസര്‍ക്കാരും സംസ്ഥാന ലൈബ്രറി കൗണ്‍സിലും ഗ്രന്ഥശാലാദിനമായി ആചരിച്ചുവരുന്നതും.

മൂടിവെക്കാനാവാത്ത സത്യങ്ങള്‍

കേളപ്പജിയുടെയും കെ. ദാമോദരന്റെയും നേതൃത്വത്തിലാണ് 1936 കാലഘട്ടത്ത് മലബാറില്‍ ഗ്രന്ഥാലയസംഘങ്ങള്‍ ആരംഭിച്ചത്. ഇവിടെ പിരപ്പന്‍കോട് ബോധപൂര്‍വം കേളപ്പജിയുടെ പേര് മറന്നുപോയി. മലബാറിലെ ഗ്രന്ഥാലയസംഘങ്ങളുടെ പ്രവര്‍ത്തനം ആശാവഹമായിരുന്നില്ല. അവ രണ്ടുമൂന്നു വര്‍ഷംമാത്രം പ്രവര്‍ത്തിച്ച് ഇരുളടഞ്ഞുപോയി എന്നത് ചരിത്രം. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴഗ്രാമത്തെ ഇളക്കിമറിച്ച, പി.എന്‍. പണിക്കര്‍ നയിച്ച തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ശ്രോതാവായി പങ്കെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഭാഗ്യമായി വിഖ്യാത എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പിരപ്പന്‍കോട് വായിക്കുന്നത് നന്നായിരുന്നു.

ഉദ്ഘാടനച്ചടങ്ങിന്റെ അര്‍ഥപൂര്‍ണതയിലും പ്രൗഢഗാംഭീര്യത്തിലും സന്തുഷ്ടനായ ദിവാന്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി തിരുവനന്തപുരത്തേക്ക് പി.എന്‍. പണിക്കരെ ക്ഷണിക്കുകയുണ്ടായി. അതിനുള്ള സര്‍ക്കാര്‍ കല്പനയും പുറപ്പെടുവിച്ചു. പി.എന്‍. പണിക്കരും ജഡ്ജിയായിരുന്ന പി.കെ. നാരായണപിള്ളയുടെ പുത്രനും കേരളത്തിലെ നാടകരംഗത്തെ വിഖ്യാതനുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരും ചേര്‍ന്ന് പലപ്രാവശ്യം ദിവാന്റെ ഔദ്യോഗികഭവനമായ ഭക്തിവിലാസത്തില്‍ പോയി ചര്‍ച്ചനടത്തിയെങ്കിലും ഗ്രന്ഥശാലാ സംഘത്തിന് ഒരു പൈസപോലും ഗ്രാന്റ് അനുവദിച്ചിരുന്നില്ല.

പി.എന്‍. പണിക്കര്‍ തിരുവനന്തപുരത്ത് വന്ന് പൊതുപ്രവര്‍ത്തകനായിരുന്ന വായനശാല കേശവപിള്ളയുടെ വീട്ടില്‍ താമസിച്ച് വഞ്ചിയൂരിലുള്ള ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയിലെ ഒരു അലമാരയില്‍ റെക്കോഡുകള്‍ സൂക്ഷിച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനത്തിന്റെ ശക്തി മനസ്സിലാക്കിയ തിരുവിതാംകൂര്‍ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയസര്‍ക്കാര്‍ സംഘത്തിന് ആദ്യമായി രണ്ട് രൂപ ഗ്രാന്റ് അനുവദിച്ചു. ഗ്രാന്റ് ലഭ്യമായപ്പോള്‍ രണ്ടണ കൈക്കൂലി ലഭിക്കണമെന്നുള്ള ഉദ്യോഗസ്ഥരുടെ പിടിവാശി പി.എന്‍. പണിക്കരെ ചൊടിപ്പിച്ചു. വൗച്ചര്‍ തന്നാല്‍ രണ്ടണ നല്‍കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ രണ്ടുരൂപ പണിക്കരുടെ മുഖത്ത് വലിച്ചെറിഞ്ഞകാര്യവും ചരിത്രസത്യമാണ്.

പി.എന്‍. പണിക്കരുടെ പ്രവര്‍ത്തനശൈലി മനസ്സിലാക്കിയ അന്നത്തെ കൊച്ചി പ്രധാനമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്‍ കൊച്ചി ഗ്രന്ഥശാലകളെ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തില്‍ ലയിപ്പിച്ചു. അതോടെ, അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തെ തിരുകൊച്ചി ഗ്രന്ഥശാലാ സംഘമായി പ്രഖ്യാപിച്ചു. 1955ല്‍ തിരുകൊച്ചി വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ ഗ്രന്ഥശാലാ സംഘത്തിന് ആസ്ഥാനം വേണമെന്നുള്ള പി.എന്‍. പണിക്കരുടെ അപേക്ഷ മാനിച്ച് പബ്ലിക് ലൈബ്രറി കോമ്പൗണ്ടില്‍ 50 സെന്റ് സ്ഥലമനുവദിച്ചു. പബ്ലിക് ലൈബ്രറി അധികാരികള്‍ ഇതിനെ എതിര്‍ത്തപ്പോള്‍ 'പണിക്കര്‍തന്നെ പോയി പബ്ലിക് ലൈബ്രറി അധികാരികളെക്കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കിച്ചാല്‍ സ്ഥലം നിങ്ങള്‍ക്കുതന്നെ ലഭ്യമാക്കാമെന്ന് ' പനമ്പിള്ളി പറഞ്ഞു. ഇതനുസരിച്ച് അവരെക്കണ്ട് സ്ഥലം പി.എന്‍. പണിക്കര്‍ നേടിയെടുത്തു. ഗ്രന്ഥശാലാ സംഘത്തിന് ആസ്ഥാനമന്ദിരം എന്ന പണിക്കരുടെ ചിരകാലാഭിലാഷം പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയും അവിടെ കെട്ടിടം പണിയുകയും ചെയ്തു. 1957ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാര്‍ തിരുകൊച്ചി ഗ്രന്ഥശാലാ സംഘം, മലബാര്‍ ഗ്രന്ഥശാലകളെ ഉള്‍പ്പെടുത്തി കേരള ഗ്രന്ഥശാലാ സംഘമായി നാമകരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി.

അനന്യമായ മാതൃക

തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് രൂപംനല്‍കിയപ്പോള്‍ പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ അത് ഒരു കമ്പനീസ് ആക്ട് പ്രകാരമുള്ള ചാരിറ്റബിള്‍ സ്ഥാപനമാക്കി മാറ്റണമെന്ന് പല ഉന്നതരും ആവശ്യപ്പെട്ടു. ജനാധിപത്യവാദിയായിരുന്ന പണിക്കര്‍ അത് നിഷേധിക്കുകയും ജനാധിപത്യ സംവിധാനത്തില്‍ 33 കൊല്ലം തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

'പി.എന്‍. പണിക്കരുടെ പ്രവര്‍ത്തനം അമേരിക്കയിലായിരുന്നെങ്കില്‍ അദ്ദേഹത്തിന് വിദ്യാഭ്യാസത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചേനെ' എന്ന് സുകുമാര്‍ അഴീക്കോട് അദ്ദേഹത്തിന്റെ ജീവിതകഥയില്‍ കുറിച്ചിട്ടുള്ള കാര്യവും ഇവിടെ ഓര്‍മിപ്പിക്കട്ടെ. ഊണും ഉറക്കവുമില്ലാതെ സ്വന്തമായി വീടുപോലും ഉണ്ടാക്കാതെ കുട്ടനാട്ടില്‍ തന്റെ ഭാര്യയുടെപേരിലുള്ള സ്വത്തുക്കള്‍ മുഴുവന്‍ ഹോമിച്ച് ഈ ഗ്രന്ഥശാലാ മഹര്‍ഷിക്ക് ഒരു വീടുണ്ടാകണമെന്നുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ആഗ്രഹമനുസരിച്ച് തുക സ്വരൂപിച്ചപ്പോള്‍ 'ഞാനൊരു ഭിക്ഷാംദേഹിയല്ല' എന്നുപറഞ്ഞ് തിരസ്‌കരിച്ച കാര്യവും ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണ്.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനാണ് ലേഖകന്‍

Content Highlights: pn panicker pirappancode murali kerala grandhasala library movement