പരീക്ഷണാര്‍ഥം ജോണിനെ താടിവടിപ്പിച്ച സക്കറിയ, താടി ഇല്ലാത്തതിനും ഒരു സുഖമുണ്ടെന്ന് ജോണ്‍

അലക്ഷ്യമായി വളര്‍ന്ന താടിയും മുടിയുമാണ് ജോണ്‍ എബ്രഹാമിനുണ്ടായിരുന്നത്. ജോണ്‍ താടി വടിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തന്റെ സാമൂഹിക മാധ്യമത്തിലൂടെ ഫോട്ടോകള്‍ സഹിതം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ. സക്കറിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ജോണ്‍ താടി വയ്ക്കും മുമ്പ് ഉള്ള പടമല്ല അത്. ഉണ്ടായിരുന്ന താടി ഒരു ദിവസം മുറിച്ചതാണ്.
1971-72-ല്‍ ഞാന്‍ കോയമ്പത്തൂരില്‍ ഉണ്ട്. റൂബി ടയര്‍ ആന്‍ഡ് റബര്‍ വര്‍ക്‌സിന്റെ ഏരിയാ മാനേജര്‍. ജോണിന് വേണ്ടി 'ജോസഫ്: ഒരു പുരോഹിതന്‍' എന്ന തിരക്കഥ എഴുത്തും നടക്കുന്നു. ജോണ്‍ കുംഭകോണത്തെ ജ്യേഷ്ഠന്റെ അടുത്ത് നിന്ന് വന്നും പോയും ഇരിക്കും. എന്റെ ഭാര്യ ലളിതയുമായി 'അഗ്രഹാരത്തില്‍ കഴുത'യുടെ കഥയിലെ ബ്രാഹ്‌മണ പശ്ചാത്തലം ചര്‍ച്ച ചെയ്യുന്നുണ്ട്.
സായിബാബ കോളനിയിലെ എന്റെ അയല്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലെ ഉദ്യോഗസ്ഥനൂം എന്റെ പ്രിയ സുഹൃത്തുമായ ആര്‍. ആര്‍ വര്‍മ്മയും ഭാര്യ ശ്രീദേവിയുമാണ്. വര്‍മ സാഹിത്യ സംഗീത സിനിമ നാടക പ്രേമിയും കൂട്ടുകെട്ട് ഉസ്താദും ഉത്സാഹിയും ആണ്. സ്‌നേഹസമ്പന്നന്‍. ശ്രീദേവി എപ്പോളും പുഞ്ചിരിക്കുന്ന ആതിഥേയ.
ഞങ്ങളുടെ മൂവര്‍ സംഘത്തിലേക്ക് പലരും വന്നും പോയുമിരുന്നു. വയലാര്‍, എം ടി., വിജയന്‍, കെ. ജി. ജോര്‍ജ്, ജോണിന്റെയും എന്റെയും മറ്റു പല സുഹൃത്തുക്കളും. പാലക്കാട്ടെ കൂട്ടുകാരന്‍ കോഴിപ്പുറത്ത് രാമചന്ദ്രന്‍. (രാമചന്ദ്രനും വിജയനും ഞാനും കൂടി ഒരു ദിവസം തസ്രാക്കില്‍ പോയി.)
വര്‍മ്മയും ഞാനും ലളിതയും ഞങ്ങളുടെ സുഹൃത്ത് ദേവസ്സിയും ചേര്‍ന്നാണ് ജോണിനെ പരീക്ഷണാര്‍ത്ഥം താടി വടിക്കാന്‍ പ്രോല്‍സാഹിപ്പിച്ചത്. എന്റെ ബാര്‍ബര്‍ ജോണിന്റെ താടി എടുത്തു. താടി ഇല്ലാത്തതിനും ഒരു സുഖം ഉണ്ട് എന്ന് ജോണ്‍ പറഞ്ഞു.
ജോണ്‍ കടന്നുപോയി. വര്‍മ്മയും. ദേവസ്സിയും.
ഈ രണ്ടു ചിത്രങ്ങളില്‍ താടിയുള്ള അക്കാലത്തെ ജോണിനെയും ലളിതയേയും വര്‍മയെയും കാണാം. ബനിയന്‍ ഇട്ടത് വര്‍മ. കണ്ണാടി വച്ചയാള്‍ ഞാന്‍. ചിത്രം എടുത്തത് ദേവസ്സി.
Content Highlights: paul zacharia shares memory with film maker john abraham