മലയാളം മറച്ചുപിടിച്ചു വായിച്ച പമ്മൻ; പുനർവായനയിൽ കാലം തിരുത്തിയ അശ്ലീലങ്ങൾ

കൊല്ലം പ്ലാമൂട്ട് സ്വദേശിയായ ആര്‍. പരമേശ്വരമേനോന്‍. പ്ലാമൂട്ടിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ഗവ. ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ആദ്യം ഉദ്യോഗം വെച്ചുനീട്ടിയത് റോയല്‍ ഇന്ത്യന്‍ നേവിയായിരുന്നെങ്കിലും പരമേശ്വര മേനോന്റെ ആഗ്രഹം ഇംഗ്ലണ്ടില്‍ ഉപരിപഠനം നേടുക എന്നതായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ മേനോന്‍, പക്ഷേ, ഇന്ത്യന്‍ റെയില്‍വേയുടെ ഗ്ലാമറില്‍ വശീകരിക്കപ്പെട്ടത് കാലത്തിന്റെ മറ്റൊരു നിയതി. ഇരുപത്തിയാറാമത്തെ വയസ്സില്‍ പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി. മൂന്നരപ്പതിറ്റാണ്ട് കാലം റെയില്‍വേ ജീവിതമായിരുന്നു പിന്നീട്. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയറായിട്ടാണ് മേനോന്‍ വിരമിക്കുന്നത്. ബുദ്ധിയിലും ഔദ്യോഗിക കൃത്യനിഷ്ഠയിലും മുന്നിട്ടുനിന്ന പരമേശ്വര മേനോനെ ഇന്നും മലയാളികള്‍ പലവിധത്തില്‍ പ്രയോഗിക്കുന്നു, ഉപയോഗിക്കുന്നു- പമ്മന്‍ എന്ന ഉപമയിലൂടെ, രൂപകത്തിലൂടെ, നാമത്തിലൂടെ!
ആരായിരുന്നു പമ്മന്‍ എന്ന അന്വേഷണത്തിന് ഉത്തരങ്ങള്‍ ഒരുപക്ഷേ പക്ഷം ചേര്‍ന്നുള്ള പലതായിരിക്കാം. പക്ഷേ മലയാള സാക്ഷരതാസംസ്‌കാരത്തിന് ഒഴിച്ചുകൂടാനാവാത്ത പേരായിരുന്നു പമ്മന്‍. എഴുപതുകളിലെ മലയാള ചലച്ചിത്രമേഖല പമ്മനാല്‍ അനുഭവിച്ച പ്രമേയസമ്പത്ത് ചെറുതൊന്നുമല്ലായിരുന്നു. ചെറുതും വലുതുമായി മുപ്പതോളം നോവലുകള്‍. അഞ്ച് ചെറുകഥാസമാഹാരങ്ങള്‍. നാല് നാടകങ്ങള്‍. പമ്മന്‍ എഴുതിയത് സാംസ്‌കാരിക ബൗദ്ധികതയെ തൊട്ടില്ല. പക്ഷേ, സാധാരണ ജനങ്ങളുടെ ജീവിതഗന്ധമറിഞ്ഞു. ശരീരം ശരീരത്തോട് കാണിക്കുന്ന അതിപ്രസരമല്ല ലൈംഗികതയെന്നും അതിന് അക്ഷരങ്ങളുടെ ചൂടുണ്ടെന്നും പമ്മന്‍ കഥകള്‍ വിളിച്ചുപറഞ്ഞു. തോട്ടം പണിക്കാരും തൊഴിലാളികളും അക്ഷരങ്ങളിലെ ദീര്‍ഘനിശ്വാസങ്ങളില്‍ നിന്നും രതിയും പ്രണയവും ജീവിതവും ലൈംഗികതയും ആശ്വാസവും അനാശ്വാസവുമറിഞ്ഞു. 'യഥാര്‍ഥ സാക്ഷരതാപ്രവര്‍ത്തനം' എന്ന് ജനപ്രിയ സാഹിത്യത്തെ സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് പമ്മന്‍ പ്രാവര്‍ത്തികമാക്കി. തങ്ങളുടെ തോട്ടപ്പണിക്കൂലിയില്‍ നിന്നും തുച്ഛം പണം മിച്ചംവെച്ച് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച ആളുകള്‍ പമ്മനെ വായിച്ചു. പമ്മനെന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജീവിതത്തെ യാന്ത്രികമായി കാണാതെ ജീവിതത്തെ, പ്രണയത്തെ, കാമത്തെ മോഹിച്ചവര്‍ക്ക് അക്ഷരപാനമേകി.
Content Highlights: pamman writer 18th death anniversary