നന്മയുടെ മായാത്ത അടയാളഭാവങ്ങൾ; മരണമില്ലാത്ത ഓർമകൾ

ഓർമ്മകൾ തെളിയുന്നു... നാല്പത്തിരണ്ടു വർഷങ്ങൾക്കു മുൻപ് കോഴിക്കോട് നഗരത്തിന്റെ ജലപ്രസാദമായ മാനാഞ്ചിറയെ ചുറ്റിപ്പോകുന്ന പ്രധാനപാതകൾ. വടക്കേ മലബാറിന്റെ ഹൃദയഭൂമിയിലേക്കുള്ള കണ്ണൂർറോഡ്. തപാൽകേന്ദ്രത്തിന്റെ മുന്നിലൂടെ അല്പം മുന്നോട്ടുപോയാൽ വലതുവശത്ത് കേരള ട്രാൻസ്പോർട്ട് കമ്പനി അഥവാ കെടിസിയുടെ ആസ്ഥാനമന്ദിരം. അക്കാലത്ത് കോഴിക്കോട് ജില്ലയുടെ ഉൾനാടുകളെ നഗരമേഖലയുമായി ബന്ധപ്പെടുത്തുന്ന പ്രധാന ഗതാഗതശൃംഖല കെടിസിയുടേതായിരുന്നു.
കോഴിക്കോട്ടെ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന അക്കാലത്ത് പല മഹദ്‌വ്യക്തികളുമായി പരിചയപ്പെടാനും അവരിൽ ചിലരെ അടുത്തറിയാനും എനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. സ്നേഹാദരങ്ങളോടെ എന്നും ഓർക്കുന്ന, നന്മയുടെ അടയാളഭാവങ്ങളുള്ള പി.വി. സാമി എന്ന സാമിയേട്ടൻ അതിൽ പ്രധാനിയായിരുന്നു. കെടിസിയുടെ സ്ഥാപകനും സാരഥിയും സംരക്ഷകനുമായിരുന്ന കർമയോഗി. വ്യാപാര-വ്യവസായ മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച മാതൃകകൾ സൃഷ്ടിച്ച സംരംഭകൻ. രാജ്യത്തിന്റെ സ്വാതന്ത്ര്യം പരമലക്ഷ്യമാക്കി, ദേശീയപ്രസ്ഥാനത്തിൽ പ്രവർത്തിച്ച സാമൂഹികസേവകൻ. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആത്മസ്വരമായ ‘മാതൃഭൂമി’യുടെ ഓഹരി ഉടമയും സ്ഥിരം വായനക്കാരനും.
വിദ്യാർഥി-യുവജന സംഘടനകളുടെ ആവശ്യങ്ങൾക്കും ചെറുപ്പക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികൾക്കുംവേണ്ടി സഹായം തേടിക്കൊണ്ട് സാമിയേട്ടനെ ഓഫീസിലും വീട്ടിലും പോയിക്കണ്ട സന്ദർഭങ്ങൾ ഒട്ടേറെയുണ്ടാവാറുണ്ടായിരുന്നു. സഹായം നൽകുക മാത്രമല്ല, വിശാലമായ അനുഭവസമ്പത്തിനെയും അറിവിനെയും ആസ്പദമാക്കിയുള്ള ഉപദേശനിർദേശങ്ങളും അദ്ദേഹത്തിൽനിന്ന് ഉദാരമായി ലഭിച്ചിരുന്നു. വീട്ടിലെത്തുന്ന എല്ലാവർക്കും സാമിയേട്ടൻ ഒരേ പരിഗണനയോടെ ഭക്ഷണം വിളമ്പുമായിരുന്നു. ഗാന്ധിജിയെ മനസ്സാ ആരാധിക്കുകയും സേവനപ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തിരുന്ന സാമിയേട്ടൻ ഏറ്റവും ലളിതമായ ജീവിതരീതിയാണ് തുടർന്നത്. ഖദർമുണ്ടും നീണ്ട ഹാഫ്സ്ലീവ് ഷർട്ടും വേഷ്ടിയും -സ്ഥിരം വേഷം. പിന്നീട് സ്വന്തമായി ബെൻസ് കാറുള്ള ചുരുക്കം വ്യക്തികളിൽ ഒരാളായപ്പോഴും വേഷത്തിലെ ലാളിത്യവും ഭാവത്തിലെ വിനയവും സാമിയേട്ടനെ ജനപ്രിയനാക്കി.
സാമിയേട്ടന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ വളരെക്കുറച്ചുപേർ മാത്രമേ, അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ ‘മുതലാളി’ എന്ന് സൂചിപ്പിക്കാറുള്ളൂ. മറ്റെല്ലാവർക്കും പൊതുവേ സാമിയേട്ടനായിരുന്നു. മുത്തച്ഛന്റെ പ്രായമുള്ളവരെപ്പോലും സ്നേഹാദരങ്ങളോടെ ‘ഏട്ടൻ’ എന്ന് വിളിക്കുന്നത് മലബാർ പൊതുപാരമ്പര്യത്തിലെ ഒരു ശീലമാണ്. അതുപോലെയുള്ള മറ്റൊരു വിളിശീലമാണ് ‘മാഷ്’ എന്നത്.
1971-ലാണ് ഞാൻ മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേർന്നത്. തുടർന്ന് എട്ടുവർഷം സബ് എഡിറ്ററായും റിപ്പോർട്ടറായും ജില്ലാ പ്രതിനിധിയായും ജോലിചെയ്തു. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കും പിന്നീട് പാലക്കാട്ടേക്കും സ്ഥലംമാറ്റമുണ്ടായ കാലത്തും സാമിയേട്ടനെ കാണാൻ കെടിസി ആസ്ഥാനത്തും വീട്ടിലും പോകുമായിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ചില റിപ്പോർട്ടുകളും റൈറ്റപ്പുകളും ഓർത്തുകൊണ്ട് എന്നോട് അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. പത്രപ്പേജുകളിൽ അക്കാലത്തും രാഷ്ട്രീയ സംഭവവികാസങ്ങൾ, രാഷ്ട്രീയവിവാദങ്ങൾ, നേതാക്കൾ പരസ്പരം നടത്തുന്ന പോരാട്ടങ്ങൾ തുടങ്ങിയവയായിരുന്നു വാർത്തകളിൽ ഏറെയും. സാമിയേട്ടൻ ഈ പ്രവണതയെ വിമർശിച്ചുകൊണ്ട് പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധേയമായിരുന്നു. അതിങ്ങനെ: ‘‘രാഷ്ട്രീയവും നേതാക്കളും മാത്രമല്ലല്ലോ നാട്ടിലുള്ളത്. കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം... ഈ മേഖലകളിലെല്ലാമുണ്ടാകുന്ന കാര്യങ്ങളും വായനക്കാർ അറിയേണ്ടതല്ലേ.’’ സാമിയേട്ടന്റെ ഇത്തരം നിരീക്ഷണങ്ങൾ മാതൃഭൂമിയിലെ സഹപ്രവർത്തകരുമായി ഞാൻ പങ്കുവെച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ഈറ്റില്ലമായിരുന്നല്ലോ അക്കാലത്ത് കോഴിക്കോട്. സാമിയേട്ടൻ സ്പോർട്സ് കാര്യങ്ങളിൽ ഉത്സുകനായിരുന്നു. കാണാൻപോയ മറ്റൊരവസരത്തിൽ അദ്ദേഹം പറഞ്ഞു: ‘‘വിംസി (ന്യൂസ് എഡിറ്റർ വി.എം. ബാലചന്ദ്രൻ) സ്പോർട്സ് മത്സരങ്ങളെപ്പറ്റി എഴുതുന്നതും സ്പോർട്സ് പേജിന്റെ കെട്ടും മട്ടും വായനക്കാർക്ക് കളികളിലുള്ള താത്പര്യം കൂട്ടുന്നു’’
‘ന്യൂസ് എഡിറ്റർ’ അന്ന് വളരെ നിർണായകമായ പദവിയാണ്. പത്രത്തിന്റെ ആസ്ഥാനത്ത് ഒരു ന്യൂസ് എഡിറ്റർ മാത്രം. കേരളത്തിനു പൊതുവേ ഒരു പോലീസ് ഐജി മാത്രമായിരുന്നു അക്കാലത്ത്. പിന്നീട് ഈ പദവിയുടെ എണ്ണംകൂടി കുറെ ഐജിമാരായി. പത്രങ്ങളുടെ അച്ചടി വിവിധമേഖലകളിലും ജില്ലാ കേന്ദ്രങ്ങളിലുമായപ്പോൾ എഡിഷനുകൾ കൂടി. ഇതനുസരിച്ച് ന്യൂസ് എഡിറ്റർമാരുടെ എണ്ണവും. കോഴിക്കോട് കേന്ദ്രത്തിൽ ജോലി ചെയ്യുമ്പോൾ ന്യൂസ് എഡിറ്ററെ ഭയഭക്തിബഹുമാനത്തോടെ മാത്രമേ സമീപിച്ചിരുന്നുള്ളൂ. (വിംസി അത് പൂർണമായും അർഹിച്ചിരുന്നു). ഏതായാലും സാമിയേട്ടന്റെ നിരീക്ഷണങ്ങൾ ന്യൂസ് എഡിറ്ററോട് പറഞ്ഞപ്പോൾ പ്രതികരണം ഇതായിരുന്നു: ‘‘വരട്ടെ, വരട്ടെ, ഈയിടെ ഞാൻ കണ്ടിരുന്നു. എന്നോടും സൂചിപ്പിച്ചു. ഇനിയും എത്രയോ മെച്ചപ്പെടാനുണ്ട്.’’
1979-ൽ മാതൃഭൂമിയിലെ ജോലി ഒഴിഞ്ഞ് ഞാൻ കുവൈത്തിലേക്കുപോയി. അവിടെ പശ്ചിമേഷ്യയിലെ ആദ്യ ഇംഗ്ലീഷ് പത്രമായ കുവൈത്ത് ടൈംസിൽ ചേർന്നു. നാലുവർഷം കഴിഞ്ഞ് അവധിക്ക് നാട്ടിൽവന്നപ്പോൾ കോഴിക്കോട്ടെത്തി മാതൃഭൂമിയിൽ പോയി. ഓർമ്മകൾ പുതുക്കി. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ കാന്റീനിലെത്തി പണ്ടേ ഇഷ്ടപ്പെട്ട പലഹാരങ്ങൾ കഴിച്ചു.
മാനാഞ്ചിറയെ വലംവെച്ച് നടന്നുകഴിഞ്ഞപ്പോൾ കണ്ണൂർ റോഡിന്റെ ചൂണ്ടുപലകകണ്ടു. അവിടെനിന്ന് കെടിസി മന്ദിരത്തിലേക്ക്, സാമിയേട്ടനെ കാണണം. നാലഞ്ചുകൊല്ലത്തിനുശേഷം സാമിയേട്ടനെ കാണുകയാണ്. എങ്ങനെയായിരിക്കും പ്രതികരണം എന്ന ആശങ്കയോടെ അദ്ദേഹത്തിന്റെ വിശാലമായ ഓഫീസ്‌മുറിയിലേക്കുപോയി.
‘‘ഇതാര്? മോഹനനോ, കുറെയായല്ലോ കണ്ടിട്ട്. സുഖമല്ലേ?’’ ചായ കിട്ടി.
‘‘സാമിയേട്ടൻ തിരക്കിലാകും. ഞാൻ ഇറങ്ങിയാലോ’’
‘‘ഒരു തിരക്കുമില്ല. ഇരിക്കൂ. മോഹനനോട് ചില കാര്യങ്ങൾ പറയാനുണ്ട്’’
സാമിയേട്ടന്റെ മേശപ്പുറത്ത് ‘മാതൃഭൂമി’ പത്രത്തിന്റെ രണ്ടുമൂന്നു ദിവസത്തെ കോപ്പികളുണ്ടായിരുന്നു.
‘‘പത്രങ്ങളിൽ എന്തോ പ്രത്യേകിച്ച് നോക്കുന്നതുപോലെ’’
‘‘അങ്ങനെയൊന്നുമില്ല. ഞാൻ പത്രത്തിലെ ലേ ഔട്ട് നോക്കുമ്പോഴാണ് മോഹനൻ വന്നത്’’ -സാമിയേട്ടൻ വ്യക്തമാക്കി.
അത് എന്നിൽ കൗതുകമുണ്ടാക്കി. സ്ഥിരം വായനക്കാരൻകൂടിയായ സാമിയേട്ടൻ പത്രനിർമിതിയുടെ സങ്കേതബദ്ധമായ ഘടകങ്ങളിൽ സങ്കീർണമെന്നുപറയാവുന്ന ലേ ഔട്ടിനെപ്പറ്റി ഗൗരവത്തോടെ നിരീക്ഷണംനടത്തുന്നു. വായനക്കാരെ അവരറിയാതെതന്നെ പത്രത്താളുകളിലേക്ക് ആകർഷിക്കാനുള്ള അവതരണകൗശലമാണ് ലേ ഔട്ട്-ഡിസൈൻ എന്നത്. എങ്കിലും വരിക്കാരും മറ്റു പതിവ് വായനക്കാരും പൊതുവേ അത്രലളിതമെന്നു കരുതി പ്രത്യേകതകളൊന്നും അത്രകാര്യമാക്കാതെ, ശ്രദ്ധിക്കാതെവിടുന്ന സങ്കീർണമായ ജാഗ്രതയാണ് പത്രങ്ങളുടെ ലേ ഔട്ട്-ഡിസൈൻ ശൈലികളും മാതൃകകളും.
മാതൃഭൂമിയുടെ ആ ദിവസത്തെ ഒന്നാം പേജിൽ വിരലൂന്നി സാമിയേട്ടൻ പറഞ്ഞു: ‘‘നോക്കൂ. ഈ രണ്ടു വാർത്തകളുടെ തലക്കെട്ടുകൾ ഒറ്റനോട്ടത്തിൽ ഒരേ വലുപ്പത്തിൽ ഏതാണ്ട് ഒരേ ടൈപ്പുകളിലാണ്. മൂന്നുകോളം, രണ്ടു കോളം. ഇതിനിടയിൽ ഒരു കോളത്തിൽ വേറൊരു ടൈപ്പിൽ മറ്റൊരു വാർത്ത കൊടുക്കുന്നതല്ലേ തിരിച്ചറിഞ്ഞ് വായിക്കാൻ എളുപ്പമാവുക’’. അരമണിക്കൂറിലേറെ ഇത്തരത്തിലുള്ള തന്റെ ‘ലേ ഔട്ട്’ നിരീക്ഷണങ്ങൾ സാമിയേട്ടൻ പങ്കുവെച്ചു.
പിറ്റേ ദിവസം കണ്ണൂർ റോഡിന്റെ വശത്ത് നടക്കാവിലുള്ള വീട്ടിലെത്തി വിംസിയെ കണ്ടപ്പോൾ ഞാൻ ‘ലേ ഔട്ടി’നെപ്പറ്റി സാമിയേട്ടൻ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചു. ലേ ഔട്ട് സങ്കേതികവിദ്യയുടെയും അതുമായി ബന്ധപ്പെട്ട സാമഗ്രികളുടെയും വികാസവും ലഭ്യതയുമനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിയ രീതികളിൽ കെട്ടുംമട്ടും മെച്ചപ്പെടുത്തുന്ന പ്രക്രിയയിലാണെന്നും മലയാള പത്രപ്രവർത്തനചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന വി.എം. ബാലചന്ദ്രൻ (വിംസി) എന്ന ന്യൂസ് എഡിറ്റർ പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ വിംസി സൂചിപ്പിച്ച അവതരണശൈലീ പരിഷ്‌കാരങ്ങൾ മാതൃഭൂമി പത്രത്തിൽ പ്രകടമായിത്തുടങ്ങി. പിന്നീടുള്ള വർഷങ്ങളിലും ദശകങ്ങളിലും ആഗോളതലത്തിൽത്തന്നെ പത്രങ്ങളുടെ ഉള്ളടക്കപരിഗണനകളിലും ലേ ഔട്ട് ഡിസൈനിലും ദ്രുതഗതിയിലുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും രീതിശാസ്ത്രപ്രയോഗങ്ങളുമുണ്ടായി. പക്ഷേ, ‘ലേ ഔട്ടി’നെപ്പറ്റി അന്ന് സാമിയേട്ടൻ സൂചിപ്പിച്ച കാര്യങ്ങൾ പിൽക്കാലത്തുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ടിരുന്നു എന്നത് അദ്ദേഹത്തോട് പറയാൻ അവസരമുണ്ടായില്ല. ഓഫീസ് മുറിയിലെ അന്നത്തെ സംഭാഷണത്തിനുശേഷം ഞാൻ സാമിയേട്ടനെ കണ്ടിട്ടില്ല. അവധികഴിഞ്ഞ് കുവൈത്തിലേക്കു തിരിച്ചുപോയി. പിന്നീട് രണ്ടുമൂന്നുതവണ നാട്ടിൽവന്നപ്പോൾ ആ സ്നേഹധനനെ കാണാൻ അവസരമൊത്തുവന്നില്ല. 1990 ഓഗസ്റ്റ് രണ്ടിന് ഇറാഖ് കുവൈത്തിൽ അധിനിവേശം നടത്തി. അഭയാർഥിയായി ഇറാഖ്, ജോർജദാൻ വഴി ഇന്ത്യയിലേക്കു മടങ്ങി. അപ്പോഴേക്കും സെപ്റ്റംബർ അവസാനമായിരുന്നു. സെപ്റ്റംബർ ഒന്നിന് സാമിയേട്ടൻ ഈ ലോകത്തോടു വിടചൊല്ലിയിരുന്നു.
ഒരുദിവസം പി.വി. ചന്ദ്രേട്ടൻ വിളിച്ചു: ‘‘മോഹനൻ നാട്ടിലെത്തിയത് അറിഞ്ഞു. അച്ഛൻ മരിച്ചിട്ട് നാല്പതാംനാൾ ആവുകയാണ്, വീട്ടിൽ വരണം.’’ ആഴ്ചവട്ടത്തെ വീടായ ‘കേരളകല’യിൽ ആ ദിവസം എത്തി. സാമിയേട്ടന്റെ ഫോട്ടോ ലളിതമായ പുഷ്പമാല്യം ചാർത്തിവെച്ചിരുന്നു. കാലത്തിന്റെ അനശ്വരമായ ലേ ഔട്ട്. സ്നേഹത്തിന്റെ ആർദ്രമായ ഫ്രെയിമിൽ, ഒരിക്കൽ കണ്ടവർപോലും ഒരിക്കലും മറക്കാത്ത ഹൃദയത്തിന്റെ ചിരി...
കോഴിക്കോട് നഗരം കടൽക്കാറ്റിന്റെ മർമരങ്ങൾ നുണയുന്നതിനിടയിൽ, ബൈപ്പാസിന്റെ ബഹുവരിപ്പാതയുടെ ഭ്രമവേഗത്തിൽ ‘കണ്ണൂർ റോഡ്’ ഇന്ന് നഗരസ്മൃതികളുടെ മങ്ങിയ ചൂണ്ടുപലകയിൽ ഒതുക്കപ്പെട്ടിരിക്കുന്നു. അതിലൂടെ എപ്പോഴെങ്കിലും പോകുമ്പോൾ, നാല്പത്തിരണ്ടു വർഷംമുൻപ് പഴയ കണ്ണൂർ റോഡിലെ ഒരു പ്രധാന മേൽവിലാസമായ കെടിസി കെട്ടിടത്തിലെ ഓഫീസിലിരുന്നുകൊണ്ട് പത്രങ്ങളുടെ ലേ ഔട്ടിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് ഉത്സാഹത്തോടെ അഭിപ്രായങ്ങൾ പറഞ്ഞ സാമിയേട്ടനെ ഓർക്കും. ആ ഓർമ്മകൾക്ക് മരണമില്ല.
Content Highlights: Remembering P.V. Sami: A Philanthropist, Entrepreneur, and Media Observer