‘വിജയൻ മാസ്റ്ററുടെ കഥകൾ പകർത്തിയെഴുതിയിരുന്നത് ഞങ്ങൾ ശിഷ്യരായിരുന്നു’

ഒ.വി. വിജയൻ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ വിദ്യാർഥിയും പിന്നീട് എഴുത്തുകാരനുമായിത്തീർന്ന മേലാറ്റൂർ രാധാകൃഷ്ണൻ.
വിഖ്യാത നോവലിസ്റ്റും കഥാകൃത്തും കാർട്ടൂണിസ്റ്റും ലേഖകനുമായിരുന്ന ഒ.വി. വിജയൻ 1955 ജൂൺ മുതൽ 1956 മാർച്ച് വരെയുള്ള കാലയളവിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഞങ്ങളുടെ ഇംഗ്ലീഷ് ലക്ചറർ ആയിരുന്നു.
ശിഷ്യരെ വായനയിലേക്കും എഴുത്തിലേക്കും നയിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു വിജയൻ മാസ്റ്റർ. എസ്.കെ. പൊറ്റക്കാട്, എൻ.വി. കൃഷ്ണവാരിയർ, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, തിക്കോടിയൻ എന്നീ പ്രഗത്ഭരെ പരിചയപ്പെടുത്തിത്തന്നത് വിജയൻ മാസ്റ്ററായിരുന്നു. അക്കാലത്ത് എസ്.കെ. പൊറ്റക്കാടായിരുന്നു എഴുത്തുകാരിൽ പ്രധാനി. തന്റെ ശിഷ്യരെ സാഹിതീയ, സാംസ്‌കാരിക പരിപാടികളിലേക്ക് ഒപ്പം കൂട്ടാനും മാസ്റ്റർ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. മടങ്ങുമ്പോൾ മിഠായിത്തെരുവിലെ ലക്കി സെന്ററിൽനിന്ന് അദ്ദേഹത്തിന്റെ വക ചായയും കട്‌ലറ്റും ഞങ്ങൾക്കൊരു പ്രതീക്ഷയായിരുന്നു.
കോളേജിൽ ഒരു ചുമർപത്രം സാധ്യമാക്കിയത് വിജയൻ മാസ്റ്ററായിരുന്നു. ഞങ്ങളുടെ അപക്വമായ രചനകൾ അതിൽ പ്രസിദ്ധപ്പെടുത്തുമായിരുന്നു. ഒപ്പം മാസ്റ്റർ കാർട്ടൂണുകൾ വരച്ചുചേർത്തു. കോളേജ് വാർഷികത്തിന് 'മലയാള കവിത നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ ആധാരമാക്കി വിദ്യാർഥികളെക്കൊണ്ട് ചിത്രീകരണം അവതരിപ്പിച്ചതും വിജയൻ മാസ്റ്ററായിരുന്നു.
വില്യം വേഡ്‌സ്‌വർത്ത്, ലോഡ് ബൈറൺ, വൈലോപ്പിള്ളി... കവിതകളിൽ മാസ്റ്റർക്കു പഥ്യം ഇവരൊക്കെയായിരുന്നു. സൂര്യ മുൻഷി, ആർ. രാമചന്ദ്രൻ, പ്രൊഫ. എം.പി. ശ്രീധരൻ എന്നീ അധ്യാപകരായിരുന്നു അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കൾ. ബാങ്ക് റോഡിലുള്ള രാമദാസ് വൈദ്യരുടെ വൈദ്യശാലയിലായിരുന്നു സാഹിത്യകാരുടെ കൂട്ടായ്മ. കഥകളുടെ കൈയെഴുത്തു പ്രതികൾ ഞങ്ങൾ പകർത്തിക്കൊടുക്കുമായിരുന്നു. 'ഒരു കലാസമിതിയുടെ ഉദ്ഘാടനം' എന്ന കഥയിൽ പ്രൊഫ. എം.പി. ശ്രീധരൻ കഥാപാത്രവുമാണ്.
ക്രിസ്ത്യൻ കോളേജിൽനിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടതായി ഞങ്ങൾ അറിഞ്ഞത് വൈകിയായിരുന്നു. സാമൂതിരിയുടെ സമ്മാനം എന്ന ലേഖനം എഴുതിയതുകൊണ്ട് പിരിച്ചുവിട്ടു എന്ന് മാസ്റ്റർ പിന്നീട് എഴുതിയത് വായിച്ചു. ജോലിയില്ലാതായപ്പോൾ മാസ്റ്റർ നേരെ പോയത് തസ്രാക്കിലേക്കായിരുന്നു. അവിടെ സഹോദരി ഒ.വി. ശാന്ത ഏകാധ്യാപകവിദ്യാലയം നടത്തിവരികയായിരുന്നു. ഇന്നത് ഒ.വി വിജയൻ സ്മാരകമായി വിപുലീകരിച്ചു.
1956 മുതൽ 1968 വരെയാണ് ഖസാക്കിന്റെ തേച്ചുമിനുക്കൽ കാലം. 1968 ജനുവരി 28 മുതൽ ഓഗസ്റ്റ് നാലുവരെ 'ഖസാക്കിന്റെ ഇതിഹാസം' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 28 അധ്യായങ്ങളിലായി അച്ചടിച്ചുവന്നു. 1969-ൽ കറന്റ് ബുക്‌സ് അത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഇപ്പോളത് നൂറ്റിപ്പതിനാലാമത്തെ പതിപ്പിൽ എത്തിനിൽക്കുന്നു. പകർത്തിയെഴുതാൻ ഞങ്ങൾ ശിഷ്യർക്ക് ഭാഗ്യം ലഭിക്കാതെ പോയ കൃതി. ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ വന്നുകൊണ്ടിരിക്കുമ്പോളേക്കും ഞാൻ അധ്യാപകനായിക്കഴിഞ്ഞിരുന്നു.
'ചെതലിമലയുടെ അടിവാരത്തിലെ ഖസാക്ക് ഗ്രാമത്തിന്റെ കഥയാണ് ആധുനിക സങ്കേതങ്ങളവംലംബിച്ച് രചിച്ചത്' എന്നായിരുന്നു ആഴ്ചപ്പതിപ്പിലെ പരസ്യവാചകം. ഈ വാങ്മയ വിസ്മയം മലയാളനോവലിന്റെ അതിർത്തിരേഖയത്രേ. ഇത്രയധികം പഠനങ്ങൾ മലയാളത്തിൽ ഒരു നോവലിനും ഉണ്ടായിട്ടില്ല. ആറ് നോവലുകളും പതിനൊന്ന് കഥാസമാഹാരങ്ങളും ഒമ്പത് പ്രബന്ധസമാഹാരങ്ങളും രണ്ട് സ്മരണകളും രണ്ട് കാർട്ടൂൺ സമാഹാരങ്ങളും നോവലുകളുടെയും ചെറുകഥകളുടെയും ഭാഷാന്തരങ്ങളും ഉൾപ്പെടെ നാൽപ്പതിൽപ്പരം ഉപലബ്ധികൾ. ഖസാക്കിന്റെ ഇതിഹാസം നോവലിസ്റ്റു തന്നെ 'Saga of Khasak' എന്ന ശീർഷകത്തിൽ വിവർത്തനം ചെയ്തു. 1988-ൽ നോവലിന്റെ ഉൾക്കാഴ്ചകളെപ്പറ്റി ഒ.വി. വിജയൻ 'ഇതിഹാസത്തിന്റെ ഇതിഹാസം' രചിച്ചു.
വെന്നി വാസുപ്പിള്ളയാണ് ഒ.വി. വിജയന്റെ സാഹിത്യജീവിതത്തെക്കുറിച്ച് ഇദംപ്രഥമമായി ഒരു കുറിപ്പ് എഴുതിയത്. ജയകേരളം വാരികയിൽ 1958 നവംബറിലായിരുന്നു അത് അച്ചടിച്ചുവന്നത്. ആദ്യകാല കഥയായ ‘പരാജിതൻ’ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന കലാനിധി മാസികയിൽ അച്ചടിച്ചുവരുമ്പോൾ എഴുത്തുകാരന്റെ പേര് ഒ.വി. വിജയൻ പാലക്കാട് എന്നായിരുന്നു.
ഒരു വർഷം മാത്രമേ മാസ്റ്റർ കോളേജിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും അദ്ദേഹവുമായി കത്തിടപാടുകൾ ഞാൻ നടത്തിയിരുന്നു. പലതവണ ഞങ്ങൾ പരസ്പം കണ്ടു, ഗുരുശിഷ്യബന്ധം പുതുക്കി. 1999-ൽ കോട്ടയത്ത് ചെന്ന് മാസ്റ്ററെ കണ്ടപ്പോൾ ഖസാക്കിന്റെ ഒരു കോപ്പി ഞാനദ്ദേഹത്തിനുനേരെ നീട്ടി. അനുഗ്രഹങ്ങൾ... വിജയൻ എന്നദ്ദേഹം അതിൽ എഴുതി.
പാലക്കാട് ചാത്തന്നൂരിൽ 1930 ജൂൺ രണ്ടിനു ജനിച്ച ഒ.വി. വിജയൻ, ഇരുപത്തിയഞ്ചാം വയസ്സിലാണ് ഞങ്ങളുടെ അധ്യാപകനാവുന്നത്. പലതരം വിരസതകൾക്കിടയിലെ മറ്റൊരു വിരസതയായി മാത്രമേ അദ്ദേഹം അതിനെ കാണാൻ സാധ്യതയുള്ളൂ. 2005 മാർച്ച് മുപ്പതിന് ഹൈദരാബാദിൽവെച്ച് ജീവിതത്തിന്റെ മഷിയിൽനിന്ന് അവസാനത്തെ തുള്ളിയും വറ്റിത്തീരുമ്പോൾ അദ്ദേഹത്തിന് എഴുപത്തഞ്ച് വയസ്സായിരുന്നു.